ലണ്ടന്‍: ലണ്ടനു സമീപം കെന്റിലെ ബെക്‌സില്‍ ഓണ്‍ സീയില്‍ താമസിച്ചിരുന്ന മലയാളി യുവാവ് വീട്ടില്‍ വച്ച് ഉണ്ടായ ഹൃദയാഘാതം മൂലം മരിച്ചു. ചങ്ങനാശേരി തെങ്ങണ പത്തിച്ചിറ വീട്ടില്‍ പി.ജെ. തോമസിന്റെയും സിസിലിയുടെയും മകന്‍ ജോസി എന്നു വിളിക്കുന്ന ജോസഫ് തോമസാണ് (46) ഇന്നലെ രാത്രി മരിച്ചത്. ഭാര്യ ഡിനി ചേര്‍ത്തല പള്ളിപ്പുറം പള്ളിപ്പറമ്പില്‍ കുടുംബാംഗം. വിദ്യാര്‍ഥികളായ ജസീന, (12) ജെറോം (7) എന്നിവര്‍ മക്കളാണ്. കണ്‍ക്വസ്റ്റ് ഹോസ്പിറ്റലില്‍ നാലു വര്‍ഷമായി തീയേറ്റര്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ഭാര്യ ഡിനി ജോസി. ജോസിയുടെ സഹോദരി റെജി വര്‍ഗീസും ബെക്‌സില്‍ ആണ് താമസം. തോമസ് (ജോയിച്ചന്‍), ജോജി തോമസ് (ഖത്തര്‍), ജോബി തോമസ് എന്നിവര്‍ സഹോദരങ്ങളാണ്. 11 വര്‍ഷം മുമ്പാണ് ജോസിയും കുടുംബവും യുകെയില്‍ എത്തിയത്. 2015ലാണ് കെന്റിലേക്ക് താമസം മാറ്റിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ഏജന്‍സിയില്‍ കെയററായി ജോലി ചെയ്തു വരികയായിരുന്നു ജോസഫ്. ഇന്നലെ അത്താഴം കഴിച്ച ശേഷം വീടിന്റെ മുകളിലെ മുറിയില്‍ വിശ്രമിക്കുകയായിരുന്നു ജോസഫ്. അടുക്കള ജോലികളെല്ലാം തീര്‍ത്ത് ജോസഫിന്റെ ഡയബറ്റിക്‌സിനുള്ള ഇഞ്ചക്ഷനുമായി മുറിയിലേക്ക് ചെന്നപ്പോഴാണ് ഭാര്യ ഡിനി ബോധമില്ലാതെ ജോസഫ് കിടക്കുന്നത് കണ്ടത്.
നഴ്‌സായ ഡിനിക്ക് പ്രാഥമിക പരിശോധനയില്‍ തന്നെ ഹൃദയാഘാതം സംഭവിച്ചതാണെന്ന് മനസിലാവുകയും മനസ്സാന്നിധ്യം കൈവിടാതെ സിപിആര്‍ നല്‍കുകയും ചെയ്തു. ഉടന്‍ ആംബുലന്‍സ്, മെഡിക്കല്‍ ടീമിനെ വിളിക്കുകയും ചെയ്തു. സിപിആര്‍ നല്‍കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. ഉടനെത്തിയ ആംബുലന്‍സ്, മെഡിക്കല്‍ ടീം മുക്കാല്‍ മണിക്കൂറോളം പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാകാതെ, 11.35 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വീട്ടില്‍ വച്ചു നടന്ന മരണമായതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയും നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം സെന്റ് ലിയോണാഡ്‌സ് ഓണ്‍ സീയിലെ കണ്‍ക്വസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. നാട്ടില്‍ ചങ്ങനാശ്ശേരി തെങ്ങാന പത്തിച്ചിറ വീട്ടില്‍ പി ജെ തോമസിന്റെയും സിസിലിയുടെയും മകനാണ് ജോസഫ്. അഞ്ചു വര്‍ഷം സൗദിയില്‍ ജോലി ചെയ്ത ശേഷമാണ് 11 വര്‍ഷം മുന്‍പ് ജോസഫും കുടുംബവും യുകെയില്‍ എത്തിയത്. ആദ്യത്തെ ആറു വര്‍ഷം ഈസ്റ്റ്ഹാമിലായിരുന്നു താമസം. 2015 മുതലാണ് ബെക്‌സ് ഹില്ലിലേക്ക് എത്തിയത്. മലയാളി സമൂഹത്തിന്റെ എല്ലാ പരിപാടികളിലും പള്ളി കാര്യങ്ങളിലും സജീവമായിരുന്നു ജോസഫ്.
ജോസിയുടെ അകാലമരണത്തിൽ വേദന അനുഭവിക്കുന്ന കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും ടീമിന്റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.
ആയിരത്തിലധികം വേദികളില്‍ പടര്‍ന്ന ആ മധുര ശബ്ദം അസ്തമിച്ചു. മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 75 വയസ്സായിരുന്നു. കണ്ണൂരിലെ വീട്ടില്‍ വെച്ചാണ് അന്ത്യം.
നാട്ടിലും വിദേശത്തുമായി ആയിരത്തിലധികം വേദികളില്‍ പാടിയ ഗായകനാണ് എരഞ്ഞോളി മൂസ. ഒരു മാസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസാരിക്കാന്‍ പറ്റാത്ത വിധം അവശതയിലായിരുന്നു. കല്യാണവീടുകളില്‍ പെട്രോമാക്‌സിന്റെ ഇരുണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗള്‍ഫ് നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്റ്റേജ് ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്. അദ്ദേഹം ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് എരിഞ്ഞോളിയിലാണ് ജനനം. പ്രമുഖ സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം പഠിച്ച അദ്ദേഹം നൂറുകണക്കിന് മാപ്പിളപാട്ടുകള്‍ ആലപിക്കുകയും രചിക്കുകയും ചെയ്തിട്ടുണ്ട്.
ഹൈദരാബാദ്: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ബി.സുഭാഷണ് റെഡ്ഡി അന്തരിച്ചു. ഹൈദരാബാദില് വച്ചായിരുന്നു അന്ത്യം. ഗച്ചിബൗളി ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു ജസ്റ്റീസ് റെഡ്ഡി. 2004 നവംബറിലാണ് അദ്ദേഹം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായത്. 2005 മാര്ച്ചില് വിരമിക്കുകയും ചെയ്തു. ഇതിന് ശേഷം 2005 ല്‍ ആന്ധ്രപ്രദേശ് മനുഷ്യാവകാശ കമ്മീഷന് ചെയര്മാനായും, പിന്നീട് ആന്ധ്രപ്രദേശ് ലോകായുക്തയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
ആകാശവാണിയിലെ വാർത്താ അവതാരകനും ഒട്ടേറെ പരസ്യചിത്രങ്ങൾക്കു ശബ്ദം നൽകിയ കലാകാരനുമായ ഗോപൻ അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ഒരു കാലഘട്ടത്തിന്റെ തന്നെ പ്രിയ ശബ്ദമായിരുന്നു ഗോപന്റേത്. 1962 മുതൽ 2001 വരെ ഡൽഹി ആകാശവാണി മലയാള വിഭാഗത്തിൽ അദ്ദേഹം ജോലി ചെയ്തു. ഇക്കാലത്ത് റേഡിയോയിലൂടെ ‘വാർത്തകൾ വായിക്കുന്നത് ഗോപൻ’ എന്ന ശബ്ദം മലയാളിയുടെ ഗൃഹാതുരതയുടെ തന്നെ ഭാഗമാണ്.
തിരഞ്ഞെടുപ്പ് വാർത്തകളുടെ കാലഘട്ടത്തില്‍ റേഡിയോയ്ക്ക് മുന്നിൽ മലയാളിയെ പിടിച്ചിരുത്തിയ ഗോപൻ വിടവാങ്ങിയതും മറ്റൊരു തിരഞ്ഞെടുപ്പ് കാലത്ത് തന്നെയായി എന്നത് കാലം കാത്തുവച്ച വിധികളില്‍ ഒന്നായി.
39 വർഷം ആകാശവാണിയുടെ ഒരേ നിലയത്തിൽ തന്നെ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ എന്ന അപൂർവ നേട്ടത്തിനും അദ്ദേഹം അർഹനാണ്. കേന്ദ്രസർക്കാരിന്റെ ഒട്ടേറെ പരസ്യങ്ങൾക്കും ശബ്ദം നൽകിയത് ഗോപനായിരുന്നു.
‘ശ്വാസ കോശം സ്പോഞ്ച് പോലെയാണ്..’ എന്ന വളരെ ശ്രദ്ധേ നേടിയ പരസ്യത്തിന്റെ ആകർഷണം തന്നെ ഗോപന്റെ ശബ്ദമായിരുന്നു. ഇത്തരത്തിൽ പുകയിലക്കെതിരെ പത്തോളം പരസ്യത്തിന് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. പിന്നീട് ഇത് മിമിക്രി വേദികളിലും ഇൗ പരസ്യവാചകങ്ങൾ നിറഞ്ഞതോടെ അദ്ദേഹം ടെലിവിഷൻ ചാനലുകളിൽ അതിഥിയായി ഒട്ടേറെ പരിപാടികൾക്കും എത്തി.
തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശ്സതമായ കുടുംബത്തിലാണ് ഗോപൻ ജനിച്ചത്. സി.വി രാമൻപിള്ളയുടെ കൊച്ചുമകളുടെ മകനായിരുന്നു. അടൂർ ഭാസിയും ഇ.വി കൃഷ്ണപിള്ളയും ഉറ്റ ബന്ധുക്കളായിരുന്നു. അധ്യാപകനാകണം എന്ന മോഹവുമായി ഡൽഹിക്ക് വണ്ടി കയറിയ ഗോപനെ വിധി എത്തിച്ചത് മറ്റൊരിടത്തായിരുന്നു. വിദ്യാർഥികളോട് സംസാരിക്കാൻ കൊതിച്ച ആ ശബ്ദം പിന്നീട് പതിറ്റാണ്ടുകൾ മലയാളിയോട് ഒട്ടേറെ കാര്യങ്ങൾ പങ്കുവട്ടു. ഡൽഹി ആകാശവാണിയിൽ കാഷ്വൽ അനൗൺസർ എന്ന തസ്തികയിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അരപതിറ്റാണ്ടിലേറെയായി ഡൽഹിയിലായിരുന്നു ഗോപൻ താമസിച്ചിരുന്നത്. ആകാശവാണിയിൽ നിന്ന് വിരമിച്ചെങ്കിലും പരസ്യചിത്രങ്ങൾക്ക് ശബ്ദം നൽകിയും വിശ്രമജീവിതത്തിലും സജീവമായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ അന്തരിച്ചു. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ വച്ചായിരുന്നു അന്ത്യം. വൈകീട്ട് 4.41 ന് ഡിഫന്‍സ് കോളനിയില്‍ നിന്ന് മാക്‌സ് ഹോസ്പിറ്റലിലേക്ക് ഫോണ്‍ കോള്‍ വന്നു എന്നും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എടുക്കും മുന്‍പ് മരണം സംഭവിച്ചു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. 35 വയസ്സായിരുന്നു. ഹൃദായാഘാതമാണ് മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എന്‍ ഡി തിവാരി, തന്‍റെ അച്ഛനാണെന്ന് തെളിയിക്കാന്‍ രോഹിത് നടത്തിയ നിയമപോരാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു. രോഹിത്തിന്‍റെ പിതൃത്വം ആദ്യം നിഷേധിച്ച എന്‍ ഡി തിവാരിക്കെതിരെ രോഹിത് 2007 ൽ ഡൽഹി ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു. തിവാരി പിതൃത്വം നിഷേധിക്കുകയും ചെയ്തു. ഒടുവിൽ ഡിഎൻഎ പരിശോധനയിൽ തിവാരി തന്നെയാണ് രോഹിത്തിന്റെ പിതാവ് എന്ന് തെളിഞ്ഞു. പിന്നീട് തിവാരി രോഹിതിനെ മകനായി സ്വീകരിക്കുകയും ചെയ്തു. 2018 ലാണ് തിവാരി അന്തരിച്ചത്.
ന്യൂസ് ഡെസ്ക്
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അന്തരിച്ച കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം.മാണിക്ക് ആദരാഞ്ജലി അർപ്പിക്കാനും കുടുംബാംഗങ്ങളെ നേരിൽ കാണാനുമായി പാലായിൽ എത്തി. പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ എത്തിയ അദ്ദേഹം ബന്ധുക്കളുമായി 15 മിനിറ്റോളം സംസാരിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് അദ്ദേഹം പാലായിൽ എത്തിയത്. പാലാ സെന്റ് തോമസ് കോളജിന്റെ ഗ്രൗണ്ടിൽ അദ്ദേഹം ഹെലികോപ്ടറിൽ ഇറങ്ങി. രാഹുലിന്‍റെ വരവറിഞ്ഞ് നൂറുകണക്കിന് ആളുകൾ പാലായിൽ തടിച്ചുകൂടിയിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം മൂലം വൻ സുരക്ഷാ ക്രമീകരണങ്ങൾക്കാണ് പാലാ സാക്ഷ്യം വഹിച്ചത്.
പത്തനംതിട്ടയിലെ പ്രചാരണ യോഗത്തിനു ശേഷമാണ് രാഹുൽ ഗാന്ധി പാലായിൽ എത്തിയത്. കേരളത്തിന്‍റെ ശബ്ദമായിരുന്ന നേതാവായിരുന്നു കെ.എം.മാണിയെന്നും മുതിർന്ന നേതാവിന്‍റെ വാക്കുകൾ താൻ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകൻ ജോസ് കെ.മാണി ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ രാഹുലിനെ സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ്-എം എംഎൽഎമാർ, നേതാക്കൾ, കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയ നേതാക്കളുടെ വൻനിര രാഹുലിനൊപ്പം ഉണ്ടായിരുന്നു.
മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും കിഫ്‌ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോൾ അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു.
1941ല്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിലായിരുന്നു ജനനം. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളില്‍ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടിയ അദ്ദേഹം ആലുവ യു.സി. കോളേജ്, തിരുവനന്തപുരം എന്‍ജിനീയറിംങ്ങ് കോളെജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസവും നേടി.1964 ല്‍ ഐ.എ.എസില്‍ പ്രവേശിച്ചു.
ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും, സ്‌പെഷ്യല്‍ കലക്ടറുമായി 08-09-1971 മുതല്‍ പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്ന 26-01-1972 മുതല്‍ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്ടറായിരുന്നു.
ബാബുപോള്‍ എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടുകയുണ്ടായി.
ബിനോയി ജോസഫ്
ആ പ്രിയ നേതാവ് പാലായെ സ്നേഹിച്ചു. ആ നഗരം സ്വന്തം നേതാവിനെ കൈവെള്ളയിൽ പരിപാലിച്ചു. പ്രിയ നേതാവിന്റെ വേർപാടിൽ പാലാ തേങ്ങി. പാലായെയും പാലാക്കാരെയും ഏറെ സ്നേഹത്തോടെ സേവിച്ച മാണിസാർ അന്ത്യ വിടയ്ക്കായി നഗരവീഥിയിലൂടെ വഹിക്കപ്പെട്ടു. പാലായിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. നിറകണ്ണുകളോടെ തങ്ങളുടെ പ്രിയ നേതാവിനെ യാത്രയയയ്ക്കുവാൻ മലബാറടക്കമുള്ള മലയോര മേഖലകളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തിയത്.
മാണി സാറിന്റെ പാലായിലെ വസതിയിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ തങ്ങളുടെ നേതാവിനൊപ്പം ആയിരങ്ങളാണ് അണിചേർന്നത്. ഒരു പുഞ്ചിരിയോടെ തന്റെ വസതിയിൽ ഏവരെയും സ്വീകരിച്ചിരുന്ന മാണിസാർ അവസാന യാത്രയ്ക്കായി പുറപ്പെട്ടപ്പോൾ ദു:ഖം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞവർ നിരവധിയായിരുന്നു.
“മാണിസാർ മരിക്കുന്നില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ”.. എന്ന മുദ്രാവാക്യവുമായി നൂറുകണക്കിനു പേർ മാണി സാറിന്റെ ശവമഞ്ചത്തിന് അകമ്പടി സേവിച്ചു. അര നൂറ്റാണ്ട് കാലം താൻ പടുത്തുയർത്തിയ നഗരത്തിന്റെ വിരിമാറിലൂടെ വഹിക്കപ്പെട്ട് അന്ത്യവിശ്രമസ്ഥാനമായ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വിലാപയാത്ര എത്തിച്ചേർന്നു.
രാഷ്ട്രീയ രംഗത്തെ നൂറു കണക്കിന് പ്രമുഖരും നിരവധി ബിഷപ്പുമാരും വൈദികരും സന്യസ്തരും ഇടവക ജനങ്ങളും മാണിസാറിനെ ജീവനുതുല്യം സ്നേഹിച്ച ആയിരങ്ങളും കത്തീഡ്രലിന്റെ അങ്കണത്തിൽ ആദരവോടെ കാത്തു നിന്നു. ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം കേരളം കണ്ട രാഷ്ട്രീയ ഇതിഹാസത്തിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിടവാങ്ങൽ നൽകി.
മാണി സാറിനൊപ്പം ഊണിലും ഉറക്കത്തിലും സന്തത സഹചാരികളായി പ്രവർത്തിച്ചിരുന്ന നിരവധി കേരളാ കോൺഗ്രസ് പ്രവർത്തകർ ഹൃദയവേദനയിൽ നുറുങ്ങുമ്പോൾ കേരള കോൺഗ്രസിന്റെ പതാക മൃതശരീരത്തിൽ അണിയിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അന്ത്യചുംബനത്താൽ തങ്ങളുടെ കുടുംബനാഥന് വിട നല്കി. പാലാക്കാരുടെ സ്നേഹമറിഞ്ഞ് പാലായുടെ മാണിക്യം പാലായുടെ മണ്ണിൽ അടക്കപ്പെട്ടു. ഒരു യുഗത്തിന്റെ അന്ത്യം.. അതെ മാണി സാർ ഇനി ഓർമ്മകളിൽ മാത്രം.
കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെഎം മാണി അന്തരിച്ചു. 86 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാണി വൈകിട്ട് 4.47നാണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ അരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കുശേഷം ഗുരുതരമായി. വൈകിട്ട് 4.57ന് മരണം സ്ഥിരീകരിച്ചു. ഇന്ന് കോട്ടയത്ത് പൊതുദര്‍ശനം. ഉച്ചയ്ക്കുശേഷം പാലായിലേക്ക് കൊണ്ടുപോകും. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
നഷ്ടമായത് ഒരു പടത്തലവനെയാണെന്ന് എ.കെ. ആന്‍റണി. യുഡിഎഫിനും ജനാധിപത്യചേരിക്കും വലിയ നഷ്ടമെന്ന് ഉമ്മന്‍ ചാണ്ടി. കേരള രാഷ്ട്രീയത്തിലെ അതികായനെന്ന് വി.എസ്.അച്യുതാനന്ദന്‍. പാലായ്ക്ക് ഹൃദയത്തില്‍ സ്ഥാനം നല്‍കിയ നേതാവെന്ന് പി.ജെ. ജോസഫ്. കെ.എം.മാണി വേറിട്ട വ്യക്തിത്വമെന്ന് കാനം രാജേന്ദ്രന്‍. വരുംതലമുറയ്ക്ക് മാതൃകയാക്കാവുന്ന നേതാവെന്ന് പി.എസ്.ശ്രീധരന്‍പിള്ള.കേരളത്തിന് നികത്താനാകാത്ത നഷ്ടമെന്ന് പിസി ജോര്‍ജും അനുസ്മരിച്ചു. അന്തരിച്ച കെഎം മാണിക്ക് അനുശോചന പ്രവാഹം തുടരുകയാണ്.
മറ്റൊരു ലോകസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രിയപ്പെട്ടവര്‍ മാണി സാര്‍ എന്ന് വിളിക്കുന്ന മാണിയുടെ വിയോഗം. പാലായില്‍ നിന്ന് 52 വര്‍ഷം എം.എല്‍.എയും പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗവുമായി മാണി. നാലുതവണ ധനമന്ത്രിയായ മാണി, ഏഴുതവണ നിയമവകുപ്പ് മന്ത്രിയായി. രണ്ടുതവണ ആഭ്യന്തരമന്ത്രിയുമായി.
മാവേലിക്കര: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപനും, ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രോപ്പോലീത്തയുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രോപ്പോലീത്തയുടെ പിതാവ് കല്ലുമല പൈനുവിള പുത്തന്‍ വീട്ടില്‍ റിട്ട. ക്യാപ്റ്റന്‍ പി.ജെ ബേബി(90) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച്ച 3 മണിക്ക് ഭവനത്തില്‍ നിന്ന് ആരംഭിച്ച് തുടര്‍ന്ന് 4 മണിക്ക് പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്ത്രീഡലില്‍. മൃതദേഹം ഞായറാഴ്ച്ച വൈകീട്ട് 5ന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.
ഭാര്യ തങ്കമ്മ ബേബി അയിരൂര്‍ പേക്കാവുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: മറിയാമ്മ ബേബി, ജോണ്‍ ബേബി, എലിസബത്ത് ബേബി. മരുമക്കള്‍: പരേതനായ ജോര്‍ജ് വര്‍ഗീസ്, വര്‍ഗീസ് മാത്യൂ, വല്‍സ മാത്യു.