കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് കോവിഡുമായി പോരാട്ടത്തിലായിരുന്ന എബ്രഹാം സ്‌കറിയ (65) അവസാനം മരണത്തിന് കീഴടങ്ങി. വെന്റിലേറ്ററിൻെറ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന എബ്രഹാം സ്‌കറിയ ഇന്ന് പതിനൊന്നുമണിയോട് കൂടിയാണ് മരണമടഞ്ഞത്.
സിപാപ് മെഷീൻ റ്റൊളറേറ്റ് ചെയ്യാൻ പറ്റാത്തതിനാൽ വെന്റിലേറ്ററിൻെറ സഹായം എബ്രഹാം സ്‌കറിയ ആവശ്യപ്പെട്ടപ്രകാരമാണ് നൽകിയത്. ഭാര്യ കുഞ്ഞുമോൾ റോയൽ ലിവർപൂൾ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായിട്ട് ജോലി ചെയ്യുകയാണ്. പരേതൻ റാന്നി മാക്കപ്പുഴ താമറത്ത് കുടുംബാംഗമാണ്. മക്കൾ ക്രിസ്ബിൻ, ക്രിസി. മരുമകൻ ബിമൽ.
ലിവർപൂളിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്ന എബ്രഹാം സ്‌കറിയ ലിവർപൂളുകാരുടെ പ്രിയപ്പെട്ട അവറാച്ചനായിരുന്നു. ലിവർപൂൾ ഐൻട്രി ഹോസ്പിറ്റലിൽ ആയിരുന്നു എബ്രഹാം സ്‌കറിയ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നത്. ലിവർപൂളിൽ കോവിഡിൻെറ താണ്ഡവം തുടരുകയാണെങ്കിലും ആദ്യമായിട്ടാണ് ഒരു മലയാളി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
എബ്രഹാം സ്‌കറിയയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
യുകെയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി മരണങ്ങൾ . കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിന്റെ ഭാര്യ ജെയ്സമ്മ എബ്രഹാമാണ് (56) അവസാനമായി മരണത്തിന് കീഴടങ്ങിയത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജെയ്സമ്മ കോവിഡ് ബാധിതയായാണ് മരണമടഞ്ഞത്. ജെയ്സമ്മയുടെ നിര്യാണമറിഞ്ഞ് ബർമിങ്ഹാമിലും പരിസരപ്രദേശത്തുമുള്ള മലയാളികൾ ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയിട്ടുണ്ട്. അഡ്വ. റ്റോമി ലൂക്കോസ് ആണ് ജെയ്സമ്മയുടെ ഭർത്താവ്. അലൻ എബ്രഹാം ഏകമകനാണ് . ജെയ്സമ്മയും റ്റോമിയും സെഹിയോൻ യുകെയുടെ മുൻനിര പ്രവർത്തകരായിരുന്നു. സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ഇന്നലെ സെന്റ് ബനഡിക് മിഷൻ ബർമിങ്ഹാമിലെ വിശ്വാസസമൂഹം പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. ജെയ്സമ്മ സ്റ്റാഫ് നഴ്സായി ആണ് ജോലി ചെയ്തിരുന്നത്.
കോട്ടയം ഞീഴൂർ സ്വദേശി തടത്തിൽ ഫിലിപ്പ് ജോസഫിൻറെ ഭാര്യ ജെയിൻ ഫിലിപ്പാണ് (56) ഇന്നലെ വിടപറഞ്ഞ മറ്റൊരു മലയാളി . ജെയിൻ കഴിഞ്ഞ 16 വർഷമായി ഗ്ലാസ്കോയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. മക്കൾ : ജോബിൻ ഫിലിപ്പ് ,ജോയൽ ഫിലിപ്പ് . ജെയിന്റെ സഹോദരൻ സ്റ്റോക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജിം ജേക്കബ് ഉൾപ്പെടെ നിരവധി ബന്ധുമിത്രാദികൾ ജെയിന്റെ അന്ത്യ നിമിഷത്തിൽ ഒപ്പമുണ്ടായിരുന്നു. ജെയിൻ തൊടുപുഴ വഴിത്തല മാറിക മ്യാലക്കരപ്പുറത്ത് കുടുംബാംഗമാണ്. ജെയിന്റെ സംസ്കാരചടങ്ങുകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ യുകെയിൽ തന്നെ നടത്താൻ തീരുമാനിച്ചു .
പരേതരുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയിക്കുന്നു.
ആറുമാസം മുമ്പ് നാട്ടിൽ നിന്നും യുകെയിലെത്തിയ റിട്ടയേർഡ് റവന്യൂ ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം ഉഴവൂർ കൊരട്ടികുന്നേൽ ലക്ഷ്മണൻ നായരാണ്(75) മറ്റന്നാൾ കുടുംബസമേതം നാട്ടിലേക്ക് തിരികെ പോകാനിരിക്കെ ആകസ്മികമായി വിടവാങ്ങിയത്. ഭാര്യയോടും മകൻ അനൂപിനുമൊപ്പം ആറു മാസത്തിലേറെയായി ചെംസ്ഫോർഡിലായിരുന്നു താമസം.
ലക്ഷ്മണൻ നായരുടെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
തൃശൂര്‍: ഭക്തിഗാന രചയിതാവും സംഗീത സംവിധായകനുമായ തൃശൂര്‍ അതിരൂപതാംഗം ഫാ. തോബിയാസ് ചാലയ്ക്കല്‍ (74) നിര്യാതനായി (28.10.2020). സംസ്‌കാരം ഇന്ന് (29.10.2020) ഉച്ചകഴിഞ്ഞ് മൂന്നിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കണ്ടശാംകടവ് ഫൊറോന ദേവാലയത്തില്‍.
രാവിലെ പത്തുവരെ തൃശൂര്‍ സെന്റ് ജോസഫ്‌സ് പ്രീസ്റ്റ് ഹോമിലും തുടര്‍ന്ന് കാരമുക്കുള്ള സഹോദരന്റെ വസതിയിലും ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ കണ്ടശാംകടവ് ഫൊറോന ദേവാലയത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
കണ്ടശാംകടവ് ചാലയ്ക്കല്‍ പരേതരായ പീറ്റര്‍-മറിയം ദമ്പതികളുടെ മകനാണ്.
ചാലക്കുടി, ഇരിങ്ങാലക്കുട കത്തീഡ്രലുകളില്‍ അസിസ്റ്റന്റ് വികാരിയായും പട്ടിക്കാട്, വേലൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ഫൊറോന വികാരിയായും കൊടുങ്ങ, അമ്പനോളി, നിര്‍മലപുരം, വൈലത്തൂര്‍, അഞ്ഞൂര്‍, പുതുരുത്തി, ആറ്റത്തറ, പീച്ചി, എരുമപ്പെട്ടി, കടങ്ങോട്, പറവട്ടാനി, ഒളരിക്കര, പുല്ലഴി, ഏനാമാവ്, ചെങ്ങാലൂര്‍, സ്‌നേഹപുരം, അരിമ്പൂര്‍, പുത്തന്‍പീടിക, പഴയങ്ങാടി, കുട്ടംകുളം, പാറന്നൂര്‍ പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം കല്യാണ്‍ രൂപതയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബലവാനായ ദൈവമേ… ഉള്‍പ്പെടെ മുന്നൂറോളം ക്രൈസ്തവ ഭക്തിഗാനങ്ങള്‍ രചിച്ച ഇദ്ദേഹം കലാസദന്‍ സംഗീതവിഭാഗം കണ്‍വീനറായിരുന്നു. സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങള്‍: സിസ്റ്റര്‍ സെര്‍വിറ്റസ് എഫ്‌സിസി, സിസ്റ്റര്‍ ഫിഷര്‍ എഫ്‌സിസി, ജോസ്, പോള്‍, ജോസ്ഫീന, ആന്റോ.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. അഹമ്മദാബാദിലാണ് അന്ത്യം. 2001ല്‍ പാര്‍ട്ടിയിലെ അധികാരമത്സരത്തില്‍ കേശുഭായ് പട്ടേലിനെ വീഴ്ത്തിയാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇടക്കാലത്ത് ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്ന കേശുഭായ് പട്ടേല്‍ പിന്നീട് ബിജെപിയില്‍ തിരിച്ചെത്തിയിരുന്നു. സെപ്റ്റംബറിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു.
രണ്ട് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു കേശുഭായ് പട്ടേൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മോദിയുമായുള്ള അഭിപ്രായ ഭിന്നത മൂലം 2012ൽ ബിജെപി വിട്ട് ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിശാവദർ മണ്ഡലത്തിൽ നിന്ന് ജയിച്ചെങ്കിലും അനാരോഗ്യത്തെ തുടർന്ന് 2014ൽ രാജി വച്ചു. 1977 മുതൽ 1980 വരെ ലോക് സഭാംഗമായിരുന്നു. ഗുജറാത്തിൽ ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കാണ് കേശുഭായ് പട്ടേലിനുള്ളത്. 95ലേയും 98ലേയും നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ ഗുജറാത്തിൽ വിജയത്തിലേയ്ക്ക് നയിച്ചത് കേശുഭായ് പട്ടേലാണ്. 1995ൽ കേശുഭായ് പട്ടേലിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചത് ശങ്കർ സിംഗ് വഗേലയാണെങ്കിൽ 2001ൽ അത് നരേന്ദ്ര മോദിയായിരുന്നു.
1928ൽ ജുനഗഡിലെ വിശാവദറിൽ ജനിച്ച കേശുഭായ് പട്ടേൽ 1945ലാണ് ആർഎസ്എസ്സിൽ ചേർന്നത്. 1950കളുടെ ആദ്യം ജനസംഘ് രൂപം കൊണ്ടപ്പോൾ സജീവപ്രവർത്തകനായി. 1990ല്‍ ജനതാദള്‍ നേതാവ് ചിമന്‍ഭായ് പട്ടേലിന്‌റെ നേതൃത്വത്തിലുള്ള ജനതാദള്‍-ബിജെപി സര്‍ക്കാരില്‍ കേശുഭായ് പട്ടേല്‍ ഉപമുഖ്യമന്ത്രിയായി. 1995ലാണ് ആദ്യം മുഖ്യമന്ത്രിയായത്. 95 മാർച്ചിൽ മുഖ്യമന്ത്രിയായെങ്കിലും ആ വർഷം ഒക്ടോബറിൽ രാജി വയ്ക്കേണ്ടി വന്നു. പിന്നീട് 1998 മുതല്‍ 2001 വരെയും മുഖ്യമന്ത്രിയായി. 2001 ഒക്ടോബർ 6ന് കേശുഭായ് പട്ടേൽ രാജി വയ്ക്കുകയും ബിജെപി കേന്ദ്ര നേൃത്വത്തിൽ പ്രവർത്തിച്ചിരുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രിയാവുകയും ചെയ്തു.
2001 ജനുവരിയിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേശുഭായ് പട്ടേലിനെ താഴെയിറക്കാന്‍ എതിരാളികള്‍ ഉപയോഗിച്ചിരുന്നു. ബിജെപി ദേശീയ നേതൃത്വമാണ് കേശുഭായ് പട്ടേലിനെ മാറ്റി നരേന്ദ്ര മോദിയെ കൊണ്ടുവന്നത്. 2002ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ കേശുഭായ് പട്ടേൽ രാജ്യസഭയിലേയ്ക്ക് പോയി. 2002 മുതൽ 2008 വരെ രാജ്യസഭാംഗമായിരുന്നു.
2007ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച കേശുഭായ് പട്ടേല്‍, കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി അംഗത്വം പുതുക്കാതിരുന്ന കേശുഭായ് പട്ടേല്‍, 2012 ഓഗസ്റ്റ് 4ന് ബിജെപി വിടുകയും ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി (ജിപിപി) രൂപീകരിക്കുകയും ചെയ്തു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേശുഭായ് പട്ടേലടക്കം രണ്ട് പേര്‍ മാത്രമാണ് ജിപിപിയില്‍ നിന്ന് ജയിച്ചത്. 2014 ജനുവരിയില്‍ ജിപിപി അധ്യക്ഷ സ്ഥാനവും ഫെബ്രുവരിയില്‍ എംഎല്‍എ സ്ഥാനവും കേശുഭായ് പട്ടേല്‍ രാജി വച്ചു. പിന്നീട് ജിപിപി, ബിജെപിയില്‍ ലയിക്കുകയും ചെയ്തു.
കോട്ടയം ∙ഐറിഷ് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി മരണമടഞ്ഞ ജോമിയുടെയും ജിഷയുടെയും മകൾ ആയ മിയാമോളുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് 4 – ന്. നാലരവയസ്സുള്ള മിയയെ കൊണ്ടുവരാനായിട്ട് ജിഷ കേരളത്തിലെത്തി ക്വാറന്റീനിൽ കഴിയവേ ആണ് കിണറ്റിൽ വീണ് മിയ കൊല്ലപ്പെട്ടത്. മകൾ മിയയെയും കൂട്ടി തിരിച്ചുപോകാനായിരുന്നു അയർലൻഡിൽ നിന്ന് ജിഷ എത്തിയത്. ക്വാറന്റീൻ അമ്മയ്ക്കും മകൾക്കുമിടയിൽ വേലി തീർത്തു. ഏഴു ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ മകളെ കാണാൻ കാത്തിരുന്ന ജിഷ ഇന്നലെ കണ്ണുനീരോടെ മിയയെ കണ്ടു– ആശുപത്രി മോർച്ചറിയിൽ.
ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേൽ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി (നാലര) കോതനല്ലൂരിൽ കാൽവഴുതി കിണറ്റിൽ വീണു മരിച്ചത് കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ്.
ജോമിയും മൂത്തമകൻ ഡോണും അയർലൻഡിലാണ്. മിയയെ അയർലൻഡിലേക്കു കൊണ്ടുപോകാനായി ജിഷ മാത്രം നാട്ടിലെത്തുകയായിരുന്നു. വിദേശത്തു നിന്ന് എത്തിയതിനാൽ മൂവാറ്റുപുഴയിലെ വീട്ടിൽ ക്വാറന്റീനിലായിരുന്നു. നാട്ടിലെത്തിയിട്ടും മകളെ കാണാനും കഴിഞ്ഞിരുന്നില്ല. ജോമി രണ്ടു മാസം മുൻപു വരെ നാട്ടിലുണ്ടായിരുന്നു. കോതനല്ലൂരിലെ വീട്ടിൽ ജോമിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു മിയ.
ക്വാറന്റീൻ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ ഇന്നലെ മകളെ കാണാൻ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ എത്തിയത്. ഇന്ന് മിയയുടെ പിതാവ് ജോമിയും ചേട്ടൻ ഡോണും അയർലൻഡിൽ നിന്ന് എത്തും. ഇവർക്കും കാരിത്താസ് ആശുപത്രിയിൽ തന്നെ മിയയെ കാണാനാണു ക്രമീകരണമൊരുക്കുന്നത്. വിദേശത്തു നിന്ന് എത്തുന്നതിനാൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
മിയയുടെ സംസ്‌കാര ശുശ്രൂഷകൾ ഇന്നു നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടക്കും. മൂവാറ്റുപുഴ ആരക്കുഴ റോഡിൽ മണ്ടോത്തിക്കുടിയിൽ കുടുംബാംഗമാണ് ജിഷ. ഡോൺ ജോമി അയർലൻഡിലെ കിൽക്കെനിയിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്.
കില്‍ക്കെനി : ഐറിഷ് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി ജോമിയുടെയും ജിഷയുടെയും മകൾ ആയ മിയാമോൾ മരണമടഞ്ഞു. നാലരവയസ്സുള്ള മിയയെ കൊണ്ടുവരാനായിട്ട് ജിഷ കേരളത്തിലെത്തി ക്വാറന്റീനിൽ കഴിയവേ ആണ് കിണറ്റിൽ വീണ് മിയ കൊല്ലപ്പെട്ടത്.
മുമ്പ് അയര്‍ലണ്ടിലായിരുന്ന മിയാമോളെ തിരികെ കൊണ്ട് വരാനായി ‘അമ്മ ജിഷ ജോമി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ എത്തിയത്. എന്നാല്‍ മൂവാറ്റുപുഴയില്‍ ക്വാറന്റൈനിലായിരുന്ന ജിഷ, മിയാമോളെ കാണാന്‍ കോതനല്ലൂരിലെ വീട്ടില്‍ എത്തും മുമ്പാണ് അപകടം സംഭവിച്ചത്..
മിയമോളോട് ഒപ്പമായിരുന്ന പിതാവ് , ജോമി, കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ ഒറ്റയ്ക്ക് അയര്‍ലണ്ടിലേക്ക് തിരിച്ചു വന്നത് രണ്ടു മാസം മുമ്പാണ്.ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ ആയിരുന്നു മിയാമോള്‍.
കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ തീര്‍ന്ന ശേഷം മോളെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. എന്നാല്‍ യാത്രാ നിയന്ത്രണങ്ങള്‍ നീണ്ടേക്കും എന്ന് ബോധ്യപ്പെട്ടതിനാല്‍ കുഞ്ഞിനെ കൂട്ടാനായി മാത്രമാണ് ജിഷ നാട്ടിലേയ്ക്ക് പോയത്.
കില്‍ക്കെനിയിലെ എല്ലാ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പില്‍ നിന്ന് മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുന്ന ജോമി -ജിഷ ദമ്പതികളുടെ പ്രിയപ്പെട്ട മകളുടെ നിര്യാണവാര്‍ത്ത കില്‍ക്കെനി മലയാളികളും ഞെട്ടലോടെയാണ് കേട്ടത്. വിവരറിഞ്ഞു നിരവധി പേര്‍ ജോമിയുടെ വസതിയില്‍ എത്തിയിരുന്നു.
അടിമാലി കമ്പളിക്കണ്ടം നന്ദിക്കുന്നേല്‍ കുടുംബാംഗമാണ് ജോമി.മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ മണ്ടോത്തിക്കുടിയില്‍ കുടുംബാംഗമാണ് ജിഷ.
കില്‍ക്കെനിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഡോണ്‍ മിയാമോളുടെ ഏക സഹോദരനാണ്.
മിയാമോളുടെ മരണ വാര്‍ത്ത അറിഞ്ഞ് ‘അമ്മ ജിഷ അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി വൈകുന്നേരത്തോടെ ആശുപത്രി മോര്‍ച്ചറില്‍ എത്തി പൊന്നുമോളെ കണ്ടു.
ഇപ്പോള്‍ അയര്‍ലണ്ടിലുള്ള ജോമിയും,ഡോണും മറ്റന്നാള്‍ കേരളത്തിലേക്ക് പോകുന്നുണ്ട്.
സംസ്‌കാരം എപ്പോഴാണ് നടത്തുന്നത് എന്നത് സംബന്ധിച്ച തീരുമാനം പിന്നീട്.
മിയാമോളുടെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
സാംസങ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു. 78 വയസായിരുന്നു. 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം കിടപ്പിലായിരുന്നു. പ്രാദേശിക ബിസിനസില്‍ നിന്നാണ് ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങിനെ ലീ കുന്‍ ഹീ ആഗോള ടെക് ഭീമനാക്കി മാറ്റിയത്.
പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണ ശേഷം 1987ലാണ് ലീ കമ്പനിയുടെ അധികാരം ഏറ്റെടുത്തത്. സാംസങിന്റെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്. 2014 മുതല്‍ ലീ കിടപ്പിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകനും സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയര്‍മാനുമായ ലീ ജെയ് യോങാണ് കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്നത്.
സലാല ∙ ഒമാനില്‍ കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി പൂവത്തും കടവില്‍ മുരളീധരന്‍ (67) ആണ് മരിച്ചത്. ഒരു മാസത്തോളമായി ചികിത്സയില്‍ ആയിരുന്നു.
കോവിഡ് ബാധിച്ച് ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
45 വര്‍ഷമായി മുരളീധരന്‍ സലാലയില്‍ പ്രവാസിയാണ്. സലാല ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ആയിരുന്നു. ഭാര്യ: സത്യ മുരളി. മക്കള്‍: പ്രശാന്ത്, അമിത്. ഭാര്യയും ഒരു മകനും സലാലയിലുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സലാലയില്‍ സംസ്‌കരിക്കും.
പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു (80) അന്തരിച്ചു. സിനിമയിലും നാടകങ്ങളിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്.
കൊച്ചിക്കാരനായ കെ.ജെ ബാബു എന്ന സീറോ ബാബു 1964-82 കാലഘട്ടങ്ങളിലാണ് സജീവമായി പാടിയിരുന്നത്. മുന്നൂറിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. പി.ജെ. ആന്റണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ ഹിറ്റുഗാനമാണ് ബാബു എന്ന ഗായകനെ സീറോ ബാബു ആക്കിയത്.
മലയാറ്റൂർ മലയും കേറി, പ്രേമത്തിന് കണ്ണില്ല, മുണ്ടോൻ പാടത്ത് കൊയ്ത്തിന് തുടങ്ങിയവ അദ്ദേഹത്തിന്റെ പാട്ടുകളാണ്. നിരവധി ചിത്രങ്ങൾക്ക് സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. മാടത്തരുവി, കാബൂളിവാല എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.