ഫാ.ഹാപ്പി ജേക്കബ്
വലിയ നോമ്പിലെ അവസാന ആഴ്ചയിലേക്ക് പ്രവേശിക്കയാണ്. നോമ്പിന്റെ കഠിനതയും പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റേയും തീക്ഷ്ണതയില്‍ കഴിഞ്ഞ നാളുകള്‍ ക്രിസ്തുവിന്റെ പീഡാനുഭവവും യാതനയും നമുക്ക് അനുഭവഭേദ്യമാക്കി തീര്‍ത്തു എങ്കില്‍ അനുഗ്രഹമായി ഈ ദിനങ്ങള്‍ എന്ന് നിരൂപിക്കാം. പിറവിയിലെ കുരുടനായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്ന ഭാഗമാണ് ഇന്നത്തെ ചിന്തക്ക് ആധാരം. വി.യോഹന്നാന്റെ സുവിശേഷം ഒന്‍പതാം അധ്യായത്തില്‍ ആണ് ഇത് വിവരിച്ചിരിക്കുന്നത്. മറ്റ് സൗഖ്യധ്യാന ശുശ്രൂഷയില്‍ നിന്ന് വ്യത്യസ്തമായി ഇവന്‍ സൗഖ്യം പ്രാപിക്കുവാന്‍ അപേക്ഷിക്കുന്നില്ല, അടുത്തേക്ക് വരുന്നില്ല, ആരും ഇവന് വേണ്ടി അപേക്ഷിക്കുന്നുമില്ല. കര്‍ത്താവ് കടന്നു പോകുന്ന വഴിയില്‍ അവനെ കാണുന്നു. അവന്റെ ശിഷ്യന്മാര്‍ അവനോട് ഇവന്‍ കുരുടന്‍ ആയി പിറക്കുവാന്‍ കാരണം എന്ത്? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ പാപം ചെയ്തത്? യേശു അവരോട് ആരും പാപം ചെയ്തിട്ടല്ല, ദൈവ പ്രവൃത്തി ഇവനില്‍ വെളിപ്പെടുവാനേ്രത എന്ന് അരുളി ചെയ്തു.
ലോകം എന്തെന്ന് കാണുവാന്‍ പറ്റാത്ത അവസ്ഥ. ദൈവസൃഷ്ടികളുടെ മനോഹാരിത അവന് ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും അവന്‍ നിശ്ചയദാര്‍ഢ്യത്തോടെ ഭിക്ഷയാചിച്ച് അവന്‍ കഴിഞ്ഞുവന്നു. ഈ അധ്യായത്തിന്റെ അവസാന ഭാഗത്തേക്ക് കടന്നുവരുമ്പോള്‍ യഥാര്‍ത്ഥമായ അന്ധത എന്താണെന്ന് അത് മറ്റാര്‍ക്കുമല്ല, നാം ഓരോരുത്തര്‍ക്കും ആണെന്ന് മനസിലാകും.
ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്ന് പറഞ്ഞ് ചേറ് അവന്റെ കണ്ണില്‍ പൂശി. അന്ധനായ ഈ മനുഷ്യന്‍ കര്‍ത്താവ് പറഞ്ഞപോലെ അനുസരിച്ച് കാഴ്ചപ്രാപിക്കുന്നു. കാഴ്ചയുണ്ട് എന്ന് അവകാശപ്പെടുന്ന നാം ഓരോരുത്തരും കാണേണ്ടത് കാണുവാനോ കര്‍തൃകല്പന അനുസരിച്ച് പ്രവര്‍ത്തിക്കുവാനോ ജീവിക്കുവാനോ ശ്രമിക്കുന്നുണ്ടോ? ആത്മീയമായി അന്ധത പ്രാപിച്ച് സഹസൃഷ്ടികളെ കാണാതെ എങ്ങനെ ദൈവികത ദര്‍ശിക്കുവാന്‍ സാധിക്കും. കാഴ്ച എന്നത് ദൈവീകമായ ദാനമാണ്. സാക്ഷാല്‍ സത്യപ്രകാശമാകുന്ന ദൈവത്തെ ഒന്നു കാണുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഉപദേശങ്ങളും ആദര്‍ശങ്ങളും പ്രസംഗിക്കുവാന്‍ കാണിക്കുന്ന മിടുക്ക് സ്വജീവിതത്തില്‍ പ്രകാശിക്കുവാനും മറ്റുള്ളവരില്‍ എത്തിക്കുവാനും നമുക്ക് എത്രമാത്രം സാധിച്ചിട്ടുണ്ട്. ഈ വേദഭാഗത്ത് തന്നെ നമ്മുടെ പ്രതിനിധികളേയും നമുക്ക് കാണാം.
കാഴ്ച ലഭിച്ച് ഇവന്‍ ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍ സംശയങ്ങളും ആരോപണങ്ങളുമായി ജനങ്ങള്‍ അവിടെ ചോദ്യശരങ്ങളുമായി കാത്ത് നില്‍പുണ്ടായിരുന്നു. പ്രകാശം കൊടുക്കുവാനോ കഴിയില്ല എങ്കിലും അതിനെ അംഗീകരിക്കുവാനുള്ള മനസ് എങ്കിലും അവരില്‍ ഉണ്ടായില്ല എന്നു കാണുമ്പോള്‍ ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിരൂപം അല്ലാതെ മറ്റെന്താണ്.
സാക്ഷാല്‍ സത്യപ്രകാശമാകുന്ന ദൈവത്തെ കാണുവാനും ആ പ്രകാശത്തെ അനേകരില്‍ എത്തിക്കുവാനും വരും ദിനങ്ങളില്‍ നമുക്ക് കഴിയണം. പ്രകാശം ദൈവീകമാകുമ്പോള്‍ അന്ധത പാപലക്ഷണമാണ്. കാണുന്നു എന്ന് അവകാശപ്പെടുമ്പോള്‍ ആത്മീയാന്ധത നമ്മെ ഇരുളിന്റെ മക്കളാക്കി തീര്‍ക്കുന്നു. പ്രത്യാശയും സ്‌നേഹവും കരുണയും ആശ്വാസവും വെളിച്ചത്തിന്റെ ഗുണങ്ങള്‍ ആകുമ്പോള്‍ അതില്ലാത്തവര്‍ക്ക് ഈ നോമ്പിന്റെ ദിനങ്ങളില്‍ പകര്‍ന്ന് കൊടുക്കുവാന്‍ നമുക്ക് കഴിയണം. കര്‍ത്താവ് ഇവന്റെ ശാരീരിക അന്ധതയും നീക്കി കാഴ്ചയും ദൈവിക സാന്നിധ്യവും മനസിലാക്കി കൊടുത്തത് പോലെ ഈ നോമ്പിലൂടെ ദൈവത്തെ ദര്‍ശിച്ച് പ്രകാശത്തിന്റെ മക്കളായി നമുക്ക് തീരാം. കാണേണ്ടവയെ കണ്ടും തിരിച്ചറിയേണ്ടവയെ തിരിച്ചറിഞ്ഞും യഥാര്‍ത്ഥ ദൈവികതയെ പുല്‍കുവാനും ദൈവസൃഷ്ടിയെ പരിപാലിക്കുവാനും കരുതുവാനും നമുക്ക് ശീലിക്കാം. പ്രകാശമായ ദൈവത്തെ പിന്തുടര്‍ന്ന് ഇരുളിലും മരണ നിഴലിലും കഴിയുന്നവര്‍ക്ക് നമുക്ക് ആശ്വാസം ഏകാം. വിശുദ്ധമായ കഷ്ടാനുഭവത്തെ വിശുദ്ധമായ കഷ്ടാനുഭവത്തെ വിശുദ്ധമായി സ്വീകരിക്കുവാന്‍ ദൈവം നമ്മെ വിശുദ്ധീകരിക്കട്ടെ.
കര്‍ത്തൃ സ്‌നേഹത്തില്‍
ഹാപ്പി ജേക്കബ് അച്ചന്‍
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ദൈവാലയങ്ങളില്‍ ഉപയോഗിക്കാനുള്ള വി. തൈലത്തിന്റെ (മൂറോന്‍) കൂദാശകര്‍മ്മം തിങ്കളാഴ്ച (മാര്‍ച്ച് 19) രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നിര്‍വ്വഹിക്കും. രാവിലെ 11 മണിക്ക് രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരുടെയും വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള കമ്മിറ്റിയംഗങ്ങളുടെയും സാന്നിധ്യത്തിലര്‍പ്പിക്കപ്പെടുന്ന വി. കുര്‍ബാന മധ്യേയാണ് തൈലം വെഞ്ചരിപ്പ് നടക്കുന്നത്.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വി. യൗസോപ്പിതാവിന്റെ തിരുനാള്‍ ദിനം കൂടിയാണ് തിങ്കളാഴ്ച. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും അല്‍മായരും അഭിവന്ദ്യപിതാവിന് തിരുനാള്‍ ആശംസകള്‍ അര്‍പ്പിക്കും. വിവിധ സുഗന്ധ കൂട്ടുകളുടെ പരിമള മിശ്രിതം ഒലിവു തൈലത്തില്‍ കലര്‍ത്തി കൂദാശ ചെയ്യുന്നതാണ് വി. തൈലമായി അറിയപ്പെടുന്നത്. വിശുദ്ധിയുടെ പരിമളം പരത്തുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണ് ഈ തൈലം ഉപയോഗിക്കുന്നതുവഴി സഭയില്‍ നടക്കുന്നത്.
വി. കുര്‍ബാനയെത്തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ (വൈദിക സമിതി) സമ്മേളനം നടക്കും. 2.30ന് വൈദിക സമിതിയുടെയും വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന കൈക്കാരന്മാരുടെയും ഇടവക പ്രതിനിധികളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത ആലോചനാ സമ്മേളനം നടക്കും. നാല് മണിയോടുകൂടി യോഗം സമാപിക്കും. വി. കുര്‍ബാനയിക്കും തുടര്‍ന്ന് നടക്കുന്ന സമ്മേളനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
മാഞ്ചസ്റ്റര്‍: കത്തോലിക്കാ നവ സുവിശേഷവത്ക്കരണരംഗത്ത് ചരിത്രം കുറിക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങുന്നു. പുതുതലമുറയുടെ അഭിരുചിയെ യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിനനുസൃതമാകുംവിധം വഴിതിരിച്ചുവിട്ടുകൊണ്ട് യുവത്വത്തിന്റെ വിശ്വാസ പ്രഖ്യാപനം ലോകത്തിന് കാണിച്ചുകൊടുക്കുന്ന എബ്ലേസ് 2018 ഇത്തവണ ആത്മാഭിഷേകത്തിന്റെ പുത്തന്‍ രൂപഭാവവുമായി ഏറെ പുതുമകളോടെ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചെസ്റ്ററിനൊപ്പം മെയ് 5 ന് നടക്കും.
പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ട് നടക്കുന്ന എവൈക് മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കും. പ്രശസ്ത ക്രിസ്ത്യന്‍ ഗാനരചയിതാവും വചന പ്രഘോഷകനുമായ ബേബി ജോണ്‍ കലയന്താനി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്കുശേഷം 2വരെ നടക്കുന്ന കണ്‍വെന്‍ഷനിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 3.30 മുതല്‍ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ് 2018 ന് പ്രവേശനത്തിന് ഒരാള്‍ക്ക് 10പൗണ്ട് എന്ന നിരക്കില്‍ പ്രത്യേക പാസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ്സ് 30 പൗണ്ടാണ്.
ലൈവ് മ്യൂസിക്, സേക്രഡ് ഡ്രാമ, പ്രയ്സ് ആന്‍ഡ് വര്‍ഷിപ്, ആത്മീയ പ്രചോദനമേകുന്നു ജീവിത സാക്ഷ്യങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതിക സംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും ക്രിസ്തുവിനെ പകര്‍ന്നുനല്‍കാന്‍ ഒരുങ്ങുകയാണ് ഫാ.സോജി ഓലിക്കലും അഭിഷേകാഗ്‌നി മിനിസ്ട്രീസും. മെയ 5 ന് നടക്കുന്ന കണ്‍വെന്‍ഷനിലേക്കും എബ്ലേസിലേക്കും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
എബ്ലേസ് ടിക്കറ്റുകള്‍ക്കായി www.sehionuk.org എന്ന വെബ്‌സൈറ്റിലോ 07443 630066 എന്ന നമ്പറില്‍ രാജു ചെറിയാനെയോ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ക്ലമന്‍സ് നീലങ്കാവില്‍ 07949 499454
രാജു ആന്റണി 07912 217960
വിലാസം
എന്‍ഫീല്‍ഡ്: കുട്ടികളിലെ വിശുദ്ധിയും നന്മകളും ശോഷണം വരാതെ ദൈവസുതരായി വളര്‍ന്നു വരുവാനുള്ള ആത്മീയ പരിപോഷണത്തിനും തിന്മകളെ വിവേചിച്ചറിയുവാന്‍ ഉതകുന്ന പരിശുദ്ധാത്മ ജ്ഞാനത്തിനും അഭിഷേകത്തിനും പ്രയോജനകരമായ ‘വളര്‍ച്ചാ ധ്യാനം’ എന്‍ഫീല്‍ഡില്‍ സംഘടിപ്പിക്കുന്നു. പ്രവാസ മണ്ണില്‍ മാതാപിതാക്കള്‍ നല്‍കേണ്ട അനിവാര്യമായ ഒരു വലിയ കടമയാണ് ‘കിഡ്‌സ് ഫോര്‍ കിങ്ഡം’ സെഹിയോന്‍ യുകെ ടീം എന്‍ഫീല്‍ഡില്‍ കുട്ടികള്‍ക്കായി ഒരുക്കുന്നത്.
ഏഴു വയസ്സ് മുതല്‍ പതിനെട്ടു വയസ്സുവരെയുള്ള പ്രായക്കാര്‍ക്ക് രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് ധ്യാന ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 8ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് തുടങ്ങുന്ന ധ്യാന ശുശ്രുഷകള്‍ വൈകുന്നേരം ആറു മണിക്ക് വിശുദ്ധ കുര്‍ബ്ബാനയോടെ സമാപിക്കും. വ്യക്തിപരമായ അര്‍ത്ഥനകള്‍ ദൈവ സമക്ഷം സമര്‍പ്പിക്കുവാനും അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാനും ദൈവ സ്തുതിക്കും ആരാധനക്കും അതോടൊപ്പം തിരുവചനങ്ങള്‍ സ്വീകരിക്കുവാനും ഈ ശുശ്രുഷയില്‍ അവസരം ഉണ്ടായിരിക്കും.
ധ്യാന ശുശ്രുഷകള്‍ക്കു ശേഷം കുട്ടികള്‍ക്കായി ഫാ.ഷിജോ ആലപ്പാടന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ദിവ്യകാരുണ്യ ആരാധനക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്. ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തി ആത്മീയ നന്മകള്‍ ആര്‍ജ്ജിക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ധ്യാനത്തിലേക്കു പ്രോത്സാഹിപ്പിച്ചയക്കുവാന്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. സെബാസ്റ്റിയന്‍ ചാമക്കാല അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക.
മാത്തച്ചന്‍ വിളങ്ങാടന്‍ : 07915602258
ജോര്‍ജ്ജുകുട്ടി ആലപ്പാട്ട് : 07909115124
പള്ളിയുടെ വിലാസം:
ന്യൂസ് ഡെസ്ക്:
സാലിസ്ബറി: വലിയനോമ്പ് കാലത്തു നടത്താറുള്ള കുടുംബ നവീകരണധ്യാനം മാർച്ച് പതിനാറ്,പതിനേഴ് എന്നീ തീയതികളിൽ ഹോളീ റെഡീമെർ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.എല്ലാവരുടെയും സൗകര്യങ്ങൾ കണക്കിലെടുത്ത് പതിനാറാം തിയതി വൈകുന്നേരം അഞ്ചു മണി മുതൽ പത്തു മണി വരെയും,പതിനേഴാം തിയതി രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാല് മണി വരെയും ആയിരിക്കും ധ്യാനം നടക്കുന്നത്.ബഹുമാനപ്പെട്ട ഫാദർ ജോസ് പൂവണിക്കുന്നേൽ ആയിരിക്കും ധ്യാനം നയിക്കുന്നത്.
ധ്യാനത്തിന് മുന്നോടിയായി ബഹുമാനപ്പെട്ട ഫാദർ സണ്ണി പോൾ വീടുകൾ സന്ദർശിച്ചു പ്രാർഥിക്കുകയും വീടുകൾ വെഞ്ചിരിക്കുകയും ചെയ്തു.വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും ധ്യാനത്തിനോട് അനുബന്ധിച്ചു വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താൽ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാൻ നിങ്ങളേവരേയും ക്ഷണിക്കുന്നു.
അഡ്ഡ്രസ്,
Holy Redeemer Church,
Fotherby Crescent,
Salisbury,
SP1 3EG
ബാബു ജോസഫ്
ബര്‍മിങ്ഹാം: റവ.ഫാ. സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നാളിതുവരെ നടത്തപ്പെട്ട സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷനില്‍ പങ്കെടുത്തിട്ടുള്ള ടീനേജുകാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഒരുക്കുന്ന ഏകദിന ധ്യാനം ‘ഇഗ്‌നൈറ്റ് ‘ഏപ്രില്‍ 2 ന് ബര്‍മിങ്ഹാമില്‍ നടക്കും. സെഹിയോന്‍ ടീം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുകെയിലെ നൂറുകണക്കിന് ടീനേജ് പ്രായക്കാരിലൂടെ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കള്‍ക്കളുമായി പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉള്‍പ്പെടുന്ന ധ്യാനത്തില്‍ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങള്‍, ക്ലാസ്സുകള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും പങ്കുവയ്ക്കുന്നു.
ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ മാതാപിതാക്കള്‍ക്ക് പരസ്പരം പരിചയപ്പെടാന്‍, പങ്കുവയ്ക്കാന്‍ ഉപകാരപ്പെടും. ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ ഇതുവരെയും ധ്യാനത്തില്‍ പങ്കെടുത്തിട്ടുള്ള ടീനേജുകാരെയും അവരുടെ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ഏപ്രില്‍ 2ന് ബര്‍മിങ്ഹാമിലേക്ക് ക്ഷണിക്കുന്നു.
സമയം: രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ
അഡ്രസ്സ്
ST. CUTHBERT’ S CHURCH
CASTLE VALE
BIRMINGHAM
B35 7 PC
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെസ്സി ബിജു 07747586844
തോമസ് 07877508926
ജോണ്‍സന്‍ ജോസഫ്
ലണ്ടന്‍: യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് തന്റെ പ്രഥമ ഔദ്യോഗിക ഇടയ സന്ദര്‍ശനത്തിനായി യു.കെയില്‍ എത്തുന്നു. യുകെയിലെയും യൂറോപ്പിലെയും മലങ്കര സഭയെ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുകയെന്ന് ദൗത്യമാണ് പരിശുദ്ധ സിംഹാസനം ഈ നിയമനത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി യുകെയിലെ മലങ്കര സഭ ത്വരിത വളര്‍ച്ചയിലാണ്. ഇതിനോടകം, യുകെയിലെ പല സ്ഥലങ്ങളിലായി ചിതറിപാര്‍ക്കുന്ന സഭാംഗങ്ങളെ പതിനാറ് മിഷന്‍ സെന്ററുകളിലായി കൂട്ടിച്ചേര്‍ത്തു. സ്ഥിരമായ ആത്മീയ ശുശ്രൂഷകള്‍ക്ക് കനോനിക സംവിധാനമായി എന്നതും ലണ്ടനില്‍ സഭക്ക് സ്വന്തമായി ആരാധനാലയം ലഭ്യമായതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.
എക്ളേസ്യാസ്റ്റിക്കല്‍ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടില്‍, ചാപ്ലൈന്‍മാരായ ഫാ. രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ് എന്നീ വൈദികരുടെ ആത്മീയനേതൃത്വത്തില്‍ നീങ്ങുന്ന സഭക്ക് മാര്‍ തിയോഡോഷ്യസ് പുത്തനുണര്‍വും ഓജസും പകര്‍ന്നു നല്‍കും. യുകെയിലെ എല്ലാ മിഷന്‍ സെന്ററുകളും സംയുക്തമായി ഏപ്രില്‍ 7 ശനിയാഴ്ച രാവിലെ 11 മണിക്ക് ലണ്ടന്‍ ഡഗാനാമിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ സെന്ററില്‍ അഭിവന്ദ്യ പിതാവിന് പ്രൗഡ ഗംഭീരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പണവും അനുമോദന സമ്മേളനവും നടത്തപ്പെടും.
യുകെയിലെ വിവിധ ദേശങ്ങളിലെ മിഷനുകള്‍ കേന്ദ്രങ്ങളും കുടുംബങ്ങളും സന്ദര്‍ശിക്കാനും, വിശുദ്ധവാര ശുശ്രൂഷയില്‍ പങ്കെടുക്കാനും വിവിധ രൂപതാധ്യക്ഷന്മാരുമായി കൂടിക്കാഴ്ചകള്‍ നടത്താനുമായി അഭിവന്ദ്യ പിതാവ് എത്തിച്ചേരുന്നതിന്റെ ആഹ്ലാദത്തിലാണ് യുകെയിലെ മലങ്കര കത്തോലിക്കാ സഭാമക്കള്‍.
യേശുദേവന്‍ എളിമയുടെയും വിനയത്തിന്റെയും സന്ദേശം നല്‍കി കുരുത്തോലയും ഏന്തി ജെറുസലേം വീഥിയിലൂടെ കഴുതപ്പുറത്ത് യാത്ര ചെയ്ത ആ സ്‌നേഹയാത്ര ഓര്‍മ്മപ്പെടുത്തുന്ന കുരുത്തോല തിരുന്നാള്‍ ഓശാന ഞായറാഴ്ച വിശുദ്ധ കുര്‍ബാനയും കുരുത്തോലവിതരണവും മാര്‍ച് 25നു അഞ്ച് മണിക്ക് സെന്റ് ജോസഫ് ചര്‍ച്ച് കോള്‍വിന്‍ബെയില്‍ നടത്തുന്നു. അഡ്രസ് ST JOSEPH CHURCH , COLWYN BAY . LL 29 7 LG .
എളിമയുടെ സന്ദേശം നല്‍കി ഈശോ തമ്പുരാന്‍ തന്റെ ശിഷ്യന്‍മാരുടെ കാല്‍ക്കല്‍ കഴുകി മുത്തി വിനയത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം നല്‍കിയതിന്റെ ഓര്‍മ്മ പുതുക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയും, അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന അപ്പം മുറിക്കല്‍ മറ്റു തിരുകര്‍മ്മങ്ങളും മാര്‍ച് 29 വ്യാഴാഴ്ച മൂന്നരമണിക്ക് സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച്ച് ഹാര്‍ഡനില്‍ നടത്തുന്നു. അഡ്രസ് സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച്ച് ഹാര്‍ഡിന്. CH 53 DL.
മനുഷ്യ കുലത്തിന്റെ പാപ മോചനത്തിനായി സ്വന്തം ജീവന്‍ മരക്കുരിശില്‍ ഹോമിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന സഹനത്തിന്റെ പതിന്നാലാം സ്ഥലം മാര്‍ച് 30നു രാവിലെ 9 .45നു പന്ഥാസഫ് കുരുശുമലയില്‍ നടത്തുന്നു. മലകയറ്റവും നിറച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. അഡ്രസ് Monastery Rd, Pantasaph, Holywell CH8 8PE.
ലോകത്തിനു പ്രത്യാശയുടെ സന്ദേശം നല്‍കികൊണ്ട് യേശുദേവന്‍ ഉയര്‍ത്തെഴുന്നേറ്റത്തിന്റെ ഓര്‍മ്മപുതുക്കുന്ന വുശുദ്ധ കുര്‍ബാനയും ഈസ്റ്റര്‍ തിരുകര്‍മ്മങ്ങളും മാര്‍ച്ച് 31 ശനിയാഴിച്ച 4.30നു ഹാര്‍ഡന്‍ ചര്‍ച്ചില്‍ നടത്തപ്പെടുന്നു. മാര്‍ച് 26 തിങ്കള്‍ വൈകിട്ട് ആറുമുതല്‍ ഏഴു മണിവരെ കുമ്പസാരത്തിനുള്ള സൗകര്യം ഹാര്‍ഡന്‍ പള്ളിയില്‍ ഉണ്ടായിരിക്കുന്നതാണ്. റെക്‌സം രൂപതയിലെ വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം എസ്.ഡി.വി മറ്റു രൂപതയിലുള്ള മലയാളി വൈദികരും നേതൃത്വം നല്‍കുന്നതാണ്. ഈ വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ ഭക്തി പൂര്‍വം പങ്കുചേര്‍ന്നു നല്ലൊരു ഉയര്‍പ്പ് തിരുന്നാളിനായി ഒരുങ്ങുവാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.
രൂപത കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം SDV: 07853533535
ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലനപദ്ധതിയുടെ അന്തിമ രൂപമായ സജീവ ശിലകള്‍ വെള്ളിയാഴ്ച പ്രസ്റ്റണ്‍ സെന്റ് അല്‍ഫാന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ പ്രകാശനം ചെയ്തു. ആദ്യ പ്രതി ഷെക്കീന ടെലിവിഷന്‍ ചെയര്‍മാനും സുപ്രസിദ്ധ വചനപ്രഘോഷകനുമായ ശ്രീ. സന്തോഷ് കരുമത്രയ്ക്ക് നല്കികൊണ്ട് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. 2017 നവംബര്‍ 20,21,22 തീയതികളില്‍ നടന്ന പഞ്ചവത്സര അജപാലന പദ്ധതിക്കായുള്ള രൂപതാസമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളുടെയും ആലോചനകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് സജീവശിലകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതനുസരിച്ച് 2018 കുട്ടികളുടെ വര്‍ഷമായും 2019 യുവജനങ്ങളുടെ വര്‍ഷമായും 2020 ദമ്പതികളുടെ വര്‍ഷമായും 2021 കുടുംബകൂട്ടായ്മകളുടെ വര്‍ഷമായും 2022 ഇടവകകളുടെ വര്‍ഷമായും രൂപത ആഘോഷിക്കുന്നതാണ്. വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പോയ്കയില്‍, ഫാ. സിറിള്‍ ഇടമന എസ്. ഡി. ബി., ഫാ. ഫാന്‍സുവ പത്തില്‍, സി. അനൂപാ സി. എം. സി., സി. റോജിറ്റ് സി. എം. സി., സി. ഷാരോണ്‍ സി. എം. സി. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഫാ.ഹാപ്പി ജേക്കബ്
നിര്‍മ്മലമായ നോമ്പിന്റെ അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുകയും സഹജീവികളെ ആ കാരുണ്യത്തില്‍ ദര്‍ശിക്കുകയും ചെയ്യുമ്പോള്‍ ദൈവസ്‌നേഹവും സ്പര്‍ശനവും നമുക്ക് അനുഗ്രഹങ്ങളായി ഭവിക്കുന്നു. എന്നാല്‍ ഈ നേരവും ആശങ്കയും പീഡനവും ദൈവനിന്ദയും കളിയാടുന്ന ലോകവും ഒട്ടും വ്യത്യസ്തതയില്ലാതെ ഈ പൈശാചികാനുഭവങ്ങളില്‍ എല്ലാം ക്രിസ്ത്യാനി സാന്നിധ്യം നാം കാണുമ്പോള്‍ അല്‍പം വേദന ഉളവാകുകയും നിരാശനാകുകയും ചെയ്യുന്നു. എന്നാല്‍ നിരാശയല്ല പ്രത്യാശയാണ് നമ്മെ ഭരിക്കേണ്ടതെന്ന ചിന്ത ഉദിക്കുമ്പോള്‍ പ്രാര്‍ത്ഥനയുടെ കുറവും ജീവിതനിഷ്ഠയോടുള്ള മുഖംതിരിവും നാം ഇനിയെങ്കിലും തിരിച്ചറിഞ്ഞ് നേരിന്റെ പാത തിരഞ്ഞ് കണ്ടെത്തേണ്ടിയിരിക്കുന്നു. നോമ്പിന്റെ ഇനിയുള്ള ദിനങ്ങള്‍ നമ്മെ അതിന് പ്രാപ്തരാക്കട്ടെ.
ഈയാഴ്ചയിലെ ചിന്തക്കായി ഭവിക്കുന്നത് വി.ലൂക്കോസിന്റെ സുവിശേഷം 13: 10-17 വരെയുള്ള വാക്യങ്ങളാണ്. കര്‍ത്താവ് ശാബത്തില്‍ പതിനെട്ട് സംവത്സരമായി കൂനിയായ സ്ത്രീയെ സൗഖ്യമാക്കുന്നു. ആത്മീയതലത്തില്‍ കൂന് പാപഭാരത്തിന്റെ അടയാളമായി മനസിലാക്കാം. പാപവും ദോഷവും അകൃത്യവും ജീവിതത്തില്‍ ഏറുമ്പോള്‍ നിവര്‍ന്ന് നിന്ന് സഹോദരങ്ങളെ കാണുവാനോ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാനോ കഴിയാതെ വരുന്നു. എന്നാല്‍ പാപമോചനം നേടി കൂന് നിവര്‍ത്തുവാനുള്ള അവസരങ്ങള്‍ ധാരാളം നമുക്കുണ്ടെങ്കിലും അതിന് അടുത്ത് വരുവാന്‍ നമുക്ക് മനസുമില്ല, ധൈര്യവുമില്ല. നിരന്തരം ആരാധനയ്ക്കായി നാം ദൈവാലയത്തില്‍ പോകുമ്പോഴും നമ്മുടെ ചിന്താഗതി മാറ്റുവാനോ ദൈവചിന്ത ഉറപ്പിക്കുവാനോ കഴിയുന്നില്ല. അതിനാല്‍ ദൈവാനുഗ്രഹങ്ങളും നമുക്ക് അപ്രാപ്യമാകുന്നു.
എന്നാല്‍ ഈ സ്ത്രീയെ കണ്ടയുടന്‍ കര്‍ത്താവ് അടുത്ത് വിളിച്ച് അവളെ സൗഖ്യമാക്കുന്നു. അവള്‍ നിവര്‍ന്ന് ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. അവള്‍ കര്‍ത്താവിനെ കാണുകയും കര്‍ത്താവ് അവളെ കാണുകയും ചെയ്യുന്ന ദൈവാനുഭവം. ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗീയ നിമിഷം. ഇതുതന്നെയാണ് ഈ നോമ്പില്‍ നാമും ആര്‍ജ്ജിക്കേണ്ടത്. കര്‍ത്താവേ, കര്‍ത്താവേ എന്ന് വിളിക്കുന്നവരല്ല, എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിന്റെ അവകാശിയാകുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുള്ളത് നാം വിസ്മരിക്കരുത്. നമ്മുടെ നോമ്പും നമസ്‌കാരവും പ്രാര്‍ത്ഥനയും കര്‍ത്താവിനെ കാണുവാന്‍ പ്രാപ്തരാക്കട്ടെ.
എന്നാല്‍ സുനഗോഗിലെ പ്രമാണിമാര്‍ക്ക് ഇത് അത്ര സുഖകരമായ അനുഭവമല്ല ഉണ്ടാക്കിയത്. അവര്‍ പരിഭവിക്കുകയും ശാബത്തില്‍ സൗഖ്യമാക്കിയതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവകൃപ ഏവര്‍ക്കും പ്രാപ്തമാണെന്നും അത് സൗജന്യമാണെന്നും അര്‍ഹതയുള്ളവര്‍ക്ക് ദൈവം അത് നല്‍കുമെന്നും കര്‍ത്താവ് പഠിപ്പിക്കുന്നു. ബലിയിലല്ല, കരുണയിലത്രേ, മനുഷ്യപുത്രന്‍ ശാബത്തിനു കര്‍ത്താവാണെന്ന് പഠിപ്പിക്കുന്നു.
നമ്മുടെ ഉള്ളിലും നമ്മുടെ സമൂഹത്തിലും നടമാടുന്ന പല അനാചാരങ്ങളും നീങ്ങിയേ മതിയാവുകയുള്ളു. നിയമങ്ങള്‍ സാധാരണവും പാലിക്കപ്പെടേണ്ടവയുമാണ്. എന്നാല്‍ ദൈവപ്രവര്‍ത്തനത്തിന് അവ വിഘാതമാകാന്‍ പാടില്ല. ദൈവജനമായ നമുക്ക് ദൈവകൃപ ഏത് വിധേനയും പ്രാപിക്കേണ്ടത് ആവശ്യമാണ്. കൂനിയായ സത്രീയെ കര്‍ത്താവ് സ്പര്‍ശിച്ചപ്പോള്‍ അവളുടെ രോഗം മാറി സൗഖ്യപ്പെട്ടത് പോലെ ആ കരസ്പര്‍ശനം നമുക്കും അനുഭവിക്കണം. കര്‍ത്താവിനെ കാണുവാന്‍, അവന്‍ നമ്മെ ഒന്ന് കാണുവാന്‍ നമുക്ക് ശ്രമിക്കാം. നമ്മെ അലട്ടുന്ന പാപഭാരങ്ങളെ മോചിപ്പിക്കപ്പെട്ട് ആത്യന്തികമായ സൗഖ്യം നമുക്കും നേടാം. ദൈവമുഖത്തേക്ക് നോക്കി പിതാവേ എന്ന് വിളിക്കാന്‍ നമുക്കും കഴിയണം. ദൈവ സന്നിധിയില്‍ നിന്ന് നമ്മെ അകറ്റുന്ന എന്ത് പ്രതിബന്ധങ്ങളും ആയിക്കൊള്ളട്ടെ, അതിനെ തരണം ചെയ്യാന്‍ ഈ നോമ്പ് നമ്മെ ശാക്തീകരിക്കും. കര്‍ത്താവിനെ കണ്ടവരും അവനെ തൊട്ടവരും അവന്റെ നിഴല്‍ സ്പര്‍ശിച്ചവര്‍ പോലും സൗഖ്യപ്പെട്ടപ്പോള്‍ വിശ്വാസം ഏറ്റെടുത്ത് നമുക്ക് അവന്റെയടുത്ത് ചെല്ലാം. നമ്മുട പാപഭാരങ്ങളെ ദൂരീകരിക്കാം, ആത്മീയവും ഭൗതികവുമായ കൃപയില്‍ നിറയാം. നാം ആര്‍ജ്ജിച്ച കൃപയില്‍ നമ്മുടെ സമൂഹവും ധന്യമാകട്ടെ.
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍