ഐപിഎല്‍ താരലേലത്തിന്റെ ആദ്യദിനം വളരെ പ്രതീക്ഷയോടെയാണ് ചൂടുപിടിച്ചത്. വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും കോടിക്കണക്കിന് രൂപയ്ക്കാണ് താരലേലത്തില്‍ വിറ്റുപോയത്. എന്നാല്‍ ഒരു ദിവസത്തെ ലേലം അവസാനിക്കാറാകുമ്പോള്‍ ചില സൂപ്പര്‍ താരങ്ങളെ ആരും വാങ്ങിയില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വെടിക്കെട്ട് താരമായിരുന്ന ക്രിസ് ഗെയിലാണ് ഇവരില്‍ ഏറ്റവും ശ്രദ്ധേയന്‍. കഴിഞ്ഞ ഐപിഎല്‍ സീസണുകളില്‍ ബൗളര്‍മാരുടെ പേടിസ്വപ്നമായിരുന്നു ക്രിസ് ഗെയില്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും കരീബിയന്‍ പ്രീമിയര്‍ ലിഗിലും വെടിക്കെട്ട് പ്രകടനം ആവര്‍ത്തിച്ച ഗെയില്‍ അടുത്തിടെ വിന്‍ഡീസ് ഏകദിന ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളി തുടങ്ങിയ ഗെയില്‍ പിന്നീട് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിലേക്ക് മാറി. ഇതിനുശേഷമാണ് ഗെയില്‍ ഐപിഎല്ലിലെ വെടിക്കെട്ട് വീരനായത്. ആദ്യ റൗണ്ടില്‍ ആരും വാങ്ങിയില്ലെങ്കിലും ഗെയില്‍ ആരാധകര്‍ നിരാശരവേണ്ട. നാളെ നടക്കുന്ന ലേലത്തില്‍ കൂിട ഗെയിലിനെ ആരും സ്വന്തമാക്കിയില്ലെങ്കില്‍ ബംഗളൂരുവിന് ഗെയിലിനെ നിലനിര്‍ത്താന്‍ അവസരമുണ്ട്.
ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്, ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംല, ഇംഗ്ലീഷ് താരം ജോ റൂട്ട്, ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ എന്നിവരെയും ആരും സ്വന്തമാക്കാന്‍ തയ്യാറായില്ല.
ഇവരില്‍ ഗെയില്‍ ഒഴികെയുള്ളവര്‍ ട്വന്റി-20ക്ക് അനുയോജ്യരല്ലെന്ന വിലയിരുത്തലിലാണ് ഫ്രാഞ്ചൈസികള്‍ വാങ്ങാന്‍ തയ്യാറാകാതിരുന്നതെന്നാണ് സൂചന. അതേസമയം ഇവര്‍ക്കായി നാളെ ഒരു അവസരം കൂടി ഉണ്ടാകും.
ഒപ്പം ലസിത് മലിംഗ, മിച്ചല്‍ ജോണ്‍സണ്‍, ജോഷ് ഹേസല്‍വുഡ്, ഇഷാന്ത് ശര്‍മ്മ, ടിം സൗത്തി, മിച്ചല്‍ മക്ലീഗന്‍, തുടങ്ങിയ പ്രമുഖ താരങ്ങളെയും ലേലത്തില്‍ വിറ്റുപോയില്ല. ഒരു കോടി അടിസ്ഥാനവിലയുണ്ടായിരുന്ന ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാം ബില്ലിംഗ്‌സിനെയും ലേലത്തില്‍ ആരും വാങ്ങിയില്ല.
ഐഎസ്എല്ലിൽ ഹ്യൂമിന്റെയും നേഗിയുടെയും ഗോളിൽ ഡൽഹി ഡൈനാമോസിനെതിരെ ബ്ലാസ്റ്റേഴ്സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ജയത്തോടെ ബ്ലാസ്റ്റേഴ്സ് 17 പോയന്റോടെ ഐഎസ്എല്ലില്‍ അഞ്ചാംസ്ഥാനത്തെത്തി. 47-ാം മിനിട്ടില്‍ അരങ്ങേറ്റ താരം ദീപേന്ദ്ര നേഗിയും 75-ാം മിനിട്ടില്‍ പെനല്‍ട്ടിയില്‍ നിന്ന് ഇയാന്‍ ഹ്യൂമുമാണ് സ്കോര്‍ ചെയതത്. 35-ാം മിനിട്ടില്‍ കാലു ഉച്ചെയാണ് ഡല്‍ഹിയുടെ ഗോള്‍ നേടിയത്. 12 മൽസരങ്ങളിൽനിന്ന് ഒൻപതാം തോൽവി വഴങ്ങിയ ഡൽഹി ഡെയർഡെവിൾസ് ഏഴു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.
ദീപേന്ദ്ര നേഗിയെ ഫൗൾ ചെയ്തു വീഴ്ത്തിയതിനു ബ്ലാസ്റ്റേഴ്സിന് അനുകൂലമായ പെനൽറ്റി ഹ്യും വലയിലാക്കി. 75–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ നേടി. ആദ്യ പകുതിയിലെ ഡൽഹിയുടെ ഗോളിന് കേരള ബ്ലാസ്റ്റേഴ്സിന്റെ മറുപടി. 47–ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ പിറന്നത്. പകരക്കാരനായിറങ്ങിയ ദീപേന്ദ്ര നേഗി ബ്ലാസ്റ്റേഴ്സിന്റെ ഗോളിനു വഴി തുറന്നു. കോര്‍ണർ കിക്ക് പിടിച്ചെടുത്ത നേഗി ഡൽഹിയുടെ വലയിലേക്ക് തട്ടിയിട്ടു. (1–1). കരൺ സാവ്നിക്കു പകരമാണ് ദീപേന്ദ്ര നേഗി ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയത്.
ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഡൽഹി ഡൈനാമോസ് ഒരു ഗോളിനു മുന്നിലായിരുന്നു. മലയാളി താരം കെ. പ്രശാന്തിന്റെ പിഴവിൽ ലഭിച്ച പെനൽറ്റിയിൽ കാലു ഉച്ചെ നേടിയ ഗോളിലാണ് ആദ്യ പകുതിയിലെ ഡൽഹിയുടെ മുന്നേറ്റം. കേരള ബ്ലാസ്റ്റേഴ്സ് ഗോൾ പോസ്റ്റിൽ നിരന്തരം തലവേദനകൾ സൃഷ്ടിച്ച കളിയാണ് ആദ്യ പകുതിയിൽ ഡൽഹി പുറത്തെടുത്തത്.
ഡൽഹിയുടെ ആദ്യ ഗോൾ: ഡൽഹിയുടെ മികവിനേക്കാൾ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ.പ്രശാന്തിന്റെ മണ്ടത്തരം സമ്മാനിച്ച ഗോളിലാണ് സന്ദർശകർ കൊച്ചിയുടെ കളിമുറ്റത്ത് ലീഡ് സ്വന്തമാക്കിയത്. ബോക്സിനുള്ളിലേക്ക് ചുവടുവച്ചു കയറിയ ഡൽഹി താരം സെയ്ത്യാസെൻ സിങ്ങിനെ ബോക്സിനുള്ളിൽ വലിച്ചു താഴെയിട്ട പ്രശാന്തിന്റെ പിഴവിൽനിന്ന് ഡൽഹിക്ക് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത കാലു ഉച്ചെയ്ക്ക് പിഴച്ചില്ല. സുഭാശിഷ് റോയിക്ക് യാതൊരു അവസരവും നൽകാതെ പന്ത് വലയിൽ. സ്കോർ 1–0.
ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ: രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് ആദ്യ വെടി പൊട്ടിച്ചു. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോർണറിൽനിന്നായിരുന്നു ഗോളിന്റെ വരവ്. ജാക്കിചന്ദ് സിങ് ഉയർത്തിവിട്ട പന്തിന് കണക്കാക്കി ദീപേന്ദ്ര നേഗി കാലുവയ്ക്കുമ്പോൾ ഒപ്പത്തിനൊപ്പം ഡൽഹിയുടെ ആദ്യ ഗോൾ നേടിയ കാലു ഉച്ചെയുമുണ്ടായിരുന്നു. പിൻവലിഞ്ഞു നിന്ന് ദീപേന്ദ്ര നേഗി തഴുകിവിട്ട പന്ത് കാലു ഉച്ചെയുടെ ശിരസിൽ തട്ടി നേരെ വലയിൽ. ഉച്ചെയുടെ സെൽഫ് ഗോളാണോ എന്ന് സംശയം ഉയർന്നെങ്കിലും ഗോൾ നേഗിയുടെ പേരിൽത്തന്നെ. സ്കോർ 1–1. കൊച്ചിയുടെ കളിമുറ്റത്ത് പുത്തൻ താരോദയമായി നേഗി.
ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ: ആദ്യ ഗോളിന് വഴിയൊരുക്കിയ ദീപേന്ദ്ര നേഗി തന്നെ രണ്ടാം ഗോളിന്റെയും വിജയശിൽപി. മികച്ചൊരു മുന്നേറ്റത്തിലൂടെ ഡൽഹി ബോക്സിലേക്കു കയറിയ നേഗിയെ വീഴ്ത്തിയ പ്രതീക് ചൗധരിക്ക് മഞ്ഞക്കാർഡും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനൽറ്റിയും. കിക്കെടുത്ത ഹ്യൂമിന് പിഴച്ചില്ല. പന്തു നേരെ വലയിൽ. പെനൽറ്റിയിലൂടെ പിന്നിലായ ബ്ലാസ്റ്റേഴ്സ് മറ്റൊരു പെനൽറ്റിയിലൂടെ വിജയഗോൾ നേടുന്ന സുന്ദരമായ കാഴ്ച. സ്കോർ 2–1.
ജൊഹാനസ്ബര്‍ഗ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 63 റൺസിനാണ് ഇന്ത്യൻ ജയം. 241 റൺസെന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 177 റൺസിന് പുറത്താക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം നിർണായകമായി. ഒരു ഘട്ടത്തിൽ മൽസരം കൈവിട്ടെന്ന് കരുതിയെങ്കിലും ഇന്ത്യൻ പേസർമാർമൽസരം വരുതിയിലാക്കുകയായിരുന്നു. എൽഗാറിനും ഹാഷിം അംലയ്ക്കുമല്ലാതെ മറ്റ് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്ക് പിടിച്ചുനിൽക്കാനായില്ല. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 119 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 52 റൺസെടുത്ത ആംലയെ ഇശാന്ത് ശർമ വീഴ്ത്തിയതോടെയാണ് ഇന്ത്യ മൽസരത്തിലേക്ക് തിരിച്ചുവന്നത്.
ഒരുവശത്ത് അർധ സെഞ്ചുറി നേടിയ എൽഗാറെ(86) കാഴ്ചക്കാരനാക്കി ഷമിയും ഇശാന്തും ഭുവനേശ്വറും ബുംമ്രയും വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യക്കായി ഷമി അഞ്ചും ഇശാന്തും ഇശാന്തും ബുംമ്രയും രണ്ട് വീതവും ഭുവനേശ്വർ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ രണ്ട് ടെസ്റ്റ് മൽസരങ്ങളും വിജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു.
ഇന്ത്യ രണ്ടാമിന്നിങ്സില്‍ 247 റണ്‍സിന് പുറത്തായിരുന്നു. 68 പന്തിൽ 48 റൺസെടുത്ത അജിൻക്യ രഹാനെയാണ് രണ്ടാമിന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 187 റൺസ് നേടിയിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ലോകേഷ് രാഹുൽ (44 പന്തിൽ 16), ചേതേശ്വർ പൂജാര (10 പന്തിൽ ഒന്ന്), മുരളി വിജയ് (127 പന്തിൽ 25), വിരാട് കോഹ്‍ലി (79 പന്തിൽ 41), ഹാർദിക് പാണ്ഡ്യ (11 പന്തിൽ നാല്), ഭുവനേശ്വർ കുമാർ (76 പന്തിൽ 33), മുഹമ്മദ് ഷമി (28 പന്തിൽ 27), ജസ്പ്രീത് ബുംമ്ര (ഏഴു പന്തിൽ പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
മൂന്നാം ദിനത്തിലെ രണ്ടാം ഓവറിൽത്തന്നെ ലോകേഷ് രാഹുലിനെ മടക്കി വെർനോൺ ഫിലാൻഡറാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. 44 പന്തിൽ രണ്ട് ബൗണ്ടറി ഉൾപ്പെടെ 16 റൺസെടുത്ത രാഹുലിനെ ഫിലാൻഡർ ഡുപ്ലേസിയുടെ കൈകളിലെത്തിച്ചു. ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടേതായിരുന്നു അടുത്ത ഊഴം. മോണി മോർക്കലിന്റെ ഉജ്വലമായ പന്തിൽ പൂജാരയുടെ ഷോട്ട് വീണ്ടും ഡുപ്ലേസിയുടെ കൈകളിലെത്തി.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‍ലി–വിജയ് സഖ്യം പോരാട്ടം ദക്ഷിണാഫ്രിക്കൻ ക്യാംപിലേക്കു നയിച്ചെങ്കിലും ഇന്ത്യൻ സ്കോർ മൂന്നക്കം തൊട്ടതിനു തൊട്ടുപിന്നാലെ മുരളി വിജയിനെ കഗീസോ റബാഡ പുറത്താക്കി. 127 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 25 റൺസായിരുന്നു വിജയിന്റെ സമ്പാദ്യം. നാലാം വിക്കറ്റിൽ കോഹ്‍ലിക്കൊപ്പം 43 റൺസ് കൂട്ടിച്ചേർക്കാനും വിജയിനായി. അർധസെഞ്ചുറിയിലേക്കെത്തും മുൻപെ വിരാട് കോഹ്‍ലിയെ റബാഡ ബൗൾഡ് ചെയ്തു പുറത്താക്കി. ടീമിൽ അവസരം ലഭിച്ച അജിൻക്യ രഹാനെയാണ് പിന്നാലെയെത്തിയത്. മധ്യനിരയിലേക്ക് ബാറ്റിങ് ഓർഡറിൽ തള്ളപ്പെട്ടുവെങ്കിലും 48 റണ്‍സോടെ ടോപ് സ്കോററായാണ് രഹാനെ കൂടാരം കയറിയത്. പാണ്ഡ്യയെ റബാഡയും ഭുവനേശ്വർ കുമാറിനെ മോണി മോർക്കലും മുഹമ്മദ് ഷമിയെ എൻഗിഡിയും പുറത്താക്കി. ഫിലാൻഡർക്കു വിക്കറ്റ് സമ്മാനിച്ച് ബുംമ്രയും പുറത്തായതോടെ രണ്ടാമിന്നിങ്സിലെ ഇന്ത്യൻ പോരാട്ടം 247ൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാൻഡർ, റബാഡ, മോണി മോർക്കൽ എന്നിവർ മൂന്നു വിക്കറ്റു വീതം വീഴ്ത്തി. എൻഗിഡി ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 187 റൺസിന് പുറത്തായിരുന്നു. തുടർച്ചയായ മൂന്നാം ടെസ്റ്റിലും ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയ്ക്ക് അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലി (54), ചേതേശ്വർ പൂജാര (50 എന്നിവരാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വാലറ്റത്ത് ഭുവനേശ്വർ കുമാർ നടത്തിയ പ്രകടനവും (30) ഇന്ത്യയുടെ സ്കോർ 180 കടക്കുന്നതിൽ നിർണായകമായി. ആതിഥേയർക്കായി കഗീസോ റബാഡ മൂന്നു മോണി മോർക്കൽ, വെർനോൺ ഫിലാൻഡർ, ഫെലൂക്‌വായോ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ബംഗളൂരു: കുട്ടിക്രിക്കറ്റിന്റെ ഉത്സവമായ ഐപിഎല്‍ താരലേലത്തില്‍ പണം വാരിയെറിഞ്ഞ് ടീം ഉടമകള്‍. ലേലത്തില്‍ മലയാളി താരമായ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് എട്ടു കോടി രൂപയ്ക്ക്. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ വിക്കറ്റ് കീപ്പറെ പൊന്നും വിലനല്‍കി തിരിച്ചു പിടിക്കുകയായിരുന്നു. ലേലത്തില്‍ ഇത്രയും തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സഞ്ജു പ്രതികരിച്ചു. മറ്റൊരു മലയാളി താരമായ 5.6 കോടി രൂപ നല്‍കി പഞ്ചാബ് കിംഗസ് ഇലവന്‍ സ്വന്തമാക്കി.
വിദേശ താരങ്ങളുടെ കൂട്ടത്തില്‍ ബെന്‍ സ്റ്റോക്ക്‌സ് ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കി. സ്റ്റോക്ക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് പന്ത്രണ്ടര കോടി രൂപയ്ക്കാണ്. ഇന്ത്യന്‍ താരം കെ.എല്‍. രാഹുലിനെ 11 കോടിക്കും ആര്‍. അശ്വിനെ ഏഴ് കോടി അറുപത് ലക്ഷത്തിനും ഓസീസ് താരം ആരോണ്‍ ഫിഞ്ചിനെ ആറ് കോടി 20 ലക്ഷത്തിനും ഡേവിഡ് മില്ലറെ മൂന്ന് കോടിക്കും യുവരാജ് സിംഗിനെ രണ്ട് കോടിക്കും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.
അതേസമയം, 11 കോടി നല്‍കി മനീഷ് പാണ്ഡെയെയും അഞ്ച് കോടി ഇരുപത് ലക്ഷത്തിന് ശിഖര്‍ ധവാനെയും മൂന്ന് കോടിക്ക് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലേലത്തില്‍ പിടിച്ചു. വിന്‍ഡീസ് താരം പൊള്ളാര്‍ഡ് അഞ്ച് കോടി നാല്പത് ലക്ഷത്തിന് മുബൈ ഇന്ത്യന്‍സില്‍ തുടരും. അജിങ്ക്യ റഹാനെയെ രാജസ്ഥാന്‍ റോയല്‍സ് നാല് കോടിക്ക് തിരികെ എത്തിച്ചു.
ഓസീസ് താരങ്ങളായ ക്രിസ് ലിനിനെ ഒന്‍പത് കോടി 60 ലക്ഷത്തിനും മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒന്‍പത് കോടി നാല്പത് ലക്ഷത്തിന് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സും ടീമിലെത്തിച്ചു. കേദാര്‍ ജാദവിനെ ഏഴ് കോടി 80 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ചെന്നൈ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് ആറ് കോടി 40 ലക്ഷം നല്‍കി ടീമിലെത്തിച്ചു.
വിജയപ്രതീക്ഷയിൽ നിന്ന ഇന്ത്യയ്ക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഉപേക്ഷിച്ചേക്കും. പിച്ച് കൂടുതൽ അപകടകാരിയായതിനാലാണ് ഇത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെ പിച്ച് കൂടുതൽ ബൗൺസ് വന്നതോടെ മത്സരം തടസപ്പെട്ടു. ഇതിനിടെ മഴയും പെയ്തു. ഇതോടെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു.
രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എടുത്ത് നിൽക്കെയാണ് പിച്ചിനെ സംബന്ധിച്ച ആശങ്ക മുറുകിയത്. ജസ്പ്രീത് ബുമ്ര എറിഞ്ഞ പന്ത് ബൗൺസ് ചെയ്ത് ദക്ഷിണാഫ്രിക്കൻ ഓപ്പണർ എൽഗറിന്റെ ഹെൽമറ്റിൽ കൊണ്ടതാണ് കാരണം. ഇതോടെ പരാതിയുമായി ദക്ഷിണാഫ്രിക്കൻ താരങ്ങൾ അംപയറെ സമീപിച്ചു.
ക്രീസിൽ നിന്നും ചാടി ഉയർന്ന് ബൗൺസർ പ്രതിരോധിക്കാൻ ശ്രമിച്ച എൽഗറിന്റെ കണക്കുകൂട്ടൽ തെറ്റി. പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന പന്ത് ഹെൽമറ്റിൽ കണ്ണിന് നേരെ മുന്നിലാണ് തട്ടിയത്. നിയന്ത്രണം നഷ്ടപ്പെട്ട് എൽഗർ മൈതാനത്ത് വീണു.
ഇതോടെ മത്സരം പിൻവലിക്കുന്ന ചർച്ചകൾ ഉയർന്നു. അംപയർ ഇരു ടീം കോച്ചുമാരും ക്യാപ്റ്റന്മാരും മാനേജ്മെന്റുമായി ഇക്കാര്യം സംസാരിക്കാൻ വേണ്ടി കളി നിർത്തിവച്ചു. ഈ സമയത്താണ് ക്ഷണിക്കാതെ മഴയും കടന്നുവന്നത്. ഇന്നത്തെ മത്സരം ഇതോടെ നേരത്തേ അവസാനിപ്പിച്ചു. അതേസമയം മത്സരം ഉപേക്ഷിക്കുന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്. ഇതിൽ അനുകൂല നിലപാടല്ല ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഉളളത്.
രണ്ടാം ഇന്നിംഗ്സിൽ 247 റണ്ണാണ് ഇന്ത്യ നേടിയത്. രഹാനെ 48 റൺസും വിരാട് കോഹ്ലി 41 റൺസും ഭുവനേശ്വർ കുമാർ 33 റൺസും ഷമി 27 റൺസും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മർക്കാരത്തിന്റെ വിക്കറ്റാണ് തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടത്. നാല് റൺസെടുത്ത മർക്കാരം ഷമിയുടെ പന്തിൽ കീപ്പർ പാർത്ഥിവ് പട്ടേലിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
ക്വീണ്‍സ്ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സെമിയില്‍ ഇന്ത്യയുടെ കൗമാരം പാകിസ്താനെ നേരിടും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 265 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനെ 134 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റുകയായിരുന്നു. ഇന്ത്യയ്ക്കായി കമലേഷ് നാഗര്‍കൊട്ടി 3 വിക്കറ്റും ശിവം മാവി, അഭിഷേക് ശര്‍മ്മ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.
ബാറ്റിങില്‍ ഇന്ത്യക്കായി സുബ്മാന്‍ ഗില്ലില്‍ (86), അഭിഷേക് ശര്‍മ (50), ക്യാപ്റ്റന്‍ പൃഥ്വി ഷാ(40) എന്നിവര്‍ നടത്തിയ മികച്ച പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 43 റണ്‍സെടുത്ത പിനക് ഘോഷ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ജനുവരി 30 നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ സെമിഫൈനല്‍ പോരാട്ടം.
ഇന്ത്യ-ദക്ഷിണാഫ്രക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരം ഇന്ന് ജോഹന്നാസ്ബെര്‍ഗില്‍. ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ ഇന്ത്യ സമ്പൂര്‍ണ പരാജയം ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. വാണ്ടറേഴ്സ് സ്റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റിങ് അതിവ ദുഷ്കരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയക്ക് 1.30ന് മല്‍സരം ആരംഭിക്കും.
ലോകറാങ്കിങ്ങിലെ ഒന്നാമന്‍മാരായെത്തിയ ഇന്ത്യയ്ക്കെതിരെ സമ്പൂര്‍ണ ജയമെന്ന സുവര്‍ണനേട്ടത്തിനരികെയാണ് ദക്ഷിണാഫ്രിക്ക. കേപ്ടൗണിലും സെഞ‍്ചൂറിയനിലും കോഹ്‌ലിയെയും സംഘത്തെയും തകര്‍ത്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പേസ്നിര ഉഗ്രരൂപം കൈവരിക്കും വാണ്ടറേഴ്സില്‍. വരണ്ട് ബൗണ്‍സ് നിറഞ്ഞ പരമ്പരാഗത ദക്ഷിണാഫ്രിക്കന്‍ ട്രാക്കാണ് വാണ്ടറേഴ്സിലേത്. ടീം സിലക്ഷനില്‍ പഴി ഏറെ കേട്ടതിനാല്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം ജോഹന്നാസ്ബര്‍ഗില്‍. ഇത്തവണയെങ്കിലും അജിങ്ക്യ രഹാനെ ബാറ്റിങ് ലൈനപ്പിലേക്കെത്തിയേക്കും. ആദ്യടെസ്റ്റില്‍ തിളങ്ങിയ ഭുവനേശ്വറിനെ പുറത്തിരുത്തിയത് അബദ്ധമായെന്ന തിരിച്ചറിവ് പേസ്നിരയിലെ അഴിച്ചുപണിക്ക് ഇടനല്‍കും. ഇഷാന്ത് ശര്‍മയാകും അങ്ങനെയെങ്കില്‍ പുറത്തിരിക്കുക. 3-0ന് പരമ്പര തൂത്തുവാരിയാലും റാങ്കിങ്ങില്‍ ഇന്ത്യയെ താഴെയിറക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിയില്ല. എന്നാല്‍ ഒന്നാം സ്ഥാനത്തിന് തൊട്ടരികിലേക്ക് കുതിച്ചെത്താം ദക്ഷിണാഫ്രിക്കയ്ക്ക്. ഐസിസി ടീമിന്റെ പോലും ക്യാപ്ടനായ കോഹ്‌ലിക്ക് ഇനിയൊരു തോല്‍വി കൂടി താങ്ങാനാകില്ല. എന്നാല്‍ അതൊഴിവാക്കണമെങ്കില്‍ കോഹ്‌ലിക്കൊപ്പമുള്ള ബാറ്റിങ്നിരയും കഴിയുംവിധം ശ്രമിക്കണം.
എന്നാൽ വിരാട് കോഹ്‍ലിക്കെതിരെയുളള വിമർശനം തുടർന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തുടർച്ചയായി രണ്ട് ടെസ്റ്റുകൾ തോറ്റ് ഇന്ത്യ പരമ്പര അടിയറവു വച്ചതിനു പിന്നാലെയാണ് കോഹ്‍ലിയുടെ ക്യാപ്റ്റൻസിക്കെതിരായ വിമർശനം സേവാഗ് കൂടുതൽ കടുപ്പിച്ചത്. കോഹ്‍ലി കളിക്കളത്തിൽ വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടാൻ ശേഷിയുള്ള താരങ്ങൾ ഇപ്പോഴത്തെ ഇന്ത്യൻ ടീമിലില്ല. എത്ര മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താൻ കഴിവുള്ള കോഹ്‍ലി, അതേ മികവ് മറ്റു താരങ്ങളിൽനിന്നും പ്രതീക്ഷിക്കുന്നതാണ് അദ്ദേഹത്തിന് പറ്റുന്ന പാളിച്ചയെന്നും സേവാഗ്.
തീരുമാനങ്ങളെടുക്കുന്നതിൽ ക്യാപ്റ്റനെ സഹായിക്കാനും തെറ്റു പറ്റുമ്പോൾ തിരുത്താനും കഴിവുള്ള മൂന്നോ നാലോ താരങ്ങൾ എല്ലാ ടീമിലും കാണും. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ അത്തരം താരങ്ങളുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഡ്രസിങ് റൂമിൽ കോഹ്‍ലിയുടെ ടീം തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യാൻ ശേഷിയുള്ള താരങ്ങളുണ്ടോയെന്നും സംശയമാണ്. കഴിവിന്റെ കാര്യത്തിൽ കോഹ്‍ലിക്കൊപ്പം നിൽക്കാൻ കെൽപ്പുള്ളവർ ടീമിലില്ല എന്നതു തന്നെയാണ് കാരമെന്നും സേവാഗ് കൂട്ടിച്ചേർത്തു.
മറ്റുള്ള താരങ്ങളിൽനിന്ന് തനിക്കൊത്ത പ്രകടനം പ്രതീക്ഷിക്കുന്നതാണ് കോഹ്‍ലിയെ തെറ്റായ തീരുമാനങ്ങളിലേക്കു നയിക്കുന്നതെന്നും സേവാഗ് അഭിപ്രായപ്പെട്ടു. എത്ര മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവു കൈവരിച്ച താരമാണ് കോഹ്‍ലി. അതേ മികവ് മറ്റു താരങ്ങളിൽനിന്നും അദ്ദേഹം പ്രതീക്ഷിക്കുന്നതാണ് പ്രശ്നം. എന്നാൽ, കോഹ്‍ലിയുടെ അത്ര മികവ് കൈവരിക്കാൻ സാധിച്ച താരങ്ങൾ ടീമിലില്ല താനും. ഇതാണ് കോഹ്‍ലിയുടെ ക്യാപ്റ്റൻസിയെ ബാധിക്കുന്നെന്നും സേവാഗ് അഭിപ്രായപ്പെട്ടു.
തന്നെപ്പോലെ തന്നെ കളിക്കാനാണ് മറ്റു താരങ്ങളോടും കോഹ്‍ലി ആവശ്യപ്പെടുന്നത്. ഇതാണ് അദ്ദേഹം അവരിൽനിന്ന് പ്രതീക്ഷിക്കുന്നതും. അതിൽ തെറ്റൊന്നും പറയാനുമില്ല. സച്ചിൻ ക്യാപ്റ്റനായിരുന്ന സമയത്ത് മറ്റുള്ളവരോട് റൺസ് നേടണമെന്ന് ആവശ്യപ്പെട്ടിരുന്നത് എനിക്ക് ഓർമയുണ്ട്. എനിക്ക് സാധിക്കുമെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്കു പറ്റുന്നില്ല എന്നാണ് ഈ നിലപാടിന്റെ അർഥമെന്നും സേവാഗ് വിശദീകരിച്ചു.
ആദ്യ രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിനെ തിരഞ്ഞെടുത്തതിൽ കോഹ്‍ലിക്ക് പിഴവു സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി സേവാഗ് മുൻപും രംഗത്തെത്തിയിരുന്നു. രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടാൽ കോഹ്‍ലി ടീമിൽനിന്ന് മാറിനിൽക്കണമെന്നു പോലും സേവാഗ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോഹ്‍ലിയുടെ തെറ്റു ചൂണ്ടിക്കാട്ടാൻ ശേഷിയുള്ളവർ ഇപ്പോഴത്തെ ടീമിലില്ലെന്ന വിമർശനം. കോഹ്‍ലിയുടെ പിഴവുകൾ ചൂണ്ടിക്കാട്ടുന്ന ചില താരങ്ങൾ ടീമിന് ആവശ്യമാണെന്നും ഒരു ടിവി ഷോയിൽ പങ്കെടുക്കവെ സേവാഗ് അഭിപ്രായപ്പെട്ടു.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സിഫ്നിയോസ് ടീം വിട്ടു. ഇതുസംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സിഫ്നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത് സിഫ്‌നിയോസണായിരുന്നു. ടീം വിടുന്നതു സംബന്ധിച്ച് മനേജ്‌മെന്റുമായി സിഫ്‌നോസണ്‍ സംയുക്ത ധാരണയില്‍ എത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഡച്ച് താരം ടീം വിട്ടതിന് പിന്നിലുള്ള കാരണങ്ങ്ള്‍ ഇതുവരെ വ്യക്തമായിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സില്‍ ഈ സീസണിലെത്തിയ 20 കാരനായ ഡച്ച് താരം നാല് തവണ ലക്ഷ്യം കണ്ടിട്ടുണ്ട്. മുന്നേറ്റ നിരയിലും മിഡ്ഫീല്‍ഡിലുംമികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കെല്‍പ്പുള്ള സിഫ്‌നിയോസണ്‍ ഫോം കണ്ടെത്താന്‍ കഴിയാത്ത മഞ്ഞപ്പടയുടെ നഷ്ടം തന്നെയായിരിക്കും. ഇനിയുള്ള മത്സരങ്ങളില്‍ വിജയം അനിവാര്യമായിട്ടുള്ള ജിങ്കനും കൂട്ടര്‍ക്കും ഡച്ച് താരത്തിന്റെ ഒഴിവ് നികത്താന്‍ നന്നേ പണിപ്പെടേണ്ടി വരുമെന്ന് ചുരുക്കം. ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് പരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീന്‍ നേരത്തെ രാജിവെച്ചിരുന്നു.
നേരത്തെ ഗോവക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ സിഫ്‌നിയോസണെ ബെഞ്ചിലിരുത്തിയ കോച്ച് ജെയിംസിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഞ്ച് വിദേശ താരങ്ങള്‍ക്ക് അവസരമുണ്ടായിട്ടും നാല് താരങ്ങളെ മാത്രം ഇറക്കിയ ജെയിംസ് സിഫ്നിയോസിനെ പുറത്തിരുത്തുകയായിരുന്നു.
ടെന്നീസിലെ രാജാവ് എന്നാണ് റോജര്‍ ഫെഡറര്‍ അറിയപ്പെടുന്നത്. കളിയുടെ മികവു കൊണ്ടും കോര്‍ട്ടിലെ പെരുമാറ്റംകൊണ്ടും ‘ജന്റില്‍മാന്‍’ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനാണ് സ്വിസ് ഇതിഹാസം. എന്നാല്‍ ജനുവരിയില്‍ ആദ്യം നടന്ന ഹോപ്മാന്‍ കപ്പിലെ മിക്സഡ് ഡബിള്‍സ് മത്സരത്തിലെ പ്രകടനം മൂലം ‘ഫെഡ് എക്‌സപ്രസ്സി’ന് സ്ത്രീ വിരുദ്ധനെന്ന് പേര് വീണിരിക്കുകയാണ്.
ടൂര്‍ണമെന്റ്ില്‍ ഫെഡററും ബെലിന്റ ബന്‍സികയുമായിരുന്നു ടീം. അമേരിക്കന്‍ താരങ്ങളായ ജാക് സോകും കൊകൊ വാന്‍ഡെവെഗയുമായിരുന്നു എതിരാളികള്‍. ഫെഡററുടെ സേര്‍വോടെ സെക്കന്റ് സെറ്റ് തുടങ്ങുന്നു. പിന്നീട് ഫെഡററും സോക്കും തമ്മിലായി പോരാട്ടം. ഇരു ടീമിലെയും വനിത താരങ്ങള്‍ കാഴ്ച്ചക്കാരായി മാത്രം മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇനി തങ്ങള്‍ക്ക് റോളൊന്നുമില്ല എന്ന മനസ്സിലാക്കിയ അമേരിക്കയുടെ വാന്‍ഡവേഗ് കോര്‍ട്ടിനു പുറത്തുപോയി വിശ്രമിച്ചു. പിന്നാലെ ഫെഡറിന്റെ കൂട്ടാളി ബന്‍സികും കോര്‍ട്ടില്‍ കുത്തിയിരുന്നു. തുടര്‍ന്ന് കോര്‍ട്ട് വിട്ട താരം കോര്‍ട്ടിന് പുറത്ത് കളി കണ്ടു നിന്നു. അപ്പോഴേക്കും ഗ്യാലറിയില്‍ ചിരി ഉണര്‍ന്നു.
തുടര്‍ന്നും കളി മുന്നോട്ടു നയിക്കുകയായിരുന്നു ഫെഡററും സോക്കും. ഫെഡററുടെ പല ട്രിക്കുകളും കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടായി. ഏറെ നേരം വേണ്ടി വന്നു സോക്കിന് ആ പോയന്റ് ഒന്ന സ്വന്തമാക്കാന്‍. ഹര്‍ഷാരവത്തോടെയാണ് ആ രംഗങ്ങള്‍ അന്ന് ആരാധകര്‍ സ്വീകരിച്ചടെങ്കിലും പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ ട്രോളിനിടയാക്കി. ഫെഡററുടെയും സോക്കിന്റെയും പുരുഷമേധാവിത്വമാണ് ഇത് വെളിവാക്കുന്നതെന്നും ഫെഡററൊരു സ്ത്രീ വിദ്വേഷിയാണെന്നുമുള്ള തരത്തില്‍ ട്രോളുകള്‍ നിരന്നു. എന്തിനേറെ ഇങ്ങ് കേരളത്തില്‍ വരെ അത് ചര്‍ച്ചയായി. മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് സമാനമാണ് ഇതെന്നും മലയാള സിനിമയിലെ മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഫെഡററും സോക്കെന്നും വരെ ചില സൈബര്‍ വിരുതന്‍മാര്‍ ട്രോളി.
Men will be men…. pic.twitter.com/13dsIh3PVS
— Rishi Bagree 🇮🇳 (@rishibagree) January 13, 2018
ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു പെലെ.
പെലെ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ് അദ്ദേഹം. മൂന്ന് ലോകകപ്പുകള്‍ നേടിയ ഏകതാരമാണ് പെലെ. 21 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തില്‍ 1281 ഗോളുകളാണ് താരം അടിച്ചെടുത്തത്.