Specials

ബെംഗളൂരു: തടഞ്ഞു നിര്‍ത്തിയത് രാഷ്ട്രപതിയെയാണ്. അതും അകമ്പടി വാഹനങ്ങളുള്ള രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ. തടഞ്ഞു നിര്‍ത്തിയതാവട്ടെ പോലീസുകാരനും. സസ്‌പെന്‍ഷനല്ല സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ തന്നെ കാരണമായേക്കാവുന്ന സംഭവം. പക്ഷെ ബെംഗളൂരുവിലെ ട്രാഫിക് പോലീസുകാരന് ഈ കൃത്യം ചെയ്തതിന് സംസ്ഥാന പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു.

ജനപ്രതിനിധികള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ സാധാരണക്കാരുടെ സമയത്തിനും സൗകര്യത്തിനും വിലകല്‍പിക്കാതെ റോഡില്‍ തടഞ്ഞുനിര്‍ത്തുന്നതാണ് പൊതുവെ ഇന്ത്യയാകമാനം കണ്ടു വരുന്ന രീതി. അപ്പോള്‍ പിന്നെ ആ സ്ഥാനത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാണെങ്കില്‍ പറയേണ്ടതില്ലല്ലോ.

എന്നാല്‍ വാഹന വ്യൂഹം കടന്നു പോകുന്ന വഴിയിലേക്ക് കടന്നു വരുന്നത് ഒരു ആംബുലന്‍സാണെങ്കിലോ. പ്രഥമ പരിഗണന എന്താണെന്ന അങ്കലാപ്പിലാവും പോലീസുകാരന്‍. എന്നാല്‍ സംശയങ്ങളോ ആശയക്കുഴപ്പമോ ഇല്ലാതെ സന്ദര്‍ഭത്തിനനുസരിച്ച് മനസ്സാന്നിധ്യം കൈവെടിയാതെ ആ പോലീസുകാരൻ പ്രഥമ പൗരനേക്കാള്‍ പ്രഥമ പരിഗണന ആംബുലന്‍സിന് തന്നെ നല്‍കി.

രാഷ്ട്രപതി കാത്തു നില്‍ക്കട്ടെ ആംബുലന്‍സ് പോകട്ടെ എന്ന നിലപാടെടുത്തത് ബെംഗളൂരു ട്രാഫിക് പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ എംഎല്‍ നിജലിംഗപ്പയാണ്.

ജൂണ്‍ 17നാണ് സംഭവം. ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയുടെ സര്‍വീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ട്രിനിറ്റി സര്‍ക്കിളില്‍ രാഷ്ട്രപതിയുടെ വാഹനം എത്തിച്ചേരുന്നതിന് ഏതാനും നിമിഷം മുമ്പാണ് വാഹന വ്യൂഹത്തെ തടഞ്ഞു നിര്‍ത്തി അതു വഴി വന്ന ആംബുലന്‍സിന് കടന്നു പോകാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നിജലിംഗപ്പ തനിക്ക് കീഴിലുള്ള പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുകിയത്.

പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭയ് ഗോയാല്‍ നിജലിംഗപ്പയെ അഭിനന്ദിച്ച് കൊണ്ട് ട്വിറ്ററില്‍ കുറിപ്പിട്ടതോടെയാണ് സമൂഹമാധ്യമങ്ങളില്‍ വിഷയം വലിയ ചര്‍ച്ചയായത്.  ബെംഗളൂരു പോലീസ് അദ്ദേഹത്തിന് പാരിതോഷികവും പ്രഖ്യാാപിച്ചിട്ടുണ്ട്.എന്നാല്‍ ഈ പ്രവൃത്തി ഒരു വലിയ കാര്യമല്ലെന്നും ഒരു പോലീസുകാരന്‍ ചെയ്യാന്‍ ഉത്തരവാദിത്വപ്പെട്ട കാര്യമാമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

മാഞ്ചസ്റ്റര്‍: 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും തളരാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ ഡേ പരേഡില്‍ ആയിരങ്ങള്‍ അണിനിരന്നു. ഒരു ലക്ഷത്തോളം ആളുകള്‍ പരേഡില്‍ പങ്കെടുത്തു. മാഞ്ചസ്റ്റര്‍ അരീന ആക്രമണത്തിന് ഇരയായ 22 പേരെ അനുസ്മരിച്ച് ബലൂണുകള്‍ ഏന്തിയ 22 പേരാണ് പരേഡ് നയിച്ചത്. പരേഡില്‍ ആവേശത്തോടെ മാഞ്ചസ്റ്റര്‍ മലയാളികളും പങ്കെടുത്തു. മുത്തുക്കുടകളും ഭരതനാട്യ വേഷമണിഞ്ഞ കുട്ടികളും തെയ്യത്തിന്റെ വലിയ രൂപവുമൊക്കെയായി മലയാളത്തിന്റെ പ്രാതിനിധ്യം നിറഞ്ഞുനില്‍ക്കുന്ന പരേഡ് ആണ് മാഞ്ചസ്റ്റര്‍ ദര്‍ശിച്ചത്.

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് പരേഡില്‍ മലയാളികള്‍ അണിനിരന്നത്. രണ്ട് മാസത്തിലേറെ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് അസോസിയേഷന്‍ പരേഡില്‍ പങ്കെടുത്തത്. ഭരതനാട്യവും കളരിച്ചുവടുകളുമൊക്കെയായി മലയാളികള്‍ പ്രത്യേകശ്രദ്ധ നേടുകയും ചെയ്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിലും പരേഡുമായി മുന്നോട്ടു നീങ്ങാന്‍ കൗണ്‍സില്‍ തീരുമാനിച്ചതിനെ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി അനീഷ് കുര്യന്‍ അഭിനന്ദിച്ചുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

80ഓളം വിവിധ സമൂഹങ്ങളില്‍ നിന്നുള്ളവര്‍ പരേഡില്‍ പങ്കെടുത്തു. മാഞ്ചസ്റ്റര്‍ സെന്റര്‍ മുതല്‍ ട്രാന്‍സ് സമൂഹമായ ആഫ്റ്റര്‍നൂണ്‍ ടീ വരെയുള്ള സംഘങ്ങള്‍ ആവേശത്തോടെയാണ് പരേഡില്‍ പങ്കാളികളായത്. കനത്ത സുരക്ഷാ സംവിധാനങ്ങളുടെ ഇടയിലായിരുന്നു പരേഡ് നടന്നത്. സായുധ പോലീസിന്റെ സാന്നിധ്യം എല്ലായിടത്തും ഉണ്ടായിരുന്നു. ചിലര്‍ ജനങ്ങള്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്നതും കാണാമായിരുന്നു.

– കാരൂര്‍ സോമന്‍, ചാരുംമൂട്-

സുന്ദരിയായ തെംസ് നദിയുടെ പരിലാളനമേറ്റു നില്‍ക്കുന്ന മനോഹരമായ ദേവാലയമാണ് സെന്റ് പോള്‍ കത്തീഡ്രല്‍. ഇതിന് ഇപ്പോഴും ഒരു പൗരാണിക ഭാവവും പ്രൗഢിയുമുണ്ട്. ഈ നഗരത്തിന്റെ ചരിത്രം സ്പന്ദിക്കുന്ന ദേവാലയമാണിത്. രാജ്യത്തെമ്പാടും ഇതുപോലുള്ള ചരിത്ര നിര്‍മിതികള്‍ കാണാനാവും. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് നിര്‍മ്മിച്ച ഈ പള്ളി അക്കാലത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടനിര്‍മ്മിതികളില്‍ ഒന്നായിരുന്നു. രാജകുടുംബവുമായി ബന്ധപ്പെട്ടവരുടെ മാമ്മോദീസ, വിവാഹം, മരണം തുടങ്ങിയവ ഇവിടെയായിരുന്നു നടന്നത്. ഡയാനയുടേയും പ്രിന്‍സ് രാജകുമാരന്റേയും വിവാഹം ഇവിടെ വച്ചായിരുന്നു. ലുഡ്‌ഗേറ്റ് ഹില്‍ എന്ന ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ക്രിസ്റ്റഫര്‍ റെന്‍ എന്ന ശില്പി 1675-1710 കാലഘട്ടത്തില്‍ നിര്‍മ്മിച്ച 365 അടി ഉയരമുള്ള കത്തീഡ്രല്‍. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ലണ്ടന്‍ ബിഷപ്പിന്റ ആസ്ഥാനം. ഇവിടെവച്ചാണു ബ്രിട്ടീഷ് രാജകുമാരനായിരുന്ന ചാള്‍സിന്റെയും ഡയാനയുടെയും വിവാഹം നടന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി ഏറെ അടുത്തു ബന്ധമുള്ള കത്തീഡ്രല്‍ ആണിത്. നെല്‍സന്‍, വെല്ലിംഗ്ടന്‍, ചര്‍ച്ചില്‍, താച്ചര്‍ എന്നിവരൊക്കെ ഇവിടെയാണ് അന്ത്യവിശ്രമംകൊള്ളുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ അവസാനിപ്പിച്ചശേഷം ഇവിടെയാണ് എല്ലാവരുംകൂടി സമാധാനപ്രാര്‍ത്ഥന നടത്തിയത്. മണിക്കൂറുകള്‍ തോറും പ്രാര്‍ത്ഥന നടക്കുന്ന അത്യന്തം തിരക്കേറിയ ഒരു പള്ളിയാണിത്. ആംഗ്ലിക്കന്‍ സഭയുടെ ഈ ദേവാലയം മുന്‍പ് ഡയാനദേവിയുടെ ക്ഷേത്രമായിരുന്നുവെന്നു കരുതുന്നവരുണ്ട്.

പള്ളിയുടെ നിലത്തു ഗ്രില്ലിട്ട ഒരു വലിയ ഓട്ടയുണ്ട്. അതിലൂടെ താഴെ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ ഉണ്ടാക്കുന്ന സ്വാദേറിയ വിഭവങ്ങളുടെ ഗന്ധം വരെ മൂക്കിലേക്കടിച്ചുകയറും. ഒരു തരം കൂട്ടു കച്ചവടം! താഴേക്കിറങ്ങുന്നവര്‍ മിക്കവരും ആ ഹോട്ടലിലും കയറും. അവിടെയും പുരാതനമായ പല പ്രതിമകളും കലാശേഖരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാല്‍വേഷന്‍ ആര്‍മിയുടെ (ഒരു ക്രിസ്ത്യന്‍ സന്നദ്ധസംഘടന) ആസ്ഥാനവും ഇവിടെ കാണാം. അവിടവിടെയായി വളരെ ഭംഗിയുള്ള ചില മാര്‍ബിള്‍ പ്രതിമകള്‍ കണാം. ഡോമിന്റെ ഉള്ളിലുള്ള ബാല്‍ക്കണിയും ആകര്‍ഷകം. ഇവിടെയെത്താന്‍ വളരെ ഇടുങ്ങിയ ഒരു പിരിയന്‍ കോവേണി കയറണം. വളരെ ബുദ്ധി മുട്ടിയാലേ അവിടെ എത്താനാവൂ. പാശ്ചാത്യ രാജ്യങ്ങളിലുള്ളതുപോലെ, കണ്ണിനു കുളിര്‍മ നല്‍കുന്ന, പ്രതിഭാധനരായ കലാകാരന്‍മാരാല്‍ നിര്‍മിക്കപ്പെട്ട ദേവാലയങ്ങള്‍ ഇതു പോലെ ലോകത്തു മറ്റെങ്ങും കാണാനാവില്ല.

ഇവിടത്തെ കത്തീഡ്രല്‍, വലിയ ദേവാലയങ്ങള്‍ ഒന്നുകില്‍ നഗരങ്ങളിലോ അല്ലെങ്കില്‍ കുന്നിന്‍ മുകളിലോ മലഞ്ചെരിവിലോ പര്‍വത നിരകള്‍ക്കടുത്തോ പുല്‍മേടുകളിലോ ആണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ പലതും യേശു ക്രിസ്തുവിനു മുന്‍പ് വിഗ്രാഹാരാധനകള്‍, നരബലി, മൃഗബലി മുതലായവ ഈശ്വരനെ പ്രീതിപ്പെടുത്താന്‍ വേണ്ടി നല്‍കിയിരുന്ന ക്ഷേത്രങ്ങളായിരുന്നു. നിത്യജീവന്‍ നല്‍കുന്ന യേശുവിന്റെ നാമവുമായി വന്ന വിശുദ്ധന്‍മാര്‍ റോമന്‍ സാമ്രാജ്യത്തിലെ പൈശാചിക ശക്തികളുമായി ഏറ്റുമുട്ടാന്‍ ആരംഭിച്ചു. ഈ യുദ്ധത്തില്‍ ആയിരക്കണക്കിനു ക്രിസ്തുമത വിശ്വാസികള്‍ യൂറോപ്പിലെങ്ങും കൊല്ലപ്പെട്ടു. റോമന്‍ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന റോമില്‍ തന്നെ ക്രിസ്തുവിന്റെ അരുമ ശിഷ്യന്‍ വിശുദ്ധ പത്രോസ് വധിക്കപ്പെട്ടു. അവിടെ ഇന്നു കാണാന്‍ കഴിയുന്നത് അദ്ദേഹത്തെ അടക്കം ചെയ്ത സെന്റ് പീറ്റേഴ്‌സ് ബസലിക്കയാണ്. ഇതു പോലെ യൂറോപ്പിലെങ്ങും സംഭവിച്ചിട്ടുണ്ട്. അവിടെയെല്ലാം സന്ന്യാസി മഠങ്ങളും കത്തീഡ്രലുകളും നിലകൊള്ളുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും പേരും പെരുമയുമുള്ള ദേവീദേവന്‍മാരെ റോമിലേക്ക് ഇറക്കുമതി ചെയ്ത് ആരാധനകള്‍ നടത്തിയിരുന്നു.

അതില്‍ ദേവസുന്ദരിയായ, യുവാക്കളുടെ ഹരമായി മാറിയിരുന്ന സയാന ദേവിയുമുണ്ടായിരുന്നു. സയാനാ ദേവി വന്നത് ഗ്രീസില്‍നിന്നാണ്. മറ്റു ദേവീ ദേവന്‍മാരെക്കാള്‍ എല്ലാവരും ഇഷ്ടപ്പെട്ടത് ഈ ദേവസുന്ദരിയെ ആയിരുന്നു. ഇന്നു കാണുന്ന സെന്റ് പോള്‍ കത്തീഡ്രല്‍ നിന്നിടത്ത് സയാനാ ദേവിയുടെ ക്ഷേത്രമായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഈ ദേവിയുടെ ക്ഷേത്രം ഇന്നും ഗ്രീസിലുണ്ട്. റോമന്‍ സാമ്രാജ്യം അസ്തമിച്ചതോടെ ഈ ദേവീദേവന്‍മാരും അധഃപതിച്ചു നാമാവശേഷരായി.

റോമില്‍ നിന്നെത്തിയ വിശുദ്ധ അഗസ്റ്റിന്റെയും മറ്റു സുവിശേഷകരുടെയും സഹായത്താല്‍ പോപ്പ് ഗ്രിഗോറിയാണ് വിശുദ്ധ സെന്റ് പോളിന്റെ നാമത്തില്‍ സെന്റ് പോള്‍ കത്തീഡ്രല്‍ ദേവാലയത്തിനു തുടക്കം കുറിച്ചത്. ബ്രിട്ടനിലെ മാത്രമല്ല പാശ്ചാത്യ ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ദേവാലയങ്ങളിലൊന്നാണിതെന്നു പ്രഥമദൃഷ്ട്യാ ആര്‍ക്കും ബോധ്യപ്പെടും. ഇതിനു രണ്ടാം സ്ഥാനമേ നല്‍ക്കപ്പെടുന്നുള്ളൂവെങ്കില്‍, ഒന്നാം സ്ഥാനത്തെത്താന്‍ യോഗ്യത സുന്ദരമായ ലിവര്‍പൂള്‍ കത്തീഡ്രലിനായിരിക്കും. സൗന്ദര്യം ആത്മനിഷ്ഠമാണല്ലോ. പ്രത്യേകിച്ച് ദേവാലയങ്ങളുടെ കാര്യത്തില്‍!

എഡി രണ്ടാം നൂറ്റാണ്ട് മുതലാണ് ബ്രിട്ടനില്‍ ക്രിസ്തീയ വിശ്വാസം ഉടലെടുത്തത്. യേശുവിന്റെ ഉയിര്‍പ്പിനു ശേഷം പാശ്ചാത്യലോകത്ത് യേശുവിന്റെയും കന്യാമറിയത്തിന്റെയും നാമത്തില്‍ ധാരാളം അദ്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഇന്നത്തെ മത തീവ്രതയെക്കാള്‍ ജനങ്ങള്‍ അന്ന് ആത്മീയ തീവ്രതയില്‍ ജീവിച്ചിരുന്നവരായിരുന്നു. എഡി 17 മുതല്‍ 1962 വരെ ഈ ദേവാലയം ലണ്ടനിലെ ഉയരം കൂടിയ കെട്ടിടവും, യൂറോപ്പിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രവുമായിരുന്നുവെന്നു ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. പല കാലഘട്ടങ്ങളിലായി ഈ ദേവാലയത്തിന്റെ പല ഭാഗങ്ങള്‍ അഗ്നിക്കിരയാകുകയും പുഃനര്‍നിര്‍മാണം നടത്തുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യലോകത്തെ അടക്കി വാഴുന്ന രാജാക്കന്‍മാരുമായി പോലും യേശുവിന്റെ നാമത്തില്‍ പലവട്ടം കലഹിച്ചിരുന്നു വിശുദ്ധ പത്രോസിന്റെ നാമത്തില്‍ കടന്നുവന്ന മാര്‍പാപ്പമാരെന്നതാണ് ചരിത്രം. ഈ കലഹം ഏറ്റവും കൂടുതല്‍ മൂര്‍ച്ഛിച്ചത് ഹെന്‍ട്രി എട്ടാമന്റെ കാലത്താണ്. അദ്ദേഹം പുതിയൊരു സഭയ്ക്കു രൂപം കൊടുത്തു. എഡി 1534-ല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് അങ്ങനെ ജന്മമെടുത്തു. അദ്ദേഹത്തിന്റെ സംരക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്നത് യുദ്ധക്കൊതിയന്മാരിലൊരാളായിരുന്ന ആംബ്രോസിയ ഔറോലിയസ് പ്രഭു ആയിരുന്നു.

എഡി 1491-ല്‍ ജനിച്ച ഹെന്‍ട്രി എട്ടാമന്‍ മരിക്കുന്നത് എഡി 1547-ലാണ്. ഒന്നും രണ്ടു ലോക മഹായുദ്ധങ്ങളില്‍ ജര്‍മന്‍കാര്‍ പലവട്ടം ഈ ദേവാലയത്തിനു മുകളില്‍ ബോംബുകള്‍ വര്‍ഷിച്ചെങ്കിലും അതില്‍ പലതും പൊട്ടാതിരിക്കുകയും, നിര്‍വീര്യമാകുകയും ചെയ്തത് ദൈവത്തിന്റെ കാരുണ്യം ഈ ദേവാലയത്തിനു മേല്‍ ഉള്ളതുകൊണ്ടാണെന്ന് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.

പീറ്റര്‍ബറോ കത്തീഡ്രല്‍

സെന്റ് പീറ്റര്‍, സെന്റ് പോള്‍, സെന്റ് ആന്‍ഡ്രൂ എന്നീ മൂന്ന് പുണ്യാളന്മാരുടെ പേരിലാണ് ഈ കത്തീഡ്രല്‍ അറിയപ്പെടുന്നത്. ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ കീഴിലാണ് ഈ പള്ളി. പന്ത്രണ്ടാം നൂറ്റാണ്ടിലെ നോര്‍മന്‍ ശില്‍പ്പകലയുടെ ഏറ്റവും വലിയ ആകര്‍ഷണം ഇവിടെ കാണാം. പ്രാചീന ഇംഗ്ലീഷ് ഗോഥിക് കലാശൈലിയുടെ തനിപകര്‍പ്പാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. മനോഹരമായ ശില്‍പ്പകലയാണ് പല യാത്രികരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. മൂന്നു ഗോപുരങ്ങളിലായി 44 മീറ്റര്‍ ഉയരത്തിലാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. കാന്റര്‍ബറി പ്രവിശ്യയുടെ കീഴിലുള്ള ഈ പള്ളിയില്‍ ചിലയിടത്ത് റോമന്‍ ശില്‍പ്പകലയുടെ ഭംഗി കണ്ണിലേക്ക് കടന്നു കയറി നില്‍ക്കുന്നു. വിശാലമായ പുല്‍ത്തകിടി കടന്ന് അകത്തേക്ക് കടന്നാല്‍ തണുപ്പുകാലത്ത് ദേവാലയത്തിന്റെ ഉള്‍വശം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഒരാള്‍പ്പൊക്കത്തിലുള്ള വലിയ ഹീറ്ററുകള്‍ കാണാം. ഇതാവട്ടെ, പഴയ സാങ്കേതികവിദ്യയുടെ ഒരു സ്മാരകമെന്നവണ്ണം പലമൂലകളിലും ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. മാമ്മോദീസാ ചടങ്ങുകള്‍ പോലുള്ള അവസരങ്ങള്‍ക്ക് ഉപയോഗിക്കുന്ന മാര്‍ബിളിന്റെ ഒരു തൊട്ടി ഹെല്‍പ്പ് ഡെസ്‌ക്കിന്റെ തൊട്ടുപിന്നില്‍ കാണാം. അവിടന്നങ്ങോട്ട് അള്‍ത്താരയിലേക്ക് ഒരുപാട് ദൂരമുള്ളതുപോലെ തോന്നും. നടുത്തളത്തിലൂടെ വീണ്ടും മുന്നോട്ട് നടക്കുമ്പോള്‍ കാണുന്ന ഇരിപ്പിടങ്ങള്‍ കാണുമ്പോള്‍ത്തന്നെ, നിലവില്‍ ദേവാലയത്തിലെ മാസ്സ് നടത്തുന്ന ഇടമാണതെന്ന് മനസ്സിലാക്കാനാവും.

ദേവാലയത്തിനെ പഴക്കത്തോളം വരില്ലെന്നുറപ്പാണ് അതിന്റെ ഒത്ത നടുക്കായി തൂങ്ങിക്കിടക്കുന്ന അല്‍പ്പം മോഡേന്‍ ഭാവങ്ങളുള്ള ക്രൂശിതരൂപത്തിന്. ജോര്‍ജ്ജ് പേസ് ഡിസൈന്‍ ചെയ്ത് 1975 ഫ്രാങ്ക് റോപ്പര്‍ ഉണ്ടാക്കിയ, രൂപത്തിന്റെ താഴെ ലാറ്റിന്‍ ഭാഷയില്‍ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം, ഭൂമി കറങ്ങുമ്പോള്‍ കുരിശ് സ്ഥിരമായി നില്‍ക്കുന്നു എന്നാണ്.

ഇരുവശങ്ങളിലുമുള്ള ആകാശം മുട്ടുന്ന ചുമരുകളില്‍ അതിമനോഹരമായ ഗ്ലാസ്സ് പെയിന്റിങ്ങുകള്‍ നോക്കി എത്രനേരം നിന്നാലും മതിയാകില്ല. പുറത്ത് നിന്ന് സൂര്യപ്രകാശം ആ ഗ്ലാസുകളിലൂടെ അകത്ത് വീഴുമ്പോള്‍ ആ പെയിന്റിങ്ങുകളുടെ ഭംഗി വര്‍ണ്ണനാതീതം. ലാസ്റ്റ് സപ്പര്‍ അടക്കമുള്ള ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. 30 വെള്ളിക്കാശിന്റെ പണക്കിഴിയും പിടിച്ചിരിക്കുന്ന യൂദാസിന്റെ ചിത്രമെല്ലാം വളരെ വലുതായും വ്യക്തമായും ലാസ്റ്റ് സപ്പറിന്റെ ഗ്ലാസ്സ് പെയിന്റിങ്ങില്‍ കാണാം.
2001 ലെ ഒരു തീ പിടുത്തത്തില്‍ പീറ്റര്‍ബറോ കത്തീഡ്രലിലെ ഈ ഗ്ലാസ്സ് പെയിന്റിങ്ങുകള്‍ പലതും പൊട്ടിപ്പോയിരിക്കുന്നു. അവിടെയെല്ലാം വെറുതെ ഗ്രില്ലിട്ട് അടച്ചിരിക്കുന്നു. അത്യധികം ഉയരത്തില്‍ നിലകൊള്ളുന്ന സീലിങ്ങിന്റെ ഭംഗിയും ശില്‍പ്പചാരുതിയും നോക്കിനില്‍ക്കുമ്പോള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇന്നത്തെപ്പോലെ സാങ്കേതികമികവൊന്നും ഇല്ലാതിരുന്ന ഒരുകാലത്ത്, ഇങ്ങനൊരു മഹത്തായ സൃഷ്ടി നടത്താന്‍ വേണ്ടി അനുഭവിച്ചിരിക്കാന്‍ സാദ്ധ്യതയുള്ള ക്ലേശങ്ങള്‍ ഊഹിക്കാന്‍ പോലും പറ്റില്ല.

ഇടത്തുവശത്തായുള്ള വരാന്തയില്‍ ദേവാലയത്തിന്റെ ചരിത്രം വിശദമായി ഒരു മ്യൂസിയത്തിലെന്ന പോലെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിലൂടെ കണ്ണോടിച്ചുപോയാല്‍ കത്തീഡ്രലിന്റെ ചരിത്രം മനസിലാക്കാം: 655-ല്‍ പേഡാ രാജാവിനാല്‍ നിര്‍മ്മിക്കപ്പെട്ട പള്ളി പിന്നീട് 870-ല്‍ ഡേന്‍സിനാല്‍ നശിപ്പിക്കപ്പെട്ടു. 972-ല്‍ വീണ്ടും രണ്ടാമതുണ്ടാക്കി വെഞ്ചരിച്ചുവെങ്കിലും 1116-ല്‍ ഒരു അപകടത്തില്‍ കത്തിനശിച്ചു. 1238-ല്‍ ഇപ്പോള്‍ കാണുന്ന രൂപത്തില്‍ വീണ്ടും ഉണ്ടാക്കി. 1539-ല്‍ ഹെന്റി എട്ടാമന്‍ ഇത് അടച്ചുപൂട്ടി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആംഗ്ലിക്കന്‍ സഭയുടെ പ്രചാരത്തോടെ 1541-ല്‍ പള്ളി കത്തീഡ്രലായി മാറ്റി. 1643-ല്‍ ഇംഗ്ലീഷ് ആഭ്യന്തര യുദ്ധകാലത്ത് മനോഹരമായ ശില്‍പ്പഭംഗിയാല്‍ അംബരചുംബിയായന നിലകൊണ്ട ഈ ദേവാലയം നശിപ്പിക്കപ്പെട്ടു. 1882-ല്‍ പുതിയ മോടികളുമായി സെന്‍ട്രല്‍ ടവര്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. 1960-ലും 1970-ലും തൂക്ക് കുരിശ് അടക്കമുള്ള ചില മോടിപിടിപ്പിക്കലുകള്‍ നടത്തി.

2001-ല്‍ വേനല്‍കാലത്ത് വന്‍ നാശം വിതച്ചുകൊണ്ട് വീണ്ടും തീ പിടിച്ചു. പഴമയുള്ള കാര്യങ്ങള്‍ അതേപടി നിലനിര്‍ത്തുകയാണ് ഇംഗ്ലീഷുകാരുടെ പതിവ്. ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ചും. പഴമ നിലനിര്‍ത്തി കൊണ്ടു തന്നെയാണ് ഇവ ഓരോ തവണയും പുനര്‍നിര്‍മ്മിക്കപ്പെട്ടത്. നിലവില്‍ മാസ്സ് നടന്നുപോരുന്ന ഭാഗത്തുനിന്ന് വീണ്ടും ഉള്ളിലേക്ക് കടന്നാല്‍ ഇരുവശങ്ങളിലുമായി പഴയകാലത്ത് മാസ്സ് അറ്റന്റ് ചെയ്യാന്‍ മോങ്ക്‌സ് ഉപയോഗിച്ചിരുന്ന ഇരിപ്പിടങ്ങള്‍ കാണാം. ആ ഇരിപ്പിടങ്ങള്‍ക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്. പഴയകാലത്ത് മണിക്കൂറുകളോളം നീണ്ടുനിന്നിരുന്ന മാസ്സ് എഴുന്നേറ്റ് നിന്ന് കേട്ട് കാലുകള്‍ കുഴയുന്ന മോങ്ക്‌സ്, ഇരിപ്പിടം മടക്കുകസേരയെന്ന പോലെ മറിച്ചിടുകയും, അപ്പോള്‍ അതിന്റെ അടിഭാഗത്തുനിന്ന് ഉയര്‍ന്നു വരുന്ന ഭാഗത്ത് പൃഷ്ഠം കൊള്ളിച്ച് നില്‍പ്പും ഇരിപ്പും അല്ലാത്ത രീതിയില്‍ ചാരിനിന്ന് കാലുകള്‍ക്ക് വിശ്രമം കൊടുക്കുകയായിരുന്നു പതിവത്രേ !

പുരാതനമായ പള്ളിമണിയുടെ അവശിഷ്ടം ഒരിടത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പിന്നീടങ്ങോട്ട് ചുറ്റിലും ശവക്കല്ലറകളും അതിന് മുകളില്‍ മാര്‍ബിളില്‍ കൊത്തിവച്ചിരിക്കുന്ന പരേതരുടെ പൂര്‍ണ്ണകായ പ്രതിമകളുമൊക്കെയായി അവിടം അല്‍പ്പം ഭീതി നിറഞ്ഞ അന്തരീക്ഷമാണ്. ഏറ്റവും കുറഞ്ഞത് മുപ്പത് കല്ലറകളെങ്കിലും തറയില്‍ മാത്രമുണ്ട്. ചുവരുകളില്‍ അടക്കം ചെയ്തിരിക്കുന്ന പ്രഭുക്കന്മാരുടേയും പ്രമാണിമാരുടേയും കുടുംബ കല്ലറകള്‍ വേറേയുമുണ്ട് നിരവധി.

ആഭ്യന്തരകലഹവും, യുദ്ധവുമൊക്കെയായി ജീവന്‍ നഷ്ടപ്പെട്ട പ്രധാനികളായ വൈദികരുടേയും മറ്റും കല്ലറകള്‍ക്ക് മുകളിലുള്ള പ്രതിമകളുടെ മുഖങ്ങള്‍ മാത്രം അവ്യക്തമാണ്. യുദ്ധത്തില്‍ പലരുടേയും തലകള്‍ നഷ്ടപ്പെട്ടതുകൊണ്ടാണ് ആ വ്യക്തി ആരാണെന്ന് മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നത്. എന്നിരുന്നാലും അവരുടെ ആടയാഭരണങ്ങളില്‍ നിന്ന് ആ വ്യക്തിയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് പള്ളിക്കകത്ത് ബഹുമതികളോടെ സംസ്‌ക്കരിച്ചിരിക്കുന്നതത്രേ.

ശവക്കല്ലറകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹെന്‍ട്രി എട്ടാമന്റെ 6 പത്‌നിമാരില്‍ ഒരുവളായ കാതറീന്‍ ഓഫ് ആര്‍ഗോണിന്റെയാണ്. കാതറീന്‍ രാജ്ഞിയുടെ പ്രവിശ്യയുടെ പതാകയില്‍ മാതളനാരകത്തിന്റെ ചിത്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ട്, ഇന്നും ആ കല്ലറ സന്ദര്‍ശിക്കുന്നവര്‍, കല്ലറയ്ക്ക് മുകളില്‍ ഒരു മാതളനാരകം വെച്ചിട്ടുപോകുക പതിവാണ്. ഹെന്‍ട്രി എട്ടാമന്റെ മറ്റൊരു പത്‌നിയുടേയും ശവശരീരം ഇതിന് തൊട്ടടുത്ത് അടക്കം ചെയ്തിരുന്നുവെങ്കിലും പിന്നീടത് ഇവിടന്ന് മാന്തിയെടുത്ത് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ അബേയിലേക്ക് കൊണ്ടുപോയി അവിടെ അടക്കം ചെയ്യുകയാണുണ്ടായത്. ആ കല്ലറയുടെ ശേഷിപ്പുകള്‍ കാതറീന്‍ രാജ്ഞിയുടെ കല്ലറയ്ക്ക് സമീപം ഇപ്പോഴും കാണാം.

പലപ്പോഴായുണ്ടായ തീപിടുത്തത്തിന്റെ ഫലമായി കത്തീഡ്രലിന്റെ പുറംചുമരുകളിലൊക്കെ ആകെ കരിനിറം പിടിച്ചിരിക്കുന്നുണ്ട്. പള്ളിപ്പരിസരത്തുള്ള മറ്റ് കെട്ടിടങ്ങളില്‍, തുറന്ന് കിടക്കുകയാണെങ്കിലും, ‘പ്രൈവറ്റ്’ എന്ന് ബോര്‍ഡ് വെച്ചിരിക്കുന്ന കവാടങ്ങള്‍ ഒഴികെ എല്ലായിടത്തും പ്രവേശിക്കുന്നതില്‍ തെറ്റില്ല. ദേവാലയത്തിന്റെ ചുറ്റും നിറയെ ശവക്കല്ലറകളുണ്ട്. ഇവിടെ പ്രത്യേകിച്ച് ഒരു ശ്മശാനം ഇല്ല. എല്ലാ ശരീരങ്ങളും കത്തീഡ്രലിന് അകത്തും പുറത്തുമായിത്തന്നെ സംസ്‌ക്കരിക്കപ്പെട്ടിരിക്കുന്നു.

ഇടയ്ക്ക് കത്തീഡ്രലിന് അകത്തുനിന്ന് മനോഹരമായ വാദ്യസംഗീതം മുഴങ്ങും. അകത്ത് ഉയരത്തിലായി ചുമരില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ഓര്‍ഗനില്‍ നിന്നാണ് ആ സംഗീതം ഒഴുകിവന്നിരുന്നത്. ദേവാലയത്തിന്റെ ഉയരമുള്ള ചുമരുകളേയും നിശബ്ദതയില്‍ മുങ്ങിനിന്നിരുന്ന അന്തരീക്ഷത്തേയും ഭേദിച്ചുകൊണ്ടെന്നവണ്ണം മുഴങ്ങിക്കൊണ്ടിരുന്ന ആ വ്യത്യസ്ഥമായ ഉപകരണസംഗീതവും കേട്ട് ആരും ഒരുനിമിഷമൊന്ന് ഇരുന്നുപോകും.

By Natasha Rajesh, Leicester

He never looks for praises

He’s never one to boast

He just goes on quietly working

For those he loves the most

His dreams are seldom spoken

His wants are very few

And most of the time his worries

Will go unspoken too..

He’s there… A firm foundation

Through all our storms of life

A sturdy hand to hold to

In times of stress and strife

 A true friend we can turn to

When times are good or bad

One of our greatest blessings

The man we call DAD

Happy Father’s Day…

Natasha Rajesh, Granby Primary School, Leicester

ജീവിതത്തില്‍ ഇതുവരെ ചെയ്തു തന്ന എല്ലാറ്റിനും നന്ദി. തീയും പുകയും വിഴുങ്ങിയ കെട്ടിടത്തിലെ 23-ാം നിലയില്‍ മരണത്തെ മുഖാമുഖം കാണുമ്പോള്‍ അവര്‍ മറ്റൊരു രാജ്യത്തുള്ള കുടുംബാംഗങ്ങളെ അവസാനമായി വിളിച്ചു പറഞ്ഞത് ഇതായിരുന്നു.

ഇതാണ് ആ പ്രണയ കഥ…… 

ഇറ്റലിയില്‍ നിന്നും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ആര്‍ക്കിടെക്റ്റ് ഗ്രാജുവേറ്റുകളായ ഗ്‌ളോറിയ ട്രെവിസാനും പങ്കാളി മാര്‍കോ ഗൊറ്റാര്‍ഡിയും തൊഴില്‍ തേടി ലണ്ടനില്‍ എത്തിയത്. പ്രണയികളും ഒരുമിച്ചു താമസിക്കുകയും ചെയ്തിരുന്ന ഇവരെ വേര്‍പെടുത്താന്‍ മരണത്തിനും ലണ്ടന്‍ ഗ്രെന്‍ഫെല്‍ ടവറിനെ വിഴുങ്ങിയ അഗ്‌നിഗോളത്തിനും കഴിഞ്ഞില്ല. ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ പാര്‍പ്പിട സമുച്ചയം കത്തിയമര്‍ന്ന കൂട്ടത്തില്‍ ഈ പ്രണയികളെയും കാണാതായി. മികച്ച വരുമാനമുള്ള ജോലിയും സുന്ദരമായ ഒരു കുടുംബജീവിതവും മോഹിച്ച് യു കെയില്‍ ചേക്കേറിയ ഇരുവരും മരണത്തിലും വേര്‍പിരിഞ്ഞില്ല. തങ്ങള്‍ക്ക് ചുറ്റും പുക ഉയരുന്നതും ഇനി രക്ഷയില്ലെന്നും അവര്‍ക്ക് അറിയാമായിരുന്നു. തീ ഓരോ നിലയിലേക്കും കയറി വരുന്നത് ഇരുവരും നോക്കി നില്‍ക്കേയാണ്. തീയില്‍ നിന്നും രക്ഷപ്പെടാനാകില്ലെന്ന് വൈകാരികമായ അവസാന ഫോണ്‍കോളില്‍ ഇരുവരും മാതാപിതാക്കളോട് വ്യക്തമാക്കി. കെട്ടിടത്തിലെ 23-ാം നിലയില്‍ ഏറെ പ്രതീക്ഷകളോടള ആഹഌദകരമായ ജീവിതത്തില്‍ നീങ്ങവേയാണ് അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് തീ പടര്‍ന്നത്. വെനീസ് സര്‍വകലാശാലയില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് 27 കാരി ട്രെവിസാന്‍ മാസ്റ്റര്‍ ബിരുദം നേടിയത്. പുലര്‍ച്ചെ 3.45 നായിരുന്നു 27 കാരന്‍ ഗോറ്റാര്‍ഡിന്‍ വീട്ടുകാരെ ആദ്യം വിളിച്ചത്. നാലു മണിക്ക് വീണ്ടും വിളിച്ചു. പേടിക്കേണ്ട എല്ലാം നിയന്ത്രണ വിധേയമായി എന്നായിരുന്നു ആദ്യം വിളിച്ചു പറഞ്ഞത്. ഒരു പക്ഷേ അത് ഞങ്ങളെ ആശ്വസിപ്പിക്കാനായിരിക്കുമെന്നും പിതാവ് മാറ്റീനോ ഡി പഡോവ പറയുന്നു. രണ്ടാമത്തെ കോളില്‍ പുകയും തീയും ഉയരുന്നതായിട്ടാണ് പറഞ്ഞത്.

Image result for grenfell tower heart rending final phone call to home there paranet

അവസാന നിമിഷം വരെ തങ്ങള്‍ ഫോണിനടുത്ത് തന്നെ ഉണ്ടായിരുന്നു എന്നാണ് വീട്ടുകാര്‍ പറഞ്ഞത്. പുലര്‍ച്ചെ 4.07 ന് അപ്പാര്‍ട്ട്‌മെന്റില്‍ മൊത്തം പുകയാണെന്നും കാര്യങ്ങള്‍ ഗുരുതരമായ നിലയിലേക്ക് പോകുകയാണെന്നും പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ട്രെവിസാന്‍ ആദ്യം വീട്ടുകാരെ വിളിച്ചത്. താഴേയ്ക്ക് പോകണമെന്നുണ്ട്. പക്ഷേ പടിക്കെട്ടുകളിലെല്ലാം തീ നിറഞ്ഞിരിക്കുകയാണ്. പുക കൂടിക്കൂടി വരികയാണെന്നും വിളിച്ചു പറഞ്ഞു. പിന്നീട് ഫോണ്‍ കട്ടായി അതിന് ശേഷം നൂറു തവണയെങ്കിലും വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് പിതാവ് പറഞ്ഞു. രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലെന്നും ഇതുവരെ ചെയ്ത തന്ന എല്ലാ സഹായങ്ങള്‍ക്കും നന്ദിയെന്നും വിടപറയുന്നെന്നും മകള്‍ പറയുന്നത് മാതാവ് ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. രണ്ടു പേരെയും ഇറ്റലിയിലേക്ക് മടക്കി കൊണ്ടുവരാന്‍ വീട്ടുകാര്‍ ആലോചിച്ചിരിക്കുകയായിരുന്നു. ഇനി ഇവരുടെ മൃതദേഹങ്ങള്‍ ഏതു നിലയിലായിരിക്കും കണ്ടെത്തുകയെന്ന് അറിയില്ലെന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ തന്നെ കഴിയുമോയെന്ന് തന്നെ അറിയില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു

ചൈനയിലെ മെട്രോട്രെയിനിൽ വെച്ച് പകർത്തിയ ഒരു ചെറിയ ബാലന്റെയും അവന്റെ അമ്മയുടെയും ചിത്രം ആളുകൾ നോക്കിക്കാണുന്നത് ഏറെ വാത്സല്യത്തോടെയാണ്. ട്രെയിനിലെ സീറ്റിൽ ചാരിയിരുന്നുറങ്ങുന്ന അമ്മയുടെ തല സീറ്റിനു സമീപമുള്ള കമ്പിയിലിടിക്കാതിരിക്കാൻ അവൻ തന്റെ കൈകൊണ്ടു തടയൊരുക്കിയിരിക്കുകയാണ്. മകന്റെ കൈ തലയിണയായപ്പോൾ ഒന്നുമറിയാതെ അവന്റെ അമ്മ ഉറക്കം തുടരുകയാണ്.

മാതൃസ്നേഹം കൊണ്ടു മാത്രമല്ല അവൻ ആൺകുട്ടികൾക്കു മാതൃകയാവുന്നത്. ഒരു കുഞ്ഞുമായി ട്രെയിനിലേക്കു കയറി വന്ന മറ്റൊരു അമ്മയ്ക്ക് തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്തുകൊണ്ടാണ് അവൻ അമ്മയ്ക്കരുകിൽ നിന്ന് അമ്മയുടെ ഉറക്കത്തിന് ഭംഗം വരാതെ കാത്തത്.

കുട്ടിയുടെ ചിത്രവും തന്റെ കുഞ്ഞു പ്രവൃത്തിയിലൂടെ അവൻ നൽകിയ വലിയ സന്ദേശവും കണ്ട വെർച്വൽ ലോകം അവനെ അഭിനന്ദനം കൊണ്ടു മൂടുകയാണ്. ചിലർ അൽപ്പം കടന്ന കൈയായി തങ്ങൾക്കു പിറക്കാൻ പോകുന്ന പെൺമക്കൾക്കുവേണ്ടി അവനെ വിവാഹം ആലോചിക്കുക കൂടി ചെയ്യുന്നു.

ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിലാണ് ഈ ചിത്രം പ്രചരിച്ചത്. കുട്ടിക്കും അമ്മയ്ക്കുമൊപ്പം ട്രെയിനിലുണ്ടായിരുന്ന സഹയാത്രികരാണ് അവൻ ചെയ്ത നന്മയെപ്പറ്റി പരാമർശിച്ചുകൊണ്ട് ചിത്രം സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത്. കുട്ടിയെയും അമ്മയെയും കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ ലക്ഷ്യമായിട്ടില്ല. ഇരുതോളുകളിലും ബാഗുകളുടെ ഭാരമുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ മറ്റൊരമ്മയ്ക്കുവേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുത്ത അവനെപ്പോലെ നല്ല സ്വഭാവമുള്ള ആൺകുഞ്ഞിനെ മകനായി ലഭിക്കണമെന്നായിരുന്നു ചിലരുടെയൊക്കെ ആഗ്രഹം.

പണം കൊണ്ട് ക്ലോക്ക് വാങ്ങാം.. നേരം വാങ്ങാൻ കഴിയില്ല.. പണം കൊണ്ട് പുസ്തകം വാങ്ങാം… അറിവ് വാങ്ങാൻ കഴിയില്ല.. പണംകൊണ്ട് രക്തം വാങ്ങാം.. എന്നാൽ ആയുസ്സ് വാങ്ങാൻ കഴിയില്ല.. പണം കൊണ്ട് പദവി വാങ്ങാം.. എന്നാൽ ആദരവ് വാങ്ങാൻ കഴിയില്ല… പണം കൊണ്ട് വീട് വാങ്ങാം.. എന്നാൽ സ്നേഹമുള്ള കുടുംബം നേടാൻ സാധിക്കില്ല.. കുടുംബം എന്താണ് എന്നതിനെക്കുറിച്ചു സ്വാമി വിവേകാന്ദൻ പറഞ്ഞ വാക്കുകളാണിവ. യാത്രികമായ ജീവിതചര്യകളിൽക്കൂടി നെട്ടോട്ടമോടുന്ന യുകെയിലെ മലയാളികളുടെ പ്രവാസജീവിതത്തിൽ എത്രപേർ ഈ വാക്കുകൾക്ക് ചെവികൊടുക്കും? ഒന്ന് കിട്ടുമ്പോൾ മറ്റൊന്ന് ആഗ്രഹിക്കുന്ന മനുഷ്യൻ.. കൂടുമ്പോൾ ഇമ്പമുള്ള കുടുംബം വിട്ട് പണം ഉണ്ടാക്കാൻ പരക്കംപായുന്ന മലയാളിയുടെ പ്രവാസജീവിതം… ഇത്തരം ജീവിത തിരക്കിനിടയിലും എല്ലാവരും കൂടി ഇമ്പമുള്ള ഒരു കുടുംബമാക്കിയ ഞാവള്ളി കുടുംബക്കാരുടെ ആദ്യ കുടുംബകൂട്ടായ്‌മ എന്ന ഉദ്യമം വിജയത്തിലെത്തിച്ചപ്പോൾ വിരിഞ്ഞത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, സഹനത്തിന്റെയും പുതുമലരുകൾ…

ഞാവള്ളി കുടുംബക്കാരുടെ ആദ്യ കുടുംബ സംഗമം കഴിഞ്ഞ ശനിയാഴ്ച വോൾവർഹാംന്റണിലുള്ള   യു കെ കെ സി എ കമ്മ്യൂണിറ്റി ഹാളില്‍ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ സഭയുടെ പ്രഥമ മെത്രാൻ മാര്‍ ജോസഫ്‌  സ്രാമ്പിക്കല്‍ പിതാവ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.  ഭക്തിനിർഭരമായ  പരിശുദ്ധ കുർബാനയ്ക്ക് ഫാദര്‍ വില്‍ഫ്രെഡ് പെരേപ്പാടൻ നേതൃത്തം നൽകി. തുടർന്ന് കുടുംബക്കാര്‍ ഒത്തുചേര്‍ന്ന് വരും വര്‍ഷങ്ങളിലേക്കുള്ള കമ്മിറ്റിക്കാരെ തിരഞ്ഞെടുക്കുകയും എല്ലാവര്‍ഷവും കുടുംബയോഗം നടത്തുവാനും തീരുമാനിച്ചു. അതനുസരിച് അടുത്ത വർഷത്തെ യോഗം ഫെബ്രുവരിയിൽ  പൂളിൽ വച്ച് നടത്തുവാനും തീരുമാനമായി. Dr. ജോൺ രക്ഷാധികാരിയായ കമ്മിറ്റിയിൽ ബിജു ജെയിംസ് -പ്രസിഡന്റ്, ബെന്നി ചാക്കോ -സെക്രട്ടറി, സതീഷ് സ്കറിയ- ട്രെഷറർ, സിൻലെറ്റ് മാത്യു- വൈസ് പ്രസിഡന്റ്, സാജി ജോസ്- ജോയിന്റ് സെക്രട്ടറി, തോമസ് ജോർജ് -കൾച്ചറൽ സെക്രട്ടറി, ജീന ജോബ് -പ്രോഗ്രാം കോഓർഡിനേറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു. മാത്യു അലക്സാണ്ടർ, സക്കറിയ തോമസ്, ബോണി മാത്യു, സീമ സതീഷ് എന്നിവർ കമ്മറ്റിയിൽ നിയമിതരായി.

ഉച്ചയോടെ ഞാവള്ളി കുടുംബത്തിലെ തന്നെ അംഗവും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയുടെ പ്രഥമമൈത്രാനുമായ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍ പിതാവിനെ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് സ്വീകരിക്കുകയും കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തു. തുടര്‍ന്ന് കുടുംബയോഗം ഉദ്ഘാടനം ചെയ്ത്  കുടുംബയോഗങ്ങളുടെ ആവശ്യകതയെ കുറിച്ചു സന്ദേശം  നല്‍കുകയും ചെയ്തു. രാവിലെ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച കൂട്ടായ്മ കുടുംബക്കര്‍ക്കെല്ലാം ഒരു പുതിയ അനുഭവം ആയിരുന്നു.

തരുന്ന സ്നേഹത്തിന് കണക്ക് പറയാതിരിക്കുകയും, കൊടുക്കുന്ന സ്നേഹത്തെ സൂക്ഷിച്ചുവയ്ക്കുകയും, പരിഭവങ്ങൾ കേൾക്കുമ്പോൾ നെഞ്ച് ഉരുകുകയും, പരിഭവങ്ങൾ പറയുമ്പോൾ ആശ്വാസമേകുകയും ചെയ്യുന്ന മുഖങ്ങൾ കാണാൻ സാധിക്കുന്ന ഒരേ ഒരു സ്ഥലം കുടുംബമാണെന്ന് നാം അറിയുക… ഇഴയറ്റുപോയ ബദ്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ ഉതകുന്നതാകട്ടെ ഇത്തരം ഒത്തുചേരലുകൾ…. അങ്ങനെ പുതുതലമുറക്ക് ഒരു മാർഗദർശനമാകട്ടെ ഈ കൂടിച്ചേരലുകൾ…

സ്വന്തം ലേഖകന്‍

ബ്രിസ്റ്റോള്‍ : സഭയുടെ ചരിത്രകാലമൊക്കെയും വിശുദ്ധ നാടുകളിലേയ്ക്ക് നടന്നിട്ടുള്ള തീര്‍ത്ഥാടനങ്ങള്‍ വളരെയധികം ശ്രദ്ധേയമാണ്. ദൈവത്തിന്റെ കരുണയും സ്‌നേഹവും തേടി മരിയന്‍ കേന്ദ്രങ്ങളിലേയ്ക്കും, വിശുദ്ധരുടെ പുണ്യഗേഹങ്ങളിലേയ്ക്കും വിശ്വാസത്തോടും അനുതാപത്തോടുംകൂടെ അനുഗ്രഹങ്ങള്‍ തേടി വിശ്വാസികള്‍ യാത്ര ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ക്കഥയാണ് ഇന്നുള്ള എല്ലാ തീര്‍ത്ഥാടനങ്ങളും.

ഇതിന്റെ ഭാഗമായാണ് ബഹുമാനപ്പെട്ട സാജു മുല്ലശേരിലച്ചന്റെയും (എസ് ഡി ബി) , ജോഷി കുമ്പുക്കലിന്റെയും (വെസ്റ്റന്‍ സൂപ്പര്‍ മെര്‍) മേല്‍നോട്ടത്തില്‍ വേനല്‍ക്കാല തീര്‍ത്ഥാടനം ലൂര്‍ദിലേക്ക് സംഘടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് മാസം രണ്ടാം തീയതി സ്റ്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് അഞ്ചാം തീയതി തിരിച്ചെത്തുന്ന രീതിയിലാണ് ലൂര്‍ദിലേയ്ക്ക് മരിയന്‍ തീര്‍ത്ഥാടനം ഒരുക്കിയിരിക്കുന്നത്. ഈ തീര്‍ത്ഥാടനത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബഹുമാനപ്പെട്ട സാജു മുല്ലശേരില്‍ അച്ചന്‍ അറിയിച്ചു.

സീറ്റുകള്‍ പരിമിതമായതിനാല്‍, ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു.

Fr. Saju Mullasseril SDB –  07986 272822

Joshy Abraham – 07710380494

 

ടോം ജോസ് തടിയംപാട്

ഞാന്‍ മുളകുവള്ളിയിലെ ബോയ്സ്‌കോ എന്നാ സ്ഥാപനത്തില്‍ ചെല്ലുമ്പോള്‍ സിസ്റ്റര്‍മാര്‍ കുട്ടികളുടെ പേരു വിളിക്കുന്നതു കേട്ടു. ആ പേരുകളില്‍ എല്ലാ മതത്തിലും ജാതിയിലും പെട്ടവരുണ്ട് എന്നാല്‍ അവരെല്ലാം ഇപ്പോള്‍ ഒരു മതത്തില്‍പ്പെടുന്നു, അനാഥത്വം എന്ന മതത്തില്‍. അവര്‍ക്ക് അപ്പനും അമ്മയും സഹോദരിയും എല്ലാം അവിടുത്തെ സിസ്റ്റര്‍മാരാണ്. ആ കുട്ടികളുടെ ലോകം ഈ സിസ്റ്റര്‍മാരുടെ ചുറ്റും കറങ്ങുന്നു. പക്ഷെ അതിനപ്പുറത്തേക്കുള്ള വിശാല ലോകത്തേക്ക് അവരെ നയിക്കാന്‍ ശ്രമിക്കുന്ന ഈ സിസ്റ്റര്‍മാരെ സഹായിക്കാന്‍ നമ്മുടെ കൈകള്‍ നീളേണ്ടതില്ലേ? നമുക്ക് അവരുടെ അനാഥത്വം നീക്കികൊടുക്കാന്‍ കഴിയില്ല. പക്ഷെ നമുക്ക് അവരുടെ വേദന കാണാനും അവരോടൊപ്പം പക്ഷം ചേരാനും കഴിയും. അതിനു വേദിയൊരുക്കുക മാത്രമാണ് ഇടുക്കി ചാരിറ്റി ചെയ്യുന്നത്.

നിങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോകളില്‍ സൂക്ഷിച്ചു നോക്കുക. ചിലപ്പോള്‍ അതു നിങ്ങളെയും വേദനിപ്പിച്ചേക്കാം. ഈ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് തോന്നണം ഈ ലോകം ഞങ്ങളുടേതു കൂടിയാണെന്ന്. ഞങ്ങളുടെ വേദനകളില്‍ അവരുടെ സ്വാന്തനമായി നീണ്ടുവരുന്ന കൈകള്‍ അവര്‍ക്ക് കാണാന്‍ കഴിയണം. ആ കൈകളില്‍ പിടിച്ചു അവര്‍ക്ക് ഈ അനന്തമായ ലോകത്തെ നോക്കിക്കാണാന്‍ കഴിയണം. അത്തരം ഒരു കൈയും സാന്തനവും ആയിതീരാന്‍ നമുക്ക് കഴിയേണ്ടേ? സിസ്റ്റര്‍ ലിന്‍സ് മേരിയുമായി ഞാന്‍ നടത്തിയ സംഭാഷണത്തില്‍ അവര്‍ ആവശ്യപ്പെട്ടത് ഒരു ടിവി മാത്രമായിരുന്നു.

ടിവി ഒരു ലിവര്‍പൂള്‍ മലയാളി മേടിച്ചു കൊടുത്തുകഴിഞ്ഞു. ഇനി എന്തെങ്കിലും വേണോ എന്നു ഞാന്‍ സിസ്റ്ററിനോട് ചോദിച്ചപ്പോള്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ഒരു പ്രിന്റര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു പറഞ്ഞു. മറ്റൊരു ലിവര്‍പൂള്‍ മലയാളി അവര്‍ക്കു കൊടുക്കാന്‍ എന്നെ ഏല്‍പിച്ച 5000 രൂപ കൊണ്ട് പ്രിന്റര്‍ വാങ്ങാനും ഏര്‍പ്പാട് ചെയ്തുകഴിഞ്ഞു. ഞാനും സിസ്റ്ററും തമ്മില്‍ സംസാരിച്ച വീഡിയോ ഇതുവരെ രണ്ടര ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം വാഗ്ദാനം ചെയ്തു ഫോണ്‍ വിളികള്‍ സിസ്റ്ററിനു ലഭിക്കുന്നുണ്ട് എന്നു സിസ്റ്റര്‍ പറഞ്ഞു.

ലോകത്തിന്റെ ഒരു വശത്ത് ഒരു കുട്ടിയെ കിട്ടാന്‍ ലക്ഷങ്ങള്‍ മുടക്കി ചികിത്സ ചെയ്യുന്നു. ലോകം മുഴുവനുള്ള പ്രാര്‍ത്ഥനാലങ്ങള്‍ കയറിയിറങ്ങി പ്രാര്‍ത്ഥിക്കുന്നു. മറുവശത്ത് ലഭിച്ച കുട്ടിയെ അപ്പനും അമ്മയും കൂടി പീഡിപ്പിക്കുന്നു, തെരുവില്‍ വില്‍ക്കുന്നു, വലിച്ചെറിയുന്നു. ഈ തെരുവില്‍ എറിയുന്നവന്റെ കൂടിയാണ് ഈ ലോകം എന്നു തിരിച്ചറിയുന്നത് കൊണ്ടാകാം ഈ സിസ്റ്റര്‍മാര്‍ ഇവരെ നോക്കിവളര്‍ത്തുന്നത്.

അടുത്ത ഓണത്തിന് പുതിയ ഉടുപ്പും കുടയും ഓണത്തിനു ഊണും നല്‍കാനുള്ള പണം നമുക്ക് ഇവര്‍ക്ക് നല്‍കണം. അതിലേക്കായി നിങളുടെ കുട്ടികള്‍ക്ക് വേണ്ടി വാങ്ങുന്ന ഒരുടുപ്പിന്റെ അല്ലെങ്കില്‍ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇടുക്കി ചാരിറ്റിയുടെ അക്കൗണ്ടില്‍ നിലവിലുള്ളത് കേവലം പൗണ്ട് മാത്രമാണ്. ലഭിക്കുന്ന പണം മുഴുവന്‍ സിസ്റ്ററിനു അയച്ചുകൊടുക്കും എന്നറിയിക്കുന്നു.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റേറ്റ്മെന്റ് മെയില്‍ വഴിയോ ഫേസ് ബുക്ക് മെസേജ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

വി. ജി. വാസന്‍
മാഞ്ഞൂരിന്റെ മണ്ണ് പ്രവര്‍ത്തന മണ്ഡലമാക്കിയ സാമൂഹിക പ്രവര്‍ത്തകനായ പരേതനായ എം.കെ ചാക്കോ മൂശാരിപ്പറമ്പിലിന് സ്മാരകമായി അഞ്ചു ഭവനങ്ങള്‍ ഒരുങ്ങി. മാഞ്ഞൂര്‍ പഞ്ചായത്തിലെ അഞ്ച് ഭവനരഹിത കുടുംബങ്ങള്‍ക്ക് സ്വന്തം പിതാവിന്റെ ഓര്‍മ്മയ്ക്കായി സൗജന്യമായി വീട്ടുവച്ചു നല്കുന്നത് യുകെ മലയാളികളായ ബിജു ചാക്കോയുടെയും ലീനുമോളുടെയും നേതൃത്വത്തില്‍ ആണ്. യുകെയില്‍, ലിങ്കണ്‍ ഷയറിലെ ഗ്രിംസ് ബിയിലാണ് ഇവര്‍ താമസിക്കുന്നത്.


ഞങ്ങള്‍, മലയാളം യുകെ മാഞ്ഞൂരിലെ മൂശാരിപ്പറമ്പില്‍ വീട്ടിലെത്തി.
പരേതനായ എം. കെ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോയും കുടുംബവും കാരുണ്യ വര്‍ഷത്തിന്റെ കരുണയെ നെഞ്ചിലേറ്റി പുഞ്ചിരിയോടെ നില്ക്കുന്നത് ഞങ്ങള്‍ കണ്ടു. അച്ചാച്ചന്റെ സേവന പ്രവര്‍ത്തനത്തിന്റെ മാതൃക പിന്‍തുടര്‍ന്ന് കൊണ്ട് അഞ്ച് കാരുണ്യ ഭവനങ്ങളാണ് മാഞ്ഞൂരിലെ പാവങ്ങള്‍ക്ക് നിര്‍മ്മിച്ച് ഇവര്‍ നല്‍കുന്നത്.

മലയാളം യുകെയുമായി ശ്രീമതി മറിയാമ്മ ചാക്കോ
ഓര്‍മ്മകള്‍ പങ്കുവച്ചു.
എന്നും സാധാരണക്കാരോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ഒരു സാമൂഹിക അടിത്തറയായിരുന്നു
എം. കെ. ചാക്കോയുടെ മുഖമുദ്ര.
ക്ഷീര കര്‍ഷകരെ
വീടുകളുടെയും കടകളുടെയും മുന്നിലെ പാല്‍ക്കാരന്‍ എന്ന സ്ഥിതിയില്‍ നിന്നും
ക്ഷീര വ്യവസായി എന്ന നിലയിലേക്ക് വളര്‍ത്തുന്നതിന്
ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് എന്ന നിലയിലുളള അദ്ദേഹത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമായിരുന്നു.

ശ്രീ ചാക്കോയുടെ പുത്രന്‍ യു.കെ.യില്‍
ബിസിനസ് ചെയ്യുന്ന ബിജു ചാക്കോയുമായി
മലയാളം യുകെ സംസാരിച്ചു.
അപേക്ഷകള്‍ തയ്യാറാക്കുന്നതിനും ആവശ്യങ്ങള്‍ ബോധിപ്പിക്കുന്നതിനും വീട്ടിലെത്തുന്ന സ്വന്തം നാട്ടുകാരോടൊത്തുള്ള അച്ചാച്ചന്റെ ജീവിതം തങ്ങള്‍ക്ക് ജീവിതത്തില്‍ എന്നും പ്രചോദനമായിത്തീര്‍ന്നു എന്ന് ബിജു ഓര്‍മ്മിക്കുന്നു.
ബിജുവിന്റെ ഭാര്യ ലീനുമോളുടെ വാക്കുകള്‍ ശ്രദ്ധേയമാണ്.
എല്ലാവരോടും സ്‌നേഹവും കരുണയും എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു കുടുംബാന്തരീക്ഷമാണ് മറ്റൊരു വീട്ടില്‍ നിന്നും വന്ന ഞാന്‍ ഇവിടെ അനുഭവിച്ചറിഞ്ഞത്.
അതാണ് അച്ചാച്ചന്റെയും അമ്മയുടെയും ജീവിത മാതൃക.

ഭവന നിര്‍മ്മാണ പദ്ധതിയുടെ ചുമതല ഏറ്റെടുത്ത മകള്‍ Sr.ഫ്രാന്‍സിയും സഹോദരങ്ങളായ ബിജു, ബിജോയ്,
മേഴ്‌സി, മിനി എന്നിവര്‍ ഒരു മാനദണ്ഡം മാത്രമാണ് മുന്നോട്ടു വച്ചത്.
എം. കെ. ചാക്കോയുടെ കര്‍മ്മ മണ്ഡലമായ
മാഞ്ഞൂര്‍ പഞ്ചായത്തിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്.

ഇടവകകളിലും സാമൂഹിക പ്രവര്‍ത്തകരിലൂടെയും നടത്തിയ അന്വേഷണത്തിലൂടെ യോഗ്യരായവരെ
സിസ്റ്റര്‍ ഫ്രാന്‍സിയും
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്
ലൂക്കോസ് മാക്കിയിലും ചേര്‍ന്ന്
തിരഞ്ഞെടുത്തു.

ഈ ഭവനങ്ങള്‍ ലഭിച്ച വ്യക്തികളെ
മലയാളം യു.കെ. നേരിട്ട് കാണുകയുണ്ടായി.
വീട് ലഭിച്ച പ്രദീപിന്റെ കുടുംബംത്തിന്റെ വാക്കുകള്‍..
ഒരിക്കലും നടക്കാത്തതായ
ദൈവത്തിന്റെ ഒരു സമ്മാനമാണ് ചാക്കോ സാറിന്റെ കുടുംബത്തിലൂടെ
ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

മറ്റൊരു ഭവനം ലഭിച്ച തങ്കമണി രോഗിയും നിരാശ്രയയുമാണ്.
ഇത്ര വലിയ ഒരു കാരുണ്യ പ്രവര്‍ത്തി ആരും ചെയ്യുകയില്ല എന്നാണ് അവരുടെ കുടുംബം
നന്ദിയോടെ പറയുന്നത്.
മാഞ്ഞൂര്‍ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ലൂക്കോസ് മാക്കിയില്‍ മലയാളം യുകെയോട് പറഞ്ഞതിങ്ങനെ.
ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍
പിതാവിന്റെ ഓര്‍മ്മയ്ക്കായി
നിരാലംബരും വിധവയും രോഗിയും ഒക്കെ ആയവരെ കണ്ടെത്തി
വീടു വച്ചു നല്‍കുന്ന മക്കള്‍ പിതാവിന്റെ പുണ്യവും
വര്‍ഷങ്ങള്‍ നീണ്ട പൊതു ജീവിതത്തില്‍
ആര്‍ക്കും ഒരു ദോഷവും ചെയ്യാതെ എല്ലാവര്‍ക്കും നന്മ മാത്രംചെയ്ത ഒരു പിതാവിന്റെ മക്കളായത് അവരുടെ ഭാഗ്യവുമാണ്.
ആ പിതാവിന്റെ പാതയിലാണ് മക്കള്‍ സഞ്ചരിക്കുന്നത് എന്ന്
ഈ സത്പ്രവര്‍ത്തി
തെളിയിക്കുന്നു.
എം.കെ.ചാക്കോ മെമ്മോറിയല്‍ ഭവനങ്ങളുടെ താക്കോല്‍ ദാനം
2017 ജൂണ്‍ 11ന്
കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ
മാര്‍ മാത്യു മൂലക്കാട്ട്
അദ്ധ്യക്ഷം വഹിക്കുന്ന സമ്മേളനത്തില്‍
മുന്‍ മുഖ്യ മന്ത്രി
ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കുന്നു. പി. കെ. ബിജു.എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ
പഞ്ചായത്ത് പ്രസിഡന്റ്
ജോണ്‍ നീലം പറമ്പില്‍
തുടങ്ങിയവര്‍
പങ്കെടുക്കുന്നു.

വീടുകള്‍ കിട്ടിയവര്‍ക്ക് ഇപ്പോഴും ഇത് വിശ്വസിക്കാനാവുന്നില്ല. സത്യമോ അതോ മിഥ്യയോ..?? മാഞ്ഞൂരിനും മലയാളികള്‍ക്കും ഇത് അഭിമാനമാണ്. മാഞ്ഞൂരുകാരുടെ സന്തോഷം ഞങ്ങള്‍ നേരിട്ടറിഞ്ഞു. അവര്‍ പറഞ്ഞതിങ്ങന്നെ. ഇങ്ങനെയാവണം മലയാളികള്‍. സ്വന്തം നാടിനോടുള്ള അവരുടെ സ്‌നേഹം പ്രശംസനീയം തന്നെ.

വി. ജി. വാസന്‍
സ്റ്റാഫ് റിപ്പോര്‍ട്ടര്‍
മലയാളം യുകെ, കോട്ടയം.
>>Ph. +919747498709

Copyright © . All rights reserved