ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
സൗത്താംപ്റ്റണ്‍: പാപസാഹചര്യങ്ങളെ ചെറുത്തുനില്ക്കാന് സഹായിക്കുന്ന ദൈവവചനത്തിന്റെ സാന്നിധ്യവും അഭിഷേകവും ഇല്ലാതാകുമ്പോഴാണ് പാപത്തില്‍ വീഴാന്‍ ഇടയാകുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. അഭിഷേകാഗ്നി ധ്യാനത്തിനൊരുക്കമായി വിശ്വാസികളെ ആത്മീയമായി സജ്ജമാക്കാന്‍ ക്രമീകരിച്ച ഏകദിന ഒരുക്ക ധ്യാനങ്ങളുടെ സമാപന ദിവസമായ ഇന്നലെ സൗത്താംപ്റ്റണ്‍ റീജിയണില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മരുഭൂമിയിലെ പരീക്ഷയില്‍ സാത്താന്റെ പ്രലോഭനങ്ങളെ ദൈവവചനമുപയോഗിച്ചാണ് ഈശോ ചെറുത്തു നിന്നതെന്നും ദൈവപദ്ധതിക്ക് സ്വയം വിട്ടുകൊടുത്താണ് ഓരോരുത്തരും ജീവിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ സൗത്താംപ്റ്റണില്‍ സമാപിച്ച ഏകദിന ഒരുക്ക ധ്യാനങ്ങള്‍ ഈ മാസം ആറാം തീയതി മുതലാണ് ആരംഭിച്ചത്. രൂപതയുടെ എട്ട് വിവിധ റീജിയണുകളിലായി സംഘടിപ്പിക്കപ്പെട്ട ധ്യാനത്തില്‍ അതാതു റീജിയണിനു കീഴിലുള്ള വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ പങ്കുചേര്‍ന്നു. വചന ശുശ്രൂഷകള്‍ക്ക് അനുഗ്രഹീത വചനപ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം എന്നിവരാണ് നേതൃത്വം നല്‍കിയത്. സുപ്രസിദ്ധ ക്രിസ്തീയ ഭക്തിഗാന സംഗീത സംവിധായകന് പീറ്റര്‍ ചേരാനെല്ലൂര്‍ നേതൃത്വം നല്കിയ സംഗീത ശുശ്രൂഷയും സ്വര്‍ഗീയ അഭിഷേകം പകര്‍ന്നു. സൗത്താംപ്റ്റണിലെ ശുശ്രൂഷകള്‍ക്ക് റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നടത്തിയത്.
റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്കുന്ന ‘ഗ്രേറ്റ് ബ്രിട്ടണ് അഭിഷേകാഗ്നി’ കണ്വെന്ഷന് ഒക്ടോബര്‍ 22 മുതല്‍ 29 വരെയാണ് എട്ട് റീജിയണുകളിലായി നടക്കുന്നത്. അഭിഷേകാഗ്നി കണ്വെന്ഷന് വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിച്ച് ഒരുങ്ങുന്നതിനായി പ്രത്യേക പ്രാര്‍ത്ഥനയും പുറത്തിറക്കി. എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലും കുടുംബ പ്രാര്‍ത്ഥനകളിലും ഈ പ്രാര്‍ത്ഥന ചൊല്ലണമെന്ന് രൂപതാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരുക്ക കണ്വെന്ഷന് നടന്ന എട്ട് റീജിയണുകളിലും ധ്യാനക്രമീകരണങ്ങള്‍ നടത്തിയ ബഹു വൈദികര്‍, ഡീക്കന്മാര്, സിസ്റ്റേഴ്സ്, കമ്മിറ്റിയംഗങ്ങള്‍, അല്മായ സഹോദര് എന്നിവരെ മാര്‍ സ്രാമ്പിക്കല്‍ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അഭിഷേകാഗ്നി കണ്വെന്ഷന് വോളണ്ടിയേഴ്സായി തിരഞ്ഞെടുക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ ധ്യാനത്തിന്റെ തുടര്‍ന്നുള്ള കാര്യങ്ങള്‍ ക്രമീകരിക്കും.
ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയിലെ ബ്രന്റ് വുഡ് chaplaincy യിലുള്ള വിശ്വാസികള്‍ പരിശുദ്ധ അമ്മയക്ക് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ടവരാണ്. പരിശുദ്ധ അമ്മയുടെ സഹായവും സംരക്ഷണവും അനുഭവിച്ചറിഞ്ഞ ഈ വിശ്വാസികള്‍ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥവും സഹായവും വഴി ദിവ്യകാരുണ്യനാഥനെ അനുഭവിച്ചറിയുന്നു. രൂപതയിലെ പത്ത് ഇടവകളില്‍ ഏഴും പരിശുദ്ധ അമ്മയുടെ നാമത്തിലുള്ളതാണ്. വാല്‍ത്താംസ്റ്റോ our Lady and St.George ദേവാലയത്തില്‍ എല്ലാ ബുധനാഴ്ചയും മരിയന്‍ ദിനമായി ആചരിക്കുന്നു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി UK യിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ ഇവിടെയെത്തുന്നു. കുമ്പസാരത്തോടെ തുടങ്ങുന്ന മരിയന്‍ ദിന ശുശ്രൂഷ ജപമാല, വിശുദ്ധ കുര്‍ബാന, നിത്യസഹായമാതാവിന്റെ നാവേന, എണ്ണ നേര്‍ച്ച, ദിവ്യ കാരുണ്യ ആരാധന,വചനപ്രഘോഷണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ്.. സഭാവിശ്വാസികള്‍ ദൈവസന്നിധിയില്‍ ശക്തിയുള്ള നിത്യസഹായമാതാവിനോടു തങ്ങളുടെ ആഗ്രഹങ്ങള്‍ സമര്‍പ്പിക്കുകയും അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യുന്നു. ഓരോ ബുധനാഴ്ചയും നിരവധി വിശ്വാസികള്‍ തങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ പങ്കുവയ്ക്കുന്നു.എല്ലാ ബുധനാ ഴ്ചയും മാതാവിനു സമര്‍പ്പിത ദിനമായതിനാല്‍ ഭക്തജനങ്ങള്‍ വളരെ ഭക്ത്യാദരപൂര്‍വ്വം ശുശ്രൂഷയില്‍ പങ്കുകൊള്ളുന്നു. തല്‍ഫലമായി ഈ രൂപതയില്‍ നിന്നു വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് എല്ലാ വര്‍ഷവും വിശ്വാസികള്‍ കൂടി വരുന്നതായി കാണാം. കഴിഞ്ഞ വര്‍ഷം 450 വിശ്വാസികള്‍ വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തെങ്കില് ഈ വര്‍ഷം അത് 600 ന് അടുത്തുവരും. ‘മരിയ ഭക്തി അഭ്യസിക്കുക വഴി ക്രിസ്തുവിനോടുള്ള ഭക്തിയും ആരാധനയും പൂര്ണതരമാക്കുകയാണ് ചെയ്യുക. അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള സുനിശ്ചിതവും സുഗമവുമായ മാര്‍ഗം നാം തുറന്നിടുകയാണ്. (യഥാര്‍ത്ഥ മരിയ ഭക്തി വിശുദ്ധ ലൂയിസ് ഡി. മോണ്ട് ഫോര്‍ട്ട് ).
എല്ലാ ദേവാലയങ്ങളിലും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ നമ്മുടെ രക്ഷയ്ക്കായി മുറിയപ്പെടുന്ന ദിവ്യകാരുണ്യനാഥന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പരിശീലനത്തോടുകൂടെ മാത്രമേ ഒരുവന് പരിശുദ്ധ കുര്‍ബാനയുടെ അര്‍ഥവും ആഴവും മനസ്സിലാക്കി ഈശോയെ അനുഭവിച്ചറിയാന്‍ സാധിക്കുകയുള്ളു.അതുകൊണ്ടാണ് വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ് മാര്‍ഡ് ഇങ്ങനെ പറഞ്ഞത്, ‘യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം കഴിഞ്ഞ് ഇഹലോകത്തില്‍ വച്ചുതന്നെ പരിശുദ്ധ കന്യക, ദിവ്യകാരുണ്യത്തിലും ദിവ്യകാരുണ്യത്താലും ജീവിച്ചിരുന്നു. ആകയാല്‍, അവള് പരിശുദ്ധ കുര്‍ബ്ബാനയുടെ മാതാവ് എന്നും പ്രകീര്‍ത്തിക്കപ്പെടുന്നു.’ വിശുദ്ധ പാദ്രേപിയോ വിശുദ്ധ കുര്‍ബാനയില്‍ ജീവിച്ചതിനു കാരണം പരിശുദ്ധ അമ്മയോടുള്ള അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്.’ഈശോ എല്ലാ കൃപകളും പരിശുദ്ധ അമ്മയുടെ കരങ്ങള്‍ വഴി വര്‍ഷിക്കുന്നു.’ എന്ന് വിശുദ്ധന് തറപ്പിച്ചു പറയുന്നു.ഈ തലമുറ പാപത്തില്‍ മുഴുകി ലോകത്തിന്റേതായിത്തീരുകയും പേരിനു മാത്രം വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുകയും യോഗ്യതയില്ലാതെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നതിന്റെ മുഖ്യകാരണം അവര്‍ പരിശുദ്ധ അമ്മയ്ക്കു തങ്ങളെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച് അമ്മയില്‍ നിന്ന് പരിശീലനം നേടാത്തതുകൊണ്ടാണ്.ഒരു സാത്താന് പുരോഹിതനായിരുന്ന വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോംഗോയെ ദിവ്യകാരുണ്യ നാഥനിലേക്കു തിരിച്ചുകൊണ്ടുവന്നത് പരിശുദ്ധ അമ്മയോടുള്ള ഭക്തിയാണെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്.ലോംഗോ ഇങ്ങനെ പ്രഖ്യാപിച്ചു,’സാത്താന്റെ പിടിയില്‍ നിന്നും എന്നെ രക്ഷിച്ച, ഇപ്പോഴും രക്ഷിക്കുന്ന പരിശുദ്ധ അമ്മയെ കാണുക എന്നതാണ് എന്റെ തീവ്രമായ ആഗ്രഹം.’ പരിശുദ്ധ അമ്മയോടുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം വഴി ഒരുവന് ദിവ്യകാരുണ്യ നാഥനെ അനുഭവിച്ചറിയുന്നു.അങ്ങനെ അവന്റെ ജീവിതത്തില്‍ പരിവര്‍ത്തനം സംഭവിക്കുകയും അത്ഭുതങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. യേശു ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്ന് മനുഷ്യര്‍ അകന്നുപോകുന്നതിന്റെ പ്രധാന കാരണം അവര്‍ ദൈവമാതാവിന്റെ പരിശീലനത്തോട് അടിയറ വയ്ക്കാത്തതുകാരണമാണെന്നു നിസ്സംശയം വ്യക്തമാണ്. ഇതിന്റെ മുന്നോടിയായാണ് കുരിശിന് ചുവട്ടില്‍നിന്ന താന്‍ ‘സ്നേഹിച്ച’ ശിഷ്യനോട് ‘ഇതാ നിന്റെ അമ്മ’ എന്നു അവിടുന്നു പറഞ്ഞത്.’അപ്പോള്‍ മുതല്‍ ആ ശിഷ്യന് അവളെ സ്വന്തമായി സ്വീകരിച്ചു’ (യോഹ 19:27). യേശുവിന്റെ മനസ്സ് യോഹന്നാന് ശരിക്കും അറിഞ്ഞു പ്രവര്‍ത്തിക്കുകയായിരുന്നു.മറിയത്തെ തന്റെ പരിശീലകയായി അദ്ദേഹം സ്വീകരിക്കുകയായിരുന്നു.അങ്ങനെ ഈശോയെ അനുഗമിച്ച് അവിടുത്തെ സ്നേഹിച്ച് ഒരു യഥാര്‍ഥ ക്രിസ്തു ശിഷ്യനാകുവാന്‍ വേണ്ട പരിശീലനം നല്കാന് പരിശുദ്ധ അമ്മയല്ലാതെ മറ്റാരധ്യാപികയില്ല.
കിംഗ്സ്ലിന്‍ : സീറോ മലബാര്‍ സഭയുടെ വലിയ ഇടയന് മാര്‍ ജോസഫ് സ്രാംബിക്കല്‍ പിതാവില്‍ നിന്നും പ്രഥമ ദിവ്യകാരുണ്യവും ഏറ്റു വാങ്ങിയ 12 കുട്ടികള്‍ കിംഗ്സ്ലിന്‍ മലയാളി സമൂഹത്തിന് അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. യൂകെയുടെ നാനാ സ്ഥലങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും വന്നു ചേര്‍ന്ന 600ല്‍ പരം അഥിതികള്‍ ഈ സുദിനത്തില്‍ പങ്കു ചേര്‍ന്നു. അന്നേ ദിവസം 10 മണിക്ക് കിംഗ്സ്ലിന്‍ ഹോളി ഫാമിലി പള്ളിയില്‍ ആരംഭിച്ച തിരുകര്‍മ്മങ്ങളില്‍ മാര്‍ ജോസഫ് സ്രാംബിക്കലോനോടൊപ്പം ഇടവക വികാരി ഫാ: ഫിലിപ്പ്, ഫാ: ഷിബിന്‍ ഫാ: ഫാന്‍സ്വ എന്നിവരും പങ്കാളികളായി.
വര്‍ണ്ണാഭവും ഭക്തി നിര്ഭരവുമായ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം യൂകെയിലെ ഏറ്റവും വലിയ ഹമ്മര്‍, ലെമോസിന്കളില് ഒന്നില്‍ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണ വേദിയായ അലിവ് ലിന് സ്പോര്‍ട്ട്സില്‍ പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് ആ കുട്ടികളെ ആനയിക്കുകയും ചെയ്തു. സ്വീകരണ വേദിയില്‍ വച്ച് മാര്‍ ജോസഫ് സ്രാംബിക്കല്‍ കുട്ടികള്‍ക്ക് മധുരം നല്‍കുകയും കിംഗ്സ്ലിന്‍ സീറോ മലബാര്‍ സമൂഹം സമ്മാനിച്ച വിശുദ്ധ ബൈബിള്‍ സമ്മാനിക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ റെക്സ് ടീം അവതരിപ്പിച്ച ഗാനമേളയും നോട്ടിംഗ്ഹാം ചിന്നാസ് കാറ്ററിംഗ് ഒരുക്കിയ വിഭവസമൃദ്ധവുമായ സദ്യയും അന്നേ ദിവസത്തെ അവിസ്മരണീയമാക്കി.
ജോണ്സണ് ജോസഫ്
വിശ്വാസത്തില്‍ ഉറപ്പിക്കപ്പെട്ട ഗാര്‍ഹിക സഭകളാണ് തിരുസഭയുടെ അടിസ്ഥാനമെന്ന് മലങ്കര കാത്തോലിക്കാസഭയുടെ തലവനും പിതാവും ഭാരതത്തിലെ കത്തോലിക്കാ മെത്രാന് സംഘത്തിന്റെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ ആറാമത് യു.കെ. നാഷണല്‍ കണ്വെന്ഷന് ലിവര്‍പൂളിലെ മാര്‍ തെയോഫിലോസ് നഗറില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസമെന്നത് പ്രമാണങ്ങളുടെ ആവര്‍ത്തിച്ചുള്ള ഓര്‍മ്മയല്ല, മറിച്ച്, ദൈവമാണ് എന്റെ ജീവിതത്തിന്റെ ഉറവിടവും കാവല്‍ക്കാരനും സംരക്ഷകനും വിധികര്‍ത്താവുമെന്നുള്ള അടിസ്ഥാനപരമായ ചിന്തയില്‍ നിന്നും രൂപപ്പെടുന്ന രക്ഷയുടെ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലങ്കര കത്തോലിക്കാസഭയുടെ യുകെയിലുള്ള പതിനാല് മിഷനുകളിലെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ദ്വിദിന നാഷണല്‍ കണ്വെന്ഷന് ജൂണ്‍ 17-ന് രാവിലെ 9 മണിക്ക് ഫാ. തോമസ് മടുക്കമൂട്ടില്‍ കാതോലിക്കാ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ അയര്‍ലന്റ് കോര്‍ഡിനേറ്റര്‍ ഫാ. ഏബ്രഹാം പതാക്കല്‍ കാര്‍മ്മികത്വം വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിനായി നഗറിലെത്തിയ കര്‍ദ്ദിനാള്‍ ക്ലീമിസ് കതോലിക്കാ ബാവയെ, വൈദികരും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. സഭാപിതാവ് അരികിലെത്തിയപ്പോള്‍ വിശ്വാസികളുടെ ഹൃദയങ്ങളില്‍ ആഹ്ളാദവും സ്നേഹവും ആര്‍ത്തിരമ്പി.
ഉദ്ഘാടന സമ്മേളനത്തിന് മലങ്കര കത്തോലിക്കാ സഭയുടെ ചാപ്ലെന് ഫാ. രഞ്ജിത്ത് മഠത്തിപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു. നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടിലിന്റെ ആമുഖ പ്രസംഗത്തെത്തുടര്‍ന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് കതോലിക്കാ ബാവ 6-ാമത് നാഷണല്‍ കണ്വെന്ഷന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഫാ. ഏബ്രഹാം പതാക്കല്‍, ജോജി മാത്യൂ (നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ആതിഥേയരായ ലിവര്‍പൂള്‍ സെന്റ് ബേസില്‍ മലങ്കര കാത്തലിക് മിഷന് സെക്രട്ടറി സാജു തോമസ് നന്ദി പ്രകാശിപ്പിച്ചു.
തുടര്‍ന്ന് വ്യത്യസ്ത ഹാളുകളിലായി നടത്തപ്പെട്ട മാതാപിതാക്കളുടെയും കുട്ടികളുടെയും ശുശ്രൂഷകള്‍ക്ക് യഥാക്രമം കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയും സെഹിയോന്‍ മിനിസ്ട്രീസും നേതൃത്വം നല്കി.
ഉച്ചകഴിഞ്ഞ് നടത്തപ്പെട്ട പാനല്‍ പ്രസന്റേഷന് ‘ജോയ് ഓഫ് ലവ് ഇന്‍ ഫാമിലി”, ആശയത്തിലെ പുതുമകൊണ്ടും അവതരണ ശൈലികൊണ്ടും ബഹുമുഖ പങ്കാളിത്തം കൊണ്ടും ഹൃദ്യമായി. കെയ്റോസ് ടീമിലെ ബ്രദര്‍ റെജി കൊട്ടാരവും ഗായകന് പീറ്റര്‍ ചേരാനെല്ലൂരും ചേര്‍ന്ന് നയിച്ച മ്യൂസിക്കല്‍ വര്‍ഷിപ്പ് ദൈവാനുഭവത്തിന്റെ നീര്‍ച്ചാലുകളായി മാറി. സഭയിലെ വിവിധ മിഷനുകള്‍ മാറ്റുരച്ച ”സോഫിയാ 2017” ബൈബിള്‍ ക്വിസിന് ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍ നേതൃത്വം നല്കി. വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അണിനിരന്ന കലാ സാംസ്കാരിക സായാഹ്നം ”ബഥാനിയാ 2017” – നോടു കൂടി ആദ്യദിനത്തിലെ കണ്വെന്ഷന് സമാപനമായി.
സമാപന ദിവസമായ ജൂണ്‍ 18 ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് വിശിഷ്ടാതിഥികളായ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ, ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹന്‍, സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ക്ക് മാര്‍ തെയോഫീലോസ് നഗറിന്റെ കവാടത്തില്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്കി. തുടര്‍ന്ന് നടന്ന വര്‍ണ്ണോജ്ജ്വലവും ഭക്തിനിര്‍ഭരവുമായ പ്രേഷിത റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. വിശ്വാസ സംഗീതത്തോടൊപ്പം ഐറിഷ് ബാന്‍ഡിന്റെ സംഗീത സാന്നിധ്യം ശ്രാവ്യസുന്ദരമായി.
നാഷണല്‍ കണ്‍വെന്‍ഷന്റെ കേന്ദ്ര ബിന്ദുവായ പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹന്‍, ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. വിവിധ റീജിയണുകളിലെ വൈദികര്‍ വിശുദ്ധ ബലിയില്‍ പങ്കുചേര്‍ന്നു.
മറ്റുസഭകളും റീത്തുകളും പുതുമകള്‍ തേടിപ്പോകുമ്പോള്‍ പാരമ്പര്യത്തിലും വിശ്വാസത്തിലും അടിയുറച്ച്, മാറ്റപ്പെടാത്ത ആരാധനാ ക്രമവുമായി അഭിമാനത്തോടെ നിലകൊള്ളുന്ന മലങ്കര കത്തോലിക്കാസഭ അതിവേഗം ഒരു ആഗോള സഭയായി വളരുന്നതില്‍ തനിക്ക് സന്തോഷവും ആനന്ദവുമുണ്ടെന്ന് വചന സന്ദേശം മധ്യേ സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രസ്താവിച്ചു. മാര്‍ തെയോഫീലോസ് നഗറിലെ പ്രധാന ഹാളില്‍ തിങ്ങിനിറഞ്ഞ നൂറ് കണക്കിന് വിശ്വാസികള്‍ക്ക് മൂന്ന് റീത്തുകളിലെ മേലധ്യക്ഷന്മാര് ഒന്ന് ചേര്‍ന്ന ദിവ്യബലി അവിസ്മരണീയമായി.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അനുഗ്രഹ പ്രഭാഷണത്തില്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം, മലങ്കര കത്തോലിക്കാസഭയുടെ, വിശ്വാസ ദര്‍ശനത്തിലും കെട്ടുറപ്പിലും വിശ്വാസികള്‍ പ്രകടിപ്പിക്കുന്ന ദൈവാരാധനയുടെ ആഭിമുഖ്യത്തിലും തനിക്കുള്ള അതീവ സന്തോഷവും സന്തുഷ്ടിയും വ്യക്തമാക്കി.
ഉച്ചകഴിഞ്ഞ് നടന്ന സമാപന സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് കതോലിക്കാ ബാവ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളെ അനുമോദിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വിവിധ മത്സരവിജയികള്‍ക്കുള്ള മെഡലുകളും അവാര്‍ഡുകളും കണ്വെന്ഷന് തീം സോംഗ് രചിച്ച പ്രകാശ് ഉമ്മനുള്ള മെമന്റോയും വിതരണം ചെയ്തു. ആറാമത് നാഷണല്‍ കണ്വെന്ഷന് സുവനീര്‍ – ഈത്തോ 2017- ശ്രീ ചാക്കോ കോവൂരിന് ആദ്യ പ്രതി നല്കി കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രകാശനം ചെയ്തു.
ക്രിസ്തുവിന്റെ സ്നേഹം ലോകത്തിന് പകര്‍ന്നു കൊടുക്കുന്ന ഗാര്‍ഹിക സഭകളായി ഓരോ കുടുംബങ്ങളും നവീകരിക്കപ്പെടണമെന്നുള്ള സഭാ പിതാവിന്റെ സമാപന സന്ദേശത്തെ നെഞ്ചിലേറ്റി പുനരൈക്യ പ്രസ്ഥാനത്തിന്റെ പിന്തലമുറ ആറാമത് നാഷണല്‍ കണ്‍വെന്‍ഷന്റെ സമാപനത്തിന് സാക്ഷ്യം വഹിച്ചു.
സംഘാടകത്വത്തിലെ മികവുകൊണ്ടും കൃത്യതകൊണ്ടും ഉള്ളടക്കം കൊണ്ടും ഏറെ പ്രശംസിക്കപ്പെട്ട കണ്വെന്ഷന് ചുക്കാന്‍ പിടിച്ചത് നാഷണല്‍ കോര്‍ഡിനേറ്ററായ ഫാ. തോമസ് മടുക്കമൂട്ടിലും, സഭാ ചാപ്ലൈന്‍ ഫാ. രഞ്ജിത് മഠത്തിറമ്പിലുമാണ്. ലിവര്‍പൂള്‍ സെന്റ് ബേസില്‍ മിഷനിലെ കുടുംബങ്ങള്‍ വിശ്രമമില്ലാതെ പ്രയത്നിക്കുകയും, ഒപ്പം എല്ലാ സഹായങ്ങളുമായ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ കൂടെ ചേരുകയും ചെയ്തപ്പോള്‍ 6-ാമത് മലങ്കര കത്തോലിക്കാ യു.കെ. നാഷണല്‍ കണ്വെന്ഷന് സഭാ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ഒരു സമ്മേളനമായി.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
കവന്‍ട്രി: ബലിയര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ ദേവാലയത്തില്‍ വരുന്ന ഓരോ അനസരത്തിലും മനസിലുണ്ടാവേണ്ട ഏറ്റവും പ്രധാന ചിന്ത ഈശോ ദൈവപുത്രനാണെന്ന വിശ്വാസമായിരിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്വെന്ഷന് മുന്നൊരുക്കമായി വിശ്വാസികളെ ആത്മീയമായി സജ്ജമാക്കുന്ന ഒരുക്ക ഏകദിന കണ്‍വെന്‍ഷനില്‍ കവന്‍ട്രിയില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഒറ്റുകാരന്റെ മനസുമായി നടന്നതുകൊണ്ട് ബാക്കി ശിഷ്യന്മാരെല്ലാം കര്‍ത്താവിന്റെ ശരീരവും രക്തവും സ്വീകരിച്ചപ്പോള്‍ യൂദാസ് സ്വീകരിച്ചത് വെറും അപ്പക്കഷണം മാത്രമായിരുന്നുവെന്നും മാര്‍ സ്രാമ്പിക്കല്‍ അനുസ്മരിച്ചു.
ബര്‍മിങ്ങ്ഹാം, നോട്ടിംഗ്ഹാം, നോര്‍ത്താംപ്റ്റണ്‍ എന്നീ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കവന്‍ട്രി റീജിയണില്‍ നിന്ന് നൂറുകണക്കിനാളുകള്‍ ഈ ഏകദിന ഒരുക്ക കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തി. ദൈവവുമായി വ്യക്തിപരമായ ബന്ധം ഉണ്ടാക്കുന്നതാണ് ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും ജീവിതാന്ത്യത്തെ ഓര്‍ത്തുവേണം ഈ ഭൂമിയില്‍ ജീവിക്കുവാനെന്നും നേരത്തെ വചന ശുശ്രൂഷ നടത്തിയ ബ്രദര്‍ റെജി കൊട്ടാരം പറഞ്ഞു. ദിവ്യകരുണ ആരാധനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പീറ്റര്‍ ചേരാനെല്ലൂരിന്റെ നേതൃത്വത്തില്‍ ഗായകസംഘം സംഗീത ശുശ്രൂഷ നടത്തി.
ഏകദിന ഒരുക്ക കണ്‍വെന്‍ഷനിലെ അവസാന കണ്വെന്ഷന് ഇന്ന് സൗത്താംപ്റ്റണ്‍ റീജിയണില്‍ നടക്കും. Immaculate Conception Catholic Church, Stubington, Bells Lane, PO14 2P L- ല്‍ വെച്ച് രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് കണ്വെന്ഷന് നടക്കുന്നത്. സൗത്താംപ്റ്റണ്‍ റീജിയണ്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. റ്റോമി ചിറയ്ക്കല്‍ മണവാളന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലെ 8 റീജിയണുകളിലായി ഒക്ടോബറില്‍ നടക്കുന്ന രൂപതാതല ധ്യാനം അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റവ. ഫാ. സേവ്യര്‍ ഖാന് വട്ടായിലാണ് നയിക്കുന്നത്. അഭിഷേകാഗ്നി ധ്യാനത്തിനായി ഇനിയുള്ള മാസങ്ങളില്‍ പ്രാര്‍ത്ഥിച്ചൊരുങ്ങുന്നതായി തയ്യാറാക്കിയ പ്രത്യേക പ്രാര്‍ത്ഥനാ കാര്‍ഡുകള്‍ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലും ഉടനെ തന്നെ എത്തിക്കുമെന്ന് ബിഷപ്പിന്റെ സെക്രട്ടറി ഫാ. ഫാന്‍സ്വാ പത്തില്‍ അറിയിച്ചു.
മറിയാമ്മ ജോഷി
ഒഴുക്കിനൊപ്പമല്ല, ഒഴുക്കിനെതിരെ നീന്തി ബ്രിട്ടനെ സ്വന്തമാക്കാന്‍ ദൈവം നിയോഗിച്ച ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ സഭ – ഇടയന്റെ കീഴില്‍ അണിനിരക്കുന്നു. സിദ്ധാന്തങ്ങളുടെ സങ്കീര്ണതയില് നഷ്ടമായിക്കൊണ്ടിരിക്കുന്ന ബ്രിട്ടനെ തിരികെ പിടിക്കുവാന്‍ ഇനിയും കാനായില്‍ കല്ഭരണികള് നിറയേണ്ടിയിരിക്കുന്നു. ഇവിടുത്തെ പച്ചവെള്ളമെല്ലാം വീര്യമുള്ള വീഞ്ഞാകേണ്ടിയിരിക്കുന്നു. മരണത്തെ നിദ്രയെന്നു വിശേഷിപ്പിച്ച മറ്റൊരു ഗുരു ഇല്ല. യേശുമാത്രം ”ലാസര്‍ ഉറങ്ങുകയാണ്, ബാലിക ഉറങ്ങുകയാണ്” ഉറങ്ങുന്നവരെ ദൈവത്തിന്റെ മടിത്തട്ടില്‍ ഉണര്‍ത്തുവാന്‍ ദൈവം ബ്രിട്ടനു കനിഞ്ഞു നല്കിയ സ്വര്‍ഗീയ കനല് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ സഭ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം, ദൈവാത്മാവിന്റെ ചിറകുകളില്‍ സഞ്ചരിച്ച് യൂറോപ്പിനകത്തും പുറത്തുമായി അനേകായിരങ്ങളെ നന്മ നിറഞ്ഞ ദൈവത്തിന്റെ വഴിയിലെത്തിക്കുവാന്‍ വിശ്രമ രഹിതനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ ദൈവീക ശബ്ദമായി ദൈവം ഉയര്‍ത്തിയ സെഹിയോന്‍ യൂറോപ്പ് ഡയറക്ടറും, യൂറോപ്പ് ഇവാഞ്ചലസേഷന്‍ കോര്‍ഡിനേറ്ററുമായ ബഹു. ഫാ. സോജി ഓലിക്കല്‍, കേരളത്തിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും പ്രവചനങ്ങളിലൂടെയും ദര്‍ശനങ്ങളിലൂടെയും പുകയ്ക്കുന്ന അനേകം നെഞ്ചുകളെ നിറവിന്റെ ഇടമായ ആത്മീയ കാനായിലേക്കു നയിക്കുവാന്‍ കാലഘട്ടത്തിന്റെ പ്രവാചക ശബ്ദമായി ദൈവം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധ വചന പ്രഘോഷകനും കെയ്റോസ് മിഷന് യു.കെ. ആന്റ് യു.എസ്.എ ഡയറക്ടറുമായ ബ്രദര്‍ റെജി കൊട്ടാരം കൂടാതെ കേരള ക്രിസ്തീയ ഭക്തിഗാന ചരിത്രത്തിന്റെ ഗതിമാറ്റിക്കുറിച്ചു കൊണ്ട് മരണമില്ലാത്ത ശ്രുതി താളവുമായി അള്‍ത്താരയിലെ വിശുദ്ധ ധൂപം പോലെ അനേകരുടെ ഹൃദയതാളങ്ങളില്‍ ദിവ്യ സൗരഭ്യം പടര്‍ത്തിയ അനുഗ്രഹീത ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവര്‍ അള്‍ത്താരകളില്‍ ഒന്നിക്കുന്നു. അഭിഷേകത്തിന്റെ പെരുമഴ ഒഴുകുന്നു.
ഒക്ടോബര്‍ 22 മുതല്‍ 29-ാം തീയതി വരെ യുകെയുടെ നാനാ ഭാഗങ്ങളിലായി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന് വട്ടായിലച്ചന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ മുന്നോടിയായി നടക്കുന്ന ഒരുക്ക ധ്യാനമായ റീജിയണല്‍ കണ്‍വെന്‍ഷന്‍സ് ഇതിനോടകം മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ, പ്രെസ്റ്റണ്, കവന്‍ട്രി എന്നിവിടങ്ങളില്‍ ഭക്തിസാന്ദ്രമായി ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങി, ധ്യാനമധ്യേ നല്കപ്പെട്ട ദൈവീക സന്ദേശങ്ങള്‍ ദൈവ ജനത്തെ ആത്മീയ ആഴങ്ങളിലേക്ക് നയിക്കുന്നവ ആയിരുന്നു.
ആത്മാവും ശരീരവും തമ്മിലുള്ള നിത്യ സംഘര്‍ഷത്തില്‍ നമുക്ക് തെറ്റുപറ്റാതിരിക്കുവാന്‍, മികവിന്റെ ഒരു വിശ്വാസിയാകുവാന്‍ നടത്തുന്ന ആത്മീയ യുദ്ധങ്ങളില്‍ നമ്മെ സഹായിക്കുവാന്‍ ദൈവം ഒരുക്കുന്ന ഇത്തരം അവസരങ്ങള്‍ പാഴായിപ്പോകാതിരിക്കട്ടെ. ബിഷപ്പ് ജോസഫ് സ്രാമ്പിക്കലും വട്ടായിലച്ചനും സോജിയച്ചനും ടീം മുഴുവന്‍ ചേര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വം ഏവരേയും ഒക്ടോബറില്‍ നടക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലേക്ക് ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ ധ്യാനാത്മക വേളകളില്‍ കണ്‍വെന്‍ഷനെക്കൂടി ഓര്‍ക്കുവാന്‍ അപേക്ഷിക്കുന്നു.
അപ്പച്ചന് കണ്ണഞ്ചിറ
ബ്രോംലി: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലി സെന്ററിലെ പാരീഷംഗങ്ങള്‍ സംഘടിപ്പിച്ച റോം-അസ്സീസ്സി തീര്‍ത്ഥാടനം തങ്ങളുടെ വിശ്വാസത്തിലും, ആത്മീയതയിലും ഊര്‍ജ്ജവും പോഷണവും പകരുന്നവയും അനുഗ്രഹദായകവുമായി. റോം,കൊളോസ്സിയം, കാറ്റകൊംബ്, സ്കാല സാന്റ, അസ്സീസ്സി തുടങ്ങിയ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ബ്രോംലി കുടുംബാംഗങ്ങള്‍ക്ക് ഓരോരോ തീര്‍ത്ഥാടക കേന്ദ്രങ്ങളിലും ദിവ്യബലികളിലും പ്രാര്‍ത്ഥനകളിലും പങ്കു ചേരുവാനുള്ള അവസരങ്ങളും ലഭിച്ചിരുന്നു.
കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പയെ നേരില്‍കാണുന്നതിനും അനുഗ്രഹം തേടുന്നതിനും മഹാ ഭാഗ്യം ലഭിച്ച ബ്രോംലി തീര്‍ത്ഥാടകര്‍ക്ക്, ആഗോള കത്തോലിക്കാ സഭയുടെ കേന്ദ്രവും വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്നതുമായ സെയിന്റ് പീറ്റേഴ്സ് ബസിലിക്കായില്‍ മലയാളത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുവാനും സാധിക്കുകയുണ്ടായി.
റോമന്‍ സിറ്റിക്ക് പുറത്തു സ്ഥിതി ചെയ്യുന്ന വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെയിന്റ് പോള്‍സ് ബസിലിക്കയില്‍ വിശുദ്ധ ബലിയില്‍ പങ്കുചേരുവാനും തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹീത അവസരം ലഭിക്കുകയും ചെയ്തു.
വിശുദ്ധരുടെ വിശുദ്ധനെന്നും രണ്ടാം ക്രിസ്തുവെന്നും വിളിക്കപ്പെടുന്ന വി.ഫ്രാന്‍സീസ് അസ്സീസ്സി ജനിച്ചുവളര്‍ന്ന അസ്സീസ്സി സന്ദര്‍ശിക്കുകയും, കുരിശില്‍ കിടന്നുകൊണ്ട് ഒരു കൈ തോളില്‍ ചാര്‍ത്തി ക്രിസ്തു സ്നേഹം പങ്കിട്ടിരുന്ന വിശുദ്ധന്റെ പ്രസിദ്ധമായ പ്രാര്‍ത്ഥനായിടമായ ചാപ്പലില്‍ മലയാളത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനുള്ള മഹാനുഗ്രഹ അവസരവും ബ്രോംലി തീര്‍ത്ഥാടക സംഘത്തിന് ലഭിക്കുകയുണ്ടായി. വിശുദ്ധന്റെ കബറിടം സ്ഥിതി ചെയ്യുന്ന പള്ളി സന്ദര്‍ശിക്കുകയും അതുപോലെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുമായി ബന്ധപ്പെട്ട മറ്റു പള്ളികള്‍ സന്ദര്‍ശിക്കുവാനും പ്രാര്‍ത്ഥനകള്‍ നടത്തുവാനും സാധിച്ചത് ബ്രോംലിക്കാര്‍ക്ക് അനുഗ്രഹദായകമായി.
അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ഇടയ സന്ദര്‍ശനത്തിനു ശേഷം കുര്‍ബ്ബാന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ ചൈതന്യവും ദിശാബോധവും കൈവന്നിരിക്കവെയാണ് പാരീഷംഗങ്ങള്‍ മുന്നിട്ടിറങ്ങി ഈ തീര്‍ത്ഥാടനം ഒരുക്കിയത്.
2017 ജൂലൈ 15 ശനിയാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കു വാനിരിക്കുന്ന ഭാരത അപ്പസ്തോലന് വിശുദ്ധ തോമാശ്ളീഹായുടെയും,വിശുദ്ധരായ ചാവറ പിതാവിന്റെയും, അല്‍ഫോന്‍സാമ്മയുടെയും, എവുപ്രാസ്യമ്മയുടെയും സംയുക്ത തിരുന്നാളിന്റെ ആല്മീയ ഒരുക്കങ്ങളുടെ ആരംഭമായാണ് ബ്രോംലി പരീഷംഗങ്ങള്‍ നേതൃത്വം എടുത്ത് ഈ തീര്‍ത്ഥാടനം സംഘടിപ്പിച്ചത്.
ബ്രോംലി സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രത്തിന്റെ ചാപ്ലൈനും,സെന്റ് ജോസഫ്സ് ദേവാലയത്തിലെ പാരീഷ് അസിസ്റ്റന്റ് പ്രീസ്റ്റും കപ്പുച്ചിന്‍ സന്യാസ സഭാംഗവുമായ ഫാ.സാജു പിണക്കാട്ട് കപ്പുച്ചിന്‍ ആണ് ഈ തീര്‍ത്ഥാടനത്തിനു നേതൃത്വം നല്‍കുകയും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനകളിലൂടെയും തിരുക്കര്‍മ്മങ്ങളിലൂടെയും ദൈവീക അനുഭവം പകരുന്നതില്‍ അനുഗ്രഹീതമായ അജപാലന ശുശ്രുഷകള്‍ നിര്‍വ്വഹിച്ചതും.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
പ്രസ്റ്റണ്‍: കുടുംബ ജീവിതത്തിനൊരുങ്ങുന്ന യുവതീയുവാക്കാള്‍ക്ക് ആത്മീയ മാനസിക ഒരുക്കം നല്കുന്ന വിവാഹ ഒരുക്ക സെമിനാര്‍ ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയില്‍ ജൂണ്‍ 23-25 (വെള്ളി- ഞായര്‍), സെപ്തംബര്‍ 20-22 (ബുധന്‍, വെള്ളി), ഡിസംബര്‍ 15-17 (വെള്ളി – ഞായര്‍) ദിവസങ്ങളില്‍ നടക്കും. ആദ്യദിനം രാവിലെ 10.30-ന് ആരംഭിക്കുന്ന സെമിനാര്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ് : Savio House, Ingersley Road, Bollington, SK 10 SRW.
മൂന്ന് ദിവസം താമസിച്ചു പങ്കെടുക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനത്തില്‍ പൂര്‍ണമായും പങ്കെടുക്കുന്നവര്‍ക്ക് കോഴ്സിന്റെ അംഗീകാര സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. ധ്യാനത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും മുഖചിത്രം ഉള്‍പ്പെടുന്ന പാസ്പോര്‍ട്ട് പേജിന്റെ ഒരു കോപ്പിയും കൊണ്ടുവരേണ്ടതാണ്. ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ക്ക് മാക്ലസ് ഫീല്‍ഡ് സ്റ്റേഷനാണ് സെമിനാര്‍ നടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്തുള്ളത്. അവിടെ നിന്ന് ടാക്സിയില്‍ Savio Homeല്‍ എത്തിച്ചേരാവുന്നതാണ്. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.
ഇന്ത്യയിലെ എല്ലാ കത്തോലിക്കാ രൂപതകളും വിവാഹം ആശീര്‍വദിക്കുന്നതിന് മുമ്പ് ദമ്പതികള്‍ ഈ വിവാഹ സെമിനാറില്‍ സംബന്ധിച്ചിരിക്കണമെന്ന് കര്‍ശനമായി നിഷ്കര്‍ഷിക്കപ്പെടാറുണ്ട്. ഈ സെമിനാറില്‍ ലഭിക്കുന്ന അറിവുകളും പരിശീലനവും ഭാവി ജീവിതത്തില്‍ ഏറെ ഉപകാരപ്രദമാണെന്നാണ് കോഴ്സില്‍ പങ്കെടുത്തിട്ടുള്ളവര്‍ നല്കുന്ന പ്രതികരണം. കുടുംബ ജീവിതത്തില്‍ ഭാവിയില്‍ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ യുവതി – യുവാക്കളെ ആത്മീയമായും മാനസികമായും ഒരുക്കുകയാണ് വിവാഹ ഒരുക്ക സെമിനാറിന്റെ ലക്ഷ്യമെന്ന് രക്ഷാധികാരിയും ഗ്രേറ്റ് ബ്രിട്ടണ് രൂപതാ മെത്രാനുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
ഗ്രേറ്റ് ബ്രിട്ടണ് രൂപതയില്‍ ഫാമിലി അപ്പോസ്തലേറ്റിന്റെ ചുമതല വഹിക്കുന്ന റവ. ഡോ. സെബാസ്റ്റിയന് നാമറ്റത്തില്‍, രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ്, റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി എന്നിവരാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട അഡ്രസ്സ് :
Rev. Dr. Sebastian Namattathil
Director, Family Apostolate
Syro Malabar Eparchy of Great Britain
St. Ignatius Squire
Preston, PR1 1IT, UK
Mobile – 0044 – 07481796817, email : [email protected]
ഫാ.ബിജു കുന്നയ്ക്കാട്ട്. പിആര്‍ഒ
ബോളിംഗ്ടണ്‍: ദൈവവിളി കണ്ടെത്താനും അത് സ്വീകരിക്കാന്‍ മനസിനെ പ്രാപ്തമാക്കാനുമായി ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ദൈവവിളി വിവേചന ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 3-ാം തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് 4-ാം തിയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമികഘട്ടം എന്ന നിലയില്‍ ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായിട്ടായിരിക്കും ക്യാമ്പ് സംഘടിപ്പിക്കുന്നത്. 18ഉം അതിനു മുകളിലേക്കും പ്രായമുള്ള ആണ്‍കുട്ടികളെയാണ് ക്യാമ്പില്‍ പ്രതീക്ഷിക്കുന്നത്.
ദൈവവിളി പരിശീലന രംഗത്ത് ഏറെ പരിചയം സിദ്ധിച്ച റവ.ഫാ.ഡേവിഡി ഒ’മാലി എസ്ഡിബിയും സംഘവുമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. എല്ലാ ജീവിതാന്തസിലേക്കുമുള്ള വിളി ദൈവവിളി തന്നെയാണെന്നും അത് ഏതാണ് ഓരോരുത്തര്‍ക്കും ദൈവം നല്‍കിയിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സഹായിക്കുകയാണ് ഈ ക്യാമ്പിന്റെ ലക്ഷ്യമെന്നും ഗ്രേറ്റ് ബ്രിട്ടന് രൂപതാ വൊക്കേഷന്‍ പ്രമോട്ടര്‍ റവ.ഫാ. ടെറിന്‍ മുല്ലക്കര പറഞ്ഞു. ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രൂപതാ വൊക്കേഷന്‍ പ്രമോട്ടര്‍ ഫാ. ടെറിന്‍ മുല്ലക്കരയുമായി ബന്ധേെപ്പടണ്ടതാണ്.
മൊബൈല്‍ നമ്പര്‍: 07985695056 ഇമെയില്‍: [email protected]
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30ന് മുമ്പായി വിവരം അറിയിക്കേണ്ടതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കുന്നതല്ല. മക്കളുടെ നല്ല ഭാവിക്കായി അഹോരാത്രം കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ അവരുടെ ദൈവവിളി കണ്ടെത്താന്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മിപ്പിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
കവന്‍ട്രി: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയണുകളിലായി ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ‘ഗ്രേറ്റ് ബ്രിട്ടണ് അഭിഷേകാഗ്നി’ കണ്വെന്ഷന് വിശ്വാസികളെ സജ്ജമാക്കുന്ന ഏകദിന ഒരുക്ക കണ്വെന്ഷന് നാളെ (തിങ്കള്‍ – 19) കവന്‍ട്രി റീജിയണില്‍ നടക്കും. Holy Cross & St. Francis Church, 1 Signal Hayes Road, Walmley, B 76 2 RS- Â വച്ച് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് കണ്വെന്ഷന്.
ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കണ്‍വെന്‍ഷനില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. റവ. ഫാ. സോജി ഓലിക്കല്‍, റവ. ബ്രദര്‍ റെജി കൊട്ടാരം, പീറ്റര്‍ ചേരാനെല്ലൂര്‍, ഫാ. ജെയ്സണ്‍ കരിപ്പായി, ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ഏകദിന കണ്വന്ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കവന്‍ട്രി റീജിയണു കീഴിലുള്ള എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും വിശ്വാസികളേവരേയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നതായും ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ജെയ്സണ്‍ കരിപ്പായി അറിയിച്ചു.