Spiritual

ബ്രിസ്റ്റോള്‍: വചനം മാംസമായ ഈശോയുടെ പ്രവര്‍ത്തികള്‍ അത്ഭുതകരവും അനന്തവുമാണന്നും അതിന്റെ വ്യാപ്തി മനസിലാക്കാന്‍ നാം പരിശുദ്ധ കന്യകാ മറിയത്തേപോലെ ഹൃദയ തുറവി ഉള്ളവരായിരിക്കണമെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈശോ ചെയ്ത മറ്റു പല കാര്യങ്ങളുമുണ്ട്, അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളാന്‍ പോലും ഈ ലോകം മതിയാകാതെ വരും. ഈ ബൈബിള്‍ കലോത്സവം ഈശോയുടെ പ്രവര്‍ത്തിയാണ്. പരിശുദ്ധ കന്യകാമറിയതോടൊപ്പം ഉണ്ണീശോയെ കാണുമ്പോള്‍ നാം എല്ലാം കാണുന്നു. ഈ ബൈബിള്‍ കലോത്സവ വേളയില്‍ നാം ഈശോയെയും പരിശുദ്ധ കന്യക മറിയത്തെയും നമ്മുടെ ഹൃദയത്തോടൊപ്പം ചേര്‍ത്ത് നിര്‍ത്തണം.

ബൈബിള്‍ കലോത്സവത്തില്‍ മത്സരങ്ങള്‍ ഉണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ലക്ഷ്യം വെയ്ക്കുന്നത് ഈശോയെ അറിയുകയും സ്‌നേഹിക്കുകയുമാണ്. സുവിശേഷത്തിലെ മാര്‍ത്തയുടെയും മാറിയത്തിന്റെയും ചരിത്രത്തിലെ മറിയത്തെയാണ് നാം മാതൃകയാക്കേണ്ടത്. മാര്‍ത്ത പല കാര്യങ്ങളില്‍ വ്യാപൃതയായിരുന്നപ്പോള്‍, മറിയം ഒരു കാര്യം മാത്രം തെരഞ്ഞെടുത്തു. അത് അവളില്‍ നിന്ന് എടുത്തുമാറ്റപെടുകയില്ലന്നു ഈശോ പറഞ്ഞു. മറിയം തെരഞ്ഞെടുത്തത് ഈശോയുടെ വചനമാണ്. ഈശോയെ തന്നെയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ബൈബിള്‍ കലോത്സവത്തിന്റെ സുവനിയറും തദവസരത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. പത്തിലധികം സ്റ്റേജുകളിലായി ആയിരത്തിയിരുന്നുറോളം മത്സരാര്‍ത്ഥികളുടെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്.

സിഞ്ചെല്ലുസ് റവ ഡോ മാത്യു ചൂരപൊയ്കയില്‍, രൂപതാ ബൈബിള്‍ കമ്മീഷന്‍ചെയര്‍മാന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി, ഫാ ജോസ് അഞ്ചാനിക്കല്‍, ഫാ. ജോയി വയലില്‍ സി. എസ്. റ്റി., ഫാ ടോമി ചിറക്കല്‍മണവാളന്‍, ഫാ. ജോസഫ് വെമ്പാടുംതറ വി. സി., ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ ഡോ ബാബു പുത്തെന്‍പുരക്കല്‍, ഫാ ജിജി പുതുവീട്ടിക്കളം എസ് ജെ, ഫാ. മാത്യു മുളയോലില്‍, ഫാ. ബിനു കിഴക്കേയിളംത്തോട്ടം സി. എം. എഫ്., ഫാ. ഫാന്‍സുവ പത്തില്‍, ഡീക്കന്‍ ജോസഫ്, സി. ഗ്രേസ് മേരി എസ്. ഡി. എസ്., സി. ലീനാ മേരി എസ്. ഡി. എസ്., സി അനൂപ സി. എം. സി., സി. റോജിറ്റ് സി. എം. സി., സി ഷാരോണ്‍ സി. എം. സി., ബൈബിള്‍ കലോത്സവം കോര്‍ഡിനേറ്റര്‍ ജോജി മാത്യു, കോര്‍ കമ്മറ്റി അംഗങ്ങളായ സിജി വാദ്യാനത്ത്, റോയി സെബാസ്റ്റ്യന്‍, ഫിലിപ്പ് കണ്ടോത്ത്, അനിതാ ഫിലിപ്പ്, ജെഗി ജോസഫ്, ജോമി ജോണ്‍, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു, ബിജു ജോസ്, ജെയിംസ് ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

രൂപതാ ബൈബിള്‍ കലോത്സവത്തിന് ആദിത്യമരുളി വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത് ബ്രിസ്റ്റള്‍ സൈന്റ്‌റ് തോമസ് സമൂഹവും അതിന്റെ ട്രസ്ടീമാരും കമ്മറ്റിക്കാരുമാണ്. ഈ കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ രൂപതയിലെ 173 കുര്‍ബാന സെന്ററുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായി വീണ്ടും എട്ടു റീജിയണുകളില്‍ വിജയികളായവരുമാണ്.

ഫാ. ബിജു കുന്നയ്ക്കാട്ട്

ഓക്‌സ്‌ഫോര്‍ഡ്: ലോകപ്രശസ്ത പഠനകേന്ദ്രമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രബന്ധം അവതരിപ്പിച്ചു. സര്‍വകലാശാലയിലെ ന്യൂമാന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വ്യാഴാഴ്ച സെമിനാറുകളുടെ പരമ്പരയില്‍ ‘സിറോ മലബാര്‍ സഭയും അതിന്റെ പൗരസ്ത്യ സുറിയാനി പാരമ്പര്യവും’ എന്ന വിഷയത്തെ അധികരിച്ചാണ് മാര്‍ സ്രാമ്പിക്കല്‍ വിഷയാവതരണം നടത്തിയത്.

ഓസ്ഫോര്‍ഡ് സര്‍വകലാശാലയിലെ കാത്തലിക് ചാപ്ലൈന്‍സ് റവ ഫാ. മാത്യു പവര്‍ എസ് ജെ, റവ. ഫാ യാന്‍ തോമിലിസണ്‍ എസ് ജെ, പ്രശസ്ത ബൈബിള്‍ പണ്ഡിതന്‍ റവ ഫാ നിക്കൊളാസ് കിംഗ് എസ് ജെ എന്നിവര്‍ പങ്കെടുത്ത ഈ യോഗത്തില്‍ ഓസ്ഫോര്‍ഡ് സര്‍വകലാശാലയിലെ നിരവധി വിദ്യാര്‍ത്ഥികളും ഗവേഷകരും ശ്രോതാക്കളായി എത്തി. സിറോ മലബാര്‍ സഭയുടെ അപ്പോസ്‌തോലിക പാരമ്പര്യം, പൗരസ്ത്യ സുറിയാനി ആരാധന ക്രമ സവിശേഷതകള്‍, മാര്‍ അദ്ദായി മാറി അനാഫറായുടെ പ്രത്യേകതകള്‍ എന്നിവ അടിവരയിട്ട പ്രബന്ധ അവതരണത്തിനു ശേഷം അരമണിക്കൂര്‍ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. പൗരസ്ത്യ ദൈവശാസ്ത്രത്തില്‍ അദ്ദേഹം മാസ്റ്റര്‍ ബിരുദം നേടിയത് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു. ഓക്‌സ്‌ഫോര്‍ഡിലെ ബിരുദം കൂടാതെ, മറ്റു മൂന്നു യുണിവേഴ്‌സിറ്റികളില്‍നിന്നായി മൂന്നു വിഷയങ്ങളില്‍ കൂടി ബിരുദാനന്തരബിരുദങ്ങള്‍ മാര്‍ സ്രാമ്പിക്കല്‍ നേടിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ മെത്രാനായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍, റോമിലെ പ്രശസ്തമായ ‘കോളേജിയോ ഉര്‍ബാനോ’യില്‍ വൈസ് റെക്ടറായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള അദ്ദേഹം, ‘കരുണയുടെ വര്‍ഷത്തില്‍’ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ആയിരം കുമ്പസ്സാരക്കാരില്‍ (കരുണയുടെ മിഷനറിമാര്‍) ഒരാളായിരുന്നു മാര്‍ സ്രാമ്പിക്കല്‍.

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദര്‍ശനത്തിനായി നവംബര്‍ അവസാനത്തോടെ യൂകെയില്‍ എത്തുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിനും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും ശേഷം ആദ്യമായാണ് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനായി കര്‍ദ്ദിനാള്‍ ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെത്തുന്നത്. രൂപതാധ്യക്ഷന്റെ പ്രത്യേക ക്ഷണപ്രകാരം എത്തുന്ന കര്‍ദ്ദിനാളിന്റെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ നവംബര് 23 മുതല്‍ ഡിസംബര്‍ 9 വരെയാണ്. സന്ദര്‍ശനങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അദ്ദേഹത്തെ അനുഗമിക്കും.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രൂപതയുടെ ഔദ്യോഗിക പരിപാടികളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി പങ്കെടുക്കും. ഡിസംബര്‍ ഒന്നാം തിയതി ബര്മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന, കുട്ടികളുടെ വര്‍ഷത്തിന്റെ സമാപന ചടങ്ങുകളുടെയും യുവജനവര്‍ഷത്തിന്റെ ആരംഭത്തിന്റെയും ഉദ്ഘാടനം സഭാതലവന്‍ നിര്‍വഹിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വളര്‍ച്ചയുടെ പുതിയ പടിയായ മിഷന്‍ സെന്ററുകളുടെ ഔദ്യോഗിക പ്രഖ്യാപനവും മാര്‍ ആലഞ്ചേരി നിര്‍വഹിക്കും. ഇപ്പോള്‍ വി. കുര്‍ബാന സെന്ററുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചെറിയ കൂട്ടായ്മകളെ ഒന്നിച്ചുചേര്‍ത്തു ഭാവിയില്‍ ഇടവകകളായി മാറാനുള്ള ആദ്യപടിയാണ് മിഷന്‍ സെന്ററുകള്‍. ഇപ്പോള്‍ 173 വി. കുര്‍ബാന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവ, പുതിയ പുനഃ ക്രമീകരണത്തില്‍ 75 മിഷന്‍ സെന്ററുകളായി മാറും.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി പങ്കെടുക്കുന്ന 20 ഓളം ചടങ്ങുകളുടെ സമയക്രമം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രഖ്യാപിച്ചു. ഓരോ സന്ദര്‍ശനത്തിലും ആ സ്ഥലത്തോട് ചേര്‍ന്നുള്ള മിഷന്‍ സെന്ററുകളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാര്‍, വൈദികര്‍, കമ്മറ്റി അംഗങ്ങള്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സാധിക്കുന്ന എല്ലാ വിശ്വാസികളും മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കുന്ന ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട്

ബ്രിസ്റ്റോള്‍: എട്ടു റീജിയനുകളില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നുവന്ന കലാമാമാങ്കത്തിന് ഇന്ന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ വര്‍ണാഭമായ സമാപനം. പത്തു വേദികളിലായി രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ബൈബിള്‍ അധിഷ്ഠിത കലാമത്സരങ്ങളില്‍ ആയിരത്തിഇരുന്നൂറില്‍പ്പരം കലാകാരന്മാര്‍ തങ്ങളുടെ സര്‍ഗ്ഗവാസനകളുടെ മാറ്റുരക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി, കണ്‍വീനര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

രാവിലെ 8.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതോടെ കലയുടെ കേളികൊട്ടിന് തുടക്കമാകും. കൃത്യം ഒന്‍പതു മണിക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്, കലോത്സവത്തിന്റെ സ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന പ്രത്യേക സുവനീര്‍ പ്രകാശനം നടക്കും. അതിനു ശേഷം പത്തു വേദികളിലായി മതസരങ്ങള്‍ ആരംഭിക്കും. റീജിയണല്‍ മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കിട്ടിയവരും ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം കിട്ടിയവരുമാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. വൈകിട്ട് 6.30ന് നടക്കുന്ന സമ്മാനദാന ചടങ്ങുകളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായിരിക്കും.

 

വിപുലമായ ഒരുക്കങ്ങളുമായാണ് സംഘാടകസമിതി അതിഥികളെ സ്വാഗതം ചെയ്യുന്നത്. ദൂരെനിന്നും വരുന്നവര്‍ക്കും നേരത്തെ എത്തുന്നവര്‍ക്കുമായി താമസസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. ബസുകളിലും സ്വകാര്യവാഹനങ്ങളിലുമായി വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മത്സരങ്ങളില്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിന് വിദഗ്ദരായ വിധികര്‍ത്താക്കളുടെ സേവനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്ന ബ്രിസ്റ്റോള്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനപരിചയവും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സഹായകമാകും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ടു റീജിയനുകളില്‍ നിന്നെത്തുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും വിജയാശംസകള്‍.

മത്സര സമയം, സ്റ്റേജ് വിവരങ്ങള്‍, പൊതു നിര്‍ദ്ദേശങ്ങള്‍ എന്നിവ ചുവടെ:

 

 

രാജേഷ് കാലായില്‍

സഹിക്കുവാന്‍ കഴിയുന്നവര്‍ക്കേ സഹനങ്ങള്‍ നല്‍കുകയുള്ളു എന്ന ശീര്‍ഷകം നിരവധി തവണ നമ്മുടെ കാതുകള്‍ ശ്രവിച്ചിട്ടുണ്ട്. നമ്മളില്‍ പലരും പലപ്പോഴും ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ്. എന്തുകൊണ്ട് എന്റെ ജീവിതത്തില്‍ ഇത് സംഭവിക്കുന്നു. പലപ്പോഴും ഉത്തരമില്ലാതെ അത് അവശേഷിക്കുകയും ചെയ്യുന്നു. നാം കണ്ടെത്താന്‍ ശ്രമിക്കുന്ന ഉത്തരം മുന്‍പേ പ്രവചിച്ചിട്ടുള്ളതാണ്. കുറ്റമില്ലാത്തവര്‍ കുറ്റക്കാകരായി വിധിക്കപ്പെട്ടു.

സഹനങ്ങള്‍ക്ക് ആദ്ധ്യാത്മിക പരിവേഷം നല്‍കിയാല്‍ കാണാന്‍ സാധിക്കും സഹനങ്ങളുടെ ദൈവസ്പര്‍ശം. വേദനകള്‍, കഷ്ടപ്പാടുകള്‍, ദുരന്തങ്ങള്‍ ഇവയെല്ലാം ദൈവനിവേശിതമാണെന്നും അവയ്ക്ക് നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു പ്രമുഖ സ്ഥാനമുണ്ടെന്നും അവ നമ്മളെ നല്ലൊരു വ്യക്തിയാക്കി മാറ്റും എന്നുള്ള വികാര വിചാരങ്ങളാണ്, സഹനങ്ങളുടെ സമ്മാനം എന്ന് പറയുന്നത് നിശബ്ദതയാണ്. മൗനമാണ് അതിന്റെ പ്രമുഖമായ വിശേഷണം. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഏറ്റെടുക്കുക (Embrace).

പിലാത്തോസിന്റെ അരമനയില്‍ എണ്ണിയെണ്ണി ചോദിച്ച ചോദ്യങ്ങള്‍ക്ക് നിശബ്ദനായ കുഞ്ഞാടിനെപ്പോലെ നിന്ന ക്രിസ്തുവാണ് ഏറ്റെടുക്കല്‍ അതിന്റെ പൂര്‍ണ്ണതയില്‍ ഈ ലോകത്തിന് കാണിച്ചുകൊടുത്ത സഹനങ്ങളുടെ കാവല്‍ക്കാരന്‍ (Defender of Sufferings)

നമ്മുടെയൊക്കെ ജീവനേയും ജീവിതങ്ങളെയും പുനഃസൃഷ്ടിക്കാനാണ് സഹനങ്ങള്‍. ഒന്നു ചിന്തിച്ചാല്‍ മനസിലാകും നമ്മുടെ ജീവിത വഴിത്താരകളില്‍ നാം കടന്നുപോയ ജീവിതാനുഭവങ്ങള്‍ സ്വര്‍ണ്ണം പോലെ നമ്മെ ശുദ്ധീകരിച്ചതുകൊണ്ടാണ് നാം ഇന്നും പ്രഭ പരത്തി ജീവിക്കുന്നത്. കൂട്ടുകാരില്‍ നിന്ന്, കുടുംബത്തില്‍ നിന്ന്, സഹപ്രവര്‍ത്തകരില്‍ നിന്ന്, ബന്ധുക്കളില്‍ നിന്ന് ഉണ്ടായ ഓരോ തിക്താനുഭവങ്ങള്‍ക്കും പകരം ചോദിക്കുന്നവരായിരുന്നെങ്കില്‍ ഈ ലോകം ഒരുപക്ഷേ ഇങ്ങനെ ആകുമായിരുന്നില്ല. നമ്മുടെ സഹനങ്ങളെ ഏറ്റെടുത്ത് അതില്‍ അലിഞ്ഞ് ഇല്ലാതാകുമ്പോള്‍ മാത്രമേ പുതിയ സൃഷ്ടിയും പുതിയ ആകാശവും പുതിയ ഭൂമിയും ഉടലെടുക്കുകയുള്ളു. പലതവണ നമ്മള്‍ കേട്ടിട്ടുള്ളതും സൂചിപ്പിച്ചിട്ടുള്ളതുമാണെങ്കിലും വീണ്ടും സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതത്തിന്റെ അടിസ്ഥാന തത്വമാണ് മുറിക്കപ്പെടാതെ അപ്പം വിശുദ്ധ കുര്‍ബാനയാകുന്നില്ല.

നമ്മുടെ ദൈവത്വത്തിന്റെ യാത്രയാണ് സഹനങ്ങള്‍. സഹനങ്ങളുടെ ഏറ്റെടുക്കലാണ് ജീവിത വിശുദ്ധീകരണം. Pain and suffering are the dark stands through the tapestry of your life, providing the shadows that give depth and dimension to the masterpiece God is fashioning within you (Joseph Francis Girzone)

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ താമസിച്ചുള്ള കുടുംബ നവീകരണ ധ്യാനം നവംബര്‍ 16, 17, 18 തിയതികളില്‍ നടക്കും. റവ.ഫാ.ജോര്‍ജ് പനയ്ക്കല്‍, ജോസഫ് എടാട്ട് അച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കും. മലയാളത്തിലുള്ള ധ്യാനം വെള്ളിയാഴ്ച രാവിലെ 8മണിക്ക് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 5ന് അവസാനിക്കുന്നു. താമസ സൗകര്യവും ഭക്ഷണ ക്രമീകരണവും പാര്‍ക്കിംഗ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്.

ധ്യാനാവസരത്തില്‍ കുമ്പസാരത്തിനും കൗണ്‍സലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്തില്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വിലാസം

Divine Retreat Centre, St.Augustines Abbey, St. Augistines Road, Ramsgate, Kent- CT11 9 PA

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും

ഫാ. ജോസഫ് എടാട്ട്
ഫോണ്‍: 07548303824, 01843586904,0786047817
email: [email protected]

കുട്ടികള്‍ക്ക് മലയാള ഭാഷയിലെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ട് സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് രൂപതാ ചാപ്ലിന്‍സി വലിയൊരു ദൗത്യത്തിന് തുടക്കമിട്ടിരിക്കുകയാണ്. കുട്ടികളെ മലയാള ഭാഷ എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് മലയാള ഭാഷ പഠനത്തിന്റെ ഉദ്ദേശം. തങ്ങളുടെ മാതാപിതാക്കളുടെ മാതൃഭാഷ പഠിക്കുന്ന ഉത്സാഹത്തിലാണ് മലയാള ഭാഷ പഠന ക്ലാസിലെത്തിയ കുട്ടികള്‍. കഴിഞ്ഞ ശനിയാഴ്ച്ചയ്ക്ക് ശേഷം സീറോ മലബാര്‍ സഭ ലീഡ്‌സ് രൂപതാ ചാപ്ലിന്‍ ഫാ. മാത്യു മുളയോലിന്‍ മലയാള ഭാഷ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മലയാള ഭാഷ പഠനത്തിന് ആവേശകരമായ പ്രതികരണമാണ് കുട്ടികളില്‍ നിന്ന് ലഭിക്കുന്നത്. പുതിയൊരു ഭാഷ പഠിച്ചെടുക്കുന്നതിന്റെ ത്രില്ലിലാണ് പല കുട്ടികളും. നമ്മുടെ കുട്ടികള്‍ക്ക് കേരളവുമായിട്ടുള്ള ബന്ധവും സംസര്‍ഗവും ഉപേക്ഷിക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ടു തന്നെ അത്യാവശ്യം മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കുന്നത് പലവിധത്തിലും അനുഗ്രഹമാകും. ഇതിലുപരിയായ യൂണിവേഴ്‌സിറ്റി പ്രവേശന അവസരത്തിലും മറ്റഉം വ്യക്തിഗത വിവരങ്ങള്‍ നല്‍കുമ്പോള്‍ കൂടുതലായി ഒരു ഭാഷയില്‍ പ്രാവീണ്യമുണ്ടെങ്കില്‍ പ്രയോജനപ്രദമാണ്. ഇന്ത്യയിലെ 22 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ ഒന്നായ മലയാളം പ്രധാനമായും കേരളം, ലക്ഷദ്വീപ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ജനങ്ങളാണ് സംസാരിക്കുന്നത് ലോകമെമ്പാടുമായി നാല് കോടിയോളം ജനങ്ങളുടെ സംസാരഭാഷയാണ് മലയാളം. ആദ്യകാല ദ്രാവിഡ ഭാഷകളില്‍ ഒന്നായ മലയാള ഭാഷയെ അടുത്തറിയാന്‍ പല പാശ്ചാത്യ സര്‍വ്വകലാശാലകളുടെയും കീഴില്‍ പ്രത്യേക വിഭാഗം തന്നെയുണ്ട്.

ഫാ. ബിജു കുന്നയ്ക്കാട്ട്

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് തിരി തെളിയാന്‍ ഇനി രണ്ടു നാള്‍ മാത്രം. ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ആതിഥ്യമരുളുന്ന ബൈബിള്‍ കലോത്സവം ദൈവ വചനം കലാ രൂപങ്ങളിലൂടെ വേദിയിലെത്തുന്ന മഹനീയമായ മുഹൂര്‍ത്തമാണ്. എട്ട് റീജീയണുകളില്‍ പ്രാഥമിക മത്സരം പൂര്‍ത്തിയാക്കി രൂപതാതല മത്സരത്തിനെത്തുന്ന മത്സരാര്‍ത്ഥികളുടെ എണ്ണം ഇക്കുറി പതിവിലും ഏറെയാണ്. 1217 മത്സരാര്‍ത്ഥികള്‍ വേദിയിലെത്തുന്നതിനാല്‍ തന്നെ പത്തു വേദികളിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കുന്നതിനാല്‍ എല്ലാവരും അതാത് റീജണല്‍ അംഗങ്ങള്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെട്ട് കൃത്യ സമയത്ത് തന്നെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാഡ്ജുകള്‍ കൈപ്പറ്റണം. പത്തു വേദികള്‍ ഉള്ളതിനാല്‍ ഒരേ സമയം രണ്ടു വേദികളില്‍ മത്സരം വരുന്ന സാഹചര്യമുണ്ടെങ്കില്‍ കോര്‍ഡിനേറ്റേഴ്സിനെ മത്സരാര്‍ത്ഥികള്‍ നേരത്തെ വിവരം അറിയിക്കണം.

സൗത്ത് മീഡ് ഗ്രീന്‍ വേ സെന്ററിലെ പ്രധാന വേദിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ബൈബിള്‍ പ്രതിഷ്ഠ നടത്തുന്നതോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പ്രധാന വേദിയില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ ലൈവായി സൗത്ത് മീഡ് കമ്യൂണിറ്റി സെന്ററില്‍ കാണിക്കുന്നതായിരിക്കും. പ്രതിഷ്ഠാ ചടങ്ങിന് ശേഷം ഉടന്‍ തന്നെ മത്സരങ്ങള്‍ വേദിയില്‍ ആരംഭിക്കും. പ്രധാന വേദിയില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള കമ്യൂണിറ്റി സെന്ററ്റിലെ 2 വേദികളിലേക്ക് പ്രത്യേക യാത്രാ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സമയം പാലിക്കുക എന്നത് തന്നെയാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം. സംഘാടകര്‍ക്ക് ഇത്രയും മത്സരാര്‍ത്ഥികള്‍ക്ക് മാറ്റുരയ്ക്കാന്‍ അവസരം നല്‍കുന്ന വലിയ ചുമതലയ്ക്കൊപ്പം ഇത് നിര്‍ദ്ദിഷ്ഠ സമയത്ത് പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. ഇടതടവില്ലാതെ പരിപാടികള്‍ നടക്കും. വൈകീട്ട് 6.30ന് പൊതുസമ്മേളനവും സമ്മാന ദാനവും നടക്കും. അകലെ നിന്ന് വരുന്നവര്‍ക്ക് നേരത്തെ സമ്മാനം സ്വീകരിച്ചു മടങ്ങാന്‍ അവസരം നല്‍കും. രാത്രി 9.30 ഓടെയാണ് പരിപാടികള്‍ അവസാനിപ്പിക്കുക.

ബ്രിസ്റ്റോളിലേക്ക് അകലെ നിന്ന് വരുന്നവര്‍ക്കായി താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ നേരത്തെ തന്നെ അക്കമഡേഷന്റെ കോര്‍ഡിനേറ്റേറായ ജോമോനുമായി (07886208051) ബന്ധപ്പെടേണ്ടതാണ്.

ഏവര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം കഴിക്കുന്നതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദൂരെ നിന്ന് വരുന്നവര്‍ക്ക് ബ്രേക്ക് ഫാസ്റ്റ് അറേഞ്ച് ചെയ്യുന്നുണ്ട്. ആവശ്യമുള്ളവര്‍ വെള്ളിയാഴ്ചക്കുള്ളില്‍ ഭക്ഷണത്തിന്റെ ചുമതലയുള്ള STSMCC ട്രസ്റ്റി ലിജോയുമായി (07988140291) ബന്ധപ്പെടേണ്ടതാണ്.

ഏറ്റവും അലട്ടുന്ന പ്രശ്നമാണ് പാര്‍ക്കിങ്. അടുത്തു നിന്നുള്ളവര്‍ പരമാവധി കാല്‍നടയായി എത്തി മറ്റുള്ളവര്‍ക്ക് പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കി നല്‍കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. മത്സരാര്‍ത്ഥികള്‍ കൂടുതലുള്ളതിനാല്‍ പാര്‍ക്കിങ്ങ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പരമാവധി സ്ഥലം പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്ന് കോച്ചുകളില്‍ വരുന്നവരെ ഗ്രീന്‍ വേ സെന്ററില്‍ ഇറക്കിയ ശേഷം വാഹനങ്ങള്‍ ലിറ്റില്‍ മീഡ് പ്രൈമറി സ്‌കൂളിനു സമീപത്തുള്ള വിഗ്ടണ്‍ ക്രസന്റിലോ (BS10 6DS) സ്റ്റോക് ബിഷപ്പിലെ സാവില്‍ റോഡിലോ (BS9 1JA) പാര്‍ക്ക് ചെയ്യേണ്ടതാണ്.

ബെര്‍മിങ്ഹാം: ‘ഉള്ളില്‍ തട്ടിയ മുറിവുകള്‍ എന്റെ ഈശോയ്ക്ക്’ പ്രായത്തിന്റെ കടന്നു പോകലില്‍ കൗമാരത്തിന്റെ കടന്നുവരവില്‍ ഹൃദയവേദനകള്‍ ഈശോയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ ‘ കംപ്ലീറ്റ് ഇന്‍ ക്രൈസ്റ്റ്’. കുട്ടികളുടെ പിഞ്ചുമനസ്സിനെ നൊമ്പരപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകാമെന്നിരിക്കേ അവ വ്യക്തിത്വ വികാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നതിനാല്‍ അവയെ സ്‌നേഹപിതാവായ യേശുവിന് സമര്‍പ്പിച്ചുകൊണ്ട് തരണം ചെയ്യേണ്ടതെങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ ‘കംപ്ലീറ്റ് ഇന്‍ ക്രൈസ്റ്റ്’ ഇത്തവണ റവ. ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ നടക്കും.

സെഹിയോന്‍ യു.കെയ്ക്കുവേണ്ടി പ്രശസ്ത ആത്മീയ ശുശ്രൂഷകയും കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവുമായ ജൂഡ് മുക്കോറോ പ്രത്യേക കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീ-യുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു.

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ് എന്നിവയും ഉള്‍പ്പെടുന്ന പ്രത്യേക വര്‍ക്ക് ഷോപ്പ് ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. ‘ലിറ്റല്‍ ഇവാഞ്ചലിസ്‌റ്’ എന്ന മാസികയും ഇളം മനസ്സിനെ യേശുവില്‍ ഐക്യപ്പെടുത്തുന്നു. ഇംഗ്ലീഷില്‍ കുമ്പസാരത്തിനൊപ്പം ദിവ്യ കാരുണ്യ ആരാധനയും ഉണ്ടായിരിക്കും. സ്പിരിച്വല്‍ ഷെയറിങ്ങിനും കുട്ടികള്‍ക്ക് സൗകര്യമുണ്ടായിരിക്കും.
ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു.
കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 10ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.
(Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍മാത്യു: 07515368239

Sandwell and Dudleyട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍: 07737935424.
ബിജു അബ്രഹാം: 07859890267

ബര്‍മിങ്ഹാം: യേശുനാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും.അഭിഷേക നിറവില്‍ ബഥേല്‍. അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ അനുഗ്രഹ വര്‍ഷത്തില്‍ പുത്തനുണര്‍വ്വോടെ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന നവംബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 10ന് ബെര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.

ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ ഇത്തവണ ആര്‍ച്ച് ബിഷപ്പ് കെവിന്‍ മക്ഡൊണാള്‍ഡ്, ആഫ്രിക്കന്‍ രാജ്യമായ എത്യോപ്പിയയില്‍ നിന്നുമുള്ള കാത്തലിക് ബിഷപ്പ് വര്‍ഗീസ് തോട്ടങ്കര, പ്രമുഖ സുവിശേഷ പ്രവര്‍ത്തക മരിയ ഹീത്ത് എന്നിവര്‍ക്കൊപ്പം ‘കത്തോലിക്കാ സഭയുടെ വളര്‍ച്ചയുടെ പാതയില്‍ എന്തിനും ഏതിനും കൂടെയുള്ള അനേകം അഭിഷിക്തരെയും സമര്‍പ്പിതരെയും ബാല്യത്തില്‍ കണ്ടെത്തി സഭയ്ക്ക് മുതല്‍ക്കൂട്ടാക്കിയ കാലഘട്ടത്തിന്റെ ശക്തമായ ദൈവികോപകരണം, പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവുമായ ബ്രദര്‍ സന്തോഷ് ടി യും ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ ഫാ. സോജി ഓലിക്കലിനൊപ്പം വചനശുശ്രൂഷ നയിക്കും. പാകിസ്ഥാനില്‍ നിന്നും എത്തിയിട്ടുള്ള ഫാ. റയനും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

നവംബര്‍ മാസ കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

കണ്‍വെന്‍ഷനില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷത്തിനായി ബഥേല്‍ സെന്റര്‍ ഒരുങ്ങുകയാണ്. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് സമാപിക്കും.
ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 10ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം.

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം, ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷാജി:07878149670.
അനീഷ്: 07760254700
ബിജുമോന്‍ മാത്യു:07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്.

ടോമി ചെമ്പോട്ടിക്കല്‍:07737935424.
ബിജു എബ്രഹാം:07859 890267

RECENT POSTS
Copyright © . All rights reserved