ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു.
ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്‌ന്‍ വോണ്‍. പിന്നീട് ടീമിന്‍റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.
മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സത്യ നദെല്ലയുടെ മകന്‍ സെയിന്‍ നദെല്ല (26) അന്തരിച്ചു. ജന്മനാ സെറിബ്രല്‍ പാള്‍സി രോഗമുണ്ടായിരുന്നു.
54-കാരനായ സത്യ നദെല്ല 2014ല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയതിന് ശേഷം കമ്പനി ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്തിരുന്നു.
തന്റെ മകനെ വളര്‍ത്തിയതില്‍ പ്രചോദനം ഉള്‍കൊണ്ടാണ് നദെല്ല ഇത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് കമ്പനിയെ നയിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തുടർച്ചയായ മരണത്തിൻറെ ഞെട്ടലിലാണ് യുകെ മലയാളികൾ. മാഞ്ചസ്റ്ററിന് സമീപം ലീയിൽ താമസിക്കുന്ന സനിൽ സൈമണാണ് കാൻസർ രോഗബാധിതനായി മരണത്തിന് കീഴടങ്ങിയത് .കേരളത്തിൽ കോട്ടയം കാരിത്താസ് ആണ് സ്വദേശം. സനിൽ രണ്ട് വർഷത്തോളമായി ക്യാൻസറിനുള്ള ചികിത്സയിലായിരുന്നു.
കേതനല്ലൂർ (ചാമക്കാല ) ചിറക്കര പറമ്പിൽ അനു ആണ് സനിലിൻ്റെ ഭാര്യ. സനിലിൻ്റെ മാതാപിതാക്കളായ ഉഴവൂർ വെട്ടിക്കാനാർ സൈമണും സിസിലിയും (കരിങ്കുന്നം വടക്കേക്കര കുടുംബം) ലീയിൽ തന്നെയാണ് താമസം. ഏക സഹോദരി സലോണി ജോസഫ് ബർമിംഗ്ഹാമിലാണ് താമസിക്കുന്നത്.
സനിൽ സൈമണിൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ മലയാളി കൂട്ടായ്മയിൽ നിന്ന് ഒരു മാലാഖ കൂടി വിടപറഞ്ഞു. പുത്തൻ കുളത്തിൽ പി സി ജോൺസൻെറ ഭാര്യ ജെസി ജോൺസൺ (61 ) ഫെബ്രുവരി 28 രാവിലെ 1 .40 ന് പോര്‍ട്‌സ്മൗത്തിൽ വച്ച് നിര്യാതയായി. ഒരു വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 വർഷമായി ഇവർ പോര്‍ട്‌സ്മൗത്തിലാണ് താമസിക്കുന്നത്. ജെസി ജോൺസൺ പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു. സംസ്കാരം പിന്നീട് . മകൾ: ചിന്നു അജോ കുത്തമറ്റത്തിൽ, മകൻ: കെവിൻ ജോൺസൺ, മരുമകൻ: അജോ കുത്തമറ്റത്തിൽ.
കേരളത്തിൽ കുമരകമാണ് സ്വദേശം. പരേതയായ ജെസി ജോൺസൺ സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്. എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ ബാബു പൂഴിക്കുന്നേലിൻെറ സഹോദരിയാണ്. മറ്റു സഹോദരങ്ങൾ: അന്നമ്മ മാത്യു, ലൂക്കോസ് തോമസ്, ടെസി ജിമ്മി , ടോം സാജൻ .
മേരി ജോൺസൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ആരോടും പരിഭവമില്ലാതെ ഒന്നിനെക്കുറിച്ചും പരാതി പറയാതെ ഞങ്ങൾക്ക് സ്നേഹവും സന്തോഷവും പ്രസരിപ്പും മാത്രം സമ്മാനിച്ച് പ്രിയ സഹോദരി വിട പറഞ്ഞതായി പ്രൊഫ. ബാബു പൂഴിക്കുന്നേൽ ജെസി ജോൺസനെ അനുസ്മരിച്ചു.
നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന (39) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബെംഗളൂരുവിലെ ജെ.പി നഗറിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
റേഡിയോയിലൂടെയാണ് രചന കരിയര്‍ ആരംഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ കന്നട വിനോദമേഖലയില്‍ പ്രശസ്തി നേടി. രക്ഷിത് ഷെട്ടി നായകനായ സിംപിള്‍ അഗി ഒന്‍ത് ലൗ സ്‌റ്റോറിയിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധനേടുന്നത്.
രചനയുടെ വിയോഗത്തില്‍ കന്നട താരങ്ങള്‍ അനുശോചിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്ലാക്ക്‌ബേണ്‍: ക്യാൻസറിനോട് ധീരമായ് പോരാടി യുകെ മലയാളികൾക്ക് മാതൃകയായ ഷിജി (46) ഒടുവിൽ മരണത്തിനു കീഴടങ്ങി. ബ്ലാക്ക്‌ബേണ്‍ ഹോസ്പിറ്റല്‍ നേഴ്സായ ഷിജിയുടെ മരണം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു. രണ്ടു പതിറ്റാണ്ടായി യുകെയിൽ കഴിഞ്ഞ ഡോക്ടര്‍ ഫ്‌ലെമിങും ഭാര്യ ഷിജിയും മനോധൈര്യത്തിന്റെയും ഉറച്ച വിശ്വാസത്തിന്റെയും ആൾരൂപങ്ങളായിരുന്നു. നാല് വര്‍ഷമായി ക്യാൻസർ ബാധിതയായിരുന്ന ഷിജിയുടെ മരണം പ്രിയപ്പെട്ടവർക്കെല്ലാം തീരാവേദനയാണ്. കോട്ടയം സ്വദേശിയായ ഷിജിയുടെ സംസ്‌കാരം യുകെയിൽ നടക്കും. രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് ദമ്പതികൾക്ക്. മൂവരും വിദ്യാർഥികളാണ്. കുടുംബത്തിന് പൂർണ്ണ പിന്തുണയുമായി ബ്ലാക്ക്‌ബേണ്‍ മലയാളി സമൂഹം ഒപ്പമുണ്ട്.
രോഗം മൂർച്ഛിച്ചതോടെ ഒരാഴ്ച മുന്‍പ് ആശുപത്രിയില്‍ പ്രവേശിച്ച ഷിജി പിന്നീട് വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ സംവിധാനങ്ങൾക്കൊന്നും തന്നെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ഷിജി, ദൈവത്തിൽ ആശ്രയം വച്ചാണ് മുന്നോട്ട് നീങ്ങിയത്. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം സ്ഥിരമായി പ്രാര്‍ത്ഥന കൂട്ടായ്മയിലും പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥന കൂട്ടായ്മയിലെ ഗായിക കൂടിയായിരുന്നു ഷിജി.
ഭർത്താവ് ഫ്ലെമിങ്ങ്, ബ്ലാക്‌ബേണ്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ്. ഫ്‌ലെമിങ്ങിന്റെ കരുതലും പരിചരണവും ഏറ്റുവാങ്ങിയാണ് ഷിജി യാത്രയായത്. വിശ്വാസത്തിൽ അടിയുറച്ച് നീങ്ങിയതോടെ രോഗത്തോട് പരിഭവം ഇല്ലാതെ പുഞ്ചിരിയും സന്തോഷവുമായി ശിഷ്ട കാലം ജീവിക്കാനായെന്ന് ഷിജി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ഭേദപ്പെട്ട രോഗം മടങ്ങിയെത്തി ഷിജിയെ കൂട്ടിക്കൊണ്ടുപോകുമ്പോൾ ബ്ലാക്ക്‌ബേണ്‍ മലയാളി സമൂഹം ഒന്നടങ്കം ദുഃഖത്തിലാണ്.
ഷിജിയുടെ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഓസ്‌ട്രേലിയയില്‍ കടലില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനിറങ്ങി കാണാതായ പ്രശസ്ത കാന്‍സര്‍ ഗവേഷകന്റെ മൃതദേഹം കണ്ടെത്തി. ഗ്രിഫിത്ത് സര്‍വകലാശാലയില്‍ കാന്‍സര്‍ ഗവേഷകനായ ഡോ. ലുഖ്മാന്‍ ജുബൈര്‍ (35) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി ക്വീന്‍സ് ലന്‍ഡിലെ മിയാമിയില്‍ ഒരാള്‍ കടലില്‍ അകപ്പെട്ടെന്ന് മത്സ്യത്തൊഴിലാളി അറിയിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം രക്ഷിക്കാനിറങ്ങിയത്. തുടര്‍ന്ന് കടലില്‍ കാണാതാകുകയായിരുന്നു.
കരയിലും വെള്ളത്തിലും വ്യോമ മാര്‍ഗത്തിലും നടത്തിയ വിപുലമായ തിരച്ചിലാണ് മെര്‍മെയ്ഡ് ബീച്ചില്‍ നിന്ന് ലുഖ്മാന്‍ ജുബൈറിന്റെ മൃതദേഹം കണ്ടെത്തിയത്.സിഡ്‌നിയിലെ ലിറ്റില്‍ ബേ ബീച്ചില്‍ കഴിഞ്ഞ ദിവസം സ്രാവിന്റെ ആക്രമണത്തില്‍ സ്‌കൂബ ഡൈവിംഗ് പരിശീലകന്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് പുതിയ സംഭവം.
ഇറാഖ് സ്വദേശിയായ ലുഖ്മാന്‍ ജുബൈര്‍ 2014-ലാണ് അവിടെ നിന്നു പലായനം ചെയ്ത് ഓസ്ട്രേലിയയിലെത്തിയത്. ഇറാഖില്‍ ഡോക്ടറായിരുന്ന ഡോ. ലുഖ്മാന്‍ ഓസ്ട്രേലിയയില്‍ വീണ്ടും യോഗ്യത തെളിയിച്ച് ഗ്രിഫിത്ത് സര്‍വകലാശാലയില്‍ കാന്‍സര്‍ ഗവേഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു.
മികച്ച സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തും അര്‍പ്പണബോധമുള്ള ശാസ്ത്രജ്ഞനുമായിരുന്നു ലുഖ്മാനെന്ന് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ നൈജല്‍ മക്മില്ലന്‍ പറഞ്ഞു. ഇറാഖിലെ കഠിനമായ പശ്ചാത്തലത്തില്‍നിന്ന് മികച്ച അവസരങ്ങള്‍ തേടി ഓസ്ട്രേലിയയില്‍ എത്തിയ ആളാണ് ലുഖ്മാന്‍. ഗവേഷണ രംഗത്ത് അദ്ദേഹം വളരെയധികം കഴിവുകളുള്ള വ്യക്തിയായിരുന്നുവെന്ന് നൈജല്‍ മക്മില്ലന്‍ അനുസ്മരിച്ചു.
‘വാര്‍ത്ത കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി, പക്ഷേ രക്ഷാപ്രവര്‍ത്തനത്തിനായി അദ്ദേഹം കടലില്‍ ഇറങ്ങിയതില്‍ അതിശയിക്കാനില്ല. അവിശ്വസനീയമാംവിധം ധൈര്യശാലിയും പ്രതിഭാശാലിയുമായ വ്യക്തിയായിരുന്നു ലുഖ്മാന്‍.
കാന്‍സറിനെതിരായ പോരാട്ടത്തില്‍ ഉപയോഗിക്കുന്ന ക്രിസ്പര്‍ (CRISPR) എന്ന ജീന്‍ എഡിറ്റിംഗ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഡോ. ലുഖ്മാന്‍.’CRISPR’ കാന്‍സര്‍ ഭേദമാക്കാന്‍ ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാട്ടുന്ന ലോകത്തിലെ ആദ്യത്തെ ഗവേഷണ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേതാണ്. മൃഗങ്ങളിലായിരുന്നു പരീക്ഷണം.
ആന്ധ്രപ്രദേശിന്റെ ഐടി മന്ത്രി കേമപതി ഗൗതം റെഡ്ഡി(50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദുബായിലായിരുന്ന റെഡ്ഡി ഞായറാഴ്ചയാണ് ഹൈദരാബാദിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഐടി കൂടാതെ ആന്ധ്ര വ്യവസായ വകുപ്പിന്റെയും മന്ത്രിയായിരുന്നു. മുന്‍ എംപി മേകപതി രാജ്‌മോഹന്‍ റെഡ്ഡിയുടെ മകനാണ് ഗൗതം.
2014, 2019 വര്‍ഷങ്ങളില്‍ നെല്ലൂര്‍ ജില്ലയിലെ ആത്മകൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2019ലാണ് മന്ത്രിയാകുന്നത്. റെഡ്ഡിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി.
സൗദി അറേബ്യയില്‍ ജോലിക്കിടയില്‍ കുഴഞ്ഞുവീണ് മലയാളി മരിച്ചു. റിയാദിലെ (Riyadh) ബത്ഹയില്‍ പലവ്യഞ്ജന കട (ബഖല)യില്‍ ജീവനക്കാരനായ കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി മലയില്‍ സിറാജുദ്ദീന്‍ (44) ആണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. ബത്ഹ ശിഫാ അല്‍ജസീറ പോളിക്ലിനിക്കിന് സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫുഡ്സ് ബഖാലയില്‍ ജോലി ചെയ്യുന്ന സിറാജ് ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കുകളില്‍ നിന്നുള്ള ഡോക്ടര്‍മാരും ജീവനക്കാരുമെത്തി പ്രാഥമിക ശുശ്രുഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സമീറയാണ് ഭാര്യ. മക്കള്‍: സല്‍മാന്‍ ഫാരിസ്, സഹല പര്‍വീണ്‍, നഹല പര്‍വീണ്‍, ഫജര്‍ മിസ്അബ്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍ ഫറോക്ക്, സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
മികച്ച സൗഹൃദ വലയമുള്ള സിറാജിന്റെ പെട്ടെന്നുള്ള മരണം സുഹൃത്തുക്കളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന സിറാജ് സാമൂഹിക പ്രവര്‍ത്തകനും റിയാദ് കെ.എം.സി.സി അംഗവുമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മലയാളി കൂടി വിടവാങ്ങി. ലണ്ടനിലെ ഹാംപ്ടൺ റോഡ് ഫോറസ്റ്റ് ഗേറ്റിൽ താമസിക്കുന്ന ശിവപ്രസാദ് ശങ്കരൻ (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ മരണപ്പെട്ടത്. എറണാകുളം കോതമംഗലം സ്വദേശിയായ ശിവപ്രസാദ്, മൂത്തമകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഹൃദയാഘാതം ഉണ്ടാകുമ്പോൾ മകനും ഒപ്പമുണ്ടായിരുന്നു. തളർന്നു വീണ ഉടനെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗത്താളിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സജിത്ത് കുമാറിന്റെ മരണം ഫെബ്രുവരി ആദ്യ വാരമായിരുന്നു. അടുത്തടുത്ത് ഉണ്ടായ മരണങ്ങളുടെ ഞെട്ടലിലാണ് മലയാളി സമൂഹം.
കോതമംഗലം പിടവൂർ പല്ലാരിമംഗലം പുൽപ്രപുത്രൻ വീട്ടിൽ പരേതനായ ശങ്കരൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ് ശിവപ്രസാദ്. ഭാര്യ സജിത, വാരപ്പെട്ടി എൻഎസ്എസ്എസ് ഹൈസ്കൂൾ അധ്യാപികയാണ്. രണ്ട് മക്കളുണ്ട്. 20 വയസ്സുള്ള മകൻ കാർത്തിക് ലണ്ടനിലെ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയാണ്.
കോവിഡിനെ തുടർന്ന് പല ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ശിവപ്രസാദ്, ന്യൂഹാം ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു.
ശിവപ്രസാദ് ശങ്കരൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.