ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കവൻട്രിയിൽ താമസിച്ചിരുന്ന 33കാരനായ യുവ നേഴ്‌സ് അരുൺ എം എസ് മരണമടഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ഇയാൾ ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ പോലീസിനെ ബന്ധപ്പെട്ടത്തിന് പിന്നാലെയാണ് മരണ വാർത്ത പുറം ലോകമറിഞ്ഞത്. അരുൺ ഹോസ്‌പിറ്റലിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷമായി.
ഉറക്കത്തില്‍ പാട്ടു കേട്ട് കിടന്ന നിലയിലാണ് അരുണിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ചെവിയില്‍ ഹെഡ്ഫോണ്‍ കണ്ടെത്തിയിരുന്നതിലാണ് ഈ നിഗമനം. ഇതോടെ ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതം ആയിരിക്കാം യുവ നേഴ്സിന്റെ മരണത്തിനു കാരണമായതെന്ന് കരുതപ്പെടുന്നു. കവന്‍ട്രി ഹോസ്പിറ്റലില്‍ നേഴ്സായി ജോലി ലഭിച്ച ഭാര്യ ആര്യ ഉടൻ തന്നെ യൂകെയിലെത്തിചേരാനിരിക്കെയാണ് അരുണിനെ മരണം തട്ടിയെടുത്തത് . അരുണിനും ആര്യയ്ക്കും മൂന്ന് വയസുള്ള ഒരു കുട്ടിയുമുണ്ട് .
അരുണിന്റേത് ആകസ്മിക മരണം ആയതിനാൽ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷമേ മൃതദേഹം വിട്ടുകൊടുക്കുകയുള്ളു. ഇതിൻെറ നടപടിക്രമങ്ങൾക്കായി രണ്ടു മുതൽ മൂന്ന് ആഴ്ച വരെ സമയം വേണ്ടിവരും .
അരുണിൻെറ നിര്യാണത്തിൽ മലയാളി യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.
പ്രൈം മെഡിക്കൽ സെന്‍റർ ദുബൈയിലെ ഡോക്ടറായിരുന്ന ഡോ. സുമ രമേശൻ (49) ദുബൈയിൽ നിര്യാതയായി. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിനിയാണ്. ദുബൈ പ്രൈം മെഡിക്കൽ സെന്‍ററിലെ ഡോക്ടറായ രമേശൻ പെരിങ്ങത്താണ് ഭർത്താവ്. മക്കൾ: ദിയ നമ്പ്യാർ, ദർപ്പൻ നമ്പ്യാർ (വിദ്യാർഥികൾ) എന്നിവർ മക്കളാണ്. പിതാവ്: ഇ.വി. നാരായണൻ. മാതാവ്: സുഷമാ നാരായണൻ. സഹോദരൻ പ്രവീൺ നാരായണൻ. സംസ്കാരം ദുബൈയിൽ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലിവർപൂളിൽ താമസിക്കുന്ന ജോർജ് ജോസഫ് തൊട്ടുകടവിലിൻെറ സഹോദരൻ സെബാസ്റ്റ്യൻ ജോസഫ് (42) നിര്യാതനായി. ദുബായിൽ ജോലി ചെയ്‌തിരുന്ന സെബാസ്റ്റ്യൻ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. പരേതൻ ചങ്ങനാശ്ശേരി അതിരൂപതയിലെ കാവാലം നോർത്ത് സെൻ്റ് ജോസഫ് പള്ളി ഇടവകയിലെ തോട്ടുകടവിൽ കുടുംബാംഗമാണ്. ഭാര്യ റിൻസി. പത്തും ആറും മൂന്നും വയസ്സുള്ള മൂന്ന് കുട്ടികളാണ് പരേതനുള്ളത്.
മൃതസംസ്കാര ശുശ്രൂഷകൾ ജനുവരി 19, വ്യാഴാഴ്ച്ച 2.00 ന് കാവാലം നോർത്ത് സെൻ്റ് ജോസഫ് പള്ളിയിൽ നടത്തപ്പെടും.
സെബാസ്റ്റ്യൻ ജോസഫിൻെറ നിര്യാണത്തിൽ മലയാളി യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
രാജപുരം: ഒടയംചാല്‍ ചെമ്പകത്തടത്തില്‍ ഏലിയാമ്മ ജോസഫ് (92) നിര്യാതയായി. മൃതസംസ്‌കാരം നാളെ (ഞായറാഴ്ച- 15/01/23) വൈകു. 4 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. മക്കള്‍: പരേതനായ ജോസ് , ആലി അഞ്ചുകണ്ടത്തില്‍ (മാലക്കല്ല്), മേരികുട്ടി പടേട്ട് (മടമ്പം), ലിസ്സി മുകളേല്‍ (അലക്‌സ് നഗര്‍), സണ്ണി (അബുദാബി), തങ്കച്ചന്‍, ലാലി താവളത്തില്‍ (കണ്ണൂര്‍), ജെസ്സി തറപ്പുതൊട്ടി (ചുള്ളിക്കര), റെജി അരീകുന്നേല്‍ (വെള്ളോറ), നിഷ പുല്ലുവട്ടത്ത് (യു.കെ).
മരുമക്കള്‍: മേരി, ജോസ് അഞ്ചുകണ്ടത്തില്‍ മാലക്കല്ല്, പരേതനായ ജെയിംസ് പടേട്ട് മടമ്പം, പരേതനായ തോമസ് മുകളേല്‍ അലക്‌സ്‌നഗര്‍, സൂസന്‍, ബീന, പൗലോസ് താവളത്തില്‍ (കണ്ണൂര്‍), ബേബി തറപ്പുതൊട്ടിയില്‍ (ചുള്ളിക്കര), ബേബി അരീകുന്നേല്‍ (വെള്ളോറ), ബിനോയി പുല്ലുവട്ടത്ത് (യു.കെ).
മൈക്കിൾ ജാക്‌സന്റെ മുൻ ഭാര്യ ലിസ മേരി പ്രെസ്ലി (54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജനുവരി 12ന് ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
‘റോക്ക് ആൻഡ് റോൾ’ ഇതിഹാസം എൽവിസ് പ്രെസ്ലിയുടെ മകളാണ് ലിസ മേരി പ്രെസ്ലി. 1968ലായിരുന്നു പ്രെസ്ലിയുടെ ജനനം. 9 വയസ് പ്രായമുള്ളപ്പോൾ പ്രെസ്ലിയുടെ പിതാവായ എൽവിസ് മരിച്ചു. പിന്നീടങ്ങോട്ട് അമ്മ പ്രിസില്ലയാണ് പ്രെസ്ലിയുടെ എല്ലാ കാര്യങ്ങളും നോക്കിയത്. 2003ൽ പുറത്തിറങ്ങിയ ‘ടു ഹും ഇറ്റ് മെ കൺസേൺ’ എന്ന ആൽബത്തിലൂടെ പ്രെസ്ലി സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചു. 2005ൽ പുറത്തിറങ്ങിയ ‘നൗ വാട്ട്’ എന്ന ആൽബം വലിയ ഹിറ്റായി മാറി.
വലിയ വിവാദങ്ങൾ നിറഞ്ഞതായിരുന്നു പ്രെസ്ലിയുടെ വ്യക്തി ജീവിതം. നാല് തവണയാണ് പ്രെസ്ലി വിവാഹിതയായത്. ഇവയിൽ ഒരെണ്ണം പോലും വിജയിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. 1988ലായിരുന്നു പ്രെസ്ലി മൈക്കിൾ ജാക്‌സനെ വിവാഹം കഴിച്ചത്. 6 വർഷം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. പിന്നീട് 1994ൽ സംഗീതജ്ഞനായ ഡാനി കിയോയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷത്തിനിപ്പുറം ഇരുവരും വേർപിരിഞ്ഞു.
2002ൽ നടൻ നിക്കോളാസ് കെയ്ജിനെ വിവാഹം ചെയ്‌തെങ്കിലും 2004ൽ ആ ബന്ധവും അവസാനിച്ചു. 2006ലാണ് പ്രെസ്ലി നാലം തവണ വിവാഹിതയായത്. മ്യൂസിക് പ്രൊഡ്യൂസർ മൈക്കിൾ ലോക്ക്‌വുഡായിരുന്നു വരൻ. 15 വർഷം നീണ്ട ഇരുവരുടെയും വിവാഹ ജീവിതം 2021ൽ അവസാനിക്കുകയും ചെയ്തു. ജനുവരി 10ന് നടന്ന ഗോൾഡൻ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങിൽ ലിസ മേരി പ്രെസ്ലിയും അമ്മ പ്രിസില്ല പ്രെസ്ലിയും പങ്കെടുത്തിരുന്നു.
സിനിമ പ്രൊഡക്ഷൻ ഡിസൈനറും കലാ സംവിധായകനുമായ സുനിൽ ബാബു അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
50) അന്തരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ്. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ തിരക്കുള്ള കലാ സംവിധായകനായിരുന്നു. കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൈസൂരു ആർട്‌സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകൻ സാബു സിറിലിന്റെ സഹായിയായാണ് സുനിൽ ബാബു സിനിമ ലോകത്തേക്ക് എത്തിയത്. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ സുനിൽ ബാബുവിന് സാധിച്ചു.
അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്‌പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു.
ഒരു ഇംഗ്ലീഷ് ചിത്രത്തിന് വേണ്ടിയും കലാ സംവിധാനം നിർവഹിച്ചു. വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവർത്തിച്ചത്. ഈ ചിത്രം പുറത്ത് ഇറങ്ങാൻ ഇരിക്കെയാണ് മരണം. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പ്രേമ. മകൾ: ആര്യ സരസ്വതി.
മലയാള ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്‌കാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കുറച്ചുനാളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു കഴിഞ്ഞിരുന്നത്.
രണ്ടുവര്‍ഷം മുമ്പ് വൃക്ക മാറ്റിവെച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഇതിനിടെ ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായ തോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു. ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു ബീയാര്‍ പ്രസാദ്.
2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഗാനങ്ങള്‍ രചിച്ചാണ് സിനിമാ ലോകത്ത് ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായത്. ‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടക സംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. ഭാര്യ സനിതാ പ്രസാദ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. അനാരോഗ്യത്തെത്തുടര്‍ന്നു ബുധനാഴ്ചയാണ് ഹീരാബെന്‍ മോദിയെ ഇവിടെ പ്രവേശിപ്പിച്ചത്. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.
ബംഗാളിലെ പരിപാടികള്‍ റദ്ദാക്കി പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ച മാതാവിനെ കാണാന്‍ പ്രധാനമന്ത്രി ആശുപത്രിയിലെത്തിയിരുന്നു. 1923 ജൂണ്‍ 18 നാണ് ഹീരാബെന്‍ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്‌സാനയിലെ വഡ്‌നഗറാണ് സ്വദേശം. നരേന്ദ്രമോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, വാസന്തിബെന്‍ ഹസ്മുഖ്‌ലാല്‍ മോദി എന്നിവരാണ് മക്കള്‍. പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയ്‌ക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്‌സന്‍ ഗ്രാമത്തിലാണ് ഹീരാബെന്‍ മോദി താമസിച്ചിരുന്നത്.
ലൂട്ടൻ: മരണങ്ങളുടെ മണിമുഴക്കം അവസാനിക്കാതെ യുകെ മലയാളികൾ. ഇന്നലെ ലൂട്ടനിൽ ലൂട്ടനിൽ താമസിക്കുന്ന ജിജി മാത്യസിന്റെ (56, മുഞ്ഞനാട്ട് കുടുംബാംഗം) മരണം ലൂട്ടൻ മലയാളികളെ എന്നപോലെ തന്നെ യുകെയിലെ മറ്റു മലയാളികളെയും ഒരുപോലെ ഞെട്ടിച്ചു എന്നത് ഒരു യാഥാർത്യമാണ്. രാത്രി ഒരു മണിയോടെ അസ്വസ്ഥ തോന്നിയ ജിജി വെള്ളം കുടിക്കാനായിട്ടാണ് മുകളിൽ നിന്നും അടുക്കളയിൽ എത്തുന്നത്.
എണീറ്റുപോകുന്നത് ശ്രദ്ധിച്ച ഭാര്യ താഴെയെത്തിയപ്പോൾ ആണ് മുകളിലേക്ക് കയറാനാകാതെ വീണുകിടക്കുന്ന ഭർത്താവിനെ കാണുന്നത്. ക്രിസ്മസ് ആഘോഷത്തിനായി ഈയിടെ വിവാഹം കഴിച്ചയച്ച ഡോക്ടറായ മകൾ ഉൾപ്പെടെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.
എല്ലാവരും താഴെയെത്തി. ഡോക്ടർ ആയ മകളും നഴ്‌സായ ഭാര്യയും സി പി ആർ നൽകി. ഇതിനിടയിൽ തന്നെ ആംബുലൻസ് ടീമും സ്ഥലത്തെത്തി. ഉടനടി ആശുപത്രിലേക്ക് മാറ്റിയെങ്കിലും ജീവൻ നിലനിർത്താൻ സാധിക്കാതെ വരുകയായിരുന്നു. നാട്ടിൽ പത്തനംതിട്ടയിലെ മൈലപ്ര സ്വദേശിയാണ് ജിജി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ബെജിയുടെ മൂത്ത സഹോദരനാണ് പരേതനായ ജിജി മാത്യൂസ്.
എല്ലാവരുമായും ക്രിസ്മസിന്റെ സന്തോഷം പങ്കുവെച്ചു തലേദിവസം പിരിഞ്ഞ പ്രിയ സുഹൃത്തിന്റെ ആകസ്മിക വേർപാടിൽ ഞെട്ടലിലാണ് യുകെയിൽ മലയാളി സുഹൃത്തുക്കൾ. യുകെയിൽ ഏറെ സൗഹൃദമുള്ള ജിജി, പ്രവാസി മലയാളി സംഘടനയായ ല്യൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റും ലൂട്ടൻ മലയാളി അസ്സോസിയേഷന്റെ സ്ഥാപകരിൽ ഒരാളുമാണ്. മലയാളികളുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന അദ്ദേഹം, സംഘടനയുടെ പ്രസിഡന്റ്, യുക്മയുടെ പല പരിപാടികളിലും സജീവ പങ്കാളിത്വം വഹിച്ചിട്ടുണ്ട്.
ഗ്ലോസ്റ്ററില്‍ ഈ അടുത്ത് നടന്ന രണ്ട് കാർ അപകടങ്ങളിൽ പെട്ടവർക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനും ജിജി അക്ഷീണം പ്രവർത്തിച്ചിരുന്നു. പ്രിയ സുഹൃത്തിനെക്കാൾ ഉപരിയായി ജ്യേഷ്ഠ സഹോദരനെയാണ് പ്രിയപ്പെട്ടവർക്ക് നഷ്ടമായിരിക്കുന്നത്. എല്ലാ പ്രതിസന്ധിയിലും താങ്ങായി നിന്ന ജിജിയുടെ വേർപാടിന്റെ ആഘാതത്തിലാണ് യുകെ മലയാളികൾ.
ഐയ്ല്‍സ്ബറി എന്‍എച്ച്എസ് ഹോസ്പിറ്റലിലായിരുന്നു ജിജി ജോലി ചെയ്തിരുന്നത്. ഭാര്യ ഷേര്‍ളി ലൂട്ടന്‍ ആന്റ് ഡണ്‍സ്റ്റബിള്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. മക്കള്‍: നിക്കി (എന്‍എച്ച്എസ് ഡോക്ടര്‍), നിഖില്‍, നോയല്‍ എന്നിവരാണ്
ജിജിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.
ബ്രിട്ടനില്‍ വീട്ടിനുള്ളില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കൊല്ലം സ്വദേശിയായ വിജിന്‍ ആണ് ഡിസംബര്‍ 28 ന് ലിവര്‍പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതുദര്‍ശനം നടത്തും.
കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വി വി നിവാസില്‍ ഗീവര്‍ഗീസിന്റെയും ജെസിയുടെയും മകനാണ് വിജിന്‍. ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്.
ബ്രിട്ടനിലെ ലിവര്‍പൂളിനടുത്ത് വിരാല്‍ ബെര്‍ക്കന്‍ഹെഡ് റോക്ക് ഫെറിയിലാണു വീടിനുള്ളില്‍ മരിച്ച നിലയില്‍ വിജിനെ കണ്ടെത്തിയത്. ഡിസംബര്‍ 2 ന് രാത്രി 10 മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വിജിന്റെ വിയോഗം മലയാളികളായ സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കും നൊമ്പരമായി.
വിജിന്റെ മരണശേഷമാണ് ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ വിജിന്റെ കോഴ്‌സിന്റെ പരീക്ഷാഫലം പുറത്തുവന്നത്. മികച്ച വിജയമായിരുന്നു വിജിന്‍ കൈവരിച്ചത്. തന്റെ പരീക്ഷാഫലം അറിയാനുള്ള വിധി പോലും വിജിന് ഉണ്ടായില്ല.