ഐഎസ്എല്ലില്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈയിൻ എഫ്സി ഗോള്‍ രഹിത സമനില വഴങ്ങിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. എന്നാലും സാങ്കേതികമായി ബ്ലാസ്‌റ്റേഴ്‌സ് ഇനിയും ലീഗില്‍ നിന്നും പുറത്തായിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന് ഇനി അവശേഷിക്കുന്നത് ഒരു മത്സരം മാത്രമാണ്. അവസാന മൽസരത്തിൽ ശക്തരായ ബെംഗ്ളൂരു എഫ്സിക്കെതിരെ ജയവും ഭാഗ്യത്തിന്റെ അകമ്പടിയുമുണ്ടെങ്കിൽ അവസാന നാലിൽ ഇടംപിടിക്കും.
ജംഷഡ്പൂര്‍ എഫ്‌സി ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഒരു ജയവും സമനിലയും മാത്രം വഴങ്ങുകയോ രണ്ടിലും തോല്‍ക്കുകയോ വേണം. കൂടാതെ എഫ്‌സി ഗോവ അവശേഷിക്കുന്ന മൂന്ന് മൽസരങ്ങളില്‍ ഒന്നില്‍ തോല്‍ക്കണം. അത് ജംഷഡ്പൂരിനോട് ആകുകയും അരുത്. കൂടാതെ മുംബൈ എഫ്‌സി അടുത്ത രണ്ട് മൽസരവും തോല്‍ക്കുകയോ ഒരു ജയവും സമനിലയും ആകുകയോ വേണം. ഇങ്ങനെയെല്ലാം ഒത്തുവന്നാൽ ബ്ലാസ്‌റ്റേഴ്‌സിന് നാലാമതായി പ്ലേഓഫില്‍ ഇടംപിടിക്കാം. 17 മൽസരങ്ങളിൽ നിന്ന് 25 പോയന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.
അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിച്ചതിന് പിന്നില്‍ ഒരേയൊരു പ്രേരണാശക്തിയെ ഉണ്ടായിരുന്നുളളു. അത് സാക്ഷാല്‍ ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡായിരുന്നു. പരിശീലകന്‍ എന്ന നിലയില്‍ ദ്രാവിഡ് മുന്നോട്ട് വെച്ച ചിട്ടയാര്‍ന്ന പശീലനമായിരുന്നു കൗമാര ഇന്ത്യയ്ക്ക് ലോക കിരീടം നേടിക്കൊടുത്തത്.
എങ്ങനെയാണ് പരിശീലകന്‍ എന്ന നിലയില്‍ ദ്രാവിഡ് ടീം അംഗങ്ങളോട് പെരുമാറിയതെന്ന് ഒടുവില്‍ ടീം ഇന്ത്യയിലെ സ്റ്റാര്‍ ബൗളര്‍ കംലേഷ് നാഗര്‍കോട്ടി വെളിപ്പെടുത്തി. ദ്രാവിഡിനെ ടീം അംഗങ്ങള്‍ക്ക് ഭയമായിരുന്നുവെന്നാണ് നാഗര്‍കോട്ടി തുറന്ന് പറയുന്നത്.
ദ്രാവിഡ് ടീം അംഗങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അദ്ദഹം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ടീം അംഗങ്ങള്‍ക്ക് എല്ലാം പേടി ആയിരുന്നു. ടൂര്‍ണമെന്റ് നടക്കുമ്പോള്‍ പുറത്ത് അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ദ്രാവിഡ് കര്‍ശനമായി ആവശ്യപ്പെട്ടു.
ഈ സംഭവത്തിന് ഉദാഹരണമായി ഒരു മത്സരത്തിന്റെ ഇടവേളയില്‍ ചില ടീം അംഗങ്ങള്‍ ന്യൂസീലന്‍ഡിലെ ക്യൂന്‍സ്ടൗണിലുള്ള പര്‍വത പ്രദേശത്ത് സാഹസിക ട്രക്കിംഗിന് പോകാന്‍ പ്ലാന്‍ ഇട്ടു. എന്നാല്‍ ദ്രാവിഡ് ഇത് പൊളിച്ചു. പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞായിരുന്നു ദ്രാവിഡിന്റെ ഇടപെടല്‍. ഫൈനല്‍ കഴിയും വരെ ടീം അംഗങ്ങള്‍ക്ക് മൊബൈലോ, വാട്ട്‌സ്ആപ്പോ ദ്രാവിഡ് നല്‍കിയില്ല.
ലോകകപ്പിന്റെ സമയത്ത് നടന്ന ഐപിഎല്‍ താരലേലത്തിലും ശ്രദ്ധിക്കേണ്ടതില്ലെന്ന് ദ്രാവിഡ് ടീമംഗങ്ങളോട് പറഞ്ഞിരുന്നു. ഐപിഎല്‍ ലേലം എല്ലാ വര്‍ഷവും ഉണ്ട്. എന്നാല്‍ ലോകകപ്പ് വീണ്ടും നിങ്ങള്‍ക്ക് ലഭിക്കുകയില്ല എന്നായിരുന്നു ദ്രാവിഡിന്റെ ഉപദേശം നാഗര്‍കോട്ടി പറയുന്നു
മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന്‍ മുഹമ്മദ് സരിയാബ് ആത്മഹത്യ ചെയ്തു. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സിലക്ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം. ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്നു. തൊണ്ണൂറുകളില്‍ ഏകദിന മൽസരങ്ങളില്‍ പാക്കിസ്ഥാനു വേണ്ടി കളിച്ച അമീര്‍ ഹനീഫിന്റെ മൂത്ത മകനായിരുന്നു മുഹമ്മദ് സരിയാബ്.
അണ്ടര്‍ 19 ടീമില്‍ കളിക്കാനുള്ള പ്രായപരിധി കഴിഞ്ഞുവെന്ന് ആരോപിച്ചാണ് സരിയബിന് അവസരം നിഷേധിച്ചത്. ഇതില്‍ സരിയബ് ഏറെ അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, തന്റെ മകനെ ടീം കോച്ചും മറ്റുള്ളവരും ചേര്‍ന്ന് ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടതാണെന്ന് അമീര്‍ ഹനീഫ് ആരോപിച്ചു.
ജനുവരിയില്‍ ലഹോറില്‍ നടന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ കറാച്ചി ടീമിനായി കളിക്കാന്‍ സരിയാബ് എത്തിയിരുന്നു. എന്നാല്‍ ഇതിനിടെ പരുക്കേറ്റ താരത്തോട് തിരികെ വീട്ടിലേക്ക് മടങ്ങാൻ പറഞ്ഞു. എന്നാല്‍ പരുക്ക് അത്രകാര്യമല്ലാത്തതിനാല്‍ സരിയാബ് വീട്ടിലേക്ക് പോകാൻ തയാറായില്ല. കളിക്കാന്‍ സാധിക്കുമെന്നു ആത്മവിശ്വാസവും പ്രകടിപ്പിച്ചു. എന്നാല്‍ പ്രായം 19 വയസിന് മുകളിലുണ്ടെന്ന് പറഞ്ഞ് കോച്ചും മറ്റുള്ളവരും സരിയാബിനെ കളിക്കാൻ അനുവദിച്ചില്ല.
കൗമാരക്കാരായ നിരവധി ഫുട്ബോൾ താരങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച മുൻ ഫുട്ബോൾ പരിശീലകന് ബ്രിട്ടണിൽ 31 വർഷം തടവുശിക്ഷ. ലിവർപൂൾ ക്രൗൺ കോടതിയാണ് ഇന്നലെ മുൻ ഫുട്ബോൾ പരിശീലകൻ ബാരി ബെന്നലിനെ 31 വർഷം തടവിനു ശിക്ഷിച്ചത്.
പിശാചിന്റെ അവതാരമെന്ന് പ്രതിയെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ കനത്ത ശിക്ഷ. എട്ടിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള നിരവധി കുട്ടികളെ ഇയാൾ പരിശീലനത്തിന്റെ മറവിൽ ലൈംഗികമായി ദുരുപയോഗിക്കുകയും ഇതിനു വഴങ്ങാത്തവരെ ഫുട്ബോൾ കരിയറിൽനിന്നുതന്നെ ഒഴിവാക്കുകയും ചെയ്തതായാണ് പരാതി.
പന്ത്രണ്ടിലേറെപ്പെരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിധി. എന്നാൽ അമ്പതിലേറെപ്പേരെയെങ്കിലും ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുള്ളതായാണ് കരുതുന്നത്. വരുംദിവസങ്ങളിൽ കൂടുതൽപേർ പുതിയ വെളിപ്പെടുത്തലുകളുമായി എത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിലവിലെ പരാതിക്കാർ.
1979 മുതൽ 1991 വരെയുള്ള കാലയളവിലായിരുന്നു ഇയാൾ കൗമാരക്കാരായ നിരവധി ഫുട്ബോൾ പ്രതിഭകളെ പീഡനത്തിന് വിധേയരാക്കിയത്. ഇതോടെ പലരുടെയും ഫുട്ബോൾ കരിയർ തന്നെ അവസാനിച്ചു. കളിതുടർന്ന പലരും മാനം രക്ഷിക്കാനായി ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു.വർഷങ്ങൾക്കുശേഷം ഇപ്പോൾ ഓരോരുത്തരായി ഇക്കാര്യം തുറന്നടിച്ച് രംഗത്തുവന്നതോടെയാണ് ലോകമറിയുന്ന പരിശീലകന്റെ അറിയാകഥകൾ പുറത്തായതും കോടതി ഇയാളെ ശിക്ഷിച്ചതും
ബ്രാഡ്ലിസ്റ്റോക്ക് ലെഷര്‍ സെന്ററില്‍ 20ഓളം ടീമുകള്‍ തങ്ങളുടെ പോരാട്ടവീര്യം കാഴ്ചവെച്ചപ്പോള്‍ 2018 ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ കളിക്കളത്തില്‍ തീപാറി. ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആവേശോജ്ജ്വലമായ പോരാട്ടത്തിലൂടെ ഫൈനലിലേക്ക് കുതിച്ചെത്തിയ അച്ഛന്റെയും മകന്റെയും കൂട്ടുകെട്ടാണ് ചരിത്രം കുറിച്ച് കൊണ്ട് കിരീട നേടിയത്. ഡോ. സുബ്ബു, സിദ്ധാര്‍ത്ഥ് ജോഡിയാണ് 2018 ബ്രിസ്‌ക ടൂര്‍ണമെന്റിലെ വിജയികള്‍.
സൗത്ത് മീഡ് ഹോസ്പിറ്റല്‍ അനസ്തെറ്റിസ്റ്റായ ഡോ. സുബ്ബുവും മകന്‍ സിദ്ധാര്‍ത്ഥും ചേര്‍ന്ന സഖ്യം ഫൈനലില്‍ മാത്യു ജോസ് ഇന്ദ്രജിത്ത് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. അത്യധികം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഡോ. സുബ്ബു സിദ്ധാര്‍ത്ഥ് സഖ്യത്തിന്റെ വിജയം.
ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആദ്യമായി യൂത്ത് കാറ്റഗറി കൂടി ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ആഷ്ലി ജെയിംസ്, മാത്യു മാനുവല്‍ സഖ്യമാണ് ഈ കാറ്റഗറിയില്‍ വിജയികളായത്. വിവിയന്‍ ജോണ്‍സണ്‍, ജെറോ മാത്യു സഖ്യം റണ്ണറപ്പായി. യൂത്ത് ടീമുകളുടെ പങ്കാളിത്തത്തിനും കളിമികവിനും പ്രോത്സാഹനം നല്‍കാന്‍ സ്പെഷ്യല്‍ എന്‍കറേജിംഗ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. നോയല്‍ ഷാജിനെവില്‍ ഷാജി, തേജല്‍ സെബാസ്റ്റിയന്‍ദര്‍ശന്‍ സെബാസ്റ്റിയന്‍, ജോവാന്‍ മനോഷ് ജോഷ് മാത്യൂ, ഡേവിഡ് സെബാസ്റ്റിയന്റൂബെന്‍ റെജി സഖ്യങ്ങളാണ് ഈ അവാര്‍ഡിന് അര്‍ഹരായത്.
വിജയികള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫികള്‍ ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു സമ്മാനിച്ചു. മത്സരങ്ങളുടെ ഫസ്റ്റ് റഫറി നെയ്സെന്റ്, റഫറി ടെനി ആന്റണി എന്നിവര്‍ മത്സരത്തിന്റെ മികവ് ഉയര്‍ത്തിപ്പിടിക്കാന്‍ നേതൃത്വം നല്‍കി. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ബ്രിസ്‌ക സ്പോര്‍ട്സ് സെക്രട്ടറി സുബിന്‍ സിറിയക്ക് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 2018 ബ്രിസ്‌ക ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രയത്നിച്ച ബിജു എബ്രഹാം, ബിജു പപ്പാരില്‍, ജോജി മാത്യൂ , ജസ്റ്റിന്‍ മഞ്ഞളി, ജോസ് തോമസ്, ഷാജി സ്‌കറിയ, സന്തോഷ് പുത്തേറ്റ്, ജെയിംസ് ജേക്കബ് എന്നിവരുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനവും എടുത്ത് പറയേണ്ടതാണ്.
മാനുവല്‍ മാത്യു, ബിജു എബ്രഹാം, ജസ്റ്റിന്‍ മഞ്ഞളി, ബിജു പപ്പാരില്‍, ജോജി മാത്യൂ, എന്നിവരായിരുന്നു ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങള്‍. ജോര്‍ജ്ജ് കളത്തറ, മനു വാസുദേവപ്പണിക്കര്‍, അജിന്‍ കുളങ്ങര, ലൈജു, ജോസ് തയ്യില്‍ എന്നിവര്‍ക്ക് ഭാരവാഹികള്‍ പ്രത്യേക നന്ദി അറിയിച്ചു. ബ്രിസ്‌കയുടെ സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും നല്‍കിയ പോസിറ്റീവ് വിമര്‍ശനങ്ങളും, നിര്‍ദ്ദേശങ്ങളും, അഭിനന്ദനങ്ങളുമാണ് ഈ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് വഴിയൊരുക്കിയത്. ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2018 വിജകരമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രിസ്‌ക എക്സിക്യൂട്ടീവ് കമ്മിറ്റി. യൂത്ത് മത്സരവിഭാഗവും കൂടി ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് വിപുലമാക്കിയതോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വലിയ ടൂര്‍ണമെന്റായി ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വളരുമെന്ന പ്രതീക്ഷയിലാണ് ബ്രിസ്‌ക നേതൃത്വം.
പതിനെട്ടു വയസു തികയാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബ് മുന്‍ ക്യാപ്റ്റന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ. ചെസ്റ്റര്‍ ബൗട്ടണ്‍ ഹാള്‍ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റനായിരുന്ന ലീ ഫ്രാന്‍സിസ് ഡിക്‌സനാണ് ജയിലഴിക്കുള്ളിലായത്. മൂന്ന് കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചതായി ഡിക്‌സണ്‍ കുറ്റസമ്മതം നടത്തി. ഇതേത്തുടര്‍ന്നാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
സംഭവങ്ങളെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിന് പുറമെ ഡിക്‌സന്റെ വീടും നഷ്ടമായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ജഡ്ജ് പാട്രിക് തോംസണ്‍ വിധി പ്രസ്താവിച്ചപ്പോള്‍ മുന്‍ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റന്‍ ആത്മസംയമനം കൈവിട്ടു.
സ്‌കൂളിലെ ജീവനക്കാരനായി ജോലി ചെയ്യവെയാണ് ലീ വിശ്വാസ ലംഘനം നടത്തിയതെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ഇര ഡിക്‌സണോട് സ്‌കൂളിലെ കാര്യങ്ങളും, ക്യാന്റീനെക്കുറിച്ചും പറഞ്ഞതിന് പുറമെ സര്‍ എന്നു വിളിച്ച് അഭിസംബോധന ചെയ്തതുമാണ് പ്രോസിക്യൂട്ടര്‍ കെവിന്‍ ജോണ്‍സ് ചൂണ്ടിക്കാണിച്ചത്. അതേസമയം സ്‌കൂളില്‍ അധ്യാപകന്റെ റോളല്ല ഡിക്‌സണ്‍ നിര്‍വ്വഹിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.
സ്‌കൂളിന് പുറത്ത് നൈറ്റ് ക്ലബില്‍ വെച്ചാണ് മുന്‍ താരവും ഇരയായ വിദ്യാര്‍ത്ഥിയും കണ്ടുമുട്ടിയത്. 2017 ഏപ്രിലില്‍ സംഭവം അരങ്ങേറുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നാലാം സീസണില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവി ഇന്നറിയാം. കേരള ബ്ലാസ്റ്റേഴ്‌സിനു ഇന്ന് ജയിച്ചേ തീരു. ജയിച്ചില്ലെങ്കില്‍ പുറത്ത്. ജയിച്ചാലും ജാംഷെഡ്‌പൂര്‍ എഫ്.സി. എഫ്.സി.ഗോവ, മുംബൈ സിറ്റി എഫ്.സി എന്നീ ടീമുകളുടെ അടുത്ത മത്സരങ്ങള്‍ കൂടിഎങ്ങനെ ആകും എന്നതിനെ അനുസരിച്ചായരിക്കും സെമിഫൈനല്‍ പ്ലേ ഓഫിലേക്കു സ്ഥാനം ലഭിക്കുമോ ഇല്ലയോ എന്നറിയാന്‍ കഴിയൂ. ഇന്ന് ഗൂവഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ ദുര്‍ബലരായ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡിനെ തോല്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
നിലവില്‍ ബെംഗ്‌ളുരുവിനു (33 പോയിന്റ്) പിന്നാലെ പൂനെ (28 പോയിന്റ്) , ചെന്നൈയിന്‍ (27 പോയിന്റ് ) എന്നീ ടീമുകള്‍ കൂടി സെമിഫൈനല്‍ എകദേശം ഉറപ്പിച്ചു. അതായത് ഇനി ഫലത്തില്‍ ഒരു സീറ്റ് മാത്രമെ അവശേഷിക്കുന്നുള്ളു. ഈ സീറ്റിനുവേണ്ടിയാണ് ജാംഷെഡ്‌പൂര്‍ (25 പോയിന്റ്) , കേരള ബ്ലാസ്‌റ്റേഴ്‌സ് (21 പോയിന്റ്) ഗോവ (20 പോയിന്റ് ) ,മുംബൈ (17 പോയിന്റ്) എന്നീ ടീമുകളുടെ കാത്തിരിപ്പ്.
ഇതില്‍ ജാംഷെഡ്‌പൂരും കേരള ബ്ലാസ്‌റ്റേഴ്‌സും 15 മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞു. ഗോവയും മുംബൈയും 14 മത്സരങ്ങളും. . കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനി മൂന്നു മത്സരങ്ങളും ജയിച്ചാല്‍ 30 പോയിന്റ് എന്ന കടമ്പയില്‍ എത്തും. അതേസമയം ജാംഷെഡ്‌പൂര്‍ രണ്ടു മത്സരം ജയിച്ചാല്‍ അവര്‍ക്ക് 31 പോയിന്റ് ആകും. അതായത് ബ്ലാസ്റ്റേഴ്‌സ് മൂന്നു മത്സരങ്ങള്‍ ജയിച്ചാലും ഇനി ജാംഷെഡ്‌പൂര്‍ ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ രണ്ടു മത്സരം ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് പുറത്താകും.. ഗോവ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നു മത്സരങ്ങളില്‍ ജയിക്കുകയും ഒരു സമനില നേടുകയും ചെയ്‌താല്‍ അവര്‍ 30 ല്‍ എത്തും. എന്നാല്‍ ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിച്ചാലും മുംബൈയുടെ കാര്യം സംശയമാണ്.അവര്‍ക്ക് 29 പോയിന്റ് മാത്രമെ ആകുകയുള്ളു.
പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്‌റ്റ് യൂണൈറ്റഡ് കഴിഞ്ഞ മത്സരത്തില്‍ പത്താം സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസിനോട് തോറ്റ ക്ഷീണത്തിലാണ്. അതിനു പുറമെ 56-ാം മിനിറ്റില്‍ അവരുടെ ഗോള്‍ മെഷീനായ മാഴ്‌സീഞ്ഞ്യോയെ പരുക്കേറ്റ നിലയില്‍ മാറ്റേണ്ടിയും വന്നു. മാഴ്‌സീഞ്ഞ്യോയ്‌ക്ക് ഇന്ന് കളിക്കാന്‍ കഴിയില്ല എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതേപോലെ ഡല്‍ഹിക്കെതിരെ 0-1നു തോറ്റ മത്സരത്തിനിടെ ഡിഡിക്ക യ്‌ക്കും പരുക്കുമൂലം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പൂറത്തു പോകേണ്ടി വന്നു.എക മുന്‍ നിര താരം മായിക് സീമയ്‌ക്കും ഡല്‍ഹിക്കെതിരെ മുഴുവന്‍ സമയവും കളിക്കാന്‍ കഴിഞ്ഞില്ല. പകരം മീത്തെ, ഡാനിലോ ലോപ്പസ്, ജോണ്‍ മോസ്‌ക്യൂറോ എന്നിവരെ കൊണ്ടുവരേണ്ടി വന്നു.
മിഡ്‌ഫീല്‍ഡില്‍ റൗളിങ്ങ് ബോര്‍ഹസും ഒട്ടും ഫോമില്‍ അല്ലായിരുന്നു. എന്നാല്‍, സാംബീഞ്ഞ, നിര്‍മ്മല്‍ ഛെത്രി, എന്നിവര്‍ക്കു പുറമെ ലെന്‍ ഡൂങ്കലിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുതി ഇരിക്കേണ്ടത്.
തുടര്‍ച്ചയായി മൂന്നു തോല്‍വികളാണ് നോര്‍ത്ത് ഈസറ്റിനു നേരിടേണ്ടി വന്നത്. പൂനെ ,ഡല്‍ഹി, ജാംഷെഡ്‌പൂര്‍ എന്നീ ടീമുകളോട് 0-1നാണ് നോര്‍ത്ത് ഈസറ്റിന്റെ തോല്‍വി.
പൂനെക്കതിരെ നേടിയ 2-1 വിജയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും കഴിഞ്ഞ എ.ടി.കെയുമായുള്ള 2-2 സമനില എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. സന്ദേശ് ജിങ്കന്‍ , ഇയാന്‍ ഹ്യൂം എന്നിവര്‍ ഇല്ലാതെ കളിക്കേണ്ടി വന്നത് ബ്ലാസ്റ്റേഴ്‌സിനെ കാര്യമായി ബാധിച്ചു. ഇതില്‍ ജിങ്കന്റെ അഭാവം പ്രതിരോധനിരയെ പാടെ ദുര്‍ബലരാക്കി. ലാല്‍റൂവാതരയ്‌ക്ക് ഒറ്റയ്‌ക്കു കൈകാര്യം ചെയ്യുക എളുപ്പമായിരുന്നില്ല. വെസ് ബ്രൗണ്‍, ലാക്കിച്ച് പെസിച്ച് എന്നിവര്‍ കളിക്കാനുണ്ടായിരുന്നുവെങ്കിലും ജിങ്കന്റെ അഭാവം വ്യക്തമായിരുന്നു..
ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രണ്ടു ടീമുകളും മാറ്റങ്ങളുടെ സൂചനകള്‍ ഒന്നും നല്‍കിയില്ല. നോര്‍ത്ത് ഈസറ്റിന്റെ പരിശീലകന്‍ അവ്‌റാം ഗ്രാന്റും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ ഡേവിഡ് ജെയിംസും ഗുരുശിഷ്യന്മാരാണ്. അതേപോലെ രണ്ടു പേരും പകരക്കാരായാണ് രണ്ടു ടീമുകളുടേയും പരിശീലക സ്ഥാനത്തേക്കു സീസണ്‍ പകുതി പിന്നിടുമ്പോള്‍ വന്നെത്തിയത്. . ഇതാണ് മറ്റൊരു സവിശേഷത.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ പോര്‍ട്ട്‌സ്‌മൗത്തില്‍ അയിരുന്നു ഇരുവരും. 2010ല്‍ അവ്‌റാം ഗ്രാന്റിന്റെ ശിക്ഷണത്തില്‍ പോര്‍ട്ട്‌സ്‌മൗത്ത് എഫ്. എ കപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ ടീമിനെ നയിച്ചത് ഡേവിഡ് ജെയിംസാണ്. അന്ന് ഫൈനലില്‍ ചെല്‍സിയോട് 0-1നാണ് പോര്‍ട്ട്‌സ്‌മൗത്ത് തോറ്റത്.
” എട്ട് വര്‍ഷം മുന്‍പ് ഇന്നത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ച് എന്റെ കളിക്കാരനായിരുന്നു. അന്ന് എഫ്. .എ കപ്പ് ഫൈനലില്‍ കളിച്ചത് അവിശ്വസനീയമായ നേട്ടമാണ്. ജെയിംസ് ടീമിന്റെ ക്യാപ്‌റ്റനായിരുന്നു. എല്ലാ ആശംസകളും ഞാന്‍ അദ്ദേഹത്തിനു നല്‍കിയിരുന്നു. പക്ഷ, വിജയിക്കാന്‍ കഴിയാതെ പോയി. പിന്നീട് ടീമിന്റെ ഭാവിയില്‍ ഇത് വളരെ പ്രയോജനകരമായി പിന്നീട് ടീമിനു വളരെ വലിയ മാനസിക കരുത്ത് കാണിക്കുവാനും കഴിഞ്ഞു ” നോര്‍ത്ത് ഈസറ്റ് പരിശീലകന്‍ അവ്‌റാം ഗ്രാന്റ് പറഞ്ഞു.
സെമിഫൈനല്‍ പ്ലേ ഓഫ് മോഹങ്ങള്‍ ചുരുട്ടിക്കെട്ടിക്കഴിഞ്ഞ നോര്‍ത്ത് ഈസ്‌റ്റ് ഇന്ന് ഇറങ്ങുന്നത് തങ്ങളുടെ വളരെ ശക്തമായ ആരാധകര്‍ക്കുവേണ്ടിയാണ് ഒരു ജയം ആരാധകര്‍ക്കു നേടിക്കൊടുക്കുകയാണ് അവ്‌റാം ഗ്രാന്റിന്റെ ലക്ഷ്യം. അതേപോലെ നോര്‍ത്ത് ഈസ്‌റ്റ് നേടിയ മൂന്നു വിജയങ്ങളില്‍ രണ്ടും ഗുവഹാട്ടിയിലെ സ്വന്തം തട്ടകത്തില്‍ വെച്ചാണ്.
ഇന്നലെ കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി സഹപരിശീകന്‍ ഹെര്‍മാന്‍ ഹ്‌റിയോര്‍സനാണ് വാര്‍ത്താ സമ്മേളനത്തിനെത്തിയത്. ” ഞങ്ങള്‍ ഇപ്പോഴും രംഗത്തുണ്ട്. എല്ലാ മത്സരങ്ങളിലും ജയിക്കുകയാണ് ഇനി ലക്ഷ്യം. ടീമിന്റെ പുരോഗമനത്തില്‍ ആഹ്ലാദം തോന്നുന്നു. കഴിഞ്ഞ മത്സരത്തില്‍ ഞങ്ങള്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. 18 ഷോട്ടുകളും 25 ക്രോസുകളും വന്നു” സഹപരിശീകന്‍ ഹെര്‍മാന്‍ തുടര്‍ന്നു.
ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ടിലെ വമ്പന്‍ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിന് ജയം. ഫ്രഞ്ച് കരുത്തന്മാരായ പിഎസ്ജിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. ആദ്യം ഗോള്‍ വഴങ്ങിയ റയല്‍ മൂന്നു ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു.
സ്പാനിഷ് ലീഗില്‍ കിരീടമോഹം ഏറക്കുറെ കൈവിട്ട സിനദിന്‍ സിദാനും സംഘത്തിനും വലിയ ആശ്വാസമാണ് സാന്റിയാഗോ ബര്‍ണബ്യൂവിലെ ജയം. അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ ഒരൊറ്റ ക്ലബിനുവേണ്ടി നൂറ് ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും റൊണാള്‍ഡോ ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഇരട്ടഗോള്‍ കരുത്തിലാണ് സ്പാനിഷ് വമ്പന്‍മാര്‍ ജയം ഉറപ്പിച്ചത്. മാര്‍സലോ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ റാബിയറ്റാണ് പിഎസ്ജിയുടെ ഗോള്‍ മടക്കിയത്. നെയ്മര്‍ റയലിലേക്ക് എത്തുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പിഎസ്ജിയും റയലും കൊമ്പുകോര്‍ത്തത്.
മറ്റൊരു മത്സരത്തില്‍ ശക്തരായ ലിവര്‍പൂള്‍ എഫ് സി പോര്‍ട്ടോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. സാഡിയോ മാനോയുടെ ഹാട്രിക്കാണ് ഇംഗ്ലീഷ് ക്ലബ്ബിന് ആധിപത്യം നല്‍കിയത്. ആദ്യ പകുതിയില്‍ മൊഹമ്മ സലെയും 69ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയും കൂടി ഗോള്‍വല ചലിപ്പിച്ചതോടെ പോര്‍ച്ചുഗീസ് ക്ലബ്ബിന്റെ പതനം പൂര്‍ണ്ണമായി.
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ മാമാങ്കത്തിന്റെ അവസാന പതിനാറില് ഇന്ന് പൊടിപാറും പോരാട്ടം. സ്പാനിഷ് വമ്പന്മാരും നിലവിലെ ചാംപ്യന്മാരുമായ റയല്‍ മാഡ്രിഡ് ഫ്രഞ്ച് സൂപ്പര്‍ ക്ലബ്ബ് പിഎസിജിയെ നേരിടും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.15നാണ് മത്സരം. ലോകത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള് നേര്ക്കുനേര് വരുന്ന പോര് എന്ന പ്രത്യേകതയും റയല്‍-പിഎസ്ജി മത്സരത്തിനുണ്ട്.
റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്ഡോയും പിഎസ്ജിയുടെ നെയ്മറും നേര്ക്കുനേര് വരുമ്പോള് ജയം ആര്ക്കൊപ്പമെന്ന വിലയിരുത്തലുകള്ക്ക് സാധ്യതയില്ല. തുടര്ച്ചയായ മൂന്നാം ചാംപ്യന്‍സ് ലീഗ് കിരീടമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന റയല്‍ മാഡ്രിഡിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്ണാബുവിലാണ് ആദ്യ പാദം. രണ്ടാം പാദം പിസ്ജിയുടെ മൈതനാമായ പാര്ക്ക് ഡെ പ്രിന്സിലും നടക്കും.
സ്പാനിഷ് ലീഗില്‍ പതര്ച്ച തുടരുന്ന റയല്‍ മാഡ്രിഡിന് ഈ സീസണില്‍ ലീഗ് കിരീടത്തില് കാര്യമായ പ്രതീക്ഷയില്ല. അതേസമയം, ചാംപ്യന്‍സ് ലീഗ് നിലനിര്ത്തി മാനം കളയാതിരിക്കാനാകും റയല്‍ കിണഞ്ഞു ശ്രമിക്കുക. അതേസമയം, ലോക റെക്കോര്ഡ് തുകയ്ക്ക് ബാഴ്സയില് നിന്നും പിഎസ്ജിയിലെത്തിയ നെയ്മറിന് തനിക്ക് ലഭിച്ച ലോക റെക്കോര്ഡ് തുകയ്ക്ക് പ്രതിഭ കാണിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
നെയ്മര്‍, കവാനി, എംബപ്പെ എന്ന ലോകോത്തര മുന്നേറ്റനിരയെ നേരിടാന് സിദാന് എന്ത് അത്ഭുതമായിരിക്കും ഒരുക്കിയിരിക്കുക എന്നതാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
നവാസ്, നാച്ചോ, വരാനെ, റാമോസ്, മാഴ്സെലോ, മോഡ്രിച്ച്, കാസമിറോ, ക്രൂസ്, ബെയ്ല്, റൊണാള്‍ഡോ, ബെന്സെമ എന്നിവരെയാകും റയല്‍ മാഡ്രിഡ് ആദ്യ പതിനൊന്നില് ഇറങ്ങുക. അതേസമയം, യൂറി, മാര്കിനോസ്, ആല്വസ്, വരാറ്റി, റാബിയറ്റ്, ഡി മരിയ, എംബപെ, നെയ്മര്‍, കവാനി ലൈനപ്പിലാകും പിഎസ്ജി ബെര്ണാബുവില് ഇറങ്ങുക.
പോര്ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയില് ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ പുതിയ ചരിത്രം രചിച്ചു. ഇതുവരെ താളം കണ്ടെത്താനാകാതെ വലയുകയായിരുന്ന ഓപ്പണര് രോഹിത് ശര്മ്മ തകര്പ്പന് സെഞ്ച്വറിയുമായി ഫോം വീണ്ടെടുത്ത അഞ്ചാം ഏകദിനത്തില് ദക്ഷിണാഫ്രിക്കയെ 73 റണ്സിന് തോല്പ്പിച്ചാണ് ഇന്ത്യ ഏകദിന പരമ്പര തങ്ങളുടെ പേരില് എഴുതിച്ചേര്ത്തത്.
ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ രോഹിതിന്റെ (115) സെഞ്ച്വറിയുടെ പിന്ബലത്തില് നിശ്ചിത 50 ഓവറില് 7 വിക്കറ്റ് നഷ്ടത്തില് 274 റണ്സ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറില് 201 റണ്സിന് ആള്ഔട്ടാവുകയായിരുന്നു. 4 വിക്കറ്റ് നേടിയ കുല്ദീപ് യാദവിന്റെയും 2 വിക്കറ്റ് വീതംനേടിയ ഹാര്ദ്ദിക് പാണ്ഡ്യയുടെയും യൂസ്വേന്ദ്ര ചഹാലിന്റെയും ബൗളിംഗും ഇന്ത്യന്‍ വിജയത്തില് നിര്ണായകമായി.
ഒരു മത്സരം കൂടി ബാക്കിനില്ക്കേ 4 1ന്റെ ലീഡ് നേടിയാണ് കൊഹ്ലിയും കൂട്ടരും ദക്ഷിണാഫ്രിക്കയില് ഏകദിന പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യന്‍ സംഘമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില് 7 വിക്കറ്റ് നഷ്ടത്തില് 274 റണ്സ് നേടി. 115 റണ്സുമായി പര്യടനത്തില് ആദ്യമായി മികച്ച സ്കോര് കണ്ടെത്തിയ ഹിറ്റ്മാന് എന്നറിയപ്പെടുന്ന രോഹിത് ശര്മ്മയാണ് ഇന്ത്യയെ 274ല്‍ എത്തിച്ചത്. ഒരുഘട്ടത്തില് ഇന്ത്യന്‍ സ്കോര് 300 ഉം കടന്ന് പറക്കുമെന്ന് കരുതിയെങ്കിലും അവസരോചിതമായി പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന് യുവതാരം ലുങ്കി എന്ഗിഡി സന്ദര്ശകരുടെ കുതിപ്പിന് കടിഞ്ഞാണിടുകയായിരുന്നു. എന്ഗിഡി 4 വിക്കറ്റ് വീഴ്ത്തി. രോഹിതിനൊഴികെ മറ്റിന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് ആര്ക്കും മികച്ച സ്കോര് കണ്ടെത്താന് കഴിഞ്ഞില്ല. ശിഖര് ധവാന് (34), വിരാട് കൊഹ്ലി (36), ശ്രേയസ് അയ്യര് (30) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റിന്ത്യന് ബാറ്റ്സ്മാന്മാര്. കൊഹ്ലിയും രഹാനെയും (8) രോഹിതുമായുള്ള ആശയക്കുഴപ്പം മൂലം റണ്ണൗട്ടാവുകയായിരുന്നു.
പരമ്പര വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കായി ധവാനും രോഹിത്തും ചേര്‍ന്ന് താരതമ്യേന നല്ല തുടക്കമാണ് നല്‍കിയത്. ഇരുവരും 7.2 ഓവറില് 48 റണ്സിന്റെ കൂട്ട്കെട്ടുണ്ടാക്കി. ആക്രമിച്ച് കളിച്ച ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 23 പന്തില് 8 ഫോറുള്പ്പെടെ 34 റണ്സെടുത്ത ധവാനെ പെഹ്ലുക്വായോയുടെ കൈയില് എത്തിച്ച് റബാഡയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായെത്തിയ നായകന് കൊഹ്ലി ശ്രദ്ധയോടെ തുടങ്ങിയെങ്കിലും റണ്ണൗട്ടായി മടങ്ങി. മൂന്നാം വിക്കറ്റില് രോഹിതിനൊപ്പം 105 റണ്സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് കൊഹ്ലി മടങ്ങിയത്. തുടര്ന്നെത്തിയ രഹാനെയും രോഹിതുമായുള്ള ആശയക്കുഴപ്പത്തില് റണ്ണൗട്ടായി.
പിന്നീടെത്തിയ ശ്രേയസ് അയ്യര് രോഹിതിനൊപ്പം പിടിച്ച് നിന്ന് 60 റണ്സിന്റെ കൂട്ടുകെട്ട് പടുത്തുയര്ത്തി. ഇതിനിടെ രോഹിത് തന്റെ കരിയറിലെ 17ാം ഏകദിന സെഞ്ച്വറിയും കുറിച്ചു. സെഞ്ച്വറി പൂര്ത്തിയാക്കി അധികം വൈകാതെ രോഹിത് മടങ്ങി. എന്ഗിഡി രോഹിതിനെ വിക്കറ്റ് കീപ്പര് ക്ലാസന്റെ കൈയില് എത്തിക്കുകയായിരുന്നു. 126 പന്തില് 11 ഫോറും 4 സിക്സും ഉള്പ്പെട്ടതാണ് രോഹിതിന്റെ സെഞ്ച്വറി ഇന്നിംഗ്സ്.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറില് 201 റണ്സിന് ആള്ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന് നിരയില് 71 റണ്സുമായി പൊരുതി നോക്കിയ ഹഷിം അംലയാണ് ടോപ് സ്കോറര്. ഡിവില്ലിയേഴ്സ് (6) ഉള്പ്പെടെയുള്ള മറ്റുള്ളവര് രണ്ടക്കം പോലും കാണാനാകാതെ പോയതോടെ ഇന്ത്യ ഐതിഹാസിക ജയം കരസ്ഥമാക്കുകയായിരുന്നു.