Sports

തിരുവനന്തപുരം: ഫുട്‌ബോള്‍ ഒരു പ്രദേശത്തിന്റെയോ രാജ്യത്തിന്റെയോ കുറച്ച് ജനങ്ങളുടേയോ ആവേശമല്ല അത് ഒരു ഭൂഗോളത്തിന്റെ ജ്വരമാണ്. ലോകത്തിലേറ്റവും പ്രിയപ്പെട്ട കായിക വിനോദമായത് ഈ തുകല്പന്ത് തന്നെയാണ് … ലോകരാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന കായികമേളയായ ഒളിമ്പിക്‌സിനേക്കാള്‍ ജനങ്ങള്‍ വീക്ഷിക്കുന്നത് ലോകകപ്പ് ഫുട്‌ബോളാണ് എന്ന യാഥാര്‍ത്ഥ്യം മേല്‍പ്പറഞ്ഞ ജ്വരത്തിന്റെ ശക്തി നമുക്ക് മനസ്സിലാക്കി തരുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ കാല്‍പ്പന്തുകളിയുടെയും ക്രിക്കറ്റിന്റെയും ഹോക്കിയുടെയും വിത്ത് പാകിയപ്പോള്‍ ബാറ്റിന്റെയും സ്റ്റമ്പിന്റെയും ഹോക്കി സ്റ്റിക്കുകളുടെയും പിറകെ പോവാതെ കാല്‍പ്പന്തുകളിയെ ജീവനു തുല്ല്യം സ്‌നേഹിച്ചു ആരാധനയോടെ നെഞ്ചിലേറ്റി തങ്ങളുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കി മാറ്റി ഫുട്‌ബോളിന്റെ മനോഹാരിതയെയും തനിമയെയും തെല്ലും നഷ്ടപ്പെടുത്താതെ അന്ന് മുതല്‍ ഇന്ന് വരെ കാത്തുസൂക്ഷിച്ച് പോരുന്ന രണ്ട് നാടുകളുണ്ട് ഇന്ത്യാ മഹാരാജ്യത്ത്. ഇന്ത്യന്‍ ഫുട്‌ബോളിന് തേജസ്സും ഓജസ്സും നല്‍കി സംരക്ഷിച്ചു പോന്ന ജനവിഭാഗങ്ങള്‍.

ഫുട്‌ബോള്‍ ദൈവം പെലെയുടെയും മറഡോണയുടെയും കാര്‍ലോസ് ആല്‍ബര്‍ട്ടോയുടെയും ബെക്കന്‍ബോവറുടെയും ലെവ് യാഷിന്റെയും ബയെണ്‍ മ്യൂണിക്കിന്റെയും സ്പര്‍ശനം ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ച വംഗനാട് ആണ് ഒന്നാമത്തേതെങ്കില്‍ റൊണാള്‍ഡീന്യോയിലൂടെ ഫുട്‌ബോളിന്റെ മാന്ത്രിക സാന്നിധ്യം നേരിട്ട അനുഭവിച്ചറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളമാണ് രണ്ടാമത്തേത്. നാട്ടിൽ നിന്നുള്ള പ്രവാസജീവിത യാത്രയിൽ മലയാളികൾ യുകെയിലും എത്തിച്ചേർന്നു. ഫുട്ബോളിന്റെ മാത്രിക ചെപ്പായ യുകെയിൽ തങ്ങളുടെ കുട്ടികൾക്ക് വേണ്ടി ലഭിക്കാവുന്ന നല്ല പരീശീലനം നൽകുവാൻ ഒരു  ഫുടബോള്‍ അക്കാദമി എന്ന സ്വപ്നത്തിന്റെ ആവിഷ്ക്കാരം… ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുടബോള്‍ അക്കാദമിയുടെ ഉദയം..

ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ മലയാളി കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്കുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുടബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ രാജു ജോർജിനെ ആദരിച്ചു. വര്‍ഷങ്ങക്ക് ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരളാ സന്തോഷ് ട്രോഫി ടീം അംഗങ്ങള്‍ക്ക് ആദരം നല്കുന്ന വേദിയില്‍ വെച്ചാണ് കോട്ടയം കുറവിലങ്ങാട് സ്വദേശി രാജു ജോര്‍ജിനേയും ആദരിച്ചത്. ഇംഗ്ലണ്ടില്‍ മലയാളി കുട്ടികളുടെ കായികക്ഷമത ലക്ഷ്യമാക്കി ഫുട്‌ബോള്‍ പരിശീലനമെന്ന ആശയമിടുകയും ഇുപ്പോള്‍ 40 ലധികം വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് അക്കാദമി പരിശീലനം നല്കി വരികയും ചെയ്യുന്നുണ്ട്. കായിക മന്ത്രി എ.സി മൊയ്തീന്‍  മൊമെന്റോ നല്കി ആദരിച്ചു. കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും പിന്നാലെ ഓടിപ്പായുന്ന കാലഘട്ടത്തില്‍ കായികക്ഷമതയ്ക്കായി പ്രത്യേക പരിഗണന നല്കുന്ന ഈ പ്രവാസി കൂട്ടായ്മ ഏറെ ശ്രദ്ധേയമാണെന്നു കായികമന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം ഐ മേത്തര്‍, കേരളാ കോച്ച് സതീവന്‍ ബാലന്‍, ക്യാപ്ടന്‍ രാഹല്‍ ആര്‍. രാജ്, കോച്ച് ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ പരിശീലനത്തിന് മാനേജര്‍ ജോസഫ് മുള്ളന്‍കുഴി, അസി.മാനേജര്‍ അന്‍സാര്‍ ഹൈദ്രോസ് കോതമംഗലം, ബൈജു മേനാച്ചേരി ചാലക്കുടി, ജിജോ ദാനിയേല്‍ മൂവാറ്റുപുഴ തുടങ്ങിയവരാണ് നേതൃത്വം നല്കുന്നത്.

 

 

ഉന്നാവോ- കത്വ ബലാത്സംഗക്കേസുകളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകനുമായ ഗൗതം ഗംഭീര്‍ രംഗത്ത്. ഇന്ത്യയുടെ പൊതു ബോധമാണ് ആദ്യം ഉന്നാവോയിലും പിന്നീട് കത്വയിലും ബലാത്സംഗം ചെയപ്പെട്ടതെന്ന് ഗംഭീര്‍ പറഞ്ഞു. രാഷ്ട്രത്തിന്റെ പൊതുബോധം തെരുവില്‍ കൊല്ലപ്പെടുകയാണ്. അല്ലയോ ഭരണക്കൂടമെ കുറ്റവാളികളെ ശിക്ഷിക്കാന്‍ ധീരത കാണിക്കൂ. അതിന് ഞാന്‍ നിങ്ങളെ വെല്ലുവിളിക്കൂന്നു എന്നാണ് ഗംഭീര്‍ ട്വിറ്റില്‍ കുറച്ചത്.

കത്വയില്‍ ക്രൂര ബലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട ഇന്ത്യയുടെ മകള്‍ക്ക് വേണ്ടി പോരാടുന്ന അഭിഭാഷകയെ തടയാന്‍ ശ്രമിക്കുന്ന അഭിഭാഷകരെ ഓര്‍ത്ത് ലജ്ജിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സംഭവത്തില്‍ ടെന്നീസ് താരം സാനിയ മിര്‍സയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഈ എട്ടു വയസ്സുകാരിക്കൊപ്പം നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ നമ്മള്‍ മനുഷ്യരല്ലെന്നും ഇങ്ങനെയാണോ ലോകം നമ്മളെ ഇപ്പോള്‍ കാണേണ്ടത് എന്നുമായിരുന്നു സാനിയ മിര്‍സ പറഞ്ഞത്.

നേരെത്ത ജമ്മു കാശ്മീരിലെ കത്ത്വവയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഹാജരാകാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി വനിതാ അഭിഭാഷക പരാതിപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും, ബാര്‍ അസോസിയേഷനില്‍ നിന്നും ഭീഷണിയുണ്ടായതായി അഭിഭാഷക ദീപിക എസ് രജാവത്താണ് എന്‍എഐയോട് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ജനുവരി 10 നാണ് രസനയിലെ വീടിന് സമീപത്തുനിന്നും ആസിഫയെ കാണാതാവുന്നത്. തുടര്‍ന്ന് ഏഴു ദിവസത്തിന് ശേഷമാണ് വനപ്രദേശത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ എട്ട് പേര്‍ ചേര്‍ന്നാണ് എട്ടുവയസ്സുകാരിയെ ക്രൂരമായി പിച്ചിച്ചീന്തി കൊലപ്പെടുത്തിയത്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബലാത്സംഗത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്.

ആസിഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വന്ന വാര്‍ത്തകള്‍ കണ്ടാണ് കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് അഭിഭാഷക പറയുന്നു. താന്‍ കേസ് ഏറ്റെടുക്കുന്നുവെന്ന് അറിഞ്ഞതോടെ ബാര്‍ റൂമുകളില്‍ നിന്ന് വെള്ളം പോലും നല്‍കരുതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി അഭിഭാഷക പരാതിപ്പെടുന്നു. മാത്രമല്ല, പ്രതികളെ സംരക്ഷിക്കുവാന്‍ എന്തിന് വേണ്ടിയാണ് അഭിഭാഷകര്‍ ശ്രമിക്കുന്നതെന്നും ദീപിക ചോദിക്കുന്നു.

ബ്രാഹ്മണര്‍ താമസിക്കുന്ന പ്രദേശത്താണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ഉള്‍പ്പെടുന്ന മുസ്ലിം നടോടികള്‍ താമസിച്ചിരുന്നത്. ഇവരെ പ്രദേശത്തുനിന്നും ഒഴിപ്പിക്കുന്നതിനുവേണ്ടിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം പെണ്‍കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സഞ്ജി റാമാണ് കേസിലെ പ്രധാന പ്രതി.

കേസില്‍ പ്രതികളായവരെ വിട്ടയക്കണമെന്ന് ബിജെപി മന്ത്രി ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ആസിഫയ്ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി രാജ്യത്തിന്റെ പലഭാഗത്തുനിന്നും മുറവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

 

ഓസ്ട്രേലിയയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനിടെ ഇന്ത്യൻ സംഘത്തിലെ മലയാളി താരങ്ങളായ കെടി ഇർഫാനെയും രാകേഷ് ബാബുവിനെയും ഇന്ത്യയിലേക്ക് മടക്കി അയച്ചു. ​ഗെയിംസിനിടയിൽ സിറിഞ്ച് ഉപയോ​ഗിച്ചു എന്ന് കണ്ടെത്തിയതിനേ തുടർന്നാണ് താരങ്ങളെ തിരിച്ചയത്. ട്രിപ്പിൾ ജംപിൽ ഫൈനലിലേക്ക് യോഗ്യത നേടിയ രാകേഷ് ബാബുവും ദീർഘദൂര നടത്തത്തിൽ മത്സരിക്കേണ്ട കെടി ഇർഫാനും ഇനി ഒരിക്കലും കോമ്മൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനാവില്ല.

രാകേഷും ഇർഫാനും കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള ഏറ്റവും ആദ്യത്തെ വിമാനത്തിൽ രണ്ടുപേരെയും നാട്ടിലേക്ക് മടക്കി അയക്കൻ കോമൺവെൽത്ത് ഗെയിംസ് അതോറിറ്റി പ്രസിഡന്റ് ലൂയിസ് മാർട്ടിൻ ഉത്തരവിട്ടു. ഇന്ന് രാവിലെ ഓസ്ട്രേലിയൻ സമയം 9 മണിയോടെയാണ് സംഭവത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത് .

ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് മാറ്റി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനം പ്രഖ്യാപിച്ചു.  പാകിസ്ഥാനെ ഇന്ത്യയില്‍ കളിപ്പിക്കാന്‍ ബിസിസിഐയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ദുബായിലും, അബുദാബിയിലുമായി സെപ്റ്റംബര്‍ 13-28 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.   ഐസിസിയിലെ എല്ലാ അംഗ രാജ്യങ്ങളും ഈ തീരുമാനത്തെ പിന്തുണച്ചു. അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ വേദി മാറ്റണമെന്ന് ബിസിസിഐയാണ് ആവശ്യപ്പെട്ടത്. ഏതെങ്കിലും പൊതുവേദിയില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ ബിസിസിഐയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

പാകിസ്ഥാനെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കുന്ന കാര്യം ഒരിക്കലും നടപ്പില്ലെന്ന് ബിസിസിഐ തന്നെ വ്യക്തമാക്കിയിരുന്നു. പൊതുജനാഭിപ്രായം കൂടി മാനിച്ചാണിത്.   ഇംഗ്ലണ്ടിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ ടീം ഏഷ്യാ കപ്പിനായി എത്തുക. അതേസമയം കളി നടക്കുന്നത് യുഎയിലാണെങ്കിലും ഗേറ്റ് കളക്ഷന്‍ ബിസിസിഐയ്ക്കും, സംപ്രേക്ഷണാവകാശം സ്റ്റാര്‍  ഗ്രൂപ്പിനും തന്നെയായിരിക്കും.

എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡിന് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തുക മാത്രമാണ് നല്‍കുക. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള പൗരന്‍മാര്‍ വലിയ തോതില്‍ ജോലി ചെയ്യുന്ന സ്ഥമെന്ന പരിഗണനയാണ് യുഎഇയ്ക്ക് നറുക്കുവീഴാന്‍ കാരണം.  കൂടാതെ ഗള്‍ഫിലെ 1 ദിര്‍ഹം ഇന്ത്യയിലെ 18 രൂപയ്ക്കടുത്താണ്. ഈ വരുമാനത്തില്‍ കൂടി കണ്ണുവെച്ചാണ് ബിസിസിഐ ഈ നീക്കം മുന്നോട്ട് വെച്ചതും നടപ്പാക്കിയതും.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസ് ടീമിനത്തില്‍ വനിതകള്‍ സ്വര്‍ണം നേടിയതിനു പിന്നാലെ പുരുഷന്മാരും സ്വര്‍ണമണിഞ്ഞു. ഫൈനലില്‍ നൈജീരിയയെ 3-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്. ഈ നേട്ടത്തോടു കൂടി ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഒമ്പതായി. നിര്‍ണായകമായി ഡബിള്‍സ് മത്സരത്തില്‍ നൈജീരിയന്‍ താരങ്ങളെ നിലം തൊടാന്‍ അനുവദിക്കാതെ ഇന്ത്യന്‍ താരങ്ങളായ ഹര്‍മീത് ദേശായിയും സത്യന്‍ ജ്ഞാനശേഖരനും ഇന്ത്യയെ സ്വര്‍ണ്ണത്തിലേക്ക് നയിക്കുകയായിരുന്നു.

ഇതോടെ, ഒമ്പത് സ്വര്‍ണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 18 മെഡലുമായി ഇന്ത്യ മൂന്നാം സ്ഥാനത്തു തുടരുകയാണ്. 38 സ്വര്‍ണവും 31 വെള്ളിയും 31 വെങ്കലവുമായി ആതിഥേയരായ ഓസ്‌ട്രേലിയ ഒന്നാമതും 22 സ്വര്‍ണവും 23 വെള്ളിയും 15 വെങ്കലവും ഉള്‍പ്പെടെ 60 മെഡുകളുമായി ഇംഗ്ലണ്ട് രണ്ടാമതുണ്ട്.

ബ്രിസ്റ്റോള്‍: ക്രിക്കറ്റ് ലീഗില്‍ മറ്റൊരു കുതിപ്പിനായുള്ള ആവേശമുണര്‍ത്തി ”ബ്രിസ്റ്റോള്‍ ന്യൂ ഇലവന്‍സ്” പുതിയ ജേഴ്‌സികള്‍ പുറത്തിറക്കി. ശനിയാഴ്ച്ച വൈകുന്നേരം ഫിഷ്‌പോന്‍ഡ്സ് സെന്റ്. ജോസഫ്സ് ഹാളില്‍ നടന്ന യോഗത്തില്‍ ആണ് ജേഴ്‌സികള്‍ വിതരണം ചെയ്തത്. ക്ലബ്ബിന്റെ പ്രധാന സ്‌പോണ്‍സറായ ‘ലണ്ടന്‍ മലയാളം റേഡിയോ’ ഡയറക്ടര്‍ ജെറി കുര്യന്റെ സാന്നിധ്യത്തില്‍ ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ബ്രിസ്‌ക) പ്രസിഡന്റ് മാനുവല്‍ മാത്യു യോഗം നിലവിളക്കുകൊളുത്തി ഉത്ഘാടനം ചെയ്തു. മത്സരങ്ങള്‍ക്കുപരി സൗഹൃദ സമ്പാദനത്തിനും സാമൂഹ്യാവബോധനത്തിനും ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാവട്ടെയെന്നു ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ക്ലബ് ചെയര്‍മാന്‍ മനോജ് വര്‍ഗീസ് അധ്യക്ഷനായിരുന്നു. ക്ലബ് ട്രഷററും ടീം ക്യാപ്റ്റനുമായ പ്രതാപ് രാമചന്ദ്രന്‍, ക്ലബ് സെക്രട്ടറി നോയല്‍ നെവിസ് എന്നിവരും സ്റ്റേജില്‍ സന്നിഹിതരായിരുന്നു. രതീഷ് ശശി സ്വാഗതവും നോയല്‍ നെവിസ് നന്ദിയും പറഞ്ഞു.

ബ്രിസ്റ്റോള്‍ എയ്‌സ് പ്രതിനിധികളായ ക്യാപ്റ്റന്‍ ജെയിംസ് തോമസ് (അനു), സെക്രട്ടറി ജെറിന്‍ മാത്യു എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ന്യൂ ഇലവന്‍സ് ഡെവലപ്‌മെന്റ് ഓഫീസറും ടീം വൈസ് ക്യാപ്റ്റനുമായ ഡെല്‍മി മാത്യു, ഫിക്സ്ചര്‍ സെക്രട്ടറി രതീഷ് ശശി, വെല്‍ഫെയര്‍ ഓഫിസര്‍ മില്‍ട്ടണ്‍ ജോണ്‍, ജൂനിയര്‍ കോഓര്‍ഡിനേറ്റര്‍ രാകേഷ് ജനാര്‍ദ്ദനന്‍ പിള്ള, ടീം അംഗങ്ങളായ അനീഷ്, ബേസില്‍, എബ്രഹാം സിഡ്‌നി, സുരേഷ്, സുരേഷ് ടോം,ജീസ്, ഡയോണി, ജോഷി, ഉമേഷ്, ജോഷി ഡാനിയേല്‍, ദിനേശ്, റ്റിജു, ജെറില്‍, എല്‍ദോ, ആഷ്, ജസ്റ്റിന്‍, ജോഷി പോള്‍, രാജീവ്, ജിജോ, ജയകുമാര്‍, ജോണ്‍ എന്നിവരും സദസിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

ലണ്ടന്‍ മലയാളം റേഡിയോ ഡയറക്ടര്‍ ജെറി കുര്യന്‍ ആണ് ജേഴ്സി വിതരണത്തിന് തുടക്കം കുറിച്ചത്. ക്യാപ്റ്റന്‍ പ്രതാപ് രാമചന്ദ്രന്‍, വൈസ് ക്യാപ്റ്റന്‍ ഡെല്‍മി മാത്യു എന്നിവരാണ് ആദ്യം ജേഴ്‌സികള്‍ കൈപ്പറ്റിയത്. തുടര്‍ന്ന് ടീം അംഗങ്ങള്‍ ഒരോരുത്തരായി അവരവരുടെ പേരുകള്‍ അടങ്ങുന്ന ജേഴ്സി കിറ്റുകള്‍ സ്വന്തമാക്കി. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ സ്‌നേഹവിരുന്നിലും ക്ഷണിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ എല്ലാവരും പങ്കുചേര്‍ന്നു.

ആഴ്‌സെനല്‍ ഫുട്‌ബോള്‍ ക്ലബ്ബിനോടുള്ള ആരാധന മൂത്ത് കുഞ്ഞിന് ക്ലബ് താരത്തിന്റെ പേരിട്ട മലപ്പുറം കാരന് ആഴ്‌സനലിന്റെ ആദരം. മലപ്പുറം, മഞ്ചേരി സ്വദേശിയായ ഇന്‍സമാമിനെക്കുറിച്ചുള്ള വീഡിയോ ആഴ്‌സനല്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ക്ലബ് താരമായ മെസുദ് ഓസിലിന്റെ പേരാണ് ഇന്‍സമാം കുഞ്ഞിന് നല്‍കിയത്. ഇന്‍സമാം-ഫിദ സനം ദമ്പതികള്‍ക്ക് കഴിഞ്ഞ ഡിസംബറിലായിരുന്നു കുഞ്ഞ് പിറന്നത്.

ഭാര്യ ഗര്‍ഭിണിയായപ്പോള്‍ത്തന്നെ ആണ്‍കുട്ടിയാണ് പിറക്കുന്നതെങ്കില്‍ ആഴ്‌സെനല്‍ താരത്തിന്റെ പേരായിരിക്കും നല്‍കുകയെന്ന് തീരുമാനിച്ചിരുന്നുവെന്ന് ഇന്‍സമാം വീഡിയോയില്‍ പറയുന്നു. മതവിശ്വാസിയായതിനാല്‍ മുസ്ലീം പേരിനോടായിരുന്നു താല്‍പര്യം. എല്‍നെനി എന്ന പേരും പരിഗണിച്ചെങ്കിലും ഒടുവില്‍ മെസുദ് ഒസിലിന്റെ പേര് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. താന്‍ ഓസിലിന്റെ ആരാധകനാണെന്നും ഇന്‍സമാം പറയുന്നു.

വീഡിയോ കാണാം

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ ടൂര്‍ണമെന്റാണ് സന്തോഷ് ട്രോഫി. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം സന്തോഷ് ട്രോഫിയിലെ മത്സരങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തിരുന്നില്ല.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മത്സരങ്ങളില്‍ ചിലത് സംപ്രേഷണം ചെയ്തിരുന്നു. ഒരേ സമയത്ത് രണ്ട് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഒരു മത്സരം മാത്രമായിരുന്നു എഫ്ബിയില്‍ ലൈവ് ആയി കാണിച്ചിരുന്നത്.

കേരളം ഫൈനലില്‍ ബംഗാളുമായി ഏറ്റുമുട്ടിയപ്പോള്‍ ടെലിവിഷന്‍ സംപ്രേഷണം ഇല്ലാത്തതിലുളള നിരാശ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കയാണ് ടൂര്‍ണമെന്റ് ജേതാവായ കേരള ടീമില്‍ നിന്നുമുള്ള അഫ്ദല്‍ മുത്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പേജു വഴി മത്സരം കാണിച്ചത് അതില്‍ നിന്നുള്ള വരുമാനം ലക്ഷ്യം വെച്ചായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് അഫ്ദല്‍ പറഞ്ഞു. മാത്രമല്ല പേജിനെ ആളുകള്‍ക്കിടയില്‍ മാര്‍ക്കറ്റു ചെയ്യാനുള്ള നീക്കം കൂടി അതില്‍ ഉണ്ടായിരുന്നുവെന്നും മലപ്പുറം സ്വദേശിയായ താരം മാധ്യമങ്ങളോടു പറഞ്ഞു.

ഏതാണ്ട് നാല്‍പതിനായിരത്തില്‍ അധികം പേരാണ് സന്തോഷ് ട്രോഫി മത്സരം ഫേസ്ബുക്ക് ലൈവ് വഴി കണ്ടത്. എന്നാല്‍ ടെലിവിഷന്‍ സംപ്രേഷണം ഇല്ലാത്തതിനാല്‍ സാധാരക്കാരായ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ കഴിഞ്ഞില്ലായിരുന്നു.അടുത്ത പ്രാവശ്യം മുതല്‍ മത്സരത്തിന്റെ സംപ്രേഷണം ഉണ്ടാവണമെന്ന് ആരാധകര്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. ആവേശകരമായ ഫൈനലില്‍ ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണു കേരളം ജേതാക്കളായത്.

കുട്ടിക്രിക്കറ്റിന്‍റെ വസന്തകാലം വിരിയിച്ച ഐപിഎൽ വീണ്ടുമെത്തുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 11-ാം സീസണ്‍ ഏപ്രിൽ ഏഴിനു മുംബൈയിൽ തുടക്കം കുറിക്കും. കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസും മുൻ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

കുട്ടിക്രിക്കറ്റിന്‍റെ ആവേശം സിരകളിലേറ്റുവാങ്ങി ആരാധകർ ആഘോഷത്തിമർപ്പിലേറുന്ന നാളുകളാണ് പിന്നീട്. എട്ട് ടീമുകൾ തങ്ങളുടെ ശക്തിപരീക്ഷണങ്ങൾക്ക് മൈതാനത്തിറങ്ങും. ആകെ 60 മത്സരങ്ങൾ. മേയ് 27നു മുംബൈയിലാണ് ഫൈനൽ.

ഐപിഎലിൽ മലയാളികളുടെ ആവേശവും ചെറുതല്ല. സ്വന്തമായി ടീമില്ലെങ്കിലും മലയാളക്കരയ്ക്ക് അഹങ്കരിക്കാൻ അരഡസൻ താരങ്ങൾ ഐപിഎൽ പോരാട്ടങ്ങൾക്ക് തയാറെടുക്കുന്നു. ഇതിൽ മൂന്നുപേർ പുതുമുഖങ്ങളാണ്. 11-ാം എഡിഷൻ ഐപിഎലിൽ വിവിധ ടീമുകൾക്കൊപ്പമുള്ള ആറു മലയാളി താരങ്ങളെക്കുറിച്ച്…

സഞ്ജു സാംസണ്‍

2013 സീസണിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണ്‍ ഇതുവരെ നേടിയത് 1,426 റണ്‍സ്. ശരാശരി – 25.46. സ്ട്രൈക്ക് റേറ്റ് – 124.43. ഇതിൽ കഴിഞ്ഞ സീസണിൽ റൈസിംഗ് പൂണെ സൂപ്പർ ജയന്‍റ്സിനെതിരെ വെറും 63 പന്തിൽ നേടിയ ഉജ്വല സെഞ്ചുറിയും ഏഴു അർധ സെഞ്ചുറിയും ക്രെഡിറ്റിലുണ്ട്. ഇത്തവണ എട്ട് കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ സ്വന്തം പാളയത്തിൽ എത്തിച്ചിരിക്കുന്നത്.

ബേസിൽ തന്പി

2017 സീസണിൽ അരങ്ങേറ്റത്തിൽ തന്നെ എമേർജിംഗ് പ്ലെയർ അവാർഡ് നേടിയാണ് ബേസിൽ തന്പി വരവറിയിച്ചത്. 12 മൽസരങ്ങളിൽ നിന്നും 11 വിക്കറ്റാണ് കഴിഞ്ഞ വർഷം തന്പി നേടിയത്. 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

സച്ചിൻ ബേബി

2013-ൽ രാജസ്ഥാൻ റോയൽസിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ബേബിക്ക് ഇതുവരെയും തന്‍റെ മികവിനൊത്ത പ്രകടനം നടത്താനായിട്ടില്ല. ആദ്യ സീസണിൽ നാലു മൽസരങ്ങളിൽ മാത്രമാണ് സച്ചിൻ ബേബിക്ക് അവസരം കിട്ടിയത്. 2016 സീസണിൽ ബംഗളൂർ റോയൽ ചലഞ്ചേഴ്സിന്‍റെ ക്യാംപിലെത്തിയ സച്ചിൻ ബേബി 11 മൽസരങ്ങളിൽ കളിച്ചു.

കോഹ്‌ലി -ഡിവില്ലിയേഴ്സ്-ഗെയ്ൽ തുടങ്ങിയ വന്പനടിക്കാരുടെ ടീമിൽ 150-നു മുകളിൽ സ്ട്രൈക്ക് റേറ്റ് നിലനിർത്തിയ താരത്തിന്‍റെ മികച്ച സ്കോർ 33 ആണ്. ഇക്കുറി 20 ലക്ഷം രൂപയ്ക്കാണ് സച്ചിൻ ബേബിയെ സണ്‍റൈസേഴ്സ് തങ്ങളുടെ താവളത്തിലെത്തിച്ചിരിക്കുന്നത്. പുതിയ സീസണിൽ മികച്ച പ്രകടനമാണ് കേരള ടീം ക്യാപ്റ്റൻ ലക്ഷ്യമിടുന്നത്.

കെ.എം. ആസിഫ്

രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഇതുവരെ കളിക്കാത്ത താരമാണ് പേസ് ബൗളറായ കെ.എം. ആസിഫ് ഐപിഎൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. 2018 ഐപിഎലിൽ എം.എസ്. ധോണി നായകനായ ചെന്നൈ സൂപ്പർ കിംഗ്സ് 40 ലക്ഷം രൂപയ്ക്കാണ് ആസിഫിനെ സ്വന്തമാക്കിയത്.

കായികലോകത്തേക്ക് ആസിഫ് എത്തിയത് ഫുട്ബോൾ തട്ടിക്കൊണ്ടാണ്. സ്കൂൾ തലത്തിൽ കാൽപ്പന്തുകളിയിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ, ജിവി രാജ സ്പോർട്സ് സ്കൂളിലെത്തിയതോടെ ഈ മലപ്പുറം സ്വദേശിക്ക് പിന്നീടെല്ലാം ക്രിക്കറ്റ് മാത്രമായി. അങ്ങനെ ഇത്തവണ ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഭാഗമായി.

ഓസീസ് പേസർ ഗ്ലെൻ മഗ്രാത്തിന്‍റെ ശിക്ഷണത്തിൽ ഉജ്വല പേസറായി തീർന്നിരിക്കുകയാണ് ആസിഫ്. 140 കിലോമീറ്റർ ശരാശരി വേഗത്തിലാണ് ഈ 24-കാരന്‍റെ ബൗളിംഗ്. കേരളത്തിനായി വിജയ് ഹസാരെ മത്സരത്തിൽ കഴിഞ്ഞ വർഷം അരങ്ങേറി.

ഒരു ലിസ്റ്റ് എ മത്സരവും രണ്ട് ട്വന്‍റി-20യും മാത്രമാണ് കേരളത്തിനായി കളിച്ചത്. ലിസ്റ്റ് എ മത്സത്തിൽ 65 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ്. രണ്ട് ട്വന്‍റി-20യിൽ നിന്നായി അഞ്ച് വിക്കറ്റുകൾ പിഴുതു. 25 റണ്‍സിന് മൂന്ന് വിക്കറ്റാണ് ട്വന്‍റി-20യിലെ മികച്ച പ്രകടനം.

എസ്. മിഥുൻ

രഞ്ജിയിൽ അരങ്ങേറ്റം കുറിക്കാത്ത കളിക്കാരനാണ് ആലപ്പുഴ സ്വദേശിയായ എസ്. മിഥുൻ. 23 വയസുകാരനായ ഈ ലെഗ്സ്പിന്നറെ രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് മിഥുനായി റോയൽസ് മുടക്കിയത്.

സയീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി പുറത്തെടുത്ത മികവാണ് സെലക്ടർമാരുടെ കണ്ണിലുടക്കിയത്. സഞ്ജു വി. സാംസണിനൊപ്പമാണ് മിഥുൻ രാജസ്ഥാനിൽ കളിക്കാൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ലിസ്റ്റ് എ മത്സരത്തിൽ പത്ത് ഓവറിൽ 41 റണ്‍സ് മാത്രമാണ് വിട്ടുനല്കിയത്. വിക്കറ്റ് നേടാൻ സാധിച്ചില്ല. മൂന്ന് ട്വന്‍റി-20യിൽ കേരളത്തിനായി കളിച്ചു. പത്ത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് എടുത്തതാണ് മികച്ച പ്രകടനം. ഐപിഎൽ അരങ്ങേറ്റം ഉജ്വലമാക്കാനുള്ള ശ്രമത്തിലാണ് മിഥുൻ.

എം.ഡി. നിധീഷ്

കോട്ടയം സ്വദേശിയായ എം.ഡി. നിധീഷിനെ മുംബൈ ഇന്ത്യൻസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് ഈ ഇരുപത്തിയാറുകാരനായി മുംബൈ മുടക്കിയത്. പരമാവധി വേഗതയിൽ പന്തെറിയുകയാണ് നിധീഷിന്‍റെ ഹരം. രഞ്ജി ട്രോഫിയിൽ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് മുംബൈയിലേക്കുള്ള വാതിൽ നിധീഷിനു മുന്നിൽ തുറക്കാൻ കാരണം.

ഐപിഎൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഈ യുവതാരം. 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 21 വിക്കറ്റ് വീഴ്ത്തി. 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിംഗ്. നാല് ലിസ്റ്റ് എ മത്സരങ്ങൾ കളിച്ചു. ഒന്പത് വിക്കറ്റ് വീഴ്ത്തി. 41 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

 

 

 

ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ സിസര്‍ കട്ട് ഗോള്‍ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ യുവന്റസ് ആരാധകര്‍ പോലും ആ ഗോള്‍ കണ്ട് എഴുന്നേറ്റ് നിന്ന് കൈയ്യടി്ച്ചു പോയി. റയില്‍ പിശീലകന്‍ അമ്പരന്ന് തലയില്‍ കൈവെച്ച് പോയ കാഴ്ച്ചയും ഫുട്‌ബോള്‍ ലോകം കണ്ടു.

എന്നാല്‍ ഗോള്‍ പിറന്നതോടെ റിസര്‍ബെഞ്ചിലിരിക്കുകയായിരുന്ന റൊണാള്‍ഡോയുടെ സഹതാരം ഗ്യാരത് ബെയ്‌ലിന്റെ മുഖത്ത് നിഴലിച്ച നിരാശയായിരുന്നു. സഹതാരങ്ങളെല്ലാം ഗോളില്‍ മതിമറന്ന് ആഹ്ലാദിച്ചപ്പോള്‍ മൗനിയായിട്ടായിരുന്നു ബെയ്ല്‍ റിസര്‍വ്വ് ബെഞ്ചിലിരുന്നത്.

നിര്‍ണായക പോരാട്ടത്തില്‍ തനിക്ക് ആദ്യ ഇലവനില്‍ കോച്ച് സൈനുദ്ദീന്‍ സിദാന്‍ അവസരം നല്‍കാത്തതിലുള്ള അനിഷ്ടം ബെയിലിന്റെ മുഖത്ത് പ്രകടമായിരുന്നു. ബെയിലിന് പകരം ഇസ്‌ക്കോക്കാണ് ആദ്യ ഇലവനില്‍ സിദാന്‍ അവസരം നല്‍കിയത്. യുവന്റസിനെതിരെ റിസര്‍വ് ബഞ്ചില്‍ മറ്റാവോ കോവാസിച്ച്, മാര്‍ക്കോ അസുന്‍സിയോ, ലുക്കാസ് വാക്കസ് എന്നിവര്‍ക്ക് സിദാന്‍ അവസരം നല്‍കിയപ്പോള്‍ ബെയിലിന് അവസരമുണ്ടായിരുന്നില്ല.

മത്സരത്തിന്റെ 64ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ ബൈസൈക്കിള്‍ കിക്ക് ഗോള്‍ പിറന്നത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയലിന്റെ വിജയം.

RECENT POSTS
Copyright © . All rights reserved