Obituary

കാഞ്ഞിരത്താനം: അറയ്ക്കപറമ്പിൽ ജിജി സ്കറിയായുടെ (കെഒസി, കുവൈത്ത്) ജാൻസിയുടെയും(എംഒഎച്ച്, കുവൈത്ത്) മകൾ ജ്യോതിസ് ജിജി (കുക്കു – 19) അന്തരിച്ചു. സംസ്കാരം ഇന്ന് 10 .30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ജ്യോതിസ് കൊച്ചിയിൽ സി എ വിദ്യാർത്ഥിനിയായിരുന്നു.

നടന്‍, മിമിക്രി കലാകാരന്‍, സംവിധായകന്‍, തബലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ഹനീഫ് ബാബു അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്നാണ് അന്ത്യം. വെള്ളിയാഴ്ച രാത്രി ഓമശ്ശേരി- കോടഞ്ചേരി റോഡില്‍ കോടഞ്ചേരി ശാന്തി നഗര്‍ ഭാഗത്തു വെച്ചാണ് ഹനീഫ് അപകടത്തില്‍ പെട്ടത്.

ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡില്‍ വീണ പരിക്കേറ്റ ഹനീഫിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയ കലാകാരനാണ് ഇദ്ദേഹം. നടന്‍ പപ്പുവിന്റെ ശബ്ദം അനുകരിച്ചിരുന്ന ഹനീഫ് ജൂനിയര്‍ പപ്പു എന്നാണ് അറിയപ്പെട്ടിരുന്നത്. ആല്‍ബം, ടെലിഫിലിം എന്നിവ ഒരുക്കിയിട്ടുണ്ട്.

മുംതാസാണ് ഭാര്യ. റിന്‍ഷാദ്, ആയിഷ, ഫാത്തിമ എന്നിവരാണ് മക്കള്‍. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കാരശ്ശേരി തണ്ണീര്‍പൊയില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

ഇന്ത്യന്‍ മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കാള്‍ട്ടണ്‍ ചാപ്മാന്‍ (49) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. എഫ് സി കൊച്ചിന് ഉള്‍പ്പെടെ ബുട്ടണിഞ്ഞിട്ടുള്ള ചാപ്മാന്‍ 1991 മുതല്‍ 2001 ഒന്ന് വരെ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്യാപ്റ്റൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട് ചാപ്മാന്‍.

മിഡ് ഫീല്‍ഡ് മാസ്‌ട്രോ എന്ന പേരില്‍ പ്രസിദ്ധനായ ചാപ്മാന്‍ അക്കാലത്ത് ഇന്ത്യന്‍ മധ്യനിരയിലെ കരുത്തനായ താരമായിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുംതൂണായിരുന്നു ബൈച്ചൂങ് ബുട്ടിയ, ഐഎം വിജയന്‍ കാള്‍ട്ടണ്‍ ചാംപ്മാന്‍ സംഘം.

ഈസ്റ്റ് ബംഗാളിനും ജെ.സി.ടി.ക്കും കളിച്ചിട്ടുണ്ട് കാള്‍ട്ടണ്‍ ചാപ്മാന്‍. ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും രാമന്‍ വിജയനും കളം നിറഞ്ഞ സമയത്ത് എഫ്.സി. കൊച്ചിന്റെ മധ്യനിര നിയന്ത്രിച്ചത് കര്‍ണാടകക്കാരനായ ചാപ്മാനായിരുന്നു. കളി നിര്‍ത്തിയശേഷം പരിശീലകനായി. കാള്‍ട്ടന്‍ ചാപ്മാന്റെ മരണം വലിയ നഷ്ടമാണെന്ന് ഐ എം വിജയന്‍ പ്രതികരിച്ചു.

1980കളുടെ മധ്യത്തില്‍ ബാംഗ്ലൂര്‍ സായി സെന്ററിലൂടെയായിരുന്നു ചാപ്പ്മാന്റെ തുടക്കം. പിന്നീട് സതേണ്‍ ബ്ലൂസിലേക്ക് മാറിയ ചാപ്പ്മാന്‍ 1990ല്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ കേഡറ്റ് ആയി. 1993ല്‍ ഈസ്റ്റ് ബംഗാള്‍ ജേഴ്‌സിയിലേക്കു മാറുംവരെ അദ്ദേഹം അവിടെ തുടര്‍ന്നു. 1995ല്‍ ജെ.സി.ടിയിലെത്തി. ജെ.സി.ടിക്കൊപ്പം 14 ടൂര്‍ണമെന്റ് വിജയങ്ങളില്‍ പങ്കാളിയായി. ഐ.എം. വിജയന്‍, ബൈച്യുങ് ബൂട്ടിയ എന്നിങ്ങനെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തിലേക്ക് ചാപ്പ്്മാന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. 1997-98ല്‍ എഫ്.സി കൊച്ചിക്കായി ബൂട്ടണിഞ്ഞ താരം 1998ല്‍ തന്നെ ഈസ്റ്റ് ബംഗാളില്‍ തിരികെയെത്തി. 2001ല്‍ ഈസ്റ്റ് ബംഗാള്‍ ദേശീയ ഫുട്‌ബോള്‍ ലീഗ് കിരീടമണിയുമ്പോള്‍ ചാപ്പ്മാനായിരുന്നു നായകന്‍. തുടര്‍ന്നായിരുന്നു പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നും ചാപ്പ്മാന്‍ വിരമിച്ചത്. സന്തോഷ് ട്രോഫിയില്‍ കര്‍ണാടക, പഞ്ചാബ്, പശ്ചിമ ബംഗാള്‍ ടീമുകള്‍ക്കായി കളിച്ചെന്ന അപൂര്‍വ്വതയും ചാപ്പ്മാന് സ്വന്തം.

2002 മുതല്‍ ഫുട്‌ബോള്‍ പരിശീലന രംഗത്ത് സജീവമായി. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയായിരുന്നു ആദ്യ തട്ടകം. റോയല്‍ വാഹിങ്‌ദോ, ഭവാനിപുര്‍ എഫ്.സി, സുദേവ മൂണ്‍ലൈറ്റ് എഫ്.സി തുടങ്ങിയ ടീമുകളുടെ പരിശീലകനായി തിളങ്ങിയ അദ്ദേഹം 2017 മുതല്‍ കോഴിക്കോട് ആസ്ഥാനമായുള്ള ക്വാര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

മെൽബൺ: മെൽബൺ മലയാളികളെ ദുഃഖത്തിലാഴ്ത്തി അവരുടെ പ്രിയപ്പെട്ട ലിജു ജോർജ്ജ് (47) വിടപറഞ്ഞു. മെൽബണിലെ ക്രൈഗ്‌ബൺ എന്ന സ്ഥലത്താണ് പരേതൻ കുടുംബസമേതം താമസിച്ചിരുന്നത്. പ്രാദേശിക സമയം ശനിയാഴ്ച്ച(9/ 10/ 2020) രാവിലെയാണ് ലിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിലെ പോഡ്‌സ്‌മൗത്തിൽ നിന്നും 2017 ൽ ആണ് ലിജുവും കുടുംബവും മെൽബണിലേക്ക്‌ കുടിയേറിയത്. ഭാര്യയും രണ്ട്‌ കുട്ടികളും അടങ്ങുന്നതാണ് പരേതന്റെ കുടുംബം. ഭാര്യ ബീന ലിജു. മക്കൾ ലിയ, ജെയ്‌ഡൻ.

പുതുപള്ളി ആണ്ടൂപ്പറമ്പിൽ എ സി ജോർജ്‌ജിന്റെയും കുഞ്ഞുകുഞ്ഞമ്മ ജോർജിന്റെയും മകനാണ് പരേതനായ ലിജു. നാട്ടിൽ പുതുപ്പള്ളി തലപ്പാടി മാർത്തോമ്മാ പള്ളി ഇടവക അംഗമാണ്.

മെൽബൺ കോവിഡ് നിയന്ത്രണത്തിനായി ശക്തമായ ലോക്ക് ഡൗണിൽ ആണ് ഇപ്പോൾ ഉള്ളത്. പഠനം എല്ലാം ഓൺലൈനും കട കമ്പോളങ്ങൾ അടഞ്ഞുമാണ് ഇപ്പോൾ ഉള്ളത്. ഗ്രോസറി ഷോപ്പുകൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. നഴ്‌സായ ഭാര്യ ബീനയ്ക്ക് വെള്ളിയാഴ്ച്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു ഉണ്ടായിരുന്നത്. പതിവുപോലെ കോവിഡ് രോഗികൾ ഉള്ളതിനാൽ എന്നും വീട്ടിൽ എത്തി രാവിലെ കുളിച്ചതിന് ശേഷം മാത്രമാണ് ഭർത്താവിനും മക്കൾക്കും അരികിലെത്തുക പതിവ്.

പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എട്ടുമണിയോടെ വീട്ടിൽ എത്തിയ ബീന കുളി കഴിഞ്ഞ് ബെഡ് റൂമിൽ എത്തിയപ്പോൾ കണ്ടത് കമഴ്ന്നു കിടക്കുന്ന ഭർത്താവിനെയാണ്. അപകടം മനസിലാക്കിയ ബീന ഉടനടി സി പി ആർ കൊടുക്കുകയും എമർജൻസി വിഭാഗത്തെ അറിയിക്കുകയും ചെയ്‌തു. പെട്ടെന്ന് തന്നെ ആംബുലൻസ് സർവീസ് എത്തിയെങ്കിലും പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. കുട്ടികൾ രണ്ടു പേരും അവരുടെ ബെഡ്‌റൂമിൽ ഉറക്കത്തിലായിരുന്നു. ഹൃദയസ്‌തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

ശക്തമായ കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മാത്രമേ ശവസംസ്കാരം സംബന്ധമായ തീരുമാനം ഉണ്ടാവുകയുള്ളു എന്നാണ് മലയാളം യുകെ അറിയുന്നത്. പരേതന്റെ ഭാര്യ ബീനയുടെ സഹോദരനും സഹോദരിയും അവിടെ തന്നെയാണ് ഉള്ളത്. മരണവിവരം അറിഞ്ഞ് കുടുംബത്തിന് പൂർണ്ണ സഹായവുമായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. മെൽബൺ മാർത്തോമ്മാ പള്ളി ഇടവകാംഗമാണ് പരേതനായ ലിജു.

ലിജുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസും രണ്ടാമത്തെ വനിതാ ചീഫ് ജസ്റിസ് എന്നീ നിലകളില്‍ പ്രശസ്തയായ ജ. കെ.കെ. ഉഷ (81) അന്തരിച്ചു. 2000-2001 സമയത്തായിരുന്നു ജ. കെ കെ ഉഷ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നത്. ഇതിന് മുന്‍പ് ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നു വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 1961-ല്‍ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ സുകുമാരന്‍ 1979-ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതയായി.

1939 ജൂലൈ മൂന്നിന് തൃശൂരിലായിരുന്നു ജനനം. ഹൈക്കോടതി റിട്ട. ജഡ്ജി കെ. സുകുമാരന്‍ ആണ് ഭര്‍ത്താവ്. രാജ്യത്തെ ആദ്യ ന്യായാധിപ ദമ്പതികള്‍ എന്ന നിലയില്‍ ശ്രദ്ധയേയരായിരുന്നു ഇരുവരും. മക്കള്‍: ലക്ഷ്മി (യുഎസ്), കാര്‍ത്തിക (അഭിഭാഷക, കേരള ഹൈക്കോടതി. മരുമക്കള്‍: ഗോപാല്‍ രാജ് (ദ ഹിന്ദു), ശബരീനാഥ് (ടൈംസ് ഓഫ് ഇന്ത്യ).

ജസ്റ്റിസ് കെ കെ ഉഷ യുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെ കെ ഉഷ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അവർ നടത്തിയത്. സ്ത്രീകളുടെ പ്രശ്നങ്ങളിൽ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ അവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

അഭിഭാഷകവൃത്തിയിൽ സ്ത്രീകൾ കുറവായിരുന്ന കാലത്താണ് അവർ ഈ രംഗത്തേക്ക് വന്നതും സ്വപ്രയത്നത്തിലൂടെ ശോഭിച്ചതും. സൗമ്യമായ പെരുമാറ്റവും സമഭാവനയോടെയുള്ള ഇടപെടലും അവരുടെ മറ്റൊരു സവിശേഷതയായിരുന്നു. ഉഷയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

എടത്വ: സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ സുവിശേഷകയായി 5 പതിറ്റാണ്ട് പ്രേഷിത പ്രവർത്തനം നിർവഹിച്ച തലവടി വാലയിൽ ബെറാഖാ ഭവനിൽ സിസ്റ്റർ വി.ടി. ഏലിക്കുട്ടിക്ക് (83)അന്ത്യ യാത്രഅയപ്പ് നല്കി.മാത്യ ഇടവകയായ തലവടി സെൻ്റ് തോമസ് സി.എസ്.ഐ.പള്ളിയിൽ നടന്ന സംസ്ക്കാര ശുശ്രൂഷയ്ക്ക് ബിഷപ്പ് റൈറ്റ്.റവ.തോമസ് സാമുവൽ തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു.സിസ്റ്റർ വി.ടി.ഏലിക്കുട്ടിയുടെ ഇഷ്ട ഗാനമായ ”നിൻ്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമെ” എന്ന ഗാനം സംസ്ക്കാര ശുശ്രൂഷയിൽ പാടണമെന്ന ആഗ്രഹം ആണ് ഇടവക വികാരി റവ.തോമസ് മാത്യൂ സഫലമാക്കിയത്. തോട്ടുകടവിൽ റോയിയുടെ നേതൃത്വത്തിലുള്ള ചർച്ച് ക്വയർ ഗാനം ആലപിച്ചു.

സംസ്ക്കാര ശുശ്രൂഷയിൽ സി.എസ്ഐ മദ്ധ്യകേരള മഹായിടവക ട്രഷറാർ റവ.തോമസ് പായിക്കാട് ,വൈദീക സെക്രട്ടറി റവ.ജോൺ ഐസക്ക്,ഇടവക .വികാരി റവ.തോമസ് മാത്യൂ ,തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം പ്രസിഡൻ്റ് റവ.ജേക്കബ് ടി ഏബ്രഹാം, കൊല്ലം ,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം, ഇടുക്കി എന്നി ജില്ലകളിലെ വിവിധ ഇടവകകളിൽ നിന്നും പങ്കെടുത്ത വികാരിമാർ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.സിഎസ്ഐ മദ്ധ്യകേരള മഹായിടവക സ്ത്രീ ജനസഖ്യം പ്രസിഡൻറ് ഡോ.സൂസൻ തോമസ് റീത്ത് സമർപ്പിച്ചു.

രാവിലെ 9.30ന് ഭവനത്തിൽ നടന്ന ശുശ്രൂഷയ്ക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസനാധിപൻ അഭി.മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ നേതൃത്വം നല്കി.ഭദ്രാസന സെക്രട്ടറി റവ.ഫാദർ റെജി കെ.തമ്പാൻ,നിരണം ഇടവക വികാരി റവ. ഫാദർ ഷിജു മാത്യു,പോത്താനിക്കാട് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ റവ.ഫാദർ ജെയിംസ് ജോയി,റവ.ഫാദർ റോബിൻ പീറ്റർ, ഡീക്കൻ ജോബി ജോൺ, ഭദ്രാസന പി.ആർ.ഒ :സിബി സാം തോട്ടത്തിൽ , പാസ്റ്റർമാരായ പ്രസാദ് സാമുവേൽ , ഷിബു ഐപ്പ് ഇയ്യോബ് ,വി.എസ് ചെറിയാൻ ,സാബു മേപ്രാൽ, വർഗ്ഗീസ് വാഴക്കൂട്ടത്തിൽ ചേപ്പാട്, വാവച്ചൻ ഉപദേശി എന്നിവർ സംബന്ധിച്ചു.

മാവേലിക്കര ലോക്സഭാംഗവും മുൻ കേന്ദ്ര മന്ത്രിയും ആയ കൊടിക്കുന്നിൽ സുരേഷ്,മുൻ എം.എൽ.എ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു,തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ജനുബ് പുഷ്പാകരൻ, അംഗങ്ങളായ പി.കെ.വർഗ്ഗീസ്, അജിത്ത് കുമാർ പിഷാരത്ത്, പ്രിയ അരുൺ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. സി.പി.സൈജേഷ്, യൂത്ത് കോൺഗ്രസ് സെക്രട്ടറി അജോയ് കടപ്പിലാരിൽ,സജി ജോസഫ് ,എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം,ടൗൺ ക്ലബ് പ്രസിഡൻ്റ് ബിൽബി മാത്യം കണ്ടത്തിൽ,വാല്യം എഡ്യൂക്കേഷൻ ട്രസ്റ്റ് മേഖല പ്രസിഡൻ്റ് സജീവ് എൻ.ജെ,സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീർ കൈതവന,സുരേഷ് പരുത്തിക്കൽ,ബി.ജെ.പി ന്യൂനപക്ഷ മോർച്ച ട്രഷറാർ വർഗ്ഗീസ്, ഡിവൈഎഫ്.ഐ മേഖല പ്രസിഡൻ്റ് വിൻസൻ പൊയ്യാലുമാലിൽ എന്നിവർ അനുശോചിച്ചു.വിലാപയാത്രയിൽ വിവിധ രാഷ്ട്രീയ- സഭ – സാമൂഹിക- സംഘടന ഭാരവാഹികൾ,സൗഹൃദ വേദി – അക്ഷയ പുരുഷ സ്വയം സഹായ സംഘം ഭാരവാഹികൾ പങ്കെടുത്തു.

യു.ആർ.എഫ് വേൾഡ് റെക്കോർഡ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുളയുടെ പിതൃസഹോദരിയാണ് സിസ്റ്റർ വി.റ്റി. ഏലിക്കുട്ടി.സിസ്റ്റർ വി.റ്റി. ഏലിക്കുട്ടിയുടെ ഭക്തിനിർഭരമായ പ്രാർത്ഥന ജീവിതവും സമർപ്പണ ജീവിതവും മാതൃകപരമാണെന്ന് സിഎസ്ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പും മുൻ മോഡറേറ്ററും കൂടിയായ റൈറ്റ് റവ. തോമസ് കെ.ഉമ്മൻ അനുസ്മരിച്ചു.

യു.ആർ.എഫ് വേൾഡ് റെക്കോർഡ് ജൂറി ചെയർമാൻ ഗിന്നസ് ഡോ. സുനിൽ ജോസഫ്, ഭാരതീയ ജനത യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണി ,നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറി എം.എൻ ഗിരി, ജോസഫ് കെ. നെല്ലുവേലി എന്നിവർ അനുശോചിച്ചു.

സാമൂഹ്യ-ക്ഷേമ – ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടും സിസ്റ്റർ വി.ടി.ഏലിക്കുട്ടിയുടെ സ്മരണ നിലനിർത്തുന്നതിനും ഫൗണ്ടേഷൻ രൂപികരിക്കുവാൻ തീരുമാനിച്ചതായി സഹോദരപുത്രൻ ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു.

ഫ്‌ളോറിഡ: കോലത്ത് മരുതിമൂട്ടില്‍ എം.എസ്. ജയിംസിന്റെയും ഉഷയുടെയും മകള്‍ ജൂബി ആന്‍ ജയിംസ് (31) ഹൃദയാഘാതം മൂലം അന്തരിച്ചു. ജൂബി ഉപരി പഠനത്തിനും ജോലിക്കുമായാണ് അമേരിക്കയില്‍ എത്തിയത്. ഫ്‌ളോറിഡയിലെ ടാമ്പാ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പരേത എം.എസ്. ജയിംസിന്റെയും ഉഷയുടെയും ഒരേ ഒരു മകളാണ്.

പനി ബാധിച്ചു ചികിത്സയിൽ ആയിരുന്ന ജൂബി അല്പം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്‌ത്‌ താമസസ്ഥലത്തു വിശ്രമിച്ചിരിക്കെയാണ് ഫ്‌ളോറിഡയിലെ ടാമ്പയിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് പെട്ടെന്ന് വരേണ്ടിവന്നത്. ടാമ്പയിൽ എത്തിയപ്പോൾ പനി വഷളാവുകയും പിന്നീടുള്ള പരിശോധനയിൽ ന്യൂമോണിയ ബാധിതയുമാണ് എന്ന് അറിയുന്നത്. ഇതിനോടകം ആരോഗ്യ നില വഷളാവുകയും, ആന്തരിയാവയവങ്ങളുടെ പ്രവർത്തനം തസ്സപ്പെടുകയും തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആയിരുന്നു.

പരേതക്ക് നാളെ സെപ്റ്റബര്‍ 28 തിങ്കളാഴ്ച വൈകിട്ട് 5 ന് (പ്രാദേശിക സമയം) ഫ്‌ലോറിഡ സെന്റ് മാര്‍ക്ക് മാര്‍ത്തോമാ പള്ളി വികാരി റവ.സ്‌കറിയാ മാത്യൂവിന്റെ കര്‍മികത്വത്തില്‍ പ്രാർത്ഥനയും പൊതു ദർശനവും നടത്തപ്പെടും. ഈ ആഴ്ച്ച അവസാനത്തോടെ സ്‌പെഷ്യൽ വിമാനത്തിൽ മൃതുദേഹം ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ആദ്യത്തെ വിവരം എന്നാൽ പിന്നീട് തീരുമാനം മാറ്റി അമേരിക്കയിലെ ഫ്ലോറിഡയിൽ ക്രിമേറ്റീവ് ചെയ് തതിന് ശേഷം നാട്ടിലേക്കെത്തിക്കുമെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം . വർഷങ്ങളായി ദക്ഷിണാഫ്രിക്കയിൽ സ്ഥിരമാസമാക്കിയിരിക്കുന്ന പ്രവാസി മലയാളികളാണ് മാതാപിതാക്കൾ.

ജയിംസിന്റെ സഹോദരങ്ങള്‍ പൊന്നമ്മ മത്തായി, സാറാമ്മ എബ്രഹാം, കൊച്ചുമോള്‍ ജോര്‍ജ്, പരേതരായ എം.എസ്. വര്‍ഗ്ഗീസ്, അലക്‌സാണ്ടര്‍, മാത്യൂ, എബ്രഹാം , പരേതയായ റോസ്സമ്മ തോമസ്.

ഉഷയുടെ സഹോദരങ്ങള്‍: ഗീത സിം മാത്യുസ്, പടിപ്പുരക്കല്‍, കായങ്കുളം, ഷാജി ഫിലിപ്പ് ലൗലി, താന്നിമൂട്ടില്‍.

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ്(59) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്ററി ടീമിന്റെ ഭാഗമായിരുന്ന ജോണ്‍സ് മുംബൈയിലെ നക്ഷത്ര ഹോട്ടലില്‍ ബയോ സുരക്ഷിത ബബിളിലായിരുന്നു. സജീവമായ ക്രിക്കറ്റ് നിരൂപകനായ ഡീന്‍ ജോണ്‍സ് ഇപ്പോള്‍ യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2020 ന് ഓഫ്-ട്യൂബ് കമന്ററി ടീമിന്റെ ഭാഗമായിരുന്നു.

ഇന്ത്യന്‍ മാധ്യമങ്ങളിലെ ജനപ്രിയ വ്യക്തിയാണ് ജോണ്‍സ്. അദ്ദേഹത്തിന്റെ പ്രൊഫസര്‍ ഡിയാനോ എന്‍ഡിടിവിയില്‍ വളരെ പ്രചാരത്തിലായിരുന്നു. ലോകത്തിലെ വിവിധ ലീഗുകളെക്കുറിച്ച് അദ്ദേഹം അഭിപ്രായമിട്ടിട്ടുണ്ട്. മെല്‍ബണില്‍ ജനിച്ച ഡീന്‍ ജോണ്‍സ് 52 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് 46.55 ശരാശരിയില്‍ 3631 റണ്‍സ് നേടി. മികച്ച സ്‌കോറായി 216 റണ്‍സ് നേടിയ ജോണ്‍സ് 11 സെഞ്ച്വറികള്‍ നേടി, അലന്‍ ബോര്‍ഡറിന്റെ ടീമിലെ ഒരു പ്രധാന അംഗമായിരുന്നു.164 ഏകദിനങ്ങള്‍ കളിച്ച ജോണ്‍സ് ഏഴ് സെഞ്ച്വറികളും 46 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6068 റണ്‍സ് നേടി.

കൊവിഡ് 19 വൈറസ് ബാധിച്ച് മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ ഗോവയില്‍ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ചെമ്പന്തറ ചാലാത്തറ (കൗസ്തുഭം) യില്‍ പ്രകാശിനിയുടെ മകന്‍ പ്രമോദ് ആണ് മരിച്ചത്. 26 വയസായിരുന്നു.

കപ്പലിലായിരുന്ന പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രമോദ് ഞായറാഴ്ചയാണ് മരിച്ചത്. നാലു ദിവസം മുമ്പുവരെ കുടുംബാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന പ്രമോദ് തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

സുപ്രസിദ്ധ സീരീയല്‍ താരം അരുവിക്കര ശിവക്ഷേത്രം പനപ്പള്ളി കുഴിവിളാകത്ത്‌ വീട്ടില്‍ ശബരിനാഥ്‌ (49) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട്‌ അരുവിക്കരയില്‍ ഷട്ടില്‍ കളിക്കുകയായിരുന്നു.ഇതിനിടയില്‍ കുഴഞ്ഞ്‌ വീണു. മൂക്കില്‍ നിന്നുംചോര വാര്‍ന്ന ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്‌ഥീകരിച്ചു.

15 വര്‍ഷമായി സീരീയില്‍ രംഗത്ത്‌ സജീവമാണ്‌. പാടാത്ത പൈങ്കിളി , സ്വാമി അയ്യപ്പന്‍, നിലവിളക്ക്‌, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളില്‍ പ്രധാനവേഷങ്ങളില്‍ എത്തി.സാഗരം സാക്ഷി സീരിയലിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടന ആത്മയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗമായിരുന്നു.

അപ്രതീക്ഷിതമായാണ് ശബരീനാഥ് അഭിനയ രംഗത്തേക്ക് എത്തിയത്. മിന്നുകെട്ടെന്ന സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം നടക്കുമ്ബോള്‍ ശബരിയുമുണ്ടായിരുന്നു. ഒരു താരം വരാതിരുന്നതോടെ പകരക്കാരനായി ശബരിയും അഭിനയിക്കുകയായിരുന്നു. അങ്ങനെയാണ് അഭിനയജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി പരമ്ബരകളിലെ അവസരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കെല്ലാം പരിചിതനായി മാറുകയായിരുന്നു ശബരി.

അതേസമയം ശബരി നാഥിന്റെ വിയോഗം താങ്ങാനാകാതെ നടുങ്ങിയിരിക്കുകയാണ് സഹതാരങ്ങൾ. ശബരിയുടെ അകാല വിയോഗത്തില്‍ സീരിയല്‍ ലോകം ഒന്നടങ്കം ഞെട്ടലിലാണ്. തങ്ങളുടെ ദുഃഖം അവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കോറിയിടുകയാണ്..

താരങ്ങളെല്ലാമായി അടുത്ത സൗഹൃദമാണ് ശബരീനാഥിനുണ്ടായിരുന്നത്. പ്രിയപ്പെട്ട ശബരി ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് പലരും. കിഷോര്‍ സത്യ, സാജന്‍ സൂര്യ, ഫസല്‍ റാഫി, ഉമ നായര്‍, ശരത് തുടങ്ങിയവരെല്ലാം ആശുപത്രിയിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെല്ലാം ശബരിക്ക് ആദരാഞ്ജലി നേര്‍ന്നെത്തിയിട്ടുണ്ട്. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു ഷിജു എത്തിയത്.

പ്രിയപ്പെട്ട സുഹൃത്തിനു ആദരാഞ്ജലികള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല, പറയാന്‍ വാക്കുകളില്ല, ഇത്രേയുമേ ഉള്ളു മനുഷ്യനെന്നായിരുന്നു ജയന്‍ കുറിച്ചത്. നഷ്ടം, ആദരാഞ്ജലികളെന്നായിരുന്നു ഷാനവാസ് കുറിച്ചത്. ശബരിചേട്ടന് ആദരാഞ്ജലികളെന്നായിരുന്നു വിവേക് ഗോപന്‍ കുറിച്ചത്. നിരവധി പേരാണ് ശബരിയുടെ വിയോഗത്തെക്കുറിച്ച്‌ വേദനയോടെ പ്രതികരിച്ചിട്ടുള്ളത്. താരങ്ങളുടെ പോസ്റ്റുകള്‍ക്ക് കീഴിലെല്ലാം കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. വിശ്വസിക്കാനാവുന്നില്ലെന്നും, വല്ലാത്തൊരു പോക്കായിപ്പോയെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്.

ശബരിയെക്കുറിച്ചുള്ള ഓര്‍മ്മകളും സൗഹൃദത്തെക്കുറിച്ചുമൊക്കെ മനോജ് നായർ പറഞ്ഞതിങ്ങനെയായിരുന്നു… ഇന്നലെ രാത്രി ഏതാനും മണിക്കൂര്‍ എനിക്ക് സമനില തെറ്റിയ അവസ്ഥയായിരുന്നു. എന്‍റെ ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്ബുന്ന പോലെ. ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല… ഈ നിമിഷം പോലും. തിരുവനന്തപുരത്ത് നമ്മുടെ സീരിയല്‍ സഹപ്രവര്‍ത്തകര്‍ക്ക്എന്തെങ്കിലും ആപത്തോ അപകടമോ അറിഞ്ഞാല്‍ .ഞാന്‍ ആദ്യം വിളിക്കുന്നത് നിന്നെയാ… നീ അതിന്‍്റെ കാര്യങ്ങളൊക്കെ വിശദമായി എന്നെ അറിയിക്കും… ഇന്നലെ രാത്രിയും നിന്നെ തന്നെയാ ഞാന്‍ ആദ്യം വിളിച്ചത്.

മനോജേട്ടാ, ഞാനിവിടെ തന്നെയുണ്ട് .. എനിക്കൊരു പ്രശ്നവുമില്ല… ആരാ ഇത് പറഞ്ഞത്” എന്ന വാക്കു കേള്‍ക്കാന്‍. പക്ഷെ നീ ഫോണ്‍ എടുത്തില്ല .എന്നേക്കാള്‍ പ്രായം കുറഞ്ഞ നിനക്ക് എന്‍്റെ ഫേസ്ബുക്ക് പേജില്‍ പരേതന്മാര്‍ക്ക് നല്കുന്ന “വാക്കുകള്‍” ചാര്‍ത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കാരണം നീയെന്‍്റെ ഹൃദയത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ … ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്.അതു കൊണ്ട് …” വിട … ആദരാഞ്ജലി… പ്രണാമം. ഇതൊന്നും നീയെന്നില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട.ഞാന്‍ തരില്ല. നിന്നോട് അങ്ങിനെ മാത്രമേ എനിക്കിനി “പ്രതികാരം” ചെയ്യാന്‍ കഴിയൂ ശബരിയെന്നും മനോജ് നായര്‍ കുറിച്ചു.

വക്കീല്‍ വേഷത്തില്‍ അഭിനയിക്കണമെന്നായിരുന്നു ശബരി ആഗ്രഹിച്ചത്. നായകനായാലും സഹനടനായാലും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കാറുണ്ട് അദ്ദേഹം. ഈ മേഖലയിലേക്ക് എത്തിയില്ലായിരുന്നുവെങ്കില്‍ കംപ്യൂട്ടര്‍ വിദഗ്ധനായി താന്‍ തുടര്‍ന്നേനെയെന്നായിരുന്നു താരം പറഞ്ഞത്. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്.

RECENT POSTS
Copyright © . All rights reserved