Social Media

30–ലധികം വീടുകള്‍ മണ്ണിലടിയിലായ ദുരന്തത്തില്‍ ഇനിയും എത്ര ജീവനുകൾ അവശേഷിക്കുന്നുവെന്ന് പോലും അറിയില്ല. അതിനിടയിലാണ് മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് കവളപ്പാറയിലെ ദുരന്തത്തിന്‍റെ വ്യപ്തി വര്‍ധിക്കാന്‍ കാരണമെന്ന വാദമുയര്‍ത്തി ചിലര്‍ രംഗത്തുവന്നത്.

കവളപ്പാറക്കാര്‍ എന്ന പേരില്‍ ചാനല്‍ ചര്‍ച്ചകളിലും ഇവര്‍ ഇത്തരം വാദം ഉന്നയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയെന്നും നാട്ടുകാര്‍ മാറാന്‍ തയ്യാറായില്ലെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിന്‍റെ കാരണമെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഉരുള്‍പൊട്ടല്‍ നേരിട്ടനുഭവിച്ച യുവാവ് രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഒരറിയിപ്പും ഉണ്ടായിട്ടില്ലെന്നും ചാനല്‍ ചര്‍ച്ചകളില്‍ കവളപ്പാറക്കാര്‍ എന്ന പേരില്‍ പങ്കെടുക്കുന്നവര്‍ ആറും ഏഴും കിലോമീറ്റർ അപ്പുറത്തുള്ളവർ ആണെന്നും, അവരെ നേരിൽ കണ്ടാൽ ചോദിക്കാൻ നിൽക്കുകയാണ് ജീവനോടെയുള്ള കവളപ്പാറക്കാരെന്നും ദുരന്തത്തില്‍ ജേഷ്ഠനെ നഷ്ടമായ ദിനൂപ് എം നിലമ്പൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദിനൂപിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഭൂദാനം കവളപ്പാറയിലെ ദുരന്തം നാട്ടുകാരെന്നു പറഞ്ഞു ചാനലിൽ സംസാരിക്കുന്ന ചില മാന്യന്മാർക്ക് അറിയില്ലായിരുന്നു, അവിടെ എന്താണ്സംഭവിച്ചതെന്ന്, അവർ തുടക്കത്തിൽ മൈക്ക് കിട്ടിയപ്പോൾ എന്തൊക്കെയോ പറയുന്നു, സത്യം നിങ്ങളറിയണം അതുകൊണ്ടാണ് വിശദമായി എഴുതുന്നത്.

മുത്തപ്പൻ കുന്ന്, എനിക്ക് ഓർമ്മവച്ച കാലം മുതലേ കാരണന്മാർ പറയുമായിരുന്നു കുന്ന് ഇടിയും ഇടിയും എന്ന്. ആ ദുരന്തം കഴിഞ്ഞ ദിവസം നടന്നു, അതിൽ രാഷ്ട്രീയമായും അല്ലാതെയും മുതലെടുപ്പ് ആരും നടത്തേണ്ട, സത്യം ലോകം അറിയണം.

ജേഷ്ഠനെയും (വല്യച്ഛന്റെ മകന്‍) പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടതിന്‍റെ ദു:ഖത്തിലാണ് ഞങ്ങൾ. ദിവസവും രാവിലെ കാണുന്ന എത്രപേർ, കഴിഞ്ഞവർഷം ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നറിഞ്ഞ് വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ക്യാമ്പിലേക്ക് മാറ്റി. ഇപ്പോൾ കാണാതായവർ അടക്കം കുറഞ്ഞത് ഒരു മുപ്പത് പേരെങ്കിലും വീട്ടിൽ ഉണ്ടായിരുന്നു, ദിവസങ്ങളോളം എല്ലാവരും ഒരുമിച്ചു കഴിഞ്ഞിരുന്നു

ഓണത്തിന് പച്ചക്കറിയുൾപ്പെടെ കിറ്റുകൾ നൽകിയിരുന്നു ഈ വീടുകളിൽ. രണ്ടു മൂന്ന് ദിവസമായി പെയ്തമഴയിൽ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല. മൊബൈൽ നെറ്റ്‍വർക്ക് കിട്ടിയിരുന്നില്ല. സംഭവം നടക്കുന്ന ദിവസം ഉച്ചയായപ്പോഴേക്കും ചാലിയാറിലും പരിസരപ്രദേശങ്ങളിലും വെള്ളം ഉയർന്നു. കവളപ്പാറയുടെ ഒരുഭാഗം ചാലിയാറും ഒരുഭാഗം മലയുമാണ്.

ഭൂദാനത്തേക്കു പോയിരുന്നത് പനങ്കയം പാലത്തിലൂടെയായിരുന്നു. പിന്നൊരു മാർഗം ശാന്തീഗ്രാം പാലവും. ഇത് രണ്ടും വെള്ളം കയറി.പനങ്കയത്തിനും കാവളപ്പാറക്കും ഇടയിൽ തുടിമുട്ടിയിൽ വെള്ളം കയറി ഭൂദാനത്തേക്ക് പോകാൻ കഴിയാത്ത രീതിയിൽ കവളപ്പാറ നിന്നും വരുന്ന തോടിലും വെള്ളം ഉയർന്നു. പിന്നെയുള്ളത് എന്‍റെ വീടിനടുത്തുള്ള റോഡും നൂറ്റമ്പതോളം ഓളം വീടും ഒറ്റപ്പെട്ടു, അതുകൊണ്ടാണ് ഇത്രയുംഭീകരമായ അവസ്ഥയുണ്ടായത്. ആർക്കും ഇങ്ങോട്ടും പോകാൻ കഴിയില്ല, നേരം വെളുത്തിട്ട് മാത്രമെന്ന് ചിലർ പറഞ്ഞു, അല്ലാതെ ഒരുമാർഗ്ഗവുമില്ലല്ലോ..

തുടിമുട്ടിയിൽ വെള്ളം കയറിയെന്ന് വിഷ്ണു(പട്ടാളക്കാരനാണ് ലീവിന് വന്നതായിരുന്നു) പറഞ്ഞ് ഞങ്ങൾ അങ്ങോട്ട് പോയി. അവിടെ പനങ്കയത്നിന്നും തുടിമുട്ടിയിൽ നിന്നും ഉള്ള ആളുകൾ കൂടി വീടുകളിൽ വെള്ളം കയറി കുടുങ്ങിക്കിടന്ന 50 ൽ അധികം ആളുകളെ വലിയ ചെമ്പിലും ടൂബിലുമൊക്കെയാക്കി, നാല് മുതൽ രാത്രി ഏഴര വരെ ആളുകളെ വീടുകളിൽ നിന്ന് മാറ്റുകയായിരുന്നു. തുടിമുട്ടിൽ പോയി വെള്ളത്തിൽ നിന്ന് എല്ലാവരും ക്ഷീണിതരായിരുന്നു. അപകടത്തിൽ പെട്ട് രക്ഷപെട്ട ജയേട്ടൻ, കാണാതായ ജേഷ്ഠൻ, വിഷ്ണു അങ്ങനെ പതിനാലോളം പേർ.

അതുകഴിഞ്ഞു വീട്ടിലെത്തി കുളി കഴിഞ്ഞു തണുപ്പുമാറ്റാൻ ചായ കുടിക്കാൻ നിന്നു.

ജയേട്ടനും.അനീഷേട്ടനും ഞങ്ങളെ കാത്തുനിൽക്കാതെ നൂറ് മീറ്റർ അപ്പുറത്തേക്ക് ആളുകളോട് മാറാൻ വേണ്ടി പറയാൻ പോയി. പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സനീഷ് കാറുമായി ആകെ ബഹളവുമായി വന്നു. കാറിൽ നിറയെ ആളുകളായിരുന്നു, കൂട്ടത്തിൽ സിസി പ്രകാശേട്ടനും ഭാര്യയും രണ്ട് കുട്ടികളും, ഇവർ നാല് പേരും മണ്ണിൽ കുളിച്ചായിരുന്നു വന്നിരുന്നത്, നിലവിളിക്കുന്നുണ്ടായിരുന്നു. സകുപ്പാപ്പനും ശ്രീധരൻ വല്യച്ചനും വല്യമ്മയും അവിടെ വീട്ടിൽ കുടുങ്ങിയെന്നും പറഞ്ഞു. ഉടൻതന്നെ കുട്ടികൾക്ക് വീട്ടിൽ നിന്നും തുണി മാറാൻ കൊടുത്ത് ഞങ്ങൾ എട്ട് പത്തു പേർ ഉരുൾ പൊട്ടിയ സ്ഥലത്തേക്ക് പോയി. അവിടെ നിന്നും പന്തിയല്ലാത്ത ശബ്ദം കേട്ടപ്പോൾ ഞങ്ങൾ തിരികെ പൊന്നു. ഞങ്ങൾ ചായ കുടിക്കാൻ നിന്നില്ലായിരുന്നെങ്കിൽ അനീഷേട്ടന്‍റെ, വിഷ്ണുവിന്‍റെ ബാക്കിയുള്ളവരുടെ കൂടെ ഒരുപക്ഷേ ഞങ്ങളും മണ്ണിനടിയിൽ ആയിരുന്നേനെ. തുടിമുട്ടിയിലേക്ക് ഞങ്ങൾ പോകാതെ കവളപ്പാറ ഭാഗത്തേക്ക് പോയിരുന്നെങ്കിൽ ഒരുപാട് ജീവനുകൾ കൂടെയുണ്ടാകുമായിരുന്നു എന്നോർക്കുമ്പോൾ അതിലേറെ സങ്കടമാണ്.

ശേഷം അരകിലോമീറ്ററോളം നടന്നിട്ടാണ് മൊബൈൽ റെയ്ഞ്ച് കിട്ടിയത്. എല്ലാവരും കോളുകൾ ചെയ്യുന്നുണ്ട്, ആർക്കും കോൾ വിളിക്കാൻ പറ്റണില്ല, ലൈനുകളൊക്കെ ബിസിയാണ്. നെറ്റ് ചെറുതായി കിട്ടുമായിരുന്നു, ആ സമയത്താണ് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കവളപ്പാറയിൽ ഉരുൾപൊട്ടിയെന്ന്. മണിക്കൂറുകളോളം കൂടെയുണ്ടായിരുന്ന ജയേട്ടനെയും അനീഷേട്ടനെയും കാണാതായപ്പോൾ ആകെ അങ്കലാപ്പിലായി ഞങ്ങൾ. പിന്നെ പത്തുമണിക്ക് ശേഷം ഉരുൾ പൊട്ടിയ സ്ഥലത്തു പോയി തട്ടാൻ റോഡിൽ റബർ മരങ്ങൾ കണ്ടേ ഞങ്ങളെല്ലാവരും തട്ടാൻ ബാലേട്ടന്‍റെ റബർ തോട്ടത്തിന്മുകളിലേക്ക് കയറി വീണുകിടക്കുന്ന റബർ മരത്തിന്‍റെ മുകളിലൂടെ ഉരുൾ പൊട്ടിയ മണ്ണിലേക്ക് ചാടി. ഒരുകാൽ പൂർണമായും താണുപോയി. പിന്നീട് ടോർച്ച് അടിച്ചുനോക്കിയപ്പോൾ തളർന്നുപോയി. കാരണം ലൈറ്റ് എത്തുന്നിടത്തോളം ദൂരം നോക്കിയാൽ കാണാം, JCB മണ്ണ് നിരത്തിയത് പോലെ. ആകെ തകർന്നുപോയി, ഉറ്റവരും ഉടയവരും നിന്നിരുന്ന വീടും പ്രദേശവും എല്ലാം കാലിയായി കിടക്കുന്നു തിരികെ താഴേക്ക് ഇറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞങ്ങൾക്ക് എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, തിരികെ വീട്ടിലെത്തി കിടന്നും നടന്നും ഇരുന്നും നേരം വെളുപ്പിച്ചു. പിന്നീട് രാവിലെ കണ്ടത് ഹൃദയം നിറങ്ങുന്ന കാഴ്ചകളാണ്. വൈകാതെ തന്നെ ഒരുകിലോമീറ്ററോളം നടന്ന് നെറ്റ് വർക്ക് ഉള്ളിടത്ത് വന്ന് കോൾചെയ്യാൻ ആവതും ശ്രമിച്ചെങ്കിലും നടന്നില്ല. 100,101,112, പോത്തുകല്ല് പൊലീസ് സ്റ്റേഷൻ എല്ലായിടത്തേക്കും വിളിച്ചു. കോൾ പോകാതെ വന്നപ്പോഴാണ് രാവിലെ 7 ന് സഹായിക്കണമെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ഉദ്യോഗസ്ഥരുടെയോ അധികാരികളുടെയോ ഭാഗത്തു നിന്ന് ഒരു അറിയിപ്പും ഉണ്ടായിട്ടില്ല. അപകടം നടന്ന സ്ഥലത്ത് ഒരുവീടിലും അറിയിപ്പ്കൊടുത്തിട്ടും ഇല്ല. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് രണ്ട് പൊലീസുകാർ വീടിന്‍റെ അവിടെ വരെ നിന്നിരുന്നു. അപ്പോൾ ഞങ്ങൾ കവളപ്പാറ മുകളിലേക്കുള്ള റോഡിലേക്ക് വീണ മരം മുറിക്കുകയും റോഡിലെ മണ്ണ് നീക്കുകയുമായിരുന്നു. അവരവിടെ നിന്ന ശേഷം മടങ്ങിപ്പോയി. നേരേ പനങ്കയത്തെക്ക്, ശേഷം അവർക്കും വരാൻ കഴിഞ്ഞില്ല. തുടിമുട്ടിയിൽ വെള്ളം ഉയർന്നതിനാൽ മറിച്ചുള്ള വാർത്ത തികച്ചും നുണയാണ്.

വസ്തുതവിരുദ്ധമാണ് രാത്രി 8 മണിക്ക് ദുരന്തം സംഭവിച്ചിട്ട് പിറ്റേദിവസം 12 മണിയോടെയാണ് സംഭവസ്ഥലത്തേക്ക് വാഹനങ്ങളും മാധ്യമങ്ങളുംവരാൻ തുടങ്ങിയത്. അത്രയ്ക്ക് താറുമാറായികിടക്കുകയായിരുന്നു റോഡും പാലവും. സംഭവം നടന്ന് 16 മണിക്കൂർ കഴിഞ്ഞാണ് വാഹനങ്ങൾ എത്തുന്നത്, പിന്നെന്ത് രക്ഷാപ്രവർത്തനം. അറിയിപ്പ് നൽകിയെന്ന് ചാനലിൽ പറയുന്ന ചിലർ ആറും ഏഴും കിലോമീറ്റർ അപ്പുറത്തുള്ളവർ ആണ്. അവരും 16 മണിക്കൂറിന് ശേഷം ആണ് അവിടെയെത്തിയത്. അവരെ നേരിൽ കണ്ടാൽ ചോദിക്കാൻ നിൽക്കുകയാണ് ജീവനോടെയുള്ളവർ.

മനസ്സ് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു, അനീഷേട്ടനെ കാണാനില്ല, രക്ഷപെട്ടു വന്ന ജയേട്ടൻ പറഞ്ഞു. മ്മളെ അനീഷ് പോയെടാ ഏടത്തിയെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട്. വെള്ളിമുറ്റത്തേക്ക് പോയപ്പോൾ പലതവണ കണ്ണ് നിറഞ്ഞു. പിന്നീട് വല്യമ്മയെയും നടക്കാൻ പോലുംകഴിയാത്ത വല്യച്ചനെയും കൊണ്ട് ഉപ്പടക്ക് പോയപ്പോൾ എല്ലാം മനസ്സിലൊതുക്കി മൂന്നാമത്തെ ട്രിപ്പ് എന്റെ വീട്ടിലുള്ളവരെ മറ്റൊരിടത്തേക്ക് മാറ്റി ശേഷം ഒന്ന് ഒന്ന് രണ്ടു കോളുകൾ വന്നപ്പോഴേക്കും(വിഷ്ണു എന്‍ വേണുഗോപാല്‍, സുബിൻ കക്കുഴി) എന്‍റെ സങ്കടം അണപൊട്ടിയൊഴുകി കുറെ കരഞ്ഞു. കുറേനേരം അവിടെ നിർത്തിയിട്ടാണ് തിരികെപോന്നത്.

യുവ മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് എളുപ്പത്തില്‍ ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി.

ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പോലീസിനെ ശക്തമായി വിമര്‍ശിക്കുകയാണ് ഹരീഷ് പേരടി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്…. ദൃക്‌സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്… അത് ഒരു തെളിവേ അല്ല… ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന് … അത് 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവാണ് … ഐ.എ.എസ് കാരന്റെ 370 എം.എല്‍ ഉം സാധാരണക്കാരന്റെ 370 എം.എല്‍ ഉം ഒക്കെ എന്നാണ് ഒന്നാവുക- ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫ്ളോറിഡയിലുള്ള പ്രവാസി മലയാളിയാണ് പനയിൽ നിന്ന് കള്ളു ചെത്താൻ സ്വന്തമായ രീതി വികസിപ്പിച്ചെടുത്തത് . വീട്ടുമുറ്റത്ത് വളരുന്ന പനകളിൽ നിന്നാണ് അദ്ദേഹം കള്ളു ചെത്തി നല്ല മധുരകള്ള് യഥേഷ്ടം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നത് . ഒരാൾ പൊക്കമുള്ള പനയുടെ കുലകളിൽനിന്ന് നിലത്തു നിന്നുകൊണ്ടുതന്നെ അദ്ദേഹത്തിന് കള്ള് ചെത്താൻ സാധിക്കുന്നുണ്ട് .പല കുലകളിലായി 2 ലിറ്ററിൻെറ പ്ലാസ്റ്റിക് കുപ്പികളിലാണ് കള്ള് ശേഖരിക്കുന്നത് . എങ്ങനെ പനയുടെ കുലകളിൽനിന്ന് കള്ള് ശേഖരിക്കണം എന്ന് വളരെ വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട് .പ്രവാസി മലയാളിയുടെ മധുരകള്ളിനോടുള്ള ഗൃഹാതുരത്വത്തോടെയുള്ള ആഗ്രഹം അങ്ങനെ അമേരിക്കയിലും സഫലമാകുന്നു .

https://www.facebook.com/390385245169410/posts/399833417557926/

കേരളത്തിൽ കള്ള് ഉത്പാദിപ്പിക്കുന്നത് പ്രധാനമായും തെങ്ങിൽ നിന്നും പനയിൽ നിന്നും ആണ്. അധികം പുളിപ്പില്ലാത്ത മധുരകള്ള് ഔഷധപാനിയമാണ് . ലഹരി ഇല്ലാത്ത മധുരകള്ള് (നീര) ഉത്പാദിപ്പിക്കാനും വിതരണം ചെയ്യുവാനും കേരളത്തിൽ നാളികേര വികസനബോർഡ് വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു . കേരളത്തിൽ ഏകദേശം 29,536 കള്ള് ചെത്തു തൊഴിലാളികൾ ഉണ്ട് .

മാധ്യമപ്രവര്‍ത്തകന്‍ സനില്‍ കുമാര്‍ സുഷമ സ്വരാജിനെ ഓര്‍ത്തുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. സുഷമാ സ്വരാജിന്റെ വിയോഗം പലര്‍ക്കും വ്യക്തിപരമായ നഷ്ടം കൂടിയാണ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

Image result for HIV STUDENT BENSON BENCY KISSING SUSHMA SWARAJ

വാജ്‌പേയിയുടെ രണ്ടാം മന്ത്രിസഭയില്‍ സുഷമ സ്വരാജ് ആരോഗ്യമന്ത്രി ആയിരുന്ന കാലം. ഞാന്‍ സൂര്യ ടി വിയില്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍. അപ്പോഴാണ് കൊല്ലത്ത് നിന്നുള്ള ഒരു സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. രണ്ടു കൊച്ചു കുട്ടികള്‍ ബെന്‍സണും ബെന്‍സിയും എച്ച് ഐ വി ബാധിതരാണ് അവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.

കുട്ടികളുടെ മാതാപിതാക്കള്‍ എയിഡ്‌സ് ബാധിച്ച് മരിച്ചിരുന്നു. മാതാവില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം പകര്‍ന്നത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലുള്ള കുട്ടികളുടെ രോഗവിവരം സ്‌കൂളിലും നാട്ടുകാരും അറിഞ്ഞു. അതോടെ ഈ കുട്ടികള്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ മറ്റു കുട്ടികളെ അയയ്ക്കില്ലെന്നായി രക്ഷിതാക്കള്‍.

ബെന്‍സനേയും ബെന്‍സിയേയും സ്‌കൂളില്‍ അധികൃതര്‍ വിലക്കി. കുട്ടികള്‍ക്ക് ചികിത്സയ്ക്ക് പോലും പണമില്ലാതെ വലയുകയാണ് അപ്പൂപ്പനും അമ്മൂമ്മയും. ഒപ്പം നാട്ടിലെ ഒറ്റപ്പെടലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങലും.
ഇത് ചര്‍ച്ച ആക്കാന്‍ തീരുമാനിച്ചു.

അങ്ങനെ തിരുവനന്തപുരത്ത് നിന്ന് ഞാന്‍, സീ ടി വിയിലെ റോയ് മാത്യു, എന്‍ ഡി ടി വിയിലെ ബോബി നായര്‍, സി എന്‍ ബി സി യിലെ രാജേഷ് ദിവാകര്‍ എന്നിവര്‍ ക്യാമറ യൂണിറ്റുമായി കൊല്ലത്തേക്ക് തിരിച്ചു. കൊല്ലത്ത് വച്ച് ഏഷ്യാനെറ്റ് കൊല്ലം റിപ്പോര്‍ട്ടര്‍ വിനു. വി. ജോണും ചേര്‍ന്നു. ഞങ്ങള്‍ കുട്ടികള്‍ പഠിക്കുന്ന ചാത്തന്നൂരിനടുത്തുള്ള സ്‌കൂളിലെത്തി. അപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അവിടെ പി ടി എ മീറ്റിങ് നടക്കുകയാണ്. സ്ഥലം എം എല്‍ എ പ്രതാപവര്‍മ്മ തമ്പാനും മീറ്റിങ്ങിലുണ്ട്. പ്രശ്‌നം പരിഹരിക്കാനല്ല വഷളാക്കാനാണ് യോഗത്തില്‍ ഇയാള്‍ ശ്രമിച്ചത്. കുട്ടികളെ ഒരു കാരണവശാലും സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്ന് എം എല്‍ എ നിലപാട് എടുത്തു. രോഗം പകരുമത്രേ. ഇതോടെ രക്ഷിതാക്കളും ഒറ്റക്കെട്ടായി. ഇതൊക്കെ ഞങ്ങള്‍ പകര്‍ത്തി. എംഎല്‍എയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. ഞങ്ങളോട് കയര്‍ത്തു.

പിന്നീട് ഞങ്ങള്‍ ബെന്‍സന്റെയും ബെന്‍സിയുടെയും വീട്ടില്‍ പോയി. ദയനീയമായിരുന്നു അവിടുത്തെ അവസ്ഥ. മരുന്നില്ല, ഭക്ഷണമില്ല…കടക്കാരും നാട്ടുകാരും അടുപ്പിക്കുന്നില്ല. ഒറ്റപ്പെടലിന്റെ തുരുത്തില്‍ ഒരു കുടുംബം. നിസ്സഹായമായ കണ്ണുകളോടെ മരണം മുന്നില്‍ കാണുന്ന രണ്ട് കുരുന്നുകള്‍. അതൊക്കെ ഷൂട്ട് ചെയ്ത് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. വാര്‍ത്ത എല്ലാവരും അതാത് ചാനലുകളില്‍ എയര്‍ ചെയ്തു. അത് സമൂഹ മനസാക്ഷിയെ ഉണര്‍ത്തി.

അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. ഞാനും അച്ചായനും (റോയ് മാത്യു) അദ്ദേഹവുമായി ബന്ധപ്പെട്ടു. കുട്ടികള്‍ക്കും കുടുംബത്തിനും മുഖ്യമന്ത്രിയെ ഒന്നു സന്ദര്‍ശിക്കണം എന്ന ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി സമ്മതിച്ചു. അങ്ങനെ ബെന്‍സനും ബെന്‍സിക്കും ഒപ്പം ഞാനും അച്ചായനും രാജേഷ് ദിവാകറും മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തി. കസേരയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. അച്ചായന്‍ കുട്ടികളെ മുഖ്യമന്ത്രിയുടെ കസേരയ്ക്ക് അരികിലേക്ക് നീക്കി നിര്‍ത്തി. പെട്ടെന്നാണ് ആന്റണി ചാടി എഴുനേറ്റത്. അദ്ദേഹം കുട്ടികളില്‍ നിന്ന് അകലം പാലിച്ച് ദൂരേയ്ക്ക് മാറി ഒതുങ്ങി നിന്നു. അങ്ങനെ നിന്നാണ് ആന്റണി അവരോട് സംസാരിച്ചത്. കുട്ടികളെ തൊടാനോ ഒന്നു തലോടി ആശ്വസിപ്പിക്കാന്‍ പോലുമോ അദ്ദേഹം മുതിര്‍ന്നില്ല.

ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അച്ചായന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ പിആര്‍ഒ ലാലു ജോസഫിനെ ബന്ധപ്പെട്ടു. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായം ലാറ്റക്‌സിന് ചെയ്തുകൊടുക്കാന്‍ കഴിയുമോ എന്നായിരുന്നു അന്വേഷണം. അപ്പോള്‍ ലാലു ഒരു കാര്യം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി സുഷമ സ്വരാജ് അടുത്ത ദിവസം ലാറ്റക്‌സ് സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. വിഷയം അവരുടെ ശ്രദ്ധയില്‍ പെടുത്താം.

അങ്ങനെ സുഷമ ലാറ്റക്‌സിലെത്തി. സന്ദര്‍ശനത്തിനിടെ ലാലു ബെന്‍സന്റെയും ബെന്‍സിയുടെയും കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കുട്ടികളുടെ ചികിത്സ ഏറ്റെടുക്കാമെന്ന് അപ്പോള്‍ത്തന്നെ സുഷമ വ്യക്തമാക്കി.

പിറ്റേന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ സുഷമയുടെ പത്രസമ്മേളനം. സമ്മേളനത്തിനായി അവര്‍ ഡയസില്‍ ഇരുന്നപ്പോള്‍ ഞങ്ങള്‍ ബെന്‍സനെയും ബെന്‍സിയും കൊണ്ട് അവരുടെ അടുത്തെത്തി പരിചയപ്പെടുത്തി. ഒരു നിമിഷം വൈകിയില്ല. സുഷമ സ്വരാജ് രണ്ടുകുട്ടികളെയും വാരിപ്പുണര്‍ന്നു. നെറുകയില്‍ മാറി മാറി ചുംബിച്ചു. ഞങ്ങളുടെ മനസ്സ് നിറഞ്ഞു. ആ ഒരു നിമിഷം നഷ്ടപ്പെട്ട മാതൃ വാത്സല്യം ആ കുരുന്നുകള്‍ അനുഭവിച്ചിട്ടുണ്ടാകും. ബെന്‍സനും ബെന്‍സിക്കുമുള്ള സഹായം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടാണ് അന്ന് സുഷമ സ്വരാജ് മടങ്ങിയത്.

ചുംബിക്കുന്നതിനിടയില്‍ പാലത്തില്‍ നിന്ന് നിലതെറ്റി വീണ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. രാത്രി ഔട്ടിങ്ങിന് പോയ മെയ്ബത്ത്- ഹെക്റ്റര്‍ ദമ്പതികളാണ് ചുംബിക്കുന്നതിനിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. പെറുവിലാണ് സംഭവം നടന്നത്.

രാത്രി ഒരുമണിക്കായിരുന്നു ദുരന്തം സംഭിച്ചതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൈറ്റ് ക്ലബില്‍ നിന്ന് തിരിച്ചു വീട്ടിലേയ്ക്ക് പോകുന്ന വഴി വീടിന് സമീപത്തുള്ള പാലത്തില്‍ വണ്ടി നിര്‍ത്തി ഇരുവരും ചുംബിക്കുകയായിരുന്നു. മെയ്ബത്ത് പാലത്തിനു മുകളിലുള്ള കൈവരിയില്‍ കയറി ഇരുന്ന ശേഷം പാലത്തില്‍ നില്‍ക്കുകയായിരുന്ന ഹെക്റ്ററെ ചുംബിച്ചു.

ചുംബിക്കുമ്പോള്‍ ഹെക്റ്ററിനെ കാലുകള്‍ കൊണ്ട് ചുറ്റിപ്പിടിക്കുന്നതിനിടയില്‍ മെയ്ബത്തിന്റെ ബാലന്‍സ്‌ നഷ്ടപ്പെട്ട് അവര്‍ പിറകോട്ട് മറിഞ്ഞു. ഇതോടെ ഹെക്റ്ററിന്റെ കാലുകള്‍ നിലത്തു നിന്ന് ഉയരുകയും ഇരുവരും പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേയ്ക്ക് വീഴുകയുമായിരുന്നു. മെയ്ബത്ത് സംഭവ സ്ഥലത്തു വച്ചു മരിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഹെക്റ്ററും മരിച്ചിരുന്നു. തലയോട് തകര്‍ന്നാണ് ഇരുവരും മരണപ്പെട്ടത്. സി.സി.ടി.വിയില്‍ നിന്നാണ് ഈ ദാരുണ അന്ത്യത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

ഈസി ജെറ്റ് കമ്പനിയുടെ വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരിൽ ഒരാൾ, വിമാനത്തിലെ ബാക്ക് ലെസ്സ് ഇരിപ്പിടങ്ങളുടെ ചിത്രം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തത് വൈറലായി . ല്യൂട്ടൻ മുതൽ ജനീവ വരെയുള്ള യാത്രയ്ക്കിടയിലാണ് വിമാനയാത്രികയായ സ്ത്രീ തന്റെ കാമുകന് വിമാനത്തിലെ ചാരില്ലാത്ത ഇരിപ്പിടങ്ങളുടെ ചിത്രം അയച്ചു കൊടുത്തത്. ഉടൻതന്നെ ആ ചിത്രം ഇന്റർനെറ്റിൽ വയറൽ ആക്കുകയും ചെയ്തു. റയനിയർ കമ്പനി ചെയ്തതുപോലെയുള്ള ചെലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായിട്ടാകും ചാരില്ലാത്ത ഇരിപ്പിടങ്ങൾ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

അയർലൻഡിലെ ചെലവ് ചുരുങ്ങിയ വിമാന സർവീസുകളിൽ ഒന്നാണ് റയനിയർ. യാത്രയിലുടനീളം ആ സീറ്റിൽ തന്നെ ഇരുത്തുകയും, മറ്റൊരു സീറ്റ് അനുവദിച്ചു കൊടുക്കുക്കാതിരിക്കുകയും ചെയ്തതായി ട്വീറ്റിലുണ്ട്. ഈസി ജെറ്റ് കമ്പനി ആ ചിത്രം നീക്കം ചെയ്യാനായി അഭ്യർത്ഥിച്ചെങ്കിലും, ചിത്രം പോസ്റ്റ് ചെയ്ത ഹാരിസ് തയ്യാറായില്ല.

എന്നാൽ ചിത്രം കമ്പനിയെ അപകീർത്തിപ്പെടുത്താനായി പോസ്റ്റ് ചെയ്തതാണെന്നും, അത്തരം സീറ്റുകളിൽ ഒരു യാത്രക്കാരെയും ഇരിക്കാൻ അനുവദിച്ചില്ലെന്നും കമ്പനി വക്താക്കൾ അറിയിച്ചു. സുരക്ഷയാണ് തങ്ങൾക്ക് ഏറ്റവും പ്രാധാന്യമെന്നും, യാത്രക്കാർ സുരക്ഷിതരായി ഇരിക്കാനുള്ള എല്ലാ മാർഗങ്ങളും എടുത്തിരുന്നുവെന്നും അവർ അറിയിച്ചു.

ആനയ്ക്ക് കടന്നുപോകാന്‍ തീവണ്ടി നിര്‍ത്തിയ ലോക്കോ പൈലറ്റുമാരെ അമ്പരപ്പിച്ച് കാട്ടാന. ട്രെയിനിനെ തൊട്ടറിഞ്ഞ് കൂളായി നടക്കുകയും പാളത്തിന് കുറുകെ കയറി നില്‍ക്കുകയും ചെയ്യുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

പാളത്തിന് സമീപം ആനയെ കണ്ടതോടെയാണ് ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിന്‍ നിര്‍ത്തിയതോടെ ലോക്കോ ക്യാബിന് അടുത്തേക്ക് നടന്നെത്തിയ ആന ചെറിയ രീതിയില്‍ ട്രെയിന്‍ തള്ളി നീക്കാന്‍ ശ്രമിച്ചു. ഇതോടെ ഭയന്ന ലോക്കോ പൈലറ്റ് ട്രെയിന്‍ ഹോണ്‍ അടിച്ചു.

ഹോണ്‍ ശബ്ദം കേട്ട് ഭയന്നതോടെ ആന ക്യാബിന് അടുത്ത് നിന്ന് പിന്‍വാങ്ങിയെങ്കിലും പാളത്തില്‍ കയറി നിന്നു. വാതിലുകള്‍ അടയ്ക്കാനും ഹോണ്‍ അടിക്കാനും പറയുന്ന ലോക്കോ പൈലറ്റുമാരുടെ ശബ്ദത്തോട് കൂടിയുള്ള വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.

 

ലണ്ടന്‍ : വ്യത്യസ്ത കലാവിരുന്നുമായി യുകെയിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടം. കലാപരമായ കഴിവുകളുള്ള ഒരു കൂട്ടം സുഹൃത്തുക്കള്‍ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന പല സംഭവങ്ങളെയും കോര്‍ത്തിണക്കികൊണ്ട് വീഡിയോകള്‍ നിര്‍മ്മിക്കുന്നു. ടീം പപ്പടം എന്നാണ് ഈ സൗഹൃദ കൂട്ടായ്മയ്ക്ക് അവര്‍ പേര് നല്‍കിയിരിക്കുന്നത്. പപ്പടത്തിന്റെ ആദ്യ വീഡിയോ ഇതിനോടകം റിലീസ്സായി കഴിഞ്ഞു .

ഈ കൂട്ടായ്മയിലുള്ള അംഗങ്ങളുടെ കലാപരമായ വളര്‍ച്ചയാണ് ഇങ്ങനെയുള്ള വീഡിയോകള്‍ നിര്‍മ്മിക്കുന്നതിലൂടെ ടീം പപ്പടം ലക്ഷ്യമിടുന്നത്. നര്‍മ്മം തുളുമ്പുന്ന സൗഹൃദ സംഭാഷണങ്ങള്‍ വെബ് സീരീസ്സായി അവതരിപ്പിക്കുകയാണ് യുകെയിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടം. ടീം പപ്പടത്തിലെ അംഗങ്ങള്‍ തന്നെയാണ് ഈ വീഡോയോകളില്‍ അഭിനേതാക്കളാവുന്നത്. പ്രൊഫഷണല്‍ രീതിയിലല്ലാതെ മൊബൈല്‍ ഫോണും , ഡിജിറ്റല്‍ ക്യാമറയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ വെബ് സീരീസ് ടീം പപ്പടത്തിന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനല്‍ വഴിയാണ് റിലീസ് ചെയ്യുക. ആദ്യത്തെ എപ്പിസോഡായ  ”  പോയിസണ്‍  ”  ഓഗസ്റ്റ് 4ന് റിലീസ് ചെയ്തു കഴിഞ്ഞു . വെബ് സീരീസ് കൂടാതെ സ്റ്റാന്‍ഡ് എലോണ്‍ എപ്പിസോഡുകളും ഭാവിയില്‍ ചെയ്യുവാനുള്ള ഒരുക്കത്തിലാണ് ടീം പപ്പടം.

ടീം  പപ്പടത്തിന്റെ ആദ്യ വീഡിയോയ ”  പോയിസണ്‍  ” കാണുവാന്‍ താഴെയുള്ള യൂ ട്യൂബ് ലിങ്ക് സന്ദർശിക്കുക …

[ot-video][/ot-video]

ഇടുക്കി : ടാര്‍പ്പോളിന്‍ ഷീറ്റും ഫ്ളെക്സ് ബോര്‍ഡുമൊക്കെ വലിച്ചുകെട്ടി അതിനടിയില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?. ഉത്തരേന്ത്യയിലല്ല, നമ്മുടെ സ്വന്തം കേരളത്തില്‍! വാസയോഗ്യമായ വീടുകളില്ലാതെ ദുരിത ജീവിതം നയിക്കുന്നവര്‍ പതിനായിരക്കണക്കിനുണ്ട് ഇപ്പോഴും നമ്മുടെ നാട്ടില്‍. കൂടുതലും മലയോര പ്രദേശങ്ങളിലും ആദിവാസി ഊരുകളിലുമാണ്. പ്രളയത്തിനുശേഷം സ്ഥിതി വീണ്ടും വഷളായി. പലര്‍ക്കും ആ കൂരകള്‍ പോലും നഷ്ടപ്പെട്ടു. അതേസമയം ഏറ്റവുമധികം ആഡംബരവീടുകള്‍ പുതിയതായി ഉയരുന്നതും കേരളത്തിലാണ്. ഈ വൈരുധ്യങ്ങള്‍ക്കിടയിലും വീടില്ലാതെ വിഷമിക്കുന്ന പാവപ്പെട്ടവര്‍ക്ക് സഹായഹസ്തമേകുകയാണ് നാടുകാണി കപ്പൂച്ചിന്‍ ആശ്രമത്തിലെ വൈദികനായ ഫാദര്‍. ജിജോ കുര്യന്‍.

വെറും 12 ദിവസം കൊണ്ട് രണ്ടോ മൂന്നോ അംഗങ്ങളുള്ള കുടുംബത്തിനു താമസിക്കാവുന്ന ഒരു കൊച്ചുവീട്. ആകെ വേണ്ടത് രണ്ടു സെന്റ് സ്ഥലം. ചെലവ് ഒന്നര മുതല്‍ രണ്ടു ലക്ഷം രൂപ വരെ മാത്രം. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 15 വീടുകള്‍ നിര്‍മിച്ചു കൈമാറിക്കഴിഞ്ഞു. ഫെയ്‌സ്ബുക് കൂട്ടായ്മകളും പ്രവാസിമലയാളികളുമാണ് ഓരോ വീടുകളും സ്‌പോണ്‍സര്‍ ചെയ്യുന്നത്. നേരിട്ട് പണം കൈപ്പറ്റാതെ ഗുണഭോക്താക്കളെയും സ്‌പോണ്‍സറെയും ബന്ധിപ്പിക്കുകയാണ് ഫാ. ജിജോ കുര്യന്‍ ചെയ്യുന്നത്. ഒരു ബെഡ്റൂം, ബാത്റൂം, ഹാള്‍, കിച്ചന്‍ എന്നിവയാണ് 220 ചതുരശ്രയടിയില്‍ ഉള്‍ക്കൊള്ളിച്ചത്. രണ്ടു കിടപ്പുമുറിയുള്ള വീട് 300 ചതുരശ്രയടിയും.

പ്ലാനും രൂപകല്‍പനയും അച്ചന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. നിര്‍മാണത്തില്‍ സഹായിക്കുന്നത് പ്രദേശത്തുള്ള മേസ്തിരിമാരും. ചെലവ് കുറയ്ക്കാന്‍ കോണ്‍ക്രീറ്റിനു പകരം ഫൈബര്‍ സിമന്റ് ബോര്‍ഡുകള്‍ ഉപയോഗിച്ചാണ് ഭിത്തി കെട്ടുന്നത്. പല സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന പഴയ ഓടുകള്‍ കഴുകി പുനരുപയോഗിച്ചാണ് മേല്‍ക്കൂര മേയുന്നത്.


വീടുകളുടെ ഗുണഭോക്താക്കളില്‍ എല്ലാവരും പാവപ്പെട്ടവരാണ്. മക്കള്‍ ഉപേക്ഷിച്ച പ്രായമായ മാതാപിതാക്കള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച കൈകുഞ്ഞുങ്ങളുള്ള സ്ത്രീകള്‍ തുടങ്ങിയവരാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് കുടുംബങ്ങള്‍ അപേക്ഷയുമായി വന്നപ്പോള്‍ രണ്ടു മുറികളുള്ള വീടാക്കി പദ്ധതി വികസിപ്പിച്ചു. അതിന്  രണ്ടു ലക്ഷം രൂപ വരെ ചെലവ് വരുന്നുണ്ട്. ഇവരില്‍ പലരും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരോ ഉദ്യോഗസ്ഥ അനാസ്ഥയുടെ ചുവപ്പുനാടയില്‍ കുരുങ്ങിയവരോ ഒക്കെയാണ്. അവരെ സംബന്ധിച്ചിടത്തോളം ചെറുതെങ്കിലും അടച്ചുറപ്പുള്ള വീടെന്നത് വലിയ കാര്യമാണ്. ഫാദര്‍ ചൂണ്ടിക്കാട്ടുന്നു.


മിക്കപ്പോഴും ഒരു കൈലിയും ഷര്‍ട്ടുമൊക്കെയാണ് അച്ചന്റെ വേഷം. അതുകൊണ്ട് വൈദികനാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവുകയില്ല. ഒഴിവുവേളകളില്‍ ആശ്രമത്തില്‍ കൃഷിയും വളര്‍ത്തു മൃഗങ്ങളുടെ പരിപാലനവുമായി അച്ചന്‍ സജീവമാകുന്നു. പുതിയകാലത്ത് ആധ്യാത്മികത പ്രസംഗത്തില്‍ മാത്രമൊതുക്കുന്ന പട്ടക്കാരില്‍ നിന്നും പ്രവൃത്തി കൊണ്ട് വേറിട്ട് നില്‍ക്കുകയാണ് ഈ വൈദികന്‍.

സമുദ്ര ഗവേഷകർ സഞ്ചരിച്ച മുങ്ങിക്കപ്പലിനെക്കാള്‍ രണ്ടിരട്ടി വലുപ്പമുളള കൂറ്റന്‍ സ്രാവിനെ തൊട്ടടുത്ത് കണ്ട കാഴ്ച പകര്‍ത്തി ഗവേഷകര്‍. കരീബിയന്‍ ദ്വീപില്‍ നിന്നാണ് ഗവേഷകര്‍ ഈ കൂറ്റന്‍ സ്രാവിനെ കണ്ടെത്തിയത്. ഭീതിപരത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

20 അടി നീളമുളള സ്രാവ് ഗവേഷകര്‍ സഞ്ചരിച്ചിരുന്ന മുങ്ങിക്കപ്പലിന്‍റെ അടുത്തേക്ക് വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു നിമിഷം തങ്ങളുടെ ജീവന് പോലും അപകടത്തിലായേക്കുമെന്ന് ഗവേഷകര്‍ പോലും ഭയന്നു.എന്നാല്‍ മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ താഴ്ചയിലാണ് മുങ്ങിക്കപ്പല്‍ സഞ്ചരിച്ചത്.

RECENT POSTS
Copyright © . All rights reserved