Social Media

ചാലക്കുടി സ്വദേശി ദിലീപ് നാരായണന്‍ ഇരുപതു വര്‍ഷമായി പ്രവാസിയാണ്. നിലവില്‍, അബുദാബിയിലെ ഓയില്‍ കമ്പനിയില്‍ പ്രൊജക്ട് മാനേജര്‍. ‘‘പ്രവാസിയുടെ വീക്നെസ് ആണ് നൊസ്റ്റാള്‍ജിയ. നാട്ടില്‍ വന്നാല്‍ നാട്ടുഭംഗി ആസ്വദിക്കാന്‍ ഇഷ്ടം കൂടും. യാത്രകള്‍ ചെയ്യും. ഇങ്ങനെയുള്ള യാത്രകള്‍ക്കായി ബ്രാന്‍ഡഡ് ജീപ്പ് വാങ്ങി. ഒറ്റനോട്ടത്തില്‍ ആരു കണ്ടാലും ഇഷ്ടപ്പെടും. വണ്ടിയുടെ അടുത്തു വന്ന് പലരും ഫൊട്ടോയെടുക്കും. ഫൊട്ടോ എടുക്കരുതെന്ന് പറഞ്ഞാല്‍ അഹങ്കാരിയെന്ന പഴിയും. ഇങ്ങനെ ആരോ എടുത്ത ഫൊട്ടോ ജീവിതം മാറ്റിമറിച്ചു’’. ദിലീപ് നാരായണന്‍റെ വാക്കുകളാണിത്. ആ മാറ്റിമറിച്ച സംഭവം പറയാം.
പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളി

നൂറനാട് സ്റ്റേഷനില്‍ നിന്നാണ് വിളി. സംസാരിക്കുന്നത് എസ്.ഐ. ആണ്. വണ്ടിയുമായി നൂറനാട് വന്നിരുന്നോ?. എന്താണ് ജോലി? തുടങ്ങി ഒരു ഡസന്‍ ചോദ്യങ്ങളായിരുന്നു ദിലീപ് നാരായണന്‍റെ ഫോണിലേക്ക് എത്തിയത്.

എന്താണ് കാര്യമൊന്നും മനസിലായില്ല. വണ്ടിയുടെ ഉടമ ആരാണെന്ന് ചോദിച്ചു. ഫോണില്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും എസ്.ഐ. പറഞ്ഞു. പിന്നാലെ, ചാലക്കുടി പൊലീസ് വീട്ടില്‍ എത്തി. വണ്ടി നോക്കി. തിരിച്ച് നൂറനാട് പൊലീസിനോട് പറയുന്നു. ‘‘വണ്ടി ഇവിടെയുണ്ട്, ആളുമുണ്ട്’’. ദിലീപിന്‍റെ ടെന്‍ഷന്‍ വര്‍ധിച്ചു. സഹോദരിയുടെ പേരിലാണ് വണ്ടി. നമ്പറും സഹോദരിയുടേതാണ്. വില്ലേജ് ഓഫിസറാണ് സഹോദരി. ഉടനെ, സഹോദരിയെ വിളിച്ചു. മിസ്ഡ് കോളിലേക്ക് തിരിച്ചു വിളിക്കാന്‍ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍

നൂറനാട് എസ്.ഐയെ തിരിച്ചുവിളിച്ച ദിലീപിന്‍റെ സഹോദരിയോട് പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചു. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. കുട്ടി രക്ഷപ്പെട്ട് ഏതോ ഒരു വീട്ടില്‍ കയറി. വിവരമറിഞ്ഞ നാട്ടുകാര്‍ കുട്ടി പറയുന്നതെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. കുട്ടി പറയുന്ന വണ്ടിയുടെ നമ്പര്‍ താങ്കളുടേതാണെന്ന് എസ്.ഐ. പറഞ്ഞു. വില്ലേജ് ഓഫിസറുടെ പേരിലുള്ള വണ്ടി. സഹോദരനാകട്ടെ പ്രവാസി മലയാളി. ഇവരുടെ പശ്ചാത്തലം കേട്ട പൊലീസിന് എന്തോ പന്തികേടു തോന്നി. കുട്ടി പറയുന്നത് അപ്പടി ശരിയാണോ?..

ഒന്‍പതാം ക്ലാസുകാരന്‍ പറഞ്ഞ തട്ടിക്കൊണ്ടുപോകല്‍ വെറും ഭാവന മാത്രമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചാലക്കുടി പൊലീസും കാര്യങ്ങള്‍ പരിശോധിച്ചു. ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞുവെന്ന് മാത്രമല്ല. ദീലിപിന്‍റെ കാര്‍ നമ്പറും പറഞ്ഞു. നമ്പര്‍ എങ്ങനെ കിട്ടിയെന്ന് ചോദിച്ചപ്പോള്‍ സുഹൃത്ത് തന്നുവെന്നായിരുന്നു കുട്ടിയുടെ മറുപടി. നല്ല ഭംഗിയുള്ള ജീപ്പിന്‍റെ ചിത്രം നവമാധ്യമങ്ങളിലൂടെതന്നെ കുട്ടിയ്ക്ക് കിട്ടിയതായിരിക്കാം.

തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് പറഞ്ഞ് കുട്ടി ഓടിക്കയറിയത് ഒരു വീട്ടിലേയ്ക്കായിരുന്നു. അയല്‍പക്കത്തെ ആളുകള്‍ വിവരമറിഞ്ഞ് ഓടിയെത്തി. ഇക്കൂട്ടത്തില്‍, കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവറും ഉണ്ടായിരുന്നു. കുട്ടിയുടെ വിശദീകരണം കേട്ടപ്പോള്‍ നാട്ടുകാര്‍ ഉണര്‍ന്നു. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ഉടനെ മൊബൈല്‍ ഫോണെടുത്ത് കുട്ടി പറയുന്നത് മുഴുവന്‍ പകര്‍ത്തി. കൂടെ, അവിടെ നിന്നൊരു ‘ലൈവ് റിപ്പോര്‍ട്ടിങ്ങും’. വീഡിയോ കണ്ടവരെല്ലാം ഫോര്‍വേഡ് ചെയ്തു. വണ്ടിയുടെ നമ്പര്‍ ലോകം മുഴുവന്‍ അറിഞ്ഞു. ‌‌

മോട്ടോര്‍ വാഹന വകുപ്പിന്‍റെ സൈറ്റില്‍ കയറി ഉടമയുടെ വിലാസമെടുത്തു. പിന്നെ, ഫോണ്‍ നമ്പര്‍ തേടിപിടിച്ചു വിളിയായി. തെറി വിളിച്ചാണ് പലരും തുടങ്ങിയത്. വ്യാജ വാര്‍ത്തയാണെന്ന് അറിഞ്ഞതോടെ പലരും പിന്‍മാറി. പക്ഷേ, തെറി മാത്രം കാതില്‍ നിറഞ്ഞു നിന്നു. യൂ ട്യൂബ് ചാനലുകള്‍, ഫെയ്സ്ബുക് പേജുകള്‍ തുടങ്ങി നിരവധിയിടങ്ങളില്‍ കുട്ടിയുടെ വിശദീകരണം പാറിപറന്നു. ഓരോ ദിവസവും ദിലീപിനെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയതായിരുന്നു. നാലു ദിവസം ഫോണ്‍ താഴെ വച്ചിട്ടില്ല. ഫോണ്‍ ഓഫാക്കാതെ ഓരോ കോളിനും മറുപടി പറഞ്ഞു.

ജീപ്പുമായി കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നിന്ന് തൃശൂരിലേക്ക് വന്നതായിരുന്നു. പാലിയേക്കര ടോള്‍പ്ലാസ കഴിഞ്ഞ ഉടനെ തൃശൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിളിച്ചു. ‘‘താങ്കള്‍ എവിടേയ്ക്കാണ് പോകുന്നത്. എന്താണ് വിലാസം… തുടങ്ങി വീണ്ടും ചോദ്യംചെയ്യല്‍’’. ദിലീപ് സഹികെട്ട് പറഞ്ഞു. ‘‘വ്യാജ വാര്‍ത്തയാണ് പരക്കുന്നത്. ചാലക്കുടി ഡിവൈ.എസ്.പി:സി.ആര്‍.സന്തോഷിനെ വിളിക്കൂ. അല്ലെങ്കില്‍ നൂറനാട് പൊലീസിനെ വിളിക്കൂ’’. കാര്യം മനസിലാക്കിയ ഉടനെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് മെസേജുകള്‍ പ്രവഹിച്ചു. വണ്ടി തടയരുത്. സന്ദേശം വ്യാജമായിരുന്നു.
വണ്ടി ഒളിപ്പിച്ചു

ജീപ്പുമായി ഒരുപാട് യാത്രകള്‍ ദിലീപും കുടുംബവും ആസൂത്രണം ചെയ്തിരുന്നു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം തട്ടിക്കൊണ്ടുപോകല്‍ സന്ദേശം എത്തിയിട്ടുണ്ട്. എവിടെ പോയാലും അടിയും ഭീഷണിയും ഉറപ്പാകും. ഇനി, അതല്ല പ്രശ്നം. ഈ വ്യാജ വാര്‍ത്ത ഇടവേളയ്ക്കു ശേഷം വീണ്ടും പരക്കും. പലരും പുതിയതാണെന്ന് ചിന്തിച്ച് വീണ്ടും ഫോര്‍വേഡ് ചെയ്യും. ജീവിതം മുഴുവന്‍ വ്യാജ വാര്‍ത്തയോട് പടപൊരുതി ജീവിക്കേണ്ട അവസ്ഥ. സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. വ്യാജ വാര്‍ത്ത ഇപ്പോഴും പിന്‍വലിക്കാത്ത ഫെയ്സ്ബുക്, യു ട്യൂബ് പേജുകളുടെ ഉടമകള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

ട്രാ​ക്ട​റി​ന്‍റെ ട​യ​ർ ക​യ​റാ​തെ അ​മ്മ പ​ക്ഷി മു​ട്ട​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ക​ണ്ണീ​ര​ണി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ചൈ​ന​യി​ലെ ഉ​ല​ൻ​ക്വാ​ബ് സി​റ്റി​ലി​യി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. ഒ​രാ​ൾ കൃ​ഷി സ്ഥ​ല​ത്ത് ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് നി​ലം ഉ​ഴു​തു​കൊ​ണ്ടി​ക്കു​മ്പോ​ഴാ​ണ് ഒ​രു പ​ക്ഷി പെ​ട്ട​ന്ന് ട്രാ​ക്ട​റി​ന്‍റെ മു​മ്പി​ലേ​ക്ക് ഓ​ടി വ​ന്ന​ത്. ഇ​യാ​ൾ പെ​ട്ട​ന്ന് വാ​ഹ​നം നി​ർ​ത്തി നോ​ക്കി​യ​പ്പോ​ൾ കാ​ണു​ന്ന​ത് ത​ന്‍റെ മു​ട്ട​ക​ളെ സം​ര​ക്ഷി​ച്ച് ഈ ​പ​ക്ഷി നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു.  തു​ട​ർ​ന്ന് വാ​ഹ​നം ഇ​വി​ടെ നി​ന്നും മാ​റ്റി​യ ഇ​യാ​ൾ പ​ക്ഷി​ക്ക് കു​ടി​ക്കാ​ൻ വെ​ള്ള​വും ഇ​വി​ടെ വ​ച്ചു ന​ൽ​കി. ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തും. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

‘ഭാഗ്യം കൊണ്ട് ആ വിമാനവും അതിലെ യാത്രക്കാരും രക്ഷപ്പെട്ടു എന്ന് കരുതിയാ മതി..’ ഒരു ചെറു ചിരിയോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിഡിയോ കാര്യമായ കാര്യമാണ് പാക്കിസ്ഥാനില്‍ നിന്നും എത്തുന്നത്. ഭീമന്‍ മണ്ടത്തരത്തിന്റെ അബദ്ധം ലോകമെമ്പാടും ചിരി പടര്‍ത്തുകയാണ്. പാക്കിസ്ഥാൻ അവാമി തെഹ്‌രീക് പാർട്ടി ജനറൽ സെക്രട്ടറിയായ ഖുറാം നവാസ് ട്വിറ്റില്‍ പങ്കുവച്ച വിഡിയോയാണ് പൊട്ടിച്ചിരി നിറയ്ക്കുന്നത്.

പറന്നുയരാന്‍ ഒരുങ്ങുന്ന വിമാനം. അപ്പോഴാണ് റണ്‍വേയിലൂടെ ഒരു ഒായില്‍ ടാങ്ക് കടന്നുപോകുന്നത്. സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഭീമന്‍ അപകടം ഒഴിവായി. ഒായില്‍ ടാങ്കിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വിമാനം പറന്നുയരുന്നു. ഇൗ വിഡിയോ പങ്കുവച്ച് നവാസ് കുറിച്ചതിങ്ങനെ. ‘പൈലറ്റിന്റെ മനഃസാന്നിധ്യമാണ് ഈ അത്ഭുത രക്ഷപെടൽ സാധ്യമാക്കിയത്’. ഇതോടെ ചിരിയാണ് ഉണര്‍ന്നത്.

കാരണം ഇതൊരു ആനിമേറ്റഡ് ഗെയിമിന്റെ വിഡിയോയായിരുന്നു. ഗ്രാന്റ് തെഫ്റ്റ് ഓട്ടോ(GTA) എന്ന പ്രസിദ്ധമായ ആനിമേറ്റഡ് ഗെയിമിന്റെ വിഡിയോയാണ് അദ്ദേഹം പങ്കുവച്ചത്.ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ മനസിലാവുന്ന കാര്യമാണ് അദ്ദേഹത്തെ പോലൊരു നേതാവ് സത്യമെന്ന് കരുതി ട്വീറ്റ് ചെയ്തതെന്നാണ് ഉയരുന്ന ആക്ഷേപം. അബദ്ധം മനസ്സിലാക്കിയതോടെ ഖുറാം നവാസ് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

എറണാകുളം – പാലാ – എഴുമറ്റൂർ റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന സെന്റ് അൽഫോൺസ ബസ്സിൽ ഡ്രൈവിംഗ് സീറ്റിൽ പൊലീസ് വേഷമിട്ട ഉദ്യോഗസ്ഥനെ കണ്ടവരെല്ലാം ഒന്ന് ഞെട്ടി. ഇതോടെയാണ് ഒരു നാട് മുഴുവൻ പൊലീസിനെന്താ സ്വകാര്യ ബസിന്റെ ഡ്രൈവിങ്സീ​റ്റിൽ കാര്യം എന്നു ചോദിച്ചത്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ മനു കെ.തോമസ് എന്ന ഉദ്യോഗസ്ഥനും ഹിറ്റ്.

സംഭവം ഇങ്ങനെ;

കഴിഞ്ഞ മാസം 29നാണു സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശമനുസരിച്ച് റോഡിൽ പ്രത്യേക പരിശോധന. മരങ്ങാട്ടുപിള്ളിയിലെ ഉദ്യോഗസ്ഥർ തിരഞ്ഞെടുത്തത് ചെത്തിമറ്റമായിരുന്നു.

എറണാകുളം–പാലാ–എഴുമറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന അൽഫോൻസ ബസ് എത്തിയപ്പോൾ ഡ്രൈവറെ പരിശോധിച്ചു. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിലെ ഡ്രൈവർ മദ്യ ലഹരിയിൽ. യാത്രക്കാരുടെ സുരക്ഷ നോക്കാതെ ലഹരിയിലായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കിലോമീറ്ററുകൾ സഞ്ചരിക്കാനുള്ള ബസിലെ യാത്രക്കാർ എന്തു ചെയ്യുമെന്ന ചോദ്യം ഉയർന്നപ്പോഴാണ് മനു കെ.തോമസ് ബസ് ഓടിക്കാൻ മുന്നോട്ടുവന്നത്.

ചെത്തിമറ്റം മുതൽ പാലാ കൊട്ടാരമറ്റം സ്റ്റാൻഡ് വരെ സുരക്ഷിതമായി ബസ് ഓടിച്ചു. ഇടയ്ക്ക് യാത്രക്കാരെ ഇറക്കി. കൊട്ടാരമറ്റം സ്റ്റാൻഡിൽ എല്ലാവരെയും ഇറക്കിയ ശേഷം ബസുമായി മരങ്ങാട്ടുപിള്ളി സ്റ്റേഷനിലേക്ക്. ഡ്രൈവിങ് സീറ്റിൽ പൊലീസുകാരനെ കണ്ട നാട്ടുകാർക്ക് വിസ്മയം. ഉഴവൂർ കുന്നുംപുറത്ത് മനു കെ.തോമസ് 2003 ൽ സേനയിൽ ചേരുന്നതിനു മുൻപ് ഡ്രൈവറായിരുന്നു. ലോറിയും ബസും ഓടിച്ചിട്ടുണ്ട്. പൊലീസ് ക്യാംപിലെ ആദ്യ ദിനങ്ങളിൽ ഔദ്യോഗിക വാഹനവും ഓടിച്ചു.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പണിമുടക്കി. രാത്രിയോടെ ചില സന്ദേശങ്ങള്‍ അയക്കുന്നതിനാണ് ഉപയോക്താക്കള്‍ക്ക് സാധ്യമാവാതിരുന്നത്. ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിഞ്ഞെങ്കിലും ചിത്രങ്ങള്‍, വീഡിയോ, ശബ്ദ സന്ദേശം എന്നിവ അയക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കുന്നില്ല.

ഏറെ നേരം ഡൗണ്‍ലോഡിന് ശ്രമിച്ച ശേഷം പ്രവര്‍ത്തനരഹിതമാവുകയാണ് ചെയ്യുന്നത്. വീണ്ടും ചിത്രങ്ങളോ ശബ്ദസന്ദേശമോ അയക്കാന്‍ പറയുന്നുണ്ടെങ്കിലും ഇതും സാധ്യമാവുന്നില്ല. ഇന്റര്‍നെറ്റിന്റെ തകരാറാണെന്ന് ഉപയോക്താക്കള്‍ കരുതിയെങ്കിലും മറ്റ് ഫീച്ചറുകളും സൈറ്റുകളും ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. വാട്‌സ്ആപില്‍ മീഡിയകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Download Failed എന്ന തലക്കെട്ടോടെയുള്ള ഡയലോഗ് ബോക്‌സാണ് തെളിഞ്ഞു വരുന്നത്. ‘Can’t download. Please ask that it be resent to you,’ എന്ന സന്ദേശവും ലഭിക്കുന്നുണ്ട്.

വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ക്ക് ലോകവ്യപകമായി സാങ്കേതിക തകരാറുകള്‍ ഉണ്ട്. ഇന്ത്യയില്‍ വാട്ട്സ്ആപ്പ് ചാറ്റ് ഇന്റര്‍ഫേസും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും സ്റ്റോറികളും സജീവമായിരിക്കുന്നുണ്ടെങ്കിലും ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതികളാണ് ഉപഭോക്താക്കള്‍ വ്യാപകമായി ഉന്നയിക്കുന്നത്.

തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പലരും പരാതിയുമായി എത്തി. വൈകിട്ടോടെ ഫെയ്സ്ബുക്കിലും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. ഫെ്സ്ബുക്കിലെ ചിത്രങ്ങള്‍ ലോഡ് ആവാതിരുന്നതും ഇന്റര്‍നെറ്റിന്റെ പ്രശ്നമാണെന്ന് ഉപയോക്താക്കള്‍ കരുതിയിരുന്നു.

ഇന്ത്യയില്‍ അടക്കം പല രാജ്യങ്ങളിലും വാട്സ്ആപ് പണിമുടക്കി. ആദ്യം ബ്രിട്ടനില്‍ നിന്നാണ് പരാതികള്‍ ഉയര്‍ന്നത്. എന്നാല്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി രാജ്യങ്ങളിലും വാട്സ്ആപ് പ്രവര്‍ത്തിച്ചില്ല. കമ്പനിയുടെ ഭാഗത്ത് നിന്നും ഇതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും പുറത്ത് വന്നിട്ടില്ല. തകരാര്‍ എപ്പോള്‍ പരിഹരിക്കുമെന്നും വ്യക്തമല്ല.

‘പ്രതിക്കൊപ്പം ടിക്ക് ടോക്ക് വീഡിയോ എടുത്ത് കേരള പൊലീസ്’ എന്ന തലക്കെട്ടോടെ കഴിഞ്ഞ മൂന്നു ദിവസമായി ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ജനമൈത്രി പൊലീസായാൽ ഇങ്ങനെ വേണമെന്ന നിലപാടുമായി വിഡിയോയിലെ പൊലീസിനെ പിന്തുണച്ചും, ഇങ്ങനെയൊന്നും പൊലീസ് ചെയ്യാൻ പാടില്ലെന്ന വിമർശനമുയർത്തി വിഡിയോയെ എതിർത്തും അഭിപ്രായ പ്രകടനങ്ങളും സംവാദങ്ങളുമെല്ലാമായി വിഡിയോ വൈറലായിക്കൊണ്ടേയിരിക്കുന്നു.

ഇത് പൊലീസ് തന്നെ തയാറാക്കിയ വീഡിയോ ആണെന്ന ധാരണയിലാണ് സംവാദങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്. പക്ഷേ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോ മാത്രമാണിതെന്നതാണ് വസ്തുത. ഈ വീഡിയോയിൽ കാണുന്നത് ഒർജിനൽ പൊലീസല്ല. വിഡിയോയിൽ കാണുന്നത് ഒർജിനൽ പൊലീസ് ജീപ്പുമല്ല. എല്ലാം വ്യാജനാണ്.
സിനിമ സെറ്റിൽ വച്ച് ജൂനിയർ ആർട്ടിസ്റ്റുകൾ ചേർന്ന് തയാറാക്കിയതാണ് സോഷ്യൽ മീഡിയയിലെ ചൂടൻ സംവാദത്തിന് വഴിവച്ച കള്ളനും പൊലീസും ചേർന്നുള്ള ടിക്ടോക്ക് വിഡിയോ .

സാജൻ നായർ എന്ന നടനാണ് ദിവസങ്ങൾക്കു മുമ്പ് വീഡിയോ ടിക്ടോക്കിൽ ഷെയർ ചെയ്തത്. ‘കള്ളനും പൊലീസും ചേർന്നുള്ള ടിക്ടോക്ക് വിഡിയോ’ എന്ന ടാഗ് ലൈനിൽ ആരോ ഇത് ഷെയർ ചെയ്തതോടെ സംഗതി വൈറലായി. വിഡിയോ കണ്ട് തെറ്റിദ്ധരിച്ചത് സാധാരണക്കാർ മാത്രമല്ല. പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഒരു വലിയ വിഭാഗമാളുകളും വിഡിയോ കണ്ട് ഒന്നു സംശയിച്ചിടത്താണ് വ്യാജന്റെ വിജയം

മിക്‌സി പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ ദോശ ചുടാന്‍ പോയ ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ച്‌ ഭര്‍ത്താവ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു .കണ്ണൂര്‍ സ്വദേശിയായ സനോജ് എന്ന യുവാവാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മിക്‌സിയില്‍ കൈ കുടുങ്ങി അപകടങ്ങൾ ഇനിയാര്‍ക്കും സംഭവിക്കരുതെന്ന ഉദ്ദേശത്തോടെയാണ് യുവാവിന്റെ കുറിപ്പ്

യുവാവിന്റെ കുറിപ്പ്

രക്തം കണികണ്ടുണർന്ന ദിനം.
(അനുഭവം)

സീൻ 1

വീട്

14.06.19 (വെള്ളിയാഴ്ച്ച)

ക്ലാസ്സ്‌ ഇല്ലാത്തതിനാൽ രാവിലെ ഏഴ് മണി കഴിഞ്ഞിട്ടും ഞാൻ കിടക്കയിൽ തന്നെയായിരുന്നു. ഉണർന്നിട്ടും ഉണരാത്ത മട്ടിൽ പാതിയുറക്കത്തിൽ കിടക്കുമ്പോഴാണ് അവളുടെ നിലവിളി കേൾക്കുന്നത്. ഞെട്ടിയുണരുമ്പോൾ ആദ്യ കാഴ്ച അടുക്കളയിൽ നിന്നും അവൾ നിലവിളിച്ചുകൊണ്ട് ഓടി വരുന്നതാണ്. എന്തെങ്കിലും മനസിലാകും മുൻപ് അവൾ ഓടി അടുത്തെത്തി. വലത്തേ കൈ മുഴുവൻ രക്തത്തിൽ കുളിച്ചിരിക്കുന്നു. രക്തം കൈയ്യിൽ നിന്നും എടുത്ത് മറിയുകയാണ്. മിക്സിയിൽ കൈ ആയെന്നു മാത്രം വേദന സഹിക്കാനാവാതെ നിലവിളിക്കുന്നതിനിടയിൽ അവൾ പറയുന്നുണ്ടായിരുന്നു. ഒറ്റ നോട്ടമേ കൈയിലേക്ക് നോക്കാനായുള്ളൂ. പെട്ടെന്ന് കൈയ്യിൽ കിട്ടിയ ഒരു തോർത്തെടുത്ത് അവളുടെ കൈയ്യിൽ ചുറ്റി കാറിന്റെ കീയുമെടുത്ത് അവളെയും കൊണ്ട് പുറത്തിറങ്ങി. വീട് പൂട്ടാൻ പോലും നിൽക്കാതെ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് വിട്ടു. ആശ്വാസവാക്കുകൾക്കൊന്നും അവൾ അനുഭവിക്കുന്ന വേദന അൽപ്പം പോലും കുറക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ധൈര്യം കൊടുക്കാൻ ഞാൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. നിസ്സഹായതയുടെ അങ്ങേയറ്റം കാണുകയായിരുന്നു ഞാൻ.

സീൻ 2

പള്ളൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ.

മിനിറ്റുകൾക്കുള്ളിൽ ഹോസ്പിറ്റലിൽ എത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ അവളുടെ കൈയ്യിൽ കെട്ടിയ തോർത്തു അഴിച്ചു പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്യുന്നു. അകത്തു കയറാൻ അനുവാദമില്ലാത്തതിനാൽ പുറത്തു നിന്ന് ജനാലയിലൂടെ വേദനകൊണ്ട് കരയുന്ന അവളോട് എന്തൊക്കെയോ ആശ്വാസവാക്കുകൾ ഞാൻ പറയുന്നുണ്ട്. ഡോക്ടർ അതിനിടയിൽ പുറത്തേക്കു വന്നു പറഞ്ഞു. വലത്തേ കൈയ്യുടെ മോതിരവിരലിന്റെ നഖത്തിന്റെ മുക്കാൽ ഭാഗത്തോളം വിരൽ അറ്റുപോയിട്ടുണ്ട് അത് വീട്ടിലാണ് ഉണ്ടാവുക ആരോടെങ്കിലും അത് എത്രയും പെട്ടെന്ന് എത്തിക്കാൻ പറയണം. മിക്സിയുടെ ജാറിൽ കാണും. മാത്രമല്ല എത്രയും പെട്ടെന്ന് സൗകര്യമുള്ള ഒരു ഹോസ്പിറ്റലിൽ സർജനെ കാണണം.
ഞങ്ങൾ രണ്ടുപേർ മാത്രം താമസിക്കുന്നതുകൊണ്ട് വീട്ടിൽ വേറെ ആരുമില്ലാത്തതിനാൽ അവളെ അവിടെ നിർത്തി ഞാൻ വീട്ടിലേക്ക്.

സീൻ 3

വീട്

വീട്ടിൽ തിരിച്ചെത്തി ഞാൻ അകത്തു കടന്നു. അടുക്കള മുതൽ ബെഡ്‌റൂം വരെ അവൾ എന്റടുത്തേക്ക് ഓടിവന്ന വഴി മുഴുവൻ രക്തം. വീട് മുഴുവൻ ചോരയുടെ മണം. ഡോക്ടർ പറഞ്ഞതനുസരിച്ച് മിക്സിയുടെ ജാർ നോക്കിയെങ്കിലും അതിൽ ഇല്ല. മിക്സിക്ക് ചുറ്റും അരച്ചത് തെറിച്ചിരിക്കുന്നു. ഞാൻ ചുറ്റും നോക്കി. അവിടെങ്ങുമില്ല. അടുത്തുള്ള പാത്രങ്ങളിലും വാഷ് ബേസിനിലും എല്ലാം നോക്കി എവിടെയും ഇല്ല. സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു. അവൾ ഓടിവന്ന വഴിയിൽ രക്തം തെറിച്ചു വീണിടത്തൊക്കെ നോക്കി. എങ്ങുമില്ല. പത്ത് മിനിറ്റോളമായി നോക്കാൻ തുടങ്ങിയിട്ട്. എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. ബാക്കി മൂന്നു വിരലിനു കൂടി സാരമായ മുറിവുണ്ട്. എത്രയും പെട്ടെന്ന് അവളെ മറ്റൊരു ആശുപത്രിയിൽ എത്തിക്കുകയും വേണം. ഞാൻ മൊബൈലും പഴ്‌സും എടുത്ത് ഡോർ പൂട്ടി പുറത്തേക്കിറങ്ങാൻ നോക്കി. ഒന്നുകൂടി അടുക്കളയിൽ നോക്കാൻ മനസ്സ് പറഞ്ഞു. ഞാൻ വീണ്ടും അടുക്കളയിൽ കയറി അവസാന വട്ട തിരച്ചിലിനൊടുവിൽ പാത്രങ്ങൾ വയ്ക്കുന്ന സ്റ്റാൻഡിന്റെ താഴെനിന്ന് എനിക്കത് കിട്ടി. സന്തോഷമോ സങ്കടമോ എന്നറിയാത്ത വികാരം. ഞാനതെടുത്ത് കൈയ്യിൽ കിട്ടിയ പ്ലാസ്റ്റിക് കവറിലാക്കി വീടും പൂട്ടി ആശുപത്രിയിലേക്ക്.

സീൻ 4

പള്ളൂർ ഗവണ്മെന്റ് ആശുപത്രി

ഞാനെത്തുമ്പോഴേക്കും അവളുടെ കൈ പ്രാഥമികമായി ഡ്രസ്സ്‌ ചെയ്ത് കഴിഞ്ഞിരുന്നു. അവളെയും കൊണ്ട് കാറിൽ കയറി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആണ് അടുക്കളയിൽ ഗ്യാസ് ഓഫ്‌ ചെയ്തിട്ടില്ലെന്ന് അവൾ പറയുന്നത്. അറ്റുപോയ വിരൽ ഭാഗം എടുക്കാൻ പോയ ടെൻഷനിൽ ഞാൻ അത് ശ്രദ്ധിച്ചുമില്ല. വീടിന്റെ താക്കോൽ പള്ളൂർ ആശുപത്രിയിലെ നഴ്‌സിനെ ഏൽപ്പിച്ചു. പലരെയും ഫോൺ വിളിച്ചെങ്കിലും കിട്ടിയത് എക്സലിലെ വിനീഷ് സാറിനെയാണ്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ വിനീഷ് സാറിനോട് ഫോണിൽ കാര്യം പറഞ്ഞു. സാർ നോക്കിക്കൊള്ളാം എന്ന് പറഞ്ഞതിന്റെ ധൈര്യത്തിൽ അതിവേഗത്തിൽ കാർ ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിലേക്ക്.

സീൻ 5

ഇന്ദിരാ കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ

കാഷ്വാലിറ്റിയിൽ ഉള്ള ഡോക്ടറോടും നഴ്സുമാരോടും സംഭവിച്ചത് ചുരുക്കി വിവരിക്കുന്ന ചടങ്ങായിരുന്നു ആദ്യം. സമയം പൊയ്ക്കൊണ്ടിരുന്നു. വൈകും തോറും അറ്റുപോയ വിരൽ ഭാഗം തുന്നിച്ചേർക്കാൻ കഴിയാതിരിക്കുമോ എന്ന ടെൻഷൻ എന്റെ ഉള്ളിൽ കിടന്നു നീറുമ്പോഴും വിരലിന്റെ കാര്യം അറിയാതെ വേദന തിന്നുന്ന അവളെ ആശ്വസിപ്പിക്കേണ്ടി വരുന്ന വല്ലാത്തൊരു മാനസികാവസ്ഥ. വിവരമറിഞ്ഞു പലരും വിളിക്കുന്നു. അതിനിടയിൽ എക്സ്റേ എടുത്തതിന്റെ ഉൾപ്പെടെ എവിടെയൊക്കെയോ ബില്ലടക്കാനുള്ള കടലാസുകൾ ആരൊക്കെയോ കൊണ്ടുവരുന്നു. അതിനു വേണ്ടി ഓടുന്നു. അവിടുന്ന് വേണ്ടതെല്ലാം ചെയ്യും എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടി വരുമെന്നും ഡോക്ടർ കൊടുവള്ളി കോ-ഓപ്പറേറ്റീവ് ഹോസ്‌പിറ്റലിൽ ആണുള്ളതെന്നും അറിയിക്കുന്നത്. വൈകാതെ അവളെയും കൊണ്ട് കൊടുവള്ളിയിലേക്ക്. വേദനക്കുള്ള ഇൻജെക്ഷൻ കൊടുത്തെങ്കിലും ഒട്ടും കുറവില്ലെന്നു പറഞ്ഞു അവൾ വേദന കടിച്ചമർത്തുന്നു. പ്രിയപ്പെട്ടവർ വേദനിക്കുമ്പോൾ നിസ്സഹായരായി നിൽക്കേണ്ടി വരുന്നതാണ് ജീവിതത്തിലെ ഏറ്റവും ഗതികെട്ട അവസ്ഥ എന്ന് തോന്നുന്നു. രാവിലെ 8.30 നു മുൻപായ്ത് കൊണ്ട് തലശ്ശേരിയിലെ ബ്ലോക്കിലൊന്നും പെടാതെ മൂന്നാമത്തെ ഹോസ്പിറ്റലിൽ എത്തി.

സീൻ 6

കൊടുവള്ളി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ

ആദ്യം കാഷ്വാലിറ്റിയിലും പിന്നീട് അവിടുന്ന് ഓപ്പറേഷൻ തീയറ്ററിലേക്കും. സമയം 9 മണി കഴിഞ്ഞിരുന്നു. ഡോക്ടർ വരാൻ പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞിരുന്നു(വേറൊരു ഓപ്പറേഷനിൽ ആണ് ഡോക്ടർ എന്ന് നഴ്സ് പറഞ്ഞു). ഡോക്ടർ വന്നപ്പോൾ പ്രീ ഓപ്പറേറ്റീവ് വാർഡിലേക്ക് എന്നെ വിളിപ്പിച്ചു. ആഭരണങ്ങൾ ഊരി വാങ്ങാനും ഓപറേഷനുള്ള സമ്മതം ഒപ്പിട്ടുനല്കാനുമായിരുന്നു അത്. അവൾ വേദന കടിച്ചമർത്തി കിടക്കുന്നു. അടുത്ത് ചെന്നപ്പോൾ ഇപ്പോൾ തനിക്കെല്ലാം അറിയാമെന്നും നഴ്‌സുമാരുടെ സംസാരത്തിൽ നിന്നും കൈക്ക് കാര്യമായി പറ്റിയിട്ടുണ്ടെന്ന് മനസിലായെന്നും അവൾ പറഞ്ഞു. ഞാൻ എന്തൊക്കെയോ പറഞ്ഞു വീണ്ടും ആശ്വസിപ്പിക്കുന്നു. ആഭരണങ്ങളെല്ലാം ഊരി മാറ്റി ഞാൻ പുറത്തിറങ്ങാൻ നോക്കുമ്പോൾ അവൾ ഒന്നേ ചോദിച്ചുള്ളൂ.. എനിക്ക് എഴുതാനാകുമോ?
എല്ലാം ശെരിയാവുമെന്നു പറഞ്ഞു തലതടവി ആശ്വസിപ്പിച്ച് ഞാൻ പുറത്തിറങ്ങി.

കുറച്ചു സമയം കഴിഞ്ഞു ഡോക്ടർ എന്നെ വീണ്ടും വിളിപ്പിച്ചു. എന്താണ് ചെയ്യാൻ പോകുന്നതെന്ന് വിശദീകരിച്ചു. മോതിരവിരലിന്റെ അറ്റുപോയ ഭാഗം തുന്നിച്ചേർക്കാൻ ആവില്ലെന്നും ബാക്കി മൂന്നു വിരലിനു സാരമായ മുറിവുള്ളതിനാൽ കാലിൽ നിന്ന് മാംസമെടുത്ത് പ്ലാസ്റ്റിക് സർജറി ചെയ്യുകയാണെന്നും പറഞ്ഞു. അവൾക്ക് എഴുതാനാവില്ലേ എന്ന് മാത്രമേ എനിക്ക് ഡോക്ടറോട് ചോദിക്കാൻ തോന്നിയുള്ളൂ. മൂന്നാഴ്ചയോളം കഴിഞ്ഞാൽ ഫിസിയോ തെറാപ്പി ചെയ്യേണ്ടി വരുമെന്നും ഭാവിയിൽ എഴുതാൻ കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും ഡോക്ടർ പറഞ്ഞു. എഴുതാൻ പറ്റുമെന്നു ഡോക്ടർ പറഞ്ഞ വിവരം അവളെ അറിയിച്ച് ആശ്വസിപ്പിച്ച് ഞാൻ പുറത്തിറങ്ങി. പിന്നെ ഓപ്പറേഷൻ തിയറ്ററിനു പുറത്ത് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്.
എല്ലാം കഴിഞ്ഞു സന്ധ്യയോടെ അവളെ റൂമിലേക്ക് മാറ്റി.

റൂമിലെത്തിയതിനു ശേഷമാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അവളോട് ചോദിച്ചറിയുന്നത്. മിക്സി പ്രവർത്തിപ്പിക്കുന്നതിനിടയിൽ ദോശ ചുടാൻ പോയതാണ്. അതിനിടയിൽ മിക്സിയുടെ മൂടി പൊങ്ങിവരുന്നത് ശ്രദ്ധയിൽ പെട്ട് അത് അമർത്തി അടക്കാൻ ചെന്നതായിരുന്നു. കൈ വച്ച് അമർത്തുന്നതിനു തൊട്ടു മുൻപ് മൂടി തെറിച്ചു പോകുകയും കൈ മിക്സിക്കുള്ളിലാവുകയും ചെയ്തു. ചെറിയൊരു അശ്രദ്ധ കൊണ്ടുണ്ടായ വലിയ അപകടം.

നാല് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഡിസ്ചാർജ് ആയി അവളിപ്പോൾ വീട്ടിൽ വിശ്രമിക്കുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും വേദന തിന്നിട്ടും ഒരിക്കൽ പോലും ദൈവത്തെ വിളിച്ചില്ലെന്നു അവൾ പറഞ്ഞു. ആ രീതിയിൽ അവളുടെ ചിന്തകൾ വളർന്നിരിക്കുന്നു. അപകടമുണ്ടായപ്പോൾ അമ്പലത്തിലേക്കോ പള്ളിയിലേക്കോ അല്ലല്ലോ ഞങ്ങൾ ഓടിയത്. ആശുപത്രിയിലേക്കല്ലേ.. (ഹോമിയോ, ആയുർവേദ ആശുപത്രികളിലേക്കല്ല കേട്ടോ). വിരലുകൾക്ക് പൂജയൊന്നുമല്ലല്ലോ ചെയ്തത് പ്ലാസ്റ്റിക് സർജറിയല്ലേ! ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്തോടെ അവളുടെ വിരലുകൾ സുഖം പ്രാപിച്ചു വരുന്നു.

മിക്സിയിൽ കൈ കുടുങ്ങി പരിക്കേറ്റ് നിരവധി പേർ ആശുപത്രിയിൽ ഈയിടെ എത്താറുണ്ടെന്നു ഒരു നഴ്സ് പറഞ്ഞു. ചെറിയ ഒരു അശ്രദ്ധ കൊണ്ട് വളരെ വലിയ അപകടം ഉണ്ടായേക്കാം. മിക്സിയുടെ കാര്യത്തിൽ മാത്രമല്ല വീട്ടിൽ ഉപയോഗിക്കുന്ന പലതിന്റെയും (പ്രത്യേകിച്ച് അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ്, പ്രഷർ കുക്കർ തുടങ്ങിയവ) അവസ്ഥ ഇതുതന്നെയാണ്. ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്ന അപകടങ്ങളാണ് മിക്കതും.

ഈ അപകടത്തെ മറ്റൊരു തലത്തിൽ കൂടി കാണേണ്ടതുണ്ടെന്നു തോന്നുന്നു. മിക്കവാറും ദിവസങ്ങളിൽ ഞാൻ കൂടി അടുക്കളയിൽ കയറാറുണ്ടെങ്കിലും അന്ന് ഉണർന്നിട്ടും ഉണരാതെ മടിപിടിച്ചു കിടന്നു. എത്രയൊക്കെ സമത്വത്തെക്കുറിച്ച് വാചാലരാകുമ്പോഴും കണ്ടും കെട്ടും ശീലിച്ചിട്ടുള്ള ആൺകോയ്മയുടെ സുഖലോലുപതയിൽ നമ്മളിൽ പലരും പലപ്പോഴും മുഴുകാറുണ്ടെന്നു തോന്നുന്നു. അന്ന് ഞാൻ കൂടി നേരത്തെ എഴുന്നേറ്റിരുന്നെങ്കിൽ അടുക്കളയിൽ അവൾക്കൊപ്പം കൂടിയിരുന്നെങ്കിൽ അവൾ തിടുക്കപ്പെട്ട് അടുക്കളയിൽ പെരുമാറേണ്ടി വരില്ലായിരുന്നു.

ഒരുപക്ഷേ അപകടം ഉണ്ടാവില്ലായിരുന്നു…!!!!

ബത്തേരി–പുൽപള്ളി റൂട്ടിലെ പാമ്പ്ര വനപാതയിൽ കടുവ ഇറങ്ങിയതായി റിപ്പോര്‍ട്ട്. ബൈക്കിന് പിന്നാലെ കടുവ പാഞ്ഞടുക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്. ഭയപ്പെടുത്തുന്ന ഈ കൗതുക കാഴ്ച കണ്ട പലരും ഇതുവഴി ബൈക്ക് യാത്ര ഉപേക്ഷിച്ചു. പാമ്പ്ര എസ്റ്റേറ്റിനടുത്തുള്ള ചെതലയം, കുറിച്യാട് റേഞ്ചുകളുടെ അതിർത്തി ഭാഗത്താണ് വനത്തിൽ നിന്ന് റോഡിലേക്ക് കടുവ ബൈക്കിന് പിന്നാലെ അൽപ ദൂരം ഓടുന്ന രംഗമുള്ളത്. ബൈക്ക് യാത്രികൻ പേടികൂടാതെ എടുത്ത വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

റോ‍‍ഡ് മുറിച്ചുകടന്ന കടുവ വനത്തിലേക്ക് പ്രവേശിക്കുന്നതും വിഡിയോയിൽ കാണാം. ബൈക്കിന് പിന്നിലിരുന്നയാളാണ് ഈ ദൃശ്യം പകർത്തിയത്. ഈ ഭാഗത്ത് 3 കടുവകളുടെ സാന്നിധ്യം പലപ്പോഴായി കണ്ടിട്ടുണ്ടെന്നും എന്നാൽ ആരെയും ഓടിച്ചതായി അറിവില്ലെന്നും വനംവകുപ്പ് പറയുന്നു. ബന്ദിപ്പൂർ കടുവ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന വയനാട് വന്യജീവി സങ്കേതത്തിൽ കടുവകൾ കൂടുതലുണ്ട്.എന്നാല്‍ ഈ വിഡിയോ ഏത് ഭാഗത്ത് നിന്നെന്ന് ഉറപ്പിക്കാന്‍ വനംവകുപ്പ് തയാറായിട്ടുമില്ല.

ആരാധകര്‍ ആശിക്കുന്നപോലെ എല്ലാ മത്സരങ്ങളും ജയിക്കണമെന്നില്ല. എന്നാല്‍ തോല്‍ക്കുന്ന രീതിയാണ് പ്രശ്നം. ജയിച്ചു നിന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇംഗ്ലണ്ടിന്റെ വക ഷോക്ക്. 338റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ തോല്‍വി വെറും 31റണ്‍സിനായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യതോല്‍വിയാണിത്.

അവസാന പത്ത് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 104റണ്‍സ്. എന്നാല്‍ ധോണിക്കും കേദാര്‍ ജാദവിനും നേടാനായത് 73റണ്‍സാണ്. അവസാന അഞ്ച് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 71റണ്‍സ് നേടിയത് 39റണ്‍സ്. ഇന്ത്യ തോറ്റത് 31റണ്‍സിന്. കയ്യില്‍ വിക്കറ്റുകള്‍ ഉണ്ടായിരുന്നു. പക്ഷെ ബൗണ്ടറികള്‍ കണ്ടെത്തുന്നതിനു പകരം സിംഗിള്‍ എടുത്തുകളിക്കാനാണ് ഇരുവരും ഇഷ്ടപ്പെട്ടത്. ഈ സമയം കമന്ററി ബോക്സിലിരുന്ന ഇംഗ്ലണ്ടിന്റെ മുന്‍ താരം നാസര്‍ ഹുസൈന്‍ സൗരവ് ഗാംഗുലിയോട് ചോദിച്ചു, ‘എന്താണ് ഇവര്‍ ഇങ്ങനെ കളിക്കുന്നത്’? ഗാംഗുലി മറുപടി ശ്രദ്ധേയമാണ്. ‘വിവരിക്കാന്‍ എനിക്കാവുന്നില്ല, എങ്ങനെയാണ് ഈ സിംഗിളുകളെ വിവരിക്കേണ്ടതെന്ന് അറിയില്ല’. ഇതായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍.

‘ ആ ബാറ്റിങ് കണ്ട് അന്ധാളിച്ചു പോയി’ എന്നാണ് സഞ്ജയ് മഞ്ചരേക്കര്‍ പറഞ്ഞത്. അവസാന ഓവറുകളിലെ ബാറ്റിങ്ങിനെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയുടെ മറുപടിയും ശ്രദ്ധിക്കേണ്ടതാണ്. ‘ ഇംഗ്ലണ്ട് ബോളര്‍മാര്‍ സ്ലോ ബോളുകളാണ് എറി‍ഞ്ഞത്, ധോണി ബൗണ്ടറിക്കുള്ള ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും സ്ലോ ബോളുകള്‍ കാരണം അത് സിംഗിളില്‍ ഒതുങ്ങി. ഞങ്ങള്‍ ഒന്നിച്ചിരുന്ന് അതേകുറിച്ച് വിശകലനം ചെയ്യും.’ അവസാന ഓവറുകളിലെ ഇന്ത്യയുടെ ബാറ്റിങ്ങിനെച്ചൊല്ലി ആരാധകരും ഏറ്റുമുട്ടുകയാണ്. ധോണിയും ജാദവും കളിച്ചത് ‘ടെസ്റ്റ് മല്‍സരത്തിന്റെ അവസാന ദിവസത്തെ കളിപോലെയാണ്’. ഇരുവരും നോട്ടൗട്ടാകാന്‍ മല്‍സരിക്കുകയായിരുന്നു. എന്നിങ്ങനെ പോയി കുറിപ്പുകള്‍.

അടിച്ചുകളിക്കാനുള്ള ആദ്യ പത്ത് ഓവറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കെ.എല്‍.രാഹുലിനെ തുടക്കത്തിലെ നഷ്ടമായതോടെ ഇന്ത്യ ആദ്യ അ‍ഞ്ച് ഓവറില്‍ നേടിയത് ഒന്‍പത് റണ്‍സ് മാത്രം. ആദ്യപത്ത് ഓവറില്‍ നേടിയത് 28റണ്‍സ് മാത്രവും. ആദ്യ പത്ത് ഓവറിലും അവസാനപത്ത് ഓവറിലും ക്രീസില്‍ നിന്നത് ബാറ്റിങ്ങില്‍ കരുത്തരായവര്‍ തന്നെയാണ്.

ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനെ ബോളര്‍ എന്ന നിലയില്‍ വിരാട് കോലി വിശ്വസിക്കുന്നില്ലെന്ന് തോന്നുന്നു. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍‌ ജാദവിന്റെ സ്പിന്‍ ഒന്ന് പരീക്ഷിക്കാന്‍ പോലും കോലി മുതിര്‍ന്നില്ല. പിന്നെന്തിനാണ് ഓള്‍റൗണ്ടര്‍ എന്ന ലേബലില്‍ ജാദവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാറ്റ്സ്മാന്‍ എന്ന നിലയില്‍‌ ജാദവിനെ ധോണിയും വിശ്വസിക്കുന്നില്ലെന്നുവേണം കരുതാന്‍. ഒരു സിംഗിള്‍ എടുക്കുന്നതില്‍ നിന്ന് ജാദവിനെ തടഞ്ഞത് അത് വ്യക്തമാക്കുന്നു.

1. ഇന്ത്യ തോറ്റത് പാക്കിസ്ഥാനെതിരെ സെമി കളിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ്.

2. ഇംഗ്ലണ്ടിന്റെ സെമിയിലേക്കുള്ള പ്രയാണം ഉറപ്പുവരുത്തുക.

പ്രധാനമായും ഉയരുന്നുകേള്‍ക്കുന്നത് ഇതാണ്. എന്തായാലും അടുത്ത മല്‍സരം ബംഗ്ലദേശിനെതിരെ ഇതേ പിച്ചിലാണ് ഇന്ത്യ കളിക്കുന്നത്.

ചാലക്കുടിയിലെ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോഴുണ്ടായ സംഭവം ഓര്‍മ്മിച്ച് ഇന്നസെന്റ്. ഇടതുപക്ഷത്തിന്റെ 19 പേരും തോറ്റപ്പോഴാണ് ചെറിയ സമാധാനം തോന്നിയതെന്ന് തമാശരൂപേണ ഇന്സെന്റ് പറയുന്നു. ഇരുപത് സീറ്റിൽ പത്തൊൻപത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാർഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കില്‍ എന്നാണ് ഞാൻ ആ സമയത്ത് വിചാരിച്ചത്- ഇന്നസെന്റ് തമാശയും കാര്യവുമായി പറയുന്നു. വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് ഇന്നസെന്റ് ഇക്കാര്യം പറയുന്നത്.

തോറ്റുകഴിഞ്ഞപ്പോൾ ഒരാളും എന്നെ വിളിക്കാറില്ല, അല്ലെങ്കിൽ ഫോണിൽ ഭയങ്കര വിളികളാണ്. ആ തീവണ്ടി കൊരട്ടിയിൽ നിർത്തണം, ചാലക്കുടിയിൽ നിർത്തണം എന്നൊക്കെ പറയും. കൊരട്ടിയിൽ ട്രെയിൻ നിർത്തിതരണം എന്നു പറഞ്ഞ് ഒരാള്‍ വിളിക്കുമായിരുന്നു. എംപിയായി പോയതുകൊണ്ട് ഈ അപേക്ഷകളുമായി ഞാൻ ഡല്‍ഹിയിൽ ചെല്ലും. സത്യത്തിൽ ആ ട്രെയിൻ ജീവിതകാലത്ത് ഒരിക്കലും കൊരട്ടിയിൽ നിർത്താൻ പോകുന്നില്ല. തിരുവനന്തപുരം വിട്ടാൽ എറണാകുളമാണ് ഒരു സ്റ്റോപ്പ്. ഈ നിവേദനവുമായി മൂന്നാമത്തെ പ്രാവിശ്യം ചെന്നപ്പോൾ മന്ത്രി ഒരാളോട് സ്വകാര്യം പറഞ്ഞു. അത് എന്താണ് എന്ന് എനിക്ക് ഏകദേശം മനസ്സിലായി. ഇയാളുടെ തലയ്ക്കു വല്ല അസുഖവും ഉണ്ടോയെന്ന് അദ്ദേഹം പറഞ്ഞത്.

കൊരട്ടിയിലെ കാര്യം എന്തായെന്ന് ചോദിച്ച് വീണ്ടും വിളിച്ചു. കൊരട്ടിയിൽ ട്രെയിൻ നിർത്തിതരാമെന്ന് ഞാൻ പറഞ്ഞു. ഫോണില്‍ ആയതിനാല്‍ അയാള്‍ കെട്ടിപ്പിടിച്ചില്ല എന്നേയുള്ളു. അയാള്‍ എന്നെ കുറെ പുകഴ്‍ത്തി. പക്ഷേ ഞാൻ പറഞ്ഞു, കൊരട്ടിയില്‍ നിര്‍ത്തിയാല്‍ ആ ട്രെയിൻ മുന്നോട്ടുപോകില്ല. അവിടെ തന്നെ കിടക്കുമെന്ന്. അതിനുശേഷം അയാൾ എന്നെ വിളിച്ചിട്ടില്ല. പലർക്കും അങ്ങനെ ചുട്ടമറുപടി കൊടുത്തിട്ടുണ്ട്. പിന്നെ എങ്ങനെ ഞാൻ തോൽക്കാതിരിക്കും.

എന്റെ വീട്ടിൽ ഇലക്‌ഷൻ റിപ്പോർട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ചെയർമാൻ ഉണ്ട്, എന്റെ ഭാര്യയും മക്കളുമുണ്ട്. ഫലം വന്നുകൊണ്ടിരിക്കുമ്പോൾ എല്ലാവരും വിചാരിച്ചു ഇപ്പോ ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോൾ എതിർസ്ഥാനാർഥി എന്റെ മുകളിലായി. അപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. ഇതുകണ്ട് ചെയർമാൻ എന്നോടുപറഞ്ഞു, പേടിക്കേണ്ട, കയ്പമംഗലം എണ്ണീട്ടില്ല എന്ന്. പക്ഷേ കയ്പമംഗലവും എണ്ണി. ഒന്നു കൂടി ഞാൻ താഴേക്ക് വന്നു.

എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാൻ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കി. അപ്പോഴാണ് മനസമാധാനമായത്. തൃശൂര്‍ മുതൽ എല്ലാ സ്ഥലങ്ങളിലും സ്ഥാനാർഥികൾ താഴെ. ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോൽക്കാൻ പോകുകയാണല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അത് പതിയെ പതിയെ മാറി, പത്തൊമ്പതുപേരും തോൽക്കാൻ പോകുകയാണല്ലോ എന്നായി മനസ്സിൽ. അങ്ങനെ ഓർത്തപ്പോൾ ഒരു ചെറിയ സന്തോഷം.

അങ്ങനെ ഇരുപത് സീറ്റിൽ പത്തൊമ്പത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാർഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കില്‍ എന്നാണ് ഞാൻ ആ സമയത്ത് വിചാരിച്ചത്. മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്.

ഈ ഇരുപതുപേരിൽ ഞാൻ മാത്രം തോറ്റൂ എന്നു പറഞ്ഞാൽ എന്റെ മാനസികാവസ്ഥ എന്താകും. പുറത്തിറങ്ങി നടക്കാൻ പറ്റുമോ?. നാട്ടുകാർക്കും അതിൽ വിഷമമുണ്ടാകും. ആലപ്പുഴയില്‍ ആരിഫ് മാത്രം എനിക്ക് ചെറിയൊരു ദുഃഖം തന്നു. വളരെ ചെറുതാണ് കേട്ടോ.

അതുപോലെ മറ്റൊരു സംഭവം. ഞാൻ മുമ്പ് ടിവിയിലൊക്കെ പറഞ്ഞിട്ടുള്ളതാണ്. ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നു. ഞാൻ ടിവിയിൽ നോക്കുകയാണ്. ഇന്ത്യയിലെ ഏറ്റവുംനല്ല നടന്റെ ലിസ്റ്റിൽ അമിതാഭ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ്. ടിവിയുെട സ്ക്രോളിൽ ഈ മൂന്നുപേരുടെയും പേര് പോകുന്നുണ്ട്. പത്താംനിലയിലെ തീവണ്ടി എന്ന സിനിമയ്ക്കുവേണ്ടിയാണ് എന്നെ തെരഞ്ഞെടുത്തത്. ഒരു റൗണ്ട് കഴിഞ്ഞു, രണ്ട് കഴിഞ്ഞു, മൂന്നാമത്തെ റൗണ്ട് കഴിഞ്ഞപ്പോൾ എന്നെ കാണാനില്ല.

മമ്മൂട്ടിയും അമിതാഭ് ബച്ചനും മാത്രമമായി. ആ സമയത്ത് ഞാൻ മനസ്സിൽ വിചാരിച്ചു, മമ്മൂട്ടിക്ക് കിട്ടരുത്. എന്റെ ഉള്ളിൽ അങ്ങനെ തോന്നി. അവസാനം മമ്മൂട്ടി പുറത്തായി. അമിതാഭ് ബച്ചൻ മാത്രമായി. ആ സമയത്ത് മനസമാധാനം വന്നെങ്കിലും പെട്ടന്നുതന്നെ അത് സങ്കടമായി മാറി. ജ്യേഷ്ഠനായും അച്ഛനായും സുഹൃത്തായുമൊക്കെ ഞാൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ കുടുംബ കാര്യങ്ങള്‍ ഞാൻ പറഞ്ഞിട്ടുണ്ട്. അമ്മ സംഘടനയിൽ വർഷങ്ങളോളം എനിക്കൊപ്പം സെക്രട്ടറിയായി നിന്നിട്ടുണ്ട്. പിന്നെ എന്തിനാണ് ഞാൻ അങ്ങനെ ആലോചിച്ചതെന്ന് മനസ്സിൽ ഓർത്തു. അവസാനം ഉത്തരം കിട്ടി, ഇത്തരം കുശുമ്പും കുന്നായ്‍മയും ഒക്കെ ചേർന്നതാണ് മനുഷ്യൻ- ഇന്നസെന്റ് പറയുന്നു.

വീഡിയോ കടപ്പാട് : ഇരിങ്ങാലക്കുട വോയിസ്

Copyright © . All rights reserved