Spiritual

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

തിരക്കിട്ട് ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേയ്ക്ക് മകൻ ഓടി വന്ന് ‘അമ്മേ ഒന്നെടുക്കാവോ’ എന്ന ഭാവത്തിൽ രണ്ട് കൈയ്യും പൊക്കി അമ്മയുടെ കണ്ണുകളിലേയ്ക്ക് നോക്കി പുഞ്ചിരിച്ചാൽ ആ അമ്മയെന്തു ചെയ്യും? സമയമില്ല കുട്ടാ… എന്ന മട്ടിൽ അമ്മ തിരിഞ്ഞു നടന്നാലും കൈകൾ ആകാശത്തിലേക്കുയർത്തി അവൻ പിന്നാലെ ഓടും. ഇത് കാണുന്ന അമ്മ സകല തിരക്കുകളും മാറ്റി വെച്ച് അവനെ കോരിയെടുക്കും. തറവിട്ട് ആകാശത്തിലേയ്ക്ക് പൊങ്ങി അമ്മയുടെ ഹൃദയത്തോട് ചേർന്നിരിക്കുമ്പോൾ ലോകം കീഴടക്കിയവനേപ്പോലെയാകും അവൻ്റെ ഭാവം. അവൻ്റെ കണ്ണിലെ തിളക്കം സൂര്യനേക്കാൾ പ്രഭാപൂരിതമാകും. അമ്മയുടെ ഒക്കത്തിരിക്കുമ്പോൾ അവന് അസാമാന്യ ധൈര്യമാണ്. അപ്പോൾ അച്ഛനേയും അവന് പേടിയില്ല… അമ്മയുടെ വിരൽ കുഞ്ഞിൻ്റെ കൈ വെള്ളയ്ക്കുള്ളിലുണ്ടെങ്കിൽ ഏത് പ്രതിസന്ധിയും നേരിടാനുള്ള ധൈര്യം കുഞ്ഞിനുണ്ടാകും.

ഇതു പോലെ തന്നെയാണ് ഈശോയുടെ അമ്മയെ സ്നേഹിക്കുന്നവൻ്റെ അവസ്ഥയും. പരി. അമ്മയെ സ്വന്തം അമ്മയാക്കി വീട്ടിലേയ്ക്ക് കൊണ്ടുവരുമ്പോൾ, ആ വിരൽ തുമ്പ് പിടിച്ച് നടക്കുമ്പോൾ ചിത്രശലഭത്തിൻ്റെ ഭാരമേ നമ്മുടെ ജീവിത സങ്കടങ്ങൾക്കുണ്ടാകൂ. ആ ഭാരം നമ്മുടെ തലയോ നടുവോ അധികമായി വളയാനോ ഒടിയാനോ അനുവദിക്കില്ല.

പരിശുദ്ധ അമ്മയുമായുള്ള എൻ്റെ ബന്ധം പെറ്റമ്മയേക്കാൾ വലുതാണ്. കാരണം, പരിധികളും പരിമിതികളും ഇല്ലാതെ പരി. അമ്മയ്ക്ക് എന്നെ സ്വർഗ്ഗം വരെ എടുത്തുയർത്താൻ സാധിക്കും. മനസ്സ്കൊണ്ട് അമ്മേ എന്ന് നീട്ടി വിളിച്ചാൽ ഓടിയെത്തും. എല്ലാത്തിനേയും അതിജീവിക്കാനുള്ള ശക്തി തരും. കുരിശു മാത്രം നോക്കിയിരിക്കാതെ കുരിശിനപ്പുറമുള്ള ഒരു രക്ഷ നേടിയെടുക്കാൻ എന്നെ ഒരുക്കും. ഇത്രയും കാരണങ്ങൾ പോരെ എൻ്റെ ആത്മാവ് സ്വർഗ്ഗത്തിലെത്താൻ???

ഇത് എൻ്റെ മാത്രം കാര്യമല്ല. പരി അമ്മയിലാശ്രയിക്കുന്ന എല്ലാവരുടേയും കാര്യമാണ്. അമ്മയിൽ ആശ്രയിക്കുന്നവർ ഒരിക്കലും നിരാശരാവുകയില്ല. സ്വന്തം അമ്മയിൽ ആശ്രയിക്കുന്നവർ ഭൗതീക ജീവിതത്തിലും പരി. അമ്മയിൽ ആശ്രയിക്കുന്നവർ ആദ്ധ്യാത്മീക ജീവിതത്തിലും നിരാശരാവില്ല.  നിരന്തരം പ്രാർത്ഥിക്കുക പ്രത്യേകിച്ചും പരി. അമ്മയുടെ വണക്കമാസ നാളിൽ.

സുകൃതജപം

പരി. അമ്മേ.. സ്വർഗ്ഗീയ സിംഹാസനത്തിലിരിക്കുന്ന അങ്ങയുടെ തിരുകുമാരനെ കാണുവാനുള്ള ഭാഗ്യം എനിക്ക് നല്കണമേ..

പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://youtu.be/7MNktsZ0iXw

ബിനോയ് എം. ജെ.

‘കുറ്റാരോപണം നടത്തരുത്’ എന്ന യേശുവിന്റെ ഒറ്റ ഉപദേശത്തിൽ തന്നെ വേദാന്തസാരം ഒളിഞ്ഞുകിടക്കുന്നതായി കാണാം. അതൽപം വിശാലമായ അർത്ഥത്തിൽ എടുക്കണമെന്ന് മാത്രം. കുറ്റാരോപണം നമുക്ക് രണ്ട് രീതിയിൽ നടത്തുവാൻ സാധിക്കും. ആദ്യത്തേത് മറ്റുള്ളവരിൽ കുറ്റമാരോപിക്കുക; രണ്ടാമത്തേത് നമ്മിൽ തന്നെ കുറ്റമാരോപിക്കുക. രണ്ടും കുറ്റാരോപണം തന്നെ. ലോകത്തിൽ രണ്ടുതരം മനുഷ്യരുണ്ട്. ആദ്യത്തെ കൂട്ടർ മറ്റുള്ളവരിൽ കുറ്റമാരോപിക്കുന്നു. ഇതൊരു തരം മാനസികമായ വൈകല്യമാകുന്നു. ഇവർ ജീവിതത്തിൽ ഒട്ടും തന്നെ വളരുന്നില്ല.അൽപം കൂടി ശ്രേഷ്ഠരായവർ കുറ്റം സ്വന്തം തലയിലേൽക്കുകയും അതിനെ തിരുത്തുവാൻ പ്രയത്നിക്കുകയും ചെയ്യുന്നു. ഇപ്രകാരം നടത്തുന്ന ആത്മശുദ്ധീകരണത്തെ’സാധന’ എന്ന് വിളിക്കാം. മറ്റുള്ളവരെ നന്നാക്കാൻ ഇറങ്ങി തിരിക്കുന്നതിലും ഭേദം സ്വയം നന്നാകുന്നത് തന്നെ. എന്നാൽ യുക്തിയുക്തമായും ശാസ്ത്രീയമായും ചിന്തിച്ചാൽ ഇപ്പറയുന്ന സാധനയും വ്യർത്ഥമാണ്.

എന്തുകൊണ്ടാണ് സാധനയും വ്യർത്ഥമാണെന്ന് പറയുന്നത്? കാരണം അത്, താൻ കുറവുകളുള്ളവനാണെന്നുള്ള മൂഢമായ കാഴ്ചപ്പാടിൽ നിന്നുദിക്കുന്നതാണ്. ഇതും മനുഷ്യസഹജമായ ഒരുതരം വികൽപമാണ്. എന്നാൽ തന്നിലും മറ്റുള്ളവരിലും കുറവുകളില്ല എന്ന് ചിന്തിക്കുന്നവൻ മാനുഷികമായ പരിമിതികളെ അതിജീവിച്ചവനും അതിനാൽതന്നെ പരിപൂർണ്ണനും ആകുന്നു. മറിച്ച് തന്നിൽതന്നെ കുറ്റമാരോപിക്കുന്നയാൾ ഒരു ഫർണസ്സിലിട്ട് സ്വയം പുഴുങ്ങുകയാണ് ചെയ്യുന്നത്.

ഇത് നിങ്ങളുടെ കൈയിൽ ഒരു കത്തി തരുന്നതുപോലയേ ഉള്ളൂ. നിങ്ങൾ അതുകൊണ്ട് മറ്റുള്ളവരെയും ചിലപ്പോൾ നിങ്ങളെ തന്നെയും കുത്തി മുറിവേല്പിക്കുന്നു. അങ്ങനെ ചെയ്യരുതെന്ന് പറയുമ്പോൾ, “കത്തി പിന്നെ എന്തിനാണെന്ന്” നിങ്ങൾ ചോദിക്കുന്നു. നിങ്ങൾക്കാ കത്തി നിലത്തിട്ടുകൂടേ ? അല്ലെങ്കിൽ മാറ്റിവച്ചുകൂടേ? കുറ്റാരോപണം നടത്തണമെന്ന് എന്താണിത്ര നിർബന്ധം? കുറ്റാരോപണം നടത്തുവാൻ നിങ്ങളാരാ, ചെകുത്താനോ?വാസ്തവത്തിൽ ആരും കുറ്റക്കാരല്ല. ഈശ്വരന്റെ ഇഷ്ടം നിറവേറുന്നു. അത്രമാത്രം. അതിന്റെ ഉത്തരവാദിത്വം നാമെന്തിനാണ് ഏറ്റെടുക്കുന്നത്? അതവിടുത്തേക്ക് വിട്ടു കൊടുക്കുക. നമുക്ക് സ്വതന്ത്രരാവാം.

പലപ്പോഴും മറ്റുള്ളവരും സമൂഹവും നമ്മുടെ മേൽ കുറ്റമാരോപിച്ചേക്കാം. അത് സമൂഹത്തിന്റെ പ്രകൃതമാണ്. അതിനെ തള്ളിക്കളയാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. സമൂഹം നമ്മുടെ മേൽ കുറ്റാരോപണം നടത്തിയാലും ഇല്ലെങ്കിലും നാമൊരിക്കലും നമ്മുടെ മേൽ കുറ്റാരോപണം നടത്തരുത്. അത്രയെങ്കിലും ഉത്തരവാദിത്വം നമുക്ക് നമ്മോട് തന്നെ ഉണ്ടായിരിക്കണം. നാം കുറ്റം ആരോപിക്കാതിരിക്കുമ്പോൾ ജീവിതത്തെ അതിന്റെ തനി സ്വരൂപത്തിൽ കാണുവാൻ നമുക്ക് കഴിയും. അപ്പോൾ നമ്മുടെ മനസ്സ് യാഥാർഥ്യത്തിലായിരിക്കും. അപ്പോൾ നാം മനുഷ്യപ്രകൃതിയെ മനസ്സിലാക്കുവാൻ തുടങ്ങുന്നു. ഇങ്ങനെ ചെയ്യുന്ന കർമ്മം നിഷ്കാമകർമ്മം ആകുവാനേ വഴിയുള്ളൂ. ആരിലും കുറ്റമാരോപിക്കാതിരിക്കുക- നിങ്ങളിലും,മറ്റുള്ളവരിലും, സമൂഹത്തിലും ,ഈശ്വരനിലും. ഈശ്വരന്റ ഇഷ്ടം നിറവേറ്റുന്നതിൽ സന്തോഷിക്കുക!എല്ലാം അവിടുത്തെ ഇഷ്ടമകുന്നു. ഇപ്രകാരം സ്വാർത്ഥതയിൽനിന്നും മോചനം നേടുക. അപ്പോൾ നിങ്ങൾ സ്വതന്ത്രരാവും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ടീനേജ് പ്രായക്കാരായ കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ജൂൺ 1മുതൽ 4വരെ കേംബ്രിഡ്ജിനടുത്തുള്ള ഹണ്ടിങ്ടണിൽ നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനം നടക്കുന്നു .

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന സെഹിയോൻ മിനിസ്ട്രിയുടെ ഈ ടീനേജ് ധ്യാനത്തിലേക്ക് 13 മുതൽ 17 വരെ പ്രായക്കാർക്ക് പങ്കെടുക്കാം .ജൂൺ 1 ബുധനാഴ്ച തുടങ്ങി 4ന് ശനിയാഴ്ച്ച അവസാനിക്കും .

https://bookwhen.com/sehionbooking/e/ev-sb8r-20220601000000

എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്ക് ;

സോജി ബിജോ 07415 513960
തെരേസ തോമസ് +44 7898 640847.

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബർ 20 ന് ഇന്ന് നടക്കും.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് ,രജനി മനോജ് എന്നിവർക്കൊപ്പം ജെസ്സി ബിജു വചന ശുശ്രൂഷ നയിക്കും .

യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292

വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;

യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 am to 2am

Please note timings in your country.

This Saturday 20th November.

യുകെ സമയം രാത്രി 7 മണി
യൂറോപ്പ്: രാത്രി 8 മണി
ദക്ഷിണാഫ്രിക്ക: രാത്രി 9 മണി
ഇസ്രായേൽ: രാത്രി 9 മണി
സൗദി / കുവൈറ്റ് : രാത്രി 10 മണി
ഇന്ത്യ അർദ്ധരാത്രി 12.30
സിഡ്നി: രാവിലെ 6 മണി
ന്യൂയോർക്ക്: ഉച്ചയ്ക്ക് 2 മണി
ഒമാൻ/യുഎഇ രാത്രി 11 മണി

https://chat.whatsapp.com/LAz7btPew9WAAbbQqR53Ut

ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

സ്പിരിച്ച്വൽ ഡെസ്ക്. മലയാളം യുകെ

എൻ്റെ അമ്മേ, എൻ്റെ ആശ്രയമേ.. വളരെ ചെറുപ്പം മുതൽ കേട്ട് പഠിച്ചതും ചൊല്ലി പരിശീലിച്ചതുമായ സുകൃതജപം. ഭയപ്പെടുമ്പോൾ വേദനിക്കുമ്പോൾ അപകടത്തിൽ പെടുമ്പോൾ ഒക്കെ നമ്മൾ പെട്ടെന്ന് അഭയത്തിനായി വിളിക്കുക അമ്മേ എന്നാണ്. നിരീശ്വരവാദികൾപ്പോലും ആദ്യം വിളിക്കുന്നത് അമ്മേ എന്ന് തന്നെയാണ്. പിന്നീടവർ അത് മാറ്റും.

ഉറപ്പുള്ള ആശ്രയമാണ് അമ്മ. അതേ പേരിലാണ് സ്വർഗ്ഗ രാജ്ഞിയേയും നാം വിളിക്കുക എൻ്റെ അമ്മ. ‘ ഇതാ നിൻ്റെ അമ്മ ‘ എന്നു പറഞ്ഞാണ് കുരിശിലെ ഈശോ അവളെ എനിക്ക് അമ്മയായി തന്നത്. ഈശോയുടെ അമ്മയാണ് എൻ്റെയും അമ്മ. എന്നും ജപമാല ഭക്തിപൂർവ്വം ജപിച്ചിരുന്ന മരിയൻ തിരുനാളുകളെല്ലാം ഭക്തിപൂർവ്വം ആചരിച്ചിരുന്ന മെയ് മാസ വണക്കം ആഘോഷമാക്കിയിരുന്ന ഒരു കുടുംബ പശ്ചാത്തലമാണ് എനിക്കുണ്ടായിരുന്നത്. എങ്കിലും വിശുദ്ധ യൗസേപ്പിതാവിനോടായിരുന്നു കൂടുതൽ ഇഷ്ടം . എനിക്ക് അതിന് ഒരു യുക്തിയുണ്ട്. മാതാവ് സ്വന്തം മകന് വേണ്ടി ത്യാഗം സഹിച്ചു. എന്നാൽ വിശുദ്ധ യൗസേപ്പ് കേവലം വളർത്തു പുത്രനെ ഇത്ര അധികമായി സ്നേഹിച്ചു. അവനുവേണ്ടി അധ്വാനിച്ചു. ക്ലേശിച്ചു. അതിനാൽ അദ്ദേഹമാണ് കൂടുതൽ ശ്രേഷ്ഠൻ . വളർന്നുവന്നപ്പോൾ അമ്മയെ കൂടുതൽ പഠിച്ചപ്പോഴാണ് അമ്മയുടെ മഹത്വം അൽപമെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞത്.

തിരുസഭ പരിശുദ്ധ അമ്മയുടെ നാല് സിദ്ധികളെ അഥവാ സവിശേഷതകളെ വിശ്വാസസത്യങ്ങളായി പ്രഖ്യാപിച്ച് മക്കളെ പഠിപ്പിക്കുന്നു. മറിയത്തിന്റെ ദൈവമാതൃത്വം, അമലോത്ഭവം, നിത്യകന്യാത്വം സ്വർഗ്ഗാരോപണം. മറിയം പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവുമായ ഈശോയുടെ അമ്മ . ഉത്ഭവ പാപത്തിന്റെ നിഴൽപോലും തീണ്ടാതെ ജനിച്ചവൾ കന്യാത്വത്തിന് ഭംഗം വരാതെ മാതൃത്വം സ്വീകരിച്ചവൾ ആത്മശരീരങ്ങളോടെ സ്വർഗത്തിലേയ്ക്ക് സംവഹിക്കപ്പെട്ടവൾ. ഈ നാലു മഹാ രഹസ്യങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരു മനുഷ്യ വ്യക്തിയിൽ സാധ്യമായിട്ടുണ്ടോ? ഇനി സാധ്യമാകുമോ ? ഒരിക്കലും ഇല്ല എന്നാണ് ഉത്തരം . ഇതാണ് മറിയത്തിൻറെ മഹത്വം. ആരൊക്കെ മറിയത്തെ തള്ളിപ്പറഞ്ഞാലും അവഹേളിച്ചാലും അവൾ സ്വർഗ്ഗ റാണിയാണ് . മാലാഖമാരുടെ രാജ്ഞിയാണ്. നിത്യസഹായമാണ്. സംരക്ഷകയാണ്. അതുകൊണ്ടാണ് പരിശുദ്ധ മറിയം – എൻ്റെ അമ്മ എൻ്റെ ആശ്രയമായിരിക്കുന്നത്. ഇവളെക്കാൾ കൂടുതൽ ഞാൻ ആരെ സ്നേഹിക്കണം. ആരെ ആശ്രയിക്കണം. എൻ്റെ ജീവിതത്തിൽ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും, അത് ആത്മീയമോ ഭൗതികമോ ആവട്ടെ എൻ്റെ അമ്മ ശക്തമായി ഇടപെട്ട് വഴിതെളിക്കുന്നതും വഴിനടത്തുന്നതും എനിക്ക് അനുഭവമാണ്. അമ്മയുടെ കൈപിടിച്ച് അനുരഞ്ജന കൂദാശയ്ക്ക് അണയുമ്പോൾ കിട്ടുന്ന സൗഖ്യം വളരെ വലുതാണ്. എവിടെയും എൻ്റെ അമ്മ എൻ്റെ ആശ്രയം.

എൻ്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒരു അനുഭവം ഞാൻ കുറിക്കട്ടെ .

എന്റെ ഏക സഹോദരൻ മരണത്തോട് സമീപിക്കുന്നു എന്ന് മനസ്സിലാക്കി കിടക്കയിൽ എഴുന്നേറ്റിരുന്ന് തൻ്റെ അഞ്ചു മക്കളെയും അടുത്തുവിളിച്ച്, വീട്ടിൽ പോവണം എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു. ഭാര്യയുടെയും മക്കളുടെയും കൊച്ചു മക്കളുടെയും കൈകളിൽ നിന്ന് ചോദിച്ചു വാങ്ങി ഓരോ കവിൾ വെള്ളം കുടിച്ചു. ഇതൊരു യാത്ര പറച്ചിലാണെന്ന് മനസ്സിലാക്കി അവർ വിങ്ങി കരഞ്ഞു കൊണ്ടിരുന്നു. അദ്ദേഹം ശാന്തമായി തൻ്റെ കിടക്കയിൽ നീണ്ടുനിവർന്നു കിടന്നു. ദിവസങ്ങളായി കിടക്കാൻ ബുദ്ധിമുട്ടിയതു കൊണ്ട് എഴുന്നേറ്റിരിക്കുകയായിരുന്നു. എൻ്റെ അമ്മേ എന്റെ ആശ്രയമേ.. ആ അധരങ്ങൾ ചലിച്ചുകൊണ്ടിരുന്നു. ജീവിതകാലം മുഴുവൻ ജപിച്ച ആ സുകൃതജപം അദ്ദേഹത്തിന് ശക്തിയും ആശ്വാസവും നൽകിയിരുന്നു . അമ്മയുടെ മടിയിൽ ശാന്തമായി കിടക്കുന്ന കുഞ്ഞിനെ പ്പോലെ പിറ്റേദിവസം ഒരു കുളിർ കാറ്റു പോലെ അമ്മ വന്ന് ആ ആത്മാവിനെ കൂട്ടിക്കൊണ്ടുപോയി. അമ്മയിൽ ആശ്രയിക്കുന്നവന് ജീവിതത്തിലും മരണത്തിലും അമ്മ ആശ്രയമായിരിക്കും.

സുകൃതജപം

എൻ്റെ അമ്മേ.. എൻ്റെ ആശ്രയമേ..

പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ന്യൂപോര്‍ട്ടിലെ സീറോമലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ചിരകാല ആഗ്രഹമായിരുന്ന സീറോ മലബാര്‍ മിഷന്‍ എന്ന സ്വപ്നമാണ് മെയ് 15 ഞായറാഴ്ച്ച സാക്ഷാല്‍കരിക്കപ്പെട്ടത് . ന്യൂപോര്‍ട്ട് സെന്റ് ഡേവിഡ്‌സ് ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനംനിര്‍വഹിച്ചു. ‘സെന്റ്. ജോസഫ് പ്രൊപോസ്ഡ് മിഷന്‍’ എന്ന് നാമകരണം ചെയ്തു വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. ഒപ്പം ഈ വര്‍ഷത്തെ പ്രോപോസ്ഡ് മിഷന്റെ തിരുന്നാള്‍ കൂടിനടന്നു.

ഞായറാഴ്ച ഉച്ചതിരിഞ്ഞു 1.45 ന് ബിഷപ്പ് മാര്‍ജോസഫ് സ്രാമ്പിക്കലിന് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ ചേര്‍ന്ന് സ്വീകരണംനല്‍കി. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മിഷന്റെ ഉദ്ഘാടനവും ,നടത്തപ്പെട്ടു. നൊവേന, ലദീഞ്ഞ് എന്നിവക്ക് പിതാവിനൊപ്പം പ്രോപോസ്ഡ്മിഷന്‍ ഡയറക്ടര്‍ ഫാ. ഫാന്‍സുവാ പത്തില്‍ , പിതാവിന്റെ സെക്രട്ടറി റവ. ഫാ. ജോ മൂലശ്ശേരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പ്രതികൂലമായ കാലാവസ്ഥയില്‍പ്പോലും എത്തിച്ചേര്‍ന്ന എല്ലാവരും ദേവാലയ കോമ്പൗണ്ടിനകത്ത് നടത്തിയ പ്രദക്ഷിണത്തില്‍ പങ്കെടുത്തു . തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്ന് ന്യൂപോര്‍ട്ടിലെ വിശ്വാസികളുടെ ഒത്തൊരുമയുടെ ഉദാഹരണമായിരുന്നു.പ്രോ പോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാ. ഫാന്‍സുവാ പത്തില്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത ഏവര്‍ക്കും സ്വാഗതമരുളി. പള്ളി ട്രസ്റ്റി ലിജോ സെബാസ്റ്റ്യൻ  തന്റെ നന്ദി പ്രസംഗത്തില്‍ ന്യൂപോര്‍ട്ടില്‍ 2007 മുതല്‍ ശുശ്രുഷ ചെയ്തഎല്ലാ വൈദികരെയും അല്‍മായ പ്രതിനിധികളെയും നന്ദിയോടെ അനുസ്മരിച്ചു.

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

എൻ്റെ അമ്മ നിൻ്റേയും കാൽവരി കുരിശിൽ ജീവൻ പിരിയാൻ നേരം സ്നേഹപൂർവ്വം ഈശോ നമുക്ക് നൽകിയ സമ്മാനമാണ് പരിശുദ്ധ അമ്മ. തളരുമ്പോൾ ശക്തിയാകാൻ, നിരാശപ്പെടുമ്പോൾ പ്രത്യാശ പകരാൻ ജീവിത കനൽവഴികളിൽ കൈത്താങ്ങ് തന്ന് മുന്നോട്ടുനീങ്ങാൻ നമ്മെ സഹായിക്കുന്ന ഒരു അമ്മ. എന്നെ ഞാനായിരിക്കുന്ന രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നവൾ, എന്‍റെ മുറിവുകൾ കണ്ട് മുറിപ്പാടിൽ തൈലം പുരട്ടുന്നവൾ അതാണല്ലോ നാം ഇങ്ങനെ പാടുന്നത് “മുറിവേതും അറിയുന്നൊരമ്മ എന്‍റെ കുറവോർത്തു കരയുന്നൊരമ്മ”

“ഓ മറിയമേ എന്റെ നല്ല അമ്മേ എൻ്റെ ഹൃദയം അങ്ങേ തിരുക്കുമാരന് ഇഷ്ടമുള്ള ഒരു പൂങ്കാവനം ആക്കി മാറ്റണമേ എന്നെ അവിടുത്തെ ഇഷ്ട മാണവാട്ടിയാക്കി തീർക്കണമേ ”.

കുറെ വർഷങ്ങൾക്കു മുൻപ് ഒരു സിസ്റ്റർ പറഞ്ഞു പഠിപ്പിച്ച സുകൃതജപമാണിത്. ഇന്ന് എനിക്ക് ഏറ്റവും ബലം തരുന്ന ഒരു പ്രാർത്ഥനയാണിത് . ഈശോയെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിടുത്തെ ഹിതപ്രകാരം ജീവിക്കാൻ ആശിക്കുന്നവർക്ക് ഈ പ്രാർത്ഥന ഒത്തിരി പ്രയോജനപ്രദമാകും. കാരണം ഈശോയെ ഏറ്റവും നന്നായി അറിയാവുന്ന വ്യക്തി പരിശുദ്ധ അമ്മയാണ്. അതിനാൽ തന്നെ ഈശോയെ സ്നേഹിക്കേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കാൻ അമ്മയ്ക്ക് സാധിക്കും. വിശുദ്ധ ജീവിതങ്ങളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും, അവരൊക്കെയും പരിശുദ്ധ അമ്മയോട് ആഴമായ ഭക്തി ഉണ്ടായിരുന്നവരാണ്. വേർപെടുത്താൻ പറ്റാത്ത വിധം അഭേദ്യമായ അടുപ്പം അവർക്ക് പരിശുദ്ധ അമ്മയുമായി ഉണ്ടായിരുന്നു. അവരൊക്കെയും പരിശുദ്ധ അമ്മയുടെ കളരിയിൽ നിന്നും ഈശോയുടെ സ്നേഹം അറിഞ്ഞവരാണ്.

വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ ജീവിതം ഓർത്തുപോകുകയാണ്! ലോലക് എന്ന് ഓമനപ്പേരിലറിയപ്പെട്ടിരുന്ന ജോൺ പോൾ പാപ്പയ്ക്ക് ഒൻപത് വയസായപ്പോൾ അവൻറെ അമ്മയെ നഷ്ടമായി . അമ്മ ഇല്ലാത്തതിന്റെ വേദനയിൽ ദുഃഖിച്ചിരുന്ന കുഞ്ഞു ലോലക്കിനെ അവൻ്റെ പിതാവ് ദേവാലയത്തിൽ കൊണ്ടുപോയി പരിശുദ്ധ അമ്മയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു ” ഇനി മുതൽ ഇതാണ് നിൻറെ അമ്മ” ആ നിഷ്കളങ്ക ഹൃദയത്തിൽ അവൻ പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി സ്വീകരിച്ചു. തൻ്റെ പൗരോഹിത്യസ്വീകരണ ദിനത്തിൽ സ്വന്തം എന്നു പറയാനായി ഉണ്ടായിരുന്നത് ഒൻപതാം വയസ്സിൽ അപ്പൻ ചൂണ്ടിക്കാണിച്ചു തന്ന അമ്മ മാത്രമായിരുന്നു. അപ്പനും അമ്മയും സഹോദരങ്ങളും ദൈവത്തിന്റെ അടുത്തേയ്ക്ക് പോയിരുന്നു. പ്രഥമ ദിവ്യ ബലിയർപ്പണ ദിനത്തിൽ പരിശുദ്ധ അമ്മയുടെ രൂപത്തിനുമുമ്പിൽ മുട്ടുകുത്തിക്കൊണ്ട് അവൻ പറഞ്ഞു ” അമ്മേ ഞാൻ മുഴുവനായും നിൻ്റേതാണ്”
അമ്മയ്ക്ക് സമ്പൂർണമായി സമർപ്പിച്ച ജോൺ പോൾ പാപ്പയുടെ ജീവിതത്തിൽ പരിശുദ്ധ അമ്മ സജീവസാന്നിധ്യമായി ഉണ്ടായിരുന്നു . ഫാത്തിമാ സന്ദർശനത്തിനിടെ വെടിയേറ്റപ്പോഴും അതിൽനിന്നുതന്നെ രക്ഷിച്ചത് പരിശുദ്ധ അമ്മയാണെന്ന് ജോൺ പോൾ പാപ്പ പറയുന്നു. അതേ, ഒന്നും ബാക്കിവയ്ക്കാതെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാൻ നമുക്കായാൽ നമ്മുടെ ജീവിതത്തിലും അമ്മ ഇടപെടും. പിന്നെ അവിടെ വീഞ്ഞ് തീർന്നു പോയാലും പ്രശ്നമില്ല കാരണം അവൻ പറയുന്നതുപോലെ ചെയ്യുവിൻ എന്ന് പരിചാരകരോട് പറയാൻ അവരുടെ കൂടെ പരിശുദ്ധ അമ്മ ഉണ്ടാവും.

അമ്മയോട് ആത്മബന്ധം പുലർത്തുന്നവരുടെയൊക്കെ ജീവിതത്തിൽ അമ്മ ഇടപെടും എന്നത് ഉറപ്പാണ്, അതാണല്ലോ കാനായിലെ കല്യാണ വിരുന്നിൽ വീഞ്ഞ് തീർന്നപ്പോൾ അമ്മ ആ കുടുംബത്തിനു വേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ചത്. അമ്മയ്ക്ക് പിടിക്കാനായി നീ നിൻറെ കരം നീട്ടി കൊടുത്താൽ അമ്മ നിൻ്റെ കരത്തിൽ പിടിക്കും. നിൻറെ ഭവനത്തിലേക്ക് അമ്മയെ നീ ക്ഷണിച്ചാൽ അമ്മ വരും. നിൻ്റെ ദുഃഖങ്ങൾ നീ അമ്മയോട് പറഞ്ഞാൽ അമ്മ നിന്നെ ആശ്വസിപ്പിക്കും.

സന്യാസ പരിശീലന കാലത്ത് അമ്മയുടെ കരുതലും വാത്സല്യവും അനുഭവിക്കാൻ കഴിഞ്ഞ ഒരു സംഭവം ഞാനോർക്കുന്നു. പരിശീലനത്തിന്‍റെ രണ്ടാംവർഷം പ്രത്യേകമായ രീതിയിൽ മുടി കെട്ടണം. എത്ര ശ്രമിച്ചിട്ടും എനിക്ക് എന്‍റെ മുടി കെട്ടിവയ്ക്കാൻ സാധിക്കുന്നില്ല. കൂടെയുള്ളവരുടെ മുടി കെട്ടാൻ എനിക്കു പറ്റുന്നുണ്ട്. എന്നാൽ എന്‍റെ മുടി കെട്ടാൻ അവർക്കും സാധിക്കുന്നില്ല. ഒരു പാട് തവണ ശ്രമിച്ചെങ്കിലും വിജയിക്കാൻ സാധിച്ചില്ല.വളരെ വിഷമത്തോടെയാണ് അന്ന് ഞാൻ ഉറങ്ങാൻ പോയത്. ഉറക്കത്തിൽ ഞാൻ ഇങ്ങനെ പറഞ്ഞു “അമ്മേ എനിക്കു മാത്രം മുടി കെട്ടാൻ സാധിക്കുന്നില്ല ഇങ്ങനെയായാൽ പോസ്റ്റ്ലൻസിയിൽ കയറി കഴിഞ്ഞ് ഞാൻ എന്തു ചെയ്യും. ഇനി കുറച്ചു ദിവസങ്ങൾ കൂടിയേ ഉള്ളൂ… ” കിടന്നു കൊണ്ട് തന്നെ ഞാനിങ്ങനെ പ്രാർത്ഥിച്ചു. എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ വലിയ ഒരു വലിയ ശക്തി എന്നിൽ നിറഞ്ഞതു പോലെ തോന്നി, ഞാൻ കട്ടിലിൽ ഇരുന്നു കൊണ്ട് എന്‍റെ മുടി കെട്ടി സമയം നാലുമണി ആയതേയുള്ളൂ ആരും എഴുന്നേറ്റിട്ടില്ല. പരിശുദ്ധ അമ്മ എന്‍റെ വിഷമം മനസ്സിലാക്കി എന്നെ സഹായിച്ചതായി തന്നെ ഞാനത് വിശ്വസിക്കുന്നു. തലേദിവസം വൈകുന്നേരം വരെയും ശ്രമിച്ചിട്ട് നടക്കാത്ത കാര്യത്തെക്കുറിച്ചുള്ള എൻറെ വേദന അമ്മയോട് പറഞ്ഞപ്പോൾ സമയമോ സ്ഥലമോ ഒന്നും നോക്കാതെ ആ നിമിഷം തന്നെ അമ്മ എന്‍റെ അടുത്ത് സഹായവുമായെത്തി. പിന്നീട് ഒരിക്കൽ പോലും എനിക്ക് മുടി കെട്ടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.ഇതുപോലെ നമ്മുടെ ദുഃഖങ്ങളും ആകുലതകളുമൊക്കെ നിഷ്കളങ്കതയോടെ അമ്മയോട് പങ്കുവയ്ക്കാൻ സാധിച്ചാൽ നമ്മുടെ ഏത് ആവശ്യസമയത്തും അമ്മ നമ്മുടെ ചാരെ വരും. ഏലീശ്വാ പുണ്യവതിയെ ശുശ്രൂഷിക്കുവാൻ തിടുക്കത്തിൽ യാത്രയായ പരിശുദ്ധ അമ്മ നമ്മുടെ മൊഴികൾക്കുവേണ്ടിയും കാത്തിരിക്കുകയാണ്. നമ്മുടെ ദു:ഖങ്ങൾ ഒന്നു പങ്കുവയ്ക്കുകയേ വേണ്ടൂ. അമ്മ നമ്മെ സഹായിക്കും.

സുകൃതജപം

വിനയത്തിൻ്റെ മാതൃകയായ കന്യകാ മാതാവേ, ഞങ്ങളെ വിനയം പഠിപ്പിക്കണമേ..

പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://youtu.be/VcAQLw9i4Gc

ടീനേജ് പ്രായക്കാരായ കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ജൂൺ 1മുതൽ 4വരെ കേംബ്രിഡ്ജിനടുത്തുള്ള ഹണ്ടിങ്ടണിൽ നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനം നടക്കുന്നു .
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന സെഹിയോൻ മിനിസ്ട്രിയുടെ ഈ ടീനേജ് ധ്യാനത്തിലേക്ക് 13 മുതൽ 17 വരെ പ്രായക്കാർക്ക് പങ്കെടുക്കാം .ജൂൺ 1 ബുധനാഴ്ച തുടങ്ങി 4ന് ശനിയാഴ്ച്ച അവസാനിക്കും .

https://bookwhen.com/sehionbooking/e/ev-sb8r-20220601000000 എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്ക് ;

സോജി ബിജോ 07415 513960
തെരേസ തോമസ് +44 7898 640847.

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

പുഞ്ചിരി തൂകുന്ന മുഖവും കാരുണ്യം നിറഞ്ഞ കണ്ണുകളും ചേര്‍ത്ത്‌ പിടിക്കാനുള്ള ഒരു മനസ്സ് കണ്ടിട്ടുള്ളത്‌ പരിശുദ്ധ അമ്മയിലാണ്‌. ദിവ്യകുമാരന്‍ 12-ാമത്തെ വയസ്സില്‍ ദൈവാലയത്തില്‍ വച്ച്‌ കാണാതെ പോയപ്പോള്‍ പരിശുദ്ധ അമ്മ അനുഭവിച്ച സങ്കടം അപാരമാണ്‌. മാതൃത്വത്തിന്റെ മനോഹാരിത അറിയണമെങ്കില്‍ പ. അമ്മയെ അറിയണം. വാക്കുകള്‍ കൊണ്ടു വര്‍ണ്ണിക്കാനോ അളന്ന്‌ തിട്ടപ്പെടുത്താനോ കഴിയാത്ത മഹാ സമസ്യയമാണ്‌ പ. അമ്മ. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച്‌ അമ്മയെന്ന പദം എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞവളാണ്‌ പ. മറിയം. മറിയത്തേപ്പോലെ അമ്മയായവർ എത്ര പേര് നമ്മുടെ കൂട്ടത്തിലുണ്ട് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.

പ്രിയ മാതാവേ, അങ്ങേ മക്കളായ ഞങ്ങള്‍ പലപ്പോഴും പാപത്തില്‍ ഉള്‍പ്പെട്ടു ഈശോയെ ഉപേക്ഷിക്കുന്നതിന്‌ അവിടുന്ന്‌ പരിഹാരം അനുഷ്ഠിക്കുകയാണല്ലോ ചെയ്തത്‌. മേലില്‍ പാപം ചെയ്ത്‌ ഈശോയെ ഉപേക്ഷിക്കാതിരിക്കാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക്‌ വാങ്ങി തരണമെ. പരിശുദ്ധ മാതാവിന്റെ വണക്കമാസത്തിന്റെ 18-ാം ദിനത്തിലേയ്ക്ക്‌ നാം പ്രവേശി ച്ചിരിക്കുകയാണല്ലോ. ഈശോയുടെ ജീവിതത്തിലെ നിര്‍ണ്ണായക അവസരങ്ങളില്‍ സ്വന്തം പുത്രനോട് ചേര്‍ന്ന്‌ നിന്നവളായിരുന്നു പരിശുദ്ധ അമ്മ. ബത്ലേഹേമിലെ കാലിത്തൊഴുത്തിലും കാല്‍വരിയിലെ കുരിശിന്‍ ചുവട്ടിലും പ. അമ്മ യേശുവിനോട് ചേര്‍ന്നു നിന്നു. “ഇതാ കര്‍ത്താവിന്റെ ദാസി” എന്ന്‌ പ്രത്യൂത്തരിച്ച പ. അമ്മ എളിയ ഒരു ദാസിയെ പോലെ ദൈവഹിതത്തിനു മുമ്പില്‍ തന്റെ ജീവിതം അടിയറ വെച്ചു. പ. അമ്മ അനുഗ്ര ഹത്തിന്റെ അമ്മയാണ്‌. അമ്മയുടെ വിമലഹൃദയം സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട്‌ മാദ്ധ്യസ്ഥം വഹിക്കുന്നുവെന്ന്‌ ചെറുപ്പം മുതല്‍ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. പ. അമ്മയോടുള്ള ഭക്തിയില്‍ വളരാന്‍ എന്നെ സഹായിച്ചത്‌ എന്റെ അമ്മയാണ്‌. മെയ്‌ മാസം വരുമ്പോള്‍ എന്റെ അമ്മ പറയും മക്കളെ, വണക്കമാസം തുടങ്ങണം മാതാവിന്റെ രൂപം അലങ്കരിക്കണം എന്ന്‌. എന്റെ വീട്ടില്‍ പുക്കളില്ലെങ്കിലും ദൂരെയുള്ള വീടുകളില്‍ പോയി പൂക്കള്‍ പറിച്ചുകൊണ്ടുവന്ന്‌ പ. അമ്മയുടെ രൂപം അലങ്കരിക്കുന്നത്‌ എന്റെ ഓര്‍മ്മയില്‍ ഇന്നും പച്ച കെടാതെ നില്‍ക്കുന്നു.

എന്റെ വ്യക്തിപരമായ ജീവിതത്തിലും സമൂഹജീവിതത്തിലും പറഞ്ഞറിയിക്കാനാവാത്ത സാന്നിദ്ധ്യമായി, പ്രകാശവലയമായി, സുഗന്ധം പരത്തി അമ്മ കടന്നുവന്നിട്ടുണ്ട്‌. ആശ്രയത്വത്തിന്റെ തുരുത്തുകള്‍ അപ്രത്യക്ഷമാകുമ്പോള്‍, പ്രതിസന്ധികള്‍ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ അത്തരം കുരുക്കുകളെ അഴിക്കുവാന്‍ പ. അമ്മയെപ്പോലെ ആശ്രയമായ ഒരു മാദ്ധ്യസ്ഥ ശക്തി വേറെയില്ല. സംരക്ഷകയായ്‌… വഴികാട്ടിയായ്… പ. അമ്മ കൂടെയുണ്ട്‌ എന്ന ബോധ്യമാണ്‌ എന്റെ അനുദിന ജീവിതത്തെ ബലപ്പെടുത്തുന്നത്‌. ഓടി വീണാലും ഓടയില്‍ വീണാലും താങ്ങാന്‍ പ. അമ്മ എന്നും ഒപ്പം ഉണ്ട്‌. എനിക്ക്‌ വിശ്രമിക്കാന്‍ അമ്മയുടെ മടിത്തട് ഉണ്ട്‌. എന്നെ താങ്ങാന്‍ അമ്മയുടെ കരങ്ങള്‍ ഉണ്ട്‌. എന്നെ സംരക്ഷിക്കാന്‍ അമ്മയുടെ അങ്കിയുണ്ട്‌. …. എന്റെ ബലവും കോട്ടയും അമ്മയാണ്‌…. പ. അമ്മ വര്‍ണ്ണിക്കാനാവാത്ത വിസ്മയമാണ്‌ എനിക്കെന്നും.

സുകൃതജപം

ഓ! മറിയമേ, എന്നെ പരിശുദ്ധയും മാധുര്യമുള്ളവളുമായി സംരക്ഷിക്കണമേ..

പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://youtu.be/001UFIGSFWU

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

മലയാളികളായ നമുക്ക് തലമുറകളായി നമ്മുടെ മാതാപിതാക്കൾ പകർന്നു നൽകിയിട്ടുള്ള ഒന്നാണ് മാതൃ ഭക്തിയും വിശുദ്ധരോടുള്ള വണക്കവും. ലോകത്തിലെവിടെ ജീവിച്ചാലും നമുക്ക് പരമ്പരാഗതമായി പകർന്ന് കിട്ടിയിട്ടുള്ള ഈ മാതൃ ഭക്തിയുടെ പാരമ്പര്യം വരും തലമുറകൾക്ക് പകർന്നു കൊടുക്കുവാനും തങ്ങളുടെ കുടുംബ ജീവിത മാതൃകയിലൂടെ മക്കൾക്ക് അനുഭവേദ്യമാക്കുവാനും ഇന്നത്തെ മലയാളി യുവ ദമ്പതിമാർക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ആധുനികതയുടെ അധികപ്പറ്റിൽ നമുക്ക് ലഭിച്ചിട്ടുള്ള ഈ പരമ്പരാഗതമായ ആദ്ധ്യാത്മികതയും ചൈതന്യവും മാതൃ ഭക്തിയും വരുന്ന തലമുറകൾക്ക് നഷ്ടമാകാതിരിക്കട്ടെ .

നമ്മുടെ മക്കളും കുഞ്ഞു മക്കളും വളർന്ന് വലുതാകുമ്പോൾ നാം അഭിമുഖീകരിക്കാത്ത പ്രശ്നങ്ങളായിരിക്കുമല്ലോ അവർ നേരിടുക! അപ്പോൾ അവർക്ക് താങ്ങും തണലുമായി നമ്മുടെ പരിശുദ്ധ അമ്മയും തിരുകുടുംബവും അവരുടെ കൂടെയുണ്ടാകുമെന്നുള്ള ബോധ്യം അവർക്ക് ഉണ്ടാകണമെങ്കിൽ വളരെ ചെറുപ്പത്തിലെ തന്നെ അതിനുള്ള അടിത്തറ അവരിൽ പാകിയിരിക്കണം. മതാധ്യാപകർക്കും ഇടവക സംഘടനകൾക്കും മാത്രമേ നമ്മുടെ മക്കളെ വേണ്ടവിധത്തിൽ പ്രോത്സാഹിപ്പിക്കാനും അഭിമാനപൂർവ്വം ദൈവാലയ ശുശ്രൂഷ ചെയ്യാനും പ്രാപ്തരാക്കാൻ സാധിക്കുകയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു.

നമ്മുടെ കുടുംബ ലൈബ്രറികളിൽ മക്കൾക്കുള്ള വീഡിയോ ഗെയിമും കാർട്ടൂണും പസിൽസും മാത്രമാകാതെ ആധ്യാത്മികതയിലേക്ക് നയിക്കുന്ന വീഡിയോകളും പ്രസിദ്ധീകരണങ്ങളുമുണ്ടാകട്ടെ .

നാം ചെറുപ്പകാലത്ത് ചെയ്തതുപോലെ മെയ്മാസത്തിൽ മാതാവിൻ്റെ രൂപം അലങ്കരിക്കുന്ന അവസരങ്ങൾ മക്കൾക്ക് നൽകുക. മാതാപിതാക്കളിൽ ഒരാളെങ്കിലും കുടുംബ പ്രാർത്ഥന മുടക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

മാതൃഭക്തിയിൽ വളരാനുള്ള ധാരാളം അവസരങ്ങളും സാഹചര്യങ്ങളും സ്വന്തം ഭവനത്തിലും കോളേജ് ഹോസ്റ്റലിലും പിന്നീട് മഠത്തിലും അയർലൻഡിലെ മെഡിസിൻ പരിശീലന കാലത്തും ഉണ്ടായിരുന്നത് നന്ദിപൂർവം ഞാൻ ഓർക്കുന്നു. അയർലൻഡിൽ കോർക്കിലെ ഹോസ്റ്റലിൽ അന്ന് മാസത്തിലൊരിക്കലെങ്കിലും ഞങ്ങൾ കുറച്ചു സിസ്റ്റേഴ്സ് കുരിശിൻ്റെ വഴിയിലൂടെ റോസറി വോക്ക് നടത്തുന്ന പതിവും ഓർക്കുന്നു. 14 സ്ഥലങ്ങളും പൂർത്തിയാക്കുമ്പേഴേയ്ക്കും മൂന്നു രഹസ്യങ്ങളും പൂർത്തിയായിരിക്കും. അമ്മയുടെ കൂടെയുള്ള കുരിശിൻ്റെ വഴി!

മരിക്കുന്നതുവരെ മറക്കാൻ പറ്റാത്ത ഒരു ആത്മീയാനുഭവം പങ്കുവെച്ചുകൊണ്ട് ഈ മെയ്മാസ ചിന്ത അവസാനിപ്പിക്കാം.

അയർലൻഡിലെ പഠനവും മൂന്നാലു വർഷത്തെ പരിശീലനവും കഴിഞ്ഞു നാട്ടിൽ മടങ്ങിയെത്തി. എൻ്റെ ഓർമ്മയിലെആദ്യത്തെ ആന്തരിക സൗഖ്യ ധ്യാനം കൂടിയ അവസരം. 1982 ന് ശേഷമാണെന്നാണ് എൻ്റെ ഓർമ്മ. ബഹു. മഞ്ഞാക്കലച്ചൻ്റെയടുത്ത് കുമ്പസാരവും കൗൺസിലിംഗും കഴിഞ്ഞ് അഞ്ചാം ദിവസത്തെ ആരാധനയുടെ സമയം. പഠന കാലത്തും അതിനു ശേഷവും ഉണ്ടായിട്ടുള്ള ധാരാളം ആന്തരിക മുറിവുകൾ ഹൃദയത്തിൽ അനുഭവപ്പെട്ട നിമിഷം. താഴെയുള്ള ടേബിളിൽ തിരുവോസ്തി ഇറക്കിവെച്ച് ചുറ്റുമിരുന്ന് ഞങ്ങൾ പാടി ആരാധിക്കുന്ന സമയത്ത് തിരുവോസ്തി വിറയ്ക്കുന്നതായിട്ട് എനിക്ക് കാണപ്പെട്ടു. തിരുവോസ്തിയുടെ സ്ഥാനത്ത് ഞാൻ കണ്ടത് നല്ല വലിപ്പമുള്ള നിത്യസഹായ മാതാവിന്റെ ചിത്രവും അമ്മ എടുത്തിരിക്കുന്ന ഉണ്ണി എന്നെ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ നിൻ്റെ കൂടെയില്ലേ? എന്തിന് വിഷമിക്കുന്നു? “എന്ന് എന്നോട് പറയുന്നതായും ഉള്ള അനുഭവം. അതേ സമയം എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരാളമായി ഒഴുകുന്നുണ്ടായിരുന്നു. പെട്ടെന്ന് എല്ലാം പഴയതുപോലെ ആയി .

പരിശുദ്ധ അമ്മയുടെയും അമ്മയോടൊത്തുള്ള ഈശോയുടെ സാന്നിധ്യവും പരിശുദ്ധാത്മാവിൽ നിന്നുള്ള ആന്തരിക സൗഖ്യവും ലഭിച്ച അസുലഭ അനുഭവം. ഇത് വിവരിച്ചപ്പോൾ ( ആദ്യമായാണ് ഞാനിത് എഴുതുന്നത് ) ഞാൻ ചിന്തിച്ചു പോയി! കാണാതെ വിശ്വസിക്കുന്നവർ എത്രയോ ഭാഗ്യവാന്മാർ !

പരിശുദ്ധ അമ്മയുടെ സാന്നിധ്യവും മാധ്യസ്ഥ ശക്തിയും പരിശുദ്ധ ത്രീത്വത്തോടുള്ള അമ്മയുടെ അഭേദ്യബന്ധവും നമുക്ക് അനുഭവിക്കാം.പങ്കുവയ്ക്കാം. വരും തലമുറകൾക്ക് പകർന്നു കൊടുക്കാം.

സുകൃതജപം.
മറിയമേ സ്വസ്തി! നാഥേ സ്വസ്തി! സമുദ്രതാരമേ സ്വസ്തി!

പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

RECENT POSTS
Copyright © . All rights reserved