ജോസ് അഗസ്റ്റിൻ

ബെൽഫാസ്റ്: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ആഗസ്റ്  18 ,  19, 20 തീയതികളിൽ ബെൽഫാസ്റ് സെന്റ്. ബെനഡിക്ട് പള്ളിയിൽ വച്ച് നടത്തപ്പെട്ട ബൈബിൾ കൺവെൻഷൻ അനുഗ്രഹദായകമായിരുന്നു. കേരളത്തിലെ തിരുവനന്തപുരം മലങ്കര അതിരൂപതയിലെ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ധ്യാനത്തിൽ നോർത്തേൺ അയർലൻഡ്, അയർലാൻഡ്, ഇംഗ്ലണ്ട് എന്നിവടങ്ങളിൽ നിന്നായി ആയിരത്തോളം പേർ പങ്കെടുത്തു. യുകെ സെഹിയോൻ ടീമിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക ധ്യാനമുണ്ടായിരുന്നു.

വചനാധിഷ്ഠിതമായ  പ്രസംഗങ്ങൾ നൽകിയ ഉൾക്കാഴ്ചകളും, സ്‌തുതിപ്പും ആരാധനയും നൽകിയ വിമോചനവും ധ്യാനത്തിൽ സംബന്ധിച്ചവർക്ക് ആത്മീയോൽക്കർഷവും വളർച്ചയും ഉണ്ടാക്കി. ധ്യാനത്തിൽ പങ്കെടുത്ത ഏവർക്കും ഇംഗ്ലീഷിലും മലയാളത്തിലും കുമ്പസാരത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ മൂന്നുദിവസങ്ങളിലായി ചിട്ടയോടെ നടത്തപ്പെട്ട ഈ ധ്യാനം കുടുംബങ്ങളുടെ ആത്മീയ വളർച്ചക്ക് ആക്കം കൂട്ടി എന്നത് ഒരു അനുഭവസാക്ഷ്യം.

ധ്യാനത്തിന്റെ സമാപന സമ്മേളനത്തിൽ  സീറോ മലബാർ സഭ അയർലൻഡ് നാഷണൽ കോഡിനേറ്റർ മോൺ.ആന്റണി പെരുമായൻ, ധ്യാനഗുരു ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. പോൾ ആംസ്ട്രോങ്, ടോണി ഡബ്ലിൻ എന്നിവർക്കും, കമ്മിറ്റി അംഗങ്ങൾക്കും ൈകക്കാരൻമ്മാരായ ശ്രീ മോനച്ചൻ കുഞ്ഞാപ്പി, ശ്രീ. ഷാജി വർഗീസ് എന്നിവർക്കും നന്ദിയർപ്പിച്ചു.

അടുത്തവർഷം, 2018 ലെ ബൈബിൾ കൺവെൻഷൻ ആഗസ്ത് 17, 18, 19 തീയതികളിൽ ആയിരിക്കുമെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്‌തു.