എയ്ല്‍സ്ഫോര്‍ഡ്: ഇംഗ്‌ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ് എയ്ല്‍സ്ഫോര്‍ഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്ഫോര്‍ഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നില്‍ക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയില്‍ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് മരിയന്‍ തീര്‍ത്ഥാടനമാണ് മെയ് 25 ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്നത്. വിശ്വാസികളുടെ ബാഹുല്യം നിമിത്തം ശ്രദ്ധേയമായ കഴിഞ്ഞവര്‍ഷത്തെ തീര്‍ത്ഥാടനം അനന്യമായ ആത്മീയ ഉണര്‍വാണ് രൂപതയ്ക്ക് ആകമാനം നല്‍കിയത്. രൂപതയിലെ എട്ടു റീജിയനുകള്‍ കേന്ദ്രീകരിച്ചു തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
കഴിഞ്ഞ ഞായറാഴ്ച എയ്ല്‍സ്ഫോര്‍ഡ് ഡിറ്റന്‍ ഹാളില്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റെവ. ഫാ. ടോമി എടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ക്ക് രൂപം കൊടുത്തു. ജനറല്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍, ലിജോ സെബാസ്റ്റ്യന്‍ മെയ്ഡ്സ്റ്റോണ്‍ എന്നിവരെയും, ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി ഷാജി ലോനപ്പന്‍ ക്യാറ്റ്ഫോര്‍ഡ്, ജസ്റ്റിന്‍ ജോസഫ് ആഷ്ഫോര്‍ഡ് എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍: ജോസുകുട്ടി ജില്ലിങ്ഹാം (ലിറ്റര്‍ജി), ബിനു മാത്യു മെയ്ഡ്സ്റ്റോണ്‍ (റിസപ്ഷന്‍), ടോമി വര്‍ക്കി സൗത്ത്ബറോ, ജോസഫ് കുര്യന്‍ ജില്ലിങ്ഹാം (പ്രദിക്ഷണം), റോജോ കുര്യന്‍ മെയ്ഡ്സ്റ്റോണ്‍ (ട്രാന്‍സ്പോര്‍ട്ട്, പാര്‍ക്കിംഗ്), ജോമി ടോള്‍വര്‍ത്ത് (കേറ്ററിംഗ്), അജീഷ് സെബാസ്റ്റ്യന്‍ മെയ്ഡ്സ്റ്റോണ്‍ (ഡെക്കറേഷന്‍), ആല്‍ബി ജോസഫ് മെയ്ഡ്സ്റ്റോണ്‍ (ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി). കൂടാതെ സെന്റ് പാദ്രെ പിയോ മിഷന്‍ എയ്ല്‍സ്ഫോര്‍ഡ് ട്രസ്റ്റിമാരായ ജോബി ജോസഫ്, അനൂപ് ജോണ്‍, ജോഷി ആനിത്തോട്ടത്തില്‍ എന്നിവര്‍ തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കും. സീറോ മലബാര്‍ ലണ്ടന്‍ മിഷന്‍ ഡയറക്ടറായ റെവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഗാനശുസ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ഉച്ചക്ക് പന്ത്രണ്ടുമണിക്കു എയ്ല്‍സ്ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തില്‍ വിശ്വാസികള്‍ ഒന്നടങ്കം പങ്കുചേരും. അതിനുശേഷം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാന നടക്കും. സ്വര്ഗാരോപിതമാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്‍പില്‍ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും കുര്‍ബാന അര്‍പ്പിക്കുക.രൂപതയുടെ എല്ലാ റീജിയനുകളില്‍നിന്നും വിശ്വാസികള്‍ക്കൊപ്പം എത്തുന്ന വൈദികര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരാകും. വിശുദ്ധകുര്‍ബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം നടക്കും.
തീര്‍ത്ഥാടകര്‍ക്കായി കാറുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിനാവശ്യമായി വിശാലമായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണശാലകളും ഭക്തസാധങ്ങളുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുനാള്‍ പ്രസുദേന്തിയാകാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ മിഷന്‍ ഡയറക്ടേഴ്സുമായോ തിരുനാള്‍ കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിലേക്ക് എല്ലാ വിശ്വാസികളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
റവ. ഫാ. ടോമി എടാട്ട് (07438434372), ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍ (07832374201), ലിജോ സെബാസ്റ്റ്യന്‍ (07828874708)
Addres of the Venue:
The Friars, Aylesford,
Kent, ME20 7BX
സന്ദര്‍ലാന്‍ഡ്: കാല്‍വരി കുന്നുകളിലെ യാഗത്തിന്റെ ഓര്‍മ്മ പുതുക്കാനായി നോര്‍ത്ത് ഈസ്റ്റിലെ മലയാളി ക്രൈസ്തവ വിശ്വാസികള്‍ ഒസ്മതെര്‍ലി കുന്നുകളിലേക്ക് ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു. ഇംഗ്ലിഷ് ക്രൈസ്തവരുടെപാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെര്‍ലി കുന്നിലെ ഔര്‍ ലേഡി ചാപ്പലില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ദുഖവെള്ളിയാഴ്ച പ്രാര്‍ഥനകള്‍ ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും.
ദുഖവെള്ളിയാഴ്ച, ഏപ്രില്‍ 19, രാവിലെ 10.30 നു തുടങ്ങുന്ന പീഡാനുഭവ അനുസ്മരണയാത്രയില്‍ ഇംഗ്ലിഷ് വിശ്വസ്സികള്‍ക്ക് ഒപ്പം മലയാളിക്രൈസ്തവരും അണിനിരക്കും. ഉപവാസ ദിനമായതിനാല്‍ തിരുകര്‍മങ്ങള്‍ക്ക് ശേഷം ലഘു ഭക്ഷണം നല്കുന്നതാണ്. പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ നേരത്തെ ബന്ധപ്പെട്ട്, സൗകര്യം ക്രമീകരിക്കേണ്ടതാണ്.
അഡ്രസ്:
Shrine Our Lady of Mount Grace,
Ruebury Lane,
Osmotherley- DL6 3AP
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07590516672, 07846911218
അലക്സ് വര്‍ഗീസ്
മാഞ്ചസ്റ്റർ: ഭാരത ക്രൈസ്തവ സമൂഹത്തിന്റെ വളർച്ചയിൽ ക്നാനായക്കാർ ചരിത്രത്തിനു മുൻപേ സഞ്ചരിച്ചവരാണ്. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല, ജാതിമത ഭേദമില്ലാതെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും, മെച്ചപ്പെട്ട ജീവിതസമ്പ്രദായം രൂപകൽപന ചെയ്യുന്നതിനും ക്നായിതൊമ്മനും അദ്ദേഹത്തിനെ അനുയായികളും നൽകിയ സംഭാവനകൾക്ക് ചരിത്രം സാക്ഷിയാണ്. ഇരുപതാം നൂറ്റാണ്ടിൽ ആരംഭിച്ച കുടിയേറ്റത്തിന്റെ കാര്യത്തിലും ക്നാനായ സമൂദായം എല്ലാ മലയാളി സമൂഹങ്ങൾക്കും മാതൃകയും വഴികാട്ടിയുമായിരുന്നു.
ക്നാനായ സമൂദായത്തിന്റെ ഹൃദയവിശാലതയുടെയും നന്മയുടെയും ഉദാഹരണമായി, യുകെയിലെ മലയാളികത്തോലിക്കാ സമൂഹത്തിനു മുഴുവൻ വഴികാട്ടിയാവുകയും, കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ അവരുടെ വേദനകളിലും കഷ്ടപ്പാടുകളിലും അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്ത ഫാ. സജി മലയിൽപുത്തൻപുരയിൽ തന്റെ പൗരോഹിത്യത്തിന്റെ ഇരുപത്തഞ്ചു വർഷം പിന്നിടുമ്പോൾ അത് യുകെയിലെ മലയാളി സമൂഹത്തിനു മുഴുവൻ ആഹ്ളാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്.
1969 ജൂൺ 23ന്, മലയിൽപുത്തൻപുരയിൽ കുര്യൻ, ഏലിക്കുട്ടി ദമ്പതികളുടെ മകനായി സജിയച്ചൻ ജനിച്ചു. ക്രിസ്തുവിനുവേണ്ടിയും അവിടുത്തെ സഭയ്ക്കു വേണ്ടിയും ശുശ്രൂഷ ചെയ്യാൻ, ഒരു വൈദികനായി തീരണമെന്ന ആഗ്രഹവുമായി അദ്ദേഹം തന്റെ സ്‌കൂൾ വിദ്യാഭ്യാസം പിന്നിട്ടു. വെളിയന്നൂർ വന്ദേമാതരം ഹൈസ്‌കൂളിൽ നിന്നും SSLC പാസ്സായശേഷം തന്റെ ദൈവവിളി തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹം St. Stanislaus മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ആലുവ പൊന്തിഫിക്കൽ സെമിനാരി, ബാംഗ്ലൂർ ധർമ്മാരാം വിദ്യാക്ഷേത്ര എന്നിവിടങ്ങളിൽ നിന്ന് വൈദിക പഠനം പൂർത്തിയാക്കി.
1995 ഏപ്രിൽ 19ന് മടമ്പം ഫൊറോനാ പള്ളിയിൽ വച്ച്, ദിവംഗതനായ മാർ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലീത്തായിൽ നിന്ന് വൈദികപട്ടം സ്വീകരിച്ച് അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ പയ്യാവൂർ ടൗൺ പള്ളിയിൽ പ്രഥമദിവ്യബലി അർപ്പിച്ച് തന്റെ പൗരോഹിത്യ ജീവിതത്തിനു തുടക്കം കുറിച്ചു. പിന്നീട് കൈപ്പുഴ, തോട്ടറ, മംഗലംഡാം, കരിപ്പാടം, പടമുഖം, തിരൂർ, എന്നീ ഇടവകളിൽ സേവനം ചെയ്തതിനു ശേഷം 2005 സെപ്തംബറിൽ യുകെയിലെ മാഞ്ചസ്റ്ററിലേക്ക് സഭാശുശ്രൂഷകൾക്കായി നിയോഗിക്കപ്പെട്ടു.
2006-ലെ ദുക്റാന തിരുനാൾ ദിനത്തിൽ St. Thomas RC centre-ന് തുടക്കം കുറിക്കുകയും, St. Mary’s Sunday School സ്ഥാപിക്കുകയും ചെയ്ത അദ്ദേഹം, 2008-ൽ യുവജനങ്ങൾക്കായി Santhom Youth എന്ന യുവജനസംഘടന രൂപീകരിച്ചു. St. Thomas RC centre-ന്റെ കീഴിൽ 7 മാസ്സ് സെന്ററുകൾ ആരംഭിക്കുകയും അവിടെയെല്ലാം വിശുദ്ധ കുർബ്ബാനയും, വേദപാഠക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തുകൊണ്ട് നോർത്ത് വെസ്റ്റിലെ മലയാളികളായ കത്തോലിക്കാസമൂഹത്തിന്റെ വിശ്വാസജീവിതത്തിന് ശക്തമായ അടിത്തറ സ്ഥാപിച്ചു.
യുകെയിലെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഒന്നിച്ചുകൂട്ടുന്ന, യുകെയിലെ ഏറ്റവും വലിയ തിരുനാളായി മാറിയ മാഞ്ചെസ്റ്റർ തിരുനാളിനു തുടക്കം കുറിച്ചത് സജിയച്ചനായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പിന്നീട് യുകെയിലെ വിശ്വാസി സമൂഹങ്ങൾ ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലായി ആഘോഷമായി നടത്തിയ തിരുന്നാളുകൾ ഈ രാജ്യത്തെ തദ്ദേശവാസികളുടെ ഇടയിൽ ക്രൈസ്തവവിശ്വാസത്തിന്റെ മഹത്വവും ആനന്ദവും പ്രഘോഷിച്ചുകൊണ്ട് ഇന്നും തുടർന്നു പോരുന്നു എന്നത് അദ്ദേഹം പാകിയ നന്മയുടെ വിത്തുകൾ സമുദായത്തിന്റെയോ റീത്തുകളുടെയോ വ്യത്യാസമില്ലാതെ ബ്രിട്ടനിൽ എക്കാലവും വളർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. 2013-ൽ യൂറോപ്പിലെ ഏറ്റവും വലിയ ആത്മീയ വിരുന്നായിരുന്ന മാഞ്ചസ്റ്റർ അഭിഷ്കാഗ്നി കൺവെൻഷൻ അടക്കം സജിയച്ചന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ട നിരവധി ആത്മീയ സമ്മേളനങ്ങൾ അദ്ദേഹത്തിന്റെ അസാമാന്യമായ സംഘാടക പാടവത്തിന്റെ തെളിവാണ്.
യൂറോപ്പിലെ ഏറ്റവും വലിയ സമുദായ സംഘടനയായ UKKCA യുടെ Spiritual Adviser ആയ സജിയച്ചൻ 2011-ൽ UKKCYL-ന് തുടക്കം കുറിച്ചു. ബ്രിട്ടനിൽ സീറോമലബാർ സഭയ്ക്ക് സ്വന്തമായി രൂപത സ്ഥാപിക്കുന്നതിനു മുൻപുതന്നെ, 2014-ൽ ബ്രിട്ടനിലെ കത്തോലിക്കാ സഭയിൽ നിന്നും ഷൂഷ്ബറി രൂപതയുടെ കീഴിൽ ക്നാനായ സമൂദായത്തിന് സ്വന്തമായി ചാപ്ലൻസി അനുവദിച്ചുകിട്ടിയത് സജിയച്ചന്റെ കഠിനാധ്വാനത്തിന്റെയും സമുദായസ്നേഹത്തിന്റെയും ഫലമായിട്ടായിരുന്നു. St. Mary’s Knanaya Chaplaincy എന്ന യൂറോപ്പിലെ ഈ പ്രഥമ ക്നാനായ ചാപ്ലൻസിയെ നയിക്കാൻ സഭ അദ്ദേഹത്തെ നിയോഗിച്ചു. 2015-ൽ St John Paul II Sunday School സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ക്നാനായസമുദായത്തിന്റെ പുതിയ തലമുറയുടെ വിശ്വാസവളർച്ചക്ക് അടിസ്ഥാനമിട്ടു.
2016-ൽ ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത സ്ഥാപിതമായപ്പോൾ, രൂപതാധ്യക്ഷനായ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ യുകെയിലെ ക്നാനായ സമുദായത്തിന്റെ മുഴുവൻ അധികച്ചുമതല നൽകിക്കൊണ്ട് സജിയച്ചനെ രൂപതയുടെ വികാരിജനറാളായി നിയമിച്ചു. 2018 ഡിസംബറിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യുകെയിലെ ആദ്യത്തെ ക്നാനായ മിഷനായ St. Marys Knanaya Mission പ്രഖ്യാപിക്കുകയും സജിയച്ചനെ മിഷൻ ഡയറക്ടറായി നിയമിക്കുകയും ചെയ്തു.
യുകെയിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വളർച്ചയിൽ സമുദായ, റീത്ത് വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളുടെയും ആത്മീയ വളർച്ചക്ക് ശക്തമായ അടിത്തറ പാകുന്നതിൽ സജിയച്ചൻ സുപ്രധാന പങ്കു വഹിച്ചു, പിന്നീട് ക്നാനായ സമുദായത്തിന്റെ അമരക്കാരനായി നിയമിതനായതുമുതൽ ഈ സമുദായത്തിന്റെ വിശ്വാസപരവും സാമുദായികവുമായ വളർച്ചയ്ക്കും, പിന്നീട് ക്നാനായ സമുദായത്തിനുവേണ്ടി 15 മിഷനുകൾക്കുള്ള അനുവാദം സഭയിൽ നിന്നും നേടിയെടുക്കുന്നതിനും അദ്ദേഹം വഹിച്ച പങ്ക് വാക്കുകൾക്ക് അതീതമാണ്.
വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ദീർഘവീക്ഷണത്തോടെ പദ്ധതികൾ രൂപീകരിക്കുന്നതിനും, കാര്യക്ഷമമായി അതു നടപ്പിൽ വരുത്തുന്നതിനും അദ്ദേഹത്തിനുള്ള കഴിവും, യുകെയിലെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളായ സജിയച്ചൻ ആധുനിക കാലഘട്ടത്തിലെ അജപാലന മേഖലയിലെ വെല്ലുവിളികൾ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട്, പ്രാർത്ഥനയിലൂടെയും സഹനത്തിലൂടെയും ത്യാഗോജ്വലമായി അതിജീവിക്കുന്നതും പുതിയ തലമുറയിലെ വൈദികർക്ക് മാതൃകയാക്കാവുന്നതാണ്.
യുകെയിലെ വിശ്വാസിസമൂഹത്തിന്റെ ജീവിതത്തിൽ അവരോടൊപ്പം വിശ്രമമില്ലാതെ സഞ്ചരിക്കുന്ന ആടുകളുടെ മണമുള്ള ഈ ഇടയന്, ഏപ്രിൽ 22-ന് മാഞ്ചസ്റ്ററിൽ വച്ചു നടക്കുന്ന അദ്ദേഹത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷവേളയിൽ യുകെയിലുള്ള മുഴുവൻ വിശ്വാസിസമൂഹത്തിന്റെയും ലോകം മുഴുവനുമുള്ള ക്നാനായ സമൂഹത്തിന്റെയും പ്രാർത്ഥനാ നിർഭരമായ ആശംസകൾ.
മാഞ്ചസ്റ്റർ ബോൾട്ടണിലെ ഔർ ലേഡി ഓഫ് ലൂർദ്ദസ് ദേവാലയത്തിൽ നടക്കുന്ന കൃതജ്ഞതാ ബലിയോടെയാണ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. ദിവ്യബലിയെ തുടർന്ന് നടക്കുന്ന സ്വീകരണ ചടങ്ങുകൾ ബോൾട്ടിലെ 3D സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ദേവാലയത്തിന്റെ വിലാസം:-
Our Lady of Lourdes Church,
275 Plodder Lane,
Farnworth,
BL4 0BR,
Bolton.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:-
3D Centre,
Bella St,
Bolton,
BL3 4DU.
എല്ലാ മനുഷ്യരും അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ ജറുസലെമില്‍ അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കട്ടെ എന്ന തോബിത് വചനത്തിലധിഷ്ഠിതമാക്കി ലെസ്റ്ററില്‍ ഗ്രാന്‍ഡ് മിഷന്‍ ധ്യാനത്തിന് തുടക്കമായി.ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അദ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വത്തില്‍ വാര്‍ഷിക ധ്യാന ശുശ്രുക്ഷകള്‍ക്കു തുടക്കം കുറിച്ചു. നോമ്പുകാലം സഹനത്തിന്റെ ക്ഷമയുടെ അനുസ്മരണമാക്കാന്‍ അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു. ഈശോയുടെ പീഡാനുഭവ സഹനങ്ങള്‍ നമ്മുടെ അനുദിന ജീവിതത്തോട് താതാത്മ്യപെടുത്തി ക്ഷമയുടെ കാത്തിരിപ്പിന്റെ വക്താക്കളായി മാറുവാന്‍ അവിടുന്ന് ഉത്ബോധിപ്പിച്ചു ഫാദര്‍ സോജി ഓലിക്കല്‍ നേതൃത്വത്തില്‍ സെഹിയോന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഒന്‍പതു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും ഏപ്രില്‍ 16 കുമ്പസാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു.
വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്ന കുരുത്തോല പെരുന്നാള്‍ ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ നടത്തുകയുണ്ടായി. ദേവാലയ അങ്കണത്തില്‍ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹം യേശുദേവന്റെ ജറുസലേമിലെ രാജകീയ പ്രവേശ അനുസ്മരണം ഓശാന ഗീതികളാല്‍ സിറോമലബാര്‍ ആരാധന അധിഷ്ഠിതമായ കുരുത്തോല പ്രദിക്ഷിണം, ആനവാതില്‍ പ്രവേശനം എന്നി ചടങ്ങുകളാല്‍ ഭക്തി സാന്ദ്രമാക്കി.
വിശുദ്ധ കുര്‍ബാനയിലെ തിരുവചന സന്ദേശത്തില്‍ വികാരി ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്ക പെട്ടവരുടെ അടിച്ചമര്‍ത്ത പെട്ടവന്റെ ദീനരോദനം കരുണയുടെ ഓശാനയായി മാറ്റുവാനും യേശുവിന്റെ രാജത്വത്തെ കരുണയുടെ അനുഭവമായി ഉള്‍കൊള്ളാനും ഉദ്ബോധിപ്പിച്ചു. കുരുത്തോലകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ദാവീദിന്റെ പുത്രന് ഓശാന പാടിയും ആശംസകള്‍ കൈമാറിയും നസ്രാണി പാരമ്പര്യ അധിഷ്ഠിതമായ കൊഴുക്കട്ട ഭകഷണം പങ്കുവെച്ചു കുരുത്തോല തിരുന്നാള്‍ വേറിട്ടൊരു അനുഭവമായി ലെസ്റ്ററില്‍.
ചിത്രങ്ങളിലേക്ക്
വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഏപ്രില്‍ മാസം 17-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
വലിയ നോമ്പിലെ അവസാനത്തെ മരിയന്‍ ദിന ശുശ്രൂഷയില്‍ പരിശുദ്ധ അമ്മയോടുള്ള സ്നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തിയുള്ള മരിയന്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
5.30pm ആരാധന, ജപമാല, 6.45pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, മരിയന്‍ പ്രദക്ഷിണവും, പരി.പരമ ദിവ്യകാരുണ്യ ആരാധനയും
പള്ളിയുടെ വിലാസം:
Our Lady and St.George
Church,132 Shernhall Street,
Walthamstow, E17. 9HU
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ‘മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ്’ മേയ് 4ന് നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്യല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഇടാട്ട് അച്ചനും സീറോ മലബാര്‍ ചാപ്ലിന്‍ ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.
രാവിലെ ഒന്‍പതിനു ആരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതായിരിക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രദര്‍ ചെറിയാന്‍ സാമുവേലിനെയോ (07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടാവുന്നതാണ്.
ടെന്‍ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജണിലുള്ള ദി ക്വീന്‍ ഓഫ് റോസറി മിഷന്റെ ആഭിമുഖ്യത്തില്‍ ടെന്‍ഹാം (ഓക്‌സ് ബ്രിഡ്ജ് ) കത്തോലിക്ക ദേവാലയത്തില്‍ വെച്ച് വിശുദ്ധവാര ശുശ്രുഷകള്‍ നടത്തപ്പെടുന്നു. പെസഹാ, ദുഃഖവെള്ളി, ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല കാര്‍മ്മികത്വം വഹിക്കും.
വാറ്റ്ഫോര്‍ഡ്, ഹെയര്‍ഫീല്‍ഡ്, ഹൈവെകോംബ് എന്നീ സെന്ററുകള്‍ കേന്ദ്രീകരിച്ചുള്ള സീറോ മലബാര്‍ മിഷന്‍ നേതൃത്വം നല്‍കുന്ന വിശുദ്ധ വാരാചരണത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു.
പെസഹാതിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പാലും അപ്പവും ക്രമീകരിക്കുന്നുണ്ട്. ദുഃഖ വെള്ളി ശുശ്രുഷകള്‍ക്ക് ശേഷം കഞ്ഞി നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.
വിശുദ്ധവാര ശുശ്രുഷകളുടെ സമയക്രമം
പെസഹാ വ്യാഴം- 17:30 – 19:00
ദുഃഖ വെള്ളി- 9:00 – 13:00 .
ഈസ്റ്റര്‍ വിജില്‍ (ശനിയാഴ്ച) 17:30 19 :30
പള്ളിയുടെ വിലാസം:
2, Oldmill Road.
UB9 5AR. Denham,
Uxbridge, London.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Jomon Harefield-07804691069,
Shaji Watford-0773702264,
Ginobin HighWycomb-07785188272
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മഷനില്‍ വിശുദ്ധവാര ശുശ്രൂഷകളുടെ സമയക്രമീകരണവും ദേവാലയത്തിന്റെ അഡ്രസ്സും ചുവടെ ചേര്‍ക്കുന്നു.
18/4/2019 പെസഹാ വ്യാഴം: 7.30 pm
19/4/2019 ദു:ഖവെള്ളി: 08:30 AM 12:30 pm
20/4/2019 ദുഃഖ ശനി: ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ 07:30 pm
വിലാസം:-
Our Lady of Walsingham Church,
Holtwhites hill,
Enfield,
EN2 8HG
വലിയ നോമ്പിലെ ഈ ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും ഒത്തിരി സേനഹത്തോടെ സ്വാഗതം ചെയ്യുന്നതായി മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
ഐഫൽ ഗോപുരം ഫ്രാൻസിന്റെ ദേശീയതയെ പ്രതിനിധീകരിക്കുന്നു. നോട്ടർഡാം കത്തീഡ്രലാകട്ടെ ഫ്രഞ്ച് സംസ്കാരത്തിന്റെ പ്രതീകമാണ്. ഫ്രഞ്ച് വിപ്ലവത്തെ അതിജീവിച്ച കത്തീഡ്രൽ പുനർനിർമാണത്തിനിടെ അഗ്നിബാധയ്ക്കിരയായത് ഫ്രഞ്ചുകാർക്കു സഹിക്കാനാവാത്ത നഷ്ടമാണു വരുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഫ്രാൻസിനു മൊത്തം തീപിടിച്ചുവെന്ന സങ്കടം പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പങ്കുവച്ചത്. ക്രിസ്തുവിനെ ധരിപ്പിച്ച മുൾക്കിരീടവും കുരിശിൽ തറയ്ക്കാനുപയോഗിച്ച ആണിയും അടക്കമുള്ള അമൂല്യവസ്തുക്കളുടെ സൂക്ഷിപ്പുകേന്ദ്രം.
1163-1345 നോട്ടർഡാം കത്തീഡ്രൽ നിർമാണം. പുരാതന ഗാളോ-റോമൻ പട്ടണമായ ല്യുട്ടേഷ്യയുടെ സ്ഥാനത്താണ് ഇതു പണിതത്. 127 മീറ്റർ നീളം, 48 മീറ്റർ വീതി, 47 മീറ്റർ ഉയരം. ഗോപുരങ്ങൾക്ക് 68 മീറ്റർ ഉയരം. പടിഞ്ഞാറേ ഗോപുരം 1200-ൽ നിർമാണം തുടങ്ങി. 1240-ൽ വടക്കേ ഗോപുരം തീർന്നു. 1250-ൽ തെക്കേ ഗോപുരവും. ഫ്രഞ്ച് ഗോഥിക് വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഈ ദേവാലയം. 1789-93 ഫ്രഞ്ച് വിപ്ലവം. കലാപകാരികൾ കത്തീഡ്രലിനു നാശനഷ്ടം വരുത്തി. ബൈബിളിലെ രാജാക്കന്മാരുടെ 28 പ്രതിമകളുടെ ശിരസ് തകർത്തു. ഇവയിൽ 21 എണ്ണം 1977-ൽ സമീപത്തു നടത്തിയ ഖനനത്തിൽ കണ്ടെത്തി. ഇവ ക്ലൂണി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കത്തീഡ്രലിലെ മണികൾ ഉരുക്കി പീരങ്കിയുണ്ടകൾ നിർമിച്ചു. 1804: നെപ്പോളിയൻ ചക്രവർത്തി ദേവാലയം ആരാധനയ്ക്കായി വിട്ടുകൊടുത്തു. ചക്രവർത്തിയുടെ കിരീടധാരണം ഈ ദേവാലയത്തിൽ നടത്തി. 1831: വിക്തോർ യൂഗോയുടെ നോട്ടർഡാമിലെ കൂനൻ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നു. അക്കാലമായപ്പോഴേക്ക് ദേവാലയം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കൂനൻ ക്വാസിമോന്തോയുടെ കഥ ദേവാലയ പുനരുദ്ധാരണത്തിലേക്ക് ജനശ്രദ്ധ ആകർഷിച്ചു.
1844: ദേവാലയ പുനരുദ്ധാരണം ആരംഭിച്ചു. ഴാങ് ബപ്തീസ്ത് ലാസൂസും യൂജീൻ എമ്മാനുവലും നേതൃത്വം നൽകി. 1905: ദേവാലയം ഫ്രഞ്ച് സർക്കാർ ഏറ്റെടുത്തു. ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു. 1909: ജോവാൻ ഓഫ് ആർകിനെ പത്താം പിയൂസ് മാർപാപ്പ ഈ ദേവാലയത്തിൽവച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1944 ഓഗസ്റ്റ്: ജർമൻ പിടിയിൽനിന്നു പാരീസ് മോചനം നേടിയതിനു കൃതജ്ഞതാബലി നോട്ടർഡാം കത്തീഡ്രലിൽ. ജനറൽമാരായ ചാൾസ് ഡിഗോളും ഫിലിപ്പ് ലെക്ലറും പങ്കെടുത്തു. 1991: നോട്ടർ ഡാം കത്തീഡ്രൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ. 2012-13: കത്തീഡ്രലിന്റെ 850-ാം വാർഷികം
പാരീസിന്റെ കാവൽവിശുദ്ധരായ ഡെനിസിന്റെയും ജനവീവിന്റെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം. നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി കിരീടം ധരിച്ച വേദി. ജർമനിയുടെ ആധിപത്യത്തിൽനിന്നു പാരീസ് മോചിതമായതിന്റെ കൃതജ്ഞതാബലി നടന്ന സ്ഥലം. ഗോഥിക് വാസ്തുവിദ്യയുടെ മനോഹാരിത. മനോഹരമായ ചില്ലുജനാലകൾ. മണികൾ, 8000 പൈപ്പുകൾ ഉള്ള ഓർഗൻ തുടങ്ങി പുരാതന സാങ്കേതികത്തികവു നിറഞ്ഞ ഉപകരണങ്ങൾ. വിക്തർ യൂഗോയുടെ നോട്ടർഡാമിലെ കൂനൻ എന്ന നോവൽ. പാരീസ് അതിരൂപതയുടെ കത്തീഡ്രൽ. പാരീസിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന സ്ഥലം (വർഷം 1.2 കോടി പേർ).നോട്ടർഡാം കത്തീഡ്രലിനെ വ്യത്യസ്തമാക്കുന്ന, ലോകപൈതൃക കേന്ദ്രങ്ങളിലൊന്നായി മാറ്റുന്ന അനേകം സവിശേഷതകളുണ്ട്.
കർത്താവിന്റെ മുൾക്കിരീടം യേശുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകളാണ് കത്തീഡ്രലിന്റെ പ്രധാന പ്രത്യേകത. യേശുവിന്റെ തലയിൽ ചൂടിച്ച മുൾക്കിരീടത്തിന്റെ ഭാഗമാണ് ഇതിലൊന്ന്. മുൾക്കിരീടത്തിൽ ചുറ്റിയ നാട ജറുസലേമിൽനിന്നു കൊണ്ടുവന്നതാണെന്നു വിശ്വസിക്കപ്പെടുന്നു. പ്രത്യേകമായി അലങ്കരിച്ചാണ് സംരക്ഷിച്ചിരിക്കുന്നത്. യേശുവിനെ തറച്ച കുരിശിന്റെ ഒരു കഷണം, തറയ്ക്കാനുപയോഗിച്ച ആണികളിലൊന്ന് എന്നിവയും ഇവിടെയുണ്ട്. വിശുദ്ധ ലൂയിയുടെ ലിനൻ വസ്ത്രവും ഇവിടെ സൂക്ഷിക്കുന്നു. പതിമ്മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലൂയി രാജാവ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട ഏക ഫ്രഞ്ച് അധികാരിയാണ്.
തിരുശേഷിപ്പുകളെല്ലാം സുരക്ഷിതമാണെന്നാണ് പാരീസ് അധികൃതർ അറിയിച്ചത്. ചില്ലുജനാലകൾ സ്റ്റെയിൻഡ് ഗ്ലാസ് പാനലുകൾ ഉപയോഗിച്ചു നിർമിച്ച മൂന്നു റോസ് വിൻഡോ (പള്ളികളിൽ കാണുന്ന വലിയ വൃത്താകൃതിയിലുള്ള ജനാല)കൾ ഇവിടെ ഉണ്ടായിരുന്നു. പൂക്കളുടെ ദളങ്ങൾ പോലെയുള്ള ഓരോ ഭാഗത്തും ചിത്രങ്ങളുണ്ട്. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും അപ്പസ്തോലന്മാരുടെ ജീവിതത്തിലെയും കഥകളാണ് ചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്.
പടിഞ്ഞാറ്, തെക്ക്, വടക്കു ഭാഗത്തായിട്ടാണ് റോസ് വിൻഡോകൾ. തെക്കു ഭാഗത്തുള്ള 43 അടി വ്യാസമുള്ള ഏറ്റവും വലുത് ടൂറിസ്റ്റുകളുടെ പ്രധാന ആകർഷകകേന്ദ്രമാണ്. ജനാലകൾ തീപിടിത്തത്തെ അതിജീവിച്ചെന്നാണു റിപ്പോർട്ട്. മണിഗോപുരങ്ങൾ ഇരട്ട മണിഗോപുരങ്ങളാണ് കത്തീഡ്രലിന്റെ മുഖമുദ്ര. രണ്ടു ഗോപുരങ്ങൾക്കും 68 മീറ്റർ ഉയരം. 387 പടികൾ കയറിയാൽ പാരീസ് നഗരം മുഴുവൻ കാണാം. മണിഗോപുരങ്ങൾ തീപിടിത്തത്തിൽനിന്നു രക്ഷപ്പെട്ടു. മണികൾ
പത്തു മണികളാണുള്ളത്. ഇമ്മാനുവൽ എന്നു പേരുള്ള ഏറ്റവും വലിയ മണിക്ക് 23 ടൺ ഭാരമുണ്ട്. 1685ലാണ് ഇതു സ്ഥാപിച്ചത്. ഫ്രഞ്ച് ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളിൽ ഇമ്മാനുവലിന്റെ മുഴക്കം പാരീസ് നിവാസികൾ കേട്ടു. രണ്ടു ലോകമഹായുദ്ധങ്ങളും അവസാനിച്ചപ്പോൾ മുഴങ്ങിയതടക്കം. ദ ഗ്രേറ്റ് ഓർഗൻ ദ ഗ്രേറ്റ് ഓർഗൻ എന്നു വിളിക്കുന്ന പള്ളിയിലെ ഓർഗൺ 1403ലാണ് ആദ്യം നിർമിച്ചത്. പിന്നീടിങ്ങോട്ട് പലപ്പോഴായി അറ്റകുറ്റപ്പണിയും നവീകരണവും നടത്തി. ഏറ്റവും അവസാനം 2013ലായിരുന്നു. 8000 പൈപ്പുകളാണ് ഓർഗനു ശബ്ദം നല്‍കുന്നത്. ചില പൈപ്പുകൾക്ക് എണ്ണൂറിലധികം വർഷം പഴക്കമുണ്ട്. ഓർഗൻ സുരക്ഷിതമാണെന്നാണ് പാരീസ് ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രിഗറി അറിയിച്ചത്. പള്ളിയുടെ മധ്യത്തിൽ, മേൽക്കൂരയിൽനിന്ന് ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന സ്തൂപിക തീപിടിത്തത്തിൽ നശിച്ചു. പാരീസിന്റെ സംരക്ഷക വിശുദ്ധരുടെ തിരുശേഷിപ്പുകൾ സ്തൂപികയിലാണു സൂക്ഷിച്ചിരുന്നത്. സ്തൂപിക പലപ്പോഴായി മാറ്റങ്ങൾക്കു വിധേയമായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിൽ നശിപ്പിക്കപ്പെട്ട ഇത് 1860ൽ പുനർനിർമിച്ചതായിരുന്നു.