Spiritual

യുകെയിൽ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ അഭിഷേകാഗ്നിയായി പതിനാലാം വർഷത്തിലേക്ക് കടക്കുന്നു .

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മെഗാ ബൈബിൾ കൺവെൻഷൻ നവംബർ 11 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. കൺവെൻഷൻ നയിക്കാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ആത്മീയ നേതൃത്വം റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ യുകെ യിലെത്തും. കൺവെൻഷനൊരുക്കമായി അഭിഷേകാഗ്നി മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിൽ, സിസ്റ്റർ ഡോ: മീന ഇലവനാൽ , ബ്രദർ ജോസ് കുര്യാക്കോസ് , ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നാളെമുതൽ സൂം പ്ലാറ്റ്‌ ഫോമിൽ പ്രത്യേക പരിശുദ്ധാത്മ നവനാൾ നൊവേന നടക്കും. താഴെ കൊടുക്കുന്ന ലിങ്കിൽ ജോയിൻ ചെയ്ത് ഈ ശുശ്രൂഷയുടെ ഭാഗമാകുവാൻ അഭിഷേകാഗ്നി ടീം യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

https://us06web.zoom.us/j/85607798931?pwd=d2JJS1E4OW96bm0wcnhQYXNwUDYvQT09

ദിവസവും രാത്രി 8.30 മുതൽ 9.15 വരെയാണ് നൊവേന നടക്കുക . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പൊസ്തലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന രൂപത കലോത്സവ മത്സരങ്ങൾക്ക് മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങൾ പൂർത്തിയായി . രൂപതയിലെ പന്ത്രണ്ട് റീജിയണുകളിലായി നടത്തപ്പെട്ട മത്സരങ്ങളിൽ ഓരോ ഇടവക / മിഷൻ / പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് മാറ്റുരച്ചത്. ബൈബിൾ പ്രതിഷ്ഠയോടുകൂടി ആരംഭിച്ച ഓരോ റീജിയണിന്റെയും മത്സരങ്ങൾ വിശ്വാസത്തിന്റെ വലിയ പ്രഘോഷണമായി മാറി . വചനമായി അവതരിച്ച ദൈവത്തെ കലയുടെ രൂപത്തിൽ വിവിധ സ്റ്റേജുകളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ വലിയ ഒരു വിശ്വാസ സാക്ഷ്യത്തിന് വേദിയായി ഓരോ മത്സരങ്ങളും . രൂപത മത്സരങ്ങൾ നവംബർ 18 ന് സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടും . റീജിയണുകളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികളാണ് രൂപത മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്. ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ ,പതിനാറില്പരം സ്റ്റേജുകളിലായി നടത്തപ്പെടുന്ന രൂപത മത്സരങ്ങൾ, ബ്രിട്ടണിലെത്തന്നെ ഏറ്റവും വലിയ ബൈബിൾ അധിഷ്ഠിത മത്സരങ്ങൾക്കാണ് സാക്ഷിയാവുന്നത് . രൂപത മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി നൂറിൽപരം വോളന്റീർസിന്റെ സഹായത്തോടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു .

രൂപത കലോത്സവ മത്സരങ്ങളോട് ചേർന്ന് നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 31 നാണ് .റീജിയണൽ മത്സരങ്ങളിൽ നിന്നും രൂപത മത്സരങ്ങൾക്ക് യോഗ്യത നേടിയവരുടെ പേരുകൾ ഒക്ടോബർ 31 ന് മുമ്പ് രൂപത ബൈബിൾ അപ്പസ്റ്റോലേറ്റിൽ ലഭിക്കേണ്ടതാണെന്ന് ബൈബിൾ അപ്പോസ്തലേറ്റിന് വേണ്ടി പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

ബെഡ്ഫോർഡ്: ബെഡ്ഫോർഡ് കേന്ദ്രീകരിച്ച് കുർബ്ബാനയും ശുശ്രുഷകളും നടത്തിപ്പോരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള മാസ്സ് സെന്റർ, മിഷനായി ഉയർത്തി. ബെഡ്ഫോർഡ് തിരുന്നാളിനോടനുബന്ധിച്ചുള്ള ശുശ്രുഷയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുർബ്ബാന കേന്ദ്രത്തെ മിഷനായി പ്രഖ്യാപിക്കുകയും ട്രസ്റ്റികൾക്കു ഡിക്രി കൈമാറുകയും ആയിരുന്നു. ബെഡ്ഫോർഡിലും പരിസരങ്ങളിലുമായി താമസിക്കുന്ന നസ്രാണി കത്തോലിക്കരുടെ ചിരകാല അഭിലാഷമാണ് ഇതോടെ നിറവേറ്റപ്പെട്ടിരിക്കുന്നത്.

പ്രഥമ തിരുന്നാൾ ദിനത്തിൽ രാവിലെ ഒമ്പതു മണിക്ക് ജപമാല സമർപ്പണവും, വി.അൽഫോൻസാമ്മയോടുള്ള നൊവേനയുടെ സമാപനവും, തിരുന്നാൾ കൊടിയേറ്റും നടന്നു. തുടർന്ന് ഫാ.എബിൻ നീരുവേലിൽ വി സി, ഫാ.ജോബിൻ കൊശാക്കൽ എന്നിവർ സംയുക്തമായി ആഘോഷമായ തിരുന്നാൾ കുർബ്ബാന അർപ്പിച്ചു.

പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ബെഡ്ഫോർഡിൽ നടന്നുവന്നിരുന്ന ദശ ദിന ജപമാലയുടെ സമാപന സമർപ്പണം നടന്നു. തിരുന്നാളിന് മുഖ്യകാർമ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെ മിഷനംഗങ്ങൾ ദേവാലയ അങ്കണത്തിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ച് ആനയിച്ചത്.

24 ഓളം വരുന്ന തിരുന്നാൾ പ്രസുദേന്തിമാരെ വാഴിച്ച ശേഷം ആരംഭിച്ച ഭക്തിനിർഭരമായ തിരുന്നാൾ ദിവ്യബലിയിൽ ബിഷപ്പ് മാർ സ്രാമ്പിക്കൽ മുഖ്യകാർമ്മീകനായി. 2005 ൽ ബെഡ്ഫോർഡിൽ വിശുദ്ധബലിക്ക് ആരംഭം കുറിച്ച ഫാ. മാത്യു വണ്ടാലക്കുന്നേൽ, മിഷൻ പ്രീസ്റ്റ് ഫാ.എബിൻ നീരുവേലിൽ വി സി എന്നിവരും സഹകാർമ്മികരായി. തിരുന്നാൾ കുർബ്ബാനക്കു ശേഷം, ലദീഞ്ഞും തുടർന്ന് വിശുദ്ധരുടെ രൂപങ്ങൾ ഏന്തി ദേവാലയം ചുറ്റി നടത്തിയ പ്രദക്ഷിണം പ്രധാന വേദിയായ ജോൺ ബനിയൻ സെന്ററിൽ സമാപിച്ചു.

ഉയർന്ന ഗ്രേഡുകൾ നേടിയ മതബോധന സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ തദവസരത്തിൽ വിതരണം ചെയ്തു.

ജോണ് ബനിയൻ സെന്ററിൽ നടത്തിയ ഇടവക ദിനാഘോഷം ബെഡ്ഫോർഡ് ആംഗ്ലിക്കൻ രൂപതയുടെ ബിഷപ്പ് റിച്ചർഡ് അറ്റ്കിൻ ഉദ്ഘാടനം ചെയ്തു. ബെഡ്ഫോർഡ് ആൻഡ് കെംപ്സ്റ്റൻ എംപി മുഹമ്മദ് യാസിൻ, മിഷൻ ഡയറക്ടർ ഫാ.എബിൻ നീരുവേലിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോബിൻ കൊശാക്കൽ, ക്രൈസ്റ്റ് ചര്ച്ച് വികാരി ഫാ റിച്ചാർഡ് അലഡിക്സ്, ഫാ. മാത്യു വണ്ടാലക്കുന്നേൽ, ഫാ. മാത്യു പീടികയിൽ തുടങ്ങിയ വൈദികരും പാരീഷ് ഡേയിൽ സന്നിഹിതരായിരുന്നു.

രാത്രി പന്ത്രണ്ടു മണിവരെ നീണ്ടു നിന്ന സൺഡേ സ്കൂളിന്റെ വാർഷികവും, ഭക്ത സംഘടനകളുടെ കലാ പരിപാടികളും ഏറെ ആകർഷകവും വിശ്വാസദീപ്തവുമായി. തിരുന്നാളിനോടനുബന്ധിച്ച് സ്നേഹവിരുന്നും, കരിമരുന്നു കലാപ്രകടനവും കമ്മിറ്റി ക്രമീകരിച്ചിരുന്നു.

സമാപന ദിനമായ മൂന്നാം ദിവസം മരിച്ചവിശ്വാസികളുടെ ഓർമ്മത്തിരുന്നാളിൽ വിശുദ്ധ ബലിയും ഒപ്പീസും നടത്തിയ ശേഷം തിരുന്നാളിന് കൊടിയിറങ്ങി.

മാത്യു കുരീക്കൽ ( കൺവീനർ), രാജൻ കോശി, ജയ്മോൻ ജേക്കബ്‌, ജോമോൻ മാമ്മൂട്ടിൽ, ജൊമെക്സ് കളത്തിൽ, ആന്റോ ബാബു, ജെയ്‌സൺ ജോസ് എന്നിവർ തിരുന്നാൾ ആഘോഷത്തിന് നേതൃത്വം വഹിച്ചു.

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററും, അഭിഷിക്ത തിരുവചന ശുശ്രുഷകയും, അനുഗ്രഹീത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ഓൺലൈൻ ശുശ്രുഷകൾ ‘സൂം’ പ്ലാറ്റുഫോമിലൂടെ നവംബർ 19 മുതൽ 22 വരെ ലഭ്യമാവും.
ആന്തരിക സൗഖ്യം, രോഗശാന്തി, ആരാധന, വിടുതൽ, വചന സന്ദേശം തുടങ്ങിയ ആല്മീയ ശുശ്രുഷാ മേഖലകൾ സംയോജിപ്പിച്ച് നടത്തപ്പെടുന്ന  ഓൺലൈൻ അഭിഷേക ശുശ്രുഷകളാണ് സിസ്റ്റർ ആൻ മരിയ വിഭാവനം ചെയ്യുന്നത്.
ഇന്ത്യ,അമേരിക്ക, യു കെ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ സൗകര്യ പ്രദമായി പങ്കുചേരുവാൻ ഉതകുന്ന വിധത്തിലാണ് ധ്യാന ശുശ്രുഷകൾ ZOOM ലൂടെ ക്രമീകരിച്ചിരിക്കുന്നത്.
ആന്തരിക മുറിവുകളെയും, ശാരീരിക-മാനസ്സീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി മനസ്സിനും ശരീരത്തിനും സ്വസ്ഥതയും ശാന്തിയും  ആരോഗ്യവും പകരുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രുഷകളിൽ പങ്കു ചേർന്ന് കൃപകളും അനുഗ്രഹങ്ങളും വിടുതലും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
CONTACT: + 44 7915 602258, +44 7848 808550
ZOOM MEETING ID: 597 220 6305
 PASS CODE: 1947

IND(01:00-02:30),UK(19:30-21:00),USA(14:30-16:00),AUS(06:30-08:00)

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഡിസംബർ മാസം 16 ന് ശനിയാഴ്ച ലണ്ടൻ റീജൻ ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകും.
പ്രശസ്ത ധ്യാന ഗുരുവും, സീറോ മലബാർ യൂത്ത്  അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും, മ്യൂസിഷ്യനും, ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്‌ടാവും ആയ ഫാ. ബിനോജ് മുളവരിക്കൽ ലണ്ടൻ ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.
ലണ്ടൻ റീജണിലെ മിഷനുകളുടെ കോർഡിനേറ്ററും ഇവാഞ്ചലൈസേഷൻ ഡയറക്ടറുമായ ഫാ.ജോസഫ് മുക്കാട്ട് സഹകാർമികത്വം വഹിക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.
ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ രാവിലെ ഒമ്പതരക്ക് ആരംഭിച്ചു വൈകുന്നേരം നാലു മണിയോടെ സമാപിക്കും. തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ റീജണൽ കോർഡിനേറ്റർ മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അറിയിച്ചു.
കുമ്പസാരത്തിനും,സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ലഘുഭക്ഷണം ക്രമീകരിക്കുന്നതാണ്.
കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ക്രമീകരിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മാത്തച്ചൻ വിളങ്ങാടൻ – 07915602258

Venue: Sir Walter Raleigh  Drive, Rayleigh SS6 9BZ

ലണ്ടൻ• മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ,യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനത്തിന്റെ മാതൃദേവാലയമായ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ഇടവക പെരുന്നാൾ ഒക്ടോബർ 29 മുതൽ നവംബർ 5 വരെ നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മുഖ്യകാർമ്മികത്വം വഹിക്കും.

 

ഇന്ന് നടക്കുന്ന പെരുന്നാൾ കൊടിയേറ്റ് ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കൺവൻഷനും പ്രധാന പെരുന്നാൾ ദിവസങ്ങളിൽ ഒന്നായ നവംബർ 4 ന് എല്ലാ വർഷവും നടത്തി വരാറുള്ള തീർത്ഥാടനവും നടക്കും. ലണ്ടനിലെ വിവിധ ഓർത്തഡോക്സ് ഇടവകളിൽ നിന്നും പ്രാർത്ഥന കൂട്ടായ്മകളിൽ നിന്നും തീർത്ഥാടകർ പദയാത്രയായി പള്ളിയിലേക്ക് എത്തി ചേരും. ഉച്ചയ്ക്ക് 12 മണിക്ക് തീർത്ഥാടകകർക്കുള്ള സ്വീകരണവും ഉച്ച നമസ്കാരവും കഞ്ഞി നേർച്ചയും ഉണ്ടായിരിക്കും.

 

വൈകിട്ട് 5 ന് സന്ധ്യ നമസ്കാരവും കണവൻഷൻ പ്രസംഗവും അതെ തുടർന്ന് പുണ്യസ്മൃതിയും ശ്ലൈഹീക വാഴ്‌വും ഉണ്ടായിരിക്കും. പ്രധാന പെരുന്നാൾ ദിവസമായ നവംബർ 5 ന് രാവിലെ 8.30 ന് പ്രഭാത നമസ്ക്കാരവും 9.30 ന് വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് ഭക്തി നിർഭരമായ റാസയും ശ്ലൈഹീക വാഴ്‌വും നേർച്ചവിളമ്പും ഉണ്ടായിരിക്കും. പെരുന്നാൾ ക്രമികരണങ്ങൾക്ക് ഇടവക ട്രസ്റ്റി സിസൻ ചാക്കോ, സെക്രട്ടറി ബിജു കൊച്ചുണ്ണുണി, പെരുന്നാൾ കൺവീനർ റോയസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്‌.

പെരുന്നാളിനോട് അനുബന്ധിച്ച് റാഫിൾ നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. ഒന്നാം സമ്മാനമായി ഒരു പവൻ സ്വർണ്ണം, രണ്ടാം സമ്മാനമായി ആപ്പിൾ വാച്ച്, മൂന്നാം സമ്മാനമായി ആമസോൺ ഫയർ എച്ച് ഡി ടാബ്ലറ്റ് എന്നിവ നൽകും. നവംബർ 4, 5 തീയതികളിൽ ജെക്യൂബ് മൾട്ടിമീഡിയയിലൂടെ പെരുന്നാൾ ലൈവും ഉണ്ടായിരിക്കുന്നതാണ്.

വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 27 വെള്ളി, 28 ശനി തിയ്യതികളിൽ വൈകുന്നേരം 6.30 മുതൽ 9 മണിവരെയും യൂത്ത് സെമിനാർ ഒക്ടോബർ 27 വെള്ളി വൈകുന്നേരം 3 മണി മുതൽ 5 മണിവരെയും നടത്തപ്പെടുന്നു.

കർത്തൃദാസൻ പാസ്റ്റർ ജോർജ് അലകസാണ്ടർ (യു. എസ്. എ) ദൈവ വചനം ശുശ്രൂഷിക്കുകയും ഡോക്ടർ ബ്ലെസൻ മേമന യൂത്ത്‌ സെമിനാർ നയിക്കുകയും ചെയ്യുന്നു.

ഐ പി സി യൂക്കെ & അയർലൻഡ്‌ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ്ജ് കൺവൻഷൻ ഉദ്‌ഘാടനം നിർവ്വഹിക്കുകയും. റീജിയൻ സെക്രട്ടറി പാസ്റ്റർ ഡീഗൾ ലൂയിസ് ഒക്ടോബർ 28നു ആമുഖ പ്രസംഗം നടത്തുകയും ചെയ്യും.

സ്ഥലം- HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE.

ഈ മീറ്റിംഗിലേക്കു ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു. ദൈവ വചനം കേൾക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും ഇത് ഒരു വിലയേറിയ അവസരമാകും.

Free Parking available on site. Further details please contact Pastor Johnson George #07852304150 / Roy Chacko #07341430791 Website: wbpfwatford.co.uk & Email [email protected]

ഷൈമോൻ തോട്ടുങ്കൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത പ്രെസ്റ്റൺ റീജിയൻ ബൈബിൾ കലോത്സവം ഈ വരുന്ന ഒക്ടോബർ 28 ശനിയാഴ്ച പ്രെസ്റ്റൺ ക്രോസ്ഗേറ്റ് ചർച്ച് സെന്ററിൽ നടക്കും. രാവിലെ 9 മണിക്ക് റീജിയനിൽ നിന്നുള്ള വൈദികരുടെ സാന്നിധ്യത്തിൽ റീജിയണൽ ഡയറക്ടർ റവ ഫാ ബാബു പുത്തൻപുരക്കലിന്റെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന കലോത്സവം വൈകിട്ട് 9 ന് സമാപിക്കും.

പ്രെസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട എട്ട് മിഷണുകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരക്കുന്ന ഈ ബൈബിൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി വരുന്നതായി കലോത്സവത്തിന്റെ ചാർജുള്ള ഫാ ആൻഡ്രൂസ് ചെതലൻ അറിയിച്ചു. പ്രെസ്റ്റൺ കത്തീഡ്രൽ ഇടവകയാണ് മത്സരങ്ങൾക്കുള്ള വേദിയുടെ ക്രമീകരണങ്ങൾ ചെയ്യുന്നത്. അതിനായി കലോത്സവം ജനറൽ കോർഡിനേറ്റർ ജോബി ജേക്കബ്, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ റെജി തോമസ്, ബിജു ചാക്കോ, സന്തോഷ്‌ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നും വിവിധ ഇടവകകളിൽ നിന്നുള്ളവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

ബിനോയ് എം. ജെ.

മനുഷ്യജീവിതം പരിമിതമാക്കപ്പെട്ടിരിക്കുന്നു. വ്യക്തിത്വം എന്ന പദം തന്നെ പരിമിതിയെ സൂചിപ്പിക്കുന്നു. ആസ്വാദനത്തിന്റെ പരിമിതിയാണ് എല്ലാ പരിമിതികളുടെയും കാരണം. നിങ്ങളിലൊരാൾ ബഹിർമുഖനെന്നും മറ്റൊരാൾ അന്തർമുഖനെന്നും എണ്ണപ്പെടുന്നതെന്തുകൊണ്ട്? വ്യക്തിത്വത്തിന്റെ പരിമിതി തന്നെ. ആദ്യത്തെയാൾ മറ്റുള്ളവരുമായി കൂട്ടുകൂടുന്നതിനെ ആസ്വദിക്കുമ്പോൾ രണ്ടാമത്തെയാൾ ഒറ്റക്കിരിക്കുന്നതിനെ ആസ്വദിക്കുന്നു. എന്നാൽ ഒരേസമയം മറ്റുള്ളവരോടും തന്നോടുതന്നെയും കൂട്ടുകൂടുന്നതിനെ ആസ്വദിക്കുവാൻ ഒരാൾക്ക് നിഷ്പ്രയാസം സാധിക്കും. ജീവിതം തന്നെ ദ്വൈതങ്ങളുടെ ഒരു സമ്മേളനമാണ്. ഒരാൾ പ്രായോഗികമായി ചിന്തിക്കുന്നു; മറ്റൊരാൾ സൈദ്ധാന്തികമായി ചിന്തിക്കുന്നു. ഒരാൾ സമൂഹത്തോട് ചേർന്ന് ചിന്തിക്കുന്നു; മറ്റൊരാൾ സമൂഹത്തിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നു. ഒരാൾ പ്രശ്നങ്ങളെ പരിഹരിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നു; മറ്റൊരാൾ സുഖങ്ങൾ അന്വേഷിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നു. എല്ലാം ആസ്വാദനത്തിന്റെ കളികൾ മാത്രം. നിങ്ങൾ എന്തിനെ ആസ്വദിക്കുന്നുവോ അതിലേക്ക് നിങ്ങളുടെ വ്യക്തിത്വം പരിമിതപ്പെടുന്നു. എന്നാൽ നിങ്ങൾക്ക് എല്ലാറ്റിനെയും ആസ്വദിക്കുവാൻ കഴിയും. അപ്പോൾ നിങ്ങൾ എല്ലാ പരിമിതികളെയും അതിജീവിക്കും.

നാം ഒന്നിനെ ആസ്വദിക്കുവാൻ പഠിക്കുന്നതിനോടൊപ്പം അതിന് വിരുദ്ധമായതിനെ വെറുക്കുവാനും പഠിക്കുന്നു. അതായത് നാം ജീവിതത്തെ ഭാഗികമായി മാത്രം കാണുകയും അറിയുകയും ചെയ്യുന്നു. ഒരു പന്തിനെ ഒരു വശത്തു നിന്നും നോക്കുമ്പോൾ മറുവശം മറക്കപ്പെടുന്നതുപോലേയുള്ളൂ ഇത്. എന്നാൽ നമുക്ക് ഇരുവശവും നോക്കി കാണുവാൻ കഴിയും. അപ്പോൾ മാത്രമേ നാമാ പന്തിനെ പൂർണ്ണമായും അറിയുന്നുള്ളു. ഇപ്രകാരം ജീവിതത്തെ ഒരു വശത്തു കൂടി മാത്രം നോക്കി കാണുമ്പോൾ നാം ജീവിതത്തെ പൂർണ്ണമായും അറിയുന്നില്ല. ഒരാൾ ഒരേസമയം പൂർണ്ണനായ അന്തർമുഖനും ബഹിർമുഖനും ആകുമ്പോൾ, പൂർണ്ണനായ സുഖാന്വേഷിയും ദുഃഖാന്വേഷിയും ആകുമ്പോൾ, പൂർണ്ണനായ പ്രായോഗികവാദിയും സൈദ്ധാന്തികവാദിയും ആകുമ്പോൾ; ഇപ്രകാരമുള്ള എല്ലാ ദ്വൈതങ്ങളെയും അതിജീവിക്കുമ്പോൾ, അയാളുടെ വ്യക്തിത്വം പൂർണ്ണതയിലേക്ക് വളർന്ന് വികസിക്കുന്നു. നിങ്ങൾ ജീവിതത്തിൽ സുഖം മാത്രമേ അന്വേഷിക്കുന്നുള്ളുവെങ്കിൽ നിങ്ങൾക്ക് ഒരിക്കലും പൂർണ്ണനാകുവാൻ കഴിയുകയില്ല. ഒരേസമയം സുഖത്തെയും ദുഃഖത്തെയും അന്വേഷിക്കുകയും ആസ്വദിക്കുകയും ചെയ്യുവിൻ. ദുഃഖത്തെയും, വേദനകളെയും, മരണത്തെയും മറ്റും എങ്ങനെയാണ് ആസ്വദിക്കുക? പരിശ്രമിക്കുവിൻ! നിങ്ങൾക്കതിന് കഴിയും! ഒരു ഔൺസ് ദുഃഖത്തെ ആസ്വദിച്ച് കഴിയുമ്പോഴേക്കും ആ ദുഃഖം തിരോഭവിച്ചു കഴിഞ്ഞിരിക്കും. കാരണം നിങ്ങൾ അതിനോട് പൊരുത്തപ്പെട്ടിരിക്കുന്നു!

നിങ്ങൾ പൂർണ്ണനാകണമെന്ന് സമൂഹവും ഈശ്വരനും നിഷ്കർഷിക്കുന്നതുപോലെ തോന്നുന്നു. കുറെനാൾ മലമുകളിലൂടെ നടന്നാൽ കുറെനാൾ നിങ്ങൾ താഴ് വരയിലൂടെ നടന്നേ തീരൂ..ജനിക്കുന്ന ഏതൊരുവനും മരിച്ചേ തീരൂ..ആരോഗ്യവും സൗന്ദര്യവും ക്ഷയിക്കും..പണം വന്നു ചേരുന്നതുപോലെ തന്നെ തിരോഭവിക്കുകയും ചെയ്യും..എല്ലാം മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു! ഒന്നും സ്ഥായിയല്ല! ഈ ജീവിതത്തിൽ വിജയം വരിക്കണമെങ്കിൽ എല്ലാറ്റിനെയും ആസ്വദിച്ചേ തീരൂ. പരിമിതികൾക്ക് ഇവിടെ സ്ഥാനമില്ല. ദുഃഖവും, വേദനകളും, രോഗവും, മരണവും നൃത്തം ചവിട്ടുന്ന ഈ ജീവിതത്തിൽ സുഖത്തെ മാത്രം ആസ്വദിക്കുന്നതിന്റെ പിറകിലത്തെ യുക്തി എന്താണ്? ജീവിതം പരിപൂർണ്ണമാണ്. അത് ഒരിക്കലും ഭാഗികമല്ല; ആകുവാൻ പാടില്ല. നിങ്ങൾ സുഖത്തെ മാത്രമായോ ദുഃഖത്തെ മാത്രമായോ ആസ്വദിച്ചാൽ നിങ്ങൾക്ക് അനന്താനന്ദത്തിന്റെ വിഹായുസ്സിൽ പറന്നുയരുവാനാവില്ല. രണ്ടിനെയും ഒരു പോലെ ആസ്വദിക്കുവിൻ.

ജീവിതത്തിൽ എല്ലായിടത്തും സുഖദു:ഖങ്ങൾ ജോഡികളായി കാണപ്പെടുന്നു. നിങ്ങൾ ജീവിതത്തിൽ എന്തിനെയെങ്കിലും തിരഞ്ഞെടുത്തു നോക്കുവിൻ. അവിടെ സുഖവും ദുഃഖവും ഒരുപോലെ സന്നിഹിതമായിരിക്കുന്നുവെന്ന് കാണാം. പണവും, അധികാരവും, പ്രശസ്തിയും വരുമ്പോൾ അവയോടൊപ്പം സുഖദു:ഖങ്ങൾ രണ്ടും ഒരുപോലെ വന്നുചേരുന്നു. പണം വരുമ്പോൾ സുഖഭോഗങ്ങളോടൊപ്പം ഒറ്റപ്പെടലിന്റെ വേദനയും വന്നുചേരുന്നു. നിങ്ങൾ വിവാഹം കഴിക്കുമ്പോൾ ജീവിതപങ്കാളി സമ്മാനിക്കുന്ന സുഖത്തെയും, ദുഃഖത്തെയും ഒരുപോലെ സ്വീകരിച്ചേ തീരൂ. ഇവിടെയെല്ലാം സുഖത്തെ മാത്രമായി ആസ്വദിക്കുകയും അതിനോട് പറ്റിച്ചേർന്ന് കിടക്കുന്ന ദുഃഖത്തെ ആസ്വദിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ മനോസംഘർഷത്തിലേക്ക് വഴുതി വീഴുന്നു. എന്നാൽ രണ്ടിനെയും ഒരുപോലെ ആസ്വദിച്ചാൽ നിങ്ങളുടെ ആനന്ദം അനന്തമായി വർദ്ധിക്കുന്നു.

ഇപ്രകാരം പരിമിതികളില്ലാത്ത വ്യക്തിത്വത്തെ വളർത്തിയെടുക്കുവാൻ ശ്രമിക്കുവിൻ. ഇവിടെ നമ്മുടെ കയ്യിലുള്ള ഏക ഉപകരണം ആസ്വാദനം ആകുന്നു. ജീവിതത്തെ ആസ്വദിക്കുവാനുള്ള നിങ്ങളുടെ കഴിവിനെ ഉണർത്തിയെടുക്കുവിൻ. അത് ഇപ്പോൾ ഏതാണ്ട് ഉറങ്ങിയ മട്ടാണ്. നിങ്ങൾ എവിടെ ആയിരിക്കുന്നുവോ അവിടെ ആസ്വാദനം തുടങ്ങുവിൻ. ക്രമേണ അത് മറ്റു മേഖലകളിലേക്ക് പടർന്നുകൊള്ളും. അങ്ങനെ ജീവിതത്തെ അതിന്റെ എല്ലാ വൈരുദ്ധ്യങ്ങളോടും കൂടി ആസ്വദിക്കുവിൻ. ഒരു ചിറക് മാത്രം ഉപയോഗിച്ച് ഒരു പക്ഷിക്ക് എങ്ങനെ പറക്കുവാൻ കഴിയും? പറക്കണമെങ്കിൽ എപ്പോഴും രണ്ടു ചിറകുകൾ ആവശ്യമാണ്. പരസ്പരവിരുദ്ധങ്ങളായ മനോഭാവങ്ങളെ ഒരുമിച്ച് ഉൾക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് അതിനുള്ള കഴിവ് സിദ്ധിക്കുന്നു. അപ്പോൾ നിങ്ങൾ പരിപൂർണ്ണനാവുകയും അനന്താനന്ദത്തിന്റെ വിഹായുസ്സിൽ പറന്നുയരുകയും ചെയ്യുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഷൈമോൻ തോട്ടുങ്കൽ
ബ്രാഡ്ഫോർഡ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലീഡ്സ് റീജിയണൽ ബൈബിൾ കലോത്സവത്തിന് ഉജ്വല പരിസമാപ്തി . റീജിയൻ രൂപീകൃതമായ ശേഷം ആദ്യമായി നടന്ന ബൈബിൾ കലോത്സവത്തിൽ റീജിയണിലെ മുഴുവൻ ഇടവക / മിഷൻ പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിൽ നിന്നുമായി നൂറു കണക്കിന് മത്സരാർഥികൾ ആണ് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത് .
മിഷൻ കേന്ദ്രങ്ങളിൽ നിന്നും മത്സരങ്ങളിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മത്സരാർഥികൾ നടത്തിയ ഇഞ്ചോടിഞ്ചു പോരാട്ടത്തിനാണ് ബ്രാഡ്‌ഫോർഡിലെ ഡിക്സൺ കോട്ടിങ്‌ലി  അക്കാദമി വേദിയായത് . ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് ലീഡ്സ് റീജിയണൽ ഡയറക്ടർ റെവ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ വിശുദ്ധ ബൈബിൾ പ്രതിഷ്ഠ നടത്തിയതോടെ ആണ് മത്സരങ്ങൾ ആരംഭിച്ചത് . തുടർന്ന് നടന്ന ഉത്‌ഘാടന സമ്മേളനത്തിൽ  ബൈബിൾ കലോത്സവം റീജിയണൽ കോഡിനേറ്റർ ഫാ ജോസ് അന്ത്യാളം എം സി ബി എസ് .  ഫാ. സജി തോട്ടത്തിൽ . ബൈബിൾ അപ്പോസ്റ്റലേറ്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് തിരികൾ തെളിച്ച്  ഉത്‌ഘാടനം ചെയ്തു .
വിവിധ വേദികളിലായി മുന്നൂറ്റി അൻപതോളം മത്സരാർഥികൾ പങ്കെടുത്ത മത്സരങ്ങൾ വൈകിട്ട് എട്ടു മണിയോടെ ആണ് സമാപിച്ചത് . വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വച്ച് വിജയികളായ എല്ലാവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു . റെവ. ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ . ഫാ. ജോസ് അന്ത്യാളം എം സി ബി എസ് . ഫാ. സാജു പിണക്കാട്ട് , ഫാ. ജോഷി കൂട്ടുങ്ങൽ ,ബൈബിൾ കലോത്സവം നാഷണൽ കോഡിനേറ്റർ , ആന്റണി മാത്യു ,  ബൈബിൾ അപ്പോസ്റ്റലേറ്റ് പ്രതിനിധികൾ ആയ ജോൺ കുര്യൻ , ജിമ്മിച്ചൻ ജോർജ് , ആതിഥേയർ ആയ ലീഡ്സ് ഇടവക സൺ‌ഡേ സ്ക്കൂൾ ഹെഡ് മാസ്റ്റർ ഡേവിസ് പോളിന്റെ നേതൃത്വത്തിൽ ഉള്ള ലീഡ്സ് ഇടവക ടീം , സൺ‌ഡേ സ്‌കൂൾ അധ്യാപകർ , കമ്മീഷൻ അംഗങ്ങൾ എന്നിവർ കലോത്സവ പരിപാടികൾക്ക് നേതൃത്വം വഹിച്ചു .
Copyright © . All rights reserved