Obituary

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒരേ ദിവസം തന്നെ രണ്ടു മരണവാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന്റെ വേദനയിലാണ് ഞങ്ങൾ . പ്രിസ്റ്റണിൽ രണ്ടു വയസ്സു മാത്രം പ്രായമുള്ള കുട്ടി പനി പിടിച്ചു മരിച്ചതിന് പുറകെ ആറ് മാസം മുമ്പ് ക്യാൻസർ രോഗം സ്ഥിരീകരിച്ച ഗ്ലോസ്‌റ്റർഷെയറിൽ നിന്നുള്ള ബിന്ദു ലിജോ (46) ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. ബിന്ദുവിന്റെ ഭർത്താവ് ലിജോ അങ്കമാലി സെന്റ് ജോർജ് ഇടവകാംഗവും പള്ളിപ്പാട് കുടുംബാംഗവുമാണ്. ലിജോ ബിന്ദു ദമ്പതികൾക്ക് നാല് മക്കളാണുള്ളത്.

കടുത്തുരുത്തി വല്ലയിൽ വി.ജെ. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകളായ ബിന്ദുവിന്റെ അവസാന നാളുകളിൽ മാതാപിതാക്കൾ കൂടെയുണ്ടായിരുന്നു. ഗ്ലോസ്‌റ്റർഷെയറിൽ താമസിക്കുന്ന ബിജോയ് ജോൺ സഹോദരനാണ്. ഇളയ സഹോദരനായ ബിബിൻ കെ ജോൺ ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്നു. മലയാളി അസോസിയേഷനിലും ഇടവകയുടെ കൂട്ടായ്മകളിലും വളരെ സജീവമായ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു അന്തരിച്ച ബിന്ദു ലിജോ . ബിന്ദുവിന്റെ അകാല നിര്യാണത്തിൽ വേദനയോടെ കഴിയുന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ വികാരി ഫാ. ജിബിൻ വാഗമറ്റത്തിന്റെ നേതൃത്വത്തിൽ മലയാളി സമൂഹവും സഹപ്രവർത്തകരും ഒപ്പമുണ്ട്. ബിന്ദുവിന്റെ മൃതസംസ്കാര ചടങ്ങുകൾ യുകെയിൽ വച്ച് തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

ബിന്ദു ലിജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ക്യാൻബറിയിൽ ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയറായിരുന്ന അർജിൻ അബ്രഹാം (37) മരണമടഞ്ഞു. നെഞ്ചുവേദനയെ തുടർന്ന് അർജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി ഇടവക മംഗലത്ത് പരേതരായ അബ്രഹാമിന്റെയും ഡെയ്‌സി അബ്രഹാമിന്റെയും മകനാണ് അർജിൻ. ഭാര്യ: നീന്റു. മക്കൾ : അലീസ അർജിൻ, അബ്രഹാം അർജിൻ. സഹോദരങ്ങൾ : മീട്ടി ഡാലി, ഡാനിയ വിബിൻ. സംസ്കാരം പിന്നീട്.

അർജിൻ അബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

പുളിംകുന്ന് വലിയ പള്ളിയിൽ 61 വർഷം ദൈവാലയ ശുശ്രൂഷിയായിരുന്ന (പുരയ്‌ക്കൽ പി.റ്റി. തോമസ്) 85 അപ്പച്ചായൻ അന്തരിച്ചു. മൃതസംസ്കാരം ഭവനത്തെ ശിശ്രുഷകൾക്ക് ശേഷം നാളെ -ഞായർ – വൈകുന്നേരം 3 മണിക്ക് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.


വിടവാങ്ങിയത് ഒരു പതിറ്റാണ്ടുകാലം ദുഃഖവെള്ളി ആചാരണദിനം പുളിംകുന്ന് വലിയ പള്ളിയിൽ അങ്കണത്തെ ഭക്തിയുടെ നിര്‍വൃതിയില്‍ ലയിപ്പിച്ച ശബ്ദത്തിന് ഉടമ. ഒരു പള്ളിയിലെ കപ്യാർക്ക് എത്രത്തോളം പ്രശസ്തനാവാൻ കഴിയും എന്നതിന്റെ സീമകൾ തിരുത്തി എഴുതിയ അതുല്യ പ്രതിഭ. മരണാനന്തര ചടങ്ങിന്റെ, ഓശാന ഞായറിന്റെ, ദുഃഖ വെള്ളിയുടെ, വേസ്പരയുടെ ഒക്കെ പ്രാർത്ഥനകൾ അത്ര ഭാവത്തോടെ ചെല്ലാൻ കഴിവുള്ള ഒരു ദൈവാലയശുശ്രൂഷി വേറെ എവിടെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. എന്റെയും ബാല്യത്തിന്റെ, കൗമാരത്തിന്റെ, യൗവനത്തിന്റെ ഒക്കെ അനിഷേധ്യ സാന്നിധ്യം ആയിരുന്നു.

ബിജോ തോമസ് അടവിച്ചിറ

 

സിനിമ നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ (83 ) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

ശ്വാസംമുട്ടല്‍ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെ നാളായി ശ്വാസംമുട്ടലിന് ചികിത്സയിലായിരുന്നു.

നടിയും അടുത്ത സുഹൃത്തുമായ സുബി സുരേഷിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിന് മുന്നേയാണ് ധര്‍മ്മജന് അമ്മയെ കൂടി നഷ്ടമായിരിക്കുന്നത്.

സംസ്കാരം നാളെ ചേരാനല്ലൂർ ശ്മശാനത്തിൽ നടക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെ മലയാളികളെ നടുക്കി വീണ്ടും ആകസ്മിക മരണം. ബ്രൈറ്റൻ സ്വദേശിയായ ജോർജ് ജോസഫിൻെറയും ബീന ജോർജിൻെറയും മകൾ നേഹ ജോര്‍ജാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ഓസ്ട്രേലിയില്‍ ജോലി ചെയ്യുന്ന ബിന്നില്‍ ബേബിയാണ് നേഹയുടെ ഭര്‍ത്താവ്. യുകെയില്‍ നിന്നും ഓസ്ട്രേലിയലില്‍ ഉള്ള മലയാളി കുടുംബത്തിലേക്ക് വിവാഹിതയായ നേഹ അങ്ങോട്ടേക്ക് പോകാൻ അവസാനഘട്ട ഒരുക്കങ്ങൾ നടക്കവേയാണ് അപ്രതീക്ഷിതമായി ജീവൻ മരണം കവർന്നെടുത്തത്. ഓസ്ട്രേലിയയ്ക്ക് പോകുന്നതിനാൽ യുകെയിലെ സുഹൃത്തുക്കൾക്ക് പാർട്ടി ഇന്നലെ നൽകിയിരുന്നു. നേഹ യുകെയിൽ ക്ലിനിക്കൽ ഫർമസിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു .

എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ് നേഹയുടെ മാതാപിതാക്കൾ . 2021 ഓഗസ്റ്റ് 21നാണ് ഓസ്ട്രേലിയയിൽ താമസമായ മലയാളി കുടുംബമായ ബേബി ഏബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയുമായുള്ള വിവാഹം കഴിഞ്ഞത്. ബിനിലിന്റെ മാതാപിതാക്കൾ കോട്ടയം പാല സ്വദേശികളാണ്.

ഒരു കുടുംബം പോലെയാണ് യുകെയിലെ മലയാളികൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വേർപാടും അത്രമേൽ സങ്കടം ഉളവാക്കുന്നതാണ്. നേഹയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ നിരവധി ആളുകൾ ഞെട്ടലിലാണ്. നേഹയുടെ ആകസ്മിക മരണത്തിൽ യുകെ ബ്രൈറ്റണിലെ മലയാളി അസോസിയേഷൻ പ്രവർത്തകരും ഓസ്ട്രേലിയയിലെ ഡാർവിൻ മലയാളി അസോസിയേഷൻ പ്രവർത്തകരും അനുശോചനം അറിയിച്ചു. മരണത്തെ തുടർന്നുള്ള തുടർ നടപടികൾക്കും ക്രമീകരണങ്ങൾക്കുമായി ബ്രൈറ്റണിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ നേഹയുടെ കുടുംബത്തിനൊപ്പമുണ്ട്.

നേഹ ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

നടി സുബി സുരേഷ് അന്തരിച്ചു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം.പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമാണ് സുബി സുരേഷ്.കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ മാറ്റി വയ്ക്കാന്‍ ഉള്‍പ്പടെ ശ്രമിക്കുന്നതിനടെയാണ് സുബിയുടെ മരണം.

മിമിക്രി രംഗത്തിലൂടെയാണ് സുബി കലാരംഗത്തേക്ക് എത്തിയത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം ജനിച്ചു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും, എറണാകുളം സെന്റ്.തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.

സ്‌കൂള്‍ പഠനകാലത്തു തന്നെ നൃത്തം പഠിയ്ക്കാന്‍ തുടങ്ങി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷന്‍ ചാനലുകളിലും സ്‌റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളില്‍ വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്‌റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ.. എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍ -സുരേഷ്, അമ്മ- അംബിക, സഹോദരന്‍ -എബി സുരേഷ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മുപ്പത്തഞ്ചു വയസ്സുകാരനായ പ്രവാസി മലയാളി യുവാവ് കുവൈറ്റിൽ മരണമടഞ്ഞു. മൂവാറ്റുപുഴയ്ക്ക് അടുത്ത് വാഴക്കുളം സ്വദേശിയായ പടിഞ്ഞാറേൽ ശ്രീ. ജോബിൻ ജോർജാണ് ഇന്ന് (19/ 02 / 2023) രാവിലെ അന്തരിച്ചത്. പരേതൻ എസ്.എം.സി.എ അബ്ബാസിയ ഏരിയ സോൺ-2, സെന്റ് മാർക്ക് കുടുംബയൂണിറ്റ് സജീവ് അംഗവും കോതമംഗലം രൂപത അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗവുമാണ് .

ജോബിൻ ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

പ്രശസ്ത തമിഴ് ഹാസ്യ നടന്‍ മയില്‍സാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.നിരവധി തമിഴ് സിനിമകളില്‍ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും മയില്‍സാമി അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ കെ ഭാഗ്യരാജിന്റെ ‘ധവണി കനവുകള്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യകാലങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നെങ്കിലും ഒരു നടനെന്ന നിലയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.

‘ധൂല്‍’, ‘വസീഗര’, ‘ഗില്ലി’, ‘ഗിരി’, ‘ഉത്തമപുത്രന്‍’, ‘വീരം’, ‘കാഞ്ചന’, ‘കണ്‍കളാല്‍ കൈദു സെയ്’ എന്നീ സിനിമകളിലെ മയില്‍സാമിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍, ടിവി അവതാരകന്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. 2004ല്‍ ‘കൺഗൾ കയ്ദു സെയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മയില്‍സാമി മികച്ച ഹാസ്യ നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. ‘നെഞ്ചുകു നീതി’, ‘വീട്ട് വിശേഷങ്ങള്‍’, ‘ദി ലെജന്‍ഡ്’ തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, നടൻമാരായ കമൽഹാസൻ, ശരത് കുമാർ തുടങ്ങിയ പ്രമുഖർ മയിൽസാമിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ കാലുവഴുതി വീണ് മലയാളി മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി പാലക്കൽ പറമ്പ് ഇബ്രാഹിം (46) ആണ് മരിച്ചത്. മദീന തരീഖ് സുൽത്താനയിലാണ് കെട്ടിടം പണിക്കിടെ കാല് വഴുതി താഴെ വീണത്. ദീർഘകാലമായി മദീനയിൽ പ്രവാസിയായ ഇദ്ദേഹം രണ്ട് മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്.

പിതാവ് – കുഞ്ഞാലി പുളിക്കൽ. മാതാവ് – നബീസ. ഭാര്യ – ജസീന. മക്കൾ – ഫാത്തിമ, സഫ, മർവ, ആയിശ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കും. മരണാനന്തര നടപടികൾക്കായി നവോദയ പ്രവർത്തകരായ സലാം കല്ലായി, നിസാർ കരുനാഗപ്പള്ളി, സുജായി മാന്നാർ എന്നിവർ രംഗത്തുണ്ട്.

പ്രശസ്ത സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിച്ച കാലടി ജയന്‍ പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം മണക്കാട് കാലടിയാണ് ജയന്റെ സ്വദേശം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. നാടക ട്രൂപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്ത് സജീവമായത്. ടൈറ്റാനിയം ഫാക്ടറിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved