എളിമയുടെ ഇടയന് അറേബ്യൻ മണ്ണിൽ ചരിത്ര വരവേൽപ്പ്… ആകാശത്തിൽ പേപ്പൽ പതാക വിരിയിച്ച് വ്യോമ വിന്യാസം… അശ്വാരൂഡ സേനയുടെ അകമ്പടിയിൽ അബുദാബി പാലസിൽ ഫ്രാൻസിസ് പാപ്പ എത്തിയത് ചെറിയ കിയാ സോൾ കാറിൽ.

എളിമയുടെ ഇടയന് അറേബ്യൻ മണ്ണിൽ ചരിത്ര വരവേൽപ്പ്… ആകാശത്തിൽ പേപ്പൽ പതാക വിരിയിച്ച് വ്യോമ വിന്യാസം… അശ്വാരൂഡ സേനയുടെ അകമ്പടിയിൽ അബുദാബി പാലസിൽ ഫ്രാൻസിസ് പാപ്പ എത്തിയത് ചെറിയ കിയാ സോൾ കാറിൽ.
February 04 20:57 2019 Print This Article

ബിനോയി ജോസഫ്

ഇസ്ളാം പിറന്ന മണ്ണിൽ ക്രൈസ്തവ സഭയുടെ തലവന് സ്നേഹാദരങ്ങളോടെ ഊഷ്മള വരവേല്പ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രൗഡഗംഭീരവും രാജകീയവുമായ സ്വീകരണമാണ് വത്തിക്കാൻ എന്ന കൊച്ചു രാജ്യത്തിന്റെ അധിപന് ഒരുക്കപ്പെട്ടത്. പേപ്പൽ പതാകയുടെ വർണങ്ങൾ വ്യോമ വിന്യാസത്താൽ ആകാശത്തിൽ നിറഞ്ഞു. 21 ഗൺ സല്യൂട്ടിന്റെ ശബ്ദത്താൽ മുഖരിതമായ അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസിലേയ്ക്ക് ആത്മീയ പ്രഭ പരത്തി ഫ്രാൻസിസ് പാപ്പ ചെറിയ കിയ സോൾ കാറിൽ ആഗതനായി. യുഎഇയുടെ ഭരണാധികാരി ഷെയ്ക്ക് മൊഹമ്മദ് ബിൻ സയിദ് കൊട്ടാരത്തിന്റെ അങ്കണത്തിൽ ഫ്രാൻസിസ് പാപ്പയെ  പൂർണ സൈനിക ബഹുമതികളോടെ സ്വീകരിച്ചു. യുഎഇടെയും വത്തിക്കാന്റെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻഡ് ആലപിച്ചു. യുഎഇ  രാജകുടുംബങ്ങളും മന്ത്രിസഭാംഗങ്ങളും കത്തോലിക്കാ സഭയുടെ തലവനെ സ്വീകരിക്കാൻ എത്തിയിരുന്നു. 2019 സഹിഷ്ണുതയുടെ വർഷമായി പ്രഖ്യാപിച്ച, ഇസ്ളാം ഔദ്യോഗിക മതമായ യുഎഇയിലെ ജനത എളിമയുടെ ഇടയന് സ്വാഗതമരുളിയത് ലോകം സാകൂതം വീക്ഷിച്ചു.

അബുദാബി രാജകൊട്ടാരത്തിൽ നടന്ന സ്വീകരണത്തിനു ശേഷം പോപ്പ് ഫ്രാൻസിസ് ബുക്ക് ഓഫ് ഓണറിൽ ഒപ്പുവച്ചു. യുഎഇയിലെ ജനതയ്ക്ക് സമാധാനവും ദൈവിക അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് കൊട്ടാരത്തിലെ ഗസ്റ്റ് ഡയറിയിൽ പോപ്പ് ഫ്രാൻസിസ് കുറിച്ചു. ക്രൈസ്തവ -മുസ്ളിം ലോകത്തിന്റെ അധിപന്മാരുടെ സംഗമത്തിന്റെ സ്മരണയിൽ അബുദാബി ക്രൗൺ പ്രിൻസിന് ഫ്രാൻസിസ് പാപ്പ മെമെന്റോ സമ്മാനിച്ചു. 1219 ൽ സെൻറ് ഫ്രാൻസിസ് അസിസിയും സുൽത്താൻ മാലിക് അൽ കമലും തമ്മിൽ കണ്ടുമുട്ടിയ ചരിത്ര പശ്ചാത്തലത്തിൽ മാനവ സാഹോദര്യത്തിന്റെ സന്ദേശങ്ങൾ ലാറ്റിൻ ഭാഷയിൽ ആലേഖനം ചെയ്യപ്പെട്ട സ്മരണിക തയ്യാറാക്കിയത് ആർട്ടിസ്റ്റ് ഡാനിയേല ലോംഗോ ആണ്. യുഎഇയിൽ 1963 ൽ ദൈവാലയം നിർമ്മിക്കുന്നതിനായി നല്കപ്പെട്ട സ്ഥലത്തിന്റെ അധികാര പത്രം ഫ്രാൻസിസ് പാപ്പയ്ക്ക് രാജകുടുംബം സ്മരണികയായി സമ്മാനിച്ചു.

തുടർന്ന് ഷെയ്ഖ് സയിദ് ഗ്രാൻഡ് മോസ്കിൽ എത്തിയ ഫ്രാൻസിസ് പാപ്പയെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയിബ് സ്വീകരിച്ചു. മുസ്ളിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെ സമ്മേളനത്തിൽ പാപ്പ സംബന്ധിച്ചു. പോപ്പ് ഫ്രാൻസിസും ഡോ. അഹമ്മദ് അൽ തയിബും മാനവ സാഹോദര്യത്തിന്റെ  സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. “നിങ്ങൾ രാജ്യത്തിന്റെ ഭാഗമാണ്… നിങ്ങൾ ന്യൂനപക്ഷമല്ല.”. ഫ്രാൻസിസ് പാപ്പ സന്ദേശമധ്യേ ക്രൈസ്തവ സമൂഹത്തോട് പറഞ്ഞു. മതത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമവും നീതീകരിക്കാനാവില്ല എന്നും പാപ്പ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റിൽ ഉള്ള ക്രൈസ്തവരെ സംരക്ഷിക്കുവാൻ മുസ്ളിം സഹോദരങ്ങൾ മുൻകൈയെടുക്കണമെന്ന് ഡോ. അഹമ്മദ് അൽ തയിബ് സന്ദേശത്തിൽ അഭ്യർത്ഥിച്ചു.

ചൊവ്വാഴ്ച സെൻറ് ജോസഫ് കത്തിഡ്രലിൽ ഫ്രാൻസിസ് പാപ്പ സ്വകാര്യ സന്ദർശനം നടത്തും. തുടർന്ന് സയിദ് സ്പോർട്സ് സിറ്റിയിൽ 135,000 ലേറെ വരുന്ന വിശ്വാസികൾക്കൊപ്പം മാർപാപ്പ വിശുദ്ധ ബലി അർപ്പിക്കും. ഉച്ചയോടെ ത്രിദിന സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പ റോമിലേക്ക് മടങ്ങും. മതസഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്ന യുഎഇയും വത്തിക്കാനും ലോകത്തിനു മാതൃക നല്കുകയാണ്. യുഎഇയിലെ 9.6 മില്യൺ ജനസംഖ്യയുടെ 80 % ഇസ്ളാം മതവിശ്വാസികളാണ്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles