ബിനോയ് എം. ജെ.
“ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും ചുറ്റികയടിയേറ്റ് മതത്തിന്റെ ഭിത്തികൾ വിറകൊളളുകയും ദുർബലപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.”(സ്വാമി വിവേകാനന്ദൻ) ഇത് ശാസ്ത്രത്തിന്റെയോ യുക്തി ചിന്തയുടെയോ കുറ്റമല്ല. കുറ്റം മതത്തിന്റേത് തന്നെ. ശാസ്ത്രത്തിന്റെ വാതായനങ്ങൾ എന്നും തുറന്നു തന്നെ കിടക്കുന്നു. അതിനാൽ അവിടെ സൂര്യപ്രകാശവും വായുസഞ്ചാരവും വേണ്ടുവോളമുണ്ട്. ആർക്കും എന്തും പറയുവാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്; അത് യുക്തിയുക്തം ആയിരിക്കണമെന്ന് മാത്രം. ശാസ്ത്രം ഒരു യുക്തികസർത്തുതന്നെയാണ്. ബൗദ്ധികമായ വ്യായാമത്തിനുള്ള ഏറ്റവും നല്ല കളരിയാണത്. ഇവിടെ സ്വർണ്ണം ഒരുക്കി ശുദ്ധിചെയ്യുന്നതുപോലെ മനുഷ്യനിൽ അന്തർലനീയമായ അജ്ഞാനത്തിന്റെ കറകളെ മാറ്റികളഞ്ഞ് അവനിലെ ശുദ്ധചൈതന്യത്തെ പ്രകാശിപ്പിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതിനുള്ള ബൗദ്ധികമായ സാധന അരങ്ങേറുന്നു.
എന്നാൽ നമ്മുടെ സമൂഹത്തിലെ മിക്ക മതങ്ങളിലും ഇതൊന്നുമല്ല നടക്കുന്നത് എന്ന സത്യം നാമറിയേണ്ടുന്ന സമയം വൈകിയിരിക്കുന്നു. ഞങ്ങളുടെ മതഗ്രന്ഥത്തിൽ ഇപ്രകാരമാണ് പറയുന്നത്, അതിനാൽ ഞങ്ങൾ ഇതിൽ വിശ്വസിക്കുന്നു. മറ്റൊരു മതത്തിൽ അൽപം വ്യത്യസ്തമായി കാര്യങ്ങൾ പറയുന്നു, അവർ അതിനുവേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്നു. ഈ മതങ്ങൾ തമ്മിൽ ഒരിക്കലും തീരാത്ത പോരും. ഇവർ സ്വർഗ്ഗത്തിലേക്കായിരിക്കുകയില്ല പോവുക, അവർക്ക് പോകുവാൻ വേറെയൊരു സ്ഥലമുണ്ട്. ശാസ്ത്രീയ അപഗ്രഥനത്തിലൂടെയും യുക്തിചിന്തയിലൂടെയും ഈശ്വരനിൽ എത്തിച്ചേരുക എന്നത് വളരെ ദൈർഘ്യമേറിയതും ശ്രമകരവുമായ ഒരു സാധന തന്നെയാണ്. അതിനാൽ തന്നെ ശാസ്ത്രകാരന്മാർക്ക് ഈശ്വരനിലുള്ള വിശ്വാസം മങ്ങിപ്പോകുന്നു. അതേ കാരണത്താൽ തന്നെ ഈശ്വരനിൽ എത്തെണമെന്ന ശക്തവും സന്ധിയില്ലാത്തതുമായ ആഗ്രഹവും നിശ്ചയദാർഡ്യവുമുള്ള ‘യോഗി’ തത്കാലത്തേക്ക് ശാസ്ത്രത്തെ ഒന്ന് മാറ്റിവക്കുവാൻ നിർബന്ധിതനാകുന്നു. രണ്ടു കൂട്ടരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത് ചരിത്രപരമായ ഒരനിവാര്യതയും പ്രായോഗികമായ ഒരു ചുവടുവയ്പ്പുമാണ്. ഈ രണ്ടറ്റങ്ങളും (മതവും ശാസ്ത്രവും) വിദൂരഭാവിയിലെങ്കിലും കൂട്ടിയോജിപ്പിക്കപ്പെടും എന്നത് വ്യക്തം. അപ്പോൾ മാത്രമേ മനുഷ്യജീവിതം അർത്ഥവ്യത്തും ആയാസരഹിതവുമാവൂ.
മനുഷ്യന് ഒരു ദൈവമേയുള്ളൂ..അതവന്റെ യുക്തിയാകുന്നു. അൽപം കൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യനിലുള്ള ഈശ്വരൻ യുക്തി ചിന്തയിലൂടെ – അതിലൂടെ മാത്രം – സ്വയം ആവിഷ്കരിക്കുവാൻ തിടുക്കം കൂട്ടുന്നു. യുക്തിയിലൂടെയേ അതിന് ആവിഷ്കരിക്കുവാൻ ആവൂ. അതുകൊണ്ടാണ് മൃഗങ്ങൾക്ക് ഈശ്വരസാക്ഷാത്കാരം അസാദ്ധ്യമാകുന്നത്. ഈ യുക്തിചിന്തയുടെ മാർഗ്ഗം താഴെ നിന്നും മുകളിലേക്കോ മുകളിൽ നിന്നും താഴേക്കോ സംഭവിക്കാം. നമുക്ക് വേണ്ടത് സകലതിനും ഒരു വിശദീകരണമാണ്. മനുഷ്യന് മനസ്സിലാക്കുവാനും വിശദീകരിക്കുവാനും ആവാത്തതായി യാതൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ല. എന്നാൽ നമുക്കിന്ന് പലതിന്റെയും വിശദീകരണം അറിഞ്ഞുകൂടാ. ഈ അജ്ഞാനത്തെ നീക്കിക്കളയാനുള്ള സാധനയാണ്, മുൻപ് പറഞ്ഞതുപോലെ, ശാസ്ത്രത്തിലും ശുദ്ധവും കറ കളഞ്ഞതുമായ ആദ്ധ്യാത്മികതയിലും നടക്കുന്നത്. സകലത്തെയും കുറിച്ചുള്ള വിജ്ഞാനം അഥവാ സർവ്വജ്ഞത്വം ആർജ്ജിച്ചെടുക്കാവുന്നതാണ്. അത് ആർജ്ജിച്ചെടുത്ത അനവധി വ്യക്തിത്വങ്ങൾ ലോകത്തിൽ ഉണ്ടായിരുന്നിട്ടുണ്ട് എന്നത് തന്നെയാണ് അതിനുള്ള തെളിവ്. ശാസ്ത്രത്തിൽ നിലവിലുള്ള സിദ്ധാന്തങ്ങൾ പഠിക്കാത്ത ഒരാൾക്ക് ശാസ്ത്രകാരനാവാനാകില്ല. അതുപോലെതന്നെ സത്യത്തെ കുറിച്ചുള്ള അറിവ് – അത് കണ്ടെത്തിയവർ പറയുന്ന കാര്യങ്ങൾ – പഠിക്കാത്ത ഒരാൾക്ക് സത്യം കണ്ടെത്തുവാനും ആവില്ല.
ഭാഗ്യവശാൽ സത്യത്തെക്കുറിച്ചള്ള അറിവ് നമുക്കിന്ന് വേണ്ടുവോളം ഉണ്ട്. അത്യഗാധമായ ആർഷജ്ഞാനവും അന്യമതസ്ഥാപകന്മാർ കണ്ടെത്തിയ വിജ്ഞാനത്തിന്റെ അമൂല്യരത്നങ്ങളും ആർക്കും വേണ്ടാതെ കുപ്പതൊട്ടിയിൽ കിടക്കുന്നത് കാണുമ്പോൾ മനസ്സ് വേദനിക്കുന്നു. ശിസ്ത്രീയ തത്വങ്ങൾ മനസ്സിലാക്കിയെടുക്കുക ദുഷ്കരമാണ്. ആധ്യാത്മിക തത്വങ്ങൾ മനസ്സിലാക്കുന്നത് അതിനേക്കാൾ ദുഷ്കരമാണ്. വേണ്ടത്ര തയ്യാറെടുപ്പുകളും ഗുരുവിന്റെ സാന്നിധ്യവുമില്ലാതെ ആദ്ധ്യാത്മിക തത്വങ്ങൾ പഠിക്കുവാൻ മുതിരുന്നവൻ വിഷാദരോഗത്തിലേക്ക് വരെ വഴുതി വീണേക്കാം. അത് ആദ്ധ്യാത്മികതയുടെ കുറ്റമല്ല, മറിച്ച് അതിന്റെ ശക്തിയാണ്. സൾഫ്യൂരിക്ക് ആസിഡ് അത്യധികം വീര്യമുള്ളതാണ്; അത് ദേഹത്ത് വീണാൽ പൊള്ളും! വേദോപനിഷത്തുകളും, യോഗ ശാസ്ത്രവും, അദ്വൈതവും മറ്റും പഠിക്കുവാൻ പാശ്ചാത്യ ശാസ്ത്രകാരന്മാർ മടികാണിക്കുന്നതിന്റെ കാരണവും മറ്റൊന്നുമാവില്ല.
രണ്ടറ്റങ്ങളും തമ്മിൽ കൂട്ടിയോജിപ്പിച്ചേ തീരൂ. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതുപോലെ “ശാസ്ത്രമില്ലാതെയുള്ള മതം അന്ധവും മതമില്ലാതെയുള്ള ശാസ്ത്രം മുടന്നുന്നതും ആണ് “. നാമൊറ്റക്കെട്ടായി പരിശ്രമിച്ചാൽ ഭാരിച്ച ഈ യത്നത്തിൽ നാം വിജയം വരിക്കുക തന്നെ ചെയ്യും. അന്ധവിശ്വാസത്തിലധിഷ്ഠിതവും യുക്തിചിന്തയുടെ സ്പർശമേൽക്കാത്തതുമായ മനോഭാവങ്ങൾ തലയിലേറി സ്വയവും മറ്റുള്ളവരെയും തെറ്റിലേക്ക് നയിക്കുന്ന മതഭ്രാന്തന്മാർക്ക് ഇവിടേക്ക് പ്രവേശനമില്ല.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
മാത്യൂ ചെമ്പുകണ്ടത്തിൽ
എറണാകളും അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയെന്ന സ്ഥാനത്തുനിന്നു മാര്‍ ആന്‍റണി കരിയില്‍ രാജിവച്ച് ഒഴിയുകയും തല്‍സ്ഥാനത്ത് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിയമിതനാവുകയും ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി നേരിട്ടുവന്ന് മാര്‍ കരിയിലില്‍നിന്നു രാജിക്കത്ത് എഴുതി വാങ്ങിക്കുകയും അതിരൂപതയില്‍ പുതിയ ഭരണസംവിധാനം ക്രമീകരിക്കുകയും ചെയ്തതോടെ, പതിറ്റാണ്ടുകളായി കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന അതിരൂപതയിലെ ആഭ്യന്തരവിഷയങ്ങള്‍ക്ക് ഒരു പരിധിവരെ ശമനംവരുമെന്ന് പലരും കരുതി. എന്നാല്‍ കാറുംകോളും അകന്നു തിരകളടങ്ങി എറണാകുളം ഇതുവരെ ശാന്തമായിട്ടില്ല.
മാർ ആൻറണി കരിയിലിൻ്റെ രാജിയിലേക്കു നയിച്ച ഘടകങ്ങൾ
സാര്‍വ്വത്രിക സഭയിലെ വ്യക്തിസഭകളില്‍ ഏറ്റവും പൗരാണികവും പ്രവര്‍ത്തനമികവും ആള്‍ബലവുംകൊണ്ട് മുഖ്യസ്ഥാനത്ത് നില്‍ക്കുന്നതുമായ സഭയാണ് സീറോമലബാര്‍ സഭ. ഈ സഭയെ പിടിച്ചുലച്ച സംഭവമായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍. ഇതിന്‍റെകൂടെ സീറോ മലബാർ സഭയുടെ തനിമ നിലനിർത്തുവാനായി പൗരാണികമായി അർപ്പിച്ചിരുന്ന ആരാധനരീതികളുടെ പുന:സ്ഥാപനത്തിൻ്റെ പേരിൽ രൂപപ്പെട്ട വാദപ്രതിവാദങ്ങളും എറണാകുളത്ത് ശക്തമായി. ഇതോടെ അതിരൂപതയില്‍ എല്ലാ ഇടവകയിലും പ്രതിസന്ധി അതിരൂക്ഷമായി. അശാന്തിനിറഞ്ഞ ഈ അന്തരീക്ഷത്തെ ശാന്തമാക്കുക എന്ന പ്രത്യേക ദൗത്യവുമായിട്ടാണ് മാണ്ഡ്യാ ബിഷപ്പായിരുന്ന മാര്‍ ആന്‍റണി കരിയില്‍ നിയുക്തനായത്.
എറണാകുളം അങ്കമാലി അതിരൂപതയില്‍ അന്നുവരെ നിലവിലില്ലാതിരുന്ന “മെത്രാപ്പോലീത്തന്‍ വികാരി” എന്ന പദവിയും “മെത്രാപ്പോലീത്ത” എന്ന സ്ഥാനവും നല്‍കിയാണ് മാര്‍ കരിയിലിനെ ഇവിടേക്ക് സമാധാനദൂതനായി സിനഡ് നിയമിക്കുന്നത്. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്, എറണാകുളത്തു തേർവാഴ്ച നടത്തുന്ന വിമതസംഘത്തിൻ്റെ ഇഷ്ടതോഴനായി മാറുവാൻ മാർ കരിയിലിന് അധികനാൾ വേണ്ടിവന്നില്ല. വിമതര്‍ക്കൊപ്പം തോളോടുതോൾ ചേർന്നുകൊണ്ട് സഭാവിരുദ്ധനീക്കങ്ങള്‍ക്കു ചുക്കാന്‍പിടിച്ച കരിയില്‍ മെത്രാന്‍ വിമത വൈദീകരേയും അൽമായ നേതാക്കന്മാരേയും കടത്തിവെട്ടി വിമത പ്രവർത്തനങ്ങളെ ബഹുദൂരം മുന്നിലെത്തിച്ചു.
സീറോമലബാര്‍ സഭയുടെ “സിനഡ് സെക്രട്ടറി” എന്ന നിലയില്‍ മാർ കരിയിലും അംഗമായിരുന്നുകൊണ്ട് ചര്‍ച്ച ചെയ്തു തീരുമാനിച്ചതും മാര്‍പാപ്പാ അംഗീകാരം നല്‍കിയതുമാണ് സീറോ മലബാർ സഭയുടെ പുതിയ കുർബാന രീതി. എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതപക്ഷത്തിനും സ്വീകാര്യമായ വിധത്തില്‍ പകുതിസമയം ജനാഭിമുഖവും പകുതി സമയം അള്‍ത്താര അഭിമുഖവുമായി ക്രമീകരിച്ച ആരാധനാരീതി സീറോമലബാര്‍ സഭയിലെ എല്ലാ രൂപതകളിലും നിലവില്‍വന്നെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ അതു നടപ്പാക്കേണ്ടതില്ല എന്ന നിലപാടാണ് വിമതര്‍ക്കുവേണ്ടി മാര്‍ കരിയില്‍ കൈക്കൊണ്ടത്. സഭയുടെ ഔദ്യോഗിക തീരുമാനത്തിനെതിരേ മാര്‍ കരിയില്‍ കൈക്കൊണ്ട ഈ തീരുമാനം ഗുരുതരമായ അച്ചടക്കലംഘനമായിരുന്നു. ഇത് സ്ഥിതിഗതികളെ ഏറെവഷളാക്കി.
2022 ജനുവരിയില്‍ ചേര്‍ന്ന സീറോമലബാര്‍ സിനഡയില്‍ ഏകീകൃത കുര്‍ബാന അതിരൂപതയില്‍ നടപ്പാക്കണം എന്നു നിഷ്കര്‍ഷിച്ചുകൊണ്ട് മേജര്‍ ആര്‍ച്ചുബിഷപ്പിനൊപ്പം മാര്‍ കരിയിലും സര്‍ക്കുലറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ വിമതര്‍ ഇത് അംഗീകരിച്ചില്ല. മാര്‍ കരിയിലിനെ സിനഡ് സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് അദ്ദേഹം സര്‍ക്കുലറില്‍ ഒപ്പിട്ടതെന്ന് വിമതനേതാക്കള്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ പറഞ്ഞു. ഇതൊന്നും പരസ്യമായി നിഷേധിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. നല്ലൊരു മാനേജ്മെന്‍റ് വിദഗ്ധനായി അറിയപ്പെട്ട മാര്‍ കരിയില്‍, സിനഡില്‍ ഒരു മുഖവും വിമതര്‍ക്കുമുന്നില്‍ മറ്റൊരു മുഖവുമായി വേഷംകെട്ടുകയാണെന്ന യാഥാർത്ഥ്യം ഇതോടെ എല്ലാവര്‍ക്കും വ്യക്തമായി.
വത്തിക്കാനില്‍ മാര്‍പാപ്പായെ സന്ദര്‍ശിച്ചശേഷം പരിശുദ്ധ പിതാവ് പറഞ്ഞിട്ട് എന്നവണ്ണം തനിക്ക് ഇല്ലാതിരുന്ന അധികാരം ഉപയോഗിച്ചുകൊണ്ട് അതിരൂപതയ്ക്കു മുഴുവന്‍ ഏകീകൃത രീതിയിലുള്ള ബലിയര്‍പ്പണത്തില്‍നിന്ന് “ഒഴിവു”നല്‍കാന്‍ അദ്ദേഹം തയ്യാറായി. എന്നാല്‍ അതിരൂപത മുഴുവന്‍ നല്‍കിയിരിക്കുന്ന ഈ ഒഴിവുനല്‍കല്‍ സഭാനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആയതിനാല്‍ അത് പിന്‍വലിക്കണമെന്നും സഭയിൽ നിന്നും പൗരസ്ത്യ തിരുസംഘത്തില്‍നിന്നും മാര്‍ കരിയിലിന് പലകുറി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെ അനുസരിക്കാനോ സമവായ നീക്കങ്ങളോടു സഹകരിക്കാനോ അദ്ദേഹം തയ്യാറായില്ല.
സീറോമലബാര്‍ സഭയെ അരനൂറ്റാണ്ടുകാലമായി വിഷമിപ്പിച്ചുകൊണ്ടിരുന്ന ആരാധനാരീതി സംബന്ധിച്ച വിഷയത്തില്‍, തന്നില്‍ നിക്ഷിപ്തമായിയിരിക്കുന്ന അധികാരം ഉപയോഗിച്ച് നിര്‍ണ്ണായകതീരുമാനമെടുത്തു സഭയോടൊപ്പം അതിരൂപതയെ നയിക്കേണ്ട കരിയിൽ മെത്രാൻ വിമതവൈദികരുടെ കൈയ്യിലെ കളിപ്പാവയായി മാറുകയായിരുന്നു. അദ്ദേഹത്തിന്‍റെ നിലപാടുകള്‍ വിമതരുടെ വീറും വാശിയും വര്‍ദ്ധിപ്പിച്ചു. മാര്‍പാപ്പായുടെ പേരില്‍ പോലും സഭയില്‍ നിയമലംഘനം നടത്തുവാനും വത്തിക്കാന്‍ കാര്യാലയത്തിന്‍റെ നിര്‍ദ്ദേശങ്ങളെ യാതൊരു കൂസലുമില്ലാതെ തള്ളിക്കളയാനും തയ്യാറായ മാര്‍ കരിയിലിനെ പുറത്താക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോയി.
തിരുസഭ നല്‍കിയ അധികാരവും പദവിയും ദുര്‍വ്യയം ചെയ്ത മാര്‍ കരിയിലിന് മുന്നില്‍ എല്ലാ വഴികളും അടഞ്ഞതിനാല്‍ അദ്ദേഹത്തിന് രാജിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതിരുന്നു. ഒടുവില്‍ വത്തിക്കാൻ സ്ഥാനപതി എറണാകുളം ബിഷപ്സ് ഹൗസില്‍ നേരിട്ടെത്തി മാര്‍ കരിയിലില്‍നിന്നും രാജി എഴുതി വാങ്ങിക്കുകയായിരുന്നു.
അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കുന്നു
മാര്‍ കരിയിലിനെ പുറത്താക്കി തല്‍സ്ഥാനത്ത് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായത് തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തായിരുന്നു. അതിരൂപതയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന എല്ലാ അനുരജ്ഞന നീക്കങ്ങളോടും വിമതര്‍ മേൽകീഴ് നോക്കാതെ ശക്തമായി പ്രതികരിക്കുന്നതിനാല്‍ ഒരു വര്‍ഷമായിട്ടും യാതൊന്നും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
കത്തോലിക്കാ സഭയുടെ അവസാന വാക്കായ മാര്‍പാപ്പായെപ്പോലും അനുസരിക്കാതെ തന്നിഷ്ടം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കുറെ വൈദികരുടെയും അല്‍മായരുടെയും സംഘമാണ് ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപതയിലുള്ളത്. അഡ്മിനിസ്ട്രേറ്റര്‍ ഭരണം തുടരുന്നതിലൂടെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ഏതാണ്ട് എല്ലാവരിലും അസ്തമിച്ചിരിക്കുന്നു. അതിനാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാന്‍ വത്തിക്കാന്‍ തയ്യാറാവുകയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോൾ എല്ലായിടത്തു നിന്നും ഉയരുന്നു.
മാർ താഴത്ത് ചുമതല ഏറ്റെടുത്തതിന് ശേഷം യാതൊന്നും പ്രവർത്തിക്കുവാൻ സാധിക്കാതിരിന്നിട്ടും അതിരൂപതയുടെ അനുദിന ഭരണം നേരിട്ട് നിയന്ത്രിക്കുന്ന മാർപ്പാപ്പ മറ്റ് യാതൊരു നടപടിയും സ്വീകരിക്കാത്തതും വിമതരെ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
സീറോ മലബാർ സഭ നേരിടുന്ന ചരിത്രപരമായ പ്രതിസന്ധികൾ
സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടേയുള്ളൂ. പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ കഴിഞ്ഞ നാലു നൂറ്റാണ്ടുകളോളം ഭാരത ക്രൈസ്തവരായ മാര്‍തോമാ ക്രിസ്ത്യാനികൾ നേരിട്ടത് ലോകത്തില്‍ മറ്റൊരു സഭാസമൂഹവും നേരിടാത്തവിധമുള്ള പ്രതിസന്ധികളായിരുന്നു. പോർച്ചുഗീസ് സഭാ ഭരണം മലങ്കരയിൽ ശക്തമായതോടെ പതിനാറു നൂറ്റാണ്ടുകള്‍ ഈ സഭയില്‍ നിലനിന്നിരുന്ന ഐക്യവും സമാധാനവും പൂര്‍ണ്ണമായി തകര്‍ന്നു, സഭ നിധിപോലെ സൂക്ഷിച്ചിരുന്ന ചരിത്രരേഖകളും പൈതൃകങ്ങളും നശിപ്പിക്കപ്പെട്ടു, ആരാധനാ രീതിയിലും ഭരണവ്യവസ്ഥിതിയിലും വലിയ മാറ്റങ്ങളുണ്ടായി. പാശ്ചാത്യമെത്രാന്മാരുടെ മേല്‍ക്കോയ്മ പുനഃരാവിഷ്കരിച്ച ആരാധനാഭാഷ, ദൈവശാസ്ത്രം, വൈദികപരിശീലനം, പദവികള്‍, വേഷഭൂഷാദികള്‍ എന്നിവയിലെല്ലാം വലിയ വ്യതിയാനങ്ങള്‍ സംഭവിച്ചു. സഭയിൽ തർക്കങ്ങളും വാദപ്രതിവാദങ്ങളും സമരങ്ങളും പതിവായി.
പോർച്ചുഗീസ് ഭരണാധികാരികൾ മുന്നോട്ടുവച്ച മാറ്റങ്ങളെയെല്ലാം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നവരും പൂര്‍ണ്ണമായി തള്ളിക്കളയുന്നവരുമായ രണ്ടു വിഭാഗം പുരോഹിതരും അല്‍മായരും സഭയില്‍ ഇക്കാലത്തു തന്നെ രൂപപ്പെട്ടു. ഇതിനെല്ലാം മധ്യേ, പൗരസ്ത്യവും പാശ്ചാത്യവുമായ വ്യവസ്ഥിതികളെ ഭാഗികമായി ഉള്‍ക്കൊള്ളാനും ഭാഗികകമായി തള്ളിക്കളയാനും തയ്യാറായ മൂന്നാമതൊരു വിഭാഗവും കാലാന്തരത്തിൽ സംജാതമാക്കി. ഇപ്രകാരം പാരമ്പര്യതനിമ നഷ്ടപ്പെട്ട് സാംസ്കാരികമായും ദൈവശാസ്ത്രപരമായും വലിയൊരു കലര്‍പ്പുള്ള സഭയായി സീറോമലബാര്‍ സഭ മാറി. ചരിത്രപരമായ കാരണങ്ങളാൽ രൂപപ്പെട്ട ഈ വിഷമവൃത്തത്തിൽ നിന്നും പുറത്തു കടക്കാനാവാതെ സഭ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. ഈ യാഥാര്‍ത്ഥ്യം വത്തിക്കാന് വേണ്ടവിധം മനസ്സിലായിട്ടുണ്ടോ, സീറോമലബാര്‍ സഭാനേതൃത്വം വത്തിക്കാനില്‍ ഇതൊക്കെ അവതരിപ്പിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഇന്നുള്ളത്.
എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇന്നു രൂപപ്പെട്ടിരിക്കുന്ന വിമതനീക്കങ്ങളെ സസൂഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, ഭൂമിയിടപാടിൽ അതിരൂപതയ്ക്ക് നഷ്ടമല്ല ലാഭമാണുണ്ടായതെന്നും കർദ്ദിനാൾ മാർ ആലഞ്ചേരി കുറ്റക്കാരനല്ല എന്നതും ആരേക്കാളും നന്നായറിയുന്നത് വിമതന്മാർക്കു തന്നെയാണ്. ജനാഭിമുഖ കുര്‍ബാനയുടെ കാര്യം പരിശോധിച്ചാൽ അതിലെ ദൈവശാസ്ത്രമോ അതിലുള്ള ഭക്തിയോ വിശ്വസമോ ഒന്നുമല്ല അവരുടെ പ്രശ്നമെന്നും കാണാം. പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യങ്ങളോടുള്ള അവരുടെ വിയോജിപ്പും വെറുപ്പാണ് വിമതനീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന മുഖ്യഘടകം. ഇക്കാരണങ്ങളാൽ മറ്റൊരു രൂപത സസ്‌പെൻഡ് ചെയ്ത പുരോഹിതനെ അതിരൂപതയുടെ ആസ്ഥാനത്ത് ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിക്കുന്നത് വരെ എത്തി നിൽക്കുന്നു വിമത പ്രവർത്തനങ്ങൾ.
സീറോമലബാര്‍ സഭയുടെ ഭാഗമാണെന്ന് പറയാന്‍ ഇഷ്ടപ്പെടാത്ത വിധത്തില്‍ മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യവാദങ്ങളോടും ആരാധനാരീതികളോടും വിശ്വാസജീവിതക്രമങ്ങളോടും കടുത്ത വിയോജിപ്പുള്ള ഒരു രൂപതയായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഒരു വിഭാഗം മാറിയിരിക്കുന്നു. പതിറ്റാണ്ടുകളായി അതിനുള്ള നീക്കങ്ങളും പ്രചാരണങ്ങളും മുന്‍കാല സഭാനേതൃത്വങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അതിനാൽ പൗരസ്ത്യ സഭാ പാരമ്പര്യങ്ങളോടുള്ള വിയോജിപ്പും വെറുപ്പുമാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രധാന പ്രശ്നമെന്ന യാഥാർത്ഥ്യം സഭാ നേതൃത്വം തിരിച്ചറിയണം. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുവേണം എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്തു പരിഹാരം കണ്ടെത്തുവാൻ. അതിനുള്ള വഴികളാണ് സഭാനേതൃത്വം ചര്‍ച്ചചെയ്തു കണ്ടെത്തേണ്ടത്.
ഗ്ലോസ്റ്റര്‍ഷെയര്‍ സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ പത്തോളം കുരുന്നുകള്‍ ഈശോയെ ആദ്യമായി നാവില്‍ ഏറ്റുവാങ്ങി. സെന്റ് മേരീസ് പ്രെപോസ്ഡ് മിഷനില്‍ നിന്ന് മാത്സണ്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെ പത്തോളം കുട്ടികളുടെ ദിവ്യ കാരുണ്യ സ്വീകരണ ചടങ്ങ് നടന്നു.
ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കിടെയാണ് പത്തു കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിക്കുകയും ആറു കുട്ടികള്‍ സ്ഥൈര്യ ലേപനം സ്വീകരിക്കുകയും ചെയ്തത്.
ഗ്ലോസ്റ്റര്‍ഷെയര്‍ സമൂഹം ഒന്നടങ്കം വിശുദ്ധ കുര്‍ബാനയിലെത്തി ചേരുകയും പ്രാര്‍ത്ഥനയോടെ കുരുന്നുകളെ ആശംസിക്കുകയും ചെയ്തു.
ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ വചന സന്ദേശത്തില്‍ വ്യക്തമാക്കി. വിശുദ്ധ ഡൊമനിക് സാവിയോയെ പോലെ വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി ജീവിതത്തിലുടനീളം ഉയര്‍ത്തി പിടിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്നും അതിനായി പ്രാര്‍ത്ഥിക്കാമെന്നും ഫാദര്‍ ആഹ്വാനം ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കുട്ടികള്‍ക്ക് വെഞ്ചരിച്ച കൊന്തയും വെന്തരിങ്ങയും നല്‍കി.
ആദ്യ കുര്‍ബാനയ്ക്കായി കുട്ടികളെ ഒരുക്കിയ അധ്യാപകരായ സെബാസ്റ്റ്യനും ഷീബ അളിയത്തിനും ടീച്ചര്‍ ലൗലി സെബാസ്റ്റ്യനും കുട്ടികള്‍ സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് ആഘോഷമായി കുട്ടികള്‍ കേക്കുകള്‍ മുറിച്ച് പങ്കുവച്ചു. പിന്നീട് സ്‌നേഹ വിരുന്നുകള്‍ നടന്നു. പള്ളിയില്‍ വച്ചുള്ള ചടങ്ങില്‍ കൈക്കാരന്മാരായ ബാബു അളിയത്തിന്റെയും ആന്റണി ജെയിംസിന്റെയും നേതൃത്വത്തില്‍ കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്നു നടത്തി. മനോഹരമായ ക്വയറില്‍ ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ആലപിച്ചു.
ദൈവത്തിനോട് അടുത്തുനില്‍ക്കുന്നവരാണ് കുരുന്നുകള്‍. അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് കടന്നുപോയത്. ജീവിതത്തിലുടനീളം ആ കുരുന്നുകള്‍ ദൈവ സ്‌നേഹം ഏറ്റുവാങ്ങി മുന്നോട്ട് പോകട്ടെയെന്ന് ഏവരും ആശംസിച്ചു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
മാലാഖമാരൊത്തു വാനിൽ വാഴുന്ന ഭാരതത്തിലെ ആദ്യ വിശുദ്ധ, വി. അൽഫോൻസാമ്മയുടെ തിരുനാൾ കീത്തിലിയിലെ സെൻ്റ് ആൻസ് ദേവാലയത്തിൽ പ്രാർത്ഥനാ ശുശ്രൂഷകളോടെ ആഘോഷിച്ചു. പാശ്ചാത്യ സമൂഹമുൾപ്പെടെ നൂറ് കണക്കിനാളുകൾ തിരുനാൾ ശുശ്രൂഷകളിൽ പങ്കെടുത്തു. രാവിലെ പതിനൊന്ന് മണിക്ക് കീത്തിലി സെൻ്റ് ആൻസ് ഇടവക വികാരി കാനൻ മൈക്കിൾ മക്രീഡിയുടെ കാർമ്മികത്വത്തിൽ ലാറ്റിൻ റൈറ്റിൽ ആഘോഷമായ പാട്ട് കുർബാന നടന്നു. അൽഫോൻസാമ്മയുടെ രൂപം വഹിച്ചുകൊണ്ട് മുത്തുക്കുടകളും മെഴുകുതിരികളുടെ ദീപപ്രഭയോടും കൂടി ആഘോഷമായ പ്രദിക്ഷിണമായാണ് വിശുദ്ധ കുർബാനയർപ്പിക്കാൻ വൈദികനും ശുശ്രൂഷികളും ജനമധ്യത്തിലൂടെ അൾത്താരയിലേയ്ക്ക് പ്രവേശിച്ചത്. പ്രദക്ഷിണ സമയത്ത്, വിശുദ്ധയായി അൽഫോൻസാമ്മയെ വത്തിക്കാൻ സ്ക്വയറിൽ പോപ്പ് ബനഡിക്ട് പതിനാറാമൻ പ്രഖ്യാപിച്ചപ്പോൾ പാടിയ മാലാഖമാരൊത്തു വാനിൽ വാഴുന്നൊരൽഫോൻസാ ധന്യേ.. എന്ന ഹൃദയസ്പർശിയായ ഗാനം കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ മുഖരിതമായി. കീത്തിലിയിലെ പതിനഞ്ചോളം വരുന്ന ഗായക സംഘം ഈ ഗാനം പാടിയപ്പോൾ നൂറ് കണക്കിന് വിശ്വാസികളുടെ ഹൃദയത്തിൽ അൽഫോൻസാമ്മയുടെ ചിത്രം തെളിയുകയായിരുന്നു. വിശുദ്ധ കുർബാന മദ്ധ്യേ കാനൻ മൈക്കിൾ മക്രീഡി സന്ദേശം നൽകി. വി. അൽഫോൻസാമ്മയുടെ ജനനം മുതൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട സമയം വരെയുള്ള കാലഘട്ടം തിരുനാൾ സന്ദേശമായി മാറി. സഹനത്തിൻ്റെ അമ്മയുടെ മാതൃക ജീവിത ലക്ഷ്യമായി മാറ്റണമെന്ന് കാനൻ മൈക്കിൾ വിശ്വാസികളോടായി അഭ്യർത്ഥിച്ചു. പാശ്ചാത്യവിശ്വാസികൾക്ക് വേറിട്ടൊരനുഭവമായി കാനൻ മൈക്കിളിൻ്റെ തിരുനാൾ സന്ദേശം.
വിശുദ്ധ കുർബാനയുടെ അവസാന ഭാഗത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചിരിക്കുന്ന ചെറിയ അൾത്താരയിലേയ്ക്ക് പ്രദക്ഷിണമിറങ്ങി. പ്രദക്ഷിണമിറങ്ങിയ സമയത്ത് ഗായക സംഘം വി. അൽഫോൻസാമ്മയോടുള്ള ബഹുമാന സൂചകമായ സ്തുതിഗീതങ്ങൾ പാടി. പ്രദക്ഷിണം അൽഫോൻസാമ്മയുടെ അൾത്താരയിൽ എത്തിയപ്പോൾ പാശ്ചാത്യ രീതിയിലുള്ള പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു.
2002 മുതൽ കീത്തിലിയിൽ മലയാളികൾ എത്തിതുടങ്ങിയിരുന്നു. 2013ലാണ് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിക്കുന്നത്. ഇപ്പോഴത്തെ ഇടവക വികാരിയായിരുന്ന ഫാ. മൈക്കിൾ മക്രീഡിയുടെ നിർദ്ദേശപ്രകാരമാണ് വി. അൽഫോൻസാമ്മയുടെ രൂപം സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിക്കപ്പെട്ടത്. അന്നു മുതൽ ഇന്നോളം വി. അൽഫോൻസാമ്മയുടെ ഓർമ്മ ദിനത്തിൽ രൂപത്തിന് മുമ്പിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തിവരുന്നു. വ്യത്യസ്ഥ മേഘലകളിലായി മുന്നൂറോളം മലയാളി കുടുംബങ്ങൾ കീത്തിലിയിലുണ്ട്. അവർക്ക് തണലായി അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാനായി സെൻ്റ് ആൻസ് ദേവാലയം നിലകൊള്ളുന്നു എന്നതിൻ്റെ പ്രത്യക്ഷത്തിലുള്ള തെളിവാണ് മുടങ്ങാതെയുള്ള തിരുനാൾ ശുശ്രൂഷകൾ. ഈ വർഷത്തെ തിരുനാളിൽ കീത്തിലിയിൽ പുതുതായി എത്തിയ മലയാളി കുടുംബങ്ങളുടെ സാമിപ്യം എടുത്തു പറയേണ്ടതാണ്. പതിനഞ്ചോളമാളുകളാണ് ഗായക സംഘത്തിലുണ്ടായിരുന്നത്. നൂറ് കണക്കിന് മലയാളികളും തിരുനാൾ കുർബാനയിൽ പങ്കുചേർന്നു. സ്നേഹവിരുന്നോടെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ശുശ്രൂഷകൾ അവസാനിച്ചു.
ലിസ്ബണ്‍: സീറോ മലബാര്‍ യൂത്ത് ഫെസ്റ്റിവെല്‍ ലിസ്ബണിന് സമീപയുള്ള മിന്‍ഡെയില്‍ ലോക യുവജന സമ്മേളനത്തിലെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് കാര്‍ഡിനല്‍ ആലഞ്ചേരിയുടെ ഡെലഗേറ്റ് മാര്‍ ബോസ്കോ പൂത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജൂലൈ 26 മുതല്‍ 31 വരെ അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടണ്‍ എന്നീ സീറോ മലബാര്‍ രൂപതകളില്‍നിന്നും യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷനില്‍ നിന്നും 200 ല്‍പ്പരം പേരാണ് ഫെസ്റ്റിവെലില്‍ പങ്കെടുക്കുക. ലോക യുവജന സംഗമത്തിന് ഒരുക്കമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ആത്മീയ ശുശ്രൂഷകള്‍ക്കൊപ്പം സംവാദങ്ങളും ചര്‍ച്ചുകളും ക്ലാസുകളും സംസ്ക്കാരിക പരിപാടികളും ഫെസ്റ്റിവെലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സീറോ മലബാര്‍ യൂത്ത് ഫെസ്റ്റിവെല്‍ ലിസ്ബണിന് സമീപയുള്ള മിന്‍ഡെയില്‍ മാര്‍ ബോസ്കോ പൂത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു. മാര്‍ ജോസ് കല്ലുവേലിൽ, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, സോജിന്‍ സെബാസ്റ്റൃന്‍, ഫാ. പോള്‍ ചാലിശ്ശേരി, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ജോജോ ചങ്ങനാംതുണ്ടത്തില്‍, ഫാ. ഫാന്‍സുവ പത്തില്‍, ഫാ. മെല്‍വിന്‍ മംഗലത്ത്, ഫാ. സെബാസ്റ്റ്റന്‍ എസ്. വി. ഡി. തുടങ്ങിയവര്‍ സമീപം
ജൂലൈ 28-ാം തീയതി മിന്‍ഡെയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പരിശുദ്ധ കന്യകാ മറിയത്തിന്റെ ഫാത്തിമായിലെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടന്ന് യുവജനങ്ങള്‍ എത്തുന്നതാണ്. ചിക്കാഗോ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മിസിസാഗ മെത്രാന്‍ മാര്‍ ജോസ് കല്ലുവേലിൽ ഗ്രേറ്റ് പ്രിട്ടണ്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, സോജിന്‍ സെബാസ്റ്റൃന്‍, ഫാ. പോള്‍ ചാലിശ്ശേരി, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ജോജോ ചങ്ങനാംതുണ്ടത്തില്‍, ഫാ. ഫാന്‍സുവ പത്തില്‍, ഫാ. മെല്‍വിന്‍ മംഗലത്ത്, ഫാ. സെബാസ്റ്റ്റന്‍ എസ്. വി. ഡി . തുടങ്ങിയവര്‍ ഫെസ്റ്റിവലിന് നേതൃത്വം നല്‍കുന്നു.
ബിനോയ് എം. ജെ.
പുറമേനിന്ന് നോക്കിയാൽ മനുഷ്യൻ പരിമിതനാണ്. താനീകാണുന്ന ശരീരവും അതിനെചുറ്റിപ്പറ്റിയുള്ള മനസ്സുമാണെന്ന ചിന്തയാണ് പരിമിതികളുടെയെല്ലാം അടിസ്ഥാനം. പാശ്ചാത്യ ചിന്താപദ്ധതി ഈ മനോഭാവത്തെ ഊട്ടിയുറപ്പിക്കുന്നു. എന്നാൽ മനുഷ്യന് ഈ പരിമിതിയിൽ ഒതുങ്ങുവാനാവില്ല. അവൻ സദാ അന്വേഷണത്തിലാണ്. അവൻ അനന്തതയെ എത്തിപിടിക്കുവാൻ ശ്രമിക്കുന്നു. ഈ പ്രപഞ്ചത്തെ മഴുവൻ കീഴടക്കിയാലും അവൻ തുടർന്നും വളരുവാൻ ശ്രമിക്കും. എന്താണിതിന്റെ മനശ്ശാസ്ത്രം? തന്റെയുള്ളിലെ അനന്തസത്തയെക്കുറിച്ചുള്ള അവബോധമാവണം ഈ പരിശ്രമത്തിന്റെ പിറകിലത്തെ പ്രചോദനം.
സ്വാർത്ഥതയും, വ്യക്തിബോധവും, മരണഭയവും, ആധിയും പരിമിതമായ ആനന്ദവുമാണ് മനുഷ്യന്റെ പ്രശ്നങ്ങൾ. ഇവയെ പ്രശ്നങ്ങളായി നാമെണ്ണുന്നത് തന്നെ ഇവയ്ക്ക് ഒരു പരിഹാരം ഉണ്ടെന്നുള്ളത് കൊണ്ടാണ്. ഈ പരിമിതിയിൽ മനുഷ്യൻ അസന്തുഷ്ടനാണ്. താനോ ബദ്ധനും, പരിമിതനും, ദുഃഖിതനുമാണ്. അതിനാൽ തന്നെ സ്വതന്ത്രവും, അനന്തവും, ആനന്ദസ്വരൂപവുമായ ഒരു സത്തയെ മനുഷ്യൻ മനസ്സിൽ സങ്കല്പിക്കുന്നു. ഈ അനന്തസത്തയാണ് എന്നും മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യവും പ്രചോദനവും. അതിൽ എത്തിച്ചേരുവാനുള്ള പരിശ്രമമാണ് മനുഷ്യപുരോഗതിയുടെയെല്ലാം അടിസ്ഥാനം.
അൽപത്വത്തിൽ അൽപാനന്ദവും അനന്തതയിൽ അനന്താനന്ദവും കിടക്കുന്നു. താനീ കാണുന്ന ചെറിയ ശരീരമാണെന്ന ചിന്തയാണ് അൽപത്വത്തിന്റെ അടിസ്ഥാനം. ഇതാണ് മനുഷ്യന്റെ എല്ലാ ക്ലേശങ്ങളുടെയും കാരണവും. അതിനാൽ തന്നെ വളരുവാനും വികസിക്കുവാനും ഉള്ള ആഗ്രഹം അവനിൽ രൂഡമൂലമാണ്. പ്രത്യക്ഷത്തിൽ നോക്കിയാൽ ഇതിൽ തെറ്റില്ലായിരിക്കാം. എന്നാൽ ഇത് മനുഷ്യമനസ്സുകളിൽ സൃഷ്ടിക്കുന്ന പ്രക്ഷുബ്‌ധതയും പ്രശ്നങ്ങളും ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യജീവിതം ഒരു സമരമോ സംഘർഷമോ ആയി അധ:പതിക്കുന്നു. പരമമായ ശാന്തി അവന് അന്യമാകുന്നു. അശാന്തമായ മനസ്സിൽ എങ്ങനെയാണ് ആനന്ദം ജനിക്കുക? വാസ്തവത്തിൽ ഇതെല്ലാം അനാവശ്യങ്ങളാണ്. ഇവിടെയാണ് അനന്തസത്തയുമായി താദാത്മ്യം പ്രാപിക്കേണ്ടതിന്റെ ആവശ്യകത ഉദിക്കുന്നത്. തന്റെ അജ്ഞതയും പരിമിതികളും വെറും മിഥ്യയാണെന്നും ഈ പ്രപഞ്ചത്തെ ചലിപ്പിക്കുന്ന സത്ത താൻതന്നെയാണെന്നും ഉള്ള ബോധ്യം ഉദിക്കുമ്പോൾ ഈ കഷ്ടപ്പാടുകൾ എല്ലാം തിരോഭവിക്കുന്നു. അതോടൊപ്പം അനന്താനന്ദവും വന്നുചേരുന്നു.
ലോകത്തിലുള്ള എല്ലാ ജനപഥങ്ങളും ഈശ്വരനെ അന്വേഷിക്കുന്നു. ‘ഈശ്വര’നെന്ന സങ്കൽപം എവിടെ നിന്നും വരുന്നു. തന്റെ ഉള്ളിൽ ഈശ്വരൻ ഉറങ്ങുന്നുവെന്ന അവബോധം അവനുണ്ടാവണം. പക്ഷേ ആ ഈശ്വരൻ താൻ തന്നെ എന്ന് ചിന്തിക്കുവാനുള്ള മന:ക്കരുത്ത് അവനില്ലാതെ പോയി. നമുക്ക് ചെറുപ്പം മുതലേ ലഭിക്കുന്ന വിദ്യാഭ്യാസവും ഈശ്വരനെ നമ്മിൽ നിന്നും ഭിന്നമായി കാണുവാൻ നമ്മെ പഠിപ്പിക്കുന്നു. അത് നമ്മിൽ നിന്നും ഭിന്നമാണെങ്കിൽ തീർച്ചയായും അത് നമുക്ക് പുറത്താവണം. നാമീശ്വരനെ ബാഹ്യലോകത്ത് അന്വേഷിക്കുന്നു. പലപ്പോഴും നാമിത് അബോധപൂർവ്വമാണ് ചെയ്യുന്നത്.
ഈ പ്രശ്നത്തിന്റെ ഏക പരിഹാരം ഈശ്വരനെ ഉള്ളിൽ അന്വേഷിച്ചുതുടങ്ങുക എന്നതാണ്. നമ്മുടെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ നമുക്ക് എത്തിപ്പിടിക്കുവാൻ സാധിക്കും. അല്ല അത് ഞാൻ തന്നെയാണ്. അവിടെ ഒരന്വേഷണത്തിന്റെ പോലും ആവശ്യമില്ല. ആത്മസാക്ഷാത്കാരം, അത് ഈ നിമിഷത്തിൽ തന്നെ സാധ്യമാണ്. ബാഹ്യലോകത്ത് എന്തിനുവേണ്ടി ഈശ്വരനെ അന്വേഷിക്കണം. ആ പരിശ്രമം എന്നും ഒരു പരാജയമാകുവാനേ വഴിയുള്ളൂ. പരാജയപ്പടുന്തോറും നാം വീണ്ടും വീണ്ടും പരിശ്രമിക്കുന്നു. ഇതനന്തമായി നീളുന്നു. നിരീശ്വരവാദികൾ പോലും അറിയാതെ ഈശ്വരനെയാണന്വേഷിക്കുന്നത്.
സദാ പുരോഗമിച്ചുകൊണ്ടിരിക്കുക, എന്നാൽ ഒരിക്കലും ലക്ഷ്യത്തിലെത്താതിരിക്കുക. ഇതാണ് മനുഷ്യന്റെ വിധിയെന്ന് പരക്കെ ഒരു ധാരണയുണ്ട്. മാനവരാശി സഹസ്രാബ്ദങ്ങളിലൂടെ അന്വേഷിക്കുന്നു എന്നാലവൻ ലക്ഷ്യത്തിലെത്തിയിട്ടില്ല. എത്തിച്ചേരുമെന്നൊട്ട് പ്രതീക്ഷിക്കുകയും വേണ്ട. ഇത് ശരിയാണെങ്കിൽ മനുഷ്യൻ ഒരു ദൂഷിതവലയത്തിൽ പെട്ടിരിക്കയാണെന്നുള്ളതും ശരിയെന്ന് സമ്മതിച്ചേ തീരൂ. ഒരു വൃത്തത്തിലൂടെ എത്ര കറങ്ങിയാലും ആ കറക്കം അവസാനിക്കുന്നില്ല. നാമെത്തിപ്പിടിക്കുവാനാവാത്ത എന്തിലോ ആണ് എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്നത്. നാം മുന്നോട്ട് നീങ്ങും തോറും നമ്മുടെ ലക്ഷ്യവും നമ്മോടൊപ്പം മുന്നോട്ട് തന്നെ നീങ്ങുന്നു. അതിനാൽ നാമൊരിക്കലും ആ ലക്ഷ്യത്തിൽ എത്തിച്ചേരുന്നില്ല. പറ്റിപ്പോയ മഢയത്തത്തെകുറിച്ച് ബോധവാന്മാരാകുവിൻ. എത്രതന്നെ പുറത്തന്വേഷിച്ചാലും നമ്മുടെ ആത്മസത്തയെ പുറത്ത് കണ്ടെത്തുവാനാവില്ല. കാരണം അത് നമ്മുടെ ഉള്ളിലാണ് കുടികൊള്ളുന്നത്. ഉള്ളിലുള്ളതിനെ പുറത്തന്വേഷിച്ചാൽ ആ അന്വേഷണം എന്നും ഒരു പരാജയമായിരിക്കും. നാമൊരു മായാവലയത്തിൽ പെട്ടുപോകുന്നു. ഇതിൽനിന്ന് പുറത്തു കടക്കുക എന്നതാവുന്നു നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. അവിടെ അസാദ്ധ്യമായത് സാധിക്കുന്നു. നാം അത്ഭുതകരമായി ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 12 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും .റവ .ഫാ.സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രശസ്‌ത ധ്യാനഗുരുവും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആത്മീയ വചന പ്രഘോഷകനുമായ റവ.ഫാ.സാംസൺ മണ്ണൂർ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷൻ നയിക്കും . യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക ജെന്നി ബേക്കർ ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കെടുക്കും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ . ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
ബിനോയ് എം. ജെ.
നമ്മുടെ ജീവിതം സദാ സുഖദ:ഖങ്ങളിലൂടെ നീങ്ങുന്നത് എന്തുകൊണ്ട്? എല്ലാ ദുഃഖങ്ങളും തിരോഭവിച്ച് ജീവിതം ഒരാനന്ദലഹരിയായി മാറാത്തത് എന്തുകൊണ്ട്? നാമനന്താനന്ദം പ്രതീക്ഷിക്കുന്നുവെങ്കിലും നമുക്കത് കിട്ടാത്തത് എന്തുകൊണ്ട്? ദുഃഖത്തെ ഒഴിവാക്കുവാൻ നമുക്ക് എന്തുകൊണ്ട് കഴിയുന്നില്ല? ഇതിനുത്തരം അന്വേഷിക്കുമ്പോൾ നാമെത്തിച്ചേരുന്നത് മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന വലിയ ഒരു പരാജയത്തിലേക്കോ അപചയത്തിലേക്കോ ആണ്. നമ്മുടെ പിടിയിലോ നമ്മുടെ നിയന്ത്രണത്തിലോ നിൽക്കാത്ത ഒരു സത്ത നമ്മുടെ ജീവിതത്തിൽ കടന്നു കൂടുന്നു. അതുകൊണ്ട് തന്നെ മനുഷ്യജീവിതം സദാ റിസ്കിലാണ്. അപകടമോ പരാജയമോ ദുരന്തമോ ഏതു നിമിഷവും സംഭവിക്കാം. അതിലുമുപരിയായി നാം ബാഹ്യലോകത്താൽ സദാ ബാധിക്കപ്പെടുന്നു. സമൂഹം നമ്മുടെ യജമാനൻ ആകുന്നു. സമൂഹത്തിന്റെ താളത്തിനൊപ്പിച്ച് തുള്ളുന്ന വെറും അടിമകളാണ് നാമെല്ലാം. അതുകൊണ്ട് തന്നെ നമുക്ക് സന്തോഷിക്കണമെങ്കിൽ അതിനും സമൂഹത്തിന്റെ അനുവാദം വേണമെന്നായിരിക്കുന്നു. സമൂഹം സന്തോഷിക്കുവാൻ പറയുമ്പോൾ നാം സന്തോഷിക്കുന്നു; സമൂഹം ദുഃഖിക്കുവാൻ പറയുമ്പോൾ നാം ദുഃഖിക്കുന്നു. ഒരു പരാജയം, പണനഷ്ടം, മാനഹാനി എന്തുമാവട്ടെ നാം ദുഃഖിക്കുന്നതിന് കാരണം, സമൂഹം അതാവശ്യപ്പെടുന്നു എന്നത് തന്നെയാണ്.
ഇപ്രകാരം നാം ബാഹ്യലോകത്തിന്റെ അടിമകളായി മാറുമ്പോൾ നമ്മുടെ ജീവിതം നമ്മുടെ തന്നെ നിയന്ത്രണത്തിൽനിന്ന് വഴുതിപ്പോകുന്നു. നമുക്ക് സന്തോഷിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ അതിന് കഴിയുന്നില്ല. ദു:ഖിക്കാതിരിക്കണമെന്നും ആഗ്രഹമുണ്ട്, പക്ഷേ കഴിയുന്നില്ല. സമൂഹമാണ് എല്ലാം തീരുമാനിക്കുന്നത്. നാം ആ രീതിയിലാണ് മനസ്സിനെ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നത്. നാം കർമ്മം ചെയ്യുന്നതും ജീവിക്കുന്നതും സമൂഹം തരുന്ന പ്രതിഫലങ്ങൾ സ്വീകരിക്കുവാൻ വേണ്ടി മാത്രമാണ്. (മാനസികമായ)പ്രതിഫലം പ്രതീക്ഷിച്ചു കർമ്മം ചെയ്യുന്നവർ ആ പ്രതിഫലത്തിനും അത് തരുന്ന സമൂഹത്തിനും അടിമകളാണ്. പേര്, പ്രശസ്തി, സ്ഥാനമാനങ്ങൾ, ഇവക്ക് വേണ്ടിയാണ് നാം ജീവിക്കുക പോലും ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നാം നമ്മുടെ ജീവിതത്തിന്റെ യജമാനൻമാർ അല്ലാതാകുകയും ആ യജമാനസ്ഥാനം സമൂഹം കയ്യടക്കുകയും ചെയ്യുന്നു.
അൽപം കൂടി വ്യക്തമായി പറഞ്ഞാൽ നാം നമ്മുടെ ജീവിതത്തെ സമൂഹത്തിന്റെ കണ്ണുകളിലൂടെ നോക്കികാണൂന്നു. സമൂഹം ചിന്തിക്കുന്നതുപോലെ നാമും ചിന്തിക്കുന്നു. ഇപ്രകാരം നാം സമൂഹവുമായി ഉണ്ടാക്കുന്ന കൂട്ടുകെട്ട് നമുക്ക് തന്നെ വിനയായി ഭവിക്കുന്നു. ഇത് നമ്മിലധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. സമൂഹവുമായുള്ള ഈ കൂട്ടുകെട്ട് അവസാനിപ്പിക്കുന്ന നിമിഷത്തിൽ നാം സ്വാതന്ത്ര്യം പ്രാപിക്കുന്നു. സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ നമുക്ക് ഇഷ്ടമുള്ളതുപോലെയും ഇഷ്ടമുള്ളത്രയും ആനന്ദിക്കുവാൻ നമുക്ക് കഴിയുന്നു. നമ്മുടെ ജീവിതം ഒരു ആനന്ദലഹരിയായി മാറുന്നു.
നമ്മുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നുണ്ടെന്ന് നാം കൂടെ കൂടെ പറയുന്നുണ്ടെങ്കിലും നമുക്ക് അങ്ങനെ ഒരു ബോധ്യമില്ല എന്ന് വ്യക്തം. നാം നമ്മുടെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ കണ്ടെത്തുന്നില്ല. കാരണം നമ്മുടെ ദൃഷ്ടി സദാ പുറത്തേക്ക് പോകുന്നു. ഇപ്രകാരം നമ്മുടെ ദൃഷ്ടി പുറത്തേക്ക് പോകുകയും നാം സമൂഹത്തിന്റെ കണ്ണുകളിലൂടെ നമ്മെ നോക്കിക്കാണുകയും ചെയ്യുമ്പോൾ നാം നമ്മെ തന്നെയും നമ്മുടെ ഉള്ളിലൂള്ള ഈശ്വരനെയും വിസ്മരിക്കുന്നു. തത്ഫലമായി ഈശ്വരനിൽനിന്നും വരുന്ന അനന്താനന്ദവും ,അനന്ത ജ്ഞാനവും, അനന്ത ശക്തിയും മറക്കപ്പെട്ടു പോകുകയും ചെയ്യുന്നു. ഇവിടെ മനുഷ്യന്റെ ദുരിതങ്ങൾ ആരംഭിക്കുന്നു.
എന്റെ ജീവിതം എന്നും ഭാവാത്മകവും ആനന്ദപ്രദവും ആകണമെന്ന് എനിക്ക് നിർബന്ധം ഉണ്ടെങ്കിൽ കാലക്രമത്തിൽ സമൂഹവുമായ കൂട്ടുകെട്ട് ഉപേക്ഷിക്കുന്നതിൽ ഞാൻ വിജയം കൈവരിക്കും. സമൂഹവുമായ സംഗം ഉപേക്ഷിക്കുകയും കേവലനായി നിൽക്കുവാൻ യത്നിക്കുകയും ചെയ്യുക. നാം ചെയ്യുന്ന കർമ്മമല്ല നമ്മെ ക്ലേശിപ്പിക്കുന്നത്, മറിച്ച് ആ കർമ്മത്തിന് സമൂഹം നൽകുന്ന പ്രതിഫലമാണ് നമ്മെ ക്ലേശിപ്പിക്കുന്നത്. അതിനാൽ പ്രതിഫലത്തെ ത്യജിച്ചുകൊണ്ട് കർമ്മം ചെയ്യുവിൻ. അപ്പോൾ ഉള്ളിലുള്ള ഈശ്വരനുമായി നാം കണ്ടുമുട്ടുന്നു. ഇപ്രകാരം ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുമ്പോൾ പിന്നെ ആഗ്രഹങ്ങൾക്ക് എന്തു പ്രസക്തി? പിന്നീട് ആർക്ക് വേണം പ്രതിഫലം? ഇവിടെ നാമാ ദൂഷിതവലയത്തിൽ നിന്നും കരകയറുന്നു. ഒരുതരം ഭാവാത്മകത നമ്മെ വിഴുങ്ങുകയും ചെയ്യുന്നു.
നമുക്ക് ഒരേ സമയം സമൂഹവുമായും ഈശ്വരനുമായും ചങ്ങാത്തം കൂടുക സാധ്യമല്ല. സമൂഹവുമായി ചങ്ങാത്തം കൂടുന്നവൻ ഈശ്വരനെ മറക്കുന്നു. ഈശ്വരനുമായി ചങ്ങാത്തം കൂടണമെങ്കിൽ സമൂഹത്തെയും മറക്കണം. ഈ ലോകം നൽകുന്ന ക്ഷുദ്രസുഖങ്ങളാണോ വലുത് ഈശ്വരനിൽ നിന്നും കിട്ടുന്ന അനന്താനന്ദമാണോ വലുത്? സമൂഹത്തിന്റെ പിറകെ ഓടിയോടി നാമാകെ ക്ലേശിതരും നിരാശരും ആയിരിക്കുന്നു. ജീവിതം തന്നെ വ്യർത്ഥമെന്ന് നമുക്ക് ഏറെക്കുറെ തോന്നിതുടങ്ങിയിരിക്കുന്നു. ഈ കൂരാ കൂരിരുട്ടിൽ നിന്നൊക്കെ ഒരു മോചനമുണ്ട്. നമ്മുടെ ഉള്ളിൽ ആനന്ദസൂര്യൻ പ്രകാശിക്കേണ്ട സമയമായി വരുന്നു. അതിനാൽ ഉണർന്നെഴുന്നേൽക്കുവിൻ. എല്ലാ അടിമത്വത്തിന്റെയും ബന്ധനത്തിന്റെയും ചങ്ങലകളെ പൊട്ടിച്ചെറിയുവിൻ! നിങ്ങൾ ഇവിടെ നരകയാതന അനുഭവിക്കേണ്ട ആളല്ല. മറിച്ച് ഈ പ്രപഞ്ചത്തെ മുഴുവൻ പ്രകാശിപ്പിക്കേണ്ട ചൈതന്യമാകുന്നു. നിങ്ങൾ സമൂഹത്തിനല്ല ദാസ്യവൃത്തി ചെയ്യേണ്ടത്, മറിച്ച് സമൂഹം നിങ്ങൾക്കാണ് ദാസ്യവൃത്തി ചെയ്യേണ്ടത് എന്നറിഞ്ഞുകൊള്ളുവിൻ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഷിബി ചേപ്പനത്ത്
ലണ്ടൻ : പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ യുകെ ഭദ്രാസനത്തിന്റെ 2023 ലെ ഫാമിലി കോൺഫറൻസ് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ സ്റ്റോക്ക് ഓൺ ട്രെൻഡിലുള്ള സെൻറ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ സെപ്റ്റംബർ 30 ഒക്ടോബർ 1 തീയ്യതികളിൽ മോർ ബസ്സേലിയോസ് ഹാളിൽ (KINGS HALL, KINGS WAY, STOKE ON TRENT-ST41JH) വച്ച് നടത്തപ്പെടുന്നു. ഭദ്രാസനത്തിലെ 36 ൽ പരം പള്ളികളിൽ നിന്നുള്ള ആയിരക്കണക്കിന് യാക്കോബായ വിശ്വാസികൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനത്തിന് വേണ്ടിയുള്ള പ്രാരംഭ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
സെൻറ് കുര്യക്കോസ് യാക്കോബായ പള്ളിയുടെ വലിയ പെരുന്നാളിൽ പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനി എഴുന്നള്ളി വരുകയും വിശുദ്ധ കുർബാനാനന്തരം അഭിവന്ദ്യ പിതാവ് പള്ളിയുടെ സെക്രട്ടറിക്ക് രജിസ്ട്രേഷൻ ഫോം നല്കിക്കൊണ്ട് ഈ വർഷത്തെ രജിസ്ട്രേഷൻ നടപടികൾക്ക് ആരംഭം കുറിക്കുകയും ചെയ്തു.
കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമ പെരുന്നാൾ യുകെ ഭദ്രാസനം വിശുദ്ധ അഞ്ചിൻമേൽ കുർബാനയോടു കൂടി നടത്തപ്പെടുന്ന ഈ മഹനീയ വേളയിൽ മേഖലയിലെ എല്ലാ സഭാ വിശ്വാസികൾക്കും പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.
പരിപാടികളുടെ വിജയകരമായ നടത്തപ്പിന് ഭദ്രാസന കൗൺസലിൻറെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾക്ക് രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുകയും ചെയ്യുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
വാൽസിങ്ങാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ഏഴാമത് തീർത്ഥാടനം നോർഫോൾക്കിലെ വാൽസിങ്ങാം കാത്തലിക് മൈനർ ബസലിക്കയിൽ ഭക്തിസാന്ദ്രമായി.
രാവിലെ ആരാധനയോടൊപ്പം പരിശുദ്ധ ജപമാല സമർപ്പണത്തോടെ തീർത്ഥാടന തിരുന്നാളിന് ആരംഭമായി. തുടർന്ന് രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും, അനുഗ്രഹീത കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ നൽകിയ മരിയൻ പ്രഘോഷണ സന്ദേശം തീർത്ഥാടകരിൽ മാതൃഭക്തി ഉദ്ധീപിക്കുന്നതായി. തിരുനാൾ കൊടിയേറ്റത്തിനും അടിമവയ്ക്കലിനും ശേഷം തീർത്ഥാടകർക്കായി പ്രത്യേകം ഒരുക്കിയ ഭക്ഷണത്തിനായുള്ള ഊഴമായി.
ഉച്ച തിരിഞ്ഞു കൃത്യം ഒരുമണിയോടെ തിരുനാളിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന പ്രദക്ഷിണം ആരംഭിച്ചു.രൂപതയുടെ നാനാ ഭാഗത്തു നിന്നും വന്നെത്തിയ ആയിരക്കണക്കിനു തീർത്ഥാടകർ തങ്ങളുടെ ബാനറുകളുടെ പിന്നിൽ അണിനിരന്ന്,മുത്തുക്കുടകളുടെ അകമ്പടിയോടെ ജപമാല സമർപ്പിച്ചും, മാതൃവണക്ക ഗാനങ്ങൾ ആലപിച്ചും, ആവേ മരിയാ ഗീതങ്ങൾ മീട്ടിയും, പ്രാർത്ഥനാനിറവിൽ നടത്തിയ പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ കേരളത്തിലെ സീറോ മലബാർ വിശ്വാസത്തിന്റെ ആഴങ്ങൾ വിളിച്ചോതുന്നതായിരുന്നു.
പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തിൽ തിരിച്ചെത്തിയപ്പോഴും ഒന്നര കിലോമീറ്ററോളം നീളത്തിൽ ഒരുക്കിയ പ്രദക്ഷിണ പാതയിൽ പിൻഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര വിശ്വാസികളാണ് ഈ വർഷം തീർത്ഥാടനത്തിനായി എത്തിച്ചേർന്നത്.
ദിവ്യബലിയുടെ തുടക്കത്തിൽത്തന്നെ രണ്ടു പ്രാവശ്യമായി ആഞ്ഞടിച്ച പെരുമഴയെയും കാറ്റിനെയും നിമിഷ നേരത്തിൽ തന്റെ വരുതിയിൽ നിറുത്തി പരിശുദ്ധ അമ്മയുടെ അനുഗ്രഹീത സാന്നിധ്യം വിളിച്ചോതിയ ആഘോഷപൂർവ്വമായ സമൂഹ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. വികാരിജനറാളുമാരായ ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഫാ ജിനോ അരീക്കാട്ട് ,ഫാ ജോർജ്ജ് ചേലക്കര, ആതിഥേയരായ കേംബ്രിഡ്ജ് റീജണൽ സീറോമലബാർ കോർഡിനേറ്റർ ഫാ ജിനോ അടക്കം നിരവധി വൈദികർ സഹകാർമ്മികരായി.
‘ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എട്ടാം വാർഷികത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ,സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാഞ്ജിയായി മഹത്വത്തിന്റെ ഉന്നതിയിൽ ആയിരിക്കുന്ന പരിശുദ്ധ അമ്മയുടെ സംരക്ഷണവും മാധ്യസ്ഥവും സഭയുടെ വളർച്ചയിലും ഓരോ ചുവടുവെപ്പിലും ഉണ്ടെന്നു പിതാവ് തന്റെ തിരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളും വിഷമങ്ങളും മാതൃസന്നിധിയിൽ സമർപ്പിക്കുമ്പോൾ, സംരക്ഷിക്കുവാനും,കാത്തുപരിപാലിക്കുവാനും ചേർത്തുപിടിക്കുന്ന പരിശുദ്ധഅമ്മയുടെ കരങ്ങൾ കരുണാമയവും സുദൃഢവുമാണ്. മാർത്തോമ്മാ പൈതൃകം പിന്തുടരുന്ന നമ്മുടെ വിശ്വാസ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും കരുതലുമാണ് ശക്തി കേന്ദ്രം’.
‘യൂറോപ്പിൽ ആദ്യമായി നിർമ്മിച്ച് സീറോമലബാർ സഭയുടെ അഭിമാനമായി ഉയർന്നുവരുന്ന ബ്രിസ്റ്റോൾ സീറോമലബാർ ദേവാലയത്തിനായി ഏവരുടെയും സഹകരണം അഭ്യർത്ഥിച്ച് അഭിവന്ദ്യ പിതാവ്,വി. ഡോൺ ബോസ്‌കോ അനാഥർക്കും രോഗികൾക്കും ആലംബഹീനർക്കുമായി ‘നന്മനിറഞ്ഞ മറിയമേ..’ എന്ന പ്രാർത്ഥനയിൽ മാത്രം തുടങ്ങിവെച്ച സലേഷ്യൻ സഭയ്ക്ക് ഉണ്ടായ വിജയം, നമ്മുടെ പ്രാർത്ഥനയിൽ വൽസിംഗാമിലെ മാതാവ് നടത്തിത്തരുമെന്നും’ പറഞ്ഞു.
ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ അമ്പതോളം പേരുൾക്കൊണ്ട ഗായകസംഘം നടത്തിയ ഗാനശുശ്രുഷ സ്വർഗ്ഗീയമായ ആല്മീയ അനുഭൂതി പകർന്നു. വികാരി ജനറാൾ ഫാ. ജിനോ അരീക്കാട്ടിന്റെ സ്വാഗത സന്ദേശത്തോടെ ആരംഭിച്ച തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി.
യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നും വളരെയധികം കഷ്ടതകൾ സഹിച്ച് കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ നെടും തൂണായ പരിശുദ്ധ കന്യകാ മറിയത്തോടുള്ള സ്നേഹവും ഭക്തിയും വെളിവാക്കുവാൻ വാൽസിങ്ഹാമിലേക്കെത്തുകയും,തീർത്ഥാടനം വൻ വിജയമാക്കി മാറ്റുവാൻ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്ത എല്ലാ വിശ്വാസികളോടുമുള്ള അതിയായ കൃതജ്ഞത തിരുനാൾ നടത്തിപ്പുകാരായ കേംബ്രിഡ്ജ് റീജൻ സീറോ മലബാർ കമ്മ്യൂണിറ്റിക്കുവേണ്ടി ജിനോ അച്ചൻ പ്രകടിപ്പിച്ചു.