Specials

ഡെന്മാര്‍ക്കിലെ ബാറില്‍നിന്നു മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി ഒടുവില്‍ കണ്ടെത്തി. 1.3 മില്യണ്‍ യു എസ് ഡോളര്‍ വില വരുന്ന വോഡ്ക കെട്ടിടനിര്‍മാണശാലയുടെ പരിസരത്തു നിന്നുമാണ് കാലിയായ നിലയില്‍ കണ്ടെത്തിയതെന്ന് ഡെന്മാര്‍ക്ക് പൊലീസ് അറിയിച്ചു. തുറക്കാത്ത നിലയിലാണ് കുപ്പി കണ്ടെത്തിയതെന്നും പോലീസ് കൂട്ടിച്ചേർത്തു. കഫേ 33 എന്ന ബാറില്‍ പ്രദര്‍ശനത്തില്‍ വച്ചിരുന്നപ്പോഴാണ് വോഡ്ക കുപ്പി മോഷണം പോയത്.

Image result for stolen vodka robbery

വോഡ്ക കുപ്പിയുമായി ഒരാള്‍ കടന്നു കളയുന്നത് ബാറിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. മൂന്ന് കിലോയോളം സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും അത്രയും തന്നെ വെള്ളിയും ഉപയോഗിച്ചാണ് ഈ കുപ്പി നിര്‍മ്മിച്ചിരുന്നതെന്നു ഡെന്മാര്‍ക്കിലെ ടി വി 2 റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഷണം നടത്തിയവരെക്കുറിച്ചു ഇത് വരെയും വെളിപ്പെടുത്തലുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍ : കുഞ്ചെറിയാ മാത്യു

നീണ്ട മൂന്ന് ദശകങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഹിമയുഗം ബ്രിട്ടനെ സമീപിക്കുന്നെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ ഗവേഷകര്‍. ബ്രിട്ടണിലെയും റഷ്യയിലെയും കാലാവസ്ഥാ ഗവേഷകരുടെ നിഗമനം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഹിമയുഗത്തോട് താരതമ്യം ചെയ്യാവുന്നതോ, അതിന്റെ ചെറിയ പതിപ്പോ ആയ കാലാവസ്ഥാമാറ്റം ബ്രിട്ടണില്‍ സംഭവിക്കുമെന്നാണ്. 2021ല്‍ ആരംഭിക്കുന്ന ഹിമയുഗം കുറഞ്ഞത് പിന്നീടുള്ള 30 വര്‍ഷത്തോളം ബ്രിട്ടണിലെ ജീവജാലങ്ങളിലും കാലാവസ്ഥയിലും ശക്തമായ സ്വാധീനം ചെലുത്തും. ഹിമയുഗത്തിന്റെ കാഠിന്യം ഏറ്റവും അനുഭവപ്പെടുക 2030നോടനുബന്ധിച്ചായിരിക്കും. 2045 ആകുമ്പോഴേയ്ക്ക് ഹിമയുഗത്തിന്റെ സ്വാധീനവും മഞ്ഞിന്റെ അളവിലും സാരമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഹിമയുഗത്തില്‍ നദികളും തടാകങ്ങളും ഉറഞ്ഞു പോകാന്‍ സാധ്യതയുണ്ട്. ഇതിനുമുമ്പ് ഭൂമിയില്‍ ഹിമയുഗം ഉണ്ടായിട്ടുളളത് 16-ാം നൂറ്റാണ്ടില്‍ കാനഡയിലാണ്. 1645-ല്‍ ആരംഭിച്ച ഹിമയുഗം ഏതാണ്ട് 70 വര്‍ഷത്തോളം നീണ്ടുനിന്നു.

ഇത്തരത്തില്‍ ഹിമയുഗത്തിന് കാരണമാകുന്നത് സൂര്യനില്‍ നിന്നുള്ള കാന്തിക തരംഗങ്ങളിലുണ്ടാകുന്ന കുറവാണ്. സൂര്യനില്‍ നിന്നുള്ള കാന്തിക തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനമാണ് ഹിമയുഗത്തിന്റെ വരവിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. കാലാവസ്ഥാ പഠനങ്ങളില്‍ സൂര്യനില്‍ നിന്നുള്ള കാന്തിക തരംഗങ്ങളുടെ പ്രാധാന്യം വലുതാണ്. കാന്തിക തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ 97 ശതമാനം വരെ ശരിയാണെന്നാണ് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. അതേസമയം ആഗോള താപനത്തിലുള്ള വര്‍ധനവ് മൂലം ഹിമയുഗത്തിന്റെ കാഠിന്യം കുറഞ്ഞേക്കാന്‍ സാധ്യതയുണ്ട്. പക്ഷേ പരിസ്ഥിതിക്കും ഭൂമിക്കും ആഗോള താപനത്തിലുണ്ടാകുന്ന ചെറിയ വര്‍ധനവ് പോലും വലിയ വെല്ലുവിളിയാകും.

ബ്രിട്ടന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കഠിനമായ ശൈത്യകാലം 1962-63 കാലഘട്ടത്തിലാണ്. അന്ന് ബ്രിട്ടണിലെ നദികളും തടാകങ്ങളും ഉറഞ്ഞു പോയിരുന്നു. ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ 20 അടി വരെ മഞ്ഞ് പെയ്ത ശൈത്യകാലത്ത് അത് ഉരുകി പോകാന്‍ 2 മാസം വരെ സമയമെടുത്തു. മൈനസ് 20 വരെ ചൂട് രേഖപ്പെടുത്തിയ കാലാവസ്ഥയില്‍ ജനങ്ങള്‍ വലഞ്ഞു. നമ്മളില്‍ പലരും ഗാരേജില്‍ സൂക്ഷിച്ചിരിക്കുന്ന ഫ്രീസര്‍ മൈനസ് 15ല്‍ താഴെ പ്രവര്‍ത്തിക്കില്ലെന്ന് മനസിലാക്കുമ്പോഴാണ് തണുപ്പിന്റെ കാഠിന്യം മനസിലാക്കുക. 1962-63 ലെ ശൈത്യകാലത്തെ ”ബിഗ് ഫ്രീസ് ഓഫ് 1963” എന്നാണ് അറിയപ്പെടുന്നത്. 1739-40ലെ ശൈത്യം കാഠിന്യം ആയിരുന്നെങ്കിലും ആ കാലഘട്ടത്തിലെ കാലാവസ്ഥാ വിവരങ്ങള്‍ കാര്യമായി ലഭ്യമല്ല.

ബ്രിട്ടണില്‍ കുടിയേറിയ മലയാളികളില്‍ ഭൂരിഭാഗവും വളരെ ചൂടേറിയ കാലാവസ്ഥയില്‍ ജനിച്ച് ജീവിച്ചതിനുശേഷം 25 വയസ്സിനും 30 വയസ്സിനുമിടയില്‍ കുടിയേറിയവരാണ്. ബ്രിട്ടണിലെ തണുപ്പേറിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പ്രവാസി മലയാളികള്‍ക്ക് പല പരിമിതികളുമുണ്ട്. മധേവയസ്സിനോടടുക്കുന്തോറും തണുപ്പു മൂലമുള്ള ശാരീരികാസ്വാസ്ഥതകള്‍ മലയാളികളില്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ബ്രിട്ടണില്‍ ഹിമയുഗത്തിന്റെ ചെറിയ പതിപ്പെങ്കിലും ഉണ്ടാവുകയാണെങ്കില്‍ മലയാളികളുടെ വാര്‍ധക്യം ക്ലേശപൂര്‍ണം ആയിരിക്കും.

1966-ല്‍ റിലീസ്സായ കളിത്തോഴന്‍ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്‍ മാസ്റ്റര്‍ രചിച്ച് ജി. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി ഭാവഗായകനായ ശ്രീ. പി. ജയചന്ദ്രന്‍ പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ‘ എന്ന ഗാനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ജയചന്ദ്രന്‍ ആദ്യമായി പിന്നണി ഗായകനായി അറിയപ്പെടുന്നത് ഈ ഗാനത്തിലൂടെയാണ്.

മലയാളത്തനിമയുടെ സൗന്ദര്യം തന്റെ ഗാനങ്ങളിലൂടെ അവതരിപ്പിച്ച കവിയും ഗാനരചയിതാവുമായിരുന്നു പി. ഭാസ്‌കരന്‍ മാസ്റ്റര്‍. നിലാവിന്റെ കുളിരും, കാറ്റിന്റെ സാന്ദ്രസംഗീതവും അതുപരത്തുന്ന സുഗന്ധവും എല്ലാം അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. 1950ല്‍ ഇറങ്ങിയ ‘ചന്ദ്രിക’ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ഗാനരചന നിര്‍വഹിച്ചത്. മലയാള സിനിമ പിച്ചവെച്ചുനടക്കുന്ന നാളുകളില്‍ അതിനെ കൈപിടിച്ചുയര്‍ത്തിയ കാരണവര്‍ ആയിരുന്നു അദ്ദേഹം. 300ലേറെ ചിത്രങ്ങള്‍ക്കായി 1500ഓളം ഗാനങ്ങള്‍ ഒരുക്കി.

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമാ-നാടക ഗാനങ്ങളില്‍ പലതും ദേവരാജന്‍ മാസ്റ്ററുടേതായിരുന്നു. കര്‍ണാടക സംഗീയതത്തിലെ രാഗങ്ങളും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാധുര്യവും നാടന്‍ ഈണങ്ങളും പാശ്ച്യാത്യ സംഗീതത്തിന്റെ വൈവിധ്യവും എല്ലാം സന്ദര്‍ഭോചിതമായി സമന്വയിപ്പിച്ചതാണ് ‘ദേവരാജ സംഗീതം’. 343 ചിത്രങ്ങള്‍ക്കായി 1730ല്‍പരം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. അതില്‍ 755 ഗാനങ്ങളും രചിച്ചത് വയലാര്‍ ആയിരുന്നു.

ക്രിയേറ്റീവ് ഡയറക്ടര്‍ : വിശ്വലാല്‍ രാമകൃഷ്ണന്‍
ആര്‍ട്ട്, കാമറ & എഡിറ്റിംഗ് : ജെയ്‌സണ്‍ ലോറന്‍സ്
റിപ്പോര്‍ട്ട് : ബെന്നി അഗസ്റ്റിന്‍

https://www.facebook.com/815773181831892/videos/1535251569884046/

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. ഫോബ്‌സ് മാഗസിന്റെ കണക്കു പ്രകാരം 38 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആകെ സമ്പത്ത്. എന്നാല്‍ അംബാനി കുടുബത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത പല കാര്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

കുടുംബം
ഭാര്യ നിത, മക്കളായ ആകാശ്, ഇഷ, അനന്ദ് എന്നിവര്‍ അടങ്ങുന്നതാണ് മുകേഷ് അംബാനിയുടെ കുടുംബം. ഇവരുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.


ലോകത്തിലെ ഏറ്റവും ചെലവേറിയ വീട്
അംബാനിയുടെ പുതിയ വീട് ആന്റിലിയ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ വീടാണിത്. ഒരു ബില്ല്യണ്‍ ഡോളറിനും മുകളിലാണ് വീടിന്റെ ചെലവ്. മുംബൈ നഗരത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്.


കുടുംബ ബന്ധം
കുടുംബ ബന്ധങ്ങള്‍ക്ക് വളരെയേറെ വില കൊടുക്കുന്നയാളാണ് മുകേഷ് അംബാനി. എത്രമാത്രം തിരക്കുണ്ടെങ്കിലും ഞായറാഴ്ച ദിവസം അമ്മയോടും ഭാര്യയോടും കുട്ടികളോടുമൊപ്പമാകും മുകേഷ് അംബാനി ചെലവഴിക്കുക.


നിതാ അംബാനി
നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ചാരിറ്റി പദ്ധതികളിലും ഏര്‍പ്പെടുന്ന വ്യക്തിയാണ് നിതാ അംബാനി. ദുരിതാശ്വാസം, വിദ്യാഭ്യാസം, മാനവ വിഭവശേഷി മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് നിതാ അംബാനി സജീവമായിട്ടുള്ളത്. ധീരുഭാരി അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ചെയര്‍പേഴ്‌സണാണ് ഇപ്പോള്‍ നിതാ അംബാനി.

പിറന്നാള്‍ സമ്മാനം
സ്വന്തം പിറന്നാള്‍ ആഘോഷിക്കാന്‍ താത്പര്യമില്ലാത്ത വ്യക്തിയാണ് മുകേഷ് അംബാനി. എന്നാല്‍ മറ്റ് കുടുംബാംഗങ്ങളുടെ പിറന്നാള്‍ ആര്‍ഭാട പൂര്‍വ്വം ആഘോഷിക്കുകയും ചെയ്യും. ഒരിക്കല്‍ ഭാര്യയുടെ പിറന്നാളിന് 62 മില്യണ്‍ ഡോളര്‍ വില മതിക്കുന്ന വിമാനമാണ് മുകേഷ് അംബാനി സമ്മാനമായി നല്‍കിയത്.


അനില്‍ അംബാനി
ഇന്ത്യയിലെ ഏറ്റവും ധനികനായ മറ്റൊരു വ്യക്തിയായിരുന്നു അനില്‍ അംബാനി. എന്നാല്‍ അനില്‍ അംബാനിയുടെ ബിസിനസില്‍ ചില നഷ്ട്ടങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പിതാവിന്റെ മരണത്തിനു മുമ്പ് രണ്ടു സഹോദരന്മാരും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞ് സ്വന്തം ബിസിനസുകള്‍ ചെയ്യാന്‍ തുടങ്ങി.


ആകാശ് അംബാനി
മുകേഷ് അംബാനിയുടെ മൂത്ത മകനും ഇഷ അംബാനിയുടെ ഇരട്ട സഹോദരനുമാണ് ആകാശ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിരവധി കരാറുകളില്‍ ആകാശും ഒപ്പിട്ടിട്ടുണ്ട്. അച്ഛന് പിന്നാലെ കുടുംബ ബിസിനസിലേയ്ക്ക് ഇറങ്ങാന്‍ ആകാശും തയ്യാറാണ്.


ഇഷ അംബാനി
മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഏക മകളാണ് ഇഷ അംബാനി. സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് ആന്റ് സൈക്കോളജിയായിരുന്നു ഇഷ അംബാനിയുടെ പഠന വിഷയം. ചെറു പ്രായത്തില്‍ തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 80 മില്യണ്‍ ഡോളറിന്റെ ഓഹരി ഉടമയാണ് ഇഷ.


ആനന്ദ് അംബാനി
മുകേഷ് അംബാനിയുടെ ഇളയ മകനാണ് ആനന്ദ് അംബാനി. ബാലാജി അമ്പലത്തിലെ സ്ഥിരം സന്ദര്‍ശകനാണ് ആനന്ദ് അംബാനി. തന്റെ ഭക്തി തെളിയിക്കാനായി അമ്പലത്തിലേയ്ക്ക് വെളുത്ത ആനകളുടെ വലിയ പ്രതിമകളാണ് ആനന്ദ് സംഭാവന ചെയ്തത്.

അവാര്‍ഡുകള്‍
നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള വ്യക്തിയാണ് മുകേഷ് അംബാനി. ഫോബ്‌സ് മാ?ഗസിന്റെ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ മുകേഷ് അംബാനി സ്വന്തമാക്കിയിട്ടുണ്ട്. 2017 ലെ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും മുകേഷ് അംബാനി തന്നെയാണ്.

കാരൂര്‍ സോമന്‍

രാജഭരണത്തില്‍ നമ്മള്‍ കണ്ടത് കുതിരപ്പട, ആനപ്പട, കാലാള്‍പ്പടകളാണ്. ഇന്നത്തെ രക്തച്ചൊരിച്ചിലിനുള്ള മാര്‍ഗ്ഗങ്ങള്‍ കരസേന, നാവികസേന, വ്യോമസേനകളിലാണ്. അന്നും ഇന്നും മനുഷ്യനെ സമാധാനത്തിലേക്ക് നയിക്കാനോ അവന്റെ സുരക്ഷിതത്വം ഉറപ്പാക്കാനോ ഈ പടകളെ നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. കുതിരപ്പടയുടെ കാലം കഴിഞ്ഞെങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും മിന്നല്‍പ്പിണര്‍പോലെ പാഞ്ഞുപ്പോകുന്ന കുതിരയോട്ടങ്ങളുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഗള്‍ഫ്-യൂറോപ്പ്- അമേരിക്ക. ഞാന്‍ സ്‌പെയിനിലെ കാളപ്പോര് കണ്ടതിനുശേഷം പിന്നീട് കണ്ടത് ലണ്ടന്‍ റോയല്‍ ആസ്‌കോട്ട് കുതിരയോട്ടമാണ്.

കണ്ണുകള്‍ക്ക് അവാച്യമായ ആഹ്ലാദവും സൗന്ദര്യവും പകരുന്ന കാഴ്ചയാണ് കുതിരയോട്ടം. രാജാക്കന്മാരുള്ള രാജ്യങ്ങളില്‍ അതൊരു വിനോദമാണ്. മുന്‍പ് രാജാക്കന്മാര്‍ രാജ്യങ്ങളെ കീഴടക്കിയിരുന്നത് കുതിരയോട്ടത്തില്‍ കൂടിയായിരുന്നെങ്കില്‍ ഇന്നുള്ളവര്‍ കുതിരയോട്ട മത്സരത്തിലൂടെ മില്യന്‍സാണ് കീഴടക്കുന്നത്. ദുബൈയിലെ വേള്‍ഡ് കപ്പ്, എമിറേറ്റ്‌സ് മെല്‍ബോണ്‍കപ്പ് അതിനുദാഹരണങ്ങള്‍.

വികസിത രാജ്യങ്ങളില്‍ ധാരാളം കുതിരയോട്ട മത്സരങ്ങള്‍ കാണാറുണ്ട്. കുതിരയോട്ടങ്ങളില്‍ രാജാവോ, പ്രജയോ ആരു വിജയിച്ചാലും ലോകത്ത് ലഭിക്കുന്ന ഏറ്റവും വലിയൊരു അംഗീകാരമാണത്. അതില്‍ അഹങ്കരിക്കുന്നവരാണ് കൂടുതലും. കാറ്റിനെക്കാള്‍ വേഗതയില്‍ കുതിരക്കുളമ്പടികള്‍ മണ്ണില്‍ പൊടിപറത്തിക്കൊണ്ട് ഒരാള്‍ മറ്റൊരാളെ കീഴ്‌പ്പെടുത്തുന്ന മരണപ്പാച്ചിലില്‍ ദൃഷ്ടികളുറപ്പിച്ചു നോക്കുന്നവരുടെ ജിജ്ഞാസ, ഭീതി, നിശ്വാസം ആശ്വാസത്തെക്കാള്‍ അപ്പരപ്പാണുണ്ടാക്കുക. മനുഷ്യന്റെ മനസ്സ് അമ്പരപ്പിച്ചു കൊണ്ടോടുന്ന കുതിരക്കറിയില്ലല്ലോ മനുഷ്യമനസ്സിന്റെ ചാഞ്ചല്യം. വിജയശ്രീലാളിതനായി വന്ന കുതിരയെ ആരാധനയോടെയാണ് ഞാന്‍ കണ്ടത്. നൂറ്റാണ്ടുകളായി ശക്തിശാലികളായ മനുഷ്യരെപ്പോലെ കുതിരകളും നമ്മെ കീഴടക്കുന്നു.

ലണ്ടനേറ്റവുമടുത്ത് ബര്‍ക്ഷയര്‍ എന്ന സ്ഥലത്ത് നടക്കുന്ന വിശ്വപ്രസിദ്ധ കുതിരയോട്ട മത്സരമാണ് ‘റോയല്‍ ആസ്‌ക്കോട്ടട്ട്. ബ്രിട്ടീഷ് റോയല്‍ ഫാമിലിയുടെ കൊട്ടാരമായ വിന്‍സന്റ് കാസിലിന്റെ അടുത്താണ് ആസ്‌ക്കോട്ട്. രാജകുടുംബാഗങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമാണ് കുതിരയോട്ടം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാക്കുകളില്‍ ഒന്നാണ് 1711-ല്‍ തുടങ്ങിയ ആസ്‌ക്കോട്ട് ട്രാക്ക്.

2006-ല്‍ പുതുക്കി പണിതതാണ് ഇപ്പോഴത്തെ ട്രാക്കും പവലിയനും. ബ്രിട്ടനില്‍ ഒരു വര്‍ഷം മൊത്തം 32 റേസ് ആണ് അരങ്ങേറുന്നത്. അതില്‍ 9 എണ്ണം ഈ ട്രാക്കില്‍ തന്നെയാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് ആസ്‌ക്കോട്ട് ഗോള്‍ഡ് കപ്പ് എന്ന് മത്സരമാണ്.മൂന്ന് ദിവസങ്ങള്‍ ആയി ആണ് മത്സരം നടക്കുന്നത്. നാലു കിലോമീറ്റര്‍ ആണ് ഒരു ലാപ്പ്. നമ്മുടെ വള്ളംകളി പോലെ പല ഗ്രേഡില്‍ ഉള്ള കുതിരകള്‍ക്ക് വ്യത്യസ്ത മത്സരങ്ങള്‍ ഉണ്ട്. ഗോള്‍ഡ് കപ്പ്. ലോയല്‍ ഹണ്ട് കപ്പ്, ക്വീന്‍ വാസ് എന്നിവയാണ് പ്രധാന ട്രോഫികള്‍. അതിലെ തന്നെ ഏറ്റവും പ്രശസ്ത ഗോള്‍ഡ് കപ്പാണ്. 2,50,000 പൗണ്ട് ആണ് ഇതിന്റെ സമ്മാനത്തുക. ഫോര്‍മുല വണ്‍ കറോട്ട മത്സരം പോലെ മികച്ച കുതിരയ്ക്കും, മികച്ച ജോക്കിക്കും, മികച്ച പരിശീലകനും, മികച്ച ഓണര്‍ക്കും സമ്മാനം ഉണ്ട്. ഒരു മുതലാളിക്ക് ഒന്നിലധികം കുതിരകള്‍ ഉണ്ടാവാം.

ഗ്രാന്‍ഡ് സ്റ്റാന്റ്, സില്‍വര്‍ റിംഗ്, റോയര്‍ എന്‍ക്ലോഷര്‍ എന്നീ മൂന്ന് പവലിയനുകള്‍ ആണ് ഉള്ളത്. സില്‍വല്‍ റിങ്ങില്‍ ആണ് ഏറ്റവും താഴ്ന്ന ടിക്കറ്റ് വില. വെറും നൂറു പൗണ്ട്. ഗ്രാന്‍ഡ് സ്റ്റാന്‍ഡില്‍ ഇരുന്നൂറു മുതല്‍ അഞ്ഞൂറ് പൗണ്ട് വരെ ഉള്ള ടിക്കറ്റ്. റോയല്‍ എന്‍ക്ലോഷര്‍ എന്ന സ്റ്റാന്‍ഡില്‍ കയറാന്‍ കാശ് മാത്രം പോര, നല്ല തറവാട്ടില്‍ ജനിക്കുകയും വേണം. കാരണം രാജകുടുംബാംഗങ്ങള്‍ക്കും, വി.ഐ.പികള്‍ക്കും മാത്രം ഉള്ളതാണ് ആ ടിക്കറ്റ്.

മറ്റൊരു പ്രധാന കാര്യം ഡ്രസ്സ് കോഡ് ആണ്. റേസ് കാണാന്‍ വരുന്ന എല്ലാവരും പാലിക്കേണ്ട ഒന്നാണ് ഡ്രസ്സ് കോഡ്. പുരുഷന്‍ ടൈയും സ്യൂട്ടും, സ്ത്രീകള്‍ സ്മാര്‍ട്ട് ഫോര്‍മല്‍സ് എന്നിവ നിര്‍ബന്ധം. ജീന്‍സ് ഷര്‍ട്ട് ധരിച്ചു വന്നാല്‍ അകത്തേക്കുള്ള പ്രവേശനം അസാധ്യം. എന്നാല്‍ ഏറ്റവും എടുത്തു പറയേണ്ട ഒന്ന് സ്ത്രീകള്‍ ധരിക്കുന്ന തൊപ്പിയാണ്. നമ്മുടെ നാട്ടില്‍ കൊച്ചമ്മമാര്‍ കല്യാണത്തിന് സ്വര്‍ണ്ണം അണിഞ്ഞു വരുന്നപോലെ ആണ് അവര്‍ക്ക് ആ തൊപ്പി ഒരു സ്റ്റാറ്റസ് സിമ്പല്‍ ആണ്. വിവിധ ഇനം തൂവലുകള്‍ കൊണ്ട് അലങ്കരിച്ച് സുന്ദരമായ തൊപ്പികള്‍ അണിഞ്ഞു നടക്കുന്ന സുന്ദരികളുടെ ഇടയില്‍ എത്തിയാല്‍ ഏതോ ഫാഷന്‍ റാമ്പില്‍ പെട്ട് പോയ ഒരു പാവം എലിക്കുഞ്ഞിന്റെ അവസ്ഥയാകും പലര്‍ക്കും. ബ്രിട്ടനിലെ മാത്രമല്ല, യൂറോപ്പിലെ തന്നെ മള്‍ട്ടി ബില്യനയര്‍മാരാണ് കാണികളില്‍ ഭൂരിഭാഗവും. ശരിക്കും ടൈറ്റാനിക് കപ്പലില്‍ കയറിയ അനുഭൂതിയായിരിക്കും.

റേസ് കാണാന്‍ കുതിര പട്ടാളത്തിന്റെ അകമ്പടിയോടെ ഒരു രഥത്തില്‍ ആനയിക്കപ്പെടുന്ന രാജ്ഞിയുടെ വരവ് ഒരു കാണേണ്ട കാഴ്ച തന്നെയാണ്. ഇവിടെ പല കൗണ്ടറിന്റെ മുന്നിലും നീളന്‍ ക്യൂ കാണാം. എല്ലാവരുടെയും കയ്യില്‍ നോട്ടു കെട്ടുകളും കാണും. എങ്കിലും ഉറപ്പിക്കാം. അത് ഒരു ബെറ്റിംഗ് കൗണ്ടര്‍ ആയിരിക്കും. കുതിരയോട്ടം കാണുന്നതിനെക്കാള്‍ ഉപരി കുതിരപന്തയം വയ്ക്കാനാണ് ആ കോടീശ്വരന്മാര്‍ പലരും അന്ന് ഇവിടെ വരുന്നത്. ഒരു പൗണ്ട് മുതല്‍ ഒരു മില്യണ്‍ പൗണ്ട് വരെ അവിടെ വാത് വയ്ക്കുന്ന വിദ്വാന്മാര്‍ ഉണ്ട്. കോടികള്‍ കൊണ്ട് അമ്മാനമാടുന്നവര്‍ക്ക് ഈ ചൂതാട്ടം ഇല്ലാതെ എന്താഘോഷം.

റേസ് തുടങ്ങുന്നതിനു പത്തു മിനിറ്റ് മുന്‍പുവരെ ജയിക്കുന്ന കുതിരയുടെ പേരിലും, സമയത്തിന്റെ പേരിലും ഒക്കെ വാതു വയ്ക്കാം. ബാന്റ് മേളവും, പരമ്പരാഗത സംഗീതവും സമാപിച്ച ശേഷമാണ് റേസ് തുടങ്ങുക. ഊട്ടിയിലും മറ്റും നാം കാണുന്ന കുതിരകളുടെ ഏകദേശം ഇരട്ടി വലിപ്പം ഉണ്ട് റേസില്‍ പങ്കെടുക്കുന്ന ഓരോ കുതിരകള്‍ക്കും. റേസ് കഴിഞ്ഞു എലിസബത്ത് രാജ്ഞിയാണ് വിജയികള്‍ക്ക് സമ്മാനം നല്‍കുന്നത്

കുഞ്ചെറിയാ മാത്യു

ലക്ഷങ്ങള്‍ വാങ്ങി മേടിച്ച ടെയോട്ടാ ആഡംബര കാറിന്റെ എയര്‍ ബാഗുകളില്‍ ഒന്നുപോലും വന്‍ ദുരന്തം ഉണ്ടായിട്ടും പ്രവര്‍ത്തിക്കാതിരുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. കാര്‍ വലിയ അപകടത്തെ നേരിട്ടിട്ടും എയര്‍ ബാഗുകള്‍ പ്രവര്‍ത്തിക്കാതിരുന്നതിന്റെ കാരണം തേടിയുള്ള ഉടമസ്ഥന്റെ യാത്ര അവസാനിക്കുന്നത് വാഹനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമായ വിവരവുമായാണ്.

വളരെ നാളത്തെ ആശുപത്രിവാസത്തിനുശേഷം എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിന്റെ കാരണം തേടി വാഹന നിര്‍മ്മാതാക്കളെ സമീപിച്ച ഉടമസ്ഥനോട് കമ്പനിയുടെ സാങ്കേതിക വിഭാഗത്തില്‍ നിന്ന് ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. ”അപകട സമയത്ത് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നോ” സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മാത്രമേ അപകടം ഉണ്ടായാല്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കുകയുള്ളൂ എന്ന വസ്തുത കാറിന്റെ ഉടമ അപ്പോള്‍ ആണ് മനസിലാക്കുന്നത്.

കാറിന്റെ നിര്‍മ്മാതാക്കളുടെ മാനുവലില്‍ ഇത് കൃത്യമായി പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഇതിനെക്കുറിച്ച് ധാരണയില്ല. അതുകൊണ്ട് തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ബോധവത്കരണം ആവശ്യമായിരിക്കുന്നു.

സ്വന്തം ലേഖകന്‍

ഈ ക്രിസ്തുമസ് വാരത്തില്‍ ഒരു പുണ്യ പ്രവര്‍ത്തിയിലൂടെ ഒരു കുടുംബത്തെ തീരാ വേദനയില്‍ നിന്നും രക്ഷിക്കാന്‍ ഒരു കുഞ്ഞു സഹായം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ ഈ പാവം കുടുംബിനിയെ ഒന്ന് സഹായിക്കുക. നിങ്ങള്‍ നല്‍കുന്ന സഹായം എത്ര ചെറുതായാലും അത് ഒരു ജീവന്‍ രക്ഷപ്പെടാനും അതിലൂടെ അനാഥത്വത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിയ ഒരു കുഞ്ഞിന് അമ്മയുടെ സുരക്ഷിതത്വം നല്‍കാനും കാരണമായേക്കാം

ഏകദേശം 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെനിഞ്ചൈറ്റിസ് രോഗത്തില്‍ നിന്നും മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഫ്‌ളോറന്‍സ് എന്ന വീട്ടമ്മ, വീണ്ടും ജിവിതത്തിലും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ എത്തപ്പെട്ടിരിക്കുന്നു

നിരന്തരമായ ചികിത്സകള്‍ക്കൊടുവില്‍ തങ്ങള്‍ക്കൊരു കുട്ടിയെ ലഭിക്കില്ലെന്നറിഞ്ഞ ഫ്‌ളോറന്‍സും ഭര്‍ത്താവും ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നതിനായി ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. പതിയെപ്പതിയെ സന്തോഷത്തോടെ പൊയ്‌ക്കൊണ്ടിരുന്ന അവരുടെ ജീവിതത്തിലേക്ക് ക്യാന്‍സറിന്റെ രൂപത്തില്‍ (Aplastic Anemia) വിധിയുടെ ക്രൂരത വീണ്ടും അശനിപാതംപോലെ കൊഞ്ഞനം കുത്തുന്നു

ഒരു മാസം ഏകദേശം Rs 80,000/- മരുന്നുകള്‍ക്കുവേണ്ടി മാത്രം ചെലവഴിക്കുന്ന അവര്‍, അവരുടെ സമ്പത്തിന്റെ ഓരോ ഭാഗം വിറ്റുകിട്ടുന്ന രൂപ കൊണ്ടാണ് പണം കണ്ടെത്തുന്നത്

ഏകദേശം 18-20 ലക്ഷം രൂപയാണ് (Bone Marrow Transplant) ചികിത്സയ്ക്കായി ആവശ്യമുള്ള പണം അതുകണ്ടെത്തുന്നതിനായി ഇനിയും നന്മ വറ്റിയിട്ടില്ലാത്ത, നിങ്ങള്‍ സഹായിക്കില്ലേ തക്കസമയത്ത് ചികിത്സ ലഭിക്കുകയാണെങ്കില്‍ ഫ്‌ളോറന്‍സിനു വീണ്ടും ജീവിതത്തിലേക്കു തിരിച്ചുവരുവാന്‍ കഴിയും അതിനായി നമുക്കും ഒരു ”കൈത്തിരി” ആകുവാന്‍ ശ്രമിക്കാം

ഈ ചെറിയ സഹായം ചെയ്യാന്‍ നിങ്ങള്‍ മനസ്സ് കാണിക്കുന്നുവെങ്കില്‍ ആ തുക അയയ്ക്കേണ്ട അക്കൗണ്ട് ഡീറ്റയില്‍സ് താഴെ കൊടുത്തിരിക്കുന്നു. ഫ്ലോറന്‍സിന്‍റെ അക്കൗണ്ട് വിവരങ്ങളും യുകെയിലെ കേംബ്രിഡ്ജില്‍ താമസിക്കുന്ന ഇവരെ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്ന ബിജു ആന്റണിയുടെ അക്കൗണ്ട് വിവരങ്ങളും ആണ് താഴെ. ഏത് അക്കൌണ്ടിലെക്കും നിങ്ങള്‍ക്ക് പണമയക്കാം.

Florance Roy
Canara Bank, Kothamangalam
A/c No. 0712101023822
IFS Code. CNRB0000712

Biju Mappalakayil Antony
Sort code: 201722
A/C Number: 70449369

നിങ്ങൾ ഒരു തുണിയും ഇല്ലാതെ ഒരു പൊതു സ്ഥലത്തു നടന്നിട്ടുണ്ടോ? ഞാൻ നടന്നിട്ടുണ്ട്.

അമേരിക്കയിൽ വന്നയിടയ്ക്ക് ഒരു ഇന്ത്യൻ സുഹൃത്തിൽ നിന്നാണ് ന്യൂ ജേഴ്സിയിലെ ന്യൂഡ് ബീച്ചിനെ കുറിച്ചറിഞ്ഞത്. ക്ലോത്തിങ് ഓപ്ഷണൽ ആണ്, എന്ന് വച്ചാൽ നിങ്ങൾക്ക് വേണമെങ്കിൽ തുണി ഉടുത്തു നടക്കാം, തുണി ഇല്ലാതെ നടക്കുന്ന തരുണീ മണികളെ വായിൽ നോക്കുകയും ചെയ്യാം. അറിഞ്ഞപ്പോൾ മനസ്സിൽ ലഡു പൊട്ടി. അറിഞ്ഞതിന്റെ അടുത്ത ശനിയാഴ്ച തന്നെ അങ്ങോട്ട് വച്ച് പിടിച്ചു.പോകുമ്പോൾ എന്റെ മനസ്സിൽ കുറച്ച് ആശങ്കകളും ഉണ്ടായിരുന്നു. ആദ്യത്തേത് സ്വാഭാവികം ആയുണ്ടാവുന്ന ചമ്മൽ, പക്ഷെ അതിനെക്കാൾ വലിയ പ്രശ്നം അറിയാവുന്ന ആരെയെങ്കിലും കണ്ടാൽ എന്താവും എന്നതായിരുന്നു. എന്റെ ഓഫീസിൽ കൂടുതലും ഇന്ത്യക്കാരായതു കൊണ്ട് അവരെ അവരെ കണ്ടു മുട്ടാൻ ഉള്ള സാധ്യത കുറവായതു കൊണ്ട് ഒരു ചാൻസ് എടുത്തു.രണ്ടാമത്തെ പ്രശനം അതിലും വലുതായിരുന്നു.

ഏതെങ്കിലും ദേഹം കണ്ടു ഉത്തേജനം വല്ലതും ഉണ്ടായാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇനീ ഒരു പക്ഷെ എല്ലാവരും അവിടെ നടക്കുന്നത് അങ്ങിനെ ആയിരിക്കുമോ എന്തോ? മനസ്സിൽ വല്ലാത്ത ആശങ്കകൾ ആയിരുന്നു. അതിലും വലിയ സംശയം അവിടെ വരുന്നവരെ കുറിച്ചായിരുന്നു, ഇവരെ കാണാൻ വരുന്ന എന്നെ പോലുള്ള ആയിരക്കണക്കിനു ആളുകളുടെ മുൻപിൽ ഇവർ എന്ത് ധൈര്യത്തിൽ തുണി ഇല്ലാതെ നടക്കുന്നു? ഇവർ തിരിച്ചു പോകുമ്പോൾ ആരെങ്കിലും പിന്തുടർന്ന് എന്തെങ്കിലും ചെയ്യില്

ബീച്ചിലേക്ക് നടന്നു. ആദ്യം കണ്ടത് ഒരു ബോർഡാണ്, ഇതിനപ്പുറം തുണിയില്ലാത്തവരെ കണ്ടേക്കാം എന്ന് മുന്നറിയിപ്പ് തരുന്ന ഒരു ബോർഡ്.
ആദ്യം കണ്ടത് ഒരു ഭാര്യയെയും ഭർത്താവിനെയും ആണ്. കൈ കോർത്ത് പിടിച്ചു എനിക്ക് എതിരെ പൂർണ നഗ്‌നരായി നടന്നു വരികയായിരുന്നു അവർ. ജീവിതത്തിന്റെ അനുഭവങ്ങൾ പാടുകൾ വീഴ്ത്തിയ ശരീരങ്ങൾ. കുട്ടികൾക്ക് മുലയൂട്ടിയ മാറിടങ്ങൾ പ്രായത്തിന്റെ തെളിവുകൾ കാണിച്ചു. വയറ്റിൽ പ്രസവശേഷം ഉണ്ടാവുന്ന സ്‌ട്രെച് മാർക്കുകൾ തെളിഞ്ഞു നിന്ന്. അയാളുടെ മാറിൽ ഒരു സർജറി നടന്ന പാട്. ഒരു പക്ഷെ ഹാർട്ട് അറ്റാക്കോ മറ്റോ വന്നതായിരിക്കണം. എന്റെ ബാപ്പയുടെ നെഞ്ചിൽ ഞാൻ ഇങ്ങിനെ ഉള്ള സർജറി പാട് കണ്ടിട്ടുണ്ട്.

ഞങ്ങൾ സൂക്ഷിച്ചു നോക്കുന്നത് അവരെ അലോരസപ്പെടുത്തി എന്ന് അവരുടെ രൂക്ഷമായ നോട്ടം ഞങ്ങൾക്ക് മനസിലാക്കി തന്നു.
അടുത്തതായി കണ്ടത് ഒരു ബീച്ച് വോളിബോൾ കളിയാണ്. ഇരുപതു വയസ്സു പ്രായം തോന്നിക്കുന്ന രണ്ടു പെൺകുട്ടികളും കളിക്കുന്നുണ്ടായിരുന്നു. തുണി ഉണ്ടായിരുന്നില്ല എന്നതൊഴിച്ചാൽ ഒരു കളിയുടെ എല്ലാ ആവേശത്തിലും ഉള്ള കളി. കുറെ നേരം ഞാൻ കളി കണ്ടു നിന്നു. ചിലപ്പോഴെല്ലാം ആവേശത്തോടെ കയ്യടിച്ചു.
അതിനരികിലൂടെ രണ്ടു ആണുങ്ങൾ കൈകൾ കോർത്ത് പിടിച്ചു നടന്നു പോയി. ഒരു വെള്ളക്കാരനും ഒരു കറുത്ത വർഗക്കാരനും.

ബീച്ചിൽ വെള്ളത്തിലിറങ്ങാൻ നോക്കിയപ്പോൾ ഒരു കുടുംബം കുട്ടികളും ആയി കടലിൽ കുളിക്കുന്നു. കുട്ടികളും കുടുംബങ്ങളും ആയി ഇവിടെ ആളുകൾ വരും എന്നത് എനിക്ക് പുതിയ അറിവായിരുന്നു.ഇത്രയും കണ്ടപ്പോൾ മനസ്സിൽ ഉണ്ടായ എല്ലാ സംശയങ്ങളും മാറി. തുണി ഇല്ലാത്ത ബീച്ചും ലൈംഗികതയും തമ്മിൽ ഒരു ബന്ധവും ഇല്ല. ചിലർ രാത്രി കിടക്കുമ്പോൾ വസ്ത്രം ഊരിയെറിയുന്ന പോലെ സ്വകാര്യ സ്ഥലത്തിന് പകരം ഒരു പൊതു സ്ഥലത്തു വസ്ത്രം ഉപേക്ഷിക്കുന്ന ചിലർ , അത്ര മാത്രം. ആർക്കും ഉത്തേജനവും ഇല്ല, ചൂളം വിളികളും കമന്റുകളും ഇല്ല. മാത്രമല്ല മനുഷ്യൻ വസ്ത്രം ഉപേക്ഷിക്കുമ്പോൾ മനുഷ്യ ശരീരത്തെ കുറിച്ച് നമ്മുടെ മനസ്സിൽ ഇല്ലാത്ത പല യാഥാർഥ്യങ്ങളും കണ്മുൻപിൽ കണ്ടു.

നഗ്നത നമ്മൾ ചെറുപ്പമായ ദേഹങ്ങൾക്കും സ്ത്രീ ദേഹങ്ങൾക്കും തീറെഴുതി കൊടുത്തിരിക്കുകയാണല്ലോ. ഇവിടെ കറുത്ത ദേഹങ്ങളും, വെളുത്ത ദേഹങ്ങളും, ചുളിവ് വീണവയും, കുടവയർ ഉള്ളവയും , തൂങ്ങിയ മാറിടങ്ങൾ ഉള്ളവയും , സ്‌ട്രെച് മാർക്ക് വീണവയും ആയ ദേഹങ്ങൾ. നഗ്നതയെകുറിച്ചുള്ള കാഴ്ചപ്പാടുകൾ മുഴുവൻ മാറ്റുന്ന ഒരനുഭവം. ഞാൻ അല്ലാതെ ആരും മറ്റുള്ളവരെ നോക്കുന്നു പോലും ഇല്ല. ഞാൻ എന്റെ വസ്ത്രങ്ങൾ ഉപേക്ഷിച്ചു ബീച്ചിലൂടെ നടന്നു.പലരും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പറയുന്ന ഒരു കാരണം സ്ത്രീകളുടെ വസ്ത്രധാരണം ആണ്. മൂടി വയ്ക്കാത്ത പഴത്തിൽ ഈച്ച കയറുന്നതും മറ്റുമാണ് നമ്മുടെ ഉപമകൾ. എന്നാൽ ചില മുൻവിധികളും യാഥാർഥ്യങ്ങളും താഴെ. മെഡിക്കൽ കോളേജുകളിൽ പോലും ആണുങ്ങളും പെണ്ണുങ്ങളും കൂടി ഇരിക്കരുത് എന്ന് മറ്റൊരു കൂട്ടർ.

1. മുൻവിധി : ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ ആണ് ബലാത്സംഗം ചെയ്യുന്നത്.വസ്തുത : ബലാത്സംഗ കേസുകൾ പരിശോധിച്ചാൽ സ്ത്രീകളുടെ വസ്ത്ര ധാരണ രീതി ഒരു ഘടകമേ അല്ല എന്ന് മനസിലാകും. ദേഹം മുഴുവൻ മൂടി നടക്കുന്ന സ്ത്രീകളെ മുതൽ സാരിയും സ്കർട്ടും ചുരിദാറും ഇടുന്ന എല്ലാവരും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുന്നുണ്ട്. പെണ്ണുങ്ങളെ “ചരക്ക്” (commodity) ആയി കാണിക്കുന്ന പരസ്യങ്ങളും സിനിമകളും പുരുഷ മനോഭാവവും ആണ് മാറേണ്ടത്.

2. മുൻവിധി : ഒരു പെൺകുട്ടി ഒരാളുടെ കൂടെ ഒരിടത്തു പോയാൽ അത് അവനു അവളെ ഭോഗിക്കാൻ ഉള്ള സമ്മതം ആണ്.വസ്തുത : ഒരു പെൺകുട്ടി ഒരാണ്കുട്ടിയുടെ കൂടെ പോകുന്നത് ഇപ്പോഴും ലൈംഗികതയ്ക്കുള്ള സമ്മതം ആവണം എന്നില്ല. ഒരു ആൺകുട്ടി വേറൊരു ആൺകുട്ടിയുടെ വീട്ടിൽ പോകാൻ ആയിരം കാരണങ്ങൾ കാണും എന്നത് പോലെ ഒരു പെൺകുട്ടിക്കും പല കാരണങ്ങൾ കാണാം. “പറ്റില്ല” എന്ന് ഒരു പെണ്ണ് പറഞ്ഞാൽ അത് മനസിലാക്കേണ്ടത് പുരുഷൻ ആണ്. ഡേറ്റിനു വന്നാൽ പോലും പെൺകുട്ടിയുടെ സമ്മതം ഇല്ലാത്ത ലൈംഗിക വേഴ്ച പുരുഷന്റെ കുറ്റമാണ്.

3. മുൻവിധി : പെൺകുട്ടി ആണിന്റെ കൂടെ മദ്യപിച്ചാലോ പുകവലിച്ചാലോ അത് ലൈംഗികതയ്ക്കുള്ള സമ്മതം ആണ്.
വസ്തുത : ഒരാൺകുട്ടി നിങ്ങളുടെ കൂടെ ഇരുന്നു മദ്യപിച്ചാലും നിങ്ങൾ ഇത് തന്നെ പറയുമോ?

4. മുൻവിധി : പരസ്പരം അറിയുന്നവർ തമ്മിലുള്ള ലൈംഗിക ബന്ധം ബലാൽസംഗം അല്ല.
വസ്തുത : ഭാര്യയും ഭർത്താവുമോ കാമുകനും കാമുകിയുമൊ പോലും ആയാലും പരസ്പര സമ്മതം ഇല്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗം ആണ്. ഒരു കാര്യം കൂടി, സ്ത്രീകൾ ഏറ്റവും കൂടുതൽ ലൈംഗിക അതിക്രമങ്ങൾ നേരിടുന്നത് പരിചയക്കാരിൽ നിന്നാണ്. അത് അളിയൻ മുതൽ അമ്മാവൻ വരെ ആകാം.

5. ബലാത്സംഗം ആസ്വദിക്കുന്ന പെൺകുട്ടികൾ ഉണ്ട് കാരണം, പല പെൺകുട്ടികളും തങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായത് പുറത്തു പറയുന്നില്ല.
വസ്തുത : സാമൂഹിക കുടുംബ പശ്ചാത്തലങ്ങൾ ആണ് ലൈംഗിക അതിക്രമങ്ങൾ പുറത്തു പറയാത്തതിന് കാരണം. ഇന്ത്യ പോലൊരു രാജ്യത്തു “തീയില്ലാതെ പുക ഉണ്ടാകുമോ” തുടങ്ങിയ ഊള ചോദ്യങ്ങൾ ചോദിക്കുന്ന സമൂഹത്തെ പെണ്ണുങ്ങൾ ശരിക്കും ഭയപ്പെടുന്നുണ്ട്. ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യാൻ പോയ എന്റെ ഒരു കൂട്ടുകാരിയോട് പോലീസുകാരൻ തന്നെ ചോദിച്ചത് ഒരു വൃത്തികെട്ട ചോദ്യം ആയിരുന്നു.

6. ചെറുപ്പക്കാരികൾ ആണ് ലൈംഗിക അതിക്രമത്തിന് ഇരയാവുന്നത് കൊച്ചു കുട്ടികളെയും പ്രായമായ മുത്തശ്ശിമാരെയും ആളുകൾ ബലാത്സംഗം ചെയ്യുന്നുണ്ട്. പ്രായവും ഒരു ഘടകമേ അല്ല. എഴുതാൻ പോയാൽ കുറെ ഉണ്ട്. പക്ഷെ ഒന്നുറപ്പാണ്, പെണ്ണുങ്ങൾ ദേഹം മൂടി വയ്ക്കുകയോ തുറന്നു വയ്ക്കുകയോ ചെയ്യുന്നതും ലൈംഗിക അതിക്രമങ്ങളും തമ്മിൽ ബന്ധമില്ല, അത് ആളുകൾക്ക് അവരെ ഉപദ്രവിക്കാനുള്ള ലൈസൻസും അല്ല. ഓർക്കുക ഏറ്റവും വലിയ ലൈംഗിക അവയവം നമ്മുടെ തലച്ചോറാണ്.

ബെന്നി അഗസ്റ്റിന്‍ കാര്‍ഡിഫ്

കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രെയിംസും ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന സംഗീത പരിപാടിയുടെ ആറാം എപ്പിസോഡില്‍ കാര്‍ഡിഫില്‍നിന്നുള്ള ജെയ്‌സണ്‍ ജെയിംസ് പാടുന്നു. 1978ല്‍ റിലീസായ സൂപ്പര്‍ ഹിറ്റ് ചിത്രമായ മദനോത്സവത്തിനു വേണ്ടി ഓ.എന്‍.വി കുറുപ്പ് ഗാനരചനയും സലില്‍ചൗധരി സംഗീതവും നല്‍കി ഗാനഗന്ധര്‍വന്‍ യേശുദാസ് ആലപിച്ച ‘സാഗരമേ ശാന്തമാക നീ’ എന്ന ഗാനമാണ് ഇവിടെ അവതരിപ്പിക്കുന്നത് . എഴുപതുകളുടെ അവസാനത്തില്‍ മലയാള പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മദനോത്സവം. എറിക് സെഗളിന്റെ പ്രശസ്തമായ ലവ് സ്റ്റോറി എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ത്തന്നെ എടുത്ത ഇംഗ്ലീഷ് ചിത്രത്തിനെ ആധാരമാക്കി എടുത്ത മലയാള ചിത്രം കൂടിയാണ് മദനോത്സവം. കമലഹാസനും സറീനാ വഹാബും ആയിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജ്ഞാനപീഠ പുരസ്‌ക്കാരം, പത്മശ്രീ, പത്മഭൂഷണ്‍, തുടങ്ങിയ ബഹുമതികള്‍ നേടിയ കവിയും ഗാനരചയിതാവും ആയിരുന്നു ശ്രീ. ഓ.എന്‍.വി.കുറുപ്പ്. കെപിഎസി നാടകങ്ങള്‍ക്കു വേണ്ടിയും ഓട്ടനവധി ചലച്ചിത്രങ്ങള്‍ക്കു വേണ്ടിയും ഗാനരചന നടത്തിയിട്ടുണ്ട്. ഏതാണ്ട് 253 ചിത്രങ്ങള്‍ക്കുവേണ്ടി 939 ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാളത്തിന് പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ നേടിക്കൊടുത്ത ചെമ്മീന്‍ എന്ന ചിത്രത്തിന് സംഗീതം നല്‍കി മലയാളത്തിലെത്തി നമ്മുടെ സ്വന്തമായി മാറിയ സംഗീത മാന്ത്രികനായിരുന്നു സലില്‍ ചൗധരി. മലയാളത്തിനു വേണ്ടി 26 ചിത്രങ്ങളിലായി 109 ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. ഇവരുടെ കൂട്ടുകെട്ടില്‍ ശ്രദ്ധേയമായ ഗാനങ്ങളില്‍ ചിലതാണ് ‘ ശ്യാമ മേഘമേ’, ‘ഓര്‍മ്മകളേ കൈവള ചാര്‍ത്തി’, ‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ’, ‘ശ്രാവണം വന്നു നിന്നെത്തേടി’ തുടങ്ങിയവ.

… ‘സാഗരമേ ശാന്തമാക നീ’…….

ക്രീയേറ്റീവ് ഡയറക്ടര്‍: വിശ്വലാല്‍ ടി ആര്‍
ആര്‍ട്ട്, കാമറ & എഡിറ്റിംഗ് : ജെയ്‌സണ്‍ ലോറന്‍സ്

മനുഷ്യ ജീവിതത്തിന്റെ ആരംഭം മുതല്‍ ഇന്നേവരെയുള്ള ചരിത്രം മാറ്റങ്ങളുടെ ശൃംഖലയാണ്. അനുദിനം മാറ്റങ്ങള്‍ക്കു വിദേയമായികൊണ്ടിരിക്കുന്ന ജീവനും ജീവിതങ്ങളും അത്ഭുതം തന്നെയാണ്. ചുറ്റുപാടും എന്തല്ലാം വെത്യസ്തതകളാണ് നാം ദര്‍ശിക്കുന്നത്. പ്രേത്യേകമായി നാം എടുത്തു പറയേണ്ട വസ്തുത ഒന്ന് മറ്റൊന്നിനോട് ആശ്രയിച്ചിരിക്കുന്നു എന്നുള്ളതാണ്. കരയും, കടലും, ഭൂമിയും, ജീവ ജാലങ്ങളെല്ലാം പരാശ്രയത്തിന്റെ മഹത്തായ ഉദാഹരണമാണ്.

1990കളോടെ സംസ്‌കാര വ്യത്യാസമില്ലാതെ മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി വലിയ പ്രവാസി സമൂഹമായി മാറിയിരിക്കുന്നു. ആശ്രയ സമൂഹമായി ജീവിച്ചവര്‍ ആരെയും ആശ്രയിക്കാതെ സ്വതന്ത്ര ജീവിതത്തിനു പ്രാധാന്യം നല്‍കുന്ന സംസ്‌കൃതിയുടെ ഭാഗമായി മാറിയപ്പോള്‍ ഉണ്ടായ തുടര്‍ ചലനങ്ങള്‍ ആണ് പ്രവാസി സമൂഹത്തില്‍ നാം ഇന്ന് കാണുന്ന സാമൂഹ്യ മന്ദതയ്ക്ക് കാരണം .യൂറോപ്പിലെ ശൈത്യം നമ്മുടെയൊക്കെ ജീവിതത്തെ ബാധിച്ചിരിക്കുന്നു. ആദ്യ കാലഘട്ടങ്ങളില്‍ സമൂഹമായി അനുഭവിച്ചിരുന്ന സന്തോഷങ്ങള്‍ ഇന്ന് നാലു ചുവരുകളിലായി മാറി. എപ്പോഷും എല്ലാവരെയും ആവശ്യത്തിനും അനാവശ്യത്തിനും ആശ്രയിച്ചു പര സഹായത്തോടെ പരസ്പരം പങ്കു വെച്ച് ജീവിച്ചവര്‍ അതിനു വിരുദ്ധമായ സംസ്‌ക്കാരത്തിലേക്കു കടന്നു വന്നപ്പോള്‍ ഉണ്ടാക്കിയ മാറ്റം പലരിലും ഇന്നും വിട്ടുമാറിയിട്ടില്ല.

ബന്ധങ്ങള്‍, കൂടെപ്പിറപ്പ്, സമൂഹം, കൂട്ടായ്മ ഇവയൊക്കെയാണ്പലരിലും ലോക സമസ്ത സുഖിനോ ഭവന്തു എന്ന ആശയത്തിലൂടെ ഒരു രാജ്യത്തെ നാനാതുവത്ത്തില്‍നിന്ന് ഏകത്വത്തിലേക്കു നടത്തിയത്. ജീവിതത്തില്‍ ഉന്നത മൂല്യങ്ങള്‍ നേടിയെടുക്കുവാന്‍ സഹായിച്ചത്. 33 മുക്കോടി ദൈവങ്ങളും, മതങ്ങളും, ജാതികളും , ഉപജാതികളും, ആചാരാനുഷ്ടാനങ്ങളും ഉള്ള രാജ്യം തലമുറകളായി സൗഹാര്‍ദ്ദ സ്‌നേഹ അന്തരീക്ഷത്തിലൂടെ കടന്നു പോയെങ്കില്‍ ഇന്ന് വിഭാഗീയതയും അസഹിഷ്ണുതയും സ്വംന്തം കാര്യം മാത്രം എന്ന 4 ചുവരിനുള്ളില്ലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ജീവനും ജീവിതങ്ങളും ഹിമവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.

തൊട്ടതിനും പിടിച്ചതിനും സമൂഹത്തെയും, കൂട്ടായ്മ്മകളെയും, സഹൃദങ്ങളെയും , സഭയെയും , സമുദായത്തെയും, ആരാധന രീതികളെയും, അനുഷ്ടാങ്ങളെയും അധിക്ഷേപിക്കുന്ന വിമര്‍ശിക്കുന്ന അഭിനവ നവ മാധ്യമ യുക്തിവാദികളാണ് പ്രവാസി സമൂഹത്തിന്റെ നിര്‍മമതയുടെ, മന്ദതയുടെ അടിസ്ഥാന കാരണക്കാര്‍. ജോലിക്കു പോകാതെ അദ്വാനിക്കാതെ ഇരന്നു തിന്നു ജീവിക്കുന്ന ഇവര്‍ക്ക് സ്വന്തം ജീവിതത്തോടോ സമൂഹത്തോടോ ഒരു പ്രതിബദ്ധതയും ഇല്ല . ഇക്കൂട്ടര്‍ പലരെയും വഴി തെറ്റിക്കുന്നു, തെറ്റായ സ്വാധീനം ചെലുത്തുന്നു. സമയമോ, സമ്പാദ്യമോ, സാഹചര്യങ്ങളോ, മറ്റുള്ളവര്‍ക്കുവേണ്ടി ഒരിക്കലും പങ്കുവെയ്ക്കാത്ത അതിനു തയ്യാറാകാത്തവരുടെ നവ മാധ്യമ കവല പ്രസംഗങ്ങള്‍ പ്രവാസി സമൂഹത്തിനു ശാപമാണ്

മുറിക്കപ്പെടാതെ, വിഭജിക്കാതെ, പങ്കുവെയ്ക്കാതെ ഒന്നും വിശുദ്ധമാകുന്നില്ല. കൂട്ടായ്മകളിലും, സൗഹൃദങ്ങളിലും, സഭയിലും, സമൂഹങ്ങളിലും സജീവമാകാം. സമയവും, സന്തോഷങ്ങളും സാധിക്കുന്ന സമ്പാദ്യങ്ങളും കഴിയുന്ന രീതിയില്‍ പങ്കുവെയ്ക്കാം .പ്രകാശം ജീവിതങ്ങളിലെക്കു കടന്നു വരട്ടെ. ഭൂമിയിലെ സുമനസുകള്‍ക്കു സമാധാനം ആശംസിക്കാം. ആദ്യ സന്തോഷങ്ങളിലേക്കു മടങ്ങാം. ക്രിസ്തുമസ് ആശംസകള്‍

രാജേഷ്‌  ജോസഫ്

Copyright © . All rights reserved