ഫാ.ഹാപ്പി ജേക്കബ്
സദ് വാര്‍ത്തകള്‍ കേള്‍ക്കുവാനും പങ്കുവെക്കുവാനും സ്നേഹിക്കുവാനും ആ സ്നേഹത്തില്‍ ആത്മാര്‍ത്ഥത നുകരുവാനും കഴിയുമായിരുന്ന ഒരു കാലത്തിന്റെ പ്രജകള്‍ ആയിരുന്നല്ലോ നാം. സ്നേഹം നിഷ്കളങ്കമായിരുന്നു, പങ്കുവെക്കലുകള്‍ ജീവനുള്ളവയായിരുന്നു, ആത്മാര്‍ത്ഥത ഹൃദയത്തില്‍ നിന്നുള്ളവയായിരുന്നു. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും കണ്ണും കാതും പായിച്ചാല്‍ സംശയവും കാപട്യവും പ്രമാണലംഘനങ്ങളും മാത്രമുള്ള ഒരു ജീവിതലോകത്തിന്റെ പരിച്ഛേദനം മുന്നില്‍ പ്രത്യക്ഷപ്പെടും. അതിനിടയില്‍ നുറുങ്ങുവെളിച്ചമായി നന്മകള് എവിടെയോ മിന്നുന്നതും കാണാം. പരിശോധനയും ചികിത്സയും നമുക്കാണോ വേണ്ടത് അതോ നമുക്കു ചുറ്റുമുള്ളവര്‍ക്കാണോ വേണ്ടത്. വേദനകള്‍ക്ക് ശമനവും പാപവിടുതല്‍ പ്രസംഗിക്കുകയും ആത്മതപനങ്ങള്‍ക്ക് ഉറവിടവുമായ ദൈവസന്നിധി പോലും മലീമസ വാര്‍ത്തകള്‍ക്ക് നടുവില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഈ അവസരത്തില്‍ പ്രയോജനപ്പെടും എന്ന വിശ്വാസത്തില്‍ ചില ചിന്തകള്‍ പങ്കുവെക്കട്ടെ.
ഈ ലോകം മുഴുവനും ഒരു തറവാടായി നാം ഓരോരുത്തരും സഹോദരങ്ങളുമായും കഴിഞ്ഞ കാലത്തിന്റെ വളര്‍ച്ചയിലെ അടുത്ത ഏടിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത് എന്ന വസ്തുത ആശ്ചര്യത്തോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ. വേദപുസ്തകത്തില്‍ ആത്മീക മനുഷ്യനെയും പ്രാകൃത മനുഷ്യനെയും ഇരുവരുടെയും സ്വഭാവ രീതികളും വിവരിക്കുന്നുണ്ട്. ഹൈന്ദവ ധര്‍മ്മത്തില്‍ ദേവനും അസുരനുമുണ്ട്. ഇവിടെ എല്ലാം വിജയമായും നീതിയായും സ്നേഹമായും വര്‍ണ്ണനയില്‍ വിരിയുന്നത് ആത്മീകവും ദേവനും ഒക്കെയാണ്. ദൈനംദിന ജീവിത സാഹചര്യങ്ങളിലും നാം ഈ വേര്‍തിരിവ് പല രൂപത്തിലും അനുവര്‍ത്തിക്കുകയും പഠിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ. പ്രകൃതിപോലും രാത്രി പകല്‍ ഭേദങ്ങളില്‍ ഈ അവസ്ഥയെ കാട്ടിത്തരുന്നു. ഇരുട്ട് ഭയത്തിന്റെ പ്രതീകമെങ്കില്‍ പകല്‍ സമാധാനവും സ്വസ്ഥതയും നമുക്ക് നല്കുന്നു. ധര്‍മ്മം, നീതി, നേര് എന്ന് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ എല്ലാം കുറച്ചു കാലം ശരി നാം കണ്ടിരുന്നു. അത്ത് ഇതെല്ലാം ലോക തറവാട്ടിലെ എല്ലാ അംഗങ്ങളും മനസിലാക്കുകയും അതിന് അനുസരിച്ച് ജീവിക്കുകയും ചെയ്തിരുന്നു.
കാലം കഴിഞ്ഞു, പഴഞ്ചന്‍ രീതികളെല്ലാം പോയ്മറഞ്ഞു. ഏവരും ഒരുപോലെ ആധുനികന്‍മാരായി. ചിന്തകള്‍ക്ക് വ്യതിയാനമുണ്ടായി. നീതി എന്റെയും നിന്റേതും വ്യത്യസ്തമായി. കാഴ്ചപ്പാടുകള്‍ക്ക് അര്‍ത്ഥം ഇല്ലാതായി. സാമൂഹികം ഈഗോയ്ക്ക് വഴിമാറി. നേട്ടങ്ങള്‍ക്കിടയിലുള്ള അപചയങ്ങള്‍ മനസിലാക്കാതെ കുന്നുകൂടി നമുക്കു മീതെ നിഴലുകളായി രൂപാന്തരപ്പെട്ടു. ദൈവനീതിക്ക് പ്രചാരകരേറി. ജാതിമത ഭേദമെന്യേ മുന്‍പ് മറ്റെങ്ങും കണ്ടിട്ടില്ലാത്ത വണ്ണം പ്രസംഗകരും ജ്ഞാനികളും ധ്യാനഗുരുക്കന്മാരും ഉണര്‍ന്നു വന്നു. വാര്‍ത്താമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ആത്മീയതയുടെ പ്രോക്താക്കളായി. അറിഞ്ഞും അറിയാതെയും നാം ഓരോരുത്തരും ദിനങ്ങള്‍, മണിക്കൂറുകള്‍, വേണ്ട രാത്രി പോലും ഉറക്കം കളഞ്ഞ് ഫോര്‍വേര്‍ഡ് യന്ത്രങ്ങളായി ഈ കര്‍മ്മത്തില്‍ പങ്കാളികളായി. എന്നിട്ടും പ്രകാശം കെടുന്നതല്ലാതെ ആളിക്കത്തിക്കുവാന്‍ കഴിയാതെ വന്നു. പ്രകൃതിക്ക് മനംമടുത്തു. കാലങ്ങളായി ഭേദമാകാതെ കിടന്ന പല രോഗങ്ങളും രോഗികളും കിടക്ക വിട്ടോടി.
എല്ലാവര്ക്കും ഒരേ സ്വരം, ഒരേ പ്രാര്‍ത്ഥന, ഒരേ ചിന്ത. ജീവിതത്തിന്റെ ദര്‍ശനം തന്നെ മാറിയ നാളുകള്‍ പിടിച്ചടക്കിയതെല്ലാം കണ്മുന്നില് കുതിര്‍ന്നു വീണത് നിസഹായമായി നോക്കി നിന്നപ്പോള്‍ ചിലരെങ്കിലും അന്വേഷിച്ച ദൈവചൈതന്യം കണ്ടെത്തി. അത് സ്വന്തം ഹൃദയത്തില്‍ തന്നെ കണ്ടെത്തിയവരുണ്ട്, സഹജീവികളുടെ മുഖത്ത് കണ്ടെത്തിയവരുണ്ട്. അപ്പോഴാണ് അയല്‍ക്കാര്‍ സഹോദരങ്ങളായത്, ആരുമല്ലാതിരുന്നവര്‍ ആത്മമിത്രങ്ങളും ആയത്. മനുഷ്യരാല്‍ അസാധ്യമായത് ദൈവത്തിന് നിസാരമായി സാധ്യമെന്ന് ഇനിയെങ്കിലും മനസിലാക്കിയാല്‍ നന്ന്.
മങ്ങിപ്പോയ വെളിച്ചം ആളിക്കത്തിയ ദിവസങ്ങള്‍ ആയിരുന്നു. ജീവിതം സാധാരണമായി വരാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും കേള്‍ക്കാന്‍ തുടങ്ങി, കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തകള്‍. പീഡനങ്ങള്‍, കലഹങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എല്ലാം സമാധാനത്തെ കെടുത്തുന്ന വാര്‍ത്തകളായി ദിനംപ്രതി കടന്നു വരുന്നു. പല ശരികളും തെറ്റായും തെറ്റുകള്‍ ശരിയുമായി. ഇന്നലെവരെ നാം പരിപാലിച്ച് അനുഷ്ഠിച്ചിരുന്ന മര്യാദകള്‍ ഇന്ന് ലംഘനങ്ങളായി മാറി. പരിശുദ്ധതയുടെ ഇടങ്ങള്‍ മലിനതയുടെ കൂത്തരങ്ങായി. ദൈവനിഷേധവും അര്‍ദ്ധസത്യങ്ങളും നമുക്ക് ഫാഷനായി. ഓരോ ദിവസവും ആഘോഷിക്കുവാന്‍ എന്തെങ്കിലും പുതുതായി വേണം. അത് സമൂഹം നല്‍കുകയും ചാനലുകള്‍ പ്രചരിപ്പിക്കുകയും നാം ആത്മസന്തോഷം നേടുകയും ചെയ്യുന്നു. ഒരു പീഡന വാര്‍ത്തയില്ലെങ്കില്‍ സുഖമായി ഉറക്കം നടക്കില്ല. ഒരു സ്നേഹിതന്റെ കമന്റാണ്. അത് ആത്മീക മേഖലയില്‍ നിന്നായാല്‍ കൂടുതല്‍ ഇഷ്ടം.
എന്തേ ഇങ്ങനെയാകുന്നു. നമുക്കു തന്നെ മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ കഴിയാതെ പോയോ? അതോ അതിനും പ്രകൃതി നീതിവാഹകയാകേണ്ടി വരുമോ? ഇപ്പോഴത്തെ അവസ്ഥയില്‍ ആര് ആരെ പഠിപ്പിക്കും? ആര് ആരെ ന്യായം വിധിക്കും? നിയമം ചിലരെ അഴിക്കുള്ളില്‍ ആക്കിയപ്പോള്‍ പുറത്തു നിന്നവര്‍ ആശ്വസിച്ചു. എന്നാല്‍ ദൈവിക നീതി അത് തുല്യമല്ലോ. ഹൃദയശുദ്ധി അത് മാത്രമേ പരിഹാരമുള്ളു. ഏതു നന്മയും തിന്മയും അതിന്റെ ആരംഭം ഹൃദയത്തില്‍ നിന്നല്ലേ?
രോഗി വൈദ്യന്റെ അടുക്കല്‍ ചെല്ലുകയും ചികിത്സാവിധി ഏറ്റുവാങ്ങുകയും അത് അനുസരിക്കുകയും ചെയ്താലല്ലേ രോഗം ശമിക്കൂ. ഉപവാസവും പ്രാര്‍ത്ഥനയും ആണ് മരുന്നായി വേദപുസ്തകവും മറ്റു ഗ്രന്ഥങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ദൈവിക നീതി പുലരട്ടെ. കാലിക ധര്‍മ്മം നീതിക്ക് മുതല്‍ക്കൂട്ടാകട്ടെ.
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ താമസിച്ചു കൊണ്ടുള്ള മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ ഒക്ടോബര്‍ 12 രാവിലെ 10 മുതല്‍ ഒക്ടോബര്‍ 14 വൈകുന്നേരം 4 മണി വരെ നടത്തപ്പെടും. ഫാ. ജോസഫ് സേവ്യര്‍, ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി & ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് ധ്യാനം. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന ഉണ്ടായിരിക്കുന്നതാണ്. സീറ്റുകള്‍ പരിമിതം മാത്രം
സ്ഥലം : സെന്റ് ജോസഫ്, 8 ലിന്ദ്റസറ്റ് റോഡ്, സൗത്താംപ്റ്റണ്‍, SO40 7DU
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോസഫ് ലോനപ്പന് : 0788669237 & ഷോബു ഫെര്‍ണാണ്ടസ് : 07737451962
ജോജി തോമസ്
സീറോ മലബാര്‍ സഭാ ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ പ്രധാന വികാരി ജനറാളും രൂപതയാരംഭിക്കുന്നതിനു മുമ്പ് ബ്രിട്ടനിലെ സീറോ മലബാര്‍ സഭാ കോഓര്‍ഡിനേറ്റരുമായിരുന്ന ഫോ.തോമസ് പാറയടി ബ്രിട്ടനിലെ സേവനങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. 2007ല്‍ ബ്രിട്ടനില്‍ എത്തിയ പാറയടിയച്ചന്‍ സീറോ മലബാര്‍ സഭയെ ബ്രിട്ടനില്‍ കെട്ടിപ്പടുക്കാന്‍ വളരെയധികെ പ്രയത്നിച്ച വ്യക്തികളിലൊരാളാണ്. കാഞ്ഞിരപ്പള്ളിക്കടുത്തുള്ള തിടനാട് സ്വദേശിയായ ഫാ.തോമസ് പാറയടി എംഎസ്ടി സഭാംഗമാണ്. സീറോ മലബാര്‍ സഭയുടെ ലണ്ടന്‍ റീജിയണല്‍ കോഓര്‍ഡിനേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുള്ള തോമസ് പാറയടിയച്ചന്‍ സീറോ മലബാര്‍ സഭയുടെ രൂപതാ രൂപീകരണത്തെത്തുടര്‍ന്ന് പ്രധാന വികാരി ജനറാളായി പ്രവര്‍ത്തിക്കുകയായിരുന്നു. ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ ഫാ. തോമസ് പാറയടിയുടെ സേവനങ്ങളെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദിയോടെ അനുസ്മരിച്ചു.
ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ രൂപീകരണത്തിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെട്ടു. ബ്രിട്ടനിലെമ്പാടുമുള്ള വൈദികരും വിശ്വാസികളും പങ്കെടുത്ത തിരുക്കര്‍മ്മങ്ങള്‍ക്ക് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. തോമാശ്ലീഹാ പകര്‍ന്നു നല്കിയ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉറവിടങ്ങളിലേക്ക് തിരിച്ചു പോകേണ്ടതിന്റെ പ്രസക്തിയും കുര്‍ബാന മധ്യേയുള്ള സന്ദേശത്തില്‍ മാര്‍ ആന്‍ഡ്രൂസ് ചൂണ്ടിക്കാട്ടി. താന്‍ ആരാണെന്ന ആത്മബോധമുള്ളവനേ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ സാധിക്കൂ. സീറോ മലബാര്‍ സഭയുടെ ഭാവി പ്രവാസികളിലാണെന്നും 35000ത്തോളം കുടുംബങ്ങള്‍ ബ്രിട്ടനില്‍ തന്നെയുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സഭയെ ശക്തിപ്പെടുത്തേണ്ട കടമ വിശ്വാസികള്‍ക്കുണ്ടെന്ന് ഓര്‍മിപ്പിച്ച ആര്‍ച്ച് ബിഷപ്പ് സഭയെയും വിശ്വാസത്തെയും തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങളെക്കുറിച്ച് വിശ്വാസികള്‍ ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സൂചിപ്പിച്ചു.
ഉച്ചതിരിഞ്ഞു നടന്ന വിവിധ മാസ് സെന്ററുകളിലെ ഭാരവാഹികളുടെ ആലോചനാ യോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 10 വരെ സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രൂപത സന്ദര്‍ശിക്കുന്നതും 35ഓളം മിഷനുകള്‍ ഉദ്ഘാടനം ചെയ്യപ്പടുന്ന വിവരവും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആലോചനാ യോഗത്തെ അറിയിച്ചു. രൂപതയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയും വളര്‍ച്ചയെയും വിവിധ ഭക്ത സംഘടനകളുടെ പ്രവര്‍ത്തനത്തെയും വിലയിരുത്തിയ യോഗം രൂപത രണ്ടു വര്‍ഷം കൊണ്ട് നേടിയ പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും മറ്റു പല വിദേശരാജ്യങ്ങളില്‍ നേടിയതിലും വേഗതയിലാണ് ബ്രിട്ടനിലെ സഭയുടെ വളര്‍ച്ചയെന്ന് നിരീക്ഷിക്കുകയും ചെയ്തു.
ബാബു ജോസഫ്
മാഞ്ചസ്റ്റര്‍: ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെ എന്ന അലിഖിത വചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സീറോ മലബാര്‍ സഭയ്ക്ക് പ്രത്യേക ദൈവിക പദ്ധതിയുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടണില്‍ സ്ഥാപിതമായ രൂപതയുടെ രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷനായി മാഞ്ചസ്റ്ററില്‍ വന്‍ ഒരുക്കങ്ങള്‍. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ റവ.ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന കണ്വെന്ഷന് മാഞ്ചസ്റ്റര്‍ റീജിയന് കേന്ദ്രീകരിച്ച് നവംബര്‍ 3 ന് നടക്കും. ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിന്മാരായ ഫാ.ജോസ് അഞ്ചാനി,ഫാ. മാത്യു മുളയോലില്‍ ഫാ. ബിജു കുന്നക്കാട്ട്,ഡീക്കന്‍ അനില്‍ ലൂക്കോസ് എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
വിവിധ മാസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക കുരിശിന്റെ വഴി, ജപമാല, ദിവ്യകാരുണ്യ ആരാധനകള്‍ എന്നിവ നടന്നുവരുന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ കുടുംബങ്ങളിലും നടക്കുന്നു.
സഭ യേശുവാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവംബര്‍ 3 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക. അന്നേ ദിവസം സ്കൂള്‍ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്കുന്ന അഭിഷേകാഗ്നി കണ്വെന്ഷന് നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. നവംബര്‍ 3 ന്റെ കണ്‍വെന്‍ഷനിലേക്ക് ഫാ.മലയില്‍പുത്തെന്‍പുരയുടെ നേതൃത്വത്തിലുള്ള റീജിയണല്‍ സംഘാടകസമിതി മുഴുവനാളുകളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു. വിശാലമായ സൗകര്യങ്ങളോട് കൂടിയ കണ്വെന്ഷന് സെന്ററിന്റെ അഡ്രസ്സ്.
BEC ARENA
LONG BRIDGE ROAD
TRAFFORD PARK
MANCHESTER
M17 1SN.
ബാബു ജോസഫ്
ബര്‍മിങ്ഹാം: നാളെയുടെ യൂറോപ്പ് ഈശോയ്ക്ക് സ്വന്തം. യേശുവില്‍ ഒന്നാകാന്‍ അനുദിനം വിശുദ്ധിയില്‍ വളരാന്‍ വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് നാളെയുടെ വാഗ്ദാനമായ കുട്ടികളിലൂടെ യൂറോപ്യന്‍ നവസുവിശേഷവത്കരണത്തിനായി റവ. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്കുന്ന സെഹിയോന്‍ യൂറോപ്പ് തുടക്കം കുറിച്ച ‘ഹോളിവീന്‍’ ആഘോഷങ്ങള്‍ 13ന് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ നടക്കും.
യൂറോപ്പില്‍ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുത്ഥാരണത്തിനായി ദൈവികേതര സങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ ക്രിസ്തുവിന്റെ പടയാളികളാകുവാന്‍ കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ട് ഈവരുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ കഴിഞ്ഞവര്‍ഷം തുടക്കമിട്ട ഹോളിവീന്‍ ആഘോഷങ്ങള്‍ ദൈവരാജ്യ സ്ഥാപനം മുന്‍നിര്‍ത്തി ഈ വര്‍ഷവും ഏറ്റവും ശ്രദ്ധേയമായരീതിയില്‍ നടത്തുവാന്‍ സെഹിയോന്‍ യൂറോപ്പ് ഒരുങ്ങിക്കഴിഞ്ഞു.
പ്രായഭേദമന്യേ സാധിക്കുന്ന എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നല്കുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ ഈ വരുന്ന 13/10/18 ന് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരണമെന്ന് കുട്ടികളോടും മാതാപിതാക്കളോടും സെഹിയോന്‍ യൂറോപ്പിനുവേണ്ടി പ്രാര്‍ത്ഥനയോടെ ഫാ.സോജി ഓലിക്കല്‍ അഭ്യര്‍ത്ഥിക്കുന്നു.
രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം
അഡ്രസ്സ്
KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് 07877 508926.
ഫാ.ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ
പ്രെസ്റ്റണ്: പ്രവാസികളില്‍ ആണ് സീറോ മലബാര്‍ സഭയുടെ ഭാവി കുടികൊള്ളുന്നത് എന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിന്റെയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷകത്തിന്റെയും രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രെസ്റ്റന് സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ കൃതജ്ഞതാ ബലിയില്‍ പ്രധാന കാര്‍മികനായി സുവിശേഷ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. തിരുസഭയുടെ നിലനില്‍പ്പും ഭാവിയും യുവജനങ്ങളില്‍ ആണ്. ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ അംഗങ്ങളില്‍ ഭൂരിഭാഗവും യുവാക്കളാണ് എന്നത് ഏറെ പ്രതീക്ഷ നല്കുന്നു. നമ്മുടെ ഉറവിടങ്ങളിലേക്കു തിരിച്ചു പോകുകയും നമ്മുടെ തനിമയും, വ്യക്തിത്വവും അറിയുകയും, പുതിയ തലമുറക്ക് അവയില്‍ പരിശീലനം നല്‍കുകയും ചെയ്യൂമ്പോഴാണ് ആത്മ ബോധവും, വിശ്വാസതീഷ്ണതയും ഉള്ള ഒരു സമൂഹമായി നമുക്ക് വളരാന്‍ സാധിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൂപതയിലെ വൈദികര്‍ ഒന്ന് ചേര്‍ന്ന് അര്‍പ്പിച്ച സമൂഹബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആമുഖ സന്ദേശം നല്കി, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയിലൂടെ ദൈവം നല്കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയണ്ട സമയം ആണിതെന്നും, രൂപതയുടെ വളര്‍ച്ചക്കുവേണ്ടി രൂപതാ അംഗങ്ങള്‍ പ്രത്യേകം പ്രാര്‍ഥിക്കണം എന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
വിശുദ്ധ കുര്‍ബാനക്കുശേഷം രൂപതയുടെ വിവിധ റീജിയനുകളില്‍ നിന്നും എത്തിയ വൈദികരുടെയും, അല്മായ പ്രതിനിധികളുടെയും സമ്മേളനം നടന്നു. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ രൂപീകരണത്തിന് മുന്‍പ്, ബ്രിട്ടനിലെ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ആയും, കഴിഞ്ഞ രണ്ടു വര്‍ഷമായി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ആയും സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന വെരി. റെവ. ഡോ. തോമസ് പാറയടിക്ക് സമ്മേളനത്തില്‍ യാത്രയയപ്പു നല്കി. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടു ഉള്ള വിഡിയോ പ്രദര്‍ശനവും, വിവിധ റീജിയണല്‍ കോഡിനേറ്റേഴ്സ് ആയ വൈദികരുടെ നേതൃത്വത്തില്‍ അല്മായ പ്രതിനിധികളുടെ റീജിയണല്‍ സമ്മേളനവും നടന്നു. പ്രസ്തുത സമ്മേളനത്തില്‍ രൂപതയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുകയും, ചര്‍ച്ചകള്‍ക്കു ശേഷം ഉണ്ടായ നിര്‍ദേശങ്ങള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതു യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.
ഒക്ടോബര്‍ ഇരുപതുമുതല് നവമ്പര്‍ നാലുവരെ ഗ്രേറ്റ് ബ്രിട്ടനിലെ എട്ടു നഗരങ്ങളില്‍ വച്ച് റെവ. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ അച്ചന് നേതൃത്വം നല്കുന്ന രൂപതയുടെ രണ്ടാമത് ബൈബിള്‍ കണ്വെന്ഷന്,നവമ്പര്‍ പത്താം തീയതി ബ്രിസ്റ്റോളില്‍ വച്ച് നടത്തപെടുന്ന രണ്ടാമത് രൂപതാ ബൈബിള്‍ കലോത്സവം, കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു ബിര്‍മിംഗ് ഹാമിലെ ബെഥേല്‍ കണ്വെന്ഷന് സെന്ററില്‍ ഡിസംബര്‍ ഒന്നിന് നടക്കുന്ന കുട്ടികളുടെ കണ്വെന്ഷന്, മേജര്‍ ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് കാര്‍ഡിനല്‍ ആലഞ്ചേരി പിതാവ് നടത്തുന്ന അജപാലന സന്ദര്‍ശനത്തെക്കുറിച്ചുമുള്ള വിശദ വിവരങ്ങള്‍ രൂപതാധ്യക്ഷന്‍ സമ്മേളനത്തില്‍ അറിയിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. തോമസ് പാറയടി, വികാരി ജെനറല്‍മാരായ റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുര, റെവ. ഡോ. മാത്യു ചൂരപൊയ്കയില്‍, റെവ. ഡോ. മാത്യു പിണക്കാട്, റെവ. ഡോ. വര്‍ഗീസ് പുത്തന്‍പുരക്കല്‍ റെവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ കാര്യ പരിപാടികള്‍ക്ക് നേതൃത്വം നല്കി. റെവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലാ യുടെ നേതൃത്വത്തിലുള്ള രൂപത ഗായക സംഘം തിരുക്കര്‍മ്മങ്ങളെ ഭക്തി സാന്ദ്രമാക്കി.
ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്.ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത ഔദ്യോഗികമായി ആരംഭിച്ചതിന്റെയും പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിതനായതിന്റെയും രണ്ടാം വാര്‍ഷികം ഇന്ന് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ആഘോഷിക്കുമ്പോള്‍, മുഖ്യാതിഥിയായി തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പങ്കെടുക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ ജോസഫ് സ്രാമ്പിക്കലും മുഖ്യകാര്‍മ്മികത്വം വഹിക്കും.
ദിവ്യബലിക്ക് ശേഷം വൈദിക അല്മായ പ്രതിനിധികളുടെ സംയുക്ത സമ്മേളനം നടക്കും. രൂപതയുടെ വളര്‍ച്ചയുടെ അടുത്തപടിയായ മിഷന് സെന്ററുകളെക്കുറിച്ചും ബൈബിള്‍ കലോത്സവം, രണ്ടാം അഭിഷേകാഗ്നി കണ്വെന്ഷന് തുടങ്ങിയവയെക്കുറിച്ചും സമ്മേളനം വിലയിരുത്തും. രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അല്മായ പ്രതിനിധികളും തിരുക്കര്‍മ്മങ്ങളിലും സമ്മേളനത്തിലും പങ്കുച്ചേരും. രൂപതയുടെ രണ്ടാം വാര്‍ഷികത്തില്‍ പങ്കുചേരാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കഴിഞ്ഞ ശനിയാഴ്ച്ചയാണ് യുകെയില്‍ എത്തിച്ചേര്‍ന്നത്.
ഇന്നലെ ഗ്ലോസ്ടറിലെ ക്രിപ്ട് സ്കൂളില്‍ വെച്ച് നടന്ന ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയന്‍രെ രണ്ടാമത്തെ ബൈബിള്‍ കലോത്സവം മഹത്തരമായ സന്ദേശത്തിന്റെ വിളിച്ചോതലായിരുന്നു. എല്ലാവിധ സൗകരങ്ങളടങ്ങിയ ഏഴ് സ്റ്റേജുകളിലായി നടന്ന കലോത്സവത്തില്‍ തകര്‍ത്ത് പെയ്യുന്ന മഴയെയും വീശിയടിക്കുന്ന കാറ്റിനെയും വകവെക്കാതെ പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വിശ്വാസദീപം വരും തലമുറക്ക് പകര്‍ന്ന് നല്കുവാനായി, 300ല്‍പ്പരം മത്സരാര്‍ത്ഥികളും 900ല്‍പ്പരം ആളുകളും ഈ മഹനീയമായ ബൈബിള്‍ കലോത്സവത്തിന് സാക്ഷ്യം വഹിച്ചു.
രാവിലെ 9.30ന് ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച വാശിയേറിയ മത്സരങ്ങള്‍ വൈകീട്ട് 7 മണിയോടെ പരിസമാപിച്ചു. വിവിധ മാസ് സെന്ററുകളില്‍ നിന്നുള്ള ധാരാളം കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. ഇത്തവണ മുന്‍വര്‍ഷങ്ങളെക്കാള്‍ മികവുറ്റതായിരുന്നു കലോത്സവം.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍, ഫാ. ജോയി വയലില്‍ (എസ്.എം.ബി.സി.ആര് കലോത്സവം ഡയറക്ടര്‍), ഫാ. ടോണി പഴയകുളം, ഫാ. ജിമ്മി പുലിക്കുന്നേല്‍, ഫാ. ജോസ് പൂവാലിക്കുന്നേല്‍, ഫാ. ഷിബി വേലംപറമ്പില്‍, ഫിലിപ്പ് കണ്ടോത്ത് (എസ്.എം.ബി.സി.ആര് ട്രഷറര്‍), റോയി സെബാസ്റ്റിയന് (എസ്.എം.ബി.സി.ആര് കലോത്സവം കോഡിനേറ്റര്‍), സിസ്റ്റര്‍ ഗ്രേസ് മേരി, സിസ്റ്റര്‍ ലീനാ മേരി, ജോജി, ജിജി ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്ലോസ്ടറിലെ സോണിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം അതിമനോഹരമായ ഗാനാലാപനത്തോടു കൂടി മനോഹരമായി തയ്യാറാക്കിയ സ്കൂളിന്റെ പ്രധാന വേദിയില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ശേഷം നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി ബൈബിള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ പ്രായത്തിലുള്ള കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. വൈകീട്ട് നടന്ന പൊതു സമ്മേളനത്തില്‍ ചീഫ് ഗസ്റ്റായി, മിസിസ് കാരോള്‍ ബറോണ്‍ (ഹെഡ് ടീച്ചര്‍, സെന്റ് പീറ്റര്‍ കാത്തോലിക് പ്രൈമറി സ്കൂള്‍, ഗ്ലോസ്ടര്‍) എത്തുകയുണ്ടായി. ഫാ. ജോയ് വയലില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജോസ് പൂവാനിക്കുന്നേല്‍, ഫാ. സിബി വേലംപറമ്പിലും യോഗത്തില്‍ സന്നിഹിതരായിരുന്നു. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ട്രസ്റ്റീ ഫിലിപ്പ് കണ്ടോത്ത് എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. കലോത്സവത്തിന്റെ കോഡിനേറ്റര്‍ റോയ് സെബാസ്റ്റ്യന്‍ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.
200ല്‍പ്പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്ന വികച്ച രീതിയിലുള്ള സ്റ്റേജുകള്‍ അടങ്ങിയ ക്രിപ്ട് സ്കൂള്‍ രൂപതാ കലോത്സവത്തിന് അനുയോജ്യമാണെന്ന് റീജിയന്റെ മറ്റ് സെന്ററുകളില്‍ നിന്നെത്തിയവര്‍ അഭിപ്രായപ്പെട്ടു.
ജിജി ജോണിന്റെ നേതൃത്വത്തില്‍ ഫുഡ് ടീം മിതമായ നിരക്കില്‍ മുഴുവന്‍ പേര്‍ക്കും ആസ്വാദ്യകരമായി ഭക്ഷണം നല്കുകയുണ്ടായി. ഗ്ലോസ്ടറിലെ വെച്ച് നടന്ന ആദ്യത്തെ ഈ റീജിയണല്‍ ബൈബിള്‍ കലോത്സവത്തില്‍ ഫിലിപ്പ് കണ്ടോത്തിന്റെ നേതൃത്വത്തിലുള്ള 45 അംഗ കമ്മറ്റി സജീവ പങ്കാളിത്വം വഹിച്ചു. സീറോ മലബാര്‍ ബ്രിട്ടന് ബൈബിള്‍ കലോത്സവ ടീം അംഗങ്ങളായ ജോജി മാത്യു, സിജി, ജോമി ജോണ്‍, അനിത മാര്ട്ടിന് എന്നിവരുടെ നേതൃത്വത്തില്‍ ഫ്രണ്ട് ഓഫീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
റോയി സെബാസ്റ്റിയന്റെയും ഫിലിപ്പ് കണ്ടോത്തിന്റെയും നേതൃത്വത്തില്‍ കലോത്സവം മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് നടന്നുവന്നത്. സമയത്ത് തുടങ്ങിയ കൃത്യ സമയത്ത് അവസാനിപ്പിച്ച് പരിപാടി ഉന്നത നിലവാരം പുലര്‍ത്തി.
ഹെയര്‍ഫീല്‍ഡ്: വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതാ ചാപ്ലൈന്‍സിയുടെ കീഴിലുള്ള കുര്‍ബ്ബാന സെന്ററായ ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് പരിശുദ്ധ ദൈവ മാതാവിന്റെ ജപമാലതിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ലണ്ടനിലെ പ്രശസ്തമായ തിരുനാളുകളിലൊന്നായി ശ്രദ്ധേയമായ ഹെയര്‍ഫീല്‍ഡു തിരുനാള്‍ ഒക്ടോബര്‍ 13നു ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.15നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്നതായിരിക്കും.
ഫാദര്‍ ജിജി പുതു വീട്ടില്‍ ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു തിരുന്നാള്‍ സന്ദേശം നല്കുന്നു. ചാപ്ലയിന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ ചാമക്കാല സഹകാര്മ്മിനായിരിക്കും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച വെഞ്ചിരിപ്പ് തുടര്‍ന്നു നേര്‍ച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി ചാപ്ലയിന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ ചാമക്കാലയും, ട്രസ്റ്റിമാരായ ജോമോന് കൈതമറ്റം, അജിത് ആന്റണിയും പള്ളിക്കമ്മിറ്റിയും അറിയിക്കുന്നു.
2 Merle Avenue, Harefield, Uxbridge UB9 6DG
ലണ്ടന്‍: സുവിശേഷവല്‍ക്കരണത്തോടൊപ്പംപ്രാര്‍ത്ഥനകളും, അനുഭവ സാക്ഷ്യങ്ങളും പങ്കിട്ടു സുദൃഢമായ കുടുംബവും, ശക്തമായ കൂട്ടായ്മയും രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്കി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനുകള്‍ നവംബര്‍ 4 ശനിയാഴ്ച ലണ്ടനിലെ ഹാരോ ലെഷര്‍ സെന്ററില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനോടെ സമാപിക്കും.
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ അഭിഷേകങ്ങളും വരദാനങ്ങളും സ്വീകരിക്കുവാന്‍ ആയിരങ്ങള്‍ തിരുവചന വേദിയിലേക്ക് എത്തുമ്പോള്‍ ജീവിക്കുന്ന ക്രിസ്തുവിന്റെ അടയാളങ്ങളും അനുഗ്രഹങ്ങളും അനുഭവേദ്യമാവാനും റീജണല്‍ തലത്തില്‍ ആത്മീയമായ ഒരുക്കവും, പ്രാര്‍ത്ഥനയുമായി മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ വളണ്ടിയേഴ്സും, ഒപ്പം വിശ്വാസി സമൂഹവും ഒരു മാസത്തിലേറെയായി തയ്യാറെടുപ്പിലാണ്.
ഗ്രേറ്റ് ബ്രിട്ടന് രൂപതയില്‍ പരിശുദ്ധാത്മ ശുശ്രുഷകള്‍ നയിക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ട ശക്തനായ തിരുവചന പ്രഘോഷകനും, സെഹിയോന്‍ മിനിസ്ട്രിയുടെ സ്ഥാപക ഡയറക്ടറും, പരിശുദ്ധാത്മ ശുശ്രുഷകളില്‍ അഭിഷിക്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും ടീമും അഭിവന്ദ്യ പിതാവിനോടൊപ്പം ഹാരോ ലെഷര്‍ സെന്ററില്‍ പരിശുദ്ധ റൂഹാ കൃപാകള്‍ക്കായുള്ള ശുശ്രുഷകള്‍ നയിക്കുന്നതായിരിക്കും.
റീജണല്‍ കണ്‍വെന്‍ഷനുകളുടെ കലാശ ശുശ്രുഷ ലണ്ടനില്‍ പ്രഘോഷിക്കപ്പെടുമ്പോള്‍ ദൈവിക വരദാനങ്ങളും അനുഗ്രഹങ്ങളും ആത്മസന്തോഷവും, അത്ഭുത രോഗശാന്തികളും നേടിയെടുക്കാവുന്ന തിരുവചന ശുശ്രുഷകളില്‍ ഭാഗഭാക്കാകുവാനും ആവോളം അനുഭവിക്കുവാനും മുഴുവന്‍ മക്കളും വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥനാനിരതരായി എത്തിച്ചേരുവാന്‍ വികാരി ജനറാള്‍ ഫാ.തോമസ് പറയടിയില്‍, കോര്‍ഡിനേറ്റര്‍ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുത്തന്‍കുളങ്ങര ഒപ്പം സംഘാടക സമിതിയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.
രാവിലെ 9:00ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്വെന്ഷന് ശുശ്രുഷകള്‍ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും.
ധ്യാന പരിസരങ്ങളില്‍ നിയന്ത്രിത കാര്‍ പാര്‍ക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഷാജി വാട്ഫോര്‍ഡ് : 07737702264;
ജോമോന് ഹെയര്‍ഫീല്‍ഡ്:07804691069
സിറിയക്ക് മാളിയേക്കല്‍: 07446355936
കണ്വെന്ഷന് വേദിയുടെ വിലാസം:
Harrow Leisure Centre, Christchurch Avenue,
Harrow, HA3 5BD