Social Media

ഫൈസൽ നാലകത്ത്

ഈ മഹാമാരിയുടെ കാലഘട്ടത്തിൽ പ്രവാസികളുടെ മനസ്സുകൾക്ക് ശക്തിയും മനസ്സിൽ അണയാത്ത തിരിനാളവും തെളിയിച്ചു കൊണ്ട് അവസരോചിതമായ ഒരു സംഗീത സൃഷ്ടി. പ്ലേയ്‌ബാക്ക് സിങ്ങർ അഫ്സൽ സംഗീതം ചെയ്ത് ആലപിച്ച് പ്രിയ എഴുത്തുകാരൻ ചിറ്റൂർ ഗോപിയുടെ വരിയിൽ വിരിഞ്ഞ ഈ ഗാനം യൂസഫ് ലെൻസ്‌മാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.. എല്ലാ ദുരന്തങ്ങളും അതിജീവിച്ച നമ്മൾ ഈ മഹാമാരിയും ഒറ്റകെട്ടായി നേരിടും. നമുക്കേവർക്കും ഒരേ സ്വരത്തോടെ ഈ ലോകത്തോട് പറയാം” ഈ സമയവയും കടന്ന് പോകും.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും”
പിറന്ന മണ്ണ് stand with Expatriates എന്ന ഈ Survival ആൽബം നമ്മുക്കെല്ലാർക്കും എത്തിച്ചു തന്നത് മലയാളത്തിന്റെ പ്രിയങ്കരനായ ശ്രീ മമ്മൂക്കയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആണ്.

കൊവിഡ് പോസറ്റീവായ ഒരു കുട്ടിയുടെ ഫ്ലൈയിംഗ് കിസ്സാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പതിനഞ്ച് മാസം മാത്രമാണ് ഈ സുന്ദരി കുട്ടിയുടെ പ്രായം. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിഐഎംആർ) നിന്നുള്ളതാണ് വീഡിയോ.

നരേന്ദ്ര ത്യാഗി എന്ന സീനിയർ നഴ്സിനൊപ്പമാണ് കുഞ്ഞിന്റെ കളി. കുട്ടി ഫ്ലൈയിംഗ് കിസ് നൽകുന്നതും നരേന്ദ്ര ത്യാഗിക്ക് ഹസ്തദാനം ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. പ്രതിരോധ വസ്ത്രങ്ങളൊക്കെ ധരിച്ചാണ് നഴ്സ് കുട്ടിയുടെ അടുക്കൽ നിൽക്കുന്നത്. അമ്മ പറയുന്ന കാര്യങ്ങളാണ് അതുപോലെ ഈ കൊച്ചുമിടുക്കി ചെയ്യുന്നത്.

ചണ്ഡിഗഡിലെ സെക്ടർ 30ലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. അമ്മ ഒഴികെയുള്ള അവളുടെ എല്ലാ കുടുംബാംഗങ്ങളെയും കൊവിഡ് പോസിറ്റീവ് രോ​ഗികളായിരുന്നു. മറ്റ് കുടുംബാംഗങ്ങളെ ഡിസ്ചാർജ് ചെയ്തപ്പോൾ കുട്ടി ഇപ്പോഴും ആശുപത്രിയിൽ തന്നെ കഴിയുകയാണെന്ന്.

 

ലോക്ക് ഡൗണില്‍ പ്രണയസാഫല്യം. 28 ദിവസം ഒരേവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞശേഷം ഗുജറാത്തിപ്പെണ്‍കുട്ടിയെ കോഴിക്കാട് സ്വദേശിയായ യുവാവ് വരണമാല്യമണിയിച്ചു. കുണ്ടൂപ്പറമ്പ് സ്വദേശി ഉജജ്വല്‍ രാജും മുംബൈക്കാരിയായ ഹേതല്‍ മോദിയുമാണ് ലോക്ക് ഡൗണില്‍ വിവാഹിതരായത്.

നാലുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. യുകെ. മാഞ്ചസ്റ്ററിലെ സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. കുണ്ടൂപ്പറമ്പ് ‘ഉജ്ജ്വല്‍കൃഷ്ണ’ വീട്ടിലെ റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ പുത്തന്‍പുരയിലിന്റെയും അനിതാ രാജിന്റെയും മകനായ ഉജ്ജ്വല്‍ രാജ് ഓസ്‌ട്രേലിയയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്.

ഹേതല്‍ മോദി മുംബൈയില്‍ ഐ.ടി. മാനേജരും. ഗുജറാത്തി കുടുംബത്തിലെ അംഗമായ ഹേതല്‍ മുംബൈയിലാണ് സ്ഥിരതാമസം. ഇരുവരുടെയും ബന്ധത്തില്‍ ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. ഏപ്രില്‍ അഞ്ചിനായിരുന്നു കോഴിക്കോട്ട് വെച്ച് ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്.

എന്നാല്‍ അതിനിടെ കൊറോണ വില്ലനായി എത്തി. മാര്‍ച്ച് 17-നുതന്നെ ഉജ്ജ്വല്‍ നാട്ടിലെത്തി. 14 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടതിനാല്‍ അമ്മയായ ചേതനാ മോദിക്കൊപ്പം വധുവും ഉജ്ജ്വലിന്റെ വീട്ടിലേക്കെത്തി. ലോക്ഡൗണിന്റെ തലേന്ന് രാത്രിയായിരുന്നു അവരുടെ വരവ്. അങ്ങനെയാണ് വധുവും അമ്മയും വരന്റെ വീട്ടില്‍ ക്വാറന്റൈനിലായി.

ഏപ്രില്‍ 5ന് ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹം പിന്നീട് മെയ് ഏഴിന് എടക്കാട് ക്ഷേത്രത്തിലേക്കുമാറ്റുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ ശേഷം കല്ലായി കളരിക്കല്‍ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ദേവീക്ഷേത്രസന്നിധിയില്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ അങ്ങനെ ഉജ്വലും ഹേതലും വിവാഹിതരായി.

കൊറോണ മാനദണ്ഡങ്ങളനുസരിച്ചായിരുന്നു വിവാഹം. വധൂവരന്മാരും അടുത്ത ബന്ധുക്കളുമുള്‍പ്പെടെ 15 പേരാണ് പങ്കെടുത്തത്. എല്ലാവരും മുഖാവരണമണിഞ്ഞ് ഒരു കാറില്‍ മൂന്നുപേര്‍ മാത്രമായി യാത്ര. ലോക്ക് ഡൗൺ ആയതിനാൽ ഹേതലിന്റെ സഹോദരനായ വിവേക് മോദിക്കും ഭാര്യ ഹണിക്കും മുംബൈയില്‍ നിന്നെത്താനായില്ല.

എങ്കിലും ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും സുഹൃത്തുക്കളും നാട്ടിലെ ബന്ധുക്കളുമടക്കം എണ്‍പതോളം പേര്‍ വിവാഹമംഗളവും അനുഗ്രഹവുമായി മുഹൂര്‍ത്തസമയത്ത് സൂം ആപ്പിലൂടെ ഓണ്‍ലൈനിലെത്തിയിരുന്നു.

ഇടുക്കിയുടെ പ്രഥമ മെത്രാനും കുടിയേറ്റ കർഷകരുടെ പ്രിയങ്കരനുമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻെറ നിര്യാണത്തെ തുടർന്ന് ഫാദർ ജോസഫ് പൗവത്തിൽ എഴുതിയ ഹൃദയസ്പർശിയായ അനുഭവക്കുറിപ്പ് വളരെയധികം ശ്രദ്ധേയമാണ്. മരണശേഷവും പിതാവിനെ അധിക്ഷേപിച്ചവർക്കുള്ള രൂക്ഷ വിമർശനങ്ങളാണ് ഫാദറിൻെറ ഫെയ്സ്ബുക്ക് കുറിപ്പിലുള്ളത്.

ഫാദർ ജോസഫ് പൗവ്വത്തിലിൻെറ ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണരൂപം

അഭിവന്ദ്യപിതാവേ വിട….

ആത്മീയതയുടെ ആൽമരച്ചില്ലയിൽ ചേക്കേറിയ വെള്ളരിപ്രാവിന്റെ
സ്വർണതൂവൽ കുടഞ്ഞെറിഞ്ഞ് നിത്യതയുടെ
കാനാൻദേശത്തേക്ക് യാത്രയായ അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന് യാത്രാമൊഴി.

അശാന്തിയുടെ പോർക്കളത്തിന് നടുവിൽ
തളരാതെ തന്റെ ചിന്തയിൽ വിരുന്നെത്തിയ നിർമ്മലമായ ചിന്തകളെ
ഈ സമൂഹത്തിന് പകർന്നു നൽകി ഇപ്പോൾ ……
തനിയെ യാത്രയാവുന്നു.

ഹൈറേഞ്ചിന്റെ മലമടക്കുകളിൽ വളർച്ചയുടെയും ഉയർച്ചയുടെയും പൊൻകിരണങ്ങൾ തൂകിയ വൈദികശ്രേഷ്ഠൻ.

സ്നേഹത്തിന്റെയും , ത്യാഗത്തിന്റെയും , പങ്കുവയ്ക്കലിന്റെയും ,
പുത്തൻശീലുകൾ പകർന്നു നൽകി
ഉയർച്ചയുടെ പടവുകൾ താണ്ടുവാൻ
നമുക്ക് വഴികൾ പറഞ്ഞു തന്ന് പച്ചമണ്ണിന്റെ ഗന്ധം വമിപ്പിക്കുന്ന കഥകളിലൂടെ
ഈ പുതുതലമുറക്ക്
നന്മയുടെ ജീവിതശൈലികൾ കാട്ടിത്തന്ന നമ്മുടെ പിതാവ് വേർപാടിന്റെ
മരണരഥത്തിൽ
ഇപ്പോൾ തനിച്ച് യാത്രയാവുന്നു.

1997ൽ കോതമംഗലം മൈനർ സെമിനാരിയിൽ ലിറ്റർജി ക്ലാസ്സിൽ ആരംഭിച്ച സ്നേഹ ബന്ധം.
2003 ൽ മെത്രാനായി പിതാവ് അഭിഷിക്തനായപ്പോൾ
സഹായി ആയി
എന്നെ നിയോഗിച്ചു.
അഭിവന്ദ്യ പിതാവിന്റെ
ആദ്യത്തെ റീജൻസിക്കാരൻ
എന്ന നിലയിൽ
എന്നോട് പ്രത്യേകപരിഗണന കാട്ടി.

ഈശോമിശിഹായ്ക്കുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ (ഫിലിപ്പി 2,5) എന്ന വചനത്തിൽ അധിഷ്ഠിതമായ
പിതാവിന്റെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും
എന്നെ ഏറെ സ്വാധീനിച്ചു.
2007 ൽ തിരുപ്പട്ടം നൽകി എന്നെ അഭിഷേകം ചെയ്തു.
3 വർഷം KCYM രൂപത ഡയറക്ടറായി സേവനം ചെയ്തപ്പോഴും
തുടർന്നും പിതാവിന്റെ
സ്നേഹവും പരിലാളനയും ആവോളം അനുഭവിച്ചു.
ആരോടും പകയില്ലാതെ
ഉള്ള കാര്യങ്ങൾ
വിളിച്ചു പറയുമ്പോഴും കർഷകർക്കു വേണ്ടി നിലകൊള്ളുമ്പോഴും അനുഭവിച്ചറിഞ്ഞ വിശ്വാസത്തെ അദ്ദേഹം മുറുകെ പിടിച്ചു.

തന്റെ ബോധ്യങ്ങളോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിയ നിഷ്കളങ്കനായ ഇടുക്കിക്കാരനാണ്
ദൈവത്തിന്റെ പക്കലേക്ക് യാത്രയാവുന്നത്.

അഭിവന്ദ്യ പിതാവേ അങ്ങ്
ദൈവത്തിന്റെ ഭവനത്തിലേക്ക് യാത്രയാവുമ്പോൾ ഒരിക്കലും മരിക്കാത്ത നല്ല ഓർമ്മകൾ ജനഹൃദയങ്ങളിൽ വർഷിച്ചു.
അങ്ങയുടെ വാക്കുകൾ
രാഷ്ട്രീയകോമരങ്ങൾക്ക് പലപ്പോഴും സഹിക്കാൻ പറ്റിയില്ല. അന്ധമായ രാഷ്ട്രീയമല്ല ,
നാടിന്റെനന്മയാണ്
ആവശ്യമെന്ന്
അങ്ങ് ലോകത്തെ ബോധ്യപ്പെടുത്തി.

രാഷ്ട്രീയത്തിനും
മതത്തിനും
സമുദായത്തിനും
അപ്പുറത്ത്
മനുഷ്യനെമനുഷ്യനായി കാണാൻ,
സഹോദരനെ സഹോദരനായി കാണാൻ
അങ്ങ് പഠിപ്പിച്ചു.
പിതാവേ മാപ്പ്……

അങ്ങയെ മനസ്സിലാക്കാനും ഉൾക്കൊള്ളുവാനും സാധിക്കാതെ പോയ
രാഷ്ട്രീയതിമിരം
ബാധിച്ച അന്ധകാരശക്തികൾക്കു വേണ്ടി……
ബോധ്യം വന്ന നിലപാടുകളിൽ അങ്ങ് ഉറച്ച് നിന്നപ്പോൾ
ധാരാളം ചീത്തവിളികളും പഴിചാരലുകളും കേട്ടു.

മരണശേഷവും
രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ അങ്ങയെ ഉപയോഗിക്കുന്നു. അതാണ് അങ്ങയുടെ മഹത്വം.

കർഷകർക്കു വേണ്ടി
അങ്ങ് നിലപാട് എടുത്തതിന്റെ പേരിൽ
അങ്ങയെ പ്രതികൂട്ടിലാക്കിയ രാഷ്ട്രീയ പാർട്ടികൾ ഒരുവശത്ത്.
* മൃഗീയ ഭൂരിപക്ഷം കിട്ടിയതിന്റെ പേരിൽ അഹങ്കരിക്കുന്നവർ.
ഒരു കാര്യം സത്യമാണ്.
ഈ കിട്ടിയ മൃഗീയ
* ഭൂരിപക്ഷത്തെക്കാൾ
കൂടുതൽ *ആളുകൾ
അങ്ങയുടെ *കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കുന്ന
ഒരുകാലം സമീപത്തുണ്ട്.

*അധികാരത്തിന്റെ ഹുങ്ക് മുതലാക്കി രാഷ്ട്രീയകളികൾക്ക് നേതൃത്വം നൽകുന്ന
ഭരണപക്ഷംമറുവശത്ത്. ധിക്കാരത്തിന്റെ വാക്കുകളിലൂടെ ഉത്തരവ് പുറപ്പെടുവിച്ച് പിതാവിനെ ആക്ഷേപിക്കുന്നു. ശവസംസ്കാരത്തിൽ 20 പേർക്ക് പങ്കെടുക്കാം എന്ന് പറയുമ്പോഴും അങ്ങേക്ക്
ആ അവകാശം നിഷേധിക്കപ്പെട്ടു.
ശവമഞ്ചം കുഴിയിലേക്ക് ഇറക്കാൻ 6 പേരെങ്കിലും വേണമെന്ന് സമാന്യ ബോധം പോലും ഇല്ലാതെ ഇറക്കിയ ഉത്തരവ്.
മരിച്ചവരെ കാണരുത് എന്ന്
ഒരു ഉത്തരവിലും പറഞ്ഞിട്ടില്ല. അങ്ങേക്ക് അതും നിഷേധിച്ച ഭരണാധികാരികൾ.

അങ്ങയുടെ ഈ പാവപ്പെട്ട ജനങ്ങൾക്ക് അങ്ങയെ ഒരുനോക്ക് കാണാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു.

ഇതിനെതിരെ ശബ്ദമുയർത്താൻ തിരഞ്ഞെടുപ്പ് കാലത്ത് *അരമനകയറിനിരങ്ങിയ
ഒരു ജനപ്രതിനിധിക്കും
നാവ് ഇല്ലാതെ പോയല്ലോ എന്നോർത്ത് ലജ്ജിക്കുന്നു.

*അവസാനം അങ്ങയുടെ ശവമഞ്ചം ചുമക്കാൻ

*ജനപ്രതിനിധികൾ
ഇടിച്ചുകയറുമ്പോൾ
അവരുടെ ആത്മാർത്ഥത ഞങ്ങൾക്ക് മനസ്സിലാകും.

പിതാവേ…. കാലചക്രം എത്ര ഓടിയാലും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.
അങ്ങ് കാണിച്ച് തന്ന സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും തുറവിയുടെയും മാർഗ്ഗം ഞങ്ങൾ ഉൾക്കൊള്ളുന്നു.

അങ്ങ് സമാധാനത്തോടെ പോവുക.

അങ്ങേക്ക് അഭിമാനിക്കാം. അങ്ങയെ ആക്ഷേപിച്ച
ഒരു രാഷ്ട്രീയ നേതാക്കൻമാരും
അങ്ങയുടെ വിടവാങ്ങൽ യാത്രയിൽ
*മുതലക്കണ്ണീർ പൊഴിക്കാൻ വന്നില്ല എന്നതിൽ…
വൈരാഗ്യം പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൻമാർക്കും വേണ്ടി അങ്ങയോട് ചേർന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു. …………

പിതാവേ ഇവരോട് ക്ഷമിക്കണമേ. ഇവർ ചെയ്യുന്നത് എന്താണന്ന് ഇവർ അറിയുന്നില്ല…..

മദ്യപിച്ചു ലക്ക് കെട്ട യുവാവ് വിഷപ്പാമ്പിനെ കടിച്ചുമുറിച്ചു കൊന്നു. നിര്‍മ്മാണ തൊഴിലാളിയായ കുമാര്‍ എന്ന യുവാവാണ് മദ്യ ലഹരിയില്‍ പാമ്പിനെ കടിച്ചു മുറിച്ചു കൊന്നത്. കര്‍ണാടകയിലെ കോളാര്‍ ജില്ലയിലെ മുള്‍ബാഗലിലാണ് സംഭവം. യുവാവ് മദ്യപിച്ചു തിരികേ വരുന്ന വഴിയിലായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് – മദ്യപിച്ചു തിരികേ വരികയായിരുന്ന ഇയാളുടെ ടൂവീലറിന് പാമ്പ് വട്ടം ചാടി. തുടര്‍ന്നുള്ള ദേഷ്യത്തില്‍ ഇയാള്‍ പാമ്പിനു മുകളിലൂടെ തന്റെ ടൂ വീലര്‍ കയറ്റി ഇറക്കി. വേദന കൊണ്ടു പുളഞ്ഞ പാമ്പ് സ്വയരക്ഷക്കായി ഇയാളുടെ മുകളിലേക്ക് പാഞ്ഞുകയറി യുവാവിന്റെ കഴുത്തില്‍ ചുറ്റി. കഴുത്തില്‍ ചുറ്റിയ പാമ്പിനെയും കൊണ്ട് കുറച്ചു ദൂരം യാത്ര ചെയ്ത ഇയാള്‍ അല്‍പ സമയം കഴിഞ്ഞ് വണ്ടി നിര്‍ത്തി പാമ്പിനെ കടിച്ചു കൊല്ലുകയായിരുന്നു.

”എന്റെ വഴി തടയാന്‍ നിനക്കെങ്ങിനെ ധൈര്യം വന്നു” എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇയാള്‍ പാമ്പിനെ കടിച്ചു കൊന്നത് എന്നാണ് ദൃക്ഷാഷികള്‍ പറയുന്നത്. ചെറിയ കഷണങ്ങളാക്കിയാണ് യുവാവ് പാമ്പിനെ കടിച്ചുമുറിച്ച് കൊന്നത്. ഇയാള്‍ പാമ്പിനെ കൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

രാവിലെയും, പാമ്പ് ബൈക്കിന്റെ അടിയില്‍ പെട്ടിരുന്നു. അതുകൊണ്ടുള്ള ദേഷ്യം കൊണ്ടാണ് പാമ്പിനെ കൊന്നതെന്ന് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പാമ്പ് വിഷമുള്ളതാണോ എന്ന് അറിയില്ല. എന്നാല്‍ തനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ഇതുവരെ ഡോക്ടറെ കാണാന്‍ പോയില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കര്‍ണാടകയില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മദ്യ വില്‍പ്പന ശാലകളില്‍ ഇന്നലെ മുതലാണ് മദ്യ വില്‍പ്പന ആരംഭിച്ചത്.

 

പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈഗറിന്റെ തലസ്ഥാനത്ത് മെയ് നാലിന് വീശിയടിച്ച മണല്‍ക്കാറ്റ് വിസ്മയക്കാഴ്ചകളാണ് സൃഷ്ടിച്ചത്. പശ്ചിമാഫ്രിക്കയില്‍ മണല്‍ക്കാറ്റ് ഒരു പുതിയ കാര്യമല്ലെങ്കിലും ഇത്തവണത്തെ കാറ്റിന്റെ ചിത്രവും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈററലാണ്.

ഒരു ചിത്രത്തില്‍ നിയാമിയിലെ കെട്ടിടത്തിനടുത്ത് നൂറുമീറ്ററോളം മീറ്റര്‍ ഉയരത്തില്‍ ഒരു വലിയ ചുവപ്പ് മണല്‍ മതില്‍ കാണാം. മറ്റ് ചില ചിത്രങ്ങളില്‍ മണല്‍ക്കാറ്റില്‍ ചുവന്ന നിറമായ ആകാശത്തെ കാണാം.

നഗരത്തിന് മുകളിലൂടെ ഒരു വലിയ മതില്‍ പോലെ കാണപ്പെടുന്ന മണല്‍ക്കാറ്റ് ആകര്‍ഷകമായ കാഴ്ച സമ്മാനിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് മണല്‍ക്കാറ്റിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ മണല്‍ക്കാറ്റിന്റെ വീഡിയോയും ഫോട്ടോയും പങ്കുവെക്കുന്നുണ്ട്.

ഇതിനു മുന്‍പ് 2019 സെപ്റ്റംബര്‍ 25 നാണ് ഈ പ്രതിഭാസം ഉണ്ടായിട്ടുള്ളത്.

 

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ ബാധിത മേഖലകളിൽ സ്വന്തം ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന അനേകം ഗാനങ്ങളും , വീഡിയോകളും പല മാധ്യമങ്ങളിലൂടെയും നമ്മൾ ഇതിനോടകം കണ്ടു കഴിഞ്ഞു . എന്നാൽ വർത്തമാന കാലത്തെ വേദനകളെ അർത്ഥവത്താക്കുന്ന വരികളുള്ള , ഹൃദയസ്പർശിയായ ഈണമുള്ള , ആർദ്രമായ ശബ്ദത്തോട് കൂടിയ ഒരു പുതിയ ഗാനം ഈ കൊറോണ കാലത്ത് നമ്മൾ കേട്ടിരുന്നോ എന്ന് ചോദിച്ചാൽ… ഇല്ല എന്ന് നിസംശയം പറയാം . യുകെ മലയാളികൾക്ക്  സുപരിചിതനായ പ്രശസ്ത ഗാനരചയിതാവ് റോയി കാഞ്ഞിരത്താനത്തിന്റെ വരികൾക്ക് ബിജു കൊച്ചുതെള്ളിയിൽ ഈണം നൽകിയ മനോഹരമായ ഗാനത്തോടു കൂടിയ ഈ സ്വാന്തന വീഡിയോ ആൽബം ഏവരുടെയും കരളലിയിപ്പിക്കും.

മരവിച്ച മനസിന് സാന്ത്വനം നൽകുന്ന മാലാഖമാരെ…..   അവസാന ശ്വാസവും തീരുന്ന നേരത്തും , അരികത്തു നിൽക്കുന്ന ദൂതർ.. പതറല്ലേ , തളരല്ലേ , നിങ്ങൾ … എന്ന് തുടങ്ങുന്ന റോയി കാഞ്ഞിരത്താനത്തിന്റെ കാലത്തിനൊത്ത വരികൾക്ക് അതിമനോഹരമായ സംഗീതമാണ് ബിജു കൊച്ചുതെള്ളിയിൽ ഈ ആൽബത്തിനായി ഒരുക്കിയിരിക്കുന്നത് . കൊറോണ ബാധിച്ച് മരണപ്പെട്ട ഓരോ രോഗികളും തങ്ങളെ പരിചരിച്ച എല്ലാ ആരോഗ്യപ്രവർത്തകരോടും പറയുവാൻ ആഗ്രഹിച്ച നന്ദി വാക്കുകളാണ് റോയി കാഞ്ഞിരത്താനം ഈ ഗാനത്തിന് വരികളായി എടുത്തിരിക്കുന്നത് . ഈ വരികളുടെ അർത്ഥവും , വേദനയും ഉൾക്കൊണ്ടുകൊണ്ട് പീറ്റർ ചേരാനെല്ലൂരും മകൾ നൈദിൻ പീറ്ററും ആലപിച്ച ഈ ഗാനം വൻ ജനപ്രീതി നേടി കഴിഞ്ഞു.  പ്രശസ്ത പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരിയും , യുകെ മലയാളികളുടെ അനുഗ്രഹീത ഗായിക അനു ചന്ദ്രയും ഈ വീഡോയോ ആൽബത്തെ ഇതിനോടകം ഹിറ്റ് ആൽബങ്ങളുടെ നിരയിൽ എത്തിച്ചു കഴിഞ്ഞു.

അനേകം നല്ല ഗാനങ്ങൾക്ക് രചനയും ഈണവും നൽകിയിട്ടുള്ള റോയി – ബിജു കൂട്ടുകെട്ടിന്റെ ഏറ്റവും നല്ല ഒരു കലാസൃഷ്‌ടിയായിട്ടാണ് ഈ ആൽബത്തെ വിലയിരുത്തപ്പെടുന്നത് . മലയാളം , ഹിന്ദി , തമിഴ് , കന്നഡ, ഇംഗ്ളീഷ് തുടങ്ങി ഭാഷകളിൽ ഈ ആൽബം ഉടൻ ഇറങ്ങുന്നതായിരിക്കും . അതോടൊപ്പം വിവിധ രാജ്യങ്ങളിലുള്ള അനേകം നല്ല ഗായകരും ഈ ഗാനം ആലപിച്ചിട്ടുണ്ട് . അയ്യായിരത്തോളം ഭക്തി ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിക്കുകയും , ഹൃദയസ്പർശിയായ നല്ല ഗാനങ്ങൾ മലയാളത്തിന് സംഭാവന ചെയ്തിട്ടുള്ളതുമായ പ്രശസ്ത സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലുരും മകൾ നൈദിൻ പീറ്ററും , ദുബൈയിൽ നിന്നുള്ള ജോസ് ജോർജ്ജ് , കേരളത്തിൽ നിന്നും ജോജി കോട്ടയം , ഓസ്‌ട്രേലിയയിൽ നിന്നുള്ള ജോബി കൊരട്ടി , അമേരിക്കയിൽ നിന്നും ഡിയാന , ബഹറിനിൽ നിന്നുള്ള ലീന അലൻ , സിഡ്‌നിയിൽ നിന്നും ജിൻസി , ഷാർജയിൽ നിന്നുള്ള ബെറ്റി തുടങ്ങിയവർ ആലപിച്ച ഗാനം ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു .

ഗ്ലോസ്റ്റർഷെയറിന്റെ ഭാവഗായകൻ സിബി ജോസഫ് , ഡോ : ഷെറിൻ ജോസ് യുകെ തുടങ്ങിയവർ ഉടൻ തന്നെ ഈ ഗാനം ആലപിക്കുന്നതായിരിക്കും . അയർലണ്ടിൽ നിന്നുള്ള ഐ വിഷൻ ചാനലിന്റെ ഉടമയായ ശ്രീ : മാർട്ടിൻ വർഗീസ്സും , യുകെയിലുള്ള ബെർണാഡ് ബിജുവും , ബെനഡിക്ട് ബിജുവുമാണ് ഈ ആൽബത്തിന്റെ ഓഡിയോ വീഡിയോ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് .

മനോഹരമായ ഈ ഗാനം ആസ്വദിക്കുവാൻ താഴെയുള്ള യൂ ടൂബ് ലിങ്കുകൾ സന്ദർശിക്കുക

[ot-video][/ot-video]

[ot-video][/ot-video]

 

പ്രാരാബ്ധങ്ങളെ പൊതുതിത്തോൽപ്പിച്ചു കൊണ്ട് ശ്രീധന്യ കോഴിക്കോടിന്റെ അസിസ്റ്റന്റ് കലക്‌ടറായി ചുമതലയേറ്റു. വയനാട് ജില്ലയിൽ നിന്നുള്ള ആദ്യ ഐഎഎസ് സ്വന്തമാക്കിയ ശ്രീധന്യ, കടന്നുവന്ന വഴികളുടെ കഷ്ടപ്പാട് വ്യക്തമാക്കുന്നൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീധന്യയെ വീട്ടിെലത്തി സന്ദർശിച്ചൊരു സെലിബ്രിറ്റി ഉണ്ട്. ശ്രീധന്യയുടെ കുടുംബം നേരിടുന്ന കഷ്ടപ്പാടുകൾ നേരിട്ട് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ അതിനുള്ള മാർഗവും കണ്ടെത്തി. കുട്ടികൾക്ക് കിടക്കാൻ കട്ടിലും സാധനങ്ങൾ വയ്ക്കാൻ അലമാരയും അദ്ദേഹം നൽകുകയുണ്ടായി. മറ്റാരുമല്ല നടൻ സന്തോഷ് പണ്ഡിറ്റ് ആണ് അന്ന് വയനാട്ടിലെ പൊഴുതനിയിലുളള ശ്രീധന്യയുടെ ഭവനത്തിലെത്തി സഹായം നൽകിയത്.

ശ്രീധന്യ അസിസ്റ്റന്റ് കലക്ടർ കസേരയിൽ ഇരിക്കുമ്പോൾ അന്നത്തെ ആ വിഡിയോയും സന്തോഷ് പണ്ഡിറ്റ് എഴുതിയ കുറിപ്പും വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

ശ്രീധന്യയുടെ വിജയവാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് അവരുടെ വീട്ടിൽ എത്തിയത്. വീടിന്റെ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ് അപ്പോൾ തന്നെ അടിയന്തരമായി ആവശ്യമുള്ള കട്ടിലും മെത്തയും ഷെൽഫും ഏതാനും കസേരകളും വാങ്ങി നൽകിയ ശേഷമാണ് താരം മടങ്ങിയത്. താനൊരു കോടിശ്വരൻ ഒന്നുമല്ല, എങ്കിലും എനിക്ക് സാധിക്കുന്നത് ചെയ്തുതരാമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

എന്താണ് ഉടൻ അത്യാവശ്യമുള്ള സാധനങ്ങളെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് ഇവ നൽകിയത്. ഒരുപാട് പേർ അഭിനന്ദനങ്ങളും വാഗ്ദാനങ്ങളും നൽകിയെങ്കിലും ആദ്യമായിട്ടാണ് ഒരാൾ ആവശ്യം പറഞ്ഞപ്പോൾ തന്നെ, അത് നിറവേറ്റ് തരുന്നതെന്ന് നന്ദിയോടെ ശ്രീധന്യയുടെ അച്ഛൻ പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് വീട് സന്ദർശിക്കുന്ന വിഡിയോയും അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

അന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ്:

ഞാൻ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ എത്തി, ഇത്തവണ ഐഎഎസ് നേടിയ ശ്രീധന്യ എന്ന മിടുക്കിയെ നേരില്‍ സന്ദ൪ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില്‍ നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാൻ സാധിച്ചതില്‍ അഭിമാനമുണ്ട്.

അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില്‍ താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവർ ഈ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രകൃതിയിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാരണം ജനം വീട്ടില്‍ തന്നെ ആയതിനാല്‍ മലിനീകരണം കുറഞ്ഞു. ഇപ്പോഴിതാ മലിനീകരണ തോത് കുറഞ്ഞതിനെ തുടര്‍ന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം എവറസ്റ്റ് കൊടുമുടി ബിഹാറിലെ ഒരു ഗ്രാമത്തില്‍ ദൃശ്യമായിരിക്കുകയാണ്.

ബിഹാറിലെ സിങ്ഖ് വാഹിനി ഗ്രാമത്തിലാണ് മൗണ്ട് എവറസ്റ്റ് കാഴ്ച ദൃശ്യമായത്. വായുമലിനീകരണം കുറഞ്ഞതാണ് ഇതിന് കാരണം. ഐഎഫ്എസ് ഓഫീസറായ പ്രവീണ്‍ കസവാന്‍ ഈ മനോഹരമായ കാഴ്ച തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നേരത്തേ മലിനീകരണം കുറഞ്ഞതിനെ തുടര്‍ന്ന് പഞ്ചാബിലെ ജലന്ധറില്‍ നിന്നും ധൗലധര്‍ കണ്ടതും ഉത്തര്‍പ്രദേശിലെ സഹരാന്‍പുരില്‍ നിന്നും ഗംഗോത്രി മലനിരകളെ കണ്ടതും ഗംഗാ നദിയിലെ ജലത്തിന്റെ തെളിമ കൂടിയതും മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൂബ്ലി നദിയില്‍ ഇന്ത്യയുടെ ഔദ്യോഗിക ജല ജീവിയായ ഗംഗാ ഡോള്‍ഫിന്‍ തിരിച്ചെത്തിയതൊക്കെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

 

ലയണൽ മെസിയുടെ ഗോൾ അനുകരിച്ച് സോഷ്യൽമീഡിയയെ അമ്പരപ്പിച്ച മിഷാൽ അബുലൈസെന്ന പന്ത്രണ്ടുകാരനെ തേടി ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും അഭിനന്ദന പ്രവാഹം. മിഷാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. മിഷാലിന്റെ ഗോളടി മികവിനെ തന്റെ ഇൻസ്റ്റഗ്രാം ഔദ്യോഗിക അക്കൗണ്ടിൽ സ്‌റ്റോറി ആക്കുകയായിരുന്നു റെയ്‌ന.

‘നമ്മളുടെ സ്വന്തം കേരളത്തിൽ നിന്ന് നമ്മളുടെ സ്വന്തം മെസി.’ എന്ന അടികുറിപ്പോടെയാണ് റെയ്‌ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ് മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശിയായ മിഷാലിന്റെ ഫ്രീകിക്ക്. ബാഴ്‌സലോണയുടെ അർജന്റീനൻ താരം ലയണൽ മെസിയുടെ ഒരു ഫ്രീകിക്ക് അതുപോലെ അനുകരിക്കുകയായിരുന്നു പന്ത്രണ്ടുകാരൻ. ഗോൾപോസ്റ്റിന്റെ ഇടതുമൂലയിലായി മുകളിൽ തൂക്കിയിട്ട ഒരു വളയത്തിലൂടെയാണ് മിഷാൽ പന്ത് കടത്തിയത്.

മലപ്പുറം ജില്ലയിലെ മമ്പാട് ഗവൺമെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മിഷാൽ. നാലാം ക്ലാസ് മുതൽ സഹോദരൻ വാജിദിനൊപ്പം ഫുട്‌ബോൾ കളിക്കാൻ തുടങ്ങിയതാണ്. മലപ്പുറം ജില്ലാ ടീമിന്റെ മുൻ ഗോൾകീപ്പറായ അബുലൈസ് കണിയനാണ് പിതാവ്.

മെസിയുടെ കടുത്ത ആരാധകനായ മിഷാൽ, പത്താം നമ്പർ ജഴ്‌സിയണിഞ്ഞ് മെസിയുടെ മാനറിസങ്ങൾ ഉൾപ്പെടെ അനുകരിച്ചാണ് പ്രകടനം കാഴ്ചവച്ചത്.

മുമ്പൊരിക്കൽ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും മിഷാൽ അനുകരിച്ച് സോഷ്യൽമീഡിയയുടെ കൈയ്യടി നേടിയിരുന്നു.

 

RECENT POSTS
Copyright © . All rights reserved