ടീനേജ് പ്രായക്കാരായ കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ജൂൺ 1മുതൽ 4വരെ കേംബ്രിഡ്ജിനടുത്തുള്ള ഹണ്ടിങ്ടണിൽ നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനം നടക്കുന്നു .
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന സെഹിയോൻ മിനിസ്ട്രിയുടെ ഈ ടീനേജ് ധ്യാനത്തിലേക്ക് 13 മുതൽ 17 വരെ പ്രായക്കാർക്ക് പങ്കെടുക്കാം .ജൂൺ 1 ബുധനാഴ്ച തുടങ്ങി 4ന് ശനിയാഴ്ച്ച അവസാനിക്കും .
https://bookwhen.com/sehionbooking/e/ev-sb8r-20220601000000 എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക് ;
സോജി ബിജോ 07415 513960
തെരേസ തോമസ് +44 7898 640847.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
പുഞ്ചിരി തൂകുന്ന മുഖവും കാരുണ്യം നിറഞ്ഞ കണ്ണുകളും ചേര്‍ത്ത് പിടിക്കാനുള്ള ഒരു മനസ്സ് കണ്ടിട്ടുള്ളത് പരിശുദ്ധ അമ്മയിലാണ്. ദിവ്യകുമാരന്‍ 12-ാമത്തെ വയസ്സില്‍ ദൈവാലയത്തില്‍ വച്ച് കാണാതെ പോയപ്പോള്‍ പരിശുദ്ധ അമ്മ അനുഭവിച്ച സങ്കടം അപാരമാണ്. മാതൃത്വത്തിന്റെ മനോഹാരിത അറിയണമെങ്കില്‍ പ. അമ്മയെ അറിയണം. വാക്കുകള്‍ കൊണ്ടു വര്‍ണ്ണിക്കാനോ അളന്ന് തിട്ടപ്പെടുത്താനോ കഴിയാത്ത മഹാ സമസ്യയമാണ് പ. അമ്മ. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് അമ്മയെന്ന പദം എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞവളാണ് പ. മറിയം. മറിയത്തേപ്പോലെ അമ്മയായവർ എത്ര പേര് നമ്മുടെ കൂട്ടത്തിലുണ്ട് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.
പ്രിയ മാതാവേ, അങ്ങേ മക്കളായ ഞങ്ങള്‍ പലപ്പോഴും പാപത്തില്‍ ഉള്‍പ്പെട്ടു ഈശോയെ ഉപേക്ഷിക്കുന്നതിന് അവിടുന്ന് പരിഹാരം അനുഷ്ഠിക്കുകയാണല്ലോ ചെയ്തത്. മേലില്‍ പാപം ചെയ്ത് ഈശോയെ ഉപേക്ഷിക്കാതിരിക്കാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് വാങ്ങി തരണമെ. പരിശുദ്ധ മാതാവിന്റെ വണക്കമാസത്തിന്റെ 18-ാം ദിനത്തിലേയ്ക്ക് നാം പ്രവേശി ച്ചിരിക്കുകയാണല്ലോ. ഈശോയുടെ ജീവിതത്തിലെ നിര്‍ണ്ണായക അവസരങ്ങളില്‍ സ്വന്തം പുത്രനോട് ചേര്‍ന്ന് നിന്നവളായിരുന്നു പരിശുദ്ധ അമ്മ. ബത്ലേഹേമിലെ കാലിത്തൊഴുത്തിലും കാല്‍വരിയിലെ കുരിശിന്‍ ചുവട്ടിലും പ. അമ്മ യേശുവിനോട് ചേര്‍ന്നു നിന്നു. “ഇതാ കര്‍ത്താവിന്റെ ദാസി” എന്ന് പ്രത്യൂത്തരിച്ച പ. അമ്മ എളിയ ഒരു ദാസിയെ പോലെ ദൈവഹിതത്തിനു മുമ്പില്‍ തന്റെ ജീവിതം അടിയറ വെച്ചു. പ. അമ്മ അനുഗ്ര ഹത്തിന്റെ അമ്മയാണ്. അമ്മയുടെ വിമലഹൃദയം സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട് മാദ്ധ്യസ്ഥം വഹിക്കുന്നുവെന്ന് ചെറുപ്പം മുതല്‍ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പ. അമ്മയോടുള്ള ഭക്തിയില്‍ വളരാന്‍ എന്നെ സഹായിച്ചത് എന്റെ അമ്മയാണ്. മെയ് മാസം വരുമ്പോള്‍ എന്റെ അമ്മ പറയും മക്കളെ, വണക്കമാസം തുടങ്ങണം മാതാവിന്റെ രൂപം അലങ്കരിക്കണം എന്ന്. എന്റെ വീട്ടില്‍ പുക്കളില്ലെങ്കിലും ദൂരെയുള്ള വീടുകളില്‍ പോയി പൂക്കള്‍ പറിച്ചുകൊണ്ടുവന്ന് പ. അമ്മയുടെ രൂപം അലങ്കരിക്കുന്നത് എന്റെ ഓര്‍മ്മയില്‍ ഇന്നും പച്ച കെടാതെ നില്‍ക്കുന്നു.
എന്റെ വ്യക്തിപരമായ ജീവിതത്തിലും സമൂഹജീവിതത്തിലും പറഞ്ഞറിയിക്കാനാവാത്ത സാന്നിദ്ധ്യമായി, പ്രകാശവലയമായി, സുഗന്ധം പരത്തി അമ്മ കടന്നുവന്നിട്ടുണ്ട്. ആശ്രയത്വത്തിന്റെ തുരുത്തുകള്‍ അപ്രത്യക്ഷമാകുമ്പോള്‍, പ്രതിസന്ധികള്‍ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ അത്തരം കുരുക്കുകളെ അഴിക്കുവാന്‍ പ. അമ്മയെപ്പോലെ ആശ്രയമായ ഒരു മാദ്ധ്യസ്ഥ ശക്തി വേറെയില്ല. സംരക്ഷകയായ്… വഴികാട്ടിയായ്… പ. അമ്മ കൂടെയുണ്ട് എന്ന ബോധ്യമാണ് എന്റെ അനുദിന ജീവിതത്തെ ബലപ്പെടുത്തുന്നത്. ഓടി വീണാലും ഓടയില്‍ വീണാലും താങ്ങാന്‍ പ. അമ്മ എന്നും ഒപ്പം ഉണ്ട്. എനിക്ക് വിശ്രമിക്കാന്‍ അമ്മയുടെ മടിത്തട് ഉണ്ട്. എന്നെ താങ്ങാന്‍ അമ്മയുടെ കരങ്ങള്‍ ഉണ്ട്. എന്നെ സംരക്ഷിക്കാന്‍ അമ്മയുടെ അങ്കിയുണ്ട്. …. എന്റെ ബലവും കോട്ടയും അമ്മയാണ്…. പ. അമ്മ വര്‍ണ്ണിക്കാനാവാത്ത വിസ്മയമാണ് എനിക്കെന്നും.
സുകൃതജപം
ഓ! മറിയമേ, എന്നെ പരിശുദ്ധയും മാധുര്യമുള്ളവളുമായി സംരക്ഷിക്കണമേ..
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
മലയാളികളായ നമുക്ക് തലമുറകളായി നമ്മുടെ മാതാപിതാക്കൾ പകർന്നു നൽകിയിട്ടുള്ള ഒന്നാണ് മാതൃ ഭക്തിയും വിശുദ്ധരോടുള്ള വണക്കവും. ലോകത്തിലെവിടെ ജീവിച്ചാലും നമുക്ക് പരമ്പരാഗതമായി പകർന്ന് കിട്ടിയിട്ടുള്ള ഈ മാതൃ ഭക്തിയുടെ പാരമ്പര്യം വരും തലമുറകൾക്ക് പകർന്നു കൊടുക്കുവാനും തങ്ങളുടെ കുടുംബ ജീവിത മാതൃകയിലൂടെ മക്കൾക്ക് അനുഭവേദ്യമാക്കുവാനും ഇന്നത്തെ മലയാളി യുവ ദമ്പതിമാർക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ആധുനികതയുടെ അധികപ്പറ്റിൽ നമുക്ക് ലഭിച്ചിട്ടുള്ള ഈ പരമ്പരാഗതമായ ആദ്ധ്യാത്മികതയും ചൈതന്യവും മാതൃ ഭക്തിയും വരുന്ന തലമുറകൾക്ക് നഷ്ടമാകാതിരിക്കട്ടെ .
നമ്മുടെ മക്കളും കുഞ്ഞു മക്കളും വളർന്ന് വലുതാകുമ്പോൾ നാം അഭിമുഖീകരിക്കാത്ത പ്രശ്നങ്ങളായിരിക്കുമല്ലോ അവർ നേരിടുക! അപ്പോൾ അവർക്ക് താങ്ങും തണലുമായി നമ്മുടെ പരിശുദ്ധ അമ്മയും തിരുകുടുംബവും അവരുടെ കൂടെയുണ്ടാകുമെന്നുള്ള ബോധ്യം അവർക്ക് ഉണ്ടാകണമെങ്കിൽ വളരെ ചെറുപ്പത്തിലെ തന്നെ അതിനുള്ള അടിത്തറ അവരിൽ പാകിയിരിക്കണം. മതാധ്യാപകർക്കും ഇടവക സംഘടനകൾക്കും മാത്രമേ നമ്മുടെ മക്കളെ വേണ്ടവിധത്തിൽ പ്രോത്സാഹിപ്പിക്കാനും അഭിമാനപൂർവ്വം ദൈവാലയ ശുശ്രൂഷ ചെയ്യാനും പ്രാപ്തരാക്കാൻ സാധിക്കുകയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു.
നമ്മുടെ കുടുംബ ലൈബ്രറികളിൽ മക്കൾക്കുള്ള വീഡിയോ ഗെയിമും കാർട്ടൂണും പസിൽസും മാത്രമാകാതെ ആധ്യാത്മികതയിലേക്ക് നയിക്കുന്ന വീഡിയോകളും പ്രസിദ്ധീകരണങ്ങളുമുണ്ടാകട്ടെ .
നാം ചെറുപ്പകാലത്ത് ചെയ്തതുപോലെ മെയ്മാസത്തിൽ മാതാവിൻ്റെ രൂപം അലങ്കരിക്കുന്ന അവസരങ്ങൾ മക്കൾക്ക് നൽകുക. മാതാപിതാക്കളിൽ ഒരാളെങ്കിലും കുടുംബ പ്രാർത്ഥന മുടക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.
മാതൃഭക്തിയിൽ വളരാനുള്ള ധാരാളം അവസരങ്ങളും സാഹചര്യങ്ങളും സ്വന്തം ഭവനത്തിലും കോളേജ് ഹോസ്റ്റലിലും പിന്നീട് മഠത്തിലും അയർലൻഡിലെ മെഡിസിൻ പരിശീലന കാലത്തും ഉണ്ടായിരുന്നത് നന്ദിപൂർവം ഞാൻ ഓർക്കുന്നു. അയർലൻഡിൽ കോർക്കിലെ ഹോസ്റ്റലിൽ അന്ന് മാസത്തിലൊരിക്കലെങ്കിലും ഞങ്ങൾ കുറച്ചു സിസ്റ്റേഴ്സ് കുരിശിൻ്റെ വഴിയിലൂടെ റോസറി വോക്ക് നടത്തുന്ന പതിവും ഓർക്കുന്നു. 14 സ്ഥലങ്ങളും പൂർത്തിയാക്കുമ്പേഴേയ്ക്കും മൂന്നു രഹസ്യങ്ങളും പൂർത്തിയായിരിക്കും. അമ്മയുടെ കൂടെയുള്ള കുരിശിൻ്റെ വഴി!
മരിക്കുന്നതുവരെ മറക്കാൻ പറ്റാത്ത ഒരു ആത്മീയാനുഭവം പങ്കുവെച്ചുകൊണ്ട് ഈ മെയ്മാസ ചിന്ത അവസാനിപ്പിക്കാം.
അയർലൻഡിലെ പഠനവും മൂന്നാലു വർഷത്തെ പരിശീലനവും കഴിഞ്ഞു നാട്ടിൽ മടങ്ങിയെത്തി. എൻ്റെ ഓർമ്മയിലെആദ്യത്തെ ആന്തരിക സൗഖ്യ ധ്യാനം കൂടിയ അവസരം. 1982 ന് ശേഷമാണെന്നാണ് എൻ്റെ ഓർമ്മ. ബഹു. മഞ്ഞാക്കലച്ചൻ്റെയടുത്ത് കുമ്പസാരവും കൗൺസിലിംഗും കഴിഞ്ഞ് അഞ്ചാം ദിവസത്തെ ആരാധനയുടെ സമയം. പഠന കാലത്തും അതിനു ശേഷവും ഉണ്ടായിട്ടുള്ള ധാരാളം ആന്തരിക മുറിവുകൾ ഹൃദയത്തിൽ അനുഭവപ്പെട്ട നിമിഷം. താഴെയുള്ള ടേബിളിൽ തിരുവോസ്തി ഇറക്കിവെച്ച് ചുറ്റുമിരുന്ന് ഞങ്ങൾ പാടി ആരാധിക്കുന്ന സമയത്ത് തിരുവോസ്തി വിറയ്ക്കുന്നതായിട്ട് എനിക്ക് കാണപ്പെട്ടു. തിരുവോസ്തിയുടെ സ്ഥാനത്ത് ഞാൻ കണ്ടത് നല്ല വലിപ്പമുള്ള നിത്യസഹായ മാതാവിന്റെ ചിത്രവും അമ്മ എടുത്തിരിക്കുന്ന ഉണ്ണി എന്നെ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ നിൻ്റെ കൂടെയില്ലേ? എന്തിന് വിഷമിക്കുന്നു? “എന്ന് എന്നോട് പറയുന്നതായും ഉള്ള അനുഭവം. അതേ സമയം എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരാളമായി ഒഴുകുന്നുണ്ടായിരുന്നു. പെട്ടെന്ന് എല്ലാം പഴയതുപോലെ ആയി .
പരിശുദ്ധ അമ്മയുടെയും അമ്മയോടൊത്തുള്ള ഈശോയുടെ സാന്നിധ്യവും പരിശുദ്ധാത്മാവിൽ നിന്നുള്ള ആന്തരിക സൗഖ്യവും ലഭിച്ച അസുലഭ അനുഭവം. ഇത് വിവരിച്ചപ്പോൾ ( ആദ്യമായാണ് ഞാനിത് എഴുതുന്നത് ) ഞാൻ ചിന്തിച്ചു പോയി! കാണാതെ വിശ്വസിക്കുന്നവർ എത്രയോ ഭാഗ്യവാന്മാർ !
പരിശുദ്ധ അമ്മയുടെ സാന്നിധ്യവും മാധ്യസ്ഥ ശക്തിയും പരിശുദ്ധ ത്രീത്വത്തോടുള്ള അമ്മയുടെ അഭേദ്യബന്ധവും നമുക്ക് അനുഭവിക്കാം.പങ്കുവയ്ക്കാം. വരും തലമുറകൾക്ക് പകർന്നു കൊടുക്കാം.
സുകൃതജപം.
മറിയമേ സ്വസ്തി! നാഥേ സ്വസ്തി! സമുദ്രതാരമേ സ്വസ്തി!
പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
ഞാൻ മരിയ റോസ് ടോം. നാല് മക്കളുള്ള കുടുംബത്തിൽ ഒന്നാമത്തെ മകളായി ജനിച്ചു. എന്റെ മാതാപിതാക്കൾ എന്നെ പരി. അമ്മയ്ക്ക് സമർപ്പിച്ചു കൊണ്ട് ‘മരിയ’ എന്ന പേര് നൽകി എന്നാണ് വളർന്നപ്പോൾ എനിക്കറിയാൻ കഴിഞ്ഞത്. ചെറുപ്പം മുതലേ പ്രാർത്ഥനയിലും വിശ്വാസത്തിലും അവരെന്നെ വളർത്തി. ദേവാലയത്തിലെയും സൺഡേ സ്‌കൂളിലെയും എല്ലാ കാര്യങ്ങളിലും തല്പരയായിരുന്നു ഞാൻ. കടിഞ്ഞൂൽ പുത്രിയായതു കൊണ്ട് സഹോദരങ്ങൾക്ക് ഞാൻ മാതൃക കാണിച്ചു കൊടുക്കണമെന്ന് അമ്മച്ചി എന്നെ എന്നും പഠിപ്പിച്ചു കൊണ്ടിരുന്നു. വീട്ടിലെ മൂത്തതായതുകൊണ്ട് ജപമാല പ്രാർത്ഥനയുടെയും ബൈബിൾ വായനയുടെയുമൊക്കെ നേതൃത്വം എൻ്റെ മാത്രം ഉത്തരവാദിത്വമായി മാറി. ചെറുപ്പം മുതൽ തന്നെ ഓരോ ചെറിയ ചെറിയ അനുഗ്രഹങ്ങൾ പരി. അമ്മ എനിക്ക് തന്നിരുന്നു.
ഒരിക്കൽ എൻ്റെ ശരീരമാസകലം ചൊറിഞ്ഞ് വ്രണങ്ങൾ പോലെ ആയി. പല ഡോക്ടർമാരെയും കാണിച്ചെങ്കിലും മാറ്റമൊന്നുമില്ലായിരുന്നു. വ്രണം പഴുത്ത് മണം വരാൻ തുടങ്ങി. അപ്പോൾ മണർകാട് പള്ളിയിലെ പരി. അമ്മയുടെ കുളത്തിൽ ചെന്ന് ആ വെള്ളത്തിൽ എന്നെ കുളിപ്പിച്ചു. ദിവസങ്ങൾ പിന്നിട്ടപ്പോൾ ആ വ്രണങ്ങൾ ഉണങ്ങിത്തുടങ്ങി. വ്രണത്തിൻ്റെ ഒരു പാട് പോലും ഇപ്പോൾ എൻ്റെ ശരീരത്തിലില്ല. ഒരു കുഞ്ഞു മനസ്സിൻ്റെ വേദനയാണ് പരി. അമ്മയോട് ഞാൻ പറഞ്ഞത്. കുട്ടിയായ എന്നിലെ വിശ്വാസം വർദ്ധിപ്പിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം??
അതുപോലെയുള്ള അനുഭവങ്ങൾ മാത്രമാണ് എൻ്റെ കുഞ്ഞു ജീവിതത്തിലുള്ളത്. അമ്മുടെ സഹായത്തിൽ 12 ൽ ഫുൾ A+ നൽകി അനുഗ്രഹിച്ചു. അതിനു ശേഷം കോളേജ് അഡ്മിഷൻ ലഭിക്കാൻ വളരെ പാടായിരുന്നു. അതൊരു ഒക്ടോബർ മാസമായിരുന്നു. ഞാൻ എന്നും രണ്ടും , മൂന്നും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. ഒക്ടോബർ 17 – ന് രാത്രി പരി. അമ്മയുടെ സാക്ഷ്യം യൂട്യൂബിൽ കേട്ടുകൊണ്ടിരുന്ന സമയത്ത് കോളേജിൽ നിന്ന് വിളിച്ചു. അഡ്മിഷൻ ശരിയായ വാർത്തയാണ് എനിക്ക് കേൾക്കാൻ സാധിച്ചത്.
ഇതെൻെറ അനുഭവമാണെങ്കിലും ഇതിലൂടെ നിരവധി കാര്യങ്ങൾ ഞാൻ പഠിച്ചു. അമ്മയുടെ അടുക്കൽ നമുക്കാവശ്യമുള്ളതെല്ലാം ഉണ്ട്. പ്രാർത്ഥിക്കുക! അസാധ്യമായ ഉത്തരങ്ങൾക്കായി നോക്കിയിരിക്കരുത്. വെറുതെ പ്രാർത്ഥിക്കുക. കൂടുതൽ പ്രാർത്ഥിക്കുക. ജപമാലയുടെ ശക്തി മനസിലാക്കുക.
സുക്യതജപം
ഓ മറിയമേ, ഈശോയുടെ മാതാവേ, എന്റെ അമ്മേ, ഞാനിതാ എന്നെ മുഴുവനും നിനക്ക് സമർപ്പിക്കുന്നു.
പരിശുദ്ധ അമ്മയുടെ സ്തുതിപ്പു ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
”ഇതാ കര്‍ത്താവിന്റെ ദാസി” എന്ന് പറഞ്ഞവള്‍ ദൈവത്തിന്റെ മാത്രമല്ല, മനുഷ്യരുടെയും ദാസിയായി മാറ്റപ്പെട്ടു. കല്ല്യാണവീട്ടിലെ അരമന രഹസ്യമാണ് സദ്യയിലെ കുറവ് അനുഭവപ്പെടുന്നത്. അത് മറിയം അറിയണമെങ്കില്‍ അവിടെ തീര്‍ച്ചയായും സ്വന്തം വീട് എന്നതിനെക്കാള്‍ അധികമായി പരി. കന്യകാമറിയം ദാസിവേല ചെയ്തിരിക്കണം. ഇവിടെയാണ് നമ്മളും മറിയവും തമ്മിലുളള അന്തരം അധികമാകുന്നത്. മറിയത്തെപ്പോലെ മറ്റുളളവരുടെ കുറവുകള്‍ അന്വേഷിക്കുന്നതില്‍ മിടുക്കരാണ് നാം. പക്ഷെ, മറിയം കുറവുകള്‍ അന്വേഷിക്കുന്നത് പറഞ്ഞ് നടക്കാനല്ല, മറിച്ച്, കുറവുകളെ പരിഹരിക്കാനാണ്. ഞാന്‍ കുറവുകളെ അന്വേഷിക്കുന്നതോ? കുറവുകള്‍ കാണുമ്പോള്‍, ”അവന്‍ പറയുന്നത് പോലെ ചെയ്യുക” (യോഹ 2,5) എന്ന് പറഞ്ഞ് സഹോദരങ്ങളെ ക്രിസ്തുവിന്റെ സന്നിധിയിലേയ്ക്ക് അടുപ്പിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? അവന്‍ പറയുന്നതു പോലെ ചെയ്യുമ്പോള്‍ സംഭവിക്കുന്ന വലിയ അത്ഭുതത്തിന്റെ സക്ഷ്യമാണ് പരി. കന്യകാമറിയത്തിന്റെ ജീവിതം. പരി. കന്യകാമറിയം സ്വര്‍ഗ്ഗത്തിലേയ്ക്ക് കരയേറിയത് തന്റെ സാമര്‍ത്ഥ്യം കൊണ്ടല്ല. മറിച്ച്, അവന്‍ പറയുന്നത് പോലെ ചെയ്തത് കൊണ്ടാണ്. വചനം പരിശുദ്ധ കന്യകാമറിയത്തെ പോലെ, പാദങ്ങള്‍ക്ക് വിളക്കും പാദയില്‍ പ്രകാശവുമായി മാറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ ”ഞാനും പരി. അമ്മയെപ്പോലെ ഉടലോട് കൂടി സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്യും” എന്ന ഓര്‍മ്മപ്പെടുത്തലാണ്. കണ്ണില്‍ കാണുന്ന അവശ്യങ്ങള്‍ക്ക് നേരെ കണ്ണ് തുറക്കാതെയുളള സ്വര്‍ഗ്ഗീയ യാത്ര കപടതയാണ്. സ്വര്‍ഗ്ഗത്തിലെ പ്രഥമ വനിത, ദൈവപുത്രന്റെ മാതാവാകാന്‍ ഭാഗ്യം ലഭിച്ചവള്‍ അയല്‍പക്കകാര്‍ക്കും ആവശ്യക്കാര്‍ക്കും വേണ്ടി ഒടി നടന്നത് ഓര്‍ക്കുക. ഭൂമിയില്‍ കഴിയുമ്പോഴും സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം നടത്താന്‍ നമുക്ക് കഴിയണം. ഇതിനു വേണ്ടത് സഹോദരങ്ങളുടെ ആവശ്യങ്ങള്‍ അത്യാവശ്യങ്ങളായി കണ്ട് കാലില്‍ ചിറകുമുളപ്പിച്ച് നന്മ ചെയ്യാന്‍ പരി. അമ്മയെപ്പോലെ ചുറ്റി നടക്കുക എന്നുളളത് മാത്രമാണ്.
സുകൃതജപം.
സ്വർഗ്ഗരാജ്ഞീ, ഞങ്ങളെ സ്വർഗ്ഗീയ ഭാഗ്യത്തിനർഹമാക്കണമെ.
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
മനുഷ്യന്റെ ഈ ആഗ്രഹത്തിൽ നിന്നാണ് സെന്റ് അഗസ്റ്റിൻ ഇങ്ങനെ പ്രാർത്ഥിച്ചത്, ‘ദൈവമേ നീ എന്നെ നിനക്കായ് സൃഷ്ടിച്ചു നിന്നിൽ എത്തിച്ചേരുന്നത് വരെ എന്റെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു’.
ജീവിതത്തിലെ ഒരു അസ്വസ്ഥതയിലും പതറാതെ ദൈവത്തിൽ പൂർണമായി ആശ്രയിക്കാൻ ദാഹം ഉള്ളവരെ ഈശോയിൽ എത്തിക്കാൻ മരിയഭക്തി നമ്മെ സഹായിക്കും. തന്റെ ജീവിതത്തിലുണ്ടായ അസ്വസ്ഥതകളുടെ ഘോഷയാത്രയിലും പരിശുദ്ധ കന്യകാമറിയം പതറിയില്ല. ‘മറിയം എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു’ എന്ന് വചനം പറയുന്നു. തങ്ങളുടെ ജീവിതത്തിലെ അരിഷ്ടത യിലും കഷ്ടതയിലും രാത്രിയുടെ യാമങ്ങളിൽ ജപമാല കൈകളിലേന്തി മുട്ടുകുത്തി പ്രാർത്ഥിച്ച് തങ്ങളുടെ ആടിയുലയുന്ന കുടുംബത്തിന്റെ അടിത്തറ ഉറപ്പിച്ചവരാണ് നമ്മുടെ കാരണവന്മാർ . വണക്കമാസ പ്രാർത്ഥന അവർക്ക് പ്രാണന്റെ ഭാഗമായി. എത്ര തിരക്കുണ്ടെങ്കിലും മക്കളെയും കൂട്ടി രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത്, ഇടവകപള്ളിയിലെ മാതാവിന്റെ മുൻപിൽ തിരി കത്തിച്ച് പ്രാർത്ഥിക്കുമ്പോൾ അവർ അനുഭവിച്ച ഹൃദയത്തിന്റെ ആശ്വാസം നമുക്കിന്ന് അന്യമാണ്. ഇന്ന് പുതു തലമുറയുടെ ആശ്വാസ ത്തിന്റെ യും വിശ്വാസത്തിന്റെയും അർത്ഥതലങ്ങൾ മാറുമ്പോൾ മാതാപിതാക്കളുടെ ജപമാല ഏന്തിയ കൈകൾ അവരെ യേശുവിലേക്ക് നയിക്കും. അതെ, പരിശുദ്ധ അമ്മയ്ക്കു മാത്രമേ മക്കളെ യേശുവിന്റെ അടുക്കലേക്ക് നയിച്ച് അവരുടെ ഹൃദയ ദാഹം ശമിപ്പിക്കാൻ കഴിയൂ.
എന്റെ ബാല്യകാലത്തിലെ വണക്കമാസ പ്രാർത്ഥനയും ജപമാല ഭക്തിയും മമ്മിയിൽ നിന്നും പകർന്നു കിട്ടിയതാണ്. കുഞ്ഞായിരുന്നപ്പോൾ ഒരു ചെറിയ കാര്യം അനുസരിച്ചാൽ….. നല്ല കാര്യങ്ങൾ ചെയ്താൽ അമ്മ പറയും മാതാവ് സമ്മാനം തരുമെന്ന്….. തുടർന്ന് ഈശോയിൽ നിന്ന് കിട്ടിയ അനുഗ്രഹങ്ങൾ ഓരോന്ന് എണ്ണി പറഞ്ഞ് അനുഗ്രഹങ്ങളുടെ സമൃദ്ധി അമ്മ ഓർമിപ്പിക്കും. ഈ വണക്കമാസ നാളുകളിൽ ഞാൻ എന്റെ മമ്മിയെ നന്ദിയോടെ അനുസ്മരിക്കുന്നു.
വീടിനടുത്തുള്ള മാതാവിന്റെ ഗ്രോട്ടോയിൽ തിരി കത്തിച്ച് പ്രാർത്ഥിക്കുന്നതും ബാല്യകാല സ്മരണയിൽ പെടുന്നു. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ….. സങ്കടം ഉണ്ടായാൽ….. ഉടൻ തന്നെ ‘ എത്രയും ദയയുള്ള മാതാവേ….. എന്ന പ്രാർത്ഥന ചൊല്ലി അമ്മയോട് പ്രാർത്ഥിക്കുന്നതും ജപമാല ചൊല്ലി അമ്മയിൽനിന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതും ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. പ്രഭാതത്തിൽ ഉണർന്ന് മൂന്നു നന്മ നിറഞ്ഞ മറിയമേ ചൊല്ലി കാഴ്ചവെച്ച് വിശുദ്ധിയിൽ ജീവിക്കാൻ കൃപ തരണം എന്ന് മാതാവിനോട് പ്രാർത്ഥിക്കാൻ കുഞ്ഞുങ്ങളെ ഞാൻ അനുസ്മരിപ്പിക്കുന്നതും ഈ ബോധ്യത്തിൽ നിന്നാണ്.
കാനായിലെ കല്യാണ വേളയിൽ അവർക്ക് വീഞ്ഞില്ല എന്ന് അറിഞ്ഞ അമ്മ അത് പരിഹരിക്കാൻ കഴിവുള്ള തന്റെ മകനെ അറിയിക്കുന്നു. ഇത് യേശുവിന്റെ ആദ്യ അത്ഭുതമെന്ന് വചനം സാക്ഷിക്കുന്നു. പരസ്യജീവിതം ഇനിയും ആരംഭിക്കാത്ത യേശു ദൈവപുത്രനാണ്…… അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നവനാണ്…….എന്ന് അമ്മ ഉറച്ചു വിശ്വസിച്ചു. (ചെറുപ്പത്തിൽ അവൻ ചെയ്തിട്ടുള്ള അത്ഭുതങ്ങൾ അവൾ കണ്ടിട്ട് ഉണ്ടായിരിക്കാം ) ഈ വിശ്വാസത്തോടെ ഈ വണക്കമാസം നാളിൽ നമുക്കു പ്രാർത്ഥിക്കാം…..
ഈശോയെ കാനായിലെ
കുടുംബത്തിൽ ഉണ്ടായ കുറവുകളെ അങ്ങ് നിറവുകൾ ആക്കിയത് പോലെ … എന്റെ ജീവിതത്തിലെ സങ്കടങ്ങളെ….. എന്റെ കുടുംബത്തിന്റെ കുറവുകളെ…. അങ്ങ് നിറവുകൾ ആക്കേണമേ. സ്നേഹത്തിന്റെ…. സമർപ്പണ ത്തിന്റെ…… ക്ഷമയുടെ പരസ്പരം മനസ്സിലാക്കലിന്റെ……. രുചിയും വീര്യവും നഷ്ടമായി വെറും പച്ച വെള്ളം ആയി ഞങ്ങളുടെ ജീവിതം മാറുമ്പോൾ അമ്മ മകനോട് പറഞ്ഞു ഞങ്ങളുടെ ജീവിതത്തെ രുചിയും വീര്യമുള്ള ഒന്നാന്തരം വീഞ്ഞാക്കി മാറ്റണമേ..
സുകൃതജപം : അമ്മേ മാതാവേ യേശുവിലുള്ള ഞങ്ങളുടെ വിശ്വാസം വെറും പച്ചവെള്ളം ആയി പോകുമ്പോൾ അതിനെ വീര്യമുള്ള വീഞ്ഞ് ആക്കാൻ അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ .
പരി. ദൈവമാതാവിനോടുള്ള സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
ആയിരങ്ങളുടെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും പരിണിതഫലമെന്നോണം കോവിഡ് മഹാമാരിക്കുശേഷം ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നാളെ വീണ്ടും രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നടക്കും .
യൂറോപ്പിന്റെ ചരിത്രത്തിൽ സെഹിയോൻ യുകെ മിനിസ്ട്രിയിലൂടെ അനേകായിരങ്ങൾക്ക് ക്രൈസ്തവവിശ്വത്തിന്റെ പുത്തൻ ഉണർവ്വ് സമ്മാനിച്ച രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ കോവിഡ് ലോക്ക്ഡൗണിനു ശേഷം നാളെ മുതൽ വീണ്ടും ബെഥേൽ കൺവെൻഷൻ സെന്ററിൽ ആരംഭിയ്ക്കുമ്പോൾ അത് അനേകരുടെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ദൈവം നൽകുന്ന ഉത്തരമായി മാറുന്നു.
കഴിഞ്ഞ കാലങ്ങളിൽ യൂറോപ്പിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ.ഫാ സോജി ഓലിക്കൽ 2009ൽ തുടക്കമിട്ട ഈ കൺവെൻഷനിൽ പങ്കുചേർന്നിരുന്നത് . അനേകരെ ശക്തമായ മാനസാന്തരത്തിലേക്ക് നയിച്ചുകൊണ്ട് അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ദൈവസാന്നിധ്യം നിറഞ്ഞുനിന്നിരുന്ന ഈ കൺവെൻഷൻ യൂറോപ്പിലെ ക്രൈസ്‌തവ സാക്ഷ്യത്തിന്റെ ശക്തമായ അടയാളമായി മാറുകയായിരുന്നു..
നാളെ മെയ് 14 ന് സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തകൻ കാനൻ ജോൺ യൂഡ്രിസ് , സഭയുടെ ആനുകാലിക ശബ്ദം ഷെക്കീനായ് മിനിസ്ട്രി , ലൈവ് ടി വി .എന്നിവയുടെ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര എന്നിവർ പങ്കെടുക്കും .
ലോക പ്രശസ്ത സുവിശേഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ രൂപം കൊടുത്ത സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ കോവിഡ് മഹാമാരിക്കുശേഷം വീണ്ടും പുനഃരാരംഭിക്കുമ്പോൾ അത് മുൻപത്തേതുപോലെ വീണ്ടും യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് പ്രത്യുത സഭയ്ക്ക് താങ്ങും തണലുമായിത്തീരും .
വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .സെഹിയോൻ ബുക്ക് മിനിസ്‌ട്രി “എൽഷദായ് “കൺവെൻഷൻ സെന്റെറിൽ പ്രവർത്തിക്കും .
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
കൺവെൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നുമുള്ള വാഹന യാത്രാ സൗകര്യങ്ങൾക്ക് വിളിക്കുക
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
മാതാവിനെ കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് ആയിരം നാവാണ്. കാരണം മാതാവാണ് എൻ്റെ എല്ലാം. അവളിലൂടെ മാത്രമേ നമുക്ക് യേശുവിനെ അടുത്തറിയുവാൻ സാധിക്കത്തുള്ളൂ. മെയ് മാസം പരിശുദ്ധ അമ്മയുടെ മാസമെന്ന് കുട്ടിക്കാലത്ത് എൻ്റെ അമ്മ എന്നെ പഠിപ്പിച്ച് തന്നതാണ്. മാതാവിനോടുള്ള ഭക്തിക്ക് യാതൊരു കുറവുമില്ലാത്ത ഒരു കുടുംബമാണ് എൻ്റേത്. കുടുംബത്തിൽ ഞാൻ ഏറ്റവും ഇളയതായതു കൊണ്ട് മാതാവിൻ്റെ രൂപമലങ്കരിക്കുന്ന സ്ഥിരം ജോലി എൻ്റേതായിരുന്നു. മെയ് മാസത്തിൽ വിരിയുന്ന നല്ല മണമുള്ള മുല്ലമൊട്ടുകൾ കോർത്തിണക്കിയ മുല്ല മാല മാതാവിൻ്റെ രൂപത്തിൽ ചാർത്തുന്നതിൽ ഞാൻ ആനന്ദം കണ്ടിരുന്നു.
അമ്മവീട്ടിലാകും മിക്കവാറും വണക്കമാസ കാലത്ത് ഞങ്ങൾ സഹോദരങ്ങൾ എല്ലാവരും. സ്കൂളടയ്ക്കാൻ ഞങ്ങൾ നോക്കിയിരിക്കും. അമ്മവീട്ടിൽ പോവുക എന്നത് ഒരു ഹരമായിരുന്നു. വല്യമ്മച്ചിമാരുടെ കാത്തിരിപ്പ് പറഞ്ഞറിയ്ക്കുന്നതിലും അപ്പുറമാണ് എന്ന് പറയേണ്ടതില്ലല്ലോ..! അവിടെ ഞങ്ങൾ പോകുമ്പോൾ അവിടുത്തെ കുരിശുപള്ളിയിലായിരിക്കും വണക്കമാസ പ്രാർത്ഥനകൾക്ക് അവിടുത്തെ കുട്ടികളുമായി ഞങ്ങൾ പോവുക. ഗീർവർഗ്ഗീസ് പുണ്യാളൻ്റെ കപ്പേള ആയിരുന്നുവെങ്കിലും മാതാവിൻ്റെ വണക്കമാസ പ്രാർത്ഥനകളും അതു കഴിഞ്ഞുള്ള പാച്ചോർ വിതരണവും പിന്നെ ഞങ്ങൾ കൂട്ടുകാരുടെ സൗഹൃദങ്ങൾക്കൊക്കെ ആ കപ്പേള സാക്ഷ്യം വഹിച്ചിരുന്നു.
പ്രാർത്ഥനയ്ക്കായി ഒരു മുറി തന്നെ നീക്കിവെച്ചിരുന്ന ധാരാളം കുടുംബങ്ങൾ പണ്ട് കാലത്തുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിലും അതുണ്ടായിരുന്നു. സന്ധ്യാപ്രാർത്ഥന, കൊന്ത നമസ്കാരം, ബൈബിൾ വായന, വണക്കമാസ പ്രാർത്ഥനകൾ അങ്ങനെ പലതും നടക്കുന്നത് ഈ പ്രാർത്ഥനാമുറിയിലായിരുന്നു. വല്യപ്പച്ചൻ്റെയും വല്യമ്മച്ചിമാരുടെയുമൊക്കെ തീഷ്ണമായ പ്രാർത്ഥനയുടെ ഫലമാണ് ഈ കൊച്ചുമുറികളിൽ നിന്നും ധാരാളം വൈദീകരെയും സമർപ്പിതരെയും പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് ലഭിച്ചത്. ഞാനും അതിലൊരാളായതിൽ അഭിമാനിക്കുന്നു.
കത്തോലിക്കാ കുടുംബങ്ങളിലിന്ന് പ്രാർത്ഥനാമുറികളില്ല. ഉണ്ടെങ്കിലും പ്രാർത്ഥന പഠിക്കാൻ കൊച്ചുമക്കളുമില്ല. വല്യപ്പച്ചനും വല്യമ്മച്ചിയുമായി മാത്രം കുടുംബങ്ങൾ ഒതുങ്ങുമ്പോൾ വിശ്വാസം സംരക്ഷിക്കാനുള്ള ഒരു തിരിച്ചറിവ് അവരുടെ അടുത്ത തലമുറയ്ക്കും ആവശ്യമാണ്. എങ്കിൽ മാത്രമേ തലമുറകളായി കാത്തു സൂക്ഷിച്ച വിശ്വാസ സത്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുവാൻ സാധിക്കത്തുള്ളൂ. ദൈവത്തിലുള്ള വിശ്വാസം ഒരിക്കലും കൈവിടാത്ത പരിശുദ്ധ അമ്മയുടെ വണക്കമാസ നാളിൽ ഈ തിരിച്ചറിവ് അവർക്കുണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു.
സുകൃതജപം
ഉണ്ണീശോയെ ഉദരത്തിൽ സംവഹിച്ച മാതാവേ, അങ്ങേ തിരുക്കുമാരനെ ഹൃദയത്തിൽ സംവഹിക്കാൻ കൃപ ചെയ്യണേ..
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
പരിശുദ്ധ അമ്മയുടെ വണക്കമാസത്തെ കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിലേക്ക് ആദ്യം വരുന്നത്,പരിശുദ്ധ അമ്മയെ അലങ്കരിക്കുന്നതാണ്. എൻ്റെ അച്ചാച്ചൻ പറയുമായിരുന്നു, “എത്രമാത്രം അമ്മയെ ഒരുക്കുന്നോ അതിനേക്കാൾ കൂടുതലായി അമ്മ നമ്മളെ ഒരുക്കി ഈശോയുടെ അടുത്ത് എത്തിക്കും എന്ന്”. അച്ചാച്ചൻ്റെ ഈ വാക്കുകളാണ് ഇപ്പോഴും അമ്മയെ കാണുമ്പോൾ ഞാൻ ഓർക്കുന്നത്. എപ്പോഴും അമ്മ എനിക്ക് ഒരു സഹായമാണ്. എൻ്റെ അമ്മ പറയുമായിരുന്നു. ജപമാല ചൊല്ലാൻ അറിയുമെങ്കിൽ പരിശുദ്ധ അമ്മയുടെ അടുത്ത് നമ്മൾ എത്തികഴിഞ്ഞു എന്ന്. ഇന്ന് എൻ്റെ സന്ന്യാസജീവിതത്തിൻ്റെ അടിത്തറ ജപമാല ആണ്. അമ്മയുടെ വണക്കമാസം വരുമ്പോൾ എൻ്റെ കൊച്ചു വീട്ടിലേയ്ക്ക് അയൽവക്കത്ത് ഉള്ളവരും വരുമായിരുന്നു. ഒരോ ദിവസവും ഓരോരുത്തരും അവരവരുടെ വീട്ടിൽ ഉള്ള നല്ല പൂക്കൾ കൊണ്ടുവന്നു അമ്മയ്ക്ക് കൊടുക്കുമായിരുന്നു. ഒരോ ദിവസത്തെയും സുകൃതജപവും സൽപ്രവൃത്തിയും കേൾക്കാൻ കുട്ടികളായ ഞങ്ങക്കെല്ലാം ഒരു ആകാംഷ ആയിരുന്നു.
വണക്കമാസം ഒരു വിശുദ്ധിയുടെ മാസം ആണ്. സുകൃതജപങ്ങളും സൽപ്രവർത്തികളും നമ്മുടെ ഹൃദയമാകുന്ന പൂങ്കാവനത്തിൽ ഒരുപാട് നല്ല പൂക്കൾ കൊണ്ട് നിറയ്ക്കാൻ പറ്റും. പരിശുദ്ധ അമ്മയെ നോക്കി നൽകുന്ന ഒരു ചെറിയ പുഞ്ചിരിപോലും അമ്മ വലിയ ഒരു രത്നകല്ലാക്കി മാറ്റും. എൻ്റെ കോൺവെൻറ്റിലും വണക്കമാസം കൂടുമ്പോൾ എനിക്ക് ഒരുപാട് സന്തോഷവും നന്ദിയും ഉണ്ട്. എൻ്റെ മാതാപിതാക്കൾ എനിക്ക് കൊച്ചു പ്രായത്തിൽ വണക്കമാസവിശ്വാസം പഠിപ്പിച്ച് തന്നതുകൊണ്ട് ആ വിശ്വാസത്തിൻ്റെ ഒരുപാട് ഫലങ്ങൾ എൻ്റെ ജീവിതത്തിൽ കാണുന്നു. ഭൂമിയും സ്വർഗ്ഗവും തമ്മിൽ ഒന്നിപ്പിക്കുന്ന കോവണി ആണ് ജപമാല. ഈ വണക്കമാസ ദിവസങ്ങളിൽ കൂടുതൽ വിശ്വാസത്തോടും ഭക്തിയോടും കൂടി ജപമാല ചൊല്ലി അമ്മയിലേയ്ക്ക് കൂടുതൽ അടുക്കാം. അമ്മ നമ്മുക്ക് വേണ്ടി ഈശോയുടെ അടുത്ത് എപ്പോഴും പ്രാർത്ഥിക്കുന്നു എന്ന ഉറച്ച വിശ്വാസമാണ് നമ്മുടെ ജീവിതത്തിൽ നിത്യവും വേണ്ടത്. പരിശുദ്ധ അമ്മ നമ്മുടെ വിശ്വാസത്തിൻ്റെ വഴികളിൽ എന്നും എപ്പോഴും ഒരു വഴികാട്ടി തെളിഞ്ഞു നിൽക്കുന്നു.
എല്ലാവർക്കും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും സഹായവും സംരക്ഷണവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സുകൃതജപം
പരിശുദ്ധഅമ്മ മാതാവേ, പാപികളായ ഞങ്ങളുടെ ഹൃദയം, ഈശോയുടെ സ്നേഹത്താൽ നിറക്കണമേ.
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
ലണ്ടൻ: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ, ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ജൂൺ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടും. പ്രമുഖരായ ധ്യാന ഗുരുക്കൾ നേതൃത്വം വഹിക്കുന്ന ബൈബിൾ കൺവൻഷൻ ഇത്തവണ കാന്റർബറിയിലാണ് വേദിയൊരുങ്ങുക. കുട്ടികള്‍ക്കായി പ്രത്യേക പ്രാർത്ഥനാ ശുശ്രുഷകളും തത്സമയം ക്രമീകരിച്ചിട്ടുണ്ട്
‘ അങ്ങയുടെ പ്രകാശവും, സത്യവും അയക്കണമേ! അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും, നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ'(സങ്കീര്‍ത്തനങ്ങള്‍ 43:3)
ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന ലണ്ടന്‍ ബൈബിൾ കണ്‍വെന്‍ഷനില്‍ തിരുവചന പ്രഘോഷണം, വിശുദ്ധ കുര്‍ബ്ബാന, ദിവ്യകാരുണ്യ ആരാധനയ്ക്കും ഒപ്പം ഗാന ശുശ്രുഷ, പ്രെയ്‌സ് ആൻഡ് വർഷിപ്പ് ശുശ്രൂഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുമ്പസാരത്തിനും, കൗൺസിലിംഗിനും ഉള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും.രാവിലെ10:00 മണിക്കാരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരിജനറാളും, കുടുംബകൂട്ടായ്മ, ഇവാഞ്ചലൈസേഷൻ കമ്മീഷനുകളുടെ നേതൃത്വം വഹിക്കുകയും ചെയ്യുന്ന, ലെസ്റ്റർ സീറോ മലബാർ മിഷൻ വികാരി മോൺ. ജോർജ്ജ് തോമസ് ചേലക്കൽ മുഖ്യകാർമ്മികനായി വിശുദ്ധബലി അർപ്പിക്കുകയും, പ്രധാന സന്ദേശം നൽകുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വക്താവും, മീഡിയ കമ്മീഷന്‍ ചെയര്‍മാനും,സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, ധ്യാന ഗുരുവുമായ ഫാ.ടോമി അടാട്ട് തിരുവചന ശുശ്രുഷക്കു നേതൃത്വം വഹിക്കും. രൂപതയുടെ കുടുംബ കൂട്ടായ്‌മ കമ്മീഷൻ പാസ്റ്ററൽ പേട്രണും ആഷ്‌ഫോർഡ് മാർ ശ്ലീവാ മിഷൻ വികാരിയുമായ ഫാ. ഹാൻസ് പുതിയകുളങ്ങര, ലണ്ടന്‍ റീജണിലെ വിവിധ മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ ചാര്ജും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷണനു വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള, അനുഗ്രഹീത കൗൺസിലറും, പ്രശസ്ത വചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ ബൈബിൾ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.
കാന്റർബറി ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കാളിയാവാൻ എത്തുന്ന ഏവര്‍ക്കും, ഉത്ഥിതനായ ലോകരക്ഷകന്റെ അനുഗ്രഹ വരദാനങ്ങൾക്കും, പരിശുദ്ധാല്മ കൃപകൾക്കും ബൈബിൾ കൺവെൻഷൻ അനുഭവ വേദികൂടിയാവും.
ബൈബിൾ കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും, ശുശ്രുഷകൾ അനുഗ്രഹദായകമാവട്ടെയെന്ന് ആശംസിക്കുന്നതായും ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷൻ കമ്മിറ്റിക്കുവേണ്ടി മനോജ് തയ്യില്‍, ഡോൺബി ജോണ്‍ എന്നിവർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
07515863629, 07939539405
കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
CANTERBURY HIGH SCHOOL , KNIGHT AVENUE , CT2 8QA