Specials

ഷിബു മാത്യൂ

മറ്റ് നാട്യ കലാ രൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മോഹിനിയാട്ടം കേരളത്തിന്റെ സ്വന്തം ക്ലാസിക്കൽ നൃത്തരൂപമാണ്. ആതുര ശുശ്രൂഷ മേഖലയിലെ നീണ്ട പഠനകാലവും അതിനുശേഷം യുകെയിലെത്തി എൻഎച്ച് എസിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന തിരക്കുകൾക്കിടയിലും ദൈവം തനിക്ക് തന്ന കഴിവുകളുടെ താലന്തുകളെ പൊടി തട്ടിയെടുത്ത് ആത്മ പ്രകാശനം ചെയ്യുന്ന ഒരു യുകെ മലയാളിയെയാണ് ഇന്ന് വിജയദശമി ദിനത്തിൽ മലയാളം യുകെ ന്യൂസ് പ്രിയ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. യുകെയിലെ യോർക്കിൽ സൈക്കാട്രിസ്റ്റായി ജോലി നോക്കുന്ന ഡോ. മിറിയം ഐസക്ക് (ദീപ ) ഈ വർഷം ആഗസ്റ്റ് മാസം തൻെറ മാതൃ വിദ്യാലയമായ സെൻറ് തെരേസാസ് കോളേജിന്റെ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ അത് സമാനതകളില്ലാത്ത സ്വപ്ന സാക്ഷാത്കാരമായിരുന്നു. മധ്യവയസ്സിനോട് അടുപ്പിച്ച് തൻെറ ജീവിത സാഫല്യത്തെ തിരിച്ചറിഞ്ഞ് കലയുടെ ശ്രീകോവിലിൽ സ്വയം ഉപാസിക്കാൻ അവസരം കിട്ടിയ ഒരു കലാകാരിയുടെ ആത്മ സംതൃപ്തിയോടെയാണ് ഡോ. ദീപ മലയാളം യുകെയോട് സംസാരിച്ചത്.

മഹാവിഷ്ണുവിൻെറ അവതാരമായ മോഹിനിയുടെ നൃത്തമാണ് മോഹിനിയാട്ടമായി വിവക്ഷിക്കുന്നത്. സൂക്ഷ്മമായ മുഖ ഭാവങ്ങളും ചലനങ്ങളും ഈ നൃത്തരൂപത്തിൻെറ പ്രത്യേകതയാണ് . നൃത്തം അവതരിപ്പിക്കുമ്പോൾ കലാസ്വാദകരുടെ മനസ്സിനുണ്ടാകുന്ന അനുവാചക നിർവൃതിയും ആതുരശുശ്രൂഷ രംഗത്ത് മാനസികാരോഗ്യത്തിന്റെ സ്നേഹ കരസ്പർശം പകർന്നു നൽകുമ്പോഴും കിട്ടുന്ന ആത്മസംതൃപ്തിയുടെയും സാരാംശം ഒന്നാണെന്ന മഹത്തായ ആശയമാണ് ഡോ. ദീപ പങ്കു വെയ്ക്കുന്നത്.

സ്കൂൾ പഠനകാലത്ത് 5 വർഷത്തോളം കർണാടക സംഗീതം അഭ്യസിച്ചിട്ടുണ്ട് ഡോ. ദീപ . എന്നിരുന്നാലും പ്രസംഗ കലയിലൂടെയാണ് തൻെറ സാന്നിധ്യം സ്റ്റേജിൽ ആദ്യം അറിയിച്ചത് . പിന്നീട് മെഡിക്കൽ കോളേജിലെ പഠനകാലത്ത് വെസ്റ്റേൺ മ്യൂസിക്കലും ഗിറ്റാറിലും സംസ്ഥാനതല ഇൻറർ മെഡിക്കൽ യൂത്ത് ഫെസ്റ്റിവലിൽ കോട്ടയം മെഡിക്കൽ കോളേജിനെ പ്രതിനിധീകരിക്കുകയും ചെയ്തു. പക്ഷേ ആ കാലഘട്ടത്തിലൊന്നും ശാസ്ത്രീയ നൃത്തത്തിന്റെ നാൾവഴികളിൽ തൻെറ ജന്മസാഫല്യം പൂർത്തീകരിക്കാൻ തനിക്കാകുമെന്ന് ഡോ. ദീപ കരുതിയിരുന്നില്ല.

പ്രവാസത്തിൻെറ ഏറ്റവും വലിയ നന്മ നമ്മുടെ വേരുകളിലേയ്ക്ക് ഗൃഹാതുരത്വത്തോടുള്ള തിരിഞ്ഞുനോട്ടമാണെന്ന് ഡോ. ദീപ പറഞ്ഞു. അങ്ങനെ അനുഗ്രഹീത കലാകാരിയും നാട്യാചാര്യ കലാക്ഷേത്ര ശ്രീമതി വിലാസിനി ടീച്ചറിന്റെ മകളും നൃത്താധ്യാപികയുമായ ശ്രീമതി സുനിതാ സതീഷിൻെറ ശിക്ഷണത്തിൽ ഒരു വർഷത്തോളം ഓൺലൈൻ ആയും നേരിട്ടും തീവ്രമായ പരിശീലനം നടത്തിയതിൻെറ സാക്ഷാത്കാരമായിരുന്നു സെൻറ് തെരേസാസ് കോളേജിൽ മോഹിനിയാട്ടത്തിൽ നടത്തിയ അരങ്ങേറ്റം. ത്യാഗരാജൻ, സ്വാതിതിരുനാൾ, മൈസൂർ വാസുദേവാചാര്യർ, മധുരൈ കൃഷ്ണൻ എന്നീ പ്രഗത്ഭരുടെ കൃതികളാണ് തൻെറ അരങ്ങേറ്റത്തിൽ ഡോ . ദീപ അവതരിപ്പിച്ചത് . ശിവരഞ്ജിനി രാഗത്തിലും ഖണ്ഡ ചാപ്പ് താളത്തിലും രചിക്കപ്പെട്ട തില്ലാന ഗുരുവായ ശ്രീമതി സുനിത സതീഷിൻെറ വിദഗ്ധമായ ചിട്ടപ്പെടുത്തൽ അനുസരിച്ച് മനോഹരമായി അവതരിപ്പിച്ചതിന് മുക്തകണ്ഠം പ്രശംസിയാണ് അനുവാചകർ ഡോ. ദീപയ്ക്ക് നൽകിയത്. പിന്നണിയിലും ഒട്ടേറെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം ഡോക്ടർ ദീപയുടെ അരങ്ങേറ്റ മത്സരത്തെ അവസ്മരണീയമാക്കി. സൗപർണ ശ്രീകുമാർ അരങ്ങേറ്റയിനങ്ങൾ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയപ്പോൾ നട്ടുഹംഗം നിർവഹിച്ച ഗുരു ശ്രീമതി സുനിതാ സതീശിനൊപ്പം സംഗീതവിദുഷി ഷാനി ഹരികൃഷ്ണൻ, മൃദംഗ വിദഗ്ധൻ ഹരികൃഷ്ണൻ, വീണ വാദകൻ ബിജു, ഇടയ്ക്ക വിദഗ്ദൻ തൃപ്പൂണിത്തറ ഹരി എന്നിവരും ചമയ കലാകാരൻ ഇടക്കൊച്ചി മുകുന്ദനും പിന്നണിയിൽ അണിനിരന്നു.

വൈകിയാണെങ്കിലും ഒരു കലാകാരിക്ക് ലഭിച്ച സ്വപ്നതുല്യമായ അരങ്ങേറ്റമാണ് ഡോ. ദീപയ്ക്ക് സെൻറ് തെരേസാസ് കോളേജിൽ ലഭിച്ചത്. താൻ പഠിച്ച തൻെറ അമ്മ ദീർഘകാലം ജോലി ചെയ്ത സെൻറ് തെരേസാസ് കോളേജ് ശരിക്കും ഡോ. ദീപയ്ക്ക് മാതൃ വിദ്യാലയം തന്നെയാണ്. തൃശ്ശൂർ എൻജിനീയറിംഗ് കോളേജിൽ നിന്ന് വിരമിച്ച പ്രൊഫ ഐസക് മേനോത്തുമാലിലും സെൻറ് തെരേസാസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻെറ വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ ഡെയ്‌സി ഐസക്കും ആണ് ഡോ. ദീപയുടെ മാതാപിതാക്കൾ.

ഡോ. ദീപയുടെ ഭർത്താവ് ഡോ. തോമസ് ഏലിയാസ് ന്യൂറോ സൈക്യാട്രിയിലും എഡിഎച്ച്ഡിയിലും സ്പെഷ്യലൈസ് ചെയ്യുന്ന ഒരു സീനിയർ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റാണ്. സംഗീതത്തെയും നൃത്തത്തെയും വളരെ ഇഷ്ടപ്പെടുന്ന ഡോ. തോമസ് ഒരു കഴിവ് തെളിയിച്ച ഫോട്ടോഗ്രാഫർ കൂടിയാണ്. ഏക മകൻ കണ്ണൻ എന്ന് ഓമനപേരിട്ട് വിളിക്കുന്ന മൈക്കിൾ ഇയർ 10 ആണ് പഠിക്കുന്നത്. ചെറുപ്രായത്തിലെ സ്കൂൾ നാടകവേദികളിൽ കണ്ണൻ തൻെറ വരവ് അറിയിച്ചു കഴിഞ്ഞു.

നൃത്തോപാസനകളുടെ ആഗ്രഹ പൂർത്തീകരണത്തിൻെറ സന്തോഷം ഈശ്വര പാദങ്ങളിലും ഗുരു സമക്ഷവുമാണ് ഡോ. ദീപ നന്ദിയായി അർപ്പിക്കുന്നത്. ഡോ. ദീപയുടെ ഗുരു സുനിതാ സതീഷിന്റെ ശിക്ഷണത്തിൽ പരിശീലനം തേടി മഹത്തായ പാരമ്പര്യമുള്ള ശിഷ്യ പരമ്പരയിൽ സ്ഥാനം പിടിച്ചത് ദൈവകടാക്ഷമായാണ് ഡോ. ദീപ കരുതുന്നത്. വിലാസിനി ടീച്ചറിന്റെ ഇളയ മകളായ സുനിത ടീച്ചർ വിവിധ നൃത്ത രൂപങ്ങൾ അഭ്യസിച്ചു തുടങ്ങിയത് അമ്മയിൽ നിന്ന് തന്നെയാണ് . 1989 ൽ എം ജി സർവകലാശാല കലാതിലകം ആയിരുന്ന സുനിത ടീച്ചർ അതേ വർഷം യുഎസ് എസ് ആർ -ൽ നടന്ന ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. നിലവിൽ കടയിരുപ്പ് സെൻറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ നൃത്താധ്യാപികയായ സുനിത ടീച്ചർ തന്റെ ബിരുദാന്തര പഠനത്തിൽ കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു.

സ്കൂൾ കോളേജ് കലോത്സവങ്ങളിൽ തിളങ്ങി നിന്ന പലരും കലാരംഗത്ത് നിന്ന് വിടവാങ്ങി ഔദ്യോഗിക തിരക്കുകളിൽ മുഴുകുമ്പോൾ ഒന്നൊന്നായി തനിക്ക് ദൈവം തന്ന കഴിവുകളെ ആരോഗ്യമേഖലയിൽ തിരക്കേറിയ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുമ്പോഴും നേടിയെടുക്കുന്നതിൻെറ സന്തോഷത്തിലാണ് യുകെ മലയാളി ഡോക്ടർ ആയ ദീപ . 2020-2022 ലെ കോവിഡ് സമയത്ത് ഏറ്റവും കൂടുതൽ വൈഷമ്യങ്ങളിലൂടെ കടന്നുപോയത് ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരായിരുന്നു. എന്നാൽ ആ സമയം ആണ് ഡോ. ദീപ എൻഎച്ച്എസ്സിനായി ഔപചാരികമായി എഴുതാൻ ആരംഭിച്ചത്.

ഇതിനിടെ എ ടൈം റ്റു ഹീൽ ( A TIME TO HEAL ) എന്ന പേരിൽ ഡോക്ടർ തന്റെ ആദ്യ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു. തൻെറ 40 കളുടെ തുടക്കത്തിൽ ഭാവനയുടെ ലോകത്തെ എഴുത്തിലൂടെ വഴിതിരിച്ചുവിട്ട ഡോക്ടർ ഇതിനിടയ്ക്ക് കരാട്ടയിൽ റെഡ് ബെല്‍റ്റ് വരെ കരസ്ഥമാക്കുകയും ചെയ്തു . നമ്മുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ എന്തിനു നാം തന്നെ അതിർവരമ്പുകൾ നിർണയിക്കുന്നു എന്ന ചോദ്യമാണ് ഡോ. ദീപ ഈ ലേഖകനോട് ചോദിച്ചത് . ആത്മസംതൃപ്തിക്കായി എഴുത്തും മണിക്കൂറുകളോളം നീണ്ട നൃത്ത പരിശീലനവും ആരോഗ്യപരിപാലന ശുശ്രൂഷയ്ക്കൊപ്പം ഒന്നിപ്പിച്ച് വിജയം കൊയ്ത ഡോ. ദീപ നമ്മൾക്ക് നൽകുന്നത് മഹത്തായ ഒരു സന്ദേശമാണ് . വലിയ ലക്ഷ്യങ്ങളിൽ വിശ്വസിച്ച് ആത്മ സംതൃപ്തിക്കായി പ്രവർത്തിക്കൂ. ദൈവകൃപയും ഗുരു കടാക്ഷവും നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഡോ. ദീപയ്ക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് മലയാളം യുകെ ന്യൂസ് ടീം ആത്മാർത്ഥമായി ആശംസിക്കുന്നു.

 

പ്രൊഫ. കവിയൂർ ശിവപ്രസാദ്

ലോകമെമ്പാടുമുള്ള മലയാളികൾ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന ഒരു ആനന്ദോത്സവമാണ് ഓണം. പുരാണ ഗ്രന്ഥങ്ങളിൽ പറയുന്നത് അനുസരിച്ച് മഹാബലി കഥയിൽ അധിഷ്ഠിതമായ ഒരു ഓണ സങ്കല്പമാണ് നമുക്കുള്ളത് . അത് പ്രകാരം മഹാബലി ഒരു ധീര രക്തസാക്ഷിയും വാമനൻ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രവുമാണ്.

കൗതൂഹലം മനസ്സിൽ മറ്റൊന്നില്ലില്ലിത്ര നഹി
വേദാന്ത സാരമിതു കേൾപ്പുണ്ടു ഭാഗവതം.
വേദം വ്യസിച്ച മുനി മോദം വരാഞ്ഞ്
പുനരേകച്ചരാകില നാരായണായ നമ:
എന്ന ഹരിനാമ കീർത്തനത്തിൽ പറയുന്നതു പ്രകാരം പതിനെട്ടു പുരാണ കർത്താവായ വേദങ്ങളെ വ്യസിച്ച വ്യാസ മഹർഷി രചിച്ച ഭാഗവതത്തിലാണ് വാമനാവതാര കഥ വിവരിക്കുന്നത്. വിഷ്ണുപുരാണം, വാമനപുരാണം, മഹാഭാരതം, യോഗ വസിഷ്ഠം, നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങളിലും വിശദീകരണങ്ങൾ ഉണ്ട്. എങ്കിലും തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാൽ രചിക്കപ്പെട്ട ശ്രീ മഹാഭാഗവതം അഷ്ടമ സ്‌കന്ധത്തിലാണ് ഈ കഥ വിശദീകരിക്കുന്നത്. അതിൽ വിസ്തരിക്കുന്ന കഥ താഴെ പറയുന്ന പ്രകാരം ആണ്.
ബ്രഹ്മപുത്രനായ മരീചിയുടെ പുത്രനായ കശ്യപ പ്രജാപതിക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു അദിതിയും ദിതിയും. ഇതിൽ അദിതിയിൽ ഇന്ദ്രാദി ദേവകളും ദിതി എന്ന ഭാര്യയിൽ ദൈത്യന്മാരും (അസുരന്മാരും ) ഉണ്ടായി. ഇവർ പരസ്പരം കലഹിച്ചു കൊണ്ടേയിരുന്നു. ഇവർ തമ്മിൽ കൊടും യുദ്ധങ്ങൾ പോലും ഉണ്ടായി. ദിതിയുടെ പുത്രന്മാരിൽ ഹിരണ്യാക്ഷൻ , ഹിരണ്യ കശിപു, ശൂരപത്മാവ് , സിംഹ വക്ത്രൻ, താരകാസുരൻ ഗോമുഖൻ എന്നിവർ വളരെ കരുത്തരും കുപ്രസിദ്ധരുമായിരുന്നു. ഹിരണ്യ കശിപുവിൻെറ പുത്രന്മാരായി പ്രഹ്ളാദൻ , സംഹ്ളാദൻ, ഹ്രാദൻ, അനുഹ്രാദൻ എന്നിവരിൽ പ്രഹ്ളാദ പുത്രനായി വിരോചനൻ ജനിച്ചു.

വിരോചന പുത്രനാണ് ബലി. പിന്നീട് ബലിയുടെ പുത്രനായി ബാണനും, ബാണ പുത്രന്മാരായി നിവാത കവചന്മാരും, നാലു കോടിയിലേറെ അസുരന്മാരും ജനിച്ചു.

യൗവനത്തിൽ തന്നെ ബലി ഇന്ദ്രനോട് യുദ്ധം ചെയ്ത് പരാജിതനായി പ്രാണഹാനി സംഭവിച്ചുവെങ്കിലും അസുര ഗുരുവായ ശുക്രാചാര്യർ ബലിയെ പുനർ ജീവിപ്പിച്ചു. ഒപ്പം ഇന്ദ്രനെ തോൽപ്പിക്കണമെന്ന ബലിയുടെ വൈരാഗ്യ ബുദ്ധിയും കൂടിയായപ്പോൾ അസുരന്മാർ അജയ്യരായി. തുടർന്നുള്ള കഥകൾ കേരളത്തിൽ എല്ലാവർക്കും അറിവുള്ളതു തന്നെ .

ഭദ്രമാസത്തിലെ ശുക്ലപക്ഷത്തിൽ, 12-ാം തിഥിയിൽ ശ്രാവണ നക്ഷത്രത്തിൽ (തിരുവോണം) അഭിജിത് മുഹൂർത്തത്തിൽ മഹാവിഷ്ണു വാമനാവതാരം പൂണ്ടു. ഈ കാലത്ത് നർമ്മദാ നദിയുടെ വടക്കേ തീരത്ത് ഭൃഗു കഛകമെന്ന സ്ഥലത്ത് മഹാബലി യാഗം നടത്തി. (നർമ്മദാ തീരം ഗുജറാത്തിൽ ആണെന്ന് ഓർക്കുക.) തത്സമയം വാമനൻ അവിടെ എത്തുകയും അവിടെയുണ്ടായിരുന്നവരെ വിസ്മയിപ്പിക്കുകയും ചെയ്തു. ആഗമനോദ്ദേശം ആരാഞ്ഞ മഹാബലിയോട് ഭഗവാൻ, തപസ്സനുഷ്ഠിക്കുവാൻ മൂന്നടി മണ്ണ് വേണമെന്ന് പറയുകയും മഹാബലി പുച്ഛത്തോടെ ആ ആവശ്യം അംഗീകരിക്കുകയും വിശ്വരൂപം പ്രാപിച്ച വാമനൻ രണ്ടു ചുവടു കൊണ്ട് ത്രിഭുവനം അളന്നു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ചുവടു വയ്ക്കാൻ സ്ഥലമില്ലാതായപ്പോൾ മഹാബലി നമ്രശിരസ്കനായി തൻറെ തല താഴ്ത്തി വാമനനു മുമ്പിൽ നമസ്കരിച്ചു. മൂന്നാമത്തെ ചുവട് ബലി ശിരസ്സിൽ വച്ച് അദ്ദേഹത്തെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി ആണ്ടു തോറും ചിങ്ങം മാസത്തിലെ തിരുവോണം നക്ഷത്രത്തിൽ തന്റെ പ്രജകളെ കാണുവാൻ അനുവാദവും കൊടുത്തു. ഈ കഥയാണ് കേരളത്തിലാകമാനം പ്രചുര പ്രചാരം ലഭിച്ച ഓണക്കഥ.

ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചരിത്ര ദൃഷ്ട്യയിൽ പരിശോധിക്കുമ്പോൾ കാണാവുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്. എ. ഡി നാലാം ശതകത്തിൽ മധുരൈ കാഞ്ചി എന്ന തമിഴ് കൃതിയിൽ ഓണാഘോഷത്തെപ്പറ്റി പറയുന്നുണ്ട്. പ്രാചീന തമിഴ് കവിയായ തിരുജ്ഞാന സംബന്ധരുടെ കൃതികളിലും ഓണാഘോഷം പറയുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന ‘പല്ലാണ്ട് ‘ എന്ന കൃതിയിലും ഓണം പരാമർശ വിഷയമാകുന്നുണ്ട്. എ ഡി 9-ാം ശതകത്തിൽ തന്നെ സ്ഥാണു രവി എന്ന ഭരണാധികാരി തിരുവല്ലയ്ക്കടുത്തുള്ള തിരുവാറ്റ ക്ഷേത്രത്തിൽ ഓണം ആഘോഷിക്കുവാൻ ഭൂമിദാനം ചെയ്തതിനെപ്പറ്റി തൻറെ ശാസനത്തിൽ പറയുന്നുണ്ട്. പതിറ്റുപ്പത്ത് എന്ന തമിഴ് കൃതിയിൽ 11-ാം നൂറ്റാണ്ടിൽ ഇവിടെ ഓണം ആഘോഷിച്ചിരുന്നു എന്നു സംശയലേശമന്യേ പറയുന്നുണ്ട് . ചില കാര്യങ്ങൾ പരിശോധിക്കുമ്പോൾ എ . ഡി ഒന്നാം ശതകത്തിൽ കേരളം ഭരിച്ചിരുന്ന ധർമ്മിഷ്ഠനായ രാജാവിൻറെ കഥയുമായി ബന്ധപ്പെടുത്തവുന്നതാണ് . അദ്ദേഹത്തിൻറെ പേര് നെടുംചേരലാതൻ എന്നാണ് . ഇനി മറ്റൊരു തലത്തിലേയ്ക്ക് നോക്കിയാൽ ഇതൊരു ബൗദ്ധ ആചാരമാണെന്ന് കാണാൻ കഴിയും.

ലോകത്ത് എമ്പാടുമുള്ള വിവിധ മതങ്ങളെയെല്ലാം സഹർഷം സ്വാഗതം ചെയ്യുന്ന ഒരു സംസ്കാരമാണ് കേരളത്തിനുള്ളത്. സഹ്യപർവ്വതത്തിനപ്പുറമുള്ള ജൈനബുദ്ധ മതങ്ങളെയും കടൽ കടന്നു വന്ന ഇസ്ലാം യഹൂദ ക്രിസ്തു മതങ്ങളെയും കേരളം സന്തോഷം സ്വീകരിച്ചു. എന്നാൽ ആദ്യം വന്നത് ജൈന ബുദ്ധ മത വിഭാഗമാണെന്ന് കാണാവുന്നതാണ്. ഇതിൽ തന്നെ ബൗദ്ധ സന്ദേശങ്ങൾക്കാണ് പ്രചാരം ലഭിച്ചത്. ബുദ്ധമത വിശ്വാസികളായ രാജാക്കന്മാർ കേരളത്തിലും ദക്ഷിണേന്ത്യയിൽ മറ്റു ഭാഗങ്ങളിലും വ്യാപിച്ചിരുന്നതായി ചരിത്രം പരിശോധിച്ചാൽ കാണാവുന്നതാണ്. ബുദ്ധമത വിശ്വാസിയും ജനക്ഷേമ തല്പരനുമായ ഒരു കേരള ചക്രവർത്തിയെ ബ്രാഹ്മണ ക്ഷത്രിയ അധിനി വേശത്തിൽ നിഷ്കാസിതനാക്കിയ ഒരു ചരിത്രം നമുക്ക് ഉണ്ട്. കേരളത്തിലെ വിളവെടുപ്പ് മഹോത്സവവുമായി ആഘോഷിച്ചിരുന്ന ഒരു അനുഷ്ഠാനമായിരുന്നു ഓണം . ബ്രാഹ്മണ ക്ഷത്രിയ അധിനിവേശത്തിലൂടെ രാജ്യഭാരം ത്യജിക്കേണ്ടി വന്ന ചക്രവർത്തിയുടെ അനുസ്മരണമായി ഓണാഘോഷത്തെ പരിഗണിക്കാവുന്നതാണ്. മഹാബലി വാമന കഥയ്ക്ക് മത സ്വാധീനം കൊണ്ടു വരികയും ഹൈന്ദവ വൽക്കരണത്തിന്റെ ഭാഗമായി ചാതുർ വർണ്യ വ്യവസ്ഥിതി ബ്രാഹ്മണാദികൾ സ്ഥാപിച്ച് ബ്രാഹ്മണരെ ഭുസുരരാക്കി ദേവ വർഗ്ഗമാക്കി വേർതിരിക്കയും ജാതി വ്യത്യാസം ഇല്ലാത്ത സർവ്വമത സാഹോദര്യം പ്രതിഷ്ഠിതമാക്കിയ ബുദ്ധമതക്കാരെ അസുരന്മാരാക്കി വേർതിരിക്കുകയും ചെയ്തിരുന്നതായുള്ള പഠനങ്ങൾ ഉണ്ട്. പ്രജാക്ഷേമ തത്പരനായ മഹാബലിയെ ഭ്രഷ്ടനാക്കിയത് അദ്ദേഹം അസുരനായതിനാലാണെന്ന് മനസ്സിലാക്കാം. തിരുവോണം – ഓണം എന്നീ പദങ്ങളുടെ തത്ഭവമായ ശ്രാവണം സംസ്കൃതമാണ്, അതാകട്ടെ ബൗദ്ധവുമാണ്. ബുദ്ധ ശിഷ്യന്മാരെ ശ്രാവണന്മാർ എന്നും ബുദ്ധനെ തന്നെ ശ്രാവണൻ എന്നും വിളിച്ചിരുന്നു. ഭഗവാൻ ബുദ്ധൻ ശ്രാവണ പദത്തിലെത്തിയ ശിഷ്യന്മാർക്ക് മഞ്ഞ വസ്ത്രം നൽകി സ്വീകരിച്ചതിന്റെ സ്മരണ പുതുക്കുന്നതാണ് ‘ഓണക്കോടി ‘ കൊടുക്കുന്നത്. ഇത്തരം വസ്ത്രങ്ങൾക്കും മഞ്ഞപ്പൂക്കൾക്കും ഓണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട് .

ബുദ്ധമതക്കാരെ തുരത്തി ഓടിക്കുന്നതിനായി അക്രമങ്ങളും ഹിംസകളും നടന്നിട്ടുള്ളതായി കാണാവുന്നതാണ്. അതിൻ്റെ പ്രാക് രൂപമാണ് ഓണത്തല്ലും, വേലകളിയും, പടയണിയും മറ്റും എന്ന് അനുമാനിക്കാവുന്നതാണ്.

വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ, ഇവിടുത്തെ ഇത്തരത്തിലുള്ള അനുഷ്ഠാനങ്ങളെ പറ്റി പറയുന്നുണ്ട്. വിശിഷ്യ : ബർത്തലോമ്യയുടെ വിവരണത്തിൽ അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ – എട്ടു ദിവസം നീണ്ടുനിന്നിരുന്ന ഓണാഘോഷത്തെപ്പറ്റി പറയുമ്പോൾ വീടെല്ലാം ചാണകം മെഴുകി പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും പഴയ മൺപാത്രങ്ങൾ കളഞ്ഞ് പുതിയത് വാങ്ങി ഉപയോഗിക്കുകയും ചെയ്തിരുന്നു. ചെറുപ്പക്കാർ രണ്ട് ചേരിയിലായി നിരന്നു നിന്ന് കമ്പുകൾ കൊണ്ടുള്ള അസ്ത്രങ്ങൾ അയയ്ക്കുകയും ഇതൊരു വിനോദ കളിയായി മാറുകയും ചെയ്തിരുന്നു. ഈ കളികൾക്ക് ഗ്രീക്കുകാരുടെയും റോമാക്കാരുടെയും കായിക വിനോദങ്ങളുമായി സാമ്യമുണ്ട്. വിഷർ, ഫോർബ്സ് തുടങ്ങിയ സഞ്ചാരികൾ ഇത്തരം കളികളെ കുറിച്ച് തങ്ങളുടെ യാത്രാ വിവരണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. വേണാട്ട് രാജാക്കന്മാർ ഓണ ദിവസം കോടി വസ്ത്രത്തോടൊപ്പം ഓണവില്ല് കൂടി മേൽശാന്തിയിൽ നിന്നും വാങ്ങുന്നതായി ഉള്ള ചടങ്ങ് ഉണ്ട്. സംഘക്കളിയിൽ ബ്രാഹ്മണർ ബുദ്ധമതക്കാരെ ഓടിക്കുന്നതിനായി ആയുധം എടുക്കുന്നതായി അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് നാട്ടിലും ഓണാഘോഷം പ്രാചീനകാലം മുതലെ അനുഷ്ഠിച്ചതായി സംഘകാല കൃതിയായ “മധുരൈക്കാഞ്ചി ” എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്. ‘മരുതനാരു’ടെ കൃതിയിൽ ക്ഷേത്രമുറ്റത്ത് ക്രീഡാ യുദ്ധങ്ങൾ നടന്നിരുന്നതായി പ്രസ്താവിക്കുന്നുണ്ട്. ഇത് ഓണാഘോഷവുമായി ബന്ധപ്പെട്ടതെന്ന് അദ്ദേഹം ദൃഢനിശ്ചയത്തോടെ പറയുന്നു . ചേരിപ്പോര് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ‘മനുഷ്യരെല്ലാം ഒന്നുപോലെ എന്ന ‘ – ജാതി മത വർഗ്ഗ വ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല കാലത്തെ സ്മരിച്ചു കൊണ്ട് ഈ വർഷവും നമുക്ക് ഓണം ആഘോഷിക്കാം!

പ്രൊഫ. കവിയൂർ ശിവപ്രസാദ്

എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.

 

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ സ്കൂളുകൾക്ക് ഇത് അവധിക്കാലമാണ്. അതുകൊണ്ട് തന്നെ നിരവധി യുകെ മലയാളികൾ ആണ് ഈ സമയത്ത് കേരളത്തിൽ എത്തിയിരിക്കുന്നത്. യുകെയിൽ ഉള്ള മലയാളികളുടെ ബന്ധുക്കൾ പല സാധനങ്ങളും തിരിച്ചുപോകുമ്പോൾ നമ്മളെ ഏൽപ്പിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ എത്ര അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും തരുന്ന സാധനങ്ങൾ ആണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ എട്ടിൻറെ പണി കിട്ടാനുള്ള സാധ്യതയുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം ലണ്ടനിലെ ഹെഡ് ഫോർഡ് ഷെയറിൽ താമസിക്കുന്ന ഒരു കുടുംബത്തിനുണ്ടായ അനുഭവം ആരെയും ഞെട്ടിക്കുന്നതായിരുന്നു. അവരുടെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് എയർപോർട്ടിന് അടുത്തുവച്ച് കൈമാറിയ പാഴ്സലിൽ ആയുർവേദ മരുന്നുകളും എണ്ണയും ആണെന്നാണ് പറഞ്ഞിരുന്നത്. എണ്ണയും മറ്റ് സാധനങ്ങളും ലിക്വിഡ് ആയതിനാൽ നല്ല രീതിയിൽ പായ്ക്ക് ചെയ്താണ് കൊടുക്കുന്നത് എന്നും അറിയിച്ചിരുന്നു. എന്നാൽ എന്തോ ഉൾവിളിയോടെ പാഴ്സൽ തുറന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് നിരോധിച്ച ഹാൻസ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ആയിരുന്നു. ഒരുപക്ഷേ പിടിക്കപ്പെട്ടിരുന്നെങ്കിൽ രണ്ട് മക്കളുമായി യുകെയിലേയ്ക്ക് തിരിച്ച ആ കുടുംബത്തിന്റെ യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. അതു മാത്രമല്ല നിയമനടപടികളും നേരിടേണ്ടി വരും.

ഏതെങ്കിലും രീതിയിൽ ആയുർവേദ മരുന്നുകളും എണ്ണകളും മറ്റും സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുമ്പോൾ പോലും കൃത്യമായ ബില്ലുകൾ സൂക്ഷിക്കാൻ മറക്കരുത് . ആയുർവേദ മരുന്നുകൾ ആണെങ്കിൽ പോലും പൊടികളും എണ്ണയും മറ്റും നിരോധിത വസ്തുക്കൾ ആണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ ഒരു ഡോക്ടറുടെ സാക്ഷ്യപത്രം കൈയ്യിൽ കരുതുന്നത് എയർപോർട്ടിലെ അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് സഹായിക്കും.

അവധി ആഘോഷിച്ചിട്ട് മലയാളികളിൽ പലരും യുകെയിലേയ്ക്ക് തിരിച്ചു പോകുന്നത് കടുത്ത ഗൃഹാതുരത്വവുമായിട്ടാണ്. അതുകൊണ്ടുതന്നെ ഇവിടെ നിന്നുള്ള ഇഷ്ടവിഭാഗങ്ങളിൽ പലതും മിക്കവരും കൂടെ കൊണ്ടുപോകാറുണ്ട്. ഉണക്ക കപ്പയും ചക്ക ഉണങ്ങിയതും ഉണക്കമീനും ഉണക്ക ഇറച്ചിയും ഉൾപ്പെടെയുള്ള സാധനങ്ങൾ പിടിക്കപ്പെട്ടാൽ ശരിയായ രീതിയിൽ വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ പണി കിട്ടാൻ സാധ്യതയുണ്ട് . പൊതിച്ചു പായ്ക്ക് ചെയ്തു കൊണ്ടുപോയ തേങ്ങ ബോംബാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട സംഭവങ്ങളും എയർപോർട്ടിൽ ഉണ്ടായിട്ടുണ്ട്,

സ്വന്തം സാധനമാണെങ്കിലും മറ്റുള്ളവർ സമ്മാനിക്കുന്നതാണെങ്കിലും ഓരോ പായ്ക്കറ്റുകളിലും എന്തൊക്കെ സാധനങ്ങൾ ആണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല നമ്മൾക്കാണെന്ന് മറക്കരുത്. ഈ ദിവസങ്ങളിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എയർപോർട്ടുകളിൽ കൂടുതൽ വിശദമായ പരിശോധനകൾ ആണ് നടക്കുന്നത്. ഇത്തരം സാഹചര്യത്തിൽ സൂക്ഷിച്ചില്ലെങ്കിൽ ഒരുപക്ഷേ യാത്ര തന്നെ മുടങ്ങിയേക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിൽ നിന്ന് വിദേശ നാടുകളിലേക്ക് കുടിയേറിയിട്ട് വർഷങ്ങളായെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ ചുവടും മാറ്റങ്ങളും അതേ ആവേശത്തിൽ ഉൾക്കൊള്ളുന്നവരാണ് പ്രവാസി മലയാളികളും .

അതുപോലെതന്നെ വോട്ടിംഗ് ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് ടെലിവിഷന് മുന്നിൽ കുത്തിയിരുന്നത് നൂറുകണക്കിന് യുകെ മലയാളികളാണ്. യുകെ സമയം ഏതാണ്ട് അതിരാവിലെ നാലുമണിയോടു കൂടിയാണ് ഇന്ത്യയിൽ വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കുക. ആ സമയത്ത് തന്നെ അലാറം വെച്ച് എഴുന്നേറ്റാണ് യുകെ മലയാളികളും തിരഞ്ഞെടുപ്പ് ജ്വരത്തിന്റെ ആവേശം തൊട്ടറിഞ്ഞത്. പല ഗ്രൂപ്പുകളിലായി ഒരു വീട്ടിൽ ഒന്നിച്ചുകൂടി ടെലിവിഷനു മുന്നിൽ രാഷ്ട്രീയ സംവാദത്തിൽ ഏർപ്പെട്ടവരാണ് ഇവരിലേറെയും. രാഷ്ട്രീയമായി പല പക്ഷങ്ങൾ ഉള്ളവർ ഒരുമിച്ച് ഒരു വീട്ടിൽ കൂടി വോട്ടെണ്ണലിൻ്റെ ഗതിവിഗധികൾ ടെലിവിഷനിൽ നിന്ന് നേരിട്ട് അറിഞ്ഞതിന്റെ രസം ഒന്ന് വേറെ തന്നെയായിരുന്നു.

പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കും കേരളത്തിലെ യുഡിഎഫിനും പ്രത്യേകിച്ച് കോട്ടയത്ത് ഫ്രാൻസിസ് ജോർജിനും വൻ വിജയം നൽകിയ ജനങ്ങൾക്കും നന്ദി പറയുന്നതായി പ്രവാസി കേരള കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോസ് പരപ്പനാട്ട് അറിയിച്ചു.

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക്ഫീൽഡിൽ യുഡിഎഫിന്റെ വിജയാഘോഷങ്ങൾ അതിരാവിലെ തന്നെ ആരംഭിച്ചിരുന്നു. യുകെയിലെ വിവിധ ഭാഗങ്ങളിലും യുഡിഎഫ് പ്രവർത്തകർ വിജയാഘോഷങ്ങൾ ഒരുക്കി. നാട്ടിൽനിന്ന് പ്രവാസി ലോകത്ത് എത്തിയിട്ട് കാലമേറെയായെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചൂടും ചുവരും ഇപ്പോഴും രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു ആഘോഷ പ്രകടനങ്ങൾ . ഇന്ത്യയിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവാസി സംഘടനകൾ യുകെയിൽ സജീവമാണ്. ചില സംഘടന പ്രവർത്തകർ നിരാശരായപ്പോൾ മറ്റു ചിലർക്ക് ആഘോഷത്തിന്റെ അവസരമായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രവാസ ജീവിതത്തിലെ ഏറ്റവും ദുരിത പൂർണ്ണമായ ജീവിതാവസ്ഥയിലൂടെ കടന്നുപോയ ഒരു യുകെ മലയാളിയുടെ ജീവിതമാണ് ഇന്ന് മലയാളം യുകെ ന്യൂസ് വായനക്കാർക്കായി സമർപ്പിക്കുന്നത്. വെസ്റ്റ് യോർക്ക് ഷെയറിലെ വേക്ക്ഫീൽഡിൽ താമസിച്ചിരുന്ന രാജീവ് സദാശിവൻ പുതുവർഷ പുലരിയുടെ തലേന്നാണ് ആകസ്മികമായി മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് വേക്ക്ഫീൽഡിലെ ക്രോഫ്റ്റണിലെ വസതിയിൽ വച്ചാണ് മരണം സംഭവിച്ചത്.

കടുത്ത ക്രിക്കറ്റ് പ്രേമിയും കളിക്കാരനുമായിരുന്ന രാജീവ് വേക്ക്ഫീൽഡിലെ ഓൾഡ് ഷാൾസ്റ്റൺ ക്രിക്കറ്റ് ക്ലബ്ബുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ നീണ്ടകാലത്തെ യുകെ ജീവിതത്തിൽ നല്ലൊരു സൗഹൃദബന്ധം രാജീവിന് ഉണ്ടായിരുന്നു.

പക്ഷേ പ്രവാസ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ജീവിതാവസ്ഥയിലൂടെയായിരുന്നു രാജീവ് കടന്നു പോയി കൊണ്ടിരുന്നത്. ഏകദേശം 12 വർഷം മുമ്പാണ് രാജീവ് വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയത്. സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളാൽ 12 വർഷം മുമ്പ് യുകെയിലെത്തിയതിനു ശേഷം രാജീവിന് തൻറെ ഭാര്യയെയും രണ്ടു മക്കളെയും മാതാപിതാക്കളെയും മരണം വരെ സന്ദർശിക്കുവാൻ സാധിച്ചിരുന്നില്ല . സ്വന്തം മാതാപിതാക്കൾക്കും ഭാര്യയ്ക്കും മക്കൾക്കും ഒരു നല്ല ജീവിതം നൽകാൻ ഒറ്റപ്പെടലിന്റെ വേദനകൾ കടിച്ചമർത്തി രാജീവ് കഠിനാധ്വാനം ചെയ്യുകയായിരുന്നു. പക്ഷേ ഒരു പുനർ സമാഗമത്തിന്റെ സന്തോഷത്തിലേയ്ക്ക് ഇനി ആ കുടുംബത്തിന് തിരിച്ചെത്താൻ വിധിയുടെ വിളയാട്ടത്തിൽ സാധിക്കില്ല.

ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ രാജീവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ മലയാളം യുകെ ന്യൂസ് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. രാജീവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾക്ക് മുൻകൈയെടുത്തത് യുകെയിലെ പ്രമുഖ മലയാളി സംഘടനകളായ മലയാളി അസോസിയേഷനും യുണൈറ്റഡ് കിങ്ഡവും  വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷനുമാണ്. രാജീവിന്റെ കുടുംബത്തെ സഹായിക്കാനായിട്ടുള്ള ധനസമാഹാരത്തിന് നേതൃത്വം നൽകുന്നത് വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷനും ലീഡ്സ് പ്രീമിയർ ലീഗും രാജീവിന്റെ സുഹൃത്തുക്കളും ചേർന്നാണ്.

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രാജീവിന്റെ കുടുംബത്തെ സഹായിക്കാനുള്ള നമ്മുടെ ഉദാരമായ സംഭാവനകൾ നൽകാം.

ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ

ഭൂമിയിൽ സമാധാനം സ്ഥാപിക്കുവാൻ അവതരിച്ച ക്രിസ്തു ഭഗവാന്റെ തിരുപ്പിറവിയാണ് ക്രിസ്തുമസ് . ലോകമെമ്പാടും അധിവസിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനവിഭാഗമായ ക്രൈസ്തവർക്കു മാത്രമല്ല നന്മയെ ഉൾക്കൊള്ളുന്ന ഏതൊരു ജനവിഭാഗത്തിനും ആനന്ദവായ്പ് സൃഷ്ടിക്കുന്ന പുണ്യ ദിനമാണ് ക്രിസ്തു ദേവൻറെ ഈ തിരുപ്പിറവി ദിനം .

സ്നേഹത്തിൻറെ പ്രവാചകനായിരുന്നു ക്രിസ്തു ദേവൻ. ബുദ്ധൻ അഹിംസയ്ക്കും കൃഷ്ണൻ ധർമ്മത്തിനും നബി സാഹോദര്യത്തിനും ശ്രീശങ്കരൻ ജ്ഞാനത്തിനും ശ്രീനാരായണഗുരു അനുകമ്പയ്ക്കും പ്രാധാന്യം നൽകിയതു പോലെ ദൈവപുത്രനായ യേശുക്രിസ്തു സ്നേഹ സിദ്ധാന്തത്തിനു പ്രാധാന്യം നൽകി. സ്നേഹത്തിൻറെ ഭാഷയിൽ ഒരു സ്വർഗ്ഗസാമ്രാജ്യം പടുത്തുയർത്തുവാനാണ് ക്രിസ്തു ആഗ്രഹിച്ചത്. അതിനാൽ അവിടുന്ന് ഉപദേശിച്ചു. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു. ദൈവം എന്നെ സ്നേഹിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുന്നു. അതുപോലെ നിങ്ങളെല്ലാവരും പരസ്പരം സ്നേഹിക്കുവിൻ . ക്രിസ്തു ദേവൻറെ മുഴുവൻ ഉപദേശ സാരവും മേൽപ്പറഞ്ഞ വചനങ്ങളിലുണ്ട്. പ്രസിദ്ധമായ ബൈബിൾ വചനം നിന്നെപ്പോലെ നിൻറെ അയൽക്കാരനേയും സ്നേഹിക്കുക എന്നത് ലോകത്തിലെ തത്വചിന്തകന്മാർക്ക് സത്യമാർഗ്ഗത്തിലേയ്ക്കുള്ള മാർഗ്ഗദീപമായി നിലകൊള്ളുന്നതാണ്.

“ശാന്തോ വസന്തോ നിവസന്തി സന്തോ
വസന്തവത് ലോകഹിതം ചരന്തം ”

എന്നൊരു ആചാര്യവചനമുണ്ട് . മഹാ ഗുരുക്കന്മാരുടെ അവതാരം വസന്ത ഋതുവിനോട് ഉപമിപ്പിക്കുന്നു. വസന്ത ഋതുവിൽ കണ്ണിനും , കാതിനും , കരളിനും കുളിരേകുന്ന ദിവ്യാനുഭവമുളവാകുന്നു. ചെടികൾ പൂക്കുന്നു. വൃക്ഷങ്ങൾ ഫലാഢ്യമാകുന്നു. എല്ലായിടത്തും അനുപമേയമായ വർണ്ണാഛവി തൂകിത്തുളുമ്പുന്നു. വസന്ത ഋതുവിന്റെ ഈ സംസൃഷ്ടി പോലെയാണ് സദ്ഗുരുക്കന്മാരുടെ തിരുവവതാരം കൊണ്ട് ലോകത്തു സംഭവിക്കുന്നത്. ക്രിസ്തു ദേവൻറെ തിരുവവതാരത്തിലൂടെ ലോകത്ത് സംഭവിച്ചതും ഇതു തന്നെയാണ്. പ്രപഞ്ച പ്രകൃതിയിൽ അത്ഭുതമായ പരിവർത്തനം സൃഷ്ടിക്കുവാൻ ദൈവപുത്രനായ ക്രിസ്തുവിന് സാധിച്ചിട്ടുണ്ട്.

ഇതെഴുതുന്ന സച്ചിദാനന്ദ സ്വാമി ഒരു വേദാന്തിയാണ്. ഭാരതീയ ഗുരുക്കന്മാർ ഉപദേശിച്ചു തന്ന ഔപ നിഷിധമായ ദർശനത്തെയാണ് പിന്തുടരുന്നത്. അതിൽ ആധുനികകാലത്തെ ഋഷി വര്യനായ ശ്രീനാരായണ ഗുരുവിൻറെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഗുരുവിൻറെ ഉപദേശപ്രകാരം അവതാരം, ദൈവപുത്രൻ , സിദ്ധൻ, ബുദ്ധൻ, പ്രവാചകൻ എല്ലാം ഈശ്വരാനുഭൂതിയിൽ വിഹരിച്ച് ലോകസേവന ചെയ്യുന്ന സദ്ഗുരുക്കന്മാരുടെ വിശേഷണങ്ങളാണ്. ആദ്യപടിയായി തങ്ങളെ ഒരു കുളത്തിലേയ്ക്കിറങ്ങി ഓരോ പടിയിൽ കൂടി ഇറങ്ങിയ ഓരോരുത്തരും വെള്ളം, തണ്ണി, നീര് , പാനി, തോയം, വാട്ടർ, ജലം ഇതുപോലെയാണ് ദൈവത്തിൻറെ പ്രതിപുരുഷന്മാരായ സദ്ഗുരുക്കന്മാരെ മേൽപ്പറഞ്ഞതുപോലെ ഓരോരോ പേരു ചൊല്ലി വിളിക്കുന്നതും ക്രിസ്തു ദേവൻറെ പ്രസിദ്ധമായ ഗിരി ഗീതയിലെ ഒരു ഉപദേശമുണ്ട്.

സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും അതു പ്രകാരം ലോകത്തിന് സമാധാനം സൃഷ്ടിക്കപ്പെടുന്ന ക്രിസ്തു ദേവൻ ദൈവപുത്രനായി പ്രകാശിക്കുന്നു . ശിവഗിരി മഠത്തിൽ ശ്രീനാരായണഗുരുദേവൻ നിത്യ പ്രാർത്ഥനയ്ക്കായി ഉപദേശിച്ച അനുകമ്പാദശകമെന്ന കൃതിയുണ്ട്. സർവ്വ ദാർശനിക ചിന്താധാരകളെയും മത ഗുരുക്കന്മാരെയും ഗുരുദേവൻ അനുകമ്പയിൽ സമന്വയിപ്പിക്കുന്നുണ്ട്. . ശ്രീകൃഷ്ണൻ , വർദ്ധമാന മഹാവീരൻ , ശ്രീ ശങ്കരാചാര്യർ എന്നിവരെ പരാമർശിച്ചതിനുശേഷം ഗുരു ഉപദേശിക്കുന്നു .

പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ ?
പരമേശ പവിത്ര പുത്രനോ
കരുണാവിൽ നബി മുത്തു രത്നമോ?

ഇവിടെ ലോക മതത്തിലെ നാലു ഗുരുക്കന്മാരെ സ്മരിക്കുന്നു. പുരുഷാകൃതി പൂണ്ട ദൈവം ഹിന്ദുമതത്തിന്റെ പരമാചാര്യനായ ആദി നാരായണ ഋഷിയെ സ്മരിക്കുന്നു. നരദിവ്യാകൃതി പൂണ്ട ധർമ്മം, ധർമ്മത്തിന്റെ മൂർത്തരൂപമായ ഭഗവാൻ ശ്രീബുദ്ധനാണ് . പരമേശ്വര പവിത്ര പുത്രനിൽ ഭഗവാൻ യേശുക്രിസ്തുവാണ്. ക്രിസ്തു ദേവനെ പരമേശ്വരന്റെ പവിത്ര പുത്രനായി ഗുരു വിശേഷിപ്പിക്കുന്നു. പവിത്ര പുത്രൻ എന്ന വിശേഷണം പ്രത്യേകം ശ്രദ്ധേയം. ക്രിസ്തുവിൻറെ അവതാരം സംബന്ധിച്ച് വിവാദമണ്ടല്ലോ . അതിൽ ക്രിസ്തു പവിത്രനായ പുത്രൻ തന്നെയാണ് എന്ന് ശ്രീനാരായണഗുരുദേവൻ അഭിപ്രായപ്പെടുന്നു. മേൽ കൊടുത്ത പദ്യത്തിലൂടെ പ്രധാന മതങ്ങളെ സഹിഷ്ണുതയോടെ സമന്വയിപ്പിക്കുന്നു. ഈ സഹിഷ്ണുത തന്നെയാണ് ക്രിസ്തുവിന്റെ ജീവിതം എന്നു കാണാനാകും. നിന്നെപ്പോലെ നിൻറെ അയൽക്കാരനെ സ്നേഹിക്കുക എന്ന ഉപദേശവാക്യം തന്നെ ശ്രദ്ധിക്കുക. അയൽക്കാരൻ ക്രിസ്തുമത വിശ്വാസിയോ മതവിശ്വാസിയോ ദൈവവിശ്വാസിയോ ആകണമെന്നില്ല. അയാൾ ചുങ്കക്കാരനോ നല്ല സമരിയാക്കാരനോ ആരുമാകട്ടെ അവനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം.

ശ്രീനാരായണഗുരു ഏഷ്യയിൽ ആദ്യമായി ആലുവയിൽ വെച്ച് 1924-ൽ സർവ്വമത മഹാസമ്മേളനം നടത്തി. ഹിന്ദുവിനെയും ക്രിസ്ത്യാനിയേയും ഇസ്ലാമി നേയും ജൈനനേയും ചേർത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ ഗുരുദേവൻ നടത്തിയ ആദ്യ സന്ദേശത്തെ തുടർന്ന് ശിവഗിരിയിൽ സർവ്വമത പാഠശാല സ്ഥാപിച്ചു. ഭാരതീയ വേദാന്തശാസ്ത്രത്തോടൊപ്പം ബൈബിളും ഖുർആനും ഈ പാഠശാലയിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി . ആ പാഠ്യശാലയിൽ പഠിച്ച ഒരു വിദ്യാർത്ഥിയാണ് ഇപ്പോൾ സന്യാസിയായി ഇതെഴുതുന്നത്. അതുപോലെ ശിവഗിരിയിലെ സന്ധ്യാവേളയിലെ പ്രാർത്ഥനയിൽ ഉപനിഷത്തും ഭഗവത്ഗീതയും ശ്രീനാരായണ ധർമ്മവും ഒപ്പം ബൈബിളും ഖുറാനും പാരായണം ദിവസവും ചെയ്യാറുണ്ട്. ഈ മാതൃക എല്ലാ മതവിശ്വാസികളും അനുവർത്തിച്ചാൽ സർവ്വമത സൗഹാർദ്ദം എവിടെയും ഊട്ടി ഉറപ്പിക്കാനാകും.

” ഞാൻ മുന്തിരിയും നിങ്ങളതിൻറെ ശാഖകളും ഉപശാഖകളുമാകുന്നു . എന്നെ അറിഞ്ഞവൻ എൻറെ പിതാവിനെയും അറിഞ്ഞു കഴിഞ്ഞു . ഞാനും പിതാവും ഒന്നുതന്നെ ” എന്ന ക്രിസ്തു വചനം ഈശ്വരൻ ജഗത്ത് ഈ മൂന്നിനെയും ഒന്നായി ഐക്യപ്പെടുത്തുന്നതുമാണ്. അതാണ് അദ്വൈതം. അത് നമ്മുടെ ജീവിതദർശനമാകട്ടെ . ഈ ക്രിസ്തുമസ് വേളയിൽ ദൈവമക്കളായ മുഴുവൻ ജനതയ്ക്കും ആത്മസഹോദരരാണെന്ന വചനം സാക്ഷാത്കരിക്കുമാറാകട്ടെ . ഒപ്പം ദൈവമേവ പരം മന്യേ പൗരഷതു പലിശനും നിർദ്ദകം. പരമമായത് ദൈവസത്യമാണ്. പൗരുഷമല്ല എന്ന ഉപദേശത്തെയും സാർത്ഥകമാകട്ടെ . എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

ടോം ജോസ് തടിയംപാട്

കോട്ടയം ജില്ലയിലെ കുറുമുള്ളൂർ പാറേൽ പള്ളിക്ക്‌ സമീപം താമസിക്കുന്ന കോട്ടേരിൽ കുര്യാക്കോസിനു മൂന്ന് മക്കളാണുള്ളത്‌.ഓട്ടോ ഓടിച്ച്‌ ഉപജീവനം നയിച്ചിരുന്ന ഇദ്ദേഹത്തിനു പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണിന്റെ കാഴ്ച ശക്തി കുറയുകയും രണ്ട്‌ കണ്ണിനും ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യമുണ്ടായി.മറ്റുള്ളവരുടെ സഹായത്താൽ ശസ്ത്രക്രിയ ചെയ്തെങ്കിലും ഭാഗികമായാണു കാഴ്ചശക്തി തിരികെ ലഭിച്ചത്‌.അതിനാൽ തന്റെ ഉപജീവനമാർഗമായ ഓട്ടോ ഓടിക്കുവാൻ ഇദ്ദേഹത്തിനു സധിക്കുന്നില്ല. പെൺമക്കളിൽ ഇളയ കുട്ടി ഇപ്പോൾ നേഴ്സിങ്ങ്‌ പഠിക്കുന്നതിനാൽ അതിനുള്ള ഫീസും കണ്ടെത്തണം. കൂടാതെ കുടുംബം മുൻപോട്ടു കൊണ്ടുപോകണം നിങ്ങൾ ദയവായി സഹായിക്കണം കുര്യാക്കോസിന്റെ അയൽവക്കംകാരൻ ബെർക്കിൻഹെഡിൽ താമസിക്കുന്ന ബിജു നംബനത്തേൽ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് അതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നൽകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,21 ,0 0000 (ഒരുകോടി ഇരുപത്തിയൊന്നു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക.

” ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.”

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ പൂഞ്ഞാർ പനിച്ചികപ്പാറയിൽ വിവിധ പ്രദേശങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷ ഭാഗമായി ശോഭായാത്രകൾ നടന്നു. പൂഞ്ഞാർ പഞ്ചായത്തിൽ തണ്ണിപ്പാറ, പുളിക്കൽപാലം,മണിയംകുന്ന്, പെരുനിലം എന്നിവിടങ്ങളിൽനിന്ന്​ ആരംഭിച്ച ശോഭായാത്രകൾ പടിക്കമുറ്റം അയ്യപ്പന്റെ അമ്പലത്തിൽ ക്ഷേത്രസന്നിധിയിലെത്തി.

ഉണ്ണിക്കണ്ണന്റെയും ഗോപികാമാരുടെയും വേഷമണിഞ്ഞ് ശോഭയാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾ ക്ഷേത്രം മഠാധിപതിയിൽ നിന്ന് അനുഗ്രഹം ഏറ്റുവാങ്ങി അവിടെ നിന്നും സംഗമിച്ചു മഹാശോഭായാത്രയായി പനിച്ചികപ്പാറ കവലയിലൂടെ വലംവച്ചു മങ്കൊമ്പു കാവ് ക്ഷേത്ര സന്നിധിയിൽ എത്തി ഉറിയടിയും കുട്ടികളുടെ കലാപരിപാടികൾക്കും ശേഷം കൊട്ടാരം ശ്രീകൃഷ്ണ സാമി ക്ഷേത്രത്തിൽ സമാപിച്ചു.

പനിച്ചിപ്പാറ നടന്ന ശോഭായാത്ര….

ഫോട്ടോ : ബിജോ തോമസ് അടവിച്ചിറ

ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം കൂടിയെന്ന് ശാസ്ത്രജ്ഞർ. ജൂലൈ 29നാണ് ഭൂമിയുടെ ഭ്രമണവേഗം ഉയന്നത്. ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂറാണ് സാധാരണ എടുക്കാറ്. എന്നാൽ, ജൂലൈ 29ന് 1.59 മില്ലി സെക്കൻഡ് കുറവ് സമയം കൊണ്ട് ഭൂമി ഭ്രമണം പൂർത്തിയാക്കി.

2020 ജൂലൈ 19നാണ് ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ സമയത്ത് ഭൂമി ഭ്രമണം പൂർത്തിയാക്കിയത്. അടുത്ത വർഷവും ഭൂമി കുറഞ്ഞ സമയത്തിൽ ഭ്രമണം പൂർത്തിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, അത് റെക്കോർഡ് മറികടന്നില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

അതേസമയം, ഭൂമിയുടെ ഭ്രമണവേഗം കൂടിയതിന്റെ കാരണം ശാസ്ത്രലോകത്തിന് ഇനിയും അജ്ഞാതമാണ്. ധ്രുവങ്ങളിലെ മഞ്ഞുരുകി ഭൂമിയുടെ ഭാരം കുറയുന്നതാണ് ഭ്രമണവേഗം ഉയരാനുള്ള കാരണമെന്നാണ് ഒരു വാദം. ഭൂമിയുടെ അച്ചുതണ്ടിലുണ്ടായ മാറ്റമാണ് വേഗത്തിലുള്ള ഭ്രമണത്തിന് കാരണമെന്നാണ് മറ്റൊരു വാദം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിൽ ലൈംഗികത്തൊഴിലിൽ ഏര്‍പ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയെന്നു റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായതോടെ ടെക്സ്റ്റൈൽ രംഗത്തു പ്രവർത്തിക്കുന്ന നിരവധി പെൺകുട്ടികൾ ലൈംഗികത്തൊഴിൽ തിരഞ്ഞെടുത്തതായി ശ്രീലങ്കൻ മാധ്യമം ‘ദ് മോണിങ്’ റിപ്പോർട്ട് ചെയ്‌തു. ശ്രീലങ്കയില്‍ നിയമം മൂലം നിരോധിച്ചതാണ് ലൈംഗികത്തൊഴിൽ. സ്‍പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിലാണ് കൊളംബോയിൽ കൂടുതലായും ലൈംഗികത്തൊഴിൽ നടക്കുന്നതെന്ന് ഒരു രാജ്യാന്തര മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ, വിജനമായ റോഡരികുകളിലും മറ്റും ഇടപാടുകാരെ പ്രതീക്ഷിച്ചു നിൽക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്, ഇഷ്‌ടമല്ലെങ്കിലും ലൈംഗികത്തൊഴിലിനിറങ്ങിയതെന്ന് ഇരുപത്തൊന്നുകാരിയായ റെഹാന (യഥാർഥ പേരല്ല) പറയുന്നു. ‘‘കുറച്ചു നാള്‍ മുന്‍പു വരെ ശാന്തമായിരുന്നു ജീവിതം. തുണിമില്ലില്‍ ജോലി. വരുമാനം കുറവായിരുന്നു. എങ്കിലും ഞാനും കുടുംബവും സമാധാനത്തോടെ കഴിഞ്ഞിരുന്നു’’– വാർത്താ എജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ റെഹാന പറയുന്നു.

‘‘കഴിഞ്ഞ ഡിസംബറിലാണ് മില്ലിലെ ജോലി നഷ്ടമായത്. ദിവസക്കൂലിക്കു ജോലിയെടുത്തായിരുന്നു പിന്നീടുള്ള ജീവിതം. അതിനിടെ ജോലി വാഗ്ദാനം ചെയ്ത് ഒരു സ്‌പാ ഉടമ എന്നെ സമീപിച്ചു. അയാൾക്കു വേണ്ടത് എന്റെ ശരീരമായിരുന്നു. എനിക്ക് അയാളോടു ‘നോ’ പറയണമെന്നുണ്ടായിരുന്നു. മാന്യമായി ജോലി ചെയ്‌ത് കുടുംബം പോറ്റാനുള്ള സാഹചര്യം ഇന്ന് ശ്രീലങ്കയിൽ ഇല്ല. എനിക്കും കുടുംബത്തിനും ജീവിക്കാൻ പണം വേണം. അതിനായി ശരീരം വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.’’ –റെഹാന പറയുന്നു.

‘‘വിവാഹമോചിതയാണ് ഞാൻ. എഴു വയസ്സുള്ള മകളുണ്ട്. വീടിന് വാടക നൽകണം. മകൾക്ക് ഫീസിനു പണം വേണം. വിശപ്പ് മാറണമെങ്കിൽ പണം വേണം. ലൈംഗികത്തൊഴിലല്ലാതെ എന്റെ മുന്നിൽ മറ്റു വഴികൾ ഉണ്ടായിരുന്നില്ല’’– നാൽപത്തൊന്നുകാരിയായ ഒരു വീട്ടമ്മ രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ശ്രീലങ്കയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 30 ശതമാനത്തോളം വർധനയുണ്ടായതായി ലൈംഗിക തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സ്റ്റാൻഡ് അപ് മൂവ്മെന്റ് ലങ്ക (എസ്‌യുഎംഎൽ) എന്ന സന്നദ്ധ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് വ്യാപനത്തോടെ ശ്രീലങ്കയിലെ ടെക്സ്റ്റൈൽ മേഖലയിൽ പലർക്കും ജോലി നഷ്ടപ്പെട്ടു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണതോടെ അവരുടെ ജീവിതം ദുരിതപൂർണമായി. ടെക്സ്റ്റൈൽ രംഗത്തുണ്ടായിരുന്ന തൊഴിലാളികളിൽ നല്ലൊരു ശതമാനവും ലൈംഗികത്തൊഴിലിലേക്ക് തിരിഞ്ഞതായി എസ്‌യുഎംഎൽ എക്‌സിക്യൂട്ടിവ് ഡയറക്ടർ അഷില ദണ്ഡേനിയ വാർത്താ ഏജൻസിയോടു പറഞ്ഞു. ‘‘ഈ പാവങ്ങള്‍ക്ക് മറ്റ് വഴികളില്ല. ഇവരെ ഏറ്റെടുക്കാനോ സംരക്ഷിക്കാനോ ആരുമില്ല’’ – അഷില പറഞ്ഞു. ‘‘തുണിമില്ലിലെ ജോലിക്ക് എന്റെ മാസശമ്പളം 28,000 ശ്രീലങ്കൻ രൂപയായിരുന്നു. ഓവർടൈം ചെയ്‌താൽ പോലും 35,000 രൂപയായിരുന്നു പരമാവധി സമ്പാദിക്കാൻ കഴിയുക. എന്നാൽ ഇന്ന് ലൈംഗികത്തൊഴിൽ വഴി ദിവസവും 15,000 രൂപയോളം ഞാൻ സമ്പാദിക്കുന്നു’’– അടുത്തിടെ ലൈംഗികത്തൊഴിൽ സ്വീകരിച്ച ഒരു യുവതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

കൊളംബോയിലെ സ്‍പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിൽ ലൈംഗികത്തൊഴിൽ നടക്കുന്നുണ്ടെന്ന് അധികൃതർക്ക് അറിയാമെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ല. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരാണ് ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരിൽ ഏറെയും. പെട്ടെന്ന് പണം ഉണ്ടാക്കാൻ കഴിയുന്നതിനാലും മറ്റു വഴികൾ ഇല്ലാത്തതിനാലും താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ പെൺകുട്ടികളാണ് ഇത്തരം തൊഴിലിൽ കൂടുതൽ എത്തിച്ചേരുന്നത്. ഉന്നതവിദ്യാഭ്യാസത്തിനു പണം കണ്ടെത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും ലൈംഗികത്തൊഴിൽ തിരഞ്ഞെടുക്കുന്ന പ്രവണത കൂടി വരികയാണെന്നും അഷില ദണ്ഡേനിയ പറയുന്നു.

Copyright © . All rights reserved