Spiritual

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വുമണ്‍സ് ഫോറത്തിന്റെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ആനുവല്‍ ഗാതറിങിന് ഗംഭീര പരിസമാപ്തി. ഇന്നലെ ഗ്ലോസ്റ്ററിലെ സെന്റ് അഗസ്റ്റിയന് ചര്‍ച്ചില്‍ നടന്ന ആനുവല്‍ ഗാതറിങ് വനിതകളുടെ പങ്കാളിത്തം കൊണ്ടും പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി.

മൂന്ന് വൈദികരുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടി ആരംഭിച്ചത്. ശേഷം ആനുവല്‍ ഗാതറിങ്ങിന്റെ ഔദ്യോഗിക ഉത്ഘാടനം നടന്നു. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ജോയ്ന്റ് സെക്രട്ടറി ഷീബ അളിയത്ത് ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. വുമണ്‍സ് ഫോറം റിജ്യണല്‍ ഡയറക്ടര്‍ റവ ഫാ മാത്യു സെബാസ്റ്റ്യന്‍ പാലരകരോട്ട് പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിച്ചു. വലിയ സ്വപ്നം കാണുക, വലിയ മനസുള്ളവരാകുക.. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതു പോലെ നമ്മള്‍ സ്വപ്നത്തിന്റെ തീര്‍ത്ഥാടകരാണ്. അതിനാല്‍ വലിയ സ്വപ്നങ്ങള്‍ കണ്ട് വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കാന്‍ ഫാദര്‍ മാത്യു സെബാസ്റ്റ്യന്‍ ആഹ്വാനം ചെയ്തു.

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജ്യണ്‍ കോര്‍ഡിനേറ്ററായ റവ ഫാ ജിബിന്‍ വാമറ്റത്തില്‍ വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ത്രീകള്‍ ഹൃദയമാണ്. ശക്തമായ ധമനികളുണ്ടായാല്‍ മാത്രമേ ഹൃദയം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കൂ.. അതിനാല്‍ നിങ്ങള്‍ കൂടുതല്‍ കരുത്തരാകണമെന്ന് ഫാ ജിബിന്‍ ഏവരോടും ആവശ്യപ്പെട്ടു.

സെന്റ് തോമസ് മിഷന്‍ കാര്‍ഡിഫ് ഡയറക്ടര്‍ റവ ഫാ പ്രജില്‍ പണ്ടാരപറമ്പില്‍ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം അറിയിച്ചു. സ്ത്രീകള്‍ ഡോട്ടേഴ്‌സ് ഓഫ് കിങ്ങ് എന്നാണ് വിശേഷിപ്പിച്ചത്. കൃത്യനിര്‍വഹണത്തിന്റെ കാര്യത്തിലും മനോഭാവത്തിന്റെ കാര്യത്തിലും മികച്ച മുന്നേറ്റം കൊണ്ടുവരാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ഫാദറിന്റെ വാക്കുകള്‍.

സ്ത്രീകള്‍ക്ക് പൈശാചിക ശക്തികളെ തകര്‍ക്കാന്‍ കരുത്തുള്ളവരാണ്. ബാഹ്യ സൗന്ദര്യമല്ല കരുത്ത്. പ്രാര്‍ത്ഥനയോടെ മക്കളെ ചേര്‍ത്തുപിടിക്കുക. സ്ത്രീയുടെ സൃഷ്ടി മഹനീയമാണെന്നും സിസ്റ്റര്‍ ജീന്‍ പറഞ്ഞു.
വുമണ്‍സ് ഫോറം ഡയറക്ടര്‍ ഓഫ് എപാര്‍കി ജീന്‍ മാത്യുവും ബ്രദര്‍ ഷിബു ജോണും വനിതാ ഫോറത്തിന്റെ ആവശ്യകതകളെ പറ്റി സംസാരിച്ചു.ഷാലോം ടിവിയില്‍ നിന്ന് പ്രശനസ്തനായ ബ്രദര്‍ ഷിബു ജോണിന്റെ മോട്ടിവേഷണല്‍ വാക്കുകള്‍ ഏവര്‍ക്കും ആവേശം നിറഞ്ഞ അനുഭവമാണ് സമ്മാനിച്ചത്. പ്രാര്‍ത്ഥനയെ കേന്ദ്രീകരിച്ചായിരുന്നു സംസാരം. നേടിയെടുക്കാനല്ല ശക്തി സ്വീകരിക്കാനാണ് പ്രാര്‍ത്ഥിക്കേണ്ടത്. സ്വര്‍ഗ്ഗസ്തനായ പിതാവേ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും ബ്രദര്‍ വിശദീകരിച്ചു. പഴയ കാലത്തെ അമ്മമാരെ പോലെ നേടിയെടുക്കാനല്ല ശക്തിസ്വരൂപിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ ഫാദര്‍ ആഹ്വാനം ചെയ്തു.

രുചികരമായ ഭക്ഷണമാണ് ഒരുക്കിയിരുന്നത്. പിന്നീട് യൂണിറ്റുകളുടെ ആക്ടിവിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണ്‍ പ്രസിഡന്റ് സോണിയ ആന്റണി ഏവരോടും സംസാരിച്ചു. ജൂബി എല്‍സാ ജോണ്‍ പരിപാടിയുടെ ആങ്കറിങ്ങ് മനോഹരമായി നിര്‍വഹിച്ചു. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെയും ന്യൂ പോര്‍ട്ടിന്റെയും വനിതകളുടെ നൃത്ത പരിപാടികള്‍ ഏവരുടേയും മനം കവര്‍ന്നു. മനോഹരമായ ഒരു ദിവസമാണ് വനിതാ ഫോറത്തിന് ആനുവല്‍ ഗാതറിങ്ങ് സമ്മാനിച്ചത്. അടുത്ത തവണ വീണ്ടും കാണാമെന്ന് പറഞ്ഞ് ഏവരും പിരിഞ്ഞത്. വനിതകളുടെ ഈ കൂട്ടായ്മയ്ക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ പ്രചോദനമായിരുന്നു ഈ ഗെറ്റ് ടുഗെതര്‍.

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ ‘നസ്രേത്’ എന്ന് ഖ്യാതിനേടിയതും, കത്തോലിക്കാ സഭയുടെ മരിയൻ തീർത്ഥാടക കേന്ദ്രങ്ങളിൽ പ്രമുഖവുമായ വാത്സിങ്ങാമിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടാമത് തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. സീറോമലബാർ സഭയുടെ നേതൃത്വത്തിൽ ഭക്തിനിർഭരവും ആഘോഷപൂർവ്വവും നടത്തപ്പെടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും, തിരുന്നാളും ജൂലൈ 20 ന് ശനിയാഴ്ച്ച കൊണ്ടാടും. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മാതൃഭക്ത സംഗമവേദിയായി വാത്സിങ്ങാം മരിയ തീർത്ഥാടനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ അഭിവന്ദ്യഅദ്ധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ തിരുന്നാൾ കുർബ്ബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ച് സന്ദേശം നൽകും.രൂപതയിലെ മുഴുവൻ സീറോ മലബാർ വൈദികരും സഹകർമ്മികരായി പങ്കുചേരും.

ഈ വർഷം വാത്സിങ്ങാം തീർത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജണിലെ വിശ്വാസസമൂഹമാണ്.തീർത്ഥാടന വിജയത്തിനായി റീജണിലെ ഭവനങ്ങളിൽ പ്രത്യേകമായി നടന്നു വരുന്ന മാധ്യസ്ഥ പ്രാർത്ഥനകളുടെ നിറവിൽ മാതൃസന്നിധിയിൽ മരിയൻ പ്രഘോഷണവും, പ്രാർഥനാ നിയോഗവുമായി എത്തുന്ന തീർത്ഥാടകർക്ക് അനുഗ്രഹ സാക്ഷ്യങ്ങളുടെ അനുഭവവും, പ്രാർഥനാ സാഫല്യവും ലഭിക്കും.

യു കെ യിലുടനീളമുള്ള സീറോ മലബാർ ഇടവകകളിൽ നിന്നുള്ള പ്രസുദേന്തിമാർ വാത്സിങ്ങാം തീർത്ഥാടനത്തിൽ പങ്കുചേരും. അതിനാൽ തന്നെ യു കെ യുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങൾ പങ്കുചേരുന്ന തീർത്ഥാടനത്തിൽ, രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രാതിനിധ്യം തീർത്ഥാടന നടത്തിപ്പിൽ ആത്മീയ ചൈതന്യ പ്രൗഢി ഉണർത്തും.

വിശ്വാസികളുടെ വർദ്ധിച്ചു വരുന്ന ബാഹുല്യത്തെ മുന്നിൽക്കണ്ടുകൊണ്ടു ഇക്കുറി തീർത്ഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഓരോ ഇടവകയിലും ഉള്ള വിശ്വാസികളോട് താന്താങ്ങളുടെ വാഹനങ്ങളിൽ വരുന്നതിനു പകരം ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു തന്നെ എത്തുവാൻ നിർദ്ദേശിച്ചിട്ടുണ്ട് . അതിനാൽ തന്നെ വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും, ചൈതന്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർത്ഥാടനമാവും ഇത്തവണ ഉണ്ടാവുക.

തീർത്ഥാടകർക്കായി ചൂടുള്ള കേരള ഭക്ഷണം, മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള ഫുഡ് സ്റ്റാളുകൾ അന്നേദിവസം തുറന്നു പ്രവർത്തിക്കുന്നതാണ്.

ജൂലൈ 20 നു ശനിയാഴ്ച ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ മരിയൻ പുണ്യകേന്ദ്രത്തിൽ നടത്തപ്പെടുന്ന എട്ടാമത് വാത്സിങ്ങാം തീർത്ഥാടനത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സീറോമലബാർ കേംബ്രിഡ്ജ് റീജിയൻ തീർത്ഥാടക സ്വാഗതസംഘം അറിയിച്ചു.

മോഹൻജി ഫൗണ്ടേഷനുമായി ചേർന്ന് ലണ്ടൻ ഹിന്ദു ഐക്യവേദി ലണ്ടനിൽ പണികഴിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന ലണ്ടൻ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന “പ്രണവോത്സവം 2024 ” ജൂൺ 29 ശനിയാഴ്ച അരങ്ങേറും. ലണ്ടനിൽ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് ഗുരുവായൂരപ്പ ക്ഷേത്രം പണികഴിക്കുവാൻ ഒരുങ്ങുന്നത്.

ലോകത്തിൻറെ നാനാഭാഗങ്ങളിലായി ഒട്ടേറെ സാമൂഹിക-സന്നദ്ധ-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് മോഹൻജി ഫൗണ്ടേഷൻ. അഞ്ച് ഭൂഖണ്ഡങ്ങളിലായി 17 ൽ പരം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മോഹൻജി ഫൗണ്ടേഷൻറെ സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ന് 80 ൽ പരം രാജ്യങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ്റെ ആസ്ഥാനം സ്വിസർലണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. സ്വിസ് ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. യുകെയിലെ സ്കോട്ലാൻഡിലുള്ള അബെർഡീനിൽ മോഹൻജി സെൻ്റർ ഓഫ് ബെനവലൻസ് ഈ അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു.

ആധുനിക സാമൂഹത്തിൽ ക്ഷേത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മോഹൻജിയുടെ പ്രഭാഷണവും പിന്നീട് നടത്തുന്ന ചോദ്യോത്തര സദസ്സുമാണ് പ്രണവോത്സവത്തിലെ പ്രധാന ആകർഷണം. പ്രഭാഷണം കൂടാതെ ലണ്ടൻ ഹിന്ദു ഐക്യവേദി (എൽ എച്ച് എ) സംഘാംഗങ്ങൾ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, എൽ എച്ച് എ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്താർച്ചന, കോൾചെസ്റ്റർ ടീം അവതരിപ്പിക്കുന്ന തിരുവാതിരകളി, നൃത്താർച്ചന, അനുഗ്രഹീത കലാകാരൻ വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, യുകെയിലെ പ്രശസ്തനായ വാദ്യ കലാകാരൻ വിനോദ് നവധാരയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, പ്രശസ്ത സിനിമാതാരം ശങ്കറിന്റെ പത്നി ചിത്രാലക്ഷ്മി ടീച്ചർ നേതൃത്വം നൽകുന്ന ‘ദക്ഷിണ യുകെ’ യുടെ നൃത്തശില്പം, യുകെയിലെ അനുഗ്രഹീത നർത്തകി ആശ ഉണ്ണിത്താനും മകളുടെയും നേതൃത്വത്തിൽ അരങ്ങേറുന്ന നൃത്താർച്ചന, അനുഗ്രഹീത നൃത്തകലാകാരനും യുകെ മലയാളികളുടെ പ്രിയപ്പെട്ട ഹരിദാസ് തെക്കുമുറി എന്ന ഹരിയേട്ടന്റെ മകനുമായ വിനോദ് നായർ അവതരിപ്പിക്കുന്ന നൃത്തശില്പം, അപ്സരമുണ്ടുസ് ടീം അവതരിപ്പിക്കുന്ന സംഘ നൃത്തം, ദേവിക പന്തല്ലൂർ അവതരിപ്പിക്കുന്ന മധുരാഷ്ടകം, വിശ്വജിത് മണ്ഡപത്തിൽ അവതരിപ്പിക്കുന്ന സോപാന സംഗീതം എന്നിവയാണ് മറ്റ് പ്രധാന കാര്യപരിപാടികൾ. കേരളത്തിന്റെ തനത് ക്ഷേത്രകലകളിൽ ഒന്നായ സോപാന സംഗീത മേഖലയിൽ പ്രശസ്തനായ വിശ്വജിത്, ചെണ്ടയിലെ പഞ്ചാരി, പാണ്ടി, ചെമ്പട തുടങ്ങിയ ക്ഷേത്ര മേളങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. മോഹൻജിയുടെ പ്രഭാഷണത്തിന് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും പിന്നീട് അന്നദാനവും ഉണ്ടായിരിക്കും.

ശ്രീ ഹരിദാസ് തെക്കുമുറിയുടെ സ്വപ്നമായിരുന്ന ലണ്ടൻ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ സാക്ഷാത്കാരത്തിനായി എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദി ഭാരവാഹികൾ അറിയിച്ചു. പ്രണവോത്സവം തികച്ചും സൗജന്യമായാണ് സംഖാടകർ അണിയിച്ചൊരുക്കുന്നത്. യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കുന്ന പ്രണവോത്സവത്തിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി മോഹൻജി ഫൗണ്ടേഷനോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദി അറിയിച്ചു.

For further details please contact
Suresh Babu: 07828137478, Vinod Nair : 07782146185 , Ganesh Sivan : 07405513236 , Geetha Hari: 07789776536
Pranavolsavam Venue: Greenshaw High School, Grennell Road, Sutton, SM1 3DY
Date and Time: 29 June 2024 – 3pm – 8pm
Email: [email protected]

കാർഡിഫ് : വെയിൽസിലെ സെന്‍റ് അന്തോണീസ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ജൂൺ 16 ഞായറാഴ്ച്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നു. ‌‌‌

കാർഡിഫ് സെൻ്റ് ഇല്ലിഡ്സ് സ്കൂൾ ചാപ്പലിൽ വച്ച് ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30 ന് തിരുന്നാൾ കൊടിയേറ്റവും ശേഷം പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും, തുടർന്ന് ആഘോഷമായ തിരുന്നാൾ പാട്ടു കുർബാനയും സ്‌നേഹവിരുന്നും നടത്തപ്പെടുന്നു.

തിരുന്നാൾ കുർബാനയിൽ റവ.ഫാ. ജോബി വെള്ളപ്ലാക്കേൽ സി.എസ്.ടി മുഖ്യ കാർമ്മികത്വം വഹിക്കും. തിരുന്നാൾ കുർബാനയ്ക്ക് ശേഷം ഭക്തിപൂർവ്വകമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. വാദ്യമേളങ്ങളും, വര്‍ണ്ണ മുത്തുക്കുടകളും വർണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാർത്ഥനാഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം വെയിൽസിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും. റവ. ഫാ. മാത്യു പാലറകരോട്ട് സി ആർ എം, ഫാ. ജോസ്‌ കുറ്റിക്കാട്ട് ഐ സി എന്നിവർ നേതൃത്വം നൽകും.

ഈ തിരുന്നാളിൽ പങ്കെടുത്ത് വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴിയായി കർത്താവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി മിഷൻ ഡയറക്ടർ റവ. ഫാ. അജൂബ് തോട്ടനാനിയിൽ, ജനറൽ കൺവീനർ തോമസ്കുട്ടി കുഴിമറ്റത്തിൽ, ട്രസ്റ്റിമാരായ ബെന്നി ഫിലിപ്പ്, തങ്കച്ചൻ കനകാലയം , ജെയിംസ് ജോസഫ് എന്നിവർ അറിയിച്ചു.

തിരുന്നാൾ ദിവസം നേർച്ച കാഴ്ചകൾ അർപ്പിക്കുവാനും, കുട്ടികളെ അടിമവെക്കുവാനും, കഴുന്നെടുക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാൾ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിന്‍റെ വിലാസം:-
St Illtyd’s Catholic High School Chapel,
Newport Rd, Rumney
CF3 1XQ

വാറ്റ്ഫോർഡ് വേർഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയിൽ ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളിൽ വൈകുന്നേരം 7.00 മണിമുതൽ 9.00 മണി വരെ പ്രയർ മീറ്റിങ്ങും നടത്തപ്പെടുന്നു.

പാസ്റ്റർ ജോൺസൺ ജോർജ്ജ്‌ 07852304150 & ബ്രദർ ടൈറ്റസ് ജോണും 07442966142 ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ലണ്ടൻ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവർക്ക് ആത്മീക കൂട്ടായ്മകൾക്ക്‌ പങ്കെടുക്കുവാൻ പ്രസ്തുത യോഗങ്ങൾ ഒരു അനുഗ്രഹീത അവസരമാണ്.

വെംബ്ലി സെൻട്രൽ സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളിൽ അനായാസമായി എത്തിച്ചേരുവാൻ കഴിയുന്നതാണ്. ഏവരെയും ക്രിസ്തീയ കൂട്ടായ്മകളിലേക്ക് സ്വാഗതം ചെയ്യുന്നു.

Address: St John’s Community Centre, 1Crawford Avenue, Wembley, HA02HX.
Time: Sunday 10am-12.30pm
& Friday 7.00pm – 9.00pm

For further details contact.
Pr. Johnson George #07852304150 &
Br. Titus John #07442966142
www.wbpfwatford.co.uk & Email [email protected]

ജോർജ്‌ മാത്യു

മനുഷ്യത്വത്തോടും , മാനവിക മൂല്യങ്ങളോടുമുള്ള ആഗോള ദർശനം കാലിക പ്രസക്തമാണെന്ന് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ.സ്ലൈഹീക സന്ദർശനത്തിന്റെ ഭാഗമായി ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു അനുഗ്രഹ പ്രഭാഷണം നാടത്തുകയായിരുന്നു അദ്ദേഹം. സാഹോദര്യവും, സമഭാവനയും, സഹിഷ്ണതയും സമൂഹത്തിൽ നിലനില്കേണ്ടതിന്റെ ആവശ്യകത ബാവ ചൂണ്ടികാട്ടി . പള്ളിയിലെത്തിയ ബാവ തിരുമേനിക്കും, ഇടവക മെത്രാപോലിത്തക്കും പ്രൗഡഗംഭീരമായ സ്വീകരണം നൽകി.

പൊതുസമ്മേളനം കാതോലിക്ക ബാവ ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഭദ്രാസന മെത്രാപോലിത്ത എബ്രഹാം മാർ സ്തെഫനോസ് അധ്യക്ഷത വഹിച്ചു.ഭദ്രാസന സെക്രട്ടറി ഫാ.വര്ഗീസ് മാത്യു ,ഫാ.ജോർജ്‌ മാലെക് ( കോപ്റ്റിക് ചർച്) എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ.മാത്യു എബ്രഹാം സ്വാഗതവും,സെക്രട്ടറി പ്രവീൺ തോമസ് നന്ദിയും പറഞ്ഞു. ഇടവക ആരംഭിച്ചു 20 വർഷം പൂർത്തീകരിച്ചതിനോടനുബന്ധിച്ചു തയ്യാറാക്കിയ സുവനീർ ‘പടവുകൾ ‘ ബാവ തിരുമേനി പ്രകാശനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇടവക നൽകുന്ന ഒരു നിശ്ചിത തുക ട്രസ്റ്റി ഡെനിൻ തോമസ് ബാവക്ക് കൈമാറി.തുടർന്ന് സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുമായി ബാവ സംവേദിച്ചു.സഭയുടെ പാരബര്യത്തെയും,ചരിത്രത്തെയും, വിശ്വാസത്തെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് തിരുമേനി മറുപടി പറഞ്ഞു.

ഗ്രേസ് മോൻസി രൂപപ്പെടുത്തിയ ബാവയുടെ ഛായാചിത്രം ബാവ തിരുമേനിക്ക് സമ്മാനിച്ചു. ലോക പരിസ്ഥിതിദിനതോടനുബന്ധിച്ചു ബാവ തിരുമേനി പള്ളി പരിസരത്തു വൃക്ഷ തൈ നട്ടു. ഇടവക വികാരി ഫാ.മാത്യു എബ്രഹാം,ട്രസ്റ്റി ഡെനിൻ തോമസ്, സെക്രട്ടറി പ്രവീൺ തോമസ് , ഇവന്റ് കോർഡിനേറ്റർസ് ജോർജ്‌ ഉണ്ണുണ്ണി, ബൈജു കുര്യാക്കോസ് , മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .

ബിനോയ് എം. ജെ.

ആസ്വാദനം ഒരു ജീവിതനിയമമാണ്. നിങ്ങൾ ജീവിതം ആസ്വദിക്കുന്നയാളാണെങ്കിൽ നിങ്ങൾ തീർച്ചയായും ജീവിതത്തിൽ വിജയിക്കും. മറിച്ചാണെങ്കിൽ നിങ്ങൾ പരാജയപ്പടുകയും ചെയ്യും. ഓരോ നിമിഷവും ജീവിതം ആസ്വദിക്കുവിൻ. ജീവിതത്തിൽ ഉള്ള സകലതിനെയും ജീവിതത്തെ അതിന്റെ പൂർണ്ണതയിലും ആസ്വദിക്കുവിൻ. ചിലതിനെ മാത്രം ആസ്വദിക്കുകയും മറ്റു ചിലതിനെ ആസ്വദിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ ആസ്വാദനം പരിമിതപ്പെടുന്നു. അല്ലെങ്കിൽ നിങ്ങൾ പരിമിതമായ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. ഈ പരിമിതിയാണ് മനുഷ്യനെ അപൂർണ്ണനാക്കുന്നത്. നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ നിങ്ങൾക്ക് പൂർണ്ണനാകുവാൻ കഴിയും. അതത്ര കഠിനമായ കാര്യവുമല്ല. മറിച്ച് അതത്രമാത്രം അനായാസവും ആനന്ദദായകവുമാണ്. നിങ്ങൾക്ക് ജീവിതത്തിൽ കഠിനാധ്വാനം ചെയ്യേണ്ട ആവശ്യം ഒട്ടും തന്നെയില്ല. കഠിനാധ്വാനം നിങ്ങളെ ഒരിക്കലും പൂർണ്ണനാക്കില്ല. കാരണം കഠിനാധ്വാനം എപ്പോഴും പരിമിതമായ കാര്യങ്ങളിൽ ആനന്ദം കണ്ടെത്തുന്ന പ്രകിയയാണ്. അത് എപ്പോഴും ആഗ്രഹവുമായി ബന്ധപ്പെട്ടു കിടക്കുന്നു. നിങ്ങൾ സമ്പത്തിനെ ആസ്വദിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അതാഗ്രഹിക്കും. നിങ്ങൾ പ്രശസ്തിയെയാണ് ആസ്വദിക്കുന്നതെങ്കിൽ നിങ്ങൾ പ്രശസ്തി ആഗ്രഹിക്കും. എന്നാൽ നിങ്ങൾ ജീവിതത്തിലുള്ള സകലതിനേയും ആസ്വദിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പ്രത്യേകിച്ച് ആഗ്രഹിക്കുവാൻ ഒന്നും ഉണ്ടാകില്ല. ജീവിതത്തിൽ എന്തു സംഭവിച്ചാലും നിങ്ങൾക്ക് അത് ആസ്വാദ്യകരവും സ്വീകാര്യമായിരിക്കും. അപ്പോൾ നിങ്ങളുടെ വ്യക്തിത്വം അനന്ത വികാസം പ്രാപിക്കുന്നു.

നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളാണ് നിങ്ങളുടെ പ്രശ്നം. കുറെ കൂടി വ്യക്തമായി പറഞ്ഞാൽ നിങ്ങളുടെ അനിഷ്ടങ്ങളാണ് നിങ്ങളുടെ പ്രശ്നം. നിങ്ങൾ പലതിനെയും വെറുക്കുന്നു. നിങ്ങൾ ജീവിതത്തിൽ എത്രയധികം കാര്യങ്ങളെ വെറുക്കുന്നുവോ അത്രയധികം ദുഃഖിതനുമായിരിക്കും. നമ്മുടെ സ്നേഹം സാർവ്വലൗകീകമാവേണ്ടിയിരിക്കുന്നു. മനുഷ്യരെ മാത്രം സ്നേഹിച്ചാൽ പോരാ. മൃഗങ്ങളെയും, സസ്യലതാദികളെയും, ഭൂമിയെയും, സൂര്യനെയും, ചന്ദ്രനെയും, വെയിലിനെയും മഴയെയും, സാമൂഹിക ജീവിതത്തെയും, ഏകാന്തതയെയും, സുഖത്തെയും, ദുഃഖത്തെയും, സമ്പത്തിനെയും ദാരിദ്ര്യത്തെയും, വിജയത്തെയും, പരാജയത്തെയും, പ്രശംസയെയും, നിന്ദയെയും എന്നു വേണ്ട ജീവിതത്തിലും പ്രകൃതിയിലും എന്തെല്ലാം ഉണ്ടോ അതിനെയെല്ലാം സ്നേഹിക്കുമ്പോൾ നിങ്ങൾ അനന്തമായ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. പിന്നീടങ്ങോട്ട് ദു:ഖങ്ങൾക്കും ക്ലേശങ്ങൾക്കും നിങ്ങളെ ബാധിക്കുവാനാവില്ല. കാരണം നിങ്ങളെല്ലാറ്റിനെയും – ദുഃഖങ്ങളെയും ക്ലേശങ്ങളെയും പോലും – ആസ്വദിക്കുന്നു.

നമ്മുടെ ഇഷ്ടാനിഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ് നമ്മുടെ മനസ്സ്. ആത്മാവാകട്ടെ സ്നേഹത്തിന്റെയും, ആസ്വാദനത്തിന്റെയും, ആനന്ദത്തിന്റെയും ഉറവിടവുമാണ്. ‘സച്ചിദാനന്ദം’ എന്ന് നിങ്ങൾ കേട്ടിരിക്കും. അത് അസ്ഥിത്വം ( സത് ), അറിവ് ( ചിത് ), ആനന്ദം ഇവയുടെ സമ്മേളനമാണ്. സച്ചിതാനന്ദമാണ് ആത്മാവിന്റെ സ്വരൂപം. അനന്തമായ ആസ്വാദനം ആത്മാവിന്റെ സ്വഭാവമാണ്. അപ്പോൾ പിന്നെ ദുഃഖങ്ങളും, അനിഷ്ടങ്ങളും, പരിമിതികളും എവിടെ നിന്നും വരുന്നു? അവ മനസ്സിലാണ് കിടക്കുന്നത്. നിങ്ങളുടെ ഇഷ്ടക്കേടുകളുടെയും, വെറുപ്പുകളുടെയും, നിഷേധാത്മകതയുടെയും ആകെത്തുകയായ മനസ്സ്, അത്യന്തം ഭാവാത്മകവും സൂര്യനെക്കാൾ പ്രകാശവുള്ളതുമായ ആത്മാവിനെ മറച്ചു കളയുന്നു. എപ്രകാരമാണോ മഴമേഘങ്ങൾ സൂര്യനെ മറക്കുമ്പോൾ സൂര്യപ്രകാശത്തിന് മങ്ങലുണ്ടാകുന്നുവോ അപ്രകാരം മനസ്സ് ആത്മാവിനെ മറക്കുമ്പോൾ ആത്മാവിന്റെ അറിവിനും ആനന്ദത്തിനും മങ്ങലുണ്ടാവുകയും അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് നമുക്ക് നന്നായി അറിവുള്ള കാര്യമാണ്. നാം ഉള്ളിലേക്ക് നോക്കുമ്പോൾ നാമവിടെ ഈശ്വരന് ( ആത്മാവിന് ) പകരം മനസ്സിനെ കാണുന്നത് എന്തുകൊണ്ട്? കാരണം മനസ്സ് ആത്മാവിനെ മറച്ചു കളയുന്നു. ഞാനീ കാണുന്ന ശരീരവും മനസ്സും മാത്രമാണെന്ന് പാശ്ചാത്യർ പറയുന്നതിന്റെ പൊരുൾ ഇതാണ്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മനസ്സിനെ അവിടെ നിന്നും നീക്കം ചെയ്യൂ. അപ്പോൾ അവിടെ ഈശ്വരനെ കാണുവാൻ കഴിയും. അതിൽ വിജയിക്കന്നവർ താൻ ഈശ്വരൻ തന്നെ എന്ന് ലോകസമക്ഷം ഭീതി കൂടാതെ പ്രഖ്യാപിക്കുന്നു. അവരാണ് ആത്മസാക്ഷാത്കാരം നേടിയവർ.

അതിനാൽ തന്നെ മനസ്സിനെ അലിയിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ കടമ്പയും വെല്ലുവിളിയും. നിഷേധാത്മകതയോടൊപ്പം ആഗ്രഹങ്ങളും മനസ്സിനുള്ളിൽ കടന്നു കൂടിയിരിക്കുന്നു. ഈ ആഗ്രഹങ്ങളാവട്ടെ നിഷേധാത്മകതയുടെ തുടർച്ചയും മറുവശവുമാണ്. നിങ്ങൾ പണമോ, അധികാരമോ, പ്രശസ്തിയോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കിപ്പോൾ അവയില്ലെന്നും, ആ നിഷേധാത്മകതയ്ക്കും, ദുഃഖത്തിനും, പരിമിതികൾക്കും ഒരു താത്കാലികമായ പ്രതിവിധി അല്ലെങ്കിൽ മറ എന്ന നിലയിൽ നിങ്ങളാ ആഗ്രഹങ്ങളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്തു പോരുന്നു. നിങ്ങളാ ആഗ്രഹങ്ങൾ നേടിയെടുത്താലും നിങ്ങളുടെ വ്യക്തിത്വം പഴയത് പോലെ തന്നെ തുടരുന്നു. നിങ്ങൾ അപ്പോഴും ദാരിദ്ര്യത്തെയും ലളിതജീവിതത്തെയും വെറുക്കുന്നു. ആ പരിമിതികൾ അതുപോലെ തന്നെ തുടരുന്നു. ഭാവാത്മകത എന്നാൽ ആഗ്രഹം എന്നല്ല അർത്ഥം വരുന്നത്. മറിച്ച് അത് ആഗ്രഹങ്ങളുടെയും അഭാവമാണ്. നിഷേധാത്മകതയിൽ നിന്നും ആഗ്രഹങ്ങൾ ജനിക്കുന്നതുപോലെ തന്നെ ആഗ്രഹങ്ങൾ കാലക്രമേണ നിഷേധാത്മകതയ്ക്ക് വഴിമാറുന്നു. അതുകൊണ്ട് “ആഗ്രഹമാണ് എല്ലാ ദുഃഖങ്ങളുടെയും കാരണം” എന്ന് ശ്രീബുദ്ധൻ പറഞ്ഞു വയ്ക്കുന്നു. ഇപ്രകാരം ആഗ്രഹങ്ങളുടെയും നിഷേധാത്മകതയുടെയും ആകെത്തുകയായ മനസ്സാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്ന നിഗമനത്തിലേക്ക് നമുക്ക് അനായാസം എത്തിച്ചേരുവാൻ കഴിയും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 20 നു ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്ന കേംബ്രിഡ്ജ് റീജിയണിലെ സ്വാഗത സംഘം അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടന തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വവും നേതൃത്വവും വഹിക്കും. രൂപതയിലെ ബഹുമാനപ്പെട്ട വൈദികർ, സന്യസ്തർ എന്നിവരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശാസ സമൂഹം തീർത്ഥാടകരായെത്തുന്ന വാത്സിങ്ങാം മറിയത്തോടൊപ്പം സന്തോഷിക്കുന്ന ഏവരുടെയും തീർത്ഥാടന കേന്ദ്രമാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് എട്ടാം തവണയാണ് തീര്‍ത്ഥാടനം ആഘോഷിക്കുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാൽത്സിങ്ങാം മരിയൻ തീര്‍ത്ഥാടനം. എല്ലാ വര്‍ഷവും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL

വാത്സിങ്ങാം തീർത്ഥാടന ചരിത്രം:

തികഞ്ഞ ക്രിസ്തു ഭക്തനായിരുന്ന എഡ്വേര്‍ഡ് രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു പത്താം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ വാൽത്സിങ്ങാം എന്ന പ്രദേശം. അവിടുത്തെ പ്രഭുകുടുംബത്തിലെ പ്രധാന വനിതയായിരുന്ന റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വി പരിശുദ്ധ മാതാവിന്റെ തികഞ്ഞ ഭക്തകൂടിയായിരുന്നു. പരിശുദ്ധ കന്യകാമറിയത്തെ തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി പ്രതിഷ്ഠിച്ചിരുന്ന പ്രഭ്വി പുണ്യകര്‍മ്മങ്ങള്‍ക്കും വിശ്വാസ ജീവിതത്തിനും തന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്കിപ്പോന്നിരുന്നു. തന്റെ ജീവിതത്തില്‍ മാതാവിനായി എന്തെങ്കിലും മഹത്തായ ഒരു കാര്യം ചെയ്യണം എന്ന് അതിയായി ആഗ്രഹിക്കുകയും, കന്യകാ മാതാവിനോട് നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തു പോന്നിരുന്നു.

തീക്ഷ്ണമായ പ്രാര്‍ത്ഥനകൾക്ക് ശേഷം ഒരു നാൾ റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വിക്ക് മാതാവ് സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും അവളെ നസ്രേത്തിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ അമ്മക്ക് മംഗളവാര്‍ത്തയുമായി പ്രത്യക്ഷപ്പെട്ട അനുഗ്രഹ മുറിയിൽ വെച്ച് അമ്മ തന്റെ ഭക്തയോട് ആ മുറിയുടെ അളവുകള്‍ കൃത്യമായി എടുക്കാന്‍ ആവശ്യപ്പെടുകയും അതിനു സഹായിക്കുകയും ചെയ്തു. ഈ ദര്‍ശനം തുടര്‍ച്ചയായ മൂന്നു പ്രാവശ്യം റിച്ചെൽഡിസ് പ്രഭ്വിക്കുണ്ടായി.

‘നന്മ നിറഞ്ഞവളെ നിനക്ക് സ്വസ്തി’ എന്ന് വിളിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍, ലോകത്തിന്റെ മുഴുവനും നാഥനാകാന്‍ പോകുന്നവന്റെ അമ്മയാകുവാനുള്ള സദ് വാര്‍ത്ത അറിയിച്ച അതേ ഭവനത്തിന്റെ ഓര്‍മ്മക്കായി താന്‍ കാട്ടിക്കൊടുത്ത അളവുകളില്‍ ഒരു ദേവാലയം പണിയുവാനും അതിനു ‘സദ് വാര്‍ത്തയുടെ ആലയം’ എന്ന് പേര് നല്‍കുവാനും അമലോത്ഭവ മാതാവ് റിച്ചെൽഡിസ്യോട് ആവശ്യപ്പെട്ടു.

അടുത്ത ദിവസം തന്നെ റിച്ചെൽഡിസ് പ്രഭ്വി ദര്‍ശനത്തില്‍ കണ്ട പ്രകാരം ദേവാലയം നിര്‍മ്മിക്കുവാന്‍ വേണ്ട ശില്പികളെയും പണിക്കാരെയും വിളിച്ചു കൂട്ടി തന്റെ സ്വപ്നവും പരിശുദ്ധ മറിയത്തിന്റെ ആഗ്രഹവും വിശദീകരിക്കുകയും ഏറ്റവും അടുത്ത ദിവസം തന്നെ പണി തുടങ്ങുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ എവിടെ ദേവാലയം പണിയണം എന്നൊരു വ്യക്തതയും ഇല്ലാതെ നിന്ന സന്നിഗ്ദ ഘട്ടത്തിൽ പ്രാര്‍ത്ഥന തുടർന്നപ്പോൾ ഉണ്ടായ ദര്‍ശന മദ്ധ്യേ മാതാവ് ‘നാളെ രാവിലെ ഒരത്ഭുതം ഗ്രാമവാസികള്‍ കാണും. അതോടെ എല്ലാ അവ്യക്തതകളും മാറി ദേവാലയ നിര്‍മ്മാണം ആരംഭിക്കും’ എന്ന് അരുളപ്പാട് ലഭിക്കുകയും ചെയ്തു.

അന്ന് രാത്രി പരിശുദ്ധ അമ്മ വലിയ ഒരത്ഭുതമാണ് അവര്‍ക്കായി ഒരുക്കിയത്. മുഴുവന്‍ പുല്‍മേടുകളും പുല്‍മൈതാനങ്ങളും നിറഞ്ഞ പ്രദേശമായ വാൽത്സിങ്ങാമില്‍ പതിവിൽ നിന്നും വിരുദ്ധമായി അതിശക്തമായ മഞ്ഞു കണങ്ങള്‍ നേരം പുലരുവോളം ഇടതടവില്ലാതെ പെയ്തിറങ്ങി. പിറ്റേന്ന് പുലര്‍ച്ചെ റിച്ചെൽഡിസ് പ്രഭ്വിക്കൊപ്പം ഗ്രാമവാസികള്‍ കണ്ട കാഴ്ചയിൽ എങ്ങും മഞ്ഞു കണങ്ങളാല്‍ മൂടിയ പുല്‍മൈതാനത്തിലെ രണ്ടിടങ്ങള്‍ മാത്രം ഉണങ്ങി വരണ്ടു കിടക്കുന്നു. പരിശുദ്ധ അമ്മ കാട്ടിക്കൊടുത്ത രണ്ടിടങ്ങളില്‍ ഏറ്റവും നല്ല ഭാഗത്തായി ദേവാലയ നിര്‍മ്മാണം ആരംഭിച്ചു. ഒരുവശത്ത് ദേവാലയ നിർമ്മാണം നടക്കുമ്പോൾ മറുവശത്ത് കഠിനമായ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും റിച്ചെല്‍ഡിസ പ്രഭ്വി മുഴുകി.

മാനുഷിക കണക്കുകൂട്ടലിൽ നിർമ്മാണം ആരംഭിച്ചെങ്കിലും അടിത്തറ നിര്‍മ്മാണത്തില്‍ എത്ര ശ്രമിച്ചിട്ടും കല്ലുകള്‍ ഉറക്കുന്നില്ല. പലവട്ടം ശ്രമിച്ചു നിരാശരായ പണിക്കാരെ റിച്ചെല്‍ഡിസ അവരവരുടെ വീടുകളിലേക്ക് അവസാനം പറഞ്ഞയച്ച ശേഷം ഏറെ വിഷമത്തോടെ തന്റെ കഠിനമായ പ്രാര്‍ത്ഥന തുടര്‍ന്നു.

‘പരിശുദ്ധ മറിയത്തിന്റെ പ്രേരണയാല്‍ പണി തുടങ്ങിയ ആലയം ആ അമ്മ തന്നെ പൂര്‍ത്തീകരിക്കും’ എന്ന് ആ ഭക്ത സ്ത്രീ ഉറച്ചു വിശ്വസിച്ചിരുന്നു. പിറ്റേന്ന് രാവിലെ പണി സ്ഥലത്തു കണ്ടത് തങ്ങള്‍ക്കു തുടരാനാവാതെ പോയ അടിത്തറയുടെ മുകളില്‍ ഏതാണ്ട് ഇരുന്നൂറ് അടികളോളം ഉയരത്തില്‍ ഏറെ ശില്‍പ്പ ചാരുതയോടെയും അത്യധികം ഉറപ്പോടെയും ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയം ആയിരുന്നു.പണി തുടരാനാവാതെ റിച്ചെൽഡിസ് വിഷമിച്ചു പ്രാര്‍ത്ഥിച്ച ആ രാത്രിയില്‍ പരിശുദ്ധ കന്യകാമറിയം തന്നെ മാലാഖ വൃന്ദങ്ങളെ അയച്ചു തന്റെ ഭവനം കെട്ടിപ്പൊക്കുകയാണുണ്ടായത് എന്നാണ് പരമ്പരാഗതമായ വിശ്വാസം.

നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ പണിതുയര്‍ത്തപ്പെട്ട ദേവാലയം അന്ന് മുതല്‍ അസംഖ്യം അത്ഭുതങ്ങളുടെ സാക്ഷ്യ കൂടാരമായി മാറുകയായിരുന്നു എന്ന് ചരിത്രം പറയുന്നു. പിന്നീട് തകർക്കപ്പെട്ട ആ ദേവാലയത്തിന്റെ അവശിഷ്‌ടം ഇപ്പോഴും കാണാവുന്നതാണ്.

വാൽത്സിങ്ങാമിന്റെ ചുറ്റിലുമുള്ള നാലില്‍ രണ്ടു ഭാഗങ്ങളും സമുദ്രത്താൽ വലയം ചെയ്യപ്പെട്ടിരിക്കെ ദേവാലയം പണിതതിനു ശേഷമുള്ള ആദ്യനാളുകള്‍ മുതല്‍ തന്നെ കാറ്റിലും കോളിലും പെട്ട് ദിശതെറ്റി ഉഴലുന്ന കടല്‍ സഞ്ചാരികളെ അത്ഭുതമായി രക്ഷിച്ചു കരക്കടുപ്പിച്ചിരുന്ന ഒരു പ്രദേശമായി ഈ ഗ്രാമം കൂടുതലായി അറിയപ്പെടാന്‍ തുടങ്ങി.ക്രമേണ കടല്‍ യാത്രക്കാരുടെ ഇടയില്‍ ‘വാൽത്സിങ്ങാമിലെ മാതാവ്’ തങ്ങളുടെ രക്ഷയുടെ കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങിയതായി ചരിത്രം പറയുന്നു.

മാതൃ നിർദ്ദേശത്താൽ പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട ‘വാൽത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് തന്റെ ദിവ്യ സുതനിലൂടെ ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്ന്’ പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. വാൽത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു ഉദ്ദിഷ്‌ഠ കാര്യം സാധിച്ചവരുടെയും, സന്താന സൗഭാഗ്യം, രോഗ സൗഖ്യം ഉൾപ്പെടെ നിരവധിയായ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ദേവവാലയ രേഖകളിലും തീർത്ഥാടകർക്കിടയിലും കാണുവാൻ കഴിയും.

വാൽത്സിങ്ങാമില്‍ 1061ൽ നിര്‍മ്മിതമായ ആ പുണ്യ ദേവാലയത്തിന്റെ ചുമതല റിച്ചെൽഡിസ് പ്രഭ്വിയുടെ കാലശേഷം മകന്‍ ജഫ്രി ഏറ്റെടുക്കുകയും പിന്നീട് അത് 1130 കാലഘട്ടത്തില്‍ അഗസ്റ്റീനിയന്‍ കാനന്‍സ് എന്ന സന്യാസ സമൂഹത്തിനു നല്‍കുകയും ചെയ്തു.അവരുടെ കീഴില്‍ ഈ ദേവാലയം മദ്ധ്യകാല യൂറോപ്പിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായി മാറിയിരുന്നു. 1226 കാലഘട്ടങ്ങളില്‍ ഇംഗ്ലണ്ട് ഭരിച്ച ഹെന്റി മൂന്നാമന്‍ മുതല്‍ 1511 ല്‍ കിരീടാവകാശിയായ ഹെന്റി എട്ടാമന്‍ വരെയുള്ളവര്‍ വാൽത്സിങ്ങാമിലേക്കു നഗ്നപാദരായി തീര്‍ത്ഥാടനങ്ങൾ നടത്തിയിരുന്നു.

1538 ല്‍ ലോകചരിത്രം തന്നെ മാറ്റിമറിച്ച മതനവീകരണ മാറ്റങ്ങള്‍ക്ക് ഇംഗ്ലണ്ട് സാക്ഷ്യം വഹിച്ചു. ഹെൻറി എട്ടാമൻ രാജാവ് കത്തോലിക്കാ സഭയുമായി തെറ്റി ‘ചർച്ച്‌ ഓഫ് ഇംഗ്ലണ്ട്’ സ്ഥാപിച്ച് ഈ പുണ്യകേന്ദ്രവും സ്വത്തു വകകളും തന്റെ അധീനതയിൽ ആക്കുകയും, ദേവാലയം പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോടെ മതനവീകരണ മുന്നേറ്റം വിശാല മനസ്ഥിതിയോടെ പുനര്‍നവീകരിക്കപ്പെട്ടു. അങ്ങിനെ 1896 ല്‍ ഷാര്‍ലറ്റ് പിയേഴ്സണ്‍ ബോയ്ഡ് എന്ന വനിത വാൽത്സിങ്ങാം മാതാവിന്റെ ദേവാലയം നിലനിന്നിരുന്ന ഗ്രാമത്തിനു പുറത്തുള്ള സ്ലിപ്പര്‍ ചാപ്പല്‍ വിലക്ക് വാങ്ങുകയും അതിനെ പുനരുദ്ധീകരിച്ച ശേഷം പരിശുദ്ധ കത്തോലിക്കാ സഭക്കായി വിട്ടു നൽകുകയും ചെയ്തു.

കിങ്സ് ലിനിലെ മംഗള വാര്‍ത്താ സ്മാരക ദേവാലയത്തില്‍ അമ്മയുടെ നശിപ്പിക്കപ്പെട്ട തിരു സ്വരൂപത്തിന്റെ മാതൃകയില്‍ ഒരു രൂപം നിര്‍മ്മിക്കുകയും വാൽത്സിങ്ങാമിലേക്കുള്ള ആദ്യ തീര്‍ത്ഥാടനം അവിടെനിന്നും 1897 ആഗസ്റ്റ് 20 ന് ആരംഭിക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു.

1922 ല്‍ വാല്‍ഷിഹാമിലെ പുതിയ വികാരിയായി നിയമിതനായ റവ:ആല്‍ഫ്രഡ് ഹോപ്പ് പാറ്റേണ്‍ എന്ന ആംഗ്ലിക്കന്‍ വൈദികന്‍ വാൽത്സിങ്ങാം മാതാവിന്റ്‌റെ ഒരു പുതിയ സ്വരൂപം നിര്‍മ്മിക്കുകയും പാരിഷ് ചര്‍ച്ച് ഓഫ് സെന്റ് മേരിയില്‍ അത് സ്ഥാപിക്കുകയും ചെയ്തു.1931 ല്‍ പുതുതായി നിര്‍മ്മിതമായ ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് വാൽത്സിങ്ങാമിൽ ഈ രൂപം പുനര്‍ പ്രതിഷ്ഠിച്ചു.

1934ല്‍ കര്‍ദിനാള്‍ ബോണ്‍,പതിനായിരം പേരടങ്ങുന്ന ഒരു തീര്‍ത്ഥാടക സംഘത്തെ സ്ലിപ്പര്‍ ചാപ്പലിലേക്കു നയിക്കുകയും അവിടെ സ്ഥിതി ചെയുന്ന പരിശുദ്ധ മറിയത്തിന്റെ ദേവാലയത്തെ കത്തോലിക്കാ സഭയുടെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.1950 മുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും തീര്‍ത്ഥാടകരായ ലക്ഷക്കണക്കിന് ആളുകള്‍ ഈ റോമന്‍ കത്തോലിക്കാ ദേവാലയം പ്രാർത്ഥനയർപ്പിക്കാനായി സന്ദർശിക്കാറുണ്ട്. വേനല്‍ക്കാല വാരാന്ത്യങ്ങളില്‍ യൂറോപ്പിന്റെയും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തീര്‍ത്ഥാടക സംഘങ്ങള്‍ ഇവിടെ വന്ന് വാൽത്സിങ്ങാം മാതാവിന്റെ അനുഗ്രഹവും മദ്ധ്യസ്ഥവും പ്രാപിച്ച് മടങ്ങുന്നു.

1982-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇംഗ്ലണ്ട് സന്ദർശന വേളയിൽ, സ്ലിപ്പർ ചാപ്പലിലെ മാതാവിന്റെ പ്രതിമ വെംബ്ലി സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോവുകയും, മാർപ്പാപ്പയുടെ പേപ്പൽ കുർബാനയ്ക്ക് മുമ്പായി സ്റ്റേഡിയത്തിന് ചുറ്റും പ്രദക്ഷിണമായി വലയം വെക്കുകയും ചെയ്തിരുന്നു.

‘സ്ലിപ്പര്‍ ചാപ്പല്‍’

14-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ പണികഴിപ്പിച്ചതും ‘അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറിനു’ സമർപ്പിച്ചിരിക്കുന്നതുമായ ഈ ചാപ്പൽ ഇംഗ്ലണ്ടിലെ നസ്രത്തിലേക്കുള്ള യാത്രാമധ്യേ തീർത്ഥാടകർക്ക് വിശ്രമ കേന്ദ്രവും, ഇടത്താവളവുമായിരുന്നു.

വിശുദ്ധ കാതറിൻ വിശുദ്ധ ദേശത്തേക്കുള്ള തീർത്ഥാടകരുടെ രക്ഷാധികാരിയും, കുരിശുയുദ്ധകാലത്ത് നസ്രത്തിലേക്കുള്ള വഴിയിൽ തീർത്ഥാടകർക്ക് സംരക്ഷകയും ആയിരുന്നു.

തീര്‍ത്ഥാടകര്‍ വാൽത്സിങ്ങാമിലെ വിശുദ്ധ ദേവാലയത്തിലേക്കുള്ള അവസാന മൈല്‍ (വിശുദ്ധ വഴി) നഗ്‌നപാദരായി നടക്കേണ്ടതിനായി ദിവ്യ ബലിക്കും കുമ്പസാരത്തിനുമായി സ്ലിപ്പർ ചാപ്പലിൽ എത്തുകയും അവിടെ സ്ലിപ്പർ അഴിച്ചു വെച്ച് തീർത്ഥാടനം തുടങ്ങുക പതിവായിരുന്നു. ഇങ്ങിനെ സ്ലിപ്പര്‍ (ചെരുപ്പ്) അഴിച്ചു വച്ച് യാത്ര ആരംഭിക്കുന്ന ഇടം എന്നതിനാലാണ് ഈ ദേവാലയത്തിനു ‘സ്ലിപ്പര്‍ ചാപ്പല്‍’ എന്ന പേര് കിട്ടിയത് എന്നാണ് ചരിത്രം.

ആംഗ്ലിക്കൻ സഭ അധീനതയിലാക്കിയ തീർത്ഥാടന കേന്ദ്രങ്ങളിൽ സ്ലിപ്പർ ചാപ്പൽ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ കീഴിലുള്ളത്. ഇംഗ്ലണ്ടിലെ നസ്രേത്തിൽ കത്തോലിക്കാ സഭയുടെ ‘നാഷണൽ ഷ്രയിൻ’ ആയി സ്ലിപ്പർ ചാപ്പലിനെ പ്രഖ്യാപിക്കുകയും 2015 ൽ പോപ്പ് ഫ്രാൻസീസ് മൈനർ ബസിലിക്കയായി ഉയർത്തുകയും ചെയ്തു വെന്നത് വാൽഷിങ്ങാം പുണ്യകേന്ദ്രത്തിന്റെ പ്രസക്തിയും മഹനീയതയുമാണ് ഉയർത്തിക്കാട്ടുക.

Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL

ബിജു നീണ്ടൂർ

ലണ്ടൻ: രാജ്യങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് അനേകായിരങ്ങളിലേക്ക് ദൈവവചനം പകർന്നു നൽകുന്ന ശാലോം ഫെസ്റ്റിവെലിന് ഇത്തവണ യു.കെയിലെ 10 നഗരങ്ങൾ വേദിയാകും. എഡിൻബർഗ്, ഗ്ലാസ്സ് ഗോ, ഇൻവെർനസ്സ്, ക്രൂ, സണ്ടർലാന്റ്, ഷെഫീൽഡ്, ന്യൂപോർട്ട്, സ്വാൻസ്സി, കഡിഗൺ, ലൂട്ടൺ എന്നിവയാണ് ശാലോം ഫെസ്റ്റിവെൽ 2024ന് ആതിഥേത്വം വഹിക്കാനൊരുങ്ങുന്ന നഗരങ്ങൾ.

”കർത്താവ് നിന്നെ നിരന്തരം നയിക്കും,” (ഏശയ്യ 58:11) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. പ്രമുഖ വചനപ്രഘോഷകനും ഗ്രന്ഥകാരനുമായ റവ. ഡോ. ജെയിംസ് കിളിയനാനി നയിക്കുന്ന വചനശുശ്രൂഷകളിൽ ജോഷി തോട്ടക്കര ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ശാലോം ഫെസ്റ്റിവെൽ വേദികൾ ചുവടെ:

ജൂൺ 15- എഡിൻബർഗ് (സെന്റ് കെന്റിജേൺ ചർച്ച്, ബാൺടൺ)

സമയം: രാവിലെ 11.00മുതൽ വൈകീട്ട് 7.00വരെ

ജൂൺ 17- ഗ്ലാസ്സ് ഗോ (സെന്റ് പോൾസ് ചർച്ച്)

സമയം: വൈകീട്ട് 5.00 മുതൽ 9.00വരെ

ജൂൺ 19- സെന്റ് നിനിയൻസ് കാത്തലിക് ചർച്ച് ഇൻവെർനസ്സ്

സമയം: രാവിലെ 11.00മുതൽ വൈകീട്ട് 5.00വരെ

ജൂൺ 22- ക്രൂ (സെന്റ് മേരീസ് ചർച്ച്)

സമയം: രാവിലെ 08.30 മുതൽ വൈകീട്ട് 4.00വരെ

ജൂൺ 28- സണ്ടർലാന്റ് (സെന്റ് ജോസഫ് കാത്തലിക് ചർച്ച്)

സമയം: വൈകീട്ട് 6.00 മുതൽ 9.30വരെ

ജൂൺ 29- ഷെഫീൽഡ് (സെന്റ് പാട്രിക് കാത്തലിക് ചർച്ച്)

സമയം: ഉച്ചയ്ക്ക് 12.00മുതൽ വൈകീട്ട് 07.00 വരെ

ജൂലൈ 5- ന്യൂപോർട്ട് (സെന്റ് ഡേവിഡ് കാത്തലിക് ചർച്ച്)

സമയം: വൈകീട്ട് 6.30 മുതൽ 9.30വരെ

ജൂലൈ 6- സ്വാൻസ്സി (ഹോളിക്രോസ് കാത്തലിക് ചർച്ച്)

സമയം: രാവിലെ 9.00 മുതൽ വൈകീട്ട് 4.00വരെ

ജൂലൈ 8- കഡിഗൺ (ഔർ ലേഡി ഓഫ് ദ ടാപ്പർ കാത്തലിക് ദൈവാലയം)

സമയം: വൈകീട്ട് 5.00 മുതൽ 8.00വരെ

ജൂലൈ 13- ലൂട്ടൺ (ഹോളിഗോസ്റ്റ് കാത്തലിക് ചർച്ച്)

സമയം: രാവിലെ 9.30 മുതൽ വൈകീട്ട് 05.00വരെ

കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജീസ്‌ട്രേഷനും:

Shalom World Malayalam – Shalom Festival

കാർഡിഫ് : വെയിൽസിലെ സെന്‍റ് അന്തോണീസ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ജൂൺ 16 ഞായറാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നു. ‌‌‌

തിരുന്നാളിന് ഒരുക്കമായി ജപമാലയും നൊവേനയും നടന്നു വരികയാണ്. തിരുനാൾ ദിവസം കാർഡിഫ് സെൻ്റ് ഇല്ലിഡ്സ് സ്കൂൾ ചാപ്പലിൽ വച്ച് ഉച്ചതിരിഞ്ഞ് 2.30 ന് തിരുനാൾ കൊടിയേറ്റവും ശേഷം പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും നടത്തപ്പെടുന്നു. തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനയും സ്‌നേഹവിരുന്നും നടത്തപ്പെടും.

തിരുനാൾ കുർബാനയിൽ റവ.ഫാ. ജോബി വെള്ളപ്ലാക്കേൽ സി.എസ്.ടി മുഖ്യ കാർമ്മികത്വം വഹിക്കും. തിരുനാൾ കുർബാനയ്ക്ക് ശേഷം ഭക്തിപൂർവ്വകമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. വാദ്യമേളങ്ങളും, വര്‍ണ്ണ മുത്തുക്കുടകളും വർണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാർത്ഥനാഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം വെയിൽസിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും. റവ. ഫാ. മാത്യു പാലറകരോട്ട് സി ആർ എം, ഫാ. ജോസ്‌ കുറ്റിക്കാട്ട് ഐ സി എന്നിവർ നേതൃത്വം നൽകും.

ഈ തിരുനാളിൽ പങ്കെടുത്ത് വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴിയായി കർത്താവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി തിരുനാൾ കമ്മിറ്റിക്കു വേണ്ടി മിഷൻ ഡയറക്ടർ റവ. ഫാ. അജൂബ് തോട്ടനാനിയിൽ, ജനറൽ കൺവീനർ തോമസ്കുട്ടി കുഴിമറ്റത്തിൽ, ട്രസ്റ്റിമാരായ ബെന്നി ഫിലിപ്പ്, തങ്കച്ചൻ കനകാലയം , ജെയിംസ് ജോസഫ് എന്നിവർ അറിയിച്ചു.

തിരുനാൾ ദിവസം നേർച്ച കാഴ്ചകൾ അർപ്പിക്കുവാനും, കുട്ടികളെ അടിമവെക്കുവാനും, കഴുന്നെടുക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

തിരുനാൾ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിന്‍റെ വിലാസം:-
St Illtyd’s Catholic High School Chapel,
Newport Rd, Rumney
CF3 1XQ

RECENT POSTS
Copyright © . All rights reserved