Social Media

മദ്യപിച്ചു ലക്ക് കെട്ട യുവാവ് വിഷപ്പാമ്പിനെ കടിച്ചുമുറിച്ചു കൊന്നു. നിര്‍മ്മാണ തൊഴിലാളിയായ കുമാര്‍ എന്ന യുവാവാണ് മദ്യ ലഹരിയില്‍ പാമ്പിനെ കടിച്ചു മുറിച്ചു കൊന്നത്. കര്‍ണാടകയിലെ കോളാര്‍ ജില്ലയിലെ മുള്‍ബാഗലിലാണ് സംഭവം. യുവാവ് മദ്യപിച്ചു തിരികേ വരുന്ന വഴിയിലായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് – മദ്യപിച്ചു തിരികേ വരികയായിരുന്ന ഇയാളുടെ ടൂവീലറിന് പാമ്പ് വട്ടം ചാടി. തുടര്‍ന്നുള്ള ദേഷ്യത്തില്‍ ഇയാള്‍ പാമ്പിനു മുകളിലൂടെ തന്റെ ടൂ വീലര്‍ കയറ്റി ഇറക്കി. വേദന കൊണ്ടു പുളഞ്ഞ പാമ്പ് സ്വയരക്ഷക്കായി ഇയാളുടെ മുകളിലേക്ക് പാഞ്ഞുകയറി യുവാവിന്റെ കഴുത്തില്‍ ചുറ്റി. കഴുത്തില്‍ ചുറ്റിയ പാമ്പിനെയും കൊണ്ട് കുറച്ചു ദൂരം യാത്ര ചെയ്ത ഇയാള്‍ അല്‍പ സമയം കഴിഞ്ഞ് വണ്ടി നിര്‍ത്തി പാമ്പിനെ കടിച്ചു കൊല്ലുകയായിരുന്നു.

”എന്റെ വഴി തടയാന്‍ നിനക്കെങ്ങിനെ ധൈര്യം വന്നു” എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇയാള്‍ പാമ്പിനെ കടിച്ചു കൊന്നത് എന്നാണ് ദൃക്ഷാഷികള്‍ പറയുന്നത്. ചെറിയ കഷണങ്ങളാക്കിയാണ് യുവാവ് പാമ്പിനെ കടിച്ചുമുറിച്ച് കൊന്നത്. ഇയാള്‍ പാമ്പിനെ കൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

രാവിലെയും, പാമ്പ് ബൈക്കിന്റെ അടിയില്‍ പെട്ടിരുന്നു. അതുകൊണ്ടുള്ള ദേഷ്യം കൊണ്ടാണ് പാമ്പിനെ കൊന്നതെന്ന് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പാമ്പ് വിഷമുള്ളതാണോ എന്ന് അറിയില്ല. എന്നാല്‍ തനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ഇതുവരെ ഡോക്ടറെ കാണാന്‍ പോയില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കര്‍ണാടകയില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മദ്യ വില്‍പ്പന ശാലകളില്‍ ഇന്നലെ മുതലാണ് മദ്യ വില്‍പ്പന ആരംഭിച്ചത്.

 

പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈഗറിന്റെ തലസ്ഥാനത്ത് മെയ് നാലിന് വീശിയടിച്ച മണല്‍ക്കാറ്റ് വിസ്മയക്കാഴ്ചകളാണ് സൃഷ്ടിച്ചത്. പശ്ചിമാഫ്രിക്കയില്‍ മണല്‍ക്കാറ്റ് ഒരു പുതിയ കാര്യമല്ലെങ്കിലും ഇത്തവണത്തെ കാറ്റിന്റെ ചിത്രവും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈററലാണ്.

ഒരു ചിത്രത്തില്‍ നിയാമിയിലെ കെട്ടിടത്തിനടുത്ത് നൂറുമീറ്ററോളം മീറ്റര്‍ ഉയരത്തില്‍ ഒരു വലിയ ചുവപ്പ് മണല്‍ മതില്‍ കാണാം. മറ്റ് ചില ചിത്രങ്ങളില്‍ മണല്‍ക്കാറ്റില്‍ ചുവന്ന നിറമായ ആകാശത്തെ കാണാം.

നഗരത്തിന് മുകളിലൂടെ ഒരു വലിയ മതില്‍ പോലെ കാണപ്പെടുന്ന മണല്‍ക്കാറ്റ് ആകര്‍ഷകമായ കാഴ്ച സമ്മാനിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് മണല്‍ക്കാറ്റിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ മണല്‍ക്കാറ്റിന്റെ വീഡിയോയും ഫോട്ടോയും പങ്കുവെക്കുന്നുണ്ട്.

ഇതിനു മുന്‍പ് 2019 സെപ്റ്റംബര്‍ 25 നാണ് ഈ പ്രതിഭാസം ഉണ്ടായിട്ടുള്ളത്.

 

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ ബാധിത മേഖലകളിൽ സ്വന്തം ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന അനേകം ഗാനങ്ങളും , വീഡിയോകളും പല മാധ്യമങ്ങളിലൂടെയും നമ്മൾ ഇതിനോടകം കണ്ടു കഴിഞ്ഞു . എന്നാൽ വർത്തമാന കാലത്തെ വേദനകളെ അർത്ഥവത്താക്കുന്ന വരികളുള്ള , ഹൃദയസ്പർശിയായ ഈണമുള്ള , ആർദ്രമായ ശബ്ദത്തോട് കൂടിയ ഒരു പുതിയ ഗാനം ഈ കൊറോണ കാലത്ത് നമ്മൾ കേട്ടിരുന്നോ എന്ന് ചോദിച്ചാൽ… ഇല്ല എന്ന് നിസംശയം പറയാം . യുകെ മലയാളികൾക്ക്  സുപരിചിതനായ പ്രശസ്ത ഗാനരചയിതാവ് റോയി കാഞ്ഞിരത്താനത്തിന്റെ വരികൾക്ക് ബിജു കൊച്ചുതെള്ളിയിൽ ഈണം നൽകിയ മനോഹരമായ ഗാനത്തോടു കൂടിയ ഈ സ്വാന്തന വീഡിയോ ആൽബം ഏവരുടെയും കരളലിയിപ്പിക്കും.

മരവിച്ച മനസിന് സാന്ത്വനം നൽകുന്ന മാലാഖമാരെ…..   അവസാന ശ്വാസവും തീരുന്ന നേരത്തും , അരികത്തു നിൽക്കുന്ന ദൂതർ.. പതറല്ലേ , തളരല്ലേ , നിങ്ങൾ … എന്ന് തുടങ്ങുന്ന റോയി കാഞ്ഞിരത്താനത്തിന്റെ കാലത്തിനൊത്ത വരികൾക്ക് അതിമനോഹരമായ സംഗീതമാണ് ബിജു കൊച്ചുതെള്ളിയിൽ ഈ ആൽബത്തിനായി ഒരുക്കിയിരിക്കുന്നത് . കൊറോണ ബാധിച്ച് മരണപ്പെട്ട ഓരോ രോഗികളും തങ്ങളെ പരിചരിച്ച എല്ലാ ആരോഗ്യപ്രവർത്തകരോടും പറയുവാൻ ആഗ്രഹിച്ച നന്ദി വാക്കുകളാണ് റോയി കാഞ്ഞിരത്താനം ഈ ഗാനത്തിന് വരികളായി എടുത്തിരിക്കുന്നത് . ഈ വരികളുടെ അർത്ഥവും , വേദനയും ഉൾക്കൊണ്ടുകൊണ്ട് പീറ്റർ ചേരാനെല്ലൂരും മകൾ നൈദിൻ പീറ്ററും ആലപിച്ച ഈ ഗാനം വൻ ജനപ്രീതി നേടി കഴിഞ്ഞു.  പ്രശസ്ത പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരിയും , യുകെ മലയാളികളുടെ അനുഗ്രഹീത ഗായിക അനു ചന്ദ്രയും ഈ വീഡോയോ ആൽബത്തെ ഇതിനോടകം ഹിറ്റ് ആൽബങ്ങളുടെ നിരയിൽ എത്തിച്ചു കഴിഞ്ഞു.

അനേകം നല്ല ഗാനങ്ങൾക്ക് രചനയും ഈണവും നൽകിയിട്ടുള്ള റോയി – ബിജു കൂട്ടുകെട്ടിന്റെ ഏറ്റവും നല്ല ഒരു കലാസൃഷ്‌ടിയായിട്ടാണ് ഈ ആൽബത്തെ വിലയിരുത്തപ്പെടുന്നത് . മലയാളം , ഹിന്ദി , തമിഴ് , കന്നഡ, ഇംഗ്ളീഷ് തുടങ്ങി ഭാഷകളിൽ ഈ ആൽബം ഉടൻ ഇറങ്ങുന്നതായിരിക്കും . അതോടൊപ്പം വിവിധ രാജ്യങ്ങളിലുള്ള അനേകം നല്ല ഗായകരും ഈ ഗാനം ആലപിച്ചിട്ടുണ്ട് . അയ്യായിരത്തോളം ഭക്തി ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിക്കുകയും , ഹൃദയസ്പർശിയായ നല്ല ഗാനങ്ങൾ മലയാളത്തിന് സംഭാവന ചെയ്തിട്ടുള്ളതുമായ പ്രശസ്ത സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലുരും മകൾ നൈദിൻ പീറ്ററും , ദുബൈയിൽ നിന്നുള്ള ജോസ് ജോർജ്ജ് , കേരളത്തിൽ നിന്നും ജോജി കോട്ടയം , ഓസ്‌ട്രേലിയയിൽ നിന്നുള്ള ജോബി കൊരട്ടി , അമേരിക്കയിൽ നിന്നും ഡിയാന , ബഹറിനിൽ നിന്നുള്ള ലീന അലൻ , സിഡ്‌നിയിൽ നിന്നും ജിൻസി , ഷാർജയിൽ നിന്നുള്ള ബെറ്റി തുടങ്ങിയവർ ആലപിച്ച ഗാനം ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു .

ഗ്ലോസ്റ്റർഷെയറിന്റെ ഭാവഗായകൻ സിബി ജോസഫ് , ഡോ : ഷെറിൻ ജോസ് യുകെ തുടങ്ങിയവർ ഉടൻ തന്നെ ഈ ഗാനം ആലപിക്കുന്നതായിരിക്കും . അയർലണ്ടിൽ നിന്നുള്ള ഐ വിഷൻ ചാനലിന്റെ ഉടമയായ ശ്രീ : മാർട്ടിൻ വർഗീസ്സും , യുകെയിലുള്ള ബെർണാഡ് ബിജുവും , ബെനഡിക്ട് ബിജുവുമാണ് ഈ ആൽബത്തിന്റെ ഓഡിയോ വീഡിയോ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് .

മനോഹരമായ ഈ ഗാനം ആസ്വദിക്കുവാൻ താഴെയുള്ള യൂ ടൂബ് ലിങ്കുകൾ സന്ദർശിക്കുക

[ot-video][/ot-video]

[ot-video][/ot-video]

 

പ്രാരാബ്ധങ്ങളെ പൊതുതിത്തോൽപ്പിച്ചു കൊണ്ട് ശ്രീധന്യ കോഴിക്കോടിന്റെ അസിസ്റ്റന്റ് കലക്‌ടറായി ചുമതലയേറ്റു. വയനാട് ജില്ലയിൽ നിന്നുള്ള ആദ്യ ഐഎഎസ് സ്വന്തമാക്കിയ ശ്രീധന്യ, കടന്നുവന്ന വഴികളുടെ കഷ്ടപ്പാട് വ്യക്തമാക്കുന്നൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീധന്യയെ വീട്ടിെലത്തി സന്ദർശിച്ചൊരു സെലിബ്രിറ്റി ഉണ്ട്. ശ്രീധന്യയുടെ കുടുംബം നേരിടുന്ന കഷ്ടപ്പാടുകൾ നേരിട്ട് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ അതിനുള്ള മാർഗവും കണ്ടെത്തി. കുട്ടികൾക്ക് കിടക്കാൻ കട്ടിലും സാധനങ്ങൾ വയ്ക്കാൻ അലമാരയും അദ്ദേഹം നൽകുകയുണ്ടായി. മറ്റാരുമല്ല നടൻ സന്തോഷ് പണ്ഡിറ്റ് ആണ് അന്ന് വയനാട്ടിലെ പൊഴുതനിയിലുളള ശ്രീധന്യയുടെ ഭവനത്തിലെത്തി സഹായം നൽകിയത്.

ശ്രീധന്യ അസിസ്റ്റന്റ് കലക്ടർ കസേരയിൽ ഇരിക്കുമ്പോൾ അന്നത്തെ ആ വിഡിയോയും സന്തോഷ് പണ്ഡിറ്റ് എഴുതിയ കുറിപ്പും വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

ശ്രീധന്യയുടെ വിജയവാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് അവരുടെ വീട്ടിൽ എത്തിയത്. വീടിന്റെ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ് അപ്പോൾ തന്നെ അടിയന്തരമായി ആവശ്യമുള്ള കട്ടിലും മെത്തയും ഷെൽഫും ഏതാനും കസേരകളും വാങ്ങി നൽകിയ ശേഷമാണ് താരം മടങ്ങിയത്. താനൊരു കോടിശ്വരൻ ഒന്നുമല്ല, എങ്കിലും എനിക്ക് സാധിക്കുന്നത് ചെയ്തുതരാമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

എന്താണ് ഉടൻ അത്യാവശ്യമുള്ള സാധനങ്ങളെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് ഇവ നൽകിയത്. ഒരുപാട് പേർ അഭിനന്ദനങ്ങളും വാഗ്ദാനങ്ങളും നൽകിയെങ്കിലും ആദ്യമായിട്ടാണ് ഒരാൾ ആവശ്യം പറഞ്ഞപ്പോൾ തന്നെ, അത് നിറവേറ്റ് തരുന്നതെന്ന് നന്ദിയോടെ ശ്രീധന്യയുടെ അച്ഛൻ പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് വീട് സന്ദർശിക്കുന്ന വിഡിയോയും അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

അന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ്:

ഞാൻ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ എത്തി, ഇത്തവണ ഐഎഎസ് നേടിയ ശ്രീധന്യ എന്ന മിടുക്കിയെ നേരില്‍ സന്ദ൪ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില്‍ നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാൻ സാധിച്ചതില്‍ അഭിമാനമുണ്ട്.

അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില്‍ താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവർ ഈ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രകൃതിയിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാരണം ജനം വീട്ടില്‍ തന്നെ ആയതിനാല്‍ മലിനീകരണം കുറഞ്ഞു. ഇപ്പോഴിതാ മലിനീകരണ തോത് കുറഞ്ഞതിനെ തുടര്‍ന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം എവറസ്റ്റ് കൊടുമുടി ബിഹാറിലെ ഒരു ഗ്രാമത്തില്‍ ദൃശ്യമായിരിക്കുകയാണ്.

ബിഹാറിലെ സിങ്ഖ് വാഹിനി ഗ്രാമത്തിലാണ് മൗണ്ട് എവറസ്റ്റ് കാഴ്ച ദൃശ്യമായത്. വായുമലിനീകരണം കുറഞ്ഞതാണ് ഇതിന് കാരണം. ഐഎഫ്എസ് ഓഫീസറായ പ്രവീണ്‍ കസവാന്‍ ഈ മനോഹരമായ കാഴ്ച തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നേരത്തേ മലിനീകരണം കുറഞ്ഞതിനെ തുടര്‍ന്ന് പഞ്ചാബിലെ ജലന്ധറില്‍ നിന്നും ധൗലധര്‍ കണ്ടതും ഉത്തര്‍പ്രദേശിലെ സഹരാന്‍പുരില്‍ നിന്നും ഗംഗോത്രി മലനിരകളെ കണ്ടതും ഗംഗാ നദിയിലെ ജലത്തിന്റെ തെളിമ കൂടിയതും മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൂബ്ലി നദിയില്‍ ഇന്ത്യയുടെ ഔദ്യോഗിക ജല ജീവിയായ ഗംഗാ ഡോള്‍ഫിന്‍ തിരിച്ചെത്തിയതൊക്കെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

 

ലയണൽ മെസിയുടെ ഗോൾ അനുകരിച്ച് സോഷ്യൽമീഡിയയെ അമ്പരപ്പിച്ച മിഷാൽ അബുലൈസെന്ന പന്ത്രണ്ടുകാരനെ തേടി ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും അഭിനന്ദന പ്രവാഹം. മിഷാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. മിഷാലിന്റെ ഗോളടി മികവിനെ തന്റെ ഇൻസ്റ്റഗ്രാം ഔദ്യോഗിക അക്കൗണ്ടിൽ സ്‌റ്റോറി ആക്കുകയായിരുന്നു റെയ്‌ന.

‘നമ്മളുടെ സ്വന്തം കേരളത്തിൽ നിന്ന് നമ്മളുടെ സ്വന്തം മെസി.’ എന്ന അടികുറിപ്പോടെയാണ് റെയ്‌ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ് മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശിയായ മിഷാലിന്റെ ഫ്രീകിക്ക്. ബാഴ്‌സലോണയുടെ അർജന്റീനൻ താരം ലയണൽ മെസിയുടെ ഒരു ഫ്രീകിക്ക് അതുപോലെ അനുകരിക്കുകയായിരുന്നു പന്ത്രണ്ടുകാരൻ. ഗോൾപോസ്റ്റിന്റെ ഇടതുമൂലയിലായി മുകളിൽ തൂക്കിയിട്ട ഒരു വളയത്തിലൂടെയാണ് മിഷാൽ പന്ത് കടത്തിയത്.

മലപ്പുറം ജില്ലയിലെ മമ്പാട് ഗവൺമെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മിഷാൽ. നാലാം ക്ലാസ് മുതൽ സഹോദരൻ വാജിദിനൊപ്പം ഫുട്‌ബോൾ കളിക്കാൻ തുടങ്ങിയതാണ്. മലപ്പുറം ജില്ലാ ടീമിന്റെ മുൻ ഗോൾകീപ്പറായ അബുലൈസ് കണിയനാണ് പിതാവ്.

മെസിയുടെ കടുത്ത ആരാധകനായ മിഷാൽ, പത്താം നമ്പർ ജഴ്‌സിയണിഞ്ഞ് മെസിയുടെ മാനറിസങ്ങൾ ഉൾപ്പെടെ അനുകരിച്ചാണ് പ്രകടനം കാഴ്ചവച്ചത്.

മുമ്പൊരിക്കൽ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും മിഷാൽ അനുകരിച്ച് സോഷ്യൽമീഡിയയുടെ കൈയ്യടി നേടിയിരുന്നു.

 

കൊറോണ വൈറസ് പോരാട്ടത്തില്‍ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിറകൈയ്യടികളാണ് ജനം നല്‍കുന്നത്. ഇപ്പോള്‍ സമാനമായ സംഭവമാണ് ബംഗളൂരുവില്‍ അരങ്ങേറിയിരിക്കുന്നത്. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ബംഗളൂരുവിലെ ഡോ. വിജയശ്രീയെയാണ് നിറഞ്ഞ കൈയ്യടിയോടെ അയല്‍വാസികള്‍ സ്വീകരിച്ചത്. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടായിരുന്നു അയല്‍ക്കാര്‍ വിജയശ്രീക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കിയത്.

നാട്ടുകാരുടെ ആശംസയ്ക്കിടെ വികാരഭരിതയായ ഡോക്ടര്‍ കണ്ണീര്‍ പൊഴിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഡോക്ടറെ സ്വീകരിക്കുന്നതിന്റെ വീഡിയോ ബംഗളൂരു മേയര്‍ എം ഗൗതം കുമാര്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ആശംസകളുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

എംഎസ് രാമയ്യ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ കൊവിഡ് രോഗികളെ പരിചരിച്ച ശേഷമായിരുന്നു ഡോക്ടര്‍ മടങ്ങിയെത്തിയത് മേയര്‍ ട്വീറ്റ് ചെയ്യുന്നു. അതേസമയം, ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി രാജ്യത്തെ ആശുപത്രികള്‍ക്കു മുകളില്‍ ഇന്ന് വ്യോമസേന പുഷ്പവൃഷ്ടി നടത്തിയിരുന്നു.

കേരളം ഉള്‍പ്പടെയുള്ള ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടിയും നാവിക സേന കപ്പലുകള്‍ ലൈറ്റ് തെളിയിച്ചും കൊവിഡ് പോരാളികള്‍ക്ക് ആദരവ് അറിയിച്ച് ഇന്ത്യന്‍ സൈന്യം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്.

കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് മുകളിലൂടെ ഇവ പറന്നാണ് കൊവിഡിനെതിരേ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ആശുപത്രികള്‍ക്കു മുകളില്‍ പുഷ്പവൃഷ്ടി നടത്തിയത്. വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മിഗ് യുദ്ധ വിമാനങ്ങളും ഫ്ലൈപാസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്.

സേനയുടെ ബാന്‍ഡ് മേളവും വിവിധയിടങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദരസൂചകമായി നാവിക സേന കപ്പലുകള്‍ ദീപാലംകൃതമാക്കുകയും ചെയ്തു. കൂടാതെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാനങ്ങളും യാത്രാ വിമാനങ്ങളും ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പറക്കും.

ഫ്ലൈപാസ്റ്റിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. വിവിധയിടങ്ങളില്‍ പുഷ്പ വൃഷ്ടി നടത്തി. രാവിലെ 9നും 10നുമിടക്ക് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ആശുപത്രികള്‍ക്കു മുകളിലാണ് വ്യോമ സേനയുടെ പുഷ്പവൃഷ്ടി. ഇറ്റാനഗര്‍, ഗുവാഹട്ടി, ഷില്ലോങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 10.30നാണ് വ്യോമ സേന പുഷ്പവൃഷ്ടി നടത്തുക. കൊറോണക്കെതിരേയുള്ള ആരോഗ്യരംഗത്തെയും പോലീസിലെയും പോരാളികള്‍ക്ക് വ്യോമ സേന ഗുവാഹട്ടിയില്‍ ബാന്‍ഡ് മേളവും നടത്തും.

ഉത്തര്‍പ്രദേശില്‍ 10.15നും 10.30നുമിടക്കാണ് പുഷ്പവൃഷ്ടി. ഡല്‍ഹിയില്‍ 10നും 11നുമിടക്ക് വിമാനങ്ങള്‍ പറക്കും. കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിനും ജനറല്‍ ആശുപത്രിക്കും മുകളിലാണ് വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തുക.

അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാക്കുകയാണ് പെന്റഗൺ ഔദ്യോഗികമായി പങ്കുവച്ചിരിക്കുന്ന വിഡിയോ. വർഷങ്ങൾക്ക് മുൻപ് തന്നെ പ്രചരിച്ച വിഡിയോകൾ വ്യാജമല്ലെന്ന് ഇതോടെ വ്യക്തമാവുകയാണ്. ‌മൂന്നു വിഡിയോകളാണ് പെന്റഗൺ പുറത്തുവിട്ടത്.യുഎസ് നാവിക സേനയിലെ പൈലറ്റുമാർ 2004 ലും 2015 ലും പറക്കലിനിടെ കണ്ട തിരിച്ചറിയാൻ സാധിക്കാത്ത ചില ബഹിരാകാശ വസ്തുക്കളുടെ ദൃശ്യങ്ങളാണ് ഇവയിൽ.

2004ലുള്ള വിഡിയോയിൽ പസിഫിക് സമുദ്രത്തിനു മുകളിൽ വർത്തുളാകൃതിയിലുള്ള വസ്തു പറന്നുനിൽക്കുന്നതിന്റെ അവ്യക്തചിത്രമാണുള്ളത്. ഇതു പിന്നീട് അതിവേഗം ഉയരുന്നതും കാണാം. ഒരു വസ്തു ഇത്ര വേഗത്തിൽ ചലിക്കുന്നതു താൻ കണ്ടിട്ടില്ലെന്ന് സംഭവത്തിനു ദൃക്സാക്ഷിയായ കമാൻഡർ ഡേവിഡ് ഫ്രേവർ പറഞ്ഞു.

2015 ലെ വിഡിയോകളിൽ ആകാശത്ത് അതിവേഗം സഞ്ചരിക്കുന്ന ചില വസ്തുക്കളുടെ ചിത്രങ്ങളാണ്. ഇതിലൊരെണ്ണം വട്ടംകറങ്ങുന്നതായും കാണാം.ഈ വിഡിയോകൾ ചില സ്ഥാപനങ്ങൾ നേരത്തേ പുറത്തുവിട്ടിരുന്നു.തുടർന്ന് ഇവ അന്യഗ്രഹ ജീവികളുടെ വാഹനങ്ങളാണെന്ന് (യുഎഫ്ഒ) ഒരു കൂട്ടരും മറിച്ച് വ്യാജദൃശ്യങ്ങളാണെന്നു വേറൊരു കൂട്ടരും വാദിച്ചു.പെന്റഗണിന്റെ വെളിപ്പെടുത്തലോടെ വിഡിയോ സത്യമെന്നു തെളിഞ്ഞിരിക്കുകയാണ്.എന്നാൽ ഇവ അന്യഗ്രഹ വാഹനങ്ങളാണോയെന്ന സംശയം ബാക്കിയാണ്.

ഹൃദയം നിറച്ച് സ്വീകരണം….. പൊട്ടിക്കരഞ്ഞ് ഡോക്ടർ, കോവി‍ഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ തീവ്രപരിചരണ വാർഡിൽ ദിവസങ്ങളോളം ഡ്യൂട്ടി നോക്കി മടങ്ങിയ ഒരു വനിതാ ഡോക്ടറെ കുടുബാംഗങ്ങളും പരിസരവാസികളും സ്വീകരിക്കുന്നതാണ് വിഡിയോയയിൽ കാണുന്നത്.

പ്ലക്കാർഡുകൾ പിടിച്ചും പുഷ്പങ്ങൾ വര്‍ഷിച്ചുമാണ്‌ ഡോക്ടറെ അവർ സ്വീകരിക്കുന്നത്. വീടിനു മുന്നിൽ തന്നെ വരവേൽക്കാനെത്തിയവരെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ട് ഡോക്ടർക്ക്. അവർ പൊട്ടിക്കരയുന്നതും ഒരു ബന്ധു ചേർത്തു പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വിറ്റർ പേജിൽ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘ഇതുപോലെയുള്ള നിമിഷങ്ങൾ ഹൃദയത്തെ സന്തോഷം കൊണ്ടു നിറയ്ക്കും. ഇതാണ് ഇന്ത്യയുടെ ചൈതന്യം. നമ്മൾ സധൈര്യം കോവിഡിനെതിരെ പോരാടും. ആ പോരാട്ടത്തിന്റെ മുൻ‌നിരയിൽ‌ പ്രവർത്തിക്കുന്നവരെക്കുറിച്ച് നമ്മൾ എന്നും അഭിമാനം കൊള്ളും’– മോദി ട്വിറ്ററിൽ കുറിച്ചു.

 

പ്രതിരോധത്തിനായി രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ഒരുപറ്റം ആരോഗ്യപ്രവർത്തകരുടെ സംഘമാണ് സ്വജീവൻ പോലും നോക്കാതെ രോഗത്തെ രാജ്യത്തു നിന്നു തുടച്ചു നീക്കാൻ മണിക്കൂറുകളോളം പിപിഇ കിറ്റുകൾക്കും മുഖാവരണങ്ങൾക്കുമുള്ളിൽ അഹോരാത്രം പ്രവർത്തിക്കുന്നതും. എന്നാൽ ഇവർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നുണ്ടോ എന്നത് മിക്കപ്പോഴും ചോദ്യചിഹ്നമാണ്. കോവിഡ് വാർഡിൽ നിന്ന് വീടുകളിലേക്ക് എത്തുന്ന പലരും തിക്താനുഭവൾ പങ്കുവയ്ക്കുമ്പോഴും അതിൽ നിന്നു വ്യത്യസ്തമാവുകയാണ് ഈ വീഡിയോ… ഇതുപോലെയുള്ള നിമിഷങ്ങൾ കാണുമ്പോൾ ഉറപ്പിക്കാം…. നമ്മൾ കോവിഡിനെ അതിജീവിക്കും

RECENT POSTS
Copyright © . All rights reserved