തായ്‌വാനില്‍ കൂറ്റൻ പാലം തകർന്നുവീണത് ബോട്ടുകൾക്ക് മുകളിലേയ്ക്ക്; തിരച്ചിൽ തുടരുന്നു (വീഡിയോ)

തായ്‌വാനില്‍ കൂറ്റൻ പാലം തകർന്നുവീണത് ബോട്ടുകൾക്ക് മുകളിലേയ്ക്ക്; തിരച്ചിൽ തുടരുന്നു (വീഡിയോ)
October 01 17:08 2019 Print This Article

തായ്‌വാനില്‍ പാലം തകർന്ന് ബോട്ടുകൾക്ക് മുകളിലേയ്ക്ക് വീണു. ആറ് പേർ കുടങ്ങിയതായി സംശയമുണ്ട്. ഇവർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്. തായ്‌വാനിലെ കിഴക്കൻ തീരത്തുള്ള നാൻഫാൻഗാവോയിലാണ് സംഭവം. ഒറ്റ ആർച്ച് ബ്രിഡ്ജ് ആണ് തകർന്നത്. മത്സ്യബന്ധന ബോട്ടുകൾക്ക് മുകളിലേയ്ക്കാണ് പാലം തകർന്നുവീണത്.

140 മീറ്റര്‍ നീളമുള്ള പാലം തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. മൂന്ന് മത്സ്യബന്ധന ബോട്ടുകളും ഒരു പെട്രോള്‍ ടാങ്കറുമാണ് ദുരന്തത്തിന് ഇരയായത്. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറ് പേര്‍ ഫിലിപ്പീന്‍സ് സ്വദേശികളും മൂന്ന് ഇന്‍ഡോനേഷ്യന്‍ മത്സ്യത്തൊഴിലാളികളും പെട്രോൾ ടാങ്കറിൻ്റെ ഡ്രൈവറും ഇതില്‍ ഉള്‍പ്പെടുന്നു. ടാങ്കർ പൊട്ടിത്തെറിച്ചു.

എല്ലാവരേയും രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് തായ്‌വാൻ പ്രസിഡൻ്റ് സായ് ഇങ് വെൻ മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിൻ്റെ തകർച്ചയുടെ കാരണം വ്യക്തമല്ല. 1998ലാണ് ഇത് നിർമ്മിച്ചത്. തിങ്കളാഴ്ച രാത്രി തായ്‌വാനിൽ ചുഴലിക്കാറ്റുണ്ടായിരുന്നു. കനത്ത മഴയുമുണ്ടായിരുന്നു. അതേസമയം പാലം തകർന്നുവീണ സമയത്ത് മഴയോ ശക്തമായ കാറ്റോ ഉണ്ടായിരുന്നില്ല.

മത്സ്യ അനുബന്ധ വ്യവസായങ്ങൾ പ്രധാനമാണ് തായ്‌വാനിൽ. ഫിലിപ്പീൻസ്, ഇൻഡോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തായ്‌വാനിലെ മത്സ്യ മേഖലയിൽ സജീവമാണ്. പാലത്തിൻ്റെ തകർച്ചയിൽ അന്വേഷണം തുടങ്ങിയതായി ഗതാഗത മന്ത്രി ലിൻ ചിയ ലുങ് വാർത്താ ഏജൻസിയായ എ എഫ് പിയോട് പറഞ്ഞു. 50 വർഷത്തെ കാലപരിധിയാണ് പാലത്തിന് പ്രതീക്ഷിച്ചിരുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles