Obituary

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യോർക്ക്ഷെയർ : യോർക്ക്ഷെയറിലെ നോർത്താലർട്ടനിൽ താമസിക്കുന്ന യോർക്ക് ഷെയർ ക്നാനായ അസോസിയേഷൻ പ്രസിഡൻറ് നോബി ജെയിംസിന്റെ ഭാര്യ സിനിയുടെ പിതാവ് പിറവം തൊട്ടൂർ കാത്തിരത്തിങ്കൽ തമ്പി കെ ജോസഫ് നിര്യാതനായി. സിനി യോർക്ക്ഷെയർ വുമൺ ഫോറം പ്രസിഡൻറായി സേവനം അനുഷ്ഠിക്കുന്നു. മൃതസംസ്കാര ശുശ്രൂഷകൾ സ്വവസതിയിൽ ആരംഭിച്ച് മാങ്കിട സെന്റ് തോമസ് ഫൊറോനാ ചർച്ചിൽ ബുധനാഴ്ച നടത്തപ്പെടുന്നതാണ്. ഭാര്യ വെള്ളൂർ വാരാമനക്കൻ കുടുംബാംഗമാണ്.

മക്കൾ: സിനി (യുകെ), സിജോ (യു കെ ), അനു (കാനഡ).
മരുമക്കൾ :നോബി, റ്റോഫിയ, എബി.
നോബി മലയാളം യുകെയിൽ ഈസി കുക്കിംഗ് എന്ന പംക്തി നിരവധി കാലം കൈകാര്യം ചെയ്തിരുന്നതാണ് .

നോബി ജെയിംസിന്റെ ഭാര്യാ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ വിടവാങ്ങി. 72 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. വൈകീട്ട് നാലു മണിക്ക് കരുവന്‍പൊയില്‍ ചുള്ള്യാട് ജുമാ മസ്ജിദില്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.

കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി മര്‍കസില്‍ പ്രധാന അധ്യാപകനും വൈസ് പ്രിന്‍സിപ്പാളുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആദ്യ ശിഷ്യനും കൂടിയാണ്.

1975 ല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ തന്നെ കീഴില്‍ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിന്‍സിപ്പാളായിട്ടായിരുന്നു അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചത്. ചെറിയ എ പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.

എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി.ഹരികുമാര്‍ അന്തരിച്ചു. മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് എന്നറിയപ്പെടുന്ന നടൻ അടൂര്‍ ഭാസിയുടെ അനന്തരവനും സി.വി. രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാർ. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അടൂർ ഭാസിയെക്കുറിച്ച് അടൂര്‍ ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നീ രണ്ടു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 14 നോവലുകളും നൂറിലേറെ കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താവളം, പകല്‍ വിളക്ക്, മാരീചം, ചക്രവര്‍ത്തിനി, ഡയാന, കറുത്ത സൂര്യന്‍, ഗന്ധര്‍വ്വന്‍ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം എന്നീ നോവലുകളും അഗ്‌നിമീളേ പുരോഹിതം എന്ന കഥാസമാഹാരവുമാണ് മറ്റു പ്രധാന കൃതികള്‍.

നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. സന്യാസിനി എന്ന ചലച്ചിത്രത്തിനും തിരക്കഥയെഴുതി. ശ്രീരേഖയാണ് ഭാര്യ, മകന്‍ – ഹേമന്ത്.

ജിമ്മില്‍ വ്യായാമം ചെയ്യവെ പ്രമുഖ നടന് ദാരുണാന്ത്യം. ഹിന്ദി ടിവി സീരിയലുകളിലെയും ഷോകളിലെയും സജീവ സാന്നിധ്യമായ സിദ്ധാന്ത് വീര്‍ സൂര്യവംശിയാണ് അന്തരിച്ചത്.

സിദ്ധാന്തിന്റെ മരണവിവരം നടനും മുന്‍ ക്രിക്കറ്റ് താരവുമായ സലില്‍ അങ്കോളയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സിനിമാ നിര്‍മാതാവ് അനു രഞ്ജന്‍, ടിവി താരം ജയ് ഭാനുശാലി, കിഷ്വര്‍ മെര്‍ച്ചന്റ് തുടങ്ങിയവര്‍ സിദ്ധാന്തിനെ അനുസ്മരിച്ച് കുറിപ്പുകള്‍ പങ്കുവച്ചു.

മംമ്താ ആന്‍ഡ് ഖുസും എന്ന ടിവി ഷോയിലൂടെയാണ് സിദ്ധാന്ത് താരമായത്. ആനന്ദ് സൂര്യവംശി എന്നായിരുന്നു ആദ്യപേര്. 2001ല്‍ ഖുസും ടിവി ഷോയിലാണ് അരങ്ങേറ്റം. ജനകീയ പരിപാടികളായ കണ്‍ട്രോള്‍ റൂം, കൃഷ്ണ അര്‍ജുന്‍, വിരുദ്ധ്, സൂര്യപുത്ര, ഭാഗ്യവിധാത, വാരിസ്, ഗൃഹസ്തി തുടങ്ങിയവ സിദ്ധാന്തിനെ ജനപ്രിയ നടനാക്കി.

സിദ്ദി ദില്‍ മാനേ നാ എന്ന ഷോയിലാണ് ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ഏക്താ കപൂറിന്റെ ടിവി ഷോയിലും പങ്കെടുത്തിട്ടുണ്ട്. ഇറ ചൗധരിയാണ് ആദ്യ ഭാര്യ. 2015ല്‍ ആണ് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തിയത്. 2017ല്‍ മോഡലും ഫാഷന്‍ കൊറിയോഗ്രാഫറുമായ അലീസിയ റാവത്തിനെ സിദ്ധാന്ത് വിവാഹം കഴിച്ചു.

മലയാളി നഴ്സും. കോട്ടയം ചിറയില്‍പാടം കൊല്ലപറമ്പില്‍ കുടുംബാംഗവുമായ വിധു സോജിന്‍ (45) നിര്യാതയായി. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ ആയിരുന്ന വിധു ഇന്ന് രാവിലെയാണ് ലോകത്തോട് യാത്രപറഞ്ഞത്. നാല് ദിവസം മുമ്പാണ് വിധുവിനെ , ജെയിംസ് കൊണോലി ഹോസ്പീസില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ബ്‌ളാഞ്ചാര്‍ഡ്സ് ടൗണിലെ കണ്ണിങ്ഹാം ഫ്യുണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പാമ്പാടി ആനിവേലിൽ എ എം ജേക്കബിന്റെയും,ലിസമ്മയുടെയും മകളായ വിധു സോജിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായാണ് ഒന്നര പതിറ്റാണ്ട് മുമ്പ് അയര്‍ലണ്ടില്‍ എത്തി ജോലിയില്‍ പ്രവേശിച്ചത്. ബ്‌ളാക്ക് റോക്ക് മലയാളി സമൂഹത്തിന്റെ സജീവ ഭാഗമായിരുന്ന വിധുവിന്റെ കുടുംബം.

കോട്ടയം സ്വദേശിയായ സോജിന്‍ കുര്യനാണ് വിധുവിന്റെ ഭര്‍ത്താവ്. 10 വയസ്സുകാരിയായ ഹന്നയാണ് മകള്‍.സംസ്‌കാര ചടങ്ങുകള്‍ അയര്‍ലണ്ടില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.പൊതു ദര്‍ശനവും സംസ്‌കാരവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

കൊല്ലം ബീച്ചിലെ വയലിനിസ്റ്റ് അലോഷ്യസ് ഫെർണാണ്ടസ് നിര്യാതനായി. 76 വയസായിരുന്നു. കൊല്ലം ഇരവിപുരം സ്വദേശിയാണ് അലോഷ്യസ് ഫെർണാണ്ടസ്. ചവറ കോയി വിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിലായിരുന്നു അന്ത്യം.കഴിഞ്ഞദിവസം റോഡരികിൽ അവശനിലയിൽ കാണപ്പെട്ട ഫെർണാണ്ടസിനെ ജീവകാരുണ്യ പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ചവറയിലെ അഭയ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് ചവറ കോയി വിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ വച്ച് മരണപ്പെട്ടത്.

വയലിൻ തന്ത്രികൾ മീട്ടുന്ന അലോഷി ഫെർണാണ്ടസിനെ അറിയാത്തവർ കൊല്ലത്ത് വിരളമാണ്. ബീച്ചിലെത്തുന്നവർക്ക് മുന്നിൽ സ്വർഗസംഗീതം പൊഴിക്കുന്ന, അതിമനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന അലോഷി. അലോഷിയെ കടലാഴത്തോളമുള്ള ഏകാന്തതയിലേക്ക് തള്ളിവിട്ടതിന് പിന്നിലും വലിയ കഥയുണ്ട്.

പ്രായം 76, പഠിച്ചതും വളർന്നതും മുംബൈ നഗരത്തിൽ. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ എയർലൈൻസിൽ സാങ്കേതിക വിഭാഗത്തിൽ ജോലി ലഭിച്ചു. വിദേശ രാജ്യങ്ങളിലെ സൗഹൃദവും ആഡംബര ജീവിതവും കോടീശ്വരനായിരുന്ന അലോഷിയെ കൊണ്ടെത്തിച്ചത് ചൂതാട്ടത്തിലായിരുന്നു. ചൂതാട്ട കളത്തിൽ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ടു. കുടുംബ ബന്ധവും ശിഥിലമായി. ഒരു വയലിൻ മാത്രമായിരുന്നു അലോഷിയുടെ പിന്നീടുള്ള ഏക സമ്പാദ്യം.

കൊഴിഞ്ഞുപോയ ഭൂതകാല ഭ്രമങ്ങളെ മറികടക്കാൻ അലോഷിക്ക് കൂട്ടായിരുന്നതും വയലിനായിരുന്നു. വയലിൻ വായിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു അലോഷി പട്ടിണിയെ മറികടന്നത്. നഷ്ടമായ ജീവിതത്തിന്റെയും ഏക സമ്പാധ്യമായ വയലിനെ തനിച്ചാക്കി അലോഷിയും യാത്രയായി.

സ്വന്തം ലേഖകൻ

ലണ്ടൻ : നോർത്താംപ്ടൺ മലയാളിയും യുകെയിലെ പ്രമുഖ വ്യവസായിയും, സോളിസിറ്ററുമായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ പിതാവ് ശ്രീ : മാനുവൽ ജോസഫ് ( 76 ) നാട്ടിൽ വച്ച് നിര്യാതനായി. കഴിഞ്ഞ കുറെ ദിവസങ്ങളായി കിഡ്‌നി സംബദ്ധമായ രോഗത്താൽ പാലാ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പാലാ ഭരണങ്ങാനം മാറാമറ്റം കുടുംബാംഗമാണ് പരേതൻ.

സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പാലാ ചിറ്റാർ സെന്റ് : ജോർജ്ജ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. ഭാര്യ ഫിലോമിന മാനുവൽ. മക്കൾ ജോസ് ജോർജ്ജ് ( ബാംഗ്ലൂർ ) , സുഭാഷ് ജോർജ്ജ്  ( യുകെ ). മരുമക്കൾ സംഗീത ജോസ് , ഡെനോ സുഭാഷ്. കൊച്ചുമക്കൾ ആദിത്യ പീയൂസ് ജോസ് , അനൈഡ സുഭാഷ്.

പിതാവിന്റെ വേർപാടിൽ ദുഃഖാർത്ഥരായ സുഭാഷ് ജോർജ്ജ് മാനുവലിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വേര്‍പാടില്‍ വിവിധ നേതാക്കള്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ നേതാവിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഷ്ടമായത് ഭാവി വാഗ്ദാനത്തെയാണെന്ന് എ കെ ആന്റണി പ്രതികരിച്ചു.

നിസ്വാര്‍ഥമായ പ്രവര്‍ത്തന ശൈലിയായിരുന്നു സതീശന്‍ പാച്ചേനിയുടെതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അനുസ്മരിച്ചു. ഏറെ അടുപ്പമുണ്ടായിരുന്ന നേതാവെന്ന് പി ജയരാജന്‍. പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള നേതാവായിരുന്നു പാച്ചേനിയെന്ന് വി ടി ബല്‍റാം പറഞ്ഞു.

മസ്തിഷ്‌കാഘാതം സംഭവിച്ച് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ കുഴഞ്ഞുവീണ സതീശന്‍ പാച്ചേനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

കെഎസ്‌യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ല്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

എന്നാല്‍ സതീശന്‍ പാച്ചേനിക്ക് പക്ഷേ തിരഞ്ഞെടുപ്പുകളിലെ വിജയം അന്യമായിരുന്നു. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുള്ള അദ്ദേഹം നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.

പ്രശസ്ത തമിഴ് കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു. ഹൃദയാഘാതമാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സെൽവരാഘവന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രമാണ് സന്താനത്തെ പ്രശസ്തിയിലേയ്ക്ക് എത്തിച്ചത്.

ആദ്യ ചിത്രമായ ‘ആയിരത്തിൽ ഒരുവനിലെ’ പ്രൊഡക്ഷൻ ഡിസൈനിലൂടെ സമകാലിക കാലഘട്ടത്തെയും പുരാതന ചരിത്ര കാലഘട്ടത്തിലെ ജീവിതത്തെയും ആധികാരികമായി പ്രേക്ഷകരിലേക്ക് കൊണ്ടുവന്ന സന്താനം ഞൊടിയിടയിലാണ് പ്രശസ്തനായ കലാകാരനായത്.

എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സർക്കാർ, രജനികാന്ത് ചിത്രം സർക്കാർ തുടങ്ങിയ ബിഗ്ബജറ്റ് ചിത്രങ്ങളുടെ കലാസംവിധായകൻ കൂടിയായിരുന്നു അദ്ദേഹം.

കൂടാതെ, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാനിലും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. എ.ആർ. മുരുഗദോസ് നിർമിച്ച 1947 ആഗസ്റ്റ് 16 എന്ന പീരിയോഡിക് ചിത്രമാണ് സന്താനത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രം എത്തുന്നതിന് മുൻപേയുള്ള വിയോഗം തമിഴകത്തെ സങ്കട കടലിലാഴ്ത്തി .

അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനുംം സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ഫ്രാന്‍സിസ് തടത്തിലിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഫൊക്കാനയുടേയും ഫ്രാന്‍സിസ് തടത്തിലിന്റെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ ഒരു ‘ഗോ ഫണ്ട് മീ’ പേജ് ആരംഭിച്ചു. ഫ്രാന്‍സിസ് തടത്തിലിന്റെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നുപോയ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് പണം സമാഹരിക്കുന്നത്.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന പ്രിയ മക്കള്‍ ഐറിന്‍, ഐസക് എന്നിവര്‍ക്ക് ഇനിയും ജീവിതം തുടരുന്നതിന് അനുകമ്പയോടെ ഓരോരുത്തരും നല്‍കുന്ന സാമ്പത്തിക സഹായം തുണയാകും. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ സ്‌നേഹവും സംരക്ഷണവും നഷ്ടമായ ഫ്രാന്‍സിസ് തടത്തിലിന്റെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ആഗ്രഹത്തോടെയാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഗോഫണ്ട് മീ പേജ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.

രാവിലെ ഉണരാത്തതിനെത്തുടര്‍ന്ന് മക്കള്‍ വന്നു വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവര്‍ സ്വദേശിയായ ഫ്രാന്‍സിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില്‍ പത്താമനാണ്. ഭാര്യ: നെസ്സി തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറീന്‍ എലിസബത്ത് തടത്തില്‍, ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍.

രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയായിരുന്നു .28 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് നിലവില്‍ കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.

മലയാളികളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളും,ഫൊക്കാനയുടെ നിരവധി വാർത്തകളും അദ്ദേഹത്തിലൂടെ അമേരിക്കൻ മലയാളികൾ എത്തി.ആരോഗ്യപരമായ പ്രതിസസന്ധികളിലൂടെ കടന്നുപോവുമ്പോഴും ഉത്തരവാദപ്പെട്ട പത്രപ്രവർത്തകനെന്ന നിലയിൽ എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന് .രണ്ടര ദശാബ്ദത്തിലേറെ പത്രപ്രവർത്തന രംഗത്തു സജീവമായ ഫ്രാൻസിസ് തടത്തിൽ മാധ്യമ ജീവിതത്തിലെ മറക്കാത്ത ഓർമ്മകളാണ് ‘നാലാം തുണിനപ്പുറം’ .വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകിൽ, ഉറ്റവരുടെ സ്നേഹത്തിന്റെ തണലിൽ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളാണിത്. രോഗം ശരീരത്തെ തകർത്തു താറുമാറാക്കിയപ്പോഴും മനസുപതറാതെ ധീരമായ പോരാട്ടത്തിലൂടെ രക്താർബുദത്തെയും കീഴടക്കിയാണ് ഫ്രാൻസിസ് എഴുത്തിന്റെ ലോകത്ത് മുന്നേറിയത്.

മരണത്തെ മുഖാമുഖം കണ്ടതു ഒമ്പത് തവണയായിരുന്നു.ദൈവാനുഗ്രഹവും മനോധൈര്യവുമാണ് ഒരു തിരിച്ചുവരവിന് കാരണമായതെന്ന് അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.1994-97 കാലയളവിൽ ദീപികയിൽ ജേർണലിസം ട്രെയ്‌നിയായി തുടക്കം കുറിച്ച ഫ്രാൻസിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂർ തന്നെയായിരുന്നു. ഇക്കാലയളവിൽ പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ്‌മെന്റ്, പ്ലാറ്റൂൺ പുരസ്‌കാരം (1997) ആ വര്ഷത്തേ മികച്ച ലേഖകനുള്ള മാനേജിoഗ് എഡിറ്റർ പുരസ്‌കാരം എന്നിവ നേടി. കേരള കലാമണ്ഡലത്തെകുറിച്ച് എഴുതിയ ‘ മഹാകവീ മാപ്പ് ‘, പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ചു തയാറാക്കിയ ‘രക്തരക്ഷസുകളുടെ മഹാനഗരം’ എന്നീ ലേഖന പരമ്പരകൾക്കായിരുന്നു അവാർഡുകൾ. പുസ്തകത്തിൽ തൃശൂർ ജീവിതത്തിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പൂർണമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്.1997-98 കാലത്ത് ദീപിക കൊച്ചി ബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998 ൽ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോർട്ടിങ്, 1999ൽ ദീപിക പാലക്കാട് ബ്യൂറോ ചീഫ്, 2000 ൽ കോഴിക്കോടു രാഷ്ട്ര ദീപികയുടെ എഡിറ്റർ ഇൻ ചാർജ്, അതേവർഷം കോഴിക്കോട് ബ്യൂറോ ചീഫ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു.ഇക്കാലയളവിൽ മാറാട് കലാപത്തെക്കുറിച്ചും മുത്തങ്ങ വെടിവയ്പിനെക്കുറിച്ചും ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോർട്ടിംഗ് ഏറെ ശ്രദ്ധേയമായിരുന്നു.2006 ൽ അമേരിക്കയിൽഎത്തിയ അദ്ദേഹം നാളിതുവരെ അമേരിക്കയിൽ നിന്നിറങ്ങുന്ന മാധ്യമങ്ങളിൽ സജീവമായിരുന്നു.2017 ൽ അമേരിക്കയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA)യുടെ അവാർഡ് ലഭിച്ചു . 2018 ലും 2022 ലും ഫൊക്കാനയുടെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡും ലഭിച്ചിരുന്നു.

 

RECENT POSTS
Copyright © . All rights reserved