ഫാ. ബിജു കുന്നയ്ക്കാട്ട്
പ്രെസ്റ്റണ്: അമ്പതു ലക്ഷത്തിലധികം വരുന്ന സീറോ മലബാര് വിശ്വാസികളുടെ ആത്മീയ ആചാര്യന് കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരി ഔദ്യോഗിക സന്ദര്ശനത്തിനായി നാളെ യു.കെയിലെത്തുന്നു. രണ്ടു വര്ഷം മുന്പ് സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയിലെ നാല്പ്പത്തി അയ്യായിരത്തിലധികം വിശ്വാസികളെ കാണാനും പ്രവാസി ജീവിതസാഹചര്യങ്ങളില് വിശ്വാസജീവിതത്തിനു വേണ്ട മാര്ഗനിര്ദേശങ്ങള് നല്കാനുമാണ് സഭാതലവന് എത്തുന്നത്. ഗ്രേറ്റ് ബ്രിട്ടണ് രൂപതയുടെ വളര്ച്ചയുടെ ശ്രദ്ധേയമായ ചുവടുവെയ്പായ ‘മിഷന്’ കേന്ദ്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളും വിവിധ സ്ഥലങ്ങളില് നടക്കും. രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് സഭാതലവനെ സന്ദര്ശനങ്ങളില് അനുഗമിക്കും.
അതേസമയം, മറ്റന്നാള് മുതല് ആരംഭിക്കുന്ന വിവിധ സ്ഥലങ്ങളിലെ സന്ദര്ശനങ്ങളുടെ സമയക്രമം രൂപത പുറത്തിറക്കി. നാളെ വൈകിട്ട് ഗ്ലാസ്ഗോയില് വിമാനമിറങ്ങുന്ന മാര് ആലഞ്ചേരി, ഇരുപത്തി മൂന്നാം തിയതി അബര്ഡീന് ഹോളി ഫാമിലി ദേവാലയത്തില് ഫാ. ജോസഫ് പിണക്കാട്ടും വിശ്വാസികളുമൊരുക്കുന്ന കൂട്ടായ്മയിലാണ് ആദ്യം സംബന്ധിക്കുന്നത്. ഡിസംബര് ഒന്പതു വരെ നീളുന്ന സന്ദര്ശനങ്ങളില് ഇരുപതിലധികം സ്ഥലങ്ങളില് അഭിവന്ദ്യ പിതാവ് വി. കുര്ബാനയര്പ്പിക്കുകയും വചനസന്ദേശം നല്കുകയും വിവിധ വി. കുര്ബാന സ്ഥലങ്ങള് ഒത്തുചേരുന്ന ‘മിഷന്’ കേന്ദ്രങ്ങളുടെ പ്രഖ്യാപനം നടത്തുകയും ചെയ്യും. സഭാതലവനെ എതിരേല്ക്കാന് വിപുലമായ ഒരുക്കങ്ങളാണ് എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത്. രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല്, വികാരി ജനറാള്മാര്, വിവിധ സ്ഥലങ്ങളിലെ ശുശ്രുഷകള്ക്കു നേതൃത്വം നല്കുന്ന വൈദികര്,സന്യാസിനികള്, മിഷന് ആഡ് ഹോക്ക് കമ്മറ്റികള്, വി.കുര്ബാന കേന്ദ്രങ്ങളിലെ കമ്മറ്റി അംഗങ്ങള്, വിമന്സ് ഫോറം, വോളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തില് ഒരുക്കങ്ങള് പുരോഗമിക്കുന്നു.
രണ്ടു വര്ഷം മുന്പ്, ഗ്രേറ്റ് ബ്രിട്ടണ് രൂപത സ്ഥാപനത്തിനും പ്രഥമ മെത്രാനായി മാര് ജോസഫ് സ്രാമ്പിക്കലിനെ അഭിഷേകം ചെയ്യുന്നതിനായി യൂകെയിലെത്തിയതിനു ശേഷം ഇതാദ്യമായാണ് രണ്ടാഴ്ചയിലധികം നീളുന്ന സന്ദര്ശനത്തിന് കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരി ഈ പ്രവാസി മണ്ണിലെത്തുന്നത്. ഡിസംബര് ഒന്നാം തിയതി ബെര്മിംഗ്ഹാം ബെഥേല് കണ്വെന്ഷന് സെന്ററില് വച്ച് നടക്കുന്ന ‘കുട്ടികളുടെ വര്ഷത്തിന്റെ സമാപന ചടങ്ങുകളിലും യുവജന വര്ഷത്തിന്റെ ആരംഭ’ച്ചടങ്ങുകളിലും മാര് ആലഞ്ചേരി മുഖ്യകാര്മ്മികത്വം വഹിക്കും. ഡിസംബര് എട്ടാം തിയതി ബഥേല് കണ്വെന്ഷന് സെന്ററില് വച്ച് നടക്കുന്ന ‘സെഹിയോന് മിനിസ്ട്രിസ് ഒരുക്കുന്ന ‘രണ്ടാം ശനിയാഴ്ച കണ്വെന്ഷ’നിലും കര്ദ്ദിനാള് തിരുമേനി പങ്കെടുക്കും.
അനുഗ്രഹദായകമായ ഈ അവസരത്തില്, സാധിക്കുന്ന എല്ലാ വിശ്വാസികളും തിരുക്കര്മ്മങ്ങളില് പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് അഭ്യര്ത്ഥിച്ചു. ഈ വര്ഷം യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ബൈബിള് കലോത്സവത്തിനും അഭിഷേകാഗ്നി പെയ്തിറങ്ങിയ ബൈബിള് കണ്വെന്ഷനും ശേഷം ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപത ആത്മീയ നേതൃത്വം നല്കുന്ന ഏറ്റവും വലിയ വിശ്വാസകൂട്ടായ്മയ്ക്കായിരിക്കും അഭിവന്ദ്യ വലിയ പിതാവിന്റെ സന്ദര്ശനത്തില് യു.കെ സാക്ഷ്യം വഹിക്കുവാന് പോകുന്നത്. സന്ദര്ശനത്തിന്റെ പൂര്ണ ലിസ്റ്റ് ചുവടെ:
വാല്താംസ്റ്റോ: ലണ്ടനിലെ മരിയന് തീര്ഥാടന കേന്ദ്രമായ വല്താംസ്റ്റോയിലെ ഔവര് ലേഡി ആന്ഡ് സെന്റ് ജോര്ജ് പള്ളിയില് നവംബര് മാസം 21-ാം തീയതി ബുധനാഴ്ച മരിയന് ദിനശുശ്രൂഷയും മാതാവിന്റെ കാഴ്ച്ചവെപ്പ് തിരുനാളും ഭക്ത്യാദരപൂര്വ്വം കൊണ്ടാടുന്നതാണ്.
തിരുക്കര്മ്മളില് പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള് പ്രാപിക്കുന്നതിനായി ഈ മരിയന് ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര് സഭ ബ്രന്ഡ് വുഡ് രൂപത ചാപ്ളിന് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
തിരുക്കര്മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്ക്കുന്നു;
6.30pm ജപമാല, 7.00pm ആഘോഷമായ വി.കുര്ബ്ബാന, നിത്യസഹായ മാതാവിന്റെ നൊവേന പ്രാര്ത്ഥന, എണ്ണ നേര്ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.
പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street,
Walthamstow,
E17 9HU
സ്റ്റോക്ക് ഓൺ ട്രെൻഡ്: പ്രവാസജീവിതങ്ങൾ വളെരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞതാണ് എന്ന് പറഞ്ഞാൽ ഒരുപക്ഷെ അനുഭനിക്കുന്ന പ്രവാസികളല്ലാതെ ആരും വിശ്വസിക്കുക പ്രയാസം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി സകുടുംബം ജീവിക്കുന്ന യൂറോപ്പ്യൻ നാടുകളിൽ ജീവിത പ്രതിസന്ധികൾ കൂടുതൽ ആണ് എന്ന് പറയുമ്പോൾ അതിൽ അൽപം കാര്യമുണ്ട്. കൊച്ചുകേരളത്തിൽ നിന്നും പല രാജ്യങ്ങളിൽ പ്രവാസികളായി എത്തിച്ചേർന്നിരിക്കുന്ന കുടുംബങ്ങൾ തങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഉയർച്ചക്കും കുട്ടികളുടെ ഉന്നമനത്തിനുമായി ജീവിതം മാറ്റി വച്ചവരാണ് അധികവും എന്നത് ഒരു സത്യമാണ്. തങ്ങളുടെ കുട്ടികൾക്ക് നല്ല ജീവിത സാഹചര്യങ്ങൾ ഒരുക്കികൊടുക്കാൻ കഠിനാധ്വാനം ചെയ്യുന്ന പ്രവാസി മലയാളികൾ ഉള്ള ഒരു സ്ഥലമായി യുകെ മാറിയിരിക്കുന്നു. യൂറോപ്പ്യൻ ജീവിത രീതികളിൽ വഴുതി വീഴാതെ കാത്തു സൂക്ഷിക്കുന്ന ജീവിത മൂല്യങ്ങൾ പകർന്നു നൽകുവാൻ സദാ ഉണർന്നു പ്രവർത്തിക്കുന്ന ഒരു സമൂഹമായിട്ടാണ് യുകെ മലയാളികൾ വളർന്നുകൊണ്ടിരിക്കുന്നത്.വിശ്വാസജീവിതത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്ന മലയാളികൾ ഇവിടെയായാലും അതിനു ഭംഗം വരുത്തുന്നില്ല എന്നത് നല്ല കാര്യമായി തന്നെ കരുതാം. കുട്ടികളെ മതപരമായ കാര്യങ്ങളിൽ വളർച്ച പ്രാപിക്കുന്നതിന് ഓരോ കുടുംബവും മാസ്സ് സെന്ററുകളോട് ചേർന്ന് നിന്ന് പരിശ്രമിക്കുന്ന കാഴ്ച സ്റ്റോക്ക് ഓൺ ട്രെൻഡിലും പ്രകടമാണ്. കുട്ടികളിൽ ബൈബിൾ വായനാശീലം വളർത്തുന്നതിനൊപ്പം രക്ഷകനായ യേശുവിനെ തന്റെ ജീവിതത്തോട് ചേർത്ത് നിർത്തുവാൻ നടത്തുന്ന പരിശ്രമങ്ങളിൽ ഒന്നായിരുന്നു ഗ്രെയിറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയിൽ ഉൾപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിന്റെ ആഭിമുഖ്യത്തില് നടന്ന ഓള് യു കെ ബൈബിള് ക്വിസ് മത്സരം. സ്റ്റോക്ക് ഓണ് ട്രെന്ഡ് മിഷന്റെ ഉത്തരവാദിത്തം വഹിക്കുന്ന റെവ. ഫാ. ജോര്ജ് എട്ടുപറയില് നേതൃത്വത്തില് ഉള്ള കമ്മറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
ഇന്നലെ രാവിലെ പറഞ്ഞതുപോലെ തന്നെ സമയക്ലിപ്തത പാലിച്ചുകൊണ്ട് പത്തുമണിക്കുതന്നെ റെജിസ്ട്രേഷൻ ആരംഭിച്ചു. പതിനൊന്നുമണിക്ക് തന്നെ യോഗം ആരംഭിച്ചു. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ ഇൻചാർജ് ആയ ഫാദർ ജോർജ് എട്ടുപറയില് എല്ലാവര്ക്കും സ്വാഗതമോതി. ഉത്ഘാടനകർമ്മം നിർവഹിച്ചത് ഫാദർ നോബിൾ. ചുരുങ്ങിയ വാക്കുകളിൽ ഉത്ഘാടനം പൂത്തിയാക്കി മത്സരത്തിലേക്ക്. മത്സരം നിയന്ത്രിച്ചത് ഫാദർ ടെറിൻ മുല്ലക്കര, ഡോക്ടർ മാത്യു എന്നിവരടങ്ങിയ ക്വിസ് ടീം ആണ്. കൂടെ മാസ്സ് സെന്ററിലെ ട്രസ്റ്റികളായ സുദീപ് എബ്രഹാം, റോയി ഫ്രാൻസിസ്, ഹെഡ് ടീച്ചർ ആയ തോമസ് വർഗീസ്, ബിജു പിച്ചാപ്പിള്ളിൽ, സിറിൽ ഐക്കര, ശാലു, ഷിജി റെജിനോൾഡ്, സോഫി ജോയി, ഷിൻസി ഡേവിഡ്, ബെറ്റി ബെന്നി, ജെയ്മോൾ സൈജു എന്നിവരും ഒത്തുചേർന്നപ്പോൾ മാസ്സ് സെന്റർ സംഘടിപ്പിച്ച മത്സരങ്ങൾ വൻ വിജയം നേടുകയായിരുന്നു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 58 ടീമുകളാണ് സ്റ്റോക്ക് ഓൺ ട്രെൻഡിൽ എത്തിച്ചേർന്നത്. പല ഘട്ടങ്ങളിൽ ആയി 25, 13, എന്നീ ക്രമത്തിൽ മത്സരങ്ങൾ ക്രമീകരിച്ചപ്പോൾ ഫൈനലിൽ എത്തിച്ചേർന്നത് നാല് ടീമുകൾ. അവസാന വിസിൽ മുഴങ്ങിയപ്പോൾ ലിവര്പൂള് ലിതെര്ലാന്ഡ് ഔര് ലേഡി ക്വീന് ഓഫ് പീസ് ഇടവക അംഗങ്ങള് ആയ ആല്വിന് സാലന്, മിലന് ടോം എന്നിവര് സിബി പൊടിപ്പാറ സ്പോൺസർ ചെയ്ത 250 പൗണ്ടും റെവ. ഡോ. പ്ലാസിഡ് പൊടിപ്പാറ മെമ്മോറിയൽ ട്രോഫിയും കരസ്ഥമാക്കി. സ്റ്റോക്ക് ഓണ് ട്രെന്ഡിലെ ജോയേല് ജോര്ജ് , പാട്രിക് ജോസഫ് എന്നിവരങ്ങുന്ന ടീം സോജൻ ജോസ് സ്പോൺസർ ചെയ്ത 150 പൗണ്ടും സോണി ജോസ് അരയത്തിങ്കര മെമ്മോറിയൽ ട്രോഫിയും നേടിയെടുത്തു. ബിര്മിംഗ്ഹാമിലെ ആല്വിന് സെബാസ്റ്റ്യന്, ലീവിയ മരിയ മനോ എന്നിവര് ദീപ ജോബി സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനമായ 100 പൗഡും ട്രോഫിയും കരസ്ഥമാക്കി കരുത്തു തെളിയിച്ചു.
അവസാന റൗണ്ടിൽ എത്തിയ പത്തു പേർക്ക് ഇരുപത്തിയച്ചു പൗഡും മെഡലുകളും അടങ്ങുന്ന പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് മിടുക്കരായ മത്സരാത്ഥികളെ മടക്കിയയച്ചത്. സമ്മാനങ്ങൾ നേടിയവർ ഇവരാണ് സെറീന ഫിലോ ഐയ്ക്കര & ജൊവാൻ ജോസഫ്, ഡോൺ മാത്യു & അലൻ ജോബി, ജോയൽ ടോമി & അൽഫി സാജൻ, ജേക്കബ് ജോസഫ് & മരിയ റീത്ത, ആരോൺ സെയിൽസ് & ആൽവിൻ എബ്രഹാം, റിജുൻ റൺസുമോൻ & അൻസിൽ സൈജു, ടാനിയ ക്രിസ്റ്റി & സിജിൻ ജോസ്, ആഞ്ജലീന സിബി & സീയോൻ സോണി, തെരേസ മാത്തച്ചൻ & ജോർജ് മാത്തച്ചൻ, ലിസ് ജോസ് & മാത്യു എബ്രഹാം ജോസ് എന്നീ ടീമുകൾ ആണ്.
സമ്മാനാർഹരായ കുട്ടികൾക്ക് ഡിസംബര് ഒന്നിന് ബിര്മിങ്ഹാം ബഥേല് കണ്വെന്ഷന് സെന്ററില് വച്ച് നടക്കുന്ന കുട്ടികളുടെ വര്ഷം സമാപനത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില് വച്ച് സമ്മാനങ്ങള് വിതരണം ചെയ്യുന്നതാണ്. യു കെ യിലെ വിവിധ സെന്ററുകളില് നിന്നെത്തിയ 58 ടീമുകളില് ആയി 116 കുട്ടികള് പങ്കെടുത്തു.
ബര്മിങ്ഹാം: സെഹിയോന് യൂറോപ്പ് ഡയറക്ടര് ഫാ.സോജി ഓലിക്കല് നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷന് അനുഗ്രഹ ആശീര്വാദമേകിക്കൊണ്ട് സീറോ മലബാര് സഭയുടെ തലവന് കര്ദ്ദിനാള് മാര്. ജോര്ജ് ആലഞ്ചേരി 8ന് നടക്കുന്ന ഡിസംബര് മാസ കണ്വെന്ഷനില് പങ്കെടുക്കും.
ആയിരങ്ങള്ക്ക് യേശുവില് പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷനില് ഇത്തവണ ഗ്രേറ്റ് ബ്രിട്ടണ് രൂപത ബിഷപ്പ് മാര്. ജോസഫ് സ്രാമ്പിക്കല്, മാഞ്ചസ്റ്റര് റീജിയണ് സീറോ മലബാര് ചാപ്ലയിന് ഫാ.ജോസ് അഞ്ചാനി, അയര്ലണ്ടില് നിന്നുമുള്ള സുവിശേഷപ്രവര്ത്തകന് ജോമോന് ജോസഫ് എന്നിവരും വചനശുശ്രൂഷ നയിക്കും.
കണ്വെന്ഷനില് വിശ്വാസികള്ക്ക് അനുഗ്രഹ വര്ഷത്തിനായി ബഥേല് സെന്റര് ഒരുങ്ങുകയാണ്. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില് നടക്കുന്ന കണ്വെന്ഷന് പ്രത്യേക മരിയന് റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് സമാപിക്കും.
ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്ക്കായി പ്രത്യേക ശുശ്രൂഷകള് ഉണ്ടായിരിക്കും.
കണ്വെന്ഷന്റെ ആത്മീയവിജയത്തിനായി പ്രാര്ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന് കുടുംബവും യേശുനാമത്തില് മുഴുവനാളുകളെയും ഡിസംബര് 8ന് രണ്ടാം ശനിയാഴ്ച ബര്മിംങ്ഹാം ബഥേല് സെന്ററിലേക്ക് ക്ഷണിക്കുന്നു.
വിലാസം:
ബഥേല് കണ്വെന്ഷന് സെന്റര്
കെല്വിന് വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്മിംങ്ഹാം.
( Near J1 of the M5)
B70 7JW.
കൂടുതല് വിവരങ്ങള്ക്ക്;
ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന് മാത്യു: 07515 368239
Sandwell and Dudley ട്രെയിന് സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്വെന്ഷന് സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്നിന്നും ഏര്പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപ്പറ്റിയുള്ള പൊതുവിവരങ്ങള്ക്ക്,
ടോമി ചെമ്പോട്ടിക്കല്: 07737935424
ബിജു എബ്രഹാം: 07859 890267
കത്തോലിക്കാ സഭയുടെ അഭിഷിക്തന്മാരായ വൈദികരെ പ്രത്യേകം സമര്പ്പിച്ചുകൊണ്ട് 2018 നവംബര് മുതല് ഒരു വര്ഷത്തേക്ക് യു.കെയിലെ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധന ഇന്ന് ലെസ്റ്ററില് സമാപിച്ച് 19 ന് വാര്വിക്കില് ആരംഭിക്കും. കര്ത്താവിന്റെ അഭിഷിക്തരിലൂടെ സഭ അനുദിനം വളരേണ്ടതിന് ഗ്രേറ്റ് ബ്രിട്ടണ് രൂപതയില് ഉടനീളം വിവിധ സ്ഥലങ്ങളില് പരിശുദ്ധ പരമ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് ഉയര്ത്തിക്കൊണ്ട് പ്രത്യേക മദ്ധ്യസ്ഥ പ്രാര്ത്ഥനയ്ക്ക് ഫാ.സേവ്യര് ഖാന് വട്ടായില്, ഫാ.സോജി ഓലിക്കല് എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി മിനിസ്ട്രീസ് അഭിവന്ദ്യ മാര്. ജോസഫ് സ്രാമ്പിക്കലും ഗ്രേറ്റ് ബ്രിട്ടണ് രൂപതയുമായി ഒരുമിച്ചുകൊണ്ടാണ് ഈ പ്രാര്ത്ഥനായജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
കാലഘട്ടത്തിന്റെ ആവശ്യകതകള്ക്കനുസൃതമായ പൂര്ണ്ണ യോഗ്യതയിലേക്ക് വൈദികരെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മധ്യസ്ഥതയാല് വളര്ത്തുന്നതിന് ഒരുക്കമായി നടക്കുന്ന ആരാധനയുടെയും പ്രാര്ത്ഥനയുടെയും ആദ്യഘട്ടം നവംബറില് ബര്മിങ്ഹാമിലെ സെന്റ് ജെറാര്ഡ് കാത്തലിക് ചര്ച്ചില് നടന്നു. വിവിധ സ്ഥലങ്ങളില് മാര്. ജോസഫ് സ്രാമ്പിക്കല് പിതാവിന്റെ അനുഹ്രഹാശ്ശിസ്സുകളോടെ അഭിഷേകാഗ്നി മിനിസ്ട്രീസ് ശുശ്രൂഷകള്ക്ക് നേതൃത്വം നല്കും.
വിവിധസ്ഥലങ്ങളിലെ ശുശ്രൂഷകള് യഥാസമയം രൂപത കേന്ദ്രങ്ങളില് നിന്നും അറിയിക്കുന്നതാണ്. 19 മുതല് 25 വരെ വാര്വിക്കില് ആരാധന നടക്കുന്ന പള്ളിയുടെ വിലാസം.
St Mary Immaculate Church, Warwick
45, west street
CV34 6AB
രാവിലെ 10 മുതല് വൈകിട്ട് 6 വരെയാണ് ആരാധന. യു.കെയില് വിവിധ സ്ഥലങ്ങളില് നടക്കുന്ന ആരാധനയില് സംബന്ധിച്ച് വൈദികര്ക്കായി പ്രാര്ത്ഥിക്കാന് അഭിഷേകാഗ്നി മിനിസ്ട്രീസ് യേശുനാമത്തില് മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു.
കൂടുതല് വിവരങ്ങള്ക്ക്
ടോമി ചെമ്പോട്ടിക്കല്: 07737 935424.
കേംബ്രിഡ്ജ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില് നടത്തുന്ന അയ്യപ്പപൂജ ഈ മാസം 18ന് നടക്കും. വൈകിട്ട് നാല് മണി മുതല് എട്ടു മണി വരെ അര്ബറി കമ്യൂണിറ്റി സെന്ററില് വെച്ചാണ് ആഘോഷം നടക്കുക. ഗണപതി പൂജ, ലക്ഷ്മി പൂജ, ഭജന, പടിപൂജ, ഹരിവരാസനം, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. പ്രവേശനവും മഹാപ്രസാദവും സൗജന്യമാണ്. സംഭാവനകള് സ്വീകരിക്കും.
കൂടുതല് വിവരങ്ങള്ക്ക്
പ്രകാശ്: 07897133570, അജിത്ത്: 07791746666, പ്രദീപ്: 07429193534
വിലാസം: Arbury Community Centre, Campkin Road, Cambridge, CB4 2LD
സുധാകരന് പാലാ
വെസ്റ്റേണ്സൂപ്പര്മെയര്: സനാധന ധര്മ്മം പുതിയ തലമുറയ്ക്കൊപ്പം പഴയ തലമുറയ്ക്കും പകര്ന്നുനല്കുന്നതിനായി രൂപികൃതമായ സംഗീതികയുടെ മൂന്നാമത് വാര്ഷികം നവംബര് 17 ശനിയാഴ്ച്ച യു.കെയിലെ സൗന്ദര്യ സങ്കല്പ്പ ഭൂമിയായ തീര്ത്ഥാടന വിനോദസഞ്ചാര കേന്ദ്രമായി വെസ്റ്റേണ്സൂപ്പര്മെയര് നടക്കും.
വൈകീട്ട് 4 മുതല് രാത്രി 9മണി വരെ സ്വാമി അയ്യപ്പന് ആരാധനയും ഭജനയും നടക്കും. ഗാനഗന്ധര്വ്വന് ഡോ. കെ.ജെ യേശുദാസിന്റെ മുന് പേഴ്സണല് സെക്രട്ടറി രാജഗോപാല് കോങ്ങാട് ഭജനയ്ക്ക് നേതൃത്വം നല്കുകയും സംഗീതികയുടെ മൂന്നാം വാര്ഷികം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. സംഗീതിക പ്രസിഡന്റ് ജെതീഷ് പണിക്കര് അധ്യക്ഷത വഹിക്കും. തുടര്ന്ന് തെരഞ്ഞെടുപ്പ് നടക്കും. കോര്ഡിനേറ്റര് വി.എസ് സുധാകരന് കഴിഞ്ഞ മൂന്ന് വര്ഷത്തെ പ്രവര്ത്തന റിപ്പോര്ട്ട് അവതരിപ്പിക്കും. മണ്ഡല ഭജന കാര്യങ്ങള് കോര്ഡിനേറ്റര്മാരായ അഖിലേഷ് മാധവന്, സോമരാജന് നായര് എന്നിവര് വിശദീകരിക്കും. രാത്രി 9ന് പമ്പാസദ്യയെ ഓര്മ്മപ്പെടുത്തുന്ന മണ്ഡല സദ്യയോടെ പരിപാടിക്ക് തിരശീല വീഴും.
ഡോര്സെറ്റിലെ അയ്യപ്പ വിശ്വാസികളുടെ ആഭിമുഖ്യത്തില് ഈ വര്ഷത്തെ അയ്യപ്പപൂജ നവംബര് പതിനേഴാം തീയതി ശനിയാഴ്ച ഉച്ച തിരിഞ്ഞു രണ്ട് മണി മുതല് വൈകുന്നേരം എട്ടു മണിവരെ പൂളില് വെച്ച് നടത്തപ്പെടുന്നു. യു.കെയിലെ പ്രധാന പൂജാരിമാരിലൊരാളായ രാജേഷ് ത്യാഗരാജന്റെ മുഖ്യ കാര്മികത്വത്തില് അയ്യപ്പപൂജയോട് അനുബന്ധിച്ചു താലപ്പൊലി, വിളക്കുപൂജ, പടിപൂജ, നെയ്യഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ പ്രമുഖ ഗായകര് ചേര്ന്ന് നടത്തുന്ന മൂന്ന് മണിക്കൂര് ദൈര്ഘ്യമുള്ള ഭക്തിസാന്ദ്രമായ ഭജനയെ തുടര്ന്ന് നടക്കുന്ന അന്നദാന ചടങ്ങിലേക്ക് യുകെയിലെ എല്ലാ അയ്യപ്പ വിശ്വാസികളെയും സ്വാഗതം ചെയ്തുകൊള്ളുന്നു.
കൂടുതല് വിവരങ്ങള്ക്ക്: 07960357679 / 07737078037
അയ്യപ്പ പൂജ നടക്കുന്ന വിലാസം:
POOLE NORTH SCOUT HALL
SHERBORN CRESCENT
POOLE
DORSET
BH17 8AP
വല്ത്താം സ്റ്റോ: സീറോ മലബാര് സഭയുടെ തലവനായ കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദര്ശനത്തിനായി യു.കെയില് എത്തുന്നു. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയുടെ മെത്രാന് മാര് ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന ശുശ്രൂഷയുടെ ഭാഗമായി വിഭാവനം ചെയ്ത മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടത്തുന്നതാണ്.
രൂപതയിലെ ലണ്ടന് റീജിയനിലുള്ള വല്ത്താംസ്റ്റോ, എഡ്മണ്ടന്, എന്ഫീല്ഡ്, ഹാരോ എന്നീ വിശുദ്ധ കുര്ബ്ബാനാ സെന്ററുകള് ചേര്ന്ന് വല്ത്താംസ്റ്റോ കേന്ദ്രമായി രൂപീകൃതമാകുന്ന മിഷന്റെ പ്രഖ്യാപനം കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരിയുടെ മുഖ്യകാര്മ്മികത്വത്തില് ഡിസംബര് മാസം 5ന് ബുധനാഴ്ച വൈകീട്ട് 6.00ന് മരിയന് ദിന ശുശ്രൂഷയോടൊപ്പം നടത്തുന്നതാണ്.
കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരിയുടെയും രൂപതാദ്ധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കലിന്റെയും അജപാലന സന്ദര്ശനത്തിന്റെ ഒരുക്കത്തിനായി ചാപ്ളയിന് ഫാ.ജോസ് അന്ത്യാംകുളം MCBSന്റെയും ഈ വിശുദ്ധ കുര്ബ്ബാന കേന്ദ്രങ്ങളിലെ ട്രസ്റ്റിമാരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില് വിപുലമായ ഒരുക്കങ്ങള്ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.
ഈ ചരിത്രമുഹൂര്ത്തത്തില് പങ്കെടുക്കുവാന് എല്ലാവരേയും സ്നേഹപൂര്വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്ളയിന് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയിലെ വനിതകളുടെ സംഘടനയായ വിമന്സ് ഫോറം രൂപീകൃതമായിട്ട് 2018 നവംബര് 12ന് ഒരു വര്ഷം തികയുന്നു. അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല് പിതാവ് രക്ഷാധികാരി ആയി രൂപതയിലെ വനിതകളുടെ ഉന്നമനത്തിനായും സ്ത്രീ ശാക്തീകരണത്തിനുമായി 2017 നവംബര് 12ന് രുപം കൊടുത്ത വിമന്സ് ഫോറം ഇന്ന് യൂറോപ്പിലെ തന്നെ ശക്തമായ ഒരു സ്ത്രീ സംഘടന ആയി മാറ്റിയ ദൈവത്തിന് നന്ദി അര്പ്പിക്കുന്നതായി വിമന്സ് ഫോറം പ്രസിഡന്റ് ശ്രീമതി ജോളി മാത്യു അറിയിച്ചു.
രൂപതയുടെ നിരവധി ഇടവകകളില് വനിതകള്ക്കായി സെമിനാറുകള്, ക്ലാസ്സുകള്, സാമൂഹ്യ പ്രവര്ത്തനങ്ങള്, മദ്ധ്യസ്ഥ പ്രാര്ത്ഥനകള്, ആരാധനകള് എന്നിവ സംഘടിപ്പിക്കാന് കഴിഞ്ഞു എന്നത് അഭിമാനകരവും അതിലേറെ സന്തോഷകരവുമാണെന്നും തുടര്ന്നുള്ള വര്ഷങ്ങളില് എല്ലാ മാസ് സെന്ററുകള് കേന്ദ്രീകരിച്ച് പ്രവര്ത്തനങ്ങള് കൂടുതല് സജീവമാക്കുമെന്നും ശ്രീമതി ജോളി മാത്യു പറഞ്ഞു.
വിമന്സ് ഫോറത്തിന്റെ വളര്ച്ചക്കും പ്രവര്ത്തനങ്ങള്ക്കും അതീവ താല്പര്യം എടുത്ത് മേല്നോട്ടം വഹിച്ച അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല് പിതാവിനും എല്ലാവിധ സഹകരണങ്ങളും പ്രാര്ത്ഥനകളും കൊണ്ട് സംഘടനയെ വളര്ച്ചയുടെ പാതയിലേക്ക് നയിക്കുന്ന എല്ലാ ബഹുമാനപ്പെട്ട വൈദികര്ക്കും, സിസ്റ്റേഴ്സിനും, പ്രത്യേകമായി പ്രാരംഭ പ്രവര്ത്തനങ്ങള്ക്ക് മേല്നോട്ടം വഹിച്ച സിസ്റ്റര് മേരി ആനിനും നിലവില് ഫോറത്തിന്റെ ആനിമേറ്ററായ സിസ്റ്റര് ഷാരോണിനും വളരെ ആത്മാര്ത്ഥതയോടെ പ്രവര്ത്തിക്കുന്ന എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്ക്കും റീജിയന് ഭാരവാഹികള്ക്കും സംഘടനയിലെ എല്ലാ അംഗങ്ങള്ക്കും മദ്ധ്യസ്ഥ പ്രാര്ത്ഥനകള്ക്കും മീഡിയ പ്രവര്ത്തനങ്ങള്ക്കും സഹകരിക്കുന്ന മരിയന് മിനിസ്ട്രിക്കും പ്രസിഡന്റ് നന്ദി അറിയിച്ചു.
ഒന്നാം വര്ഷത്തിന്റെ ആഘോഷങ്ങളും വിലയിരുത്തലുകളും മുമ്പോട്ടുള്ള പ്രവര്ത്തനങ്ങളുടെ ആലോചനാ യോഗവും അതാത് യൂണിറ്റുകളില് തന്നെ സംഘടിപ്പിക്കുന്നതായിരിക്കും.