Social Media

വിമാനയാത്രയ്ക്കിടെ ആകെപ്പാടെ ഒരു വീർപ്പ് മുട്ടൽ തോന്നിയതിനെ തുടർന്ന് എമർജൻസി വാതിൽ തുറന്നിട്ട യുവതി അറസ്റ്റിൽ. ചൈനയിലെ വൂഹാനിൽ നിന്നും ലാസോയിലേക്ക് യാത്ര ചെയ്ത യുവതിയാണ് ശുദ്ധവായു കടക്കാൻ എമർജൻസി വാതിൽ തുറന്നത്.

അടിയന്തരഘട്ടങ്ങളിൽ മാത്രം തുറക്കാനുള്ളതാണ് എമര്‍ജൻസി വാതിൽ. അപകടമാണെന്നും തുറക്കരുതെന്നും സഹയാത്രികർ പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും യുവതി കൂട്ടാക്കിയില്ല. ഉടൻ തന്നെ വിമാനജീവനക്കാർ പൊലീസുമായി ബന്ധപ്പെട്ടു.

യുവതിയെ പൊലീസിൽ ഏൽപ്പിച്ച ശേഷമാണ് യാത്ര തുടർന്നത്. യാത്രയ്ക്കിടയിൽ വല്ലാതെ വീർപ്പ്മുട്ടൽ തോന്നിയെന്നും കുറച്ച് ശുദ്ധവായുവും കാറ്റും ലഭിക്കുന്നതിനാണ് വിൻഡോ തുറന്നതെന്നുമാണ് ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തിയത്. എന്തായാലും യുവതിയുടെ സാഹസിക പ്രകടനം കാരണം ഒരു മണിക്കൂറോളമാണ് മറ്റുള്ളവർക്ക് നഷ്ടമായത്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വെളിപ്പെടുത്തി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. വിവിപാറ്റ് മെഷീന്‍ വോട്ടിങ്ങില്‍ ഉള്‍പ്പെടുത്തിയത് തിരിമറി എളുപ്പമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്താന്‍ വിരലമര്‍ത്തുന്ന ബാലറ്റ് യൂണിറ്റ്, വോട്ട് രേഖപ്പെടുത്തപ്പെടുന്ന കണ്‍ട്രോള്‍ യൂണിറ്റ്, ആര്‍ക്കാണ് രേഖപ്പെടുത്തിയതെന്ന് പരിശോധിക്കാനുള്ള വിവിപാറ്റ് ഇവ ബന്ധിപ്പിക്കുന്നതിലെ സുരക്ഷാവിടവ് ചൂണ്ടിക്കാട്ടിയാണ് ദാദ്ര ആന്‍ഡ് നഗര്‍ഹവേലി കളക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥന്റെ വെളിപ്പെടുത്തല്‍. വിവാദം ഉദ്ദേശിച്ചല്ല വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് കണ്ണന്‍ ഗോപിനാഥന്‍   പ്രതികരിച്ചു.

വിവരങ്ങളെല്ലാം ട്വീറ്റുകളില്‍ ഉണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിലൂടെ നടത്തിയ വെളിപ്പെടുത്തല്‍

മുന്‍പ് ബാലറ്റ് യൂണിറ്റ് കണ്‍ട്രോള്‍ യൂണിറ്റുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. പക്ഷെ അവയിപ്പോള്‍ വിവിപാറ്റിലൂടെയാണ് കണക്ട് ചെയ്യുന്നത്. അതിനര്‍ത്ഥം നിങ്ങള്‍ ബാലറ്റ് യൂണിറ്റില്‍ അമര്‍ത്തുന്ന വോട്ട് നേരിട്ട് അല്ല കണ്‍ട്രോള്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എന്നാണ്. വിവിപാറ്റാണ് കണ്‍ട്രോള്‍ യൂണിറ്റുമായി ആശയവിനിമയം നടത്തുന്നത്. ഒരു മെമ്മറിയും പ്രിന്റര്‍ യൂണിറ്റും മാത്രമുള്ള ലളിതമായ പ്രൊസസറാണ് വിവിപാറ്റ്. പ്രൊസസറും പ്രോഗ്രാം ചെയ്യാവുന്ന മെമ്മറിയുമുള്ള എന്തും ഹാക്ക് ചെയ്യാനാകും. ഏതെങ്കിലും മാല്‍വെയര്‍ വിവിപാറ്റില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ആ സിസ്റ്റം മുഴുവന്‍ തകിടം മറിയും. ഇത്തരം ഡിസൈനില്‍ വിവിപാറ്റിലൂടെ വോട്ടിങ്ങ് പ്രക്രിയയില്‍ ആകെ തിരിമറി നടത്താനാകും.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 57-ാം റാങ്കോടെ പാസായ കണ്ണന്‍ ഗോപിനാഥന്‍ 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹം ഈയിടെ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചത് വിവാദമായി. പ്രളയകാലത്ത് അവധിയെടുത്ത് കേരളത്തിലെത്തി കണ്ണന്‍ ഗോപിനാഥന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും വാര്‍ത്തയായിരുന്നു. ദാദ്ര നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേഷന്‍ ഔദ്യോഗിക പ്രതിനിധിയെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുകയും ചെയ്തു.

ഡൊഡോമ∙ വെള്ളത്തിനടിയില്‍ വച്ച് കാമുകിയോടു വിവാഹാഭ്യര്‍ഥന നടത്തിയ യുവാവ് മുങ്ങി മരിച്ചു. അമേരിക്കയിലെ ലൂസിയാനയില്‍നിന്നുള്ള സ്റ്റീവന്‍ വെബെര്‍ എന്ന യുവാവാണ് ടാന്‍സാനിയയില്‍ അവധിയാഘോഷത്തിനിടെ മുങ്ങിമരിച്ചത്.

ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് പെമ്പ ദ്വീപിലാണ് സ്റ്റീവനും കാമുകി കെനേഷ അന്റോയിനും അവധിയാഘോഷിച്ചിരുന്നത്. കടലിലേക്ക് ഇറങ്ങിയിരിക്കുന്ന തരത്തില്‍ കിടപ്പുമുറിയുള്ള മരം കൊണ്ടുനിര്‍മിച്ച ക്യാബിനിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

വ്യാഴാഴ്ച കടലില്‍ നീന്തുന്നതിനിടെ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പ്ലാസ്റ്റിക് കൂടിലാക്കിയാണ് സ്റ്റീവന്‍ വിവാഹാഭ്യര്‍ഥന നടത്തിയത്. ഇതിന്റെ വിഡിയോ കെനേഷ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒരു മോതിരം കൈമാറുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വെള്ളത്തിനു മുകളിലേക്ക് ഉയരാന്‍ സ്റ്റീവനു കഴിഞ്ഞില്ല. അമേരിക്കന്‍ ടൂറിസ്റ്റ് മുങ്ങിമരിച്ചുവെന്ന് ടാന്‍സാനിയന്‍ ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സ്റ്റീവന്‍ വിവാഹാഭ്യര്‍ഥന നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നതിനെ കുറിച്ചു മുഴുവന്‍ പറയുന്നതു വരെ ശ്വാസമടക്കി പടിക്കാന്‍ എനിക്കു കഴിയില്ല. എന്നാല്‍ നിന്നെക്കുറിച്ച് ഞാന്‍ സ്‌നേഹിക്കുന്നതെല്ലാം എല്ലാദിവസവും കൂടുതല്‍ ഞാന്‍ സ്‌നേഹിക്കും. എന്റെ ഭാര്യയാകുമോ, എന്നെ വിവാഹം കഴിക്കുമോ’- എന്നാണു സ്റ്റീവന്‍ കുറിച്ചിരുന്നത്.

കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുള്ള മരുഭൂമി യാത്രയുടെ വൈറലായ വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് മറുപടിയുമായി ടി സിദ്ദിഖ്. ഇങ്ങനെ ഒരു വിശദീകരണം നല്‍കേണ്ടി വന്ന സാഹചര്യത്തേക്കുറിച്ച് ആലോചിക്കുമ്പോള്‍ ചിരിയാണ് തോന്നുന്നത്. കഴിഞ്ഞ 20ാം തിയതിയാണ് ദുബായിലെത്തുന്നത്. കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മിറ്റിയുടേത് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ക്ക് വേണ്ടിയായിരുന്നു സന്ദര്‍ശനം. മദ്യപാനിയാക്കി കാണിക്കാനുള്ള കമ്യൂണിസ്റ്റ് സഹപ്രവര്‍ത്തകരുടെ ശ്രമങ്ങളെ തള്ളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ല.

കുടുംബം തനിക്ക് മുന്നേ ദുബായില്‍ എത്തിയിരുന്നു. അവരുമൊത്തുള്ള ചില നിമിഷങ്ങള്‍ ഉപയോഗിച്ച് ഇങ്ങനെ വ്യാജ പ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ടി സിദ്ധിഖ് വീഡിയോയില്‍ പറയുന്നു. മദ്യപാനിയാണെന്ന് വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് തെളിയിക്കാന്‍ സാധിക്കുമോയെന്നും ടി സിദ്ധിഖ് ചോദിക്കുന്നു. ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും , മോശക്കാര്‍ ആക്കാനും സി പി ഐ എം തുനിഞ്ഞിറങ്ങിയാല്‍ അതിനു വഴങ്ങാന്‍ എന്നെ കിട്ടില്ല സഘാക്കളെയെന്ന കുറിപ്പോടെയാണ് ടി സിദ്ധിഖ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ടി സിദ്ദഖിന്റെ ഭാര്യ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ മരുഭൂമി യാത്ര ലൈവായി നല്‍കിയത്. ലൈവില്‍ സിദ്ദിഖ് കഴിച്ച ബ്രാന്‍ഡ് ഏതാണെന്ന് കമന്റായി ചോദിക്കുകയും ഭാര്യ ബ്രാന്‍ഡിന്റെ പേരും നല്‍കുന്നുണ്ട്.

ചൈനയിലെ യാങ്സിയിലൂടെ നീന്തുന്ന അ‍ജ്ഞാത ജീവി. കറുത്ത്, നീളത്തിലുള്ള ഒരു വസ്തു തടാകത്തിലൂടെ നീന്തുന്നതായിരുന്നു കാഴ്ച. ഒരു ഘട്ടത്തിൽ ഇതിന്റെ നീളം പത്തടി വരെയെത്തിയിരുന്നു. പക്ഷേ ജീവിക്ക് 60 അടി വരെ നീളമുണ്ടെന്നാണു വിഡിയോ കണ്ട പലരും വിലയിരുത്തുന്നത്. വിഡിയോകൾ പുറത്തെത്തി മണിക്കൂറുകൾക്കകം ചൈനീസ് സമൂഹമാധ്യമങ്ങളിലൂടെ സംഗതി വൈറലാവുകയും ചെയ്തു. ഇതെന്തു തരം ജീവിയാണെന്ന ചർച്ച ഇപ്പോഴും തുടരുകയാണ്.

നീണ്ട കഴുത്തും ദിനോസറുകളുടെ രൂപവുമുള്ള ജീവി നേരത്തെ സ്കോട്ടലന്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നെസ്സി എന്നാണ് അതിനെ ഒാമനപ്പേരിട്ടു വിളിച്ചിരുന്നത്.

എന്നാൽ അടുത്തിടെ തടാകത്തിൽ നിന്നുള്ള ഡിഎൻഎ സാംപിളുകൾ പരിശോധിച്ചപ്പോൾ നെസ്സി എന്ന ജീവിയില്ലെന്നാണു ഗവേഷകർ കണ്ടെത്തിയത്. വമ്പൻ ഈൽ മത്സ്യത്തെ നെസ്സിയായി തെറ്റിദ്ധരിച്ചതാണെന്നാണു പറയപ്പെടുന്നത്. എന്തായാലും പുതിയ ജീവിയെ നെസ്സിയുടെ ബന്ധുവായാണ് ആളുകൾ കാണുന്നത്.

ദൂരെ നിന്നുള്ള വിഡിയോ ആയതിനാൽ വ്യക്തത കുറവാണ്. കാഴ്ചയിൽ ഒരു പാമ്പിനെപ്പോലെയാണു നീന്തൽ. നദിയിലെ കനത്ത ഒഴുക്കിനെയും കൂസാതെയാണു യാത്ര. വിഡിയോകളിലെല്ലാം ജീവിയുടെ നീളൻ വാലും തലയും കാണാം. വെള്ളത്തിൽ കാണപ്പെടുന്ന ഭീമൻ പാമ്പായിരിക്കാം ഇതെന്നാണു വിദഗ്ധർ പറയുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ നദിയായ യാങ്സിയിൽ ഇത്തരം പാമ്പുകൾ ഏറെയുണ്ട് താനും. പക്ഷേ ഇത്രയേറെ വലുപ്പം അപൂർവമാണ്.

ഇതൊന്നുമല്ല, വെള്ളത്തിലൂടെ ഒഴുകി നീങ്ങിയ ഒരു കറുത്ത പ്ലാസ്റ്റിക് ഷീറ്റിനെയാണ് രാക്ഷസജീവിയാക്കി മാറ്റിയതെന്നും വാദിക്കുന്നവരുണ്ട്. വിഡിയോ എന്തായാലും ദശലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് കടപ്പുറത്ത് തിരമാലയിറ ങ്ങിയപ്പോൾ കണ്ടത് തീരം നിറയെ മത്തി. കിലോമാറ്ററുകളോളം നീളത്തിലാണ് മത്തികള്‍ തീരത്തെത്തിയത്. ഈ അപൂര്‍വ്വ പ്രതിഭാസം കാഞ്ഞങ്ങാട് തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. സമാന സംഭവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയുമധികം മത്തി കിട്ടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ് പ്രതിഭാസത്തെക്കുറിച്ച്‌ നാട്ടുകാര്‍ പറയുന്നത്.

ഗൂഗി‍ൾ മാപ്പ് നോക്കി ക്ഷേത്രത്തിലേക്കു കാറിൽ വന്നവർ ആഴമേറിയ ചിറയിൽ വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ട്.കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാറാണു വഴിതെറ്റി കൽപടവുകൾ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയിൽ എത്തിയത്.

പയ്യന്നൂർ ഭാഗത്തു നിന്നു ദേശീയപാത വഴി വന്ന കാർ ചിറവക്ക് ജംക്‌‌ഷനിൽ നിന്നു കാൽനട യാത്രക്കാർ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു. ഈ റോഡ് അൽപം മുന്നോട്ടുപോയാൽ, 4 ഏക്കറിൽ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കൽപടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാർ പടവുകൾ ചാടിയിറങ്ങി. കാർ പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീടു നാട്ടുകാർ ഏറെ പ്രയത്നിച്ചാണു കാർ തിരിച്ചു കയറ്റിയത്.

പെരുമഴ ഗുജറാത്തിൽ തിമിർത്ത് പെയ്യുന്നതൊന്നും സിംഹക്കൂട്ടത്തെ നിരുത്സാഹപ്പെടുത്തിയില്ല. എന്നാലൊരു മഴ നടത്തമായിക്കോട്ടെ എന്ന ലൈനാണ് നടത്തത്തിന്.ഏഴ് സിംഹങ്ങളടങ്ങിയ സംഘമാണ് രാത്രി നഗരം കണ്ട് ചുമ്മാ കറങ്ങി നടന്നത്.പേടിച്ച് വിറച്ചിരിക്കുകയാണ് ഗുജറാത്തിലെ ജുനഗഡുകാർ.ഗിർവനത്തിലെ സിംഹങ്ങളാകാം ഇതെന്നാണ് നിഗമനം.

കറങ്ങി നടക്കുന്ന സിംഹങ്ങളുടെ വിഡിയോ പ്രദേശവാസികളിലാരോ ആണ് പങ്കുവച്ചത്. വിഡിയോ കാണാം.

 

 

ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചാണ് ഇന്ന് ഭൂരിഭാഗം വാഹനങ്ങളുടേയും യാത്ര. അപരിചിത വഴികളില്‍ വഴി ചോദിക്കാന്‍ വണ്ടി നിര്‍ത്താതെ ഭൂപടത്തിന്റെ സഹായത്തോടെ ഗൂഗിള്‍ മാപ്പ് യാത്ര സുഗമമാക്കുമ്പോള്‍, അത് ചില ദോഷങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. ഗതാഗത തടസം ഒഴിവാക്കാന്‍ എളുപ്പമുള്ള വഴികള്‍ നിര്‍ദേശിക്കുന്ന ഗൂഗിളിന്റെ പലരെയും കുഴപ്പത്തിലാക്കിയിട്ടുള്ളത് നമ്മള്‍ കേട്ടതാണ്. അത്തരം ഒരു അനുഭവമാണ് ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ വിഭാഗം ചെയര്‍മാന്‍ മുരളി തുമ്മാരുകുടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെക്കുന്നത്

പെരുമ്പാവൂര്‍ നഗരത്തിലെ തിരക്കില്‍ നിന്നും മാറിയാണ് ഞാന്‍ വീട് വെച്ചിരിക്കുന്നത്. ചെറിയൊരു വഴിയാണ് അങ്ങോട്ടുള്ളത്. അവിടെ ജീവിക്കുന്നവര്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്, പത്തിലൊരു വീട്ടില്‍ പോലും കാറില്ല. യാതൊരു തിരക്കുമില്ലാതെ നടക്കാനും സൈക്കിള്‍ ഓടിക്കാനും പറ്റുന്ന സ്ഥലം. അതൊക്കെ കണ്ടാണ് അവിടെ വീട് വെച്ചതും.

പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി ഈ സ്ഥിതി മാറി, ഞങ്ങളുടെ വഴിയില്‍ വാഹനങ്ങളുടെ വലിയ തിരക്കാണ്. അവിടെ താമസിക്കുന്നവരുടെ എണ്ണമോ സാമ്പത്തിക ശേഷിയോ കൂടിയിട്ടില്ല, പിന്നെ ഇതെങ്ങനെ സംഭവിക്കുന്നു?

അന്വേഷണം എത്തി നില്‍ക്കുന്നത് ഗൂഗിള്‍ മാപ്പില്‍ ആണ്. ആലുവ മൂന്നാര്‍ റോഡും മെയിന്‍ സെന്‍ട്രല്‍ റോഡും (എം സി റോഡും) സന്ധിക്കുന്ന നഗരമാണ് പെരുമ്പാവൂര്‍. അവിടെ നഗരത്തില്‍ ഒരു ബൈപാസ്സ് റോഡോ ഈ രണ്ടു പ്രധാന പാതകള്‍ സന്ധിക്കുന്നിടത്ത് ഒരു ഫ്‌ളൈഓവറോ ഇല്ല. പെരുമ്പാവൂര്‍ നഗര ഹൃദയമായ ഒരു കിലോമീറ്റര്‍ കടന്നു കിട്ടാന്‍ ഒരു മണിക്കൂര്‍ എടുക്കുന്നത് ഇപ്പോള്‍ അസാധാരണമല്ല.

എന്തുകൊണ്ടാണ് പെരുമ്പാവൂരിന് വേണ്ടി പദ്ധതികള്‍ ഉണ്ടാക്കേണ്ടവര്‍ ഈ നഗരത്തെ ട്രാഫിക്കില്‍ മുക്കി കൊല്ലുന്നതെന്ന് പിന്നെ പറയാം. ഇന്നത്തെ വിഷയം അതല്ല. നഗര ഹൃദയം ട്രാഫിക്കില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ആളുകള്‍ ഇടവഴികള്‍ തേടുകയാണ്, പ്രത്യേകിച്ചും വിമാനത്താവളത്തിലേക്ക് പോകേണ്ടവര്‍. ഗൂഗിള്‍ മാപ്പ് ആ പണി എളുപ്പമാക്കുന്നു. അങ്ങനെയാണ് ഞങ്ങളുടെ വഴി അപ്രഖ്യാപിത ബൈപാസ്സ് ആയിരിക്കുന്നത്.

ഏതു വഴിയും ആരും ഉപയോഗിക്കുന്നതില്‍ നിയമപരമായി ഒരു തെറ്റുമില്ല. പക്ഷെ ഒട്ടും പരിചയമില്ലാത്ത വഴികളില്‍ കൂടി ആളുകള്‍ ഗൂഗിളിന്റെ സഹായത്തോടെ വണ്ടി ഓടിച്ചു വരുമ്പോള്‍ അപകട സാധ്യത കൂടുന്നു. വഴിയോട് ഡ്രൈവര്‍മാരും, കൂടി വരുന്ന ട്രാഫിക്കിനോട് നാട്ടുകാരും പരിചയപ്പെട്ടിട്ടില്ല. നിലവില്‍ കാറുകള്‍ മാത്രമാണ് ഗൂഗിളിലേക്ക് തിരിഞ്ഞിരിക്കുന്നത്. വലിയ വാഹനങ്ങള്‍ കൂടി ഗൂഗിള്‍ മാപ്പില്‍ എത്തുന്നതോടെ അപകട സാധ്യത പലമടങ്ങാവും. ഇത് വരെ ഒരു മേജര്‍ അപകടവും നടന്നിട്ടില്ലാത്ത ഞങ്ങളുടെ വഴിയില്‍ അപകട മരണം സംഭവിക്കാന്‍ ഇനി അധികം സമയം വേണ്ട. ആ വഴിയുള്ള നടപ്പൊക്കെ ഞാന്‍ ഇത്തവണ കൊണ്ട് നിറുത്തി. സൈക്കിളിന്റെ കാര്യം ചിന്തിക്കുക കൂടി വേണ്ട. പക്ഷെ ഭൂരിഭാഗം നാട്ടുകാരുടെ കാര്യം അതല്ലല്ലോ.

ഇത് പെരുമ്പാവൂരിലെ മാത്രം കാര്യമല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം ഗൂഗിള്‍ മാപ്പ് പുതിയ ബൈ പാസ്സുകളും കുറുക്കു വഴികളും ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ആ വഴിയില്‍ ഉള്ളവരും വാഹനം ഓടിക്കുന്നവരും ഈ മാറ്റം മനസ്സിലാക്കിയിട്ടില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം, കൂടുതല്‍ വാഹനങ്ങള്‍ ഒരു വഴി വരുന്നുണ്ടെങ്കില്‍ കൂടുതല്‍ സൈന്‍ ബോര്‍ഡുകളും, വളവും തിരിവും തിരിച്ചറിയാനുള്ള റിഫ്‌ളക്ടറുകളും, വഴി അവസാനിക്കുന്ന സ്ഥലം ഉണ്ടെങ്കില്‍ അവിടെ എന്തെങ്കിലും പ്രതിരോധവും ഉണ്ടാക്കിവെക്കണം. ഇല്ലെങ്കില്‍ അപകടങ്ങളുണ്ടാകും, വാഹനങ്ങള്‍ പാടത്തും തോട്ടിലും വീഴും, ആളുകളുടെ ജീവന്‍ പോകും.

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ ഇടവഴികളിലേക്ക് കയറുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ വണ്ടി ഓടിക്കണം. രാത്രി ആയാല്‍ ഗൂഗിള്‍ മാപ്പ് വേണ്ടെന്ന് വെക്കുന്നതാണ് കൂടുതല്‍ ബുദ്ധി.

ഇതൊന്നും സാങ്കേതിക വിദ്യയുടെ കുറ്റമല്ല. നേരിട്ടുള്ള വഴികളില്‍ ഗതാഗതം സുഗമമാക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. പക്ഷെ, വഴി വാണിഭക്കാരുടെ ചിന്താഗതിയാണ് നമ്മുടെ നഗരങ്ങളിലെ പ്രമുഖ കച്ചവടക്കാര്‍ക്ക് പോലും. പരമാവധി വാഹനങ്ങള്‍ അവരുടെ മുന്‍പില്‍ കൂടെ കടന്നു പോകുന്നതാണ് ശരിയായ ബിസിനസ്സ് തന്ത്രം എന്നാണ് അവരുടെ ചിന്ത. അതുകൊണ്ട് കടക്ക് മുന്നിലൂടെ ട്രാഫിക്ക് കുറയുന്ന എല്ലാ പരിഷ്‌കാരങ്ങളും അവര്‍ എതിര്‍ത്ത് തോല്‍പ്പിക്കുന്നു. ലോക്കല്‍ രാഷ്ട്രീയത്തിലെ മൂവേഴ്സും ഷെക്കേഴ്‌സും ഒക്കെ തന്നെ ഇത്തരം കച്ചവടക്കാരായതിനാല്‍ അതിനെതിരെ ശക്തമായ സ്റ്റാന്‍ഡ് എടുക്കാന്‍ ലോക്കല്‍ രാഷ്ട്രീയക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിയുന്നുമില്ല. ഇതും ഒരു പെരുമ്പാവൂര്‍ സ്റ്റോറി അല്ല, കേരളത്തിലെ നഗര വികസനത്തിന്റെ ട്രാജഡി ആണ്.

ഭാര്യയ്ക്ക് കിടന്നുറങ്ങാനായി വിമാനത്തിലെ തന്റെ സീറ്റ് ഒഴിഞ്ഞു നൽകിയ മനുഷ്യനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങൾ. ഒന്നും രണ്ടുമല്ല, നീണ്ട ആറുമണിക്കൂറാണ് തന്റെ സഹയാത്രികൻ നിന്നതെന്ന് കൺട്രി ലീ ജോൺസൺ എന്ന ട്വിറ്റർ ഹാൻഡിൽ കുറിച്ചു. ചിത്രം പകർത്തിയ ജോൺസൻ ഇതാണ് സ്നേഹമെന്നും കുറിച്ചിരുന്നു.

ഭാര്യയോടുള്ള സ്നേഹത്തെ പ്രശംസിച്ച ട്വിറ്ററേനിയൻസ് ഉദാത്ത സ്നേഹത്തിന്റെ മാതൃകയാണ് ചിത്രത്തിലെ മനുഷ്യനെന്നും പുകഴ്ത്തി. എന്നാൽ ചിലർ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഭർത്താവിനെ ഇങ്ങനെ നിർത്താതെ മടിയിൽ തലവച്ച് കിടന്ന് കൂടെയെന്നും ഭയങ്കര സ്വാർഥയാണ് ഭാര്യയെന്നും മറ്റ് ചിലരും കുറിച്ചു. എന്തായാലും ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ ദമ്പതിമാർ ആരെന്ന് കണ്ടെത്താനുള്ള അന്വേഷണവും സമൂഹ മാധ്യമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved