ജർമ്മൻ ഫുട്ബാൾ ഇതിഹാസം ഗെർഡ് മുള്ളർ(75) അന്തരിച്ചു. വെസ്റ്റ് ജർമ്മനിക്കായി 62 മത്സരം കളിച്ച മുള്ളർ 68 ഗോളുകൾ നേടിയിട്ടുണ്ട്. ഹോളണ്ടിനെതിരായ 1974ലെ ലോകകപ്പ് ഫൈനലിൽ നേടിയ ചരിത്ര ഗോളും ഇതിൽ ഉൾപ്പെടുന്നു. 15 വർഷത്തോളം ബയേൺ മ്യൂണിക്കിനായി കളിച്ച ഗെർഡ് 594 മത്സരങ്ങളിൽ നിന്നായി 547 ഗോളുകൾ നേടിയിട്ടുണ്ട്.
ബയേൺമ്യൂണിക്കിനും ആരാധകർക്കും ഇത് കറുത്ത ദിനമാണ്. മഹാനായ സ്ട്രൈക്കറാണ് ഗെർഡ് മുള്ളർ. ദുഃഖകരമായ സമയത്ത് അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ഞങ്ങളും ചേരുന്നുവെന്ന് ബയേൺ പ്രസിഡന്‍റ് പറഞ്ഞു.1970 ലോകകപ്പിൽ 10 ഗോൾ നേടിയ മുള്ളർ സുവർണ്ണ പാദുകവും സ്വന്തമാക്കി. ടി.എസ്.വിയിലൂടെയാണ് മുള്ളർ കളി തുടങ്ങിയത്. പിന്നീട് 1964ൽ ബയേൺ മ്യൂണിക്കിലെത്തി.
മുള്ളറെത്തി നാല് വർഷത്തിനുള്ളിൽ ബയേൺ ജർമ്മൻ ചാമ്പ്യൻമാരായി. മൂന്ന് യുറോപ്യൻ കപ്പ് വിജയങ്ങളിലും മുള്ളർ ബയേൺ മ്യൂണിക്കിന്‍റെ ഭാഗമായി. ലോക ഫുട്ബാളിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിന് ഉടമയായിരുന്നു. പിന്നീട് മിറോസ്ലാവ് ക്ലോസെയും(16) റൊണാൾഡോയും(15) അദ്ദേഹത്തെ മറികടന്നു.
ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തില്‍ മലയാളി വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ കോഴിക്കോട് മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിൻെറ മകൻ മിസ്ഹബ് അബ്ദുല്‍ സലാമാണു (11) മരിച്ചത്.
ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയിലേക്ക് യാത്രചെയ്യവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൻെറ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു.
ദുഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മിസ്ഹബ്. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, ദിൽന, മുഹമ്മദ്, ഫാത്തിമ, മഹദ്. വെള്ളിയാഴ്ച വൈകീട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക് ഫീൽഡിൽ താമസിക്കുന്ന റോസിലി ജോസിന്റെ മാതാവ് പരേതനായ തൊടുപുഴ മുതലക്കോടം,കുഞ്ചിറക്കാട്ട് ഉലഹന്നാന്റെ ഭാര്യ അന്നമ്മ നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ മുതലക്കോടം സെൻറ് ജോർജ് ഫെറോന ദേവാലയത്തിൽ വച്ച് പിന്നീട് നടത്തപ്പെടുന്നതാണ്.
മക്കൾ: റോസിലി ജോസ് (യുകെ ),മേരി മധു, ജോൺ കെ. എസ്, ആലീസ് തോമസ് , ജോസ് കെ ജെ , റാണി പുരുഷോത്തമൻ, റ്റിസി ലാൽ, ജെസി സിബി,ഷീബ റെജി, നീതു ജിജു.
പരേതയുടെ നിര്യാണത്തിൽ ലീഡ്സ് സെന്റ് മേരിസ് സീറോ മലബാർ കാത്തലിക് ചർച്ച് ഡയറക്ടർ ഫാ. മാത്യു മുളയോലി അനുശോചനം രേഖപ്പെടുത്തി. റോസിലി ജോസിനെയും കുടുംബാംഗങ്ങളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
കന്നഡ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വിവേക് ഷോക്കേറ്റു മരിച്ചു. 35 വയസ്സായിരുന്നു വിവേകിന്. ഷൂട്ടിങ്ങിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് സഹതാരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.
രാമനഗര ബിഡദിക്കു സമീപം ജോനേഗഹള്ളിയിൽ അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ലവ് യൂ രച്ചൂവിന്റെ ലൊക്കേഷനിൽ വെച്ചാണ് അപകടം. ക്രെയിനും ഇരുമ്പ് കയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ 11 കെവി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു. പരുക്കേറ്റവരെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ അനുമതി തേടാതെ സ്വകാര്യ റിസോർട്ടിൽ ഷൂട്ടിങ് നടത്തിയതിന് ബിഡദിക്കു പോലീസ് കേസെടുത്തിട്ടുണ്ട്.
മലയാളി നഴ്സ് മാൾട്ടയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗർ പറമ്പിൽ ഷിഹാബിന്റെ ഭാര്യ ബിൻസിയ (36) ആണ് മരണമടഞ്ഞത്. മാൾട്ട സർക്കാർ ഉടമസ്ഥതയിൽ ഉള്ള വലേറ്റ മാറ്റർ ഡി ആശുപത്രിയിൽ നഴ്സായി ജോലി ചെയ്‌തു വരികെയാണ് ബിൻസിയ മരണമടഞ്ഞിരിക്കുന്നത്.
പ്രാദേശിക സമയം, വ്യാഴാഴ്ച രാത്രി പത്തരയോടെ താമസസ്ഥലത്തു ബോധമറ്റനിലയിൽ കണ്ടെത്തിയ ബിൻസിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് പുറത്തുവരുന്ന വിവരം. മരണകാരണം എന്തെന്ന് ഉള്ള വിവരം അറിവായിട്ടില്ല.
അടിവാട് പുളിക്കച്ചാലിൽ കുടുംബാംഗമാണ് പരേത. രണ്ട് കുട്ടികൾ- ഹന, ഹിസ. ബിൻസിയയുടെ അകാല വേർപാടിൽ ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പി എസ് ബാനർജി (41) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊറോണാനന്തര ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് പി എസ് ബാനർജി. ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്.
താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടൻപാട്ടുകൾ പാടിയത് ബാനർജി ആയിരുന്നു. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ചിത്രകാരൻ, ഗ്രാഫിറ് ഡിസൈനർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ബാനർജി. ടെക്നോപാർക്കിലെ ഐ ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു.
പ്രശസ്ത തെന്നിന്ത്യന്‍ നടി ജയന്തി (76) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ജയന്തി കന്നഡത്തില്‍ അറിയപ്പെടുന്നത് അഭിനയത്തിന്റെ ദേവത എന്നാണ്.
1963ല്‍ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ജയന്തിയുടെ അഭിനയ ജീവിതത്തിന് തുടക്കം. തെന്നിന്ത്യയിലെ എല്ലാ പ്രധാന സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്‍ടി രാമറാവു, എംജി രാമചന്ദ്ര, രാജ് കുമാര്‍, രജനീകാന്ത് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
പാലാട്ട് കോമന്‍, കാട്ടുപൂക്കള്‍, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗര്‍ണമി, വിലക്കപ്പെട്ട കനി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടി. ഏഴ് തവണ മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാറിന്റെ പുരസ്‌കാരവും രണ്ട് തവണ ഫിലിംഫെയര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.
ഡബ്ലിന്‍: അയർലണ്ടിലെ മലയാളികൾക്ക് ദുഃഖം നൽകി ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ജിഷ സൂസന്‍ ജോണ്‍ (39) മരണമടഞ്ഞു. ഡബ്ലിന്‍ ബ്‌ളാക്ക് റോക്ക് കോണല്‍സ്‌കോട്ടിലെ രജീഷ് പോളിന്റെ ( സെന്റ് ഗബ്രിയേല്‍ അപ്പാര്‍ട്ട്‌മെന്ട്) ഭാര്യയാണ് പരേത. മൂവാറ്റുപുഴ പാലക്കുഴ ഓലിക്കൽ പുത്തൻപുരയിൽ കുടുംബാംഗമാണ് ജിഷ സൂസൻ.
തിരുവനന്തപുരം തിരുമല തെന്നടിയിൽ നവമന്ദിരം ജോൺ ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും മകളാണ് ജിഷ. ബ്ളാക്ക്റോക്കിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്ന ജിഷ. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി ഹോസ്പിറ്റലില്‍ ചികിത്സയിൽ ആയിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെ ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെച്ചാണ് ജിഷ മരണമടഞ്ഞത്.
ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ് ജിഷയുടെ ഭർത്താവ് രജീഷ് പോൾ. അയർലണ്ടിലെ അത്ലോണിലും,ഡബ്ലിനിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലിലും ജിഷ സൂസൻ ജോൺ നഴ്‌സായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യവേ ആണ് അയർലണ്ടിലേക്ക് കുടിയേറിയത്.
ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. ശവസംസ്ക്കാരം സംബന്ധിച്ച വിവരം തീരുമാനമായിട്ടില്ല. ജിഷയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനങ്ങൾ ബന്ധുമിത്രാദികളെ അറിയിച്ചുകൊള്ളുന്നു.
ടോക്കിയോ ഒളിംപിക്സിന് നാളെ തിരിതെളിയുമ്പോൾ ആദ്യ മലയാളി ഒളിംപ്യൻ വിസ്മൃതിയിൽ. 7 പതിറ്റാണ്ട് മുൻപ് ലണ്ടൻ ഒളിംപിക്സിൽ പങ്കെടുത്ത ഫുട്ബോൾ ടീമിലെ മലയാളി താരം തിരുവല്ല പാപ്പനാണ് വിസ്മൃതിയിലായത്. സ്വതന്ത്ര ഇന്ത്യ ആദ്യമായി ബൂട്ടണിഞ്ഞ ലണ്ടൻ ഒളിംപിക്‌സിൽ (1948) ടീമിലെ പ്രധാനിയായിരുന്ന തിരുവല്ല തേൻമഠത്തിൽ ടി.എം.വർഗീസ് എന്ന തിരുവല്ല പാപ്പൻ ജിവീതത്തിന്റെ കളമൊഴിഞ്ഞിട്ട് 4 പതിറ്റാണ്ടായി. ജന്മനാട്ടിൽ ഇദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.
1948-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ പങ്കെടുക്കുകയും 1951-ലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയ ടീമിൽ കളിക്കുകയും ചെയ്ത കേരളീയനായ ഫുട്ബോൾ താരമാണ് തിരുവല്ല പാപ്പൻ എന്നറിയപ്പെട്ടിരുന്ന ടി.എം. വർഗീസ്. തിരുവല്ല എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു.ടാറ്റാ ഫുട്ബാൾ ടീമിലംഗമായ പാപ്പൻ 1952 വരെ അതിന്റെ ക്യാപ്റ്റനുമായിരുന്നു.
1942 മുതൽ 52 വരെ ദേശീയ ടീമിൽ കളിച്ചു. പ്രഥമ ഏഷ്യാഡിൽ (1951) ഇന്ത്യ സ്വർണം നേടിയപ്പോൾ ടീമംഗമായിരുന്നു. 1951 ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇറാൻ താരവുമായി കൂട്ടിയിടിച്ച് മൂക്കിൽ നിന്ന് േചാര ചീറ്റിയ പാപ്പനോട് റഫറി കളത്തിൽ നിന്ന് കയറാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
തുവാലകൊണ്ടു മൂക്ക് പൊത്തിപ്പിടിച്ചാണ് കളി പൂർത്തിയാക്കിയത്. ഫുൾബാക്ക് സ്‌ഥാനത്ത് കളിച്ചിരുന്ന പാപ്പൻ സ്വീഡൻ, റഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കെതിരെയും കളിച്ചിട്ടുണ്ട്. 8 പതിറ്റാണ്ട് മുൻപ് തിരുവല്ലയിലും സമീപപ്രദേശങ്ങളിലും ഫുട്‌ബോളിന്റെ ആവേശം വിതറാൻ പാപ്പനു കഴിഞ്ഞു.
ഒളിംപിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി തിരുവല്ല പാപ്പന് ജന്മനാട്ടിൽ സ്‌മാരകം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പഴയ തലമുറയിലെ പ്രമുഖ കായിക താരങ്ങൾക്കെല്ലാം ജന്മനാട്ടിൽ സ്മാരകം ഉയർന്നു കഴിഞ്ഞു. എന്നാൽ ആദ്യ മലയാളി ഒളിംപ്യന്റെ സ്മരണ ഇപ്പോഴുള്ളത് ചില പഴയകാല ഫുട്ബോൾ പ്രേമികളിൽ മാത്രം.
ചലച്ചിത്ര നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. തൃപ്പൂണിത്തുറയിൽ വീട്ടിൽ വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. നാടകത്തിൽ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്.
1990കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. 100ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനായിട്ടും തൃപ്പുണിത്തുറ കണ്ണംകുളങ്ങരയിൽ ചെറിയ കട നടത്തിയിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻ ബാവ എന്നിവ ശ്രദ്ധേയ സിനിമകളാണ്.
നീണ്ട നാടക ജീവിതത്തിനൊടുവിൽ രാജസേനന്റെ ചേട്ടൻ ബാവ, അനിയൻ ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടങ്ങിയത്. ചാൻസ് ചോദിച്ച് രാജസേനനെ കാണാൻ ചെന്ന പടന്നയിലിനെ അദ്ദേഹം അവിടെ ഇല്ല എന്ന് പറഞ്ഞു മടക്കിയെങ്കിലും, ഒരു നിമിത്തം പോലെ രാജസേനൻ അദ്ദേഹത്തെ കാണുകയും തന്റെ ചിത്രത്തിൽ ഒരു വേഷം നൽകുകയുമായിരുന്നു.
ഒരു കാലത്ത് രാജസേനൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെ.ടി.എസ്. ഹാസ്യവേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച പടന്നയിലിന്റെ കഥാപാത്രങ്ങള്‍ ഇന്നും ഹിറ്റാണ്. ആദ്യത്തെ കൺമണി, ശ്രികൃഷ്ണപുരത്തെ നക്ഷത്രങ്ങൾ, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും ഏറെ ചിരിപ്പിക്കുന്നവയാണ്.