Obituary

അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനുംം സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ഫ്രാന്‍സിസ് തടത്തിലിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഫൊക്കാനയുടേയും ഫ്രാന്‍സിസ് തടത്തിലിന്റെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ ഒരു ‘ഗോ ഫണ്ട് മീ’ പേജ് ആരംഭിച്ചു. ഫ്രാന്‍സിസ് തടത്തിലിന്റെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നുപോയ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് പണം സമാഹരിക്കുന്നത്.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന പ്രിയ മക്കള്‍ ഐറിന്‍, ഐസക് എന്നിവര്‍ക്ക് ഇനിയും ജീവിതം തുടരുന്നതിന് അനുകമ്പയോടെ ഓരോരുത്തരും നല്‍കുന്ന സാമ്പത്തിക സഹായം തുണയാകും. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ സ്‌നേഹവും സംരക്ഷണവും നഷ്ടമായ ഫ്രാന്‍സിസ് തടത്തിലിന്റെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ആഗ്രഹത്തോടെയാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഗോഫണ്ട് മീ പേജ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.

രാവിലെ ഉണരാത്തതിനെത്തുടര്‍ന്ന് മക്കള്‍ വന്നു വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവര്‍ സ്വദേശിയായ ഫ്രാന്‍സിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില്‍ പത്താമനാണ്. ഭാര്യ: നെസ്സി തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറീന്‍ എലിസബത്ത് തടത്തില്‍, ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍.

രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയായിരുന്നു .28 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് നിലവില്‍ കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.

മലയാളികളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളും,ഫൊക്കാനയുടെ നിരവധി വാർത്തകളും അദ്ദേഹത്തിലൂടെ അമേരിക്കൻ മലയാളികൾ എത്തി.ആരോഗ്യപരമായ പ്രതിസസന്ധികളിലൂടെ കടന്നുപോവുമ്പോഴും ഉത്തരവാദപ്പെട്ട പത്രപ്രവർത്തകനെന്ന നിലയിൽ എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന് .രണ്ടര ദശാബ്ദത്തിലേറെ പത്രപ്രവർത്തന രംഗത്തു സജീവമായ ഫ്രാൻസിസ് തടത്തിൽ മാധ്യമ ജീവിതത്തിലെ മറക്കാത്ത ഓർമ്മകളാണ് ‘നാലാം തുണിനപ്പുറം’ .വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകിൽ, ഉറ്റവരുടെ സ്നേഹത്തിന്റെ തണലിൽ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളാണിത്. രോഗം ശരീരത്തെ തകർത്തു താറുമാറാക്കിയപ്പോഴും മനസുപതറാതെ ധീരമായ പോരാട്ടത്തിലൂടെ രക്താർബുദത്തെയും കീഴടക്കിയാണ് ഫ്രാൻസിസ് എഴുത്തിന്റെ ലോകത്ത് മുന്നേറിയത്.

മരണത്തെ മുഖാമുഖം കണ്ടതു ഒമ്പത് തവണയായിരുന്നു.ദൈവാനുഗ്രഹവും മനോധൈര്യവുമാണ് ഒരു തിരിച്ചുവരവിന് കാരണമായതെന്ന് അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.1994-97 കാലയളവിൽ ദീപികയിൽ ജേർണലിസം ട്രെയ്‌നിയായി തുടക്കം കുറിച്ച ഫ്രാൻസിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂർ തന്നെയായിരുന്നു. ഇക്കാലയളവിൽ പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ്‌മെന്റ്, പ്ലാറ്റൂൺ പുരസ്‌കാരം (1997) ആ വര്ഷത്തേ മികച്ച ലേഖകനുള്ള മാനേജിoഗ് എഡിറ്റർ പുരസ്‌കാരം എന്നിവ നേടി. കേരള കലാമണ്ഡലത്തെകുറിച്ച് എഴുതിയ ‘ മഹാകവീ മാപ്പ് ‘, പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ചു തയാറാക്കിയ ‘രക്തരക്ഷസുകളുടെ മഹാനഗരം’ എന്നീ ലേഖന പരമ്പരകൾക്കായിരുന്നു അവാർഡുകൾ. പുസ്തകത്തിൽ തൃശൂർ ജീവിതത്തിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പൂർണമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്.1997-98 കാലത്ത് ദീപിക കൊച്ചി ബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998 ൽ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോർട്ടിങ്, 1999ൽ ദീപിക പാലക്കാട് ബ്യൂറോ ചീഫ്, 2000 ൽ കോഴിക്കോടു രാഷ്ട്ര ദീപികയുടെ എഡിറ്റർ ഇൻ ചാർജ്, അതേവർഷം കോഴിക്കോട് ബ്യൂറോ ചീഫ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു.ഇക്കാലയളവിൽ മാറാട് കലാപത്തെക്കുറിച്ചും മുത്തങ്ങ വെടിവയ്പിനെക്കുറിച്ചും ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോർട്ടിംഗ് ഏറെ ശ്രദ്ധേയമായിരുന്നു.2006 ൽ അമേരിക്കയിൽഎത്തിയ അദ്ദേഹം നാളിതുവരെ അമേരിക്കയിൽ നിന്നിറങ്ങുന്ന മാധ്യമങ്ങളിൽ സജീവമായിരുന്നു.2017 ൽ അമേരിക്കയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA)യുടെ അവാർഡ് ലഭിച്ചു . 2018 ലും 2022 ലും ഫൊക്കാനയുടെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡും ലഭിച്ചിരുന്നു.

 

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് മരിച്ചത്. അശ്വിന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ജോലിക്ക് കയറിയത്. നാട്ടില്‍ അവധിക്ക് വന്ന അശ്വിന്‍ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടില്‍ അറിയിച്ചത്. ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന.

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാംഗ് മിഗ്ഗിംഗ് ഗ്രാമത്തില്‍ റോഡ് സൗകര്യമില്ലാത്ത പ്രദേശത്താണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. എച്ച്എഎല്‍ രുദ്ര എന്ന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ ആണ് തകര്‍ന്നത്.

ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റര്‍ നിര്‍മ്മിച്ച ആക്രമണ ഹെലികോപ്ടറാണ് രുദ്ര. ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറിന്റെ വെപ്പണ്‍ സിസ്റ്റം ഇന്റഗ്രേറ്റഡ് വേരിയന്റാണിത്.

ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഈ മാസം മാത്രം രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശിലുണ്ടാകുന്നത്.

പോര്‍ട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നേഴ്‌സായ, കോട്ടയം പാമ്പാടി സ്വദേശിനിയായ ദേവീ പ്രഭ(38) നിര്യാതയായി .സെപ്‌സിസ് മൂലം ടുള്ളമോര്‍ ഹോസ്പിറ്റലില്‍ ഐ. സി. യു വില്‍ ചികിത്സയിലായിരുന്ന ദേവിപ്രഭ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്ത്യയാത്രയായത്. ശ്രീരാജിന്റെ ഭാര്യയായ ദേവീപ്രഭ രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ്. ശിവാനി, വാണി എന്നിവരാണ് മക്കള്‍.

പോര്‍ട്ട് ലീഷ് ഹോസ്പിറ്റലില്‍ നിയമനം കിട്ടിയതിനെ തുടര്‍ന്നാണ് ദേവീപ്രഭയും കുടുംബവും ബിറില്‍ നിന്നും പോര്‍ട്ട് ലീഷിലേയ്ക്ക് രണ്ടുവര്‍ഷം മുമ്പ് മാറി താമസിച്ചത്.പോര്‍ട്ട്‌ലീഷിലെ ഓണാഘോഷ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്ന ദേവപ്രഭയെ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പോര്‍ട്ട് ലീഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്യമായ രോഗ കാരണം കണ്ടുപിടിക്കാന്‍ ആവാത്തതിനെ തുടര്‍ന്ന് പിന്നീട് ടുള്ളമോര്‍ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.ഇവിടെയും രോഗകാരണം കണ്ടെത്താനായില്ല.

വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.മൃതദേഹം പിന്നീട് വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ്. സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്താന്‍ ആണ് തീരുമാനം

കോഴിക്കോട് കൊടുവള്ളിയിൽ അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്ന ഫെബിന്നിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് മറിയം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ലുബ്ന ഓടിച്ച കാർ ഇടിക്കുകയായിരുന്നു.

കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹഡേഴ്സ് ഫീൽഡ് : വെസ്റ്റ് യോർക്ക് ഷെയറിൽ താമസിക്കുന്ന ജോൺ തോപ്പിൽ വർഗീസിന്റെ പിതാവ് എരുമേലി തോപ്പിൽ ടി .വി . ജോൺ (84 )നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്വഭാവനത്തിൽ ആരംഭിച്ച് എരുമേലി കറുകപ്പാലം സെന്റ് ജോർജ് ദേവാലയത്തിൽ നടത്തപ്പെടും.

ഭാര്യ ഏലിയാമ്മ ജോൺ. മക്കൾ :- ജോൺ തോപ്പിൽ വർഗീസ് (യുകെ) ജോൺ തോപ്പിൽ ജോസഫ് . മരുമക്കൾ :- ബിന്ദു, മിനി.

ജോൺ തോപ്പിൽ വർഗീസിൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്നു കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുപി മുൻ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകൻ. മൽതി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാർ. മൽതി ദേവി 2003ലും സാധന ഗുപ്ത ഈ വർഷം ജൂലൈയിലുമാണ് അന്തരിച്ചത്. മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവിൽ മെയ്ൻ‌പുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്. അസംഗഢിൽനിന്നും സംഭാലിൽനിന്നും പാർലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി മോദി. ട്വിറ്ററിലെ അനുശോചനക്കുറിപ്പിനൊപ്പം മുലായം സിങ് യാദവിനൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന വിനയാന്വിതനായ നേതാവെന്നും ജയപ്രകാശ് നാരായണിന്റെയും ലോഹ്യയുടെയും ആദർശങ്ങൾ ജനകീയമാക്കാൻ ജീവിതമുഴിഞ്ഞ് വച്ച നേതാവാണെന്നും മോദി ട്വിറ്റർ കുറിപ്പിൽ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലുള്ള ബന്ധമെന്നും മോദി കൂട്ടിച്ചേർത്തു.

സോഷ്യലിസ്റ്റ് ഭൂമികയിൽനിന്ന് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയർന്ന താരമാണ് മുലായം സിങ് യാദവ്. മറ്റു പലരെയും പോലെ ലോഹ്യാ വിചാരം തലയ്ക്കു പിടിച്ചാണ് മുലായവും സോഷ്യലിസ്റ്റായി പരിണമിച്ചത്. പ്രാദേശിക നേതാവായി തുടങ്ങി അരനൂറ്റാണ്ട് ജനപ്രതിനിധിയായും മന്ത്രിയായും മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും യുപി രാഷ്ട്രീയത്തെ ദേശീയ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്കു നയിച്ച നേതാവായിരുന്നു മുലായം. ശരിയായാലും തെറ്റായാലും വ്യക്തമായ കാഴ്ചപ്പാടും ശക്തമായ നിലപാടുമായിരുന്നു ശക്തി. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളോട് സന്ധി ചെയ്ത് ആരോടും നിതാന്ത ശത്രുതയില്ലെന്നും അദ്ദേഹം പലപ്പോഴും തെളിയിച്ചു.

അറുപതുകളിൽ പുത്തൻ സോഷ്യലിസവുമായി റാം മനോഹർ ലോഹ്യ കടന്നു വന്നപ്പോൾ, കോൺഗ്രസിലെ മധ്യവർഗ, പിന്നാക്ക നേതാക്കളായിരുന്നു ലോഹ്യയുടെ ആകർഷണം. അഭിജാത കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കാൻ ത്രാണിയില്ലാതിരുന്ന പലരും സോഷ്യലിസത്തിലേക്ക് ആകൃഷ്ടരായി. കർഷകരും തൊഴിലാളികളുമായ വലിയ പിന്നാക്ക, ദലിത് വിഭാഗം സോഷ്യലിസത്തോട് കാട്ടിയ ആഭിമുഖ്യം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകുന്നതായി.

പഠിച്ച മൂന്നു കോളജുകളിലും യൂണിയൻ അധ്യക്ഷനായാണ് രാഷ്ട്രീയത്തിലേക്കുള്ള മുലായത്തിന്റെ രംഗപ്രവേശം. തുടക്കത്തിൽ സജീവ രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിലും അനന്തരം അധ്യാപകനായതോടെ സോഷ്യലിസ്റ്റ് ധാരയിൽ സജീവമായി. ബിരുദവും ബിരുദാനന്തര ബിരുദവും അധ്യാപക പരിശീലനവും നേടിയ മുലായം മെയിൻപുരിയിലെ കാർഹിലിൽ കോളജ് അധ്യാപനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. എന്നാൽ അധികം വൈകാതെ ആ കുപ്പായം ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് പരിവേഷത്തിൽ കർഷക വക്താവായി യുപി രാഷ്ട്രീയത്തിൽ വേരുറപ്പിച്ചു. ലോഹ്യയ്ക്കൊപ്പം ജയപ്രകാശ് നാരായണിന്റെയും രാജ് നാരായണിന്റെയും ആരാധകനായി മാറിയ മുലായം വളരെ വേഗം യുവ നേതൃനിരയിൽ എത്തി. എന്നാൽ വൈകാതെ ചരൺ സിങ്ങിന്റെ ആരാധകനായി പ്രവർത്തനം ഭാരതീയ ലോക്ദളിനൊപ്പമായി.

അടിയന്തരാവസ്ഥയ്ക്കു ശേഷം ജനതാ പാർട്ടിയുടെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് നിറം മങ്ങിയപ്പോൾ, യാദവ രാഷ്ട്രീയം കളിച്ച് തന്റെ അടിത്തറ നിലനിർത്താൻ മുലായം കാട്ടിയ മെയ്‌വഴക്കം അതിശയിപ്പിക്കുന്നതാണ്. ജാതി രാഷ്ട്രീയം പരസ്യമാക്കാതെ, പിന്നാക്ക രാഷ്ട്രീയം പറയാതെ പറഞ്ഞും മുസ്‌ലിം വിഭാഗത്തിന്റെ ആരാധനാപാത്രമായും മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരനായി യുപിക്കപ്പുറം ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം ശ്രദ്ധാകേന്ദ്രമായി.

യുപിയിൽ മുലായവും ബിഹാറിൽ ലാലു പ്രസാദും കൈകോർത്തപ്പോൾ യാദവ സഖ്യം ഇന്ത്യൻ രാഷ്ട്രീയത്തീലെ നിർണായക ശക്തിയായി. കോൺഗ്രസിന്റെയും ബിജെപിയുടെയും ശക്തിയെ ഹിന്ദിഹൃദയഭൂവിൽ പിടിച്ചുകെട്ടാൻ കരുത്തരാണ് തങ്ങളെന്ന് ഇടക്കാലത്തേക്കെങ്കിലും തെളിയിക്കാൻ ഈ കൂട്ടുകെട്ടിനു കഴിഞ്ഞു. പാർട്ടി പ്രവർത്തകർക്കും സാധാരണക്കാർക്കും ‘നേതാജി’യായ മുലായം, മുസ്‌ലിംകൾക്കിടയിലെ സ്വാധീനം മൂലം എതിരാളികൾക്ക് മൗലാനാ മുലായമായി. ശക്തമായ പിന്നാക്ക പിന്തുണയ്ക്കൊപ്പം മുസ്‌ലിം വോട്ടുറപ്പിക്കാനുള്ള അസാമാന്യ കഴിവും പിന്തുണയും എപ്പോഴും മുലായത്തിനുണ്ടായിരുന്നു .

തൊണ്ണൂറുകളിൽ സാമൂഹികനീതിക്കായി മണ്ഡൽ കമ്മിഷനു വേണ്ടി ഉറച്ച നിലപാടെടുത്ത മുലായം, ബിജെപിയുടെ രാമക്ഷേത്ര പോരാട്ടത്തിനെതിരെയും രാജ്യത്ത് 33 ശതമാനം വനിതാ സംവരണത്തിനെതിരെയും ശക്തമായി പോരാടി. വനിതാ സംവരണ ബിൽ പാസാക്കാൻ കോൺഗ്രസും ബിജെപിയും ഇടതുപാർട്ടികളും ഒന്നിച്ചപ്പോൾ അതിനെതിരെ ലാലു പ്രസാദിനെയും മറ്റും അണിനിരത്തി പോരാട്ടം നയിച്ചതും മുലായമാണ്. സർക്കാരുകൾ പലതം മാറിയിട്ടും വനിതാബിൽ മരീചികയായി അവശേഷിക്കുമ്പോൾ നമ്മുടെ സ്ത്രീസമൂഹത്തിന് മുലായത്തെ മറക്കാനാവില്ല.

ഇരുപത്തിെയട്ടാം വയസ്സിൽ സോഷ്യലിസ്റ്റ് പാർട്ടി എംഎൽഎ ആയി തുടങ്ങിയ പാർലമെന്ററി ജീവിതം അദ്ദേഹം അവസാനം വരെ തുടർന്നു. വിടവാങ്ങുമ്പോൾ സമാജ് വാദി പാർട്ടിയുടെ മൂന്ന് ലോക്സഭാ അംഗങ്ങളിൽ യുപിയിലെ മെയിൻ പുരിയുടെ പ്രതിനിധിയാണ് അദ്ദേഹം. പാർട്ടിയുടെ പേരുകൾ പലതായെങ്കിലും എന്നും സോഷ്യലിസ്റ്റ് ധാരയുടെ പ്രതിനിധിയും വക്താവുമായാണ് രാഷ്ട്രീയലോകം മുലായം സിങ്ങിനെ വിലയിരുത്തുന്നത്. ജന്മനാടായ സെയ്ഫായി ഗ്രാമം ഉൾപ്പെടുന്ന ഇറ്റാവ ജില്ലയിലെ ജസ്വന്ത് നഗർ മണ്ഡലത്തെ 1967 മുതൽ ഏഴ് തവണ യുപി നിയമസഭയിൽ പ്രതിനിധീകരിച്ചത് മുലായമാണ്. ആദ്യം സോഷ്യലിസ്റ്റ് പ്രതിനിധിയായി. പിന്നീട് ലോക്ദളിന്റെയും ജനതാ പാർട്ടിയുടെയും ജനതാദളിന്റെയും സമാജ് വാദിയുടെയും പ്രതിനിധിയായി.

സോഷ്യലിസ്റ്റ് സംഘത്തിന്റെ തമ്മിലടിയും തകർച്ചയും കണ്ട് മനം മടുത്താണ് മൂന്നു പതിറ്റാണ്ടു മുമ്പ് സ്വന്തം വഴി തേടി ആദ്യം ക്രാന്തി മോർച്ചയ്ക്കും പിന്നീട് 1992 ഒക്ടോബർ നാലിന് സമാജ് വാദി എന്ന സോഷ്യലിസ്റ്റ് പാർട്ടിക്കും (എസ്പി ) രൂപം നൽകിയത്.

എക്കാലവും കോൺഗ്രസ് വിരുദ്ധ ചേരിയിലായിരുന്നിട്ടും പിൽക്കാലത്ത് അവരുമായി സമരസപ്പെടാൻ മുലായം മടി കാട്ടിയില്ല. എന്നാൽ, യുപിയിലെ രാഷ്ട്രീയത്തിൽ എന്നും ബിജെപിയുടെ എതിർ പക്ഷത്തു നിൽക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യം. തൊണ്ണൂറുകളോടെ, യുപി രാഷ്ട്രീയത്തിൽ ബിജെപിയാണ് തങ്ങളുടെ ഭാവി എതിരാളി എന്ന് തുടക്കത്തിലെ തിരിച്ചറിഞ്ഞ നേതാവാണ് മുലായം. എന്നാൽ, മുന്നണി രാഷ്ട്രീയത്തിലെ കളികൾക്കിടയിൽ ബിജെപിയുടെ പിന്തുണയെ തള്ളിപ്പറയാനും മുലായം തയാറായില്ല. 1989 ൽ കേന്ദ്രത്തിൽ വി.പി.സിങ് സർക്കാരിനെ ബിജെപി പിന്തുണയ്ക്കുമ്പോൾ യുപിയിൽ മുലായത്തിന്റെ മുഖ്യശത്രു കോൺഗ്രസ് മാത്രമായിരുന്നു. എന്നാൽ ബിജെപി പിന്തുണ പിൻവലിച്ച് വിപി സർക്കാർ വീണപ്പോൾ, ദളിലെ ഭിന്നത മൂലം പിന്തുണ നഷ്ടമായ യുപിയിലെ മുലായം സർക്കാർ അഭയം തേടിയത് കോൺഗ്രസിന്റെ പിന്തുണയിലായിരുന്നു. കേന്ദ്രത്തിൽ ചന്ദ്രശേഖർ സർക്കാറിനെ പിന്തുണച്ചിരുന്ന കോൺഗ്രസ് യുപിയിൽ ചന്ദ്രശേഖർ പക്ഷത്തേക്ക് മാറിയ മുലായത്തെ പിന്തുണയ്ക്കാനും മടി കാട്ടിയില്ല.

1977ൽ റാം നരേഷ് യാദവിന്റെ ജനതാ പാർട്ടി മന്ത്രിസഭയിലാണ് മുലായം ആദ്യമായി മന്ത്രിയായത്. പിൽക്കാലത്ത് മുഖ്യ പ്രതിയോഗിയായി മാറിയ ബിജെപി നേതാവ് കല്യാൺ സിങ്ങിനൊപ്പം മന്ത്രിയായ മുലായം, 1980 ൽ കോൺഗ്രസ് മുന്നേറ്റത്തിൽ ജസ്വന്ത് നഗറിൽ തോറ്റു. വൈകാതെ സംസ്ഥാന അധ്യക്ഷനെ നിയമസഭാ കൗൺസിലിൽ എത്തിച്ച് പ്രതിപക്ഷ നേതാവാക്കി. എന്നാൽ 1985 ൽ ജസ്വന്ത് നഗറിൽ വീണ്ടും വിജയം നേടിയ ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏഴു തവണ അവിടെനിന്ന് നിയമസഭയിലെത്തിയ മുലായം സംഭാൽ, മെയിൻപുരി, അസംഗഡ് മണ്ഡലങ്ങളിൽ നിന്നായി ഏഴു തവണ ലോക്സഭയിലേക്കും വിജയിച്ചു.

മൂന്നു തവണ യുപി മുഖ്യമന്ത്രിയായ മുലായം, മൂന്നു തവണ പ്രതിപക്ഷ നേതാവുമായി. ജനതാദൾ 208 സീറ്റുമായി ഭരണം പിടിച്ച 1989 ഡിസംബർ 5ന് ആണ് ആദ്യം മുഖ്യമന്ത്രിയായത്. എന്നാൽ ദളിലെ ആഭ്യന്തര കലഹം മൂലം ഭൂരിപക്ഷം നഷ്ടമായി. അന്ന് പ്രധാനമന്ത്രിയായ ചന്ദ്രശേഖറിനൊപ്പം നിന്ന മുലായം, 1991 ജൂൺ 4 വരെ കോൺഗ്രസ് പിന്തുണയിൽ ഭരണം നടത്തി. തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ബിജെപി സർക്കാർ ബാബ്റി മസ്ജിദ് പൊളിക്കലുമായി ബന്ധപ്പെട്ട് രാജിവച്ചതോടെ, വീണ്ടും മുലായത്തിന്റെ ഊഴമായി.

1993 ഡിസംബറിൽ കോൺഗ്രസും ബിഎസ്പി യും ഉൾപ്പെട്ട ചെറുകക്ഷികളുടെ പിന്തുണയിൽ ഭരണത്തിലേറിയ മുലായം 1995 ജൂൺ 3 വരെ തുടർന്നു. പിന്നാലെ സംഭാലിൽനിന്ന് 1996 ൽ ലോക്സഭയിലേക്ക് മത്സരിച്ച മുലായം, ദേവെഗൗഡ സർക്കാരിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായി. പിന്നാലെ ഐ.കെ.ഗുജ്റാൾ സർക്കാരിലും പ്രതിരോധ മന്ത്രിയായി ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.

2003 ഓഗസ്റ്റ് 29 മുതൽ 2007 മേയ് 13 വരെ മായാവതിയുടെ പിന്തുണയിൽ വിണ്ടും യുപി ഭരിച്ച മുലായം, വൈകാതെ തന്റെ പാരമ്പര്യവകാശം മകൻ അഖിലേഷിന് കൈമാറി. 2007 മുതൽ 2009 വരെ പ്രതിപക്ഷ നേതാവും ആയിരുന്നു. പിന്നീട് നേതൃത്വം ഏറ്റെടുത്ത അഖിലേഷ് മായാവതിയുടെ ഭരണത്തിനെതിരെ 2012 ൽ ശക്തമായ പ്രചാരണം നടത്തി അധികാരം പിടിച്ചു. എന്നാൽ 2017ൽ ബിജെപിയുടെ മുന്നേറ്റത്തിൽ അഖിലേഷിനു പിടിച്ചു നിൽക്കാനായില്ല. നിയമസഭയിൽ വെറും 47 സീറ്റിലേക്ക് ഒതുങ്ങിയ പാർട്ടി 2022 ൽ തിരിച്ചുവരവിന് നടത്തിയ ശ്രമവും വെറുതെയായി. സീറ്റെണ്ണം 110 ന് മുകളിൽ എത്തിച്ചെങ്കിലും ബിജെപിയുടെ രണ്ടാം വിജയം മുലായത്തെയും അഖിലേഷിനെയും ഒരു പോലെ പ്രതിസന്ധിയിലാക്കി. യുപി രാഷ്ട്രീയത്തിലെ പ്രാദേശിക പാർട്ടി മാത്രമായി എസ്പി മാറി. എങ്കിലും ബിജെപിയെ പ്രതിരോധിക്കാൻ യുപിയിൽ കരുത്തുള്ള ഏക പ്രസ്ഥാനം സമാജ് വാദി മാത്രമാണെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മുൻപും പലതവണ ഭരണത്തിനായി സഖ്യവും പിന്തുണയും തേടിയിട്ടുള്ള കോൺഗ്രസുമായി 2014 ലും ബിഎസ്പിയുമായി 2019 ലും തിരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കിയെങ്കിലും ബിജെപിയുടെ കുതിപ്പിനു മുന്നിൽ കാര്യമായ നേട്ടമുണ്ടാക്കാൻ മുലായത്തിനും പാർട്ടിക്കുമായില്ല.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ അഖിലേഷും മുലായവുമടക്കം അഞ്ചു സീറ്റിൽ മാത്രമാണ് എസ്പി വിജയിച്ചത്. എങ്കിലും, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയിൽ മുലായത്തിന്റെ വാക്കുകൾക്ക് സമകാലിക ഇന്ത്യ എന്നും വിലകൽപിച്ചിരുന്നു. മുലായം വിടവാങ്ങിയതോടെ ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ധാരയുടെ നിലവിലെ മുഖ്യകണ്ണിയെയാണ് നഷ്ടമായത്.

സിനിമ, സീരിയല്‍ താരവും പ്രോഗ്രാം കോ-ഓഡിനേറ്ററുമായിരുന്ന കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സൂപ്പര്‍ സ്റ്റാര്‍, ജഡ്ജ്‌മെന്റ്, രഥചക്രം, ഈ കണ്ണില്‍ കൂടി, ചെങ്കോല്‍, തലമുറ, വര്‍ണപ്പകിട്ട്, ദേവാസുരം, വാര്‍ധക്യപുരാണം, മാന്ത്രികച്ചെപ്പ്, അഭയം, കാട്ടിലെ തടി തേവരുടെ ആന, കമ്പോളം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്.

പ്രണാമം ..സിനിമ സീരിയല്‍ നടനും ..പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശി ചേട്ടന്‍ അന്തരിച്ചു ..പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. എല്ലാവരോടും സ്‌നേഹമായി പെരുമാറിയിരുന്ന ആള്‍ ..ഞാന്‍ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചുകൊണ്ടിരുന്ന ആള്‍ ..ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍ കട്ടപ്പനയില്‍ ആണ് ..ചേട്ടന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു. അതിനു വേണ്ടി ഇന്നലെ തന്നെ പോസ്റ്റുകള്‍ പോയി തുടങ്ങിയിരുന്നു ..ആരുടേയും സഹായത്തിനു കാത്തു നില്‍ക്കാതെ ഒരുപാട് പേര്‍ക്ക് ഉപകാരിയായിരുന്ന ചേട്ടന്‍ യാത്രയായി ..എന്ത് പറയാന്‍ ..ഒന്നുമില്ലപറയാന്‍ ..എന്നാണ് അനുശേചനം അറിയിച്ചു കൊണ്ട് സീമ ജി നായര്‍ കുറിച്ചു. ബാലാജി ശര്‍മ, ബാദുഷ തുടങ്ങിയ നിരവധി പേര്‍ ആദരാഞ്ജലി അറിയിച്ചു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ ഹാരോഗാട്ടിൽ താമസിക്കുന്ന ലിസ ആൻറണിയുടെ പിതാവ് കെ ജെ ജോസഫ് (89) നിര്യാതനായി. കാഞ്ഞിരപ്പള്ളി ചിറ്റടി കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് സെന്റ് തോമസ് ഫൊറോന ചർച്ച് വെള്ളിച്ചിയാനിൽ വച്ച് നടത്തപ്പെടും.

ലിസ ആൻറണിയുടെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അപൂർവ്വ രോഗത്തിന് അടിമപ്പെട്ട പ്രഭുലാൽ അന്തരിച്ചു. 25 വയസായിരുന്നു. തന്റെ മുഖം മറുക് കൊണ്ട് മൂടിയപ്പോഴും വേദന തിന്നപ്പോഴും ചിരി കൊണ്ട് പോരാടിയ പ്രഭുലാൽ സോഷ്യൽമീഡിയയ്ക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ-ബിന്ദു ദമ്പതികളുടെ മകനായ പ്രഭുലാലിന്റെ വിയോഗം സുഹൃത്തുക്കൾക്കും തീരാവേദനയാണ് സമ്മാനിച്ചത്.

അർബുദം ബാധിച്ച് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. ഹരിപ്പാട് നഗരസഭയിലെ ജീവനക്കാരനായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പ്രവർത്തകനായിരുന്നു. തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും പ്രഭുലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയായിരുന്നു പ്രഭു. വലതുതോളിലുണ്ടായ മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചതോടെ ചികിത്സ തേടിയിരുന്നു. പിന്നാലെയാണ് മരണം കവർന്നത്. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് പ്രഭുലാലിന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.

തുടർന്ന് വിദഗ്ധ പരിശോധനയിൽ മാലിഗ്‌നന്റ് മെലോമ എന്ന അപകടകാരിയായ സ്‌കിൻ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. ഇതിനുള്ള ചികിത്സകൾ നടത്തി വരുന്നതിനിടെയാണ് പ്രഭുലാൽ വേദനകളുടെ ലോകത്ത് നിന്നും യാത്രയായത്.

സിപിഎമ്മിന്റെ കരുത്തനായ നേതാവ് കോടിയേരി ബാലകൃഷ്ണന് കേരളത്തിന്‍റെ അന്ത്യാഞ്ജലി. മൃതദേഹം കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിച്ചു.തോളിലേറ്റിയ പിണറായി…. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തോളിലെടുത്ത് മുന്നില്‍ നിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് 2004 ല്‍ ഇ.കെ.നായനാരുടെ മൃതദേഹം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വിലാപ യാത്രയായി കൊണ്ടുവരുന്ന വേളയിലും നായനാരുടെ മൃതദേഹം തോളിലെടുക്കാന്‍മുന്നില്‍ നിന്നത് പിണറായി വിജയനായിരുന്നു.

സഹോദരനെ നഷ്ടപ്പെട്ട വേദനയില്‍ മൃതദേഹം തോളിലെടുത്ത് മുന്‍പന്തിയില്‍ പിണറായി വിജയന്‍ നടക്കുമ്പോള്‍ അത് മറ്റൊരു ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. ‘സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍’ എന്ന പിണറായിയുടെ അനുസ്മരണം തന്നെ സഹോദരനെ നഷ്ടപ്പെട്ട വേദനയോടെയായിരുന്നു.മഹാരഥൻമാർ ഉറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണിൽ തീനാളങ്ങൾ പ്രിയ നേതാവിനെ ഏറ്റുവാങ്ങി. ഇനി ഓർമകളിൽ രക്തതാരകമായ് കോടിയേരി. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിൽനിന്ന് ആയിരങ്ങങ്ൾ അണിചേർന്ന വിലാപയായത്രയായി കോടിയേരിയുടെ മൃതദേഹം മൂന്ന് മണിയോടെയാണ് പയ്യാമ്പലത്തെത്തിച്ചത്.

വാഹനത്തിൽനിന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട് , എം എ ബേബി തുടങ്ങിയ മുതിർന്ന നേതാക്കൾ മൃതദേഹം തോളിലേറ്റി .ആ നേരം ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല; ജീവിക്കുന്നു ഞങ്ങളിലൂടെ ’ എന്ന് ആയിരം കണ്ഠങ്ങളിൽ നിന്ന് ഒരേസമയം മുദ്രാവാക്യം ഉയരുന്നുണ്ടായിരുന്നു.കോടിയേരിയുടെ ഭാര്യ വിനോദിനിയെ ആശ്വസിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല , തുടർന്ന് മുൻ അഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന് പൊലീസ് പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു. മക്കളായ ബിനോയും ബീനിഷും അച്ഛന്റെ ചിതയ്ക്ക് തീ പകർന്നു.

രാഷ്ട്രീയഭേദമില്ലാതെ നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ പതിനൊന്നുമണിയോടെ ‍‍കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആദരമര്‍പ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കോണ്‍ഗ്രസ് നേതാക്കളായ എം.കെ.രാഘവന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരും എത്തി.

RECENT POSTS
Copyright © . All rights reserved