ഫാ. ഹാപ്പി ജേക്കബ്
സർവ്വ ദാനങ്ങളുടെയും കൃപകളുടെയും നടുവിൽ ആയിരിക്കുമ്പോഴും പല അവസരങ്ങളിലും ദൈവത്തെ അറിയുവാനോ കൃപകളെ തിരിച്ചറിയുവാനോ കഴിയാതെ വരുന്ന പല സന്ദർഭങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. എന്താണ് കാരണം എന്നന്വേഷിച്ചാൽ അതിനുത്തരം ദൈവത്തെ കാണുന്നതിന് പകരം നമ്മിലേക്ക് തന്നെ നോക്കുന്നതും സ്വയത്തിൽ മതിവയ്ക്കുന്നതും ആയതിനാൽ ആണ് . തൻറെ സൗന്ദര്യം, സ്വന്തം ബലം, ധനം, കുടുംബം, കുഞ്ഞുങ്ങൾ ഇങ്ങനെ ഇങ്ങനെ പലതും നമ്മുടെ ദൃഷ്ടി സ്വയത്തിലേക്ക് മാത്രം ആയി തീരുന്നു.
വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം 13-ാം അദ്ധ്യായം 10 – 11 വരെയുള്ള വാക്യങ്ങൾ നിന്നും നമുക്ക് ചിന്തിക്കാം. കർത്താവ് ദൈവാലയത്തിൽ ഉപദേശിച്ചു കൊണ്ടിരുന്നപ്പോൾ ഒട്ടും നിവരുവാൻ കഴിയാത്ത ഒരു സ്ത്രീയെ കാണുന്നു. അവളെ അടുത്ത് വിളിച്ച് സൗഖ്യം നൽകുന്നു. പാപത്തിന്റെ. ഭാരത്താലും, പൈശാചിക ബന്ധനത്താലും നിവരുവാൻ കഴിയാത്ത ഈ സ്ത്രീ നമ്മുടെ ഒക്കെ പ്രതീകമായി നിൽക്കുന്നു. ഏതൊക്കെ കാരണങ്ങളും ബന്ധനങ്ങളും നമ്മെ കെട്ടിവരിഞ്ഞ് ദൈവ മുഖത്തേക്ക് നോക്കുവാൻ കഴിയാത്തവിധം കൂന് ബാധിച്ചിരിക്കുന്നു. ഇത് കൂടാതെയാണ് സ്വയത്തിലുള്ള പുകഴ്ചയും ആശ്രയ ബോധവും . നേരു വിട്ട പ്രവർത്തനം, കൈക്കൂലി, അമിതലാഭം, ഇവയൊക്കെ പാപത്തിന്റെ ഫലമാണ് എങ്കിലും ദിവസേന ചെയ്ത് ഇന്ന് ഇത് ജീവിത ഭാഗമായിത്തീർന്നിരിക്കുന്നു. ആദ്യദിനം കൈക്കൂലി വാങ്ങുന്നവന് അല്പം ജാള്യതയും ഭയവും ഉണ്ടാകുമെങ്കിൽ പിന്നീട് അത് സാധാരണ ഭാവം ആയി മാറുന്നു. ഇതുപോലെ തന്നെയാണ് പാപവും . കൂടുതലായി നാം പരിശോധിക്കുകയാണെങ്കിൽ ഒരു കാലത്ത് നാം അകറ്റി നിർത്തിയിരുന്ന പല തിന്മകളും, പാപവും ഇന്ന് അങ്ങനെ അല്ലാതായി മാറിയിരിക്കുന്നു. അതിനോടുള്ള മനോഭാവം മാറിയതാണ് അതിൻറെ കാരണം.
പിന്നെ താൻ എന്ന ഭാവം . സ്വന്ത ബലത്തിലുള്ള അഹങ്കാരം. മറ്റൊന്നിനേയും കാണാതെ തന്നെ മാത്രം കാണുന്ന അവസ്ഥ. ഈ അവസ്ഥയിൽ സഹജീവികളെ മാത്രമല്ല ദൈവത്തെ പോലും കാണാൻ കഴിയാത്ത ജീവിതം . അത്രയ്ക്ക് വലിയ കൂന് സംഭവിച്ചിരിക്കുന്നു. വി. ലൂക്കോസിന്റെ സുവിശേഷം 12-ാം അദ്ധ്യായത്തിൽ ഒരു കഥ വിവരിക്കുന്നുണ്ട്. ഒരു മനുഷ്യന് ധാരാളം അനുഗ്രഹം ലഭിച്ചു. അവൻ സ്വയമായി പറയുന്നു. എനിക്ക് ധാരാളം ലഭിച്ചിരിക്കുന്നു. കൂട്ടി വയ്ക്കുവാൻ സ്ഥലം തികയുന്നില്ല. അതിനാൽ പൊളിച്ച് മറ്റാർക്കും കൊടുക്കാതെ കൂട്ടി വയ്ക്കുവാൻ അവൻ പുതിയ ഇടം പണിയുകയാണ്. തിന്നുക, കുടിക്കുക ആനന്ദിക്കുക ഇതാണ് അവൻറെ മനസ്സ് അവനോട് പറയുന്നത്. എന്നാൽ ദൈവം അവനോട് പറയുന്നത് ഇന്ന് നിൻറെ പ്രാണനെ നിന്നോടു ചോദിച്ചാൽ ഈ കൂട്ടി വച്ചത് ഒക്കെ ആർക്കാകും. ഈ നോമ്പിൽ നാമും ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യം ഇതാണ്. നീ നിനക്കായി എന്ന് നീ കരുതി വച്ചിരിക്കുന്നതൊക്കെ ആർക്കാകും. സ്വന്തം സഹോദരനോട് മല്ലിട്ട് നീ നേടിയതും , അപ്പനേയും അമ്മയേയും സഹോദരങ്ങളേയും വഞ്ചിച്ച് നീ കൈവശപ്പെടുത്തിയത് ഒക്കെ പ്രാണൻ ഇല്ലാതെ എങ്ങനെ അനുഭവിക്കും .
എന്നാൽ കർത്താവ് അവളുടെ കൂന് നിവർത്തി സൗഖ്യം കൊടുത്തപ്പോൾ അവൾ നിവർന്ന് നിന്ന് അവൻറെ മുഖം കണ്ടു. ഇനി കാണുന്നത് ദൈവത്തെയും അവളുടെ ചുറ്റും ഉള്ളവരെയാണ് . സ്വയം പൊയ്പ്പോയി. ഒരുത്തൻ നാശത്തിലേക്ക് പോയാൽ അവനെ ശത്രുക്കൾ കുറയും. എന്നാൽ ജീവിതത്തിലേക്ക് വന്നാൽ പലരിലൂടെയും , പ്രവർത്തനങ്ങളിലൂടെയും ശത്രുക്കൾ ധാരാളം ഉണ്ടാകും. ഇത് അക്ഷരാർത്ഥത്തിൽ സത്യമല്ലേ . ഇത് തന്നെയല്ലേ നാം ഇവിടേയും കാണുന്നത്.
അവൾക്ക് സൗഖ്യം ലഭിച്ചപ്പോൾ ചുറ്റും കൂടിനിന്നവർ അവൾക്ക് എതിരെ തിരിയുന്നു. സൗഖ്യം ലഭിച്ച സമയവും സാഹചര്യവും എല്ലാം അവർ കുറ്റാരോപണത്തിനായി എടുത്ത് ഉപയോഗിക്കുന്നു. എന്നാൽ ചില പഴയ നിയമ വാക്യങ്ങൾ ഉച്ചരിച്ച് കർത്താവ് അവർക്ക് മറുപടി കൊടുക്കുന്നു . ക്രിസ്ത്യാനികൾ പലപ്പോഴും ക്രൈസ്തവ ക്രൈസ്തവത്തിനെതിരായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നില്ലേ. പല തട്ടമുട്ടികളും പറഞ്ഞ് അനേകർക്ക് ലഭിക്കേണ്ട സൗഖ്യവും ക്യപയും നാം തട്ടിമാറ്റുന്നില്ലേ . എന്താണ് നമ്മുടെ ധർമ്മം . എല്ലാവരും ക്രിസ്തുവിനെപ്പോലെ ആയി തീർന്ന് അനേകർക്ക് പ്രകാശമാകേണ്ടവരും ദൈവകൃപ ആസ്വദിക്കേണ്ടവരുമാണ്. നമ്മുടെ കർത്താവ് അരുളിയത് പോലെ എന്നെ കണ്ടവൻ എന്റെ പിതാവിനെ കണ്ടിരിക്കുന്നു. നമ്മെ കാണുന്നവർ നമ്മളിലൂടെ കർത്താവിനെ കാണുമ്പോൾ മാത്രമേ ക്രൈസ്തവജീവിതം പരി പൂർണമാവുകയുള്ളൂ. ഈ നോമ്പും നമ്മെ പഠിപ്പിക്കുന്നു . സ്വയത്തിലുള്ള പ്രശംസയും ആശ്രയവും മതിയാക്കി അനേകരെ നേടുവാൻ തക്കവണ്ണം മാറ്റപ്പെടുക. പരിശുദ്ധവും ശ്രേഷ്ഠവുമായ നോമ്പേ സമാധാനത്താലെ വരിക.
കർത്തൃശുശ്രൂഷയിൽ
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.
ശ്രീ ഗുരുവായൂരപ്പൻ്റെ പരമ ഭക്തനും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ചെയർമാനുമായിരുന്ന ശ്രീ തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടൻ യശശ്ശരീരനായിട്ട് മാർച്ച് 24 ന് ഒരു വർഷം തികയുന്നു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ കഴിഞ്ഞ 29 വർഷങ്ങളായി മുടക്കമില്ലാതെ വിഷുവിനോടനുബന്ധിച്ച്, വിഷുദിനത്തിൽ പ്രത്യേക വിഷുവിളക്ക് നടത്തുവാൻ അത്യപൂർവ്വ ഭാഗ്യം സിദ്ധിച്ച പുണ്യാത്മാവായിരുന്നു ഹരിയേട്ടൻ. 30 വർഷങ്ങൾക്കുമുമ്പ്, എല്ലാ വർഷവും, ഉദാരമതികളായ ഭക്തജനങ്ങളിൽ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും , ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതിൽ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടൻ മുൻകൈയെടുത്തു സ്ഥിരമായി സ്പോൺസർ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു.
ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവർത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, കഴിഞ്ഞ 29 വർഷവും മുടങ്ങാതെ വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയിൽ എത്തിയിരുന്നു ഹരിയേട്ടൻ.

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കാറുള്ള പാവങ്ങൾക്കായുള്ള വിഷുസദ്യയും വർഷങ്ങളായി അമ്മയുടെ പേരിൽ മുടങ്ങാതെ സ്പോൺസർ ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു. 2020ലെ വിഷുവിളക്ക് പൂർവ്വാധികം ഭംഗിയായി നടത്തുവാനുള്ള ശ്രമത്തിനിടയിലാണ്, നിർഭാഗ്യവശാൽ, യുകെയിലും ഇന്ത്യയിലുമടക്കം ഒട്ടനവധി രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.
കഴിഞ്ഞ 30 വർഷത്തിനിടയിൽ 2020ൽ ആദ്യമായി ഹരിയേട്ടന് കോവിഡ് നിയന്ത്രണങ്ങൾ മൂലം ഗുരുവായൂരിൽ എത്തുവാൻ സാധിച്ചിരുന്നില്ല. ഹരിയേട്ടൻ്റെ ഓർമ്മക്കായി 2022 ഏപ്രിൽ മുതൽ ലണ്ടനിൽ എല്ലാ വർഷവും വിഷു വിളക്കും സൗജന്യ വിഷു സദ്യയും സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഹരിയേട്ടൻ്റെ കുടുംബവും ലണ്ടൻ ഹിന്ദു ഐക്യവേദിയും.

കുട്ടികളും മുതിർന്നവരും ചേർന്ന് സമർപ്പിക്കുന്ന നൃത്താവിഷ്കാരം – “വിഷുക്കണി”, യുകെയിലെ അനുഗ്രഹീത ഗായിക ദൃഷ്ടി പ്രവീൺ അവതരിപ്പിക്കുന്ന ഭക്തിഗാന സുധ, സുപ്രസിദ്ധ തെന്നിന്ത്യൻ സിനിമാതാരം ശങ്കറിൻ്റെ പത്നിയും, പ്രസിദ്ധ നൃത്തസംവിധായികയുമായ ചിത്രാലക്ഷ്മി ടീച്ചറുടെ സംവിധാനമേൽനോട്ടത്തിൽ ഹരിയേട്ടൻ്റെ ഓർമ്മക്കായി അവതരിപ്പിക്കുന്ന ദക്ഷിണ യുകെയുടെ നൃത്ത ശില്പം, യുകെയിലെ പ്രസിദ്ധ കലാകാരൻ ജിഷ്ണു രാജേഷ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, നവധാര സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ സുപ്രസിദ്ധ വാദ്യകലാകാരൻ വിനോദ് നവധാരയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന മേജർ സെറ്റ് ചെമ്പടമേളം, ഹരിയേട്ടൻ്റെ ഓർമ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, ദീപാരാധന, വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടൻ വിഷുവിളക്കിനോടനുബന്ധിച് 2022 ഏപ്രിൽ 30 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികൾ.

ഹരിയേട്ടനോട് അടുത്ത് നിൽക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടൻ വിഷു വിളക്കിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര : 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 07414553601
Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU
Date and Time: 30 April 2022
Email: [email protected]
ബിനോയ് എം. ജെ.
നാം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് എന്ന് എല്ലാവരും കരുതുന്നു. അത് നമ്മുടെ ജീവിതത്തിന് വ്യാജമായ ഒരർത്ഥം പകരുന്നു. സാമ്പത്തികമായും സാമൂഹികമായും നാം വളരുകയാണ് എന്ന് എല്ലാവരും ചിന്തിക്കുന്നു. ശാസ്ത്രം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഈ പുരോഗതി മനുഷ്യന് എത്രമാത്രം ശാന്തി കൊടുക്കുന്നുണ്ട്? പുരോഗതിയോടൊപ്പം ഉത്കണ്ഠയും വളർന്നുവരുന്നു. വിജ്ഞാനം പുരോഗമിക്കുകയാണെന്ന് നാം വാദിക്കുന്നു. വാസ്തവത്തിൽ വിജ്ഞാനത്തോടൊപ്പം അജ്ഞാനവും പുരോഗമിക്കുകയല്ലേ? അജ്ഞാനം എന്നാൽ അറിവില്ലായ്മ അല്ല, മറിച്ച് തെറ്റായ അറിവാകുന്നു. നമ്മുടെ അറിവ് എത്രമാത്രം സത്യമാണ്? അവയിൽ പകുതിയും തെറ്റായ അറിവാകുന്നു. അത് ശാസ്ത്രം തന്നെ തെളിയിക്കുകയും ചെയ്യും.
വാസ്തവത്തിൽ എന്തെങ്കിലും പുരോഗതി ഇവിടെ സംഭവിക്കുന്നുണ്ടോ? കാടുകൾ വെട്ടിത്തെളിച്ച് ഗ്രാമങ്ങളും, ഗ്രാമങ്ങളിൽ കെട്ടിടങ്ങൾ പണിത് നഗരങ്ങളും ഉണ്ടാക്കുന്ന പ്രക്രിയയെ നാം പുരോഗതി എന്ന് വിളിക്കുന്നു. നാഗരിക സംസ്കാരം നമ്മെ പ്രകൃതിയിൽനിന്നും തെറിപ്പിക്കുന്നു. എത്ര മാത്രം നാം പുരോഗമിക്കുന്നുവോ അത്രമാത്രം നാം പ്രകൃതിയിൽനിന്നും അകന്ന് കഴിഞ്ഞിരിക്കും. ഒരു വശം ഉയരുമ്പോൾ മറുവശം താഴുന്നു. പുരോഗതി എന്ന് നാം വിളിക്കുന്ന ഈ പ്രതിഭാസം വെറും മാറ്റം മാത്രമാണ്. ഇവിടെ പുരോഗതി ഒന്നുമില്ല. നാമങ്ങിനെ സങ്കല്പിക്കുക മാത്രം ചെയ്യുന്നു.
മനുഷ്യന്റെ എല്ലാ ദു:ഖങ്ങളുടെയും ബീജം കിടക്കുന്നത് പുരോഗതി എന്ന തെറ്റായ ഈ സങ്കല്പത്തിലാണ്. നാം വളരുകയാണ് എന്ന് ചിന്തിച്ചാലേ നമുക്ക് മന:സ്സമാധാനം കിട്ടൂ എന്ന് തോന്നുന്നു. വാസ്തവത്തിൽ പുരോഗതി എന്ന സങ്കൽപം തന്നെ മനുഷ്യന്റെ ഭാവനയാണ്. അങ്ങനെ ഒന്നുണ്ടാവാൻ വഴിയില്ല. തീർച്ചയായും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അതിനെ പുരോഗതിയായി മുദ്ര കുത്തുന്നത് ശരിയാണോ? മാറ്റങ്ങളെ പുരോഗതിയായി ചിത്രീകരിക്കുന്നതിന്റെ പിറകിലെ മന:ശ്ശാസ്ത്രം മനുഷ്യന്റെ അടങ്ങാത്ത ദാഹമാകുന്നു. മെച്ചപ്പെട്ട എന്തെങ്കിലും സൃഷ്ടിക്കുവാനുള്ള ഈ മോഹം അഥവാ ‘ആഗ്രഹം’ അസ്ഥാനത്താണ്. ദൈവം സൃഷ്ടിച്ച ഈ ലോകത്തെ മെച്ചപ്പെടുത്തുവാനുള്ള കഴിവ് മനുഷ്യനുണ്ടോ? തീർച്ചയായും മാറ്റങ്ങൾ കൊണ്ടുവരാൻ അവന് കഴിയും. അതിനെ കർമ്മ ശേഷി എന്ന് വിളിക്കുന്നു. ആ കർമ്മം നിഷ്കാമകർമ്മം ആകേണ്ടതാണ്. എന്നാൽ ആ മാറ്റത്തിൽ അഥവാ കർമ്മത്തിൽ പുരോഗതിയുടെ നിറം ചാലിക്കുമ്പോൾ അതിൽ സ്വാർത്ഥത കലരുന്നു. അതോടൊപ്പം ആഗ്രഹത്തിന്റെ മധുരവും അപകർഷതയുടെ കയ്പും സുഖദു:ഖങ്ങളുടെ പ്രക്ഷുബ്‌ധതയും ആശയക്കുഴപ്പങ്ങളും അതിനോട് ചേരുന്നു.
ഇപ്രകാരം നിഷ്കാമകർമ്മം എന്ന ആശയം തന്നെ നമുക്ക് നഷ്ടപ്പെട്ടു പോകുന്നു. മാറ്റങ്ങൾക്ക് വേണ്ടി മാത്രമാണ് നാം കർമ്മം ചെയ്യുന്നതെങ്കിൽ അതിൽ നമുക്ക് അഭിമാനത്തിന് വകയൊന്നുമില്ല. അഭിമാനസ്പർശമേൽക്കാതെ ചെയ്യപ്പെടുന്ന കർമ്മം നിഷ്കാമകർമ്മം ആകുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഫാ. ഹാപ്പി ജേക്കബ്
സാധാരണ നാം വായിക്കുന്ന സൗഖ്യദാന ശുശ്രൂഷയിൽ നിന്നും വ്യത്യസ്തമായ ഒരു ഭാഗം ആണ് നാം ഇന്ന് ധ്യാനിക്കുന്നത്. ദൈവ കൃപ വ്യാപരിക്കുവാൻ അതിരുകളും ജാതികളും എന്ന വ്യത്യാസം ഒന്നും ഇല്ല എന്ന് നമ്മെ മനസ്സിലാക്കി തരുവാൻ ഈ ഭാഗം നമ്മെ സഹായിക്കും. കാരണം മറ്റൊന്നുമല്ല സർവ്വജനവും ജനതയും സന്തോഷിച്ചത് അവൻറെ ജനനത്തിങ്കലാണ് . ഇന്നത്തെ പഠിപ്പിക്കലുകളും സഭകളും പ്രസ്ഥാനങ്ങളും എല്ലാം തൻറെ ജനത്തെ നയിക്കുന്നത് കൂടെ നിൽക്കാനാണ്. അവിടെ ഉള്ളവർക്ക് മാത്രം അനുഭവിക്കാവുന്ന ദൈവകൃപ എന്ന് അണികളോട് ഉദ്ഘോഷിക്കുകയും ചെയ്യുന്നു.
കർത്താവ് ശ്ലീഹന്മാരേയും അറിയിപ്പുകാരെയും തിരഞ്ഞെടുത്തത് ദൈവകൃപ അനേകരിൽ എത്തിക്കുവാനാണ്. അവർ അന്ധകാരം നിവർത്തിക്കുകയും ചെയ്തു. മിഷൻ എന്ന വാക്ക് നാം കേട്ടിട്ടുണ്ടാകാം. മിഷനറിമാരേയും നാം കണ്ടിട്ടുണ്ടാകാം. ദൈവസ്നേഹം എത്താതിരുന്നിടത്ത് എത്തിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട വരാണ് . എന്നാൽ നാം തിരിച്ചറിയാത്ത ഒരു സത്യം ഓർമിപ്പിക്കുന്നു. 1 പത്രോസ് 2: 9 നിങ്ങളോ അന്ധകാരത്തിൽ നിന്ന് തൻറെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ പ്രഘോഷിപ്പാൻ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ജാതിയും, രാജകീയ പുരോഹിത വർഗ്ഗവും, വിശുദ്ധ വംശവും സ്വന്ത ജനവും ആകുന്നു. ദരിദ്രന് ഭക്ഷണമായും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം ആയും , രോഗികൾക്ക് സൗഖ്യമായും സ്നേഹമില്ലാത്തിടത്ത് സ്നേഹവും നീതിക്ക് വേണ്ടിയുള്ള നാവായും നാം ആയിത്തീരണം.
ഇസ്രയേൽ ജനത്തിന്റെ ഇടയിൽ നടക്കുന്ന ഒരു സംഭവമല്ല നാം ഇന്ന് ധ്യാനിക്കുന്നത് . പുറജാതികളുടെ ഇടയിൽ കർത്താവ് പോയി പാർക്കുന്നു. വി. മർക്കോസ് 7: 24 – 37 വരെയുള്ള വാക്യങ്ങൾ . കർത്താവ് ഒരു പുറജാതിക്കാരി സ്ത്രീയുമായുള്ള സംഭാഷണമാണ് നാം ഇവിടെ വായിക്കുന്നത്. അവളുടെ ആവശ്യം തൻറെ മകളിൽ നിന്ന് ഭൂതത്തെ പുറത്താക്കണം എന്നുള്ളതായിരുന്നു. തന്റെ ആവശ്യം അറിയിച്ചപ്പോൾ മക്കളുടെ അപ്പം എടുത്ത് നായ് കുട്ടികൾക്ക് കൊടുക്കുന്നത് വിഹിതം അല്ലല്ലോ എന്നാണ് കർത്താവ് മറുപടി പറയുന്നത്. താൻ വന്നിരിക്കുന്നത് ഇസ്രയേലിന് രക്ഷ നൽകുവാൻ മാത്രം എന്ന് ഉള്ള സാധാരണ ഇസ്രയേലിയന്റെ ചിന്തയാണ് കർത്താവ് പങ്ക് വച്ചത്. എന്നാൽ അവൾ തിരിച്ചറിഞ്ഞു. അഞ്ച് അപ്പം എത്രപേർക്ക് തൃപ്തി വരുത്തി എന്നും എത്ര കുട്ട മിച്ചം വന്നു എന്നും അവൾക്കറിയാമായിരുന്നു. ആയതിനാൽ അവൾ തർക്കിക്കുകയാണ് . അപ്പം മക്കൾക്ക് കൊടുത്താലും മേശമേൽ നിന്ന് വീഴുന്ന നുറുക്കുകൾ മതി നായ്ക്കുട്ടിക്ക് തൃപ്തി ആകാൻ . നിരന്തരമായ യാചനയും അവനിൽനിന്ന് തീർച്ചയായും സൗഖ്യം ലഭിക്കും എന്ന വിശ്വാസവും കണ്ട് കർത്താവ് നീ പൊയ്ക്കൊള്ളുക ഭൂതം നിൻറെ മകളെ വിട്ടു പോയിരിക്കുന്നു എന്ന് പറഞ്ഞു. ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിച്ചു.
മൂന്ന് കാര്യങ്ങൾ നാം മനസ്സിലാക്കണം. ഒന്നാമതായി ജീവിതത്തിൽ പ്രാർത്ഥനയ്ക്കുള്ള സ്ഥാനം. എല്ലാ ആശ്രയവും അവസാനിക്കുമ്പോൾ ആണ് നാം പ്രാർത്ഥിക്കുവാൻ ആരംഭിക്കുന്നത്. ഒന്നിനെ കുറിച്ചും വിചാരപ്പെടരുത്. എല്ലാറ്റിലും പ്രാർത്ഥനയിലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോട് കൂടെ ദൈവത്തെ അറിയിക്കുകയത്രേ വേണ്ടത്. ഫിലിപ്പിയർ 4: 5 -7. മുടങ്ങാതെ ഇടവിടാതെ പ്രാർത്ഥിക്കുവാൻ ശീലിക്കുക. ഓരോ ദിനവും ദൈവത്തെ സ്തുതിക്കുവാൻ , നന്ദി അർപ്പിക്കുവാൻ , ദൈവത്തെ മഹത്വപ്പെടുത്താൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നു.
രണ്ടാമത് മദ്ധ്യസ്ഥത. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനുള്ള കടമയും ഉത്തരവാദിത്വവും നാം നിർവ്വഹിക്കണം. എൻറെ പ്രാർത്ഥന കൊണ്ട് മറ്റുള്ളവർക്ക് ദൈവകൃപ പ്രാപ്യമാക്കുവാൻ ഇത് സഹായിക്കും. എന്നാൽ നിങ്ങൾക്ക് രോഗശാന്തി വരേണ്ടതിന് തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവന് വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധേയമായ പ്രാർത്ഥന വളരെ ഫലിക്കുന്നു. യാക്കോബ് 5 : 16. ആർക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. അതിന് ജാതിയോ മതമോ രാജ്യമോ ഭാഷയോ ആവശ്യമില്ല . നമ്മുടെ വിശ്വാസം ആണ് പ്രധാനം. നാം വാർത്തകളിലോ മറ്റോ കാണുന്ന വേദനപ്പെടുത്തുന്ന ധാരാളം അനുഭവങ്ങൾ നമ്മുടെ മുൻപിലുണ്ട്. ആ വിഷയങ്ങളെല്ലാം നമുക്ക് ഏറ്റെടുത്ത് പ്രാർത്ഥിക്കാം.
മൂന്നാമത് പ്രാർത്ഥനയിലുള്ള സ്ഥിരത . പ്രഭാതം വരെയും മല്ല് പിടിച്ച പുരുഷനോട് യാക്കോബ് പറയുന്നു നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല. കേവലം യാക്കോബ് എന്ന് പേരുള്ള അവൻറെ ഇസ്രയേൽ എന്ന ആവാൻ ഈ സംഭവം ഇടയാക്കി. ഉല്പത്തി 32 : 26 – 28. ഇടവിടാതെ പ്രാർത്ഥിക്കുവാൻ , ലഭിക്കും വരെ യാചിക്കുവാൻ , തുറക്കും വരെ മുട്ടുവാൻ നമുക്ക് സാധിക്കണം.
എല്ലാം തികഞ്ഞവർ ആണ് നാം എന്ന് വരികലും ആവശ്യക്കാരുടെ അടുത്തേക്ക് കടന്ന് ചെല്ലുവാൻ ഈ നോമ്പ് നമ്മോട് ആവശ്യപ്പെടുന്നു. പ്രാർത്ഥിക്കുവാനായി ധാരാളം വിഷയങ്ങൾ നമ്മുടെ ചുറ്റിലും ഓരോ ദിനവും ഉയർന്ന് വരുന്നു . രോഗവും , യുദ്ധവും, പ്രകൃതിക്ഷോഭവും മാത്രമല്ല. സമാധാനം, സുരക്ഷിതത്വം, കുടുംബജീവിതം യുവതലമുറ എല്ലാം ഇന്ന് ഭീതിയുടെ മുൾമുനയിലാണ്. ഈ നോമ്പിൽ നമുക്ക് പ്രാർത്ഥിക്കാം പ്രവർത്തിക്കാം . എല്ലാ അതിർവരമ്പുകളും തീണ്ടി എല്ലായിടത്തും എല്ലാവർക്കും ദൈവകൃപ പ്രാപ്യമാകുവാൻ നമുക്ക് പ്രാർത്ഥിക്കാം. ഈ കനാനക്കാരിയുടെ മകൾക്ക് സൗഖ്യം ലഭിച്ച പോലെ നിരന്തരമായ നിശ്ചയദാർഢ്യത്തോടെ വിശ്വാസത്തോടെ ഉള്ള നമ്മുടെ പ്രാർത്ഥന അനേകർക്ക് ആശ്വാസം ലഭിക്കട്ടെ .
പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.
സന്ദർലാൻഡ് : കോവിഡിന്റെ തീവ്രതയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന വിശ്വാസസമൂഹം കർത്താവിന്റെ ഉയിർപ്പിന്റെ തിരുനാൾ ആഘാഷങ്ങൾക്ക് തയാറെടുക്കുന്നു . ഏപ്രിൽ 14 പെസഹാ വ്യാഴാഴ്ച തുടങ്ങുന്ന ,പരമ്പരാഗതമായ അപ്പംമുറിക്കൽ ശുസ്രൂക്ഷകൾക്ക് ബഹുമാനപ്പെട്ട വൈദീകർ നേതൃത്വം നൽകും . ഏപ്രിൽ 24 വൈകുന്നേരം അഞ്ചു മണിക്ക് പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്ന ഈസ്റ്റർ സംഗമത്തിൽ ബഹുമാനപെട്ട വൈദീകരും വിശ്വാസികളും സംബന്ധിക്കും . സന്ദർലാൻഡ് വിശ്വാസ സമൂഹത്തിന്റെ ഉയിർപ്പു തിരുനാൾ ആഘോഷങ്ങൾക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
സംഗമവേദി : സെൻറ് . ജോസഫ്സ് പാരിഷ് ഹാൾ , സന്ദർലാൻഡ് . SR4 6HS
സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 19 ന് നാളെ നടക്കും.
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം ജെസ്സി ബിജു വചന ശുശ്രൂഷ നയിക്കും .
ബിനോയ് എം. ജെ.
ആനന്ദത്തിന്റെ കാര്യത്തിൽ എല്ലാവരും സമന്മാരാണ്. ഇതിനെ ശരാശരി ആനന്ദമെന്ന് വിളിക്കാം. ഈ ശരാശരി ആനന്ദത്തിൽ ഒരു ഔൺസുപോലും കൂട്ടുവാനോ കുറയ്ക്കുവാനോ ആർക്കും കഴിയില്ല. ആന്തരികമായ പരിശ്രമത്തിലൂടെ ആനന്ദത്തിൽ വർദ്ധന ഉണ്ടാക്കാൻ കഴിഞ്ഞേക്കാം; എന്നാൽ ബാഹ്യമായ കാര്യങ്ങളിലൂടെ അത് അസാദ്ധ്യമാണ്. ലോക സുന്ദരി പട്ടം ചൂടുന്ന വനിതയും തെരുവിലലയുന്ന യാചികയും ആനന്ദത്തിന്റെ കാര്യത്തിൽ സമന്മാരാണ്. ഒരാൾ മറ്റേയാളെക്കാൾ ശ്രേഷ്ഠയല്ല. ലോകത്തിലുള്ള എല്ലാവരും തന്നെ ശരാശരി ആനന്ദത്തിൽ കഴിയുന്നവരാണ്. കർമ്മം കൊണ്ട് യാതൊന്നും നേടുവാനില്ല. ചിലത് നേടുമ്പോൾ മറ്റ് ചിലത് നഷ്ടമാവും.
ഒരു തരത്തിൽ ചിന്തിച്ചാൽ ആഗ്രഹത്തിലും അൽപം ആനന്ദം ഉള്ളതായി കാണുവാൻ കഴിയും. ആഗ്രഹം സഫലമാകുമ്പോൾ ആ ആനന്ദവും തിരോഭവിക്കുന്നു. ശൈശവത്തിൽ നമുക്ക് ധാരാളം ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. അതായിരുന്നു ശൈശവത്തിന്റെ മധുരിമയും. യൗവനത്തിലെത്തുമ്പോഴേക്കും അവയിൽ പലതും സഫലമായിക്കഴിഞ്ഞിരിക്കും. അതോടെ ജീവിതത്തിന് അതിന്റെ മധുരിമ നഷ്ടപ്പെടുകയും നമുക്ക് വിരസത അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. പ്രണയത്തിലായിരിക്കുന്ന കമിതാക്കളെ സംബന്ധിച്ചിടത്തോളം വിവാഹിതരാവുക എന്നതാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ വിവാഹിതരാകുമ്പോഴേക്കും ആ ആഗ്രഹം സഫലമാകുകയും വിരസത അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. ഭാരതത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ കാലത്ത് നമുക്കൊരു സ്വപ്നമുണ്ടായിരുന്നു -സ്വതന്ത്ര ഇന്ത്യ. എന്നാൽ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോഴേക്കും ആ സ്വപ്നം തിരോഭവിക്കുകയും നമുക്ക് വിരസത അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തു.
പണ്ട് ജന്മിമാരും കുടിയാന്മാരും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതിൽ ജന്മിമാർക്കാണോ കൂടുതൽ ആനന്ദമുണ്ടായിരുന്നത് അതോ കുടിയാന്മാർക്കാണോ കൂടുതൽ ആനന്ദമുണ്ടായിരുന്നത് ? ആനന്ദം കുടികൊള്ളുന്നത് തീറ്റിയിലും കുടിയിലും അല്ലെന്നും നമുക്കറിയാം. വാസ്തവത്തിൽ രണ്ട് കൂട്ടരും ഒരുപോലെ ആനന്ദം അനുഭവിച്ചിരുന്നു എന്ന് വേണം കരുതുവാൻ. ഇന്നാക്കാലം മാറി മുതലാളിത്തം വന്നു. നാളെ അത് മാറി സോഷ്യലിസവും അതിനു ശേഷം കമ്മ്യൂണിസവും വന്നേക്കാം . എന്നാൽ ആനന്ദത്തിനുണ്ടോ എന്തെങ്കിലും വർദ്ധന സംഭവിക്കുന്നു? ഉണ്ടെന്ന് കരുതുന്നെങ്കിൽ നിങ്ങൾക്ക് തെറ്റി. മനുഷ്യന് സംതൃപ്തി കൂടിയേക്കാം. പക്ഷേ ആനന്ദം പഴയത് പോലയേ ഉണ്ടാവൂ. ശരാശരി ആനന്ദം എന്നും ഒന്നു തന്നെ ആയിരിക്കും.
അപ്പോൾ പിന്നെ ഇതിന്റെയെല്ലാം അർത്ഥമെന്താണ്? വലിയ അർത്ഥമൊന്നുമില്ല എന്നതാണ് സത്യം. സമൂഹം ഒരു പ്രത്യേക ദിശയിൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. അതിൽ പങ്കാളികളാകുമ്പോൾ നാം കർമ്മം ചെയ്യുന്നു. ആ കർമ്മം കൊണ്ട് യാതൊന്നും നേടുവാനില്ല. അത് നിഷ്കാമകർമ്മം ആയിരിക്കട്ടെ ! നിഷ്കാമകർമ്മം ചെയ്യുമ്പോൾ നിങ്ങളുടെ ആനന്ദം ശരാശരി ആനന്ദത്തിൽ നിന്നും ഉയർന്ന് അനന്തമായ ആനന്ദത്തെ സമീപിക്കുന്നു. ഇതാണ് ജീവിതത്തിൽ നിന്നും പഠിക്കേണ്ട ഏറ്റവും വലിയ പാഠം. ശരാശരി ആനന്ദത്തിന്റെ മതിൽ കെട്ടുകളെ ഭേദിച്ച് പോകുവാൻ നമുക്ക് ആവില്ലെന്ന് പഠിച്ച് കഴിയുമ്പോൾ നമ്മുടെ ജീവിതത്തിൽ നിർണ്ണായകമായ ആ മാറ്റം സംഭവിക്കുന്നു – നാമെല്ലാറ്റിനോടും പൊരുത്തപ്പെടുവാൻ പഠിക്കുന്നു. പിന്നീട് സുഖദു:ഖങ്ങൾ നമ്മെ ബാധിക്കുന്നില്ല. സുഖദു:ഖങ്ങൾക്ക് അപ്പുറംപോകുന്നവൻ അനന്താനന്ദത്തിലേക്ക് പ്രവേശിക്കുന്നു. അതിനാൽ ജീവിതത്തിൽ രണ്ടു സാധ്യതകളേ കാണുന്നുള്ളൂ -ശരാശരി ആനന്ദവും അനന്താനന്ദവും. ഈ കാര്യങ്ങളെകുറിച്ചുള്ള അറിവില്ലായ്മ ശരാശരി ആനന്ദത്തിലേക്കും അറിവ് അനന്താനന്ദത്തിലേക്കും നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നു. അത് വെറും അറിവിന്റെ പ്രശ്നം മാത്രമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഫാ. ഹാപ്പി ജേക്കബ്
വലിയ നോമ്പിലെ ശുദ്ധ ദിനങ്ങളിലൂടെ സഞ്ചരിച്ച് മൂന്നാം ആഴ്ചയിലേക്ക് നാം പ്രവേശിക്കുകയാണ് . ഭക്ഷണത്തിൽ മാത്രം നോമ്പ് നോൽക്കുന്നവൻ നേരായ് നോമ്പ് നോൽക്കുന്നില്ല എന്ന് പ്രാർത്ഥനാ ഭാഗം നമ്മെ പഠിപ്പിക്കുന്നു. ആത്മ തപനവും, തിരുവചന പാരായണവും അഗതികളെയും പരദേശികളെയും വിധവമാരേയും മാനിക്കുന്നത് നോമ്പിൻറെ ആവശ്യ ഭാഗമാണ് എന്നുള്ളത് വിസ്മരിക്കരുത്. മൂന്നാം ആഴ്ചയിലെ ആദ്യദിന വായനാ ഭാഗം ശ്രദ്ധയിൽ പെടുത്തുന്നു. വി. മാർക്കോസ് 2: 1 – 12 വരെയുള്ള ഭാഗങ്ങൾ .
ഇന്നത്തെ തലമുറ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ രോഗവും മരണവും കഴിഞ്ഞ നാളുകളിൽ കണ്ടിരുന്നു. അതിലും വലിയ ഭാരവും വേദനയും നൽകുന്ന യുദ്ധവും പാലായനവും ഇന്ന് നാം സാക്ഷ്യം വഹിക്കുന്നു . തുടർ നാളുകൾ നാം ഉണ്ടാവുമോ അഥവാ ഉണ്ടായാൽ തന്നെ എങ്ങനെ ജീവിതം നയിക്കാൻ പറ്റും എന്ന് കരുതി ജീവിക്കുന്ന നമുക്ക് ഈ നോമ്പിന്റെ ദിനങ്ങൾ പ്രാർത്ഥനാ ദിനങ്ങൾ ആയി മാറ്റി ഇല്ലെങ്കിൽ അതികഠിനത അഭിമുഖീകരിക്കേണ്ടിവരും നിശ്ചയം.
എന്തെല്ലാം പ്രശ്നങ്ങളും രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും വന്നാലും ദൈവം അറിയാതെ ഒന്നും ഭവിക്കയില്ല എന്ന് വിശ്വാസത്തോടെ കഴിഞ്ഞിരുന്ന തലമുറ അവസാനിച്ചു. ഇന്ന് ദൈവത്തെപ്പോലും വെല്ലുവിളിച്ച് പ്രകൃതിയേയും മനുഷ്യനേയും ഒരു പോലെ നിസ്സാരവൽക്കരിച്ച് അധികാരവും ശക്തിയും അതിലുള്ള ആശ്രയവും മാത്രം ലക്ഷ്യമാക്കുന്നു.
സഹോദരൻറെ വേദനയും കണ്ണുനീരും അവഗണിച്ച് ജീവിതം നയിക്കുന്ന നമുക്ക് നൽകുന്ന ഒരു പാഠമാണ് ഇന്നത്തെ ചിന്താഭാഗം.
വാതിൽക്കൽ പോലും കടന്നു വരുവാൻ ഇടമില്ലാതിരുന്ന സാഹചര്യത്തിൽ നാലുപേർ ചേർന്ന് ഒരു തളർവാതരോഗിയെ ചുമന്ന് വീടിൻറെ മേൽക്കൂര പൊളിച്ച് കർത്ത്യ സന്നിധിയിൽ ആക്കുന്നു. ആ നാലുപേർ അവരുടെ സ്നേഹം, കരുണ, വിശ്വാസം,ആർദ്രത ഇവയെല്ലാം ഈ രോഗി സൗഖ്യമാകുവാൻ കാരണമായി. അതിലേറെ അവരുടെ വിശ്വാസവും അതിനുതകുന്ന പ്രവർത്തനവും കൂടി ചേർന്നപ്പോൾ അത്ഭുതം നടക്കുവാനും സൗഖ്യം പ്രാപിക്കുവാനും കാരണമായി.
5-ാം വാക്യത്തിൽ വായിക്കുന്നു “യേശു അവരുടെ വിശ്വാസം കണ്ടിട്ട് ” അവന്റെ പാപങ്ങൾ മോചിച്ച് സൗഖ്യം നൽകി നടന്നു പോകുവാൻ അവനെ ഇടയാക്കി . ഈ നോമ്പിൽ നാം പലതും ത്യജിക്കയും പലതും ഉപേക്ഷിക്കുകയും ചെയ്യും. എന്നാൽ അതൊക്കെ നമ്മുടെ നന്മയെ ലക്ഷ്യമാക്കി നാം ചെയ്യുന്നതാണ്. വിശ്വാസം ഉണ്ട് പ്രവർത്തനം ഇല്ല . ഇങ്ങനെ ആയാൽ നോമ്പ് എങ്ങനെ പൂർണമാകും. വി. യാക്കോബിന്റെ ലേഖനം 2-ാം അധ്യായം 14 മുതൽ 26 വരെ വാക്യങ്ങൾ ഈ അവസരത്തിൽ വായിക്കുന്നത് നന്നായിരിക്കും. പ്രവർത്തി ഇല്ലാത്ത വിശ്വാസം ജീവനില്ലാത്തതാണ് .
രോഗവും ,ദുരന്തവും, യുദ്ധവും, പാലായനവും നാം അഭിമുഖീകരിക്കുമ്പോൾ ഒരു കൈസഹായം, ഒരു പുഞ്ചിരി ഒരു വാക്ക് സ്വാന്തനം ഇതെല്ലാം ലോകം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ വിശ്വാസവും പ്രവർത്തനവും മൂലം ഈ സമൂഹത്തിൽ ധാരാളം പേർ ദൈവസന്നിധിയിൽ എത്തപ്പെടണം ; ധാരാളം ആളുകൾ സൗഖ്യപ്പെടണം, ധാരാളം ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണം .
നോമ്പിൻറെ ദിനങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് ഒരു യാത്രയിലാണ് .പരിവർത്തനത്തിന്റെ ഓരോ ദിനങ്ങൾ നാം പിന്നിടുമ്പോൾ ദൈവസന്നിധിയിലേക്ക് അടുത്തുവരാനായി തീരാൻ ഇടയാവണം. സങ്കീർത്തനക്കാരൻ പറയുന്നത് പോലെ ആറ്റരികത്ത് നട്ടിരിക്കുന്നതും, തക്ക കാലത്ത് ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷം പോലെ നാം ആയിത്തീരണം.
ഈ ദിനങ്ങളിൽ നാം ഒഴിവാക്കുന്ന ഓരോ കാര്യങ്ങൾക്കും പകരം സദ്ഗുണങ്ങൾ നമ്മിൽ വിളങ്ങണം. ഇന്ന് നമ്മെ ആകുലപ്പെടുത്തുന്ന യുദ്ധങ്ങളും അത് മൂലം ഉള്ള ആശങ്കയും സ്വന്തം ദേശം വിട്ടോടുന്ന ഓരോരുത്തർക്കും വേണ്ടി നാം പ്രാർത്ഥിക്കണം. നമ്മെ കൊണ്ട് ആകുന്ന സഹായങ്ങൾ നാം ചെയ്യണം. ഓരോ മനുഷ്യനും പരിവർത്തനം നേടി ശുദ്ധരാകുവാനും ദൈവ ചിന്തകൾ വളരുവാനും നാം പ്രാർത്ഥിക്കണം.
ലോകം പരാജയപ്പെടുന്നിടത്ത് ദൈവനാമം ഉയരണം. അതിന്റെ ശക്തിയും ബലവും മറ്റെവിടെയുമല്ല നമ്മുടെ ഉള്ളിൽ നിന്ന് വരുന്ന പ്രാർത്ഥനയും തപനത്തിലൂടെ ഉള്ള കണ്ണുനീരും മാത്രം . എല്ലാ പ്രതിബന്ധങ്ങളെയും അകറ്റി ഈ നാല് പേർക്ക് പക്ഷവാതരോഗിയെ കർത്ത്യ സന്നിധിയിൽ എത്തിക്കാമെങ്കിൽ ഈ നോമ്പിൻറെ ദിനങ്ങളിൽ എത്ര ആയിരങ്ങളെ ദൈവമുമ്പാകെ നമുക്ക് കൊണ്ടു വരുവാൻ കഴിയും. ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് തുടർ ദിവസങ്ങളിൽ നമുക്ക് സഞ്ചരിക്കാം. ദൈവം കരുത്തും ബലവും നൽകട്ടെ .
ശുശ്രൂഷയിലും പ്രാർത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചൻ .

റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.
നവസുവിശേഷവത്‌ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയിൽ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇന്ന് നടക്കും .മാർച്ചുമാസത്തിൽ മാർ യൗസേപ്പിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ഇത്തവണയും ഓൺലൈനിൽ നടക്കുന്ന കൺവെൻഷൻ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും.
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് നടക്കുക . പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷനിൽ ഇത്തവണ റവ.ഫാ. ഗ്ലാഡ്‌സൺ ഡബ്രെ ഒഎസ്എ ലണ്ടൻ , റവ. ഫാ . രാജൻ ഫൗസ്തോ ( ഇറ്റലി )എന്നിവർ വചന ശുശ്രൂഷ നയിക്കും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക .
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം രാവിലെ 9 മുതൽ ആരംഭിക്കും .9 മുതൽ 12 വരെ മലയാളം കൺവെൻഷനും 12 മുതൽ 2വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.88227005975 എന്ന I D യിൽ ZOOM ൽ സ്പിരിച്വൽ ഷെയറിങ്ങിനും രാവിലെ 9 മുതൽ കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.
രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ബിനോയ് എം. ജെ.
ദൈവരാജ്യം ഭൂമിയിൽ വരുന്നതിനു വേണ്ടി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് നാം. എന്നാൽ നാമിപ്പോൾ തന്നെ ദൈവരാജ്യത്തിലാണെന്ന് എത്രപേർക്കറിയാം? എന്നിട്ടും നാം അസംതൃപ്തരായി കാണപ്പെടുന്നതെന്തുകൊണ്ട്? അത് നമ്മുടെ മനോഭാവത്തിന്റെ പ്രശ്നമാണ്. സത്ത ഒന്നു മാത്രമേയുള്ളൂ, അത് ഈശ്വരനുമാണ്. ആ ഏകസത്തയാണ് സ്വർഗ്ഗമായും, നരകമായും , ഭൂമിയായും മറ്റും കാണപ്പെടുന്നത്. അത് കാണുന്ന ആളെ ആശ്രയിച്ചിരിക്കുന്നു. നീലക്കണ്ണാടിയിൽ കൂടി നോക്കുന്നയാൾ എല്ലാം നീലയായി കാണുന്നു. ചുവന്ന കണ്ണാടിയിൽ കൂടി നോക്കുന്നയാൾ എല്ലാം ചുവപ്പായി കാണുന്നു. കാണപ്പെടുന്ന സത്തയാകട്ടെ നീലയുമല്ല ചുവപ്പുമല്ല.
ദൈവം എത്ര മനോഹരമായാണ് ഈ ലോകത്തെ സൃഷ്ടിച്ചതെന്നും എത്ര അത്ഭുതകരമായാണ് അതിനെ പരിപാലിക്കുന്നതെന്നും നോക്കിയാൽ അത്ഭുതം തോന്നും. ഇത്രയധികം വൈജാത്യവും ആവൈജാത്യങ്ങളുടെയെല്ലാം നടുവിൽ അത്ഭുതകരമായ സമത്വവും. ആ സമത്വത്തെ തകർക്കുവാൻ മനുഷ്യനെന്നല്ല ഒരു ശക്തിക്കും കഴിയുകയില്ല. മറ്റുള്ളവരേക്കാൾ കേമനാകുവാനും ,സമർത്ഥനാകുവാനും നാം എത്രയധികം കഷ്ടപ്പെടുന്നു. എന്നാൽ ഈശ്വരൻ വരച്ച സമത്വത്തിന്റെ പരിധികളെ അതിലംഘിക്കുവാൻ നമുക്കൊരിക്കലും കഴിയുകയില്ല കൂട്ടുകാരേ. നാം ശ്രേഷ്ഠരാണെന്ന് സ്വയം കരുതിയേക്കാം – എല്ലാവരും അങ്ങനെതന്നെയാണ് കരുതുന്നതും – അത് നമ്മുടെ മനസ്സിന്റെയൊരു വികൽപം മാത്രം!
വൈജാത്യങ്ങൾ തീർച്ചയായും ഉണ്ട് -അത് ഉണ്ടാവുകയും വേണം – എന്നാൽ ആവൈജാത്യങ്ങളെ അസമതയായി തെറ്റിദ്ധരിക്കാതിരിക്കുക. വാസ്തവത്തിൽ നാം ആശയക്കുഴപ്പത്തിലാണ്. വൈജാത്യങ്ങളെ നാം അസമതയായി തെറ്റിദ്ധരിക്കുന്നു. ഈ ആശയക്കുഴപ്പങ്ങളാണ് നമ്മെ സുഖദു:ഖങ്ങളിൽ കൊണ്ടുവന്ന് ചാടിക്കുന്നത്. അതുകൊണ്ടാണ് ഇത് ദൈവരാജ്യമായി നമുക്കനുഭവപ്പെടാത്തതും. നോക്കൂ..ആന സസ്യം ഭക്ഷിക്കുന്നു, സിംഹം മാംസം ഭക്ഷിക്കുന്നു. അതൊരുതരം വൈജാത്യം മാത്രം, ശ്രേഷ്ഠതയുടെ അളവുകോലല്ല. ഇതുപോലേയുള്ളൂ മനുഷ്യന്റെ കാര്യവും! എല്ലാവരും വ്യത്യസ്തരാണ്, അതേസമയം സമന്മാരുമാണ്.
ആയിരക്കണക്കിന് വൈജാത്യങ്ങളുടെ നടുവിലും ആനന്ദത്തിന്റെ കാര്യത്തിൽ എല്ലാവരും സമന്മാരാണ്. തെരുവിൽ അലയുന്ന യാചകനും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും ആനന്ദത്തിന്റെ കാര്യത്തിൽ സമന്മാരാണ്. ഈ സമത്വത്തെ അതിലംഘിക്കുവാൻ ദേവേന്ദ്രൻ വിചാരിച്ചാലും സാധിക്കില്ല. പണം ഉണ്ടാക്കിയാൽ ആനന്ദം കൂടുമെന്ന് നാം വെറുതേ മോഹിക്കുന്നു. മരണം കാത്ത് കഴിയുന്ന വൃദ്ധനും കഴിഞ്ഞയിടെ ജനിച്ച ശിശുവും മധ്യവയസ്സിൽ എത്തിനിൽക്കുന്ന യുവാവും സന്തോഷത്തിന്റെ കാര്യത്തിൽ സമന്മാരാണ്. ഈ യാഥാർഥ്യത്തെ വേണ്ട വണ്ണം മനസ്സിലാക്കുന്നവന് ഈ ലോകം ദൈവരാജ്യം പോലെ അനുഭവപ്പെടും!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120