Sports

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ മാമാങ്കത്തിന്റെ അവസാന പതിനാറില്‍ ഇന്ന് പൊടിപാറും പോരാട്ടം. സ്പാനിഷ് വമ്പന്മാരും നിലവിലെ ചാംപ്യന്മാരുമായ റയല്‍ മാഡ്രിഡ് ഫ്രഞ്ച് സൂപ്പര്‍ ക്ലബ്ബ് പിഎസിജിയെ നേരിടും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.15നാണ് മത്സരം. ലോകത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന പോര് എന്ന പ്രത്യേകതയും റയല്‍-പിഎസ്ജി മത്സരത്തിനുണ്ട്.

റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പിഎസ്ജിയുടെ നെയ്മറും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്ന വിലയിരുത്തലുകള്‍ക്ക് സാധ്യതയില്ല. തുടര്‍ച്ചയായ മൂന്നാം ചാംപ്യന്‍സ് ലീഗ് കിരീടമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന റയല്‍ മാഡ്രിഡിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവിലാണ് ആദ്യ പാദം. രണ്ടാം പാദം പിസ്ജിയുടെ മൈതനാമായ പാര്‍ക്ക് ഡെ പ്രിന്‍സിലും നടക്കും.

സ്പാനിഷ് ലീഗില്‍ പതര്‍ച്ച തുടരുന്ന റയല്‍ മാഡ്രിഡിന് ഈ സീസണില്‍ ലീഗ് കിരീടത്തില്‍ കാര്യമായ പ്രതീക്ഷയില്ല. അതേസമയം, ചാംപ്യന്‍സ് ലീഗ് നിലനിര്‍ത്തി മാനം കളയാതിരിക്കാനാകും റയല്‍ കിണഞ്ഞു ശ്രമിക്കുക. അതേസമയം, ലോക റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സയില്‍ നിന്നും പിഎസ്ജിയിലെത്തിയ നെയ്മറിന് തനിക്ക് ലഭിച്ച ലോക റെക്കോര്‍ഡ് തുകയ്ക്ക് പ്രതിഭ കാണിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

നെയ്മര്‍, കവാനി, എംബപ്പെ എന്ന ലോകോത്തര മുന്നേറ്റനിരയെ നേരിടാന്‍ സിദാന്‍ എന്ത് അത്ഭുതമായിരിക്കും ഒരുക്കിയിരിക്കുക എന്നതാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

നവാസ്, നാച്ചോ, വരാനെ, റാമോസ്, മാഴ്‌സെലോ, മോഡ്രിച്ച്, കാസമിറോ, ക്രൂസ്, ബെയ്ല്‍, റൊണാള്‍ഡോ, ബെന്‍സെമ എന്നിവരെയാകും റയല്‍ മാഡ്രിഡ് ആദ്യ പതിനൊന്നില്‍ ഇറങ്ങുക. അതേസമയം, യൂറി, മാര്‍കിനോസ്, ആല്‍വസ്, വരാറ്റി, റാബിയറ്റ്, ഡി മരിയ, എംബപെ, നെയ്മര്‍, കവാനി ലൈനപ്പിലാകും പിഎസ്ജി ബെര്‍ണാബുവില്‍ ഇറങ്ങുക.

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ പുതിയ ചരിത്രം രചിച്ചു. ഇതുവരെ താളം കണ്ടെത്താനാകാതെ വലയുകയായിരുന്ന ഓപ്പണര്‍ രോഹിത് ശര്‍മ്മ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഫോം വീണ്ടെടുത്ത അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഏകദിന പരമ്പര തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തത്.

ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യ രോഹിതിന്റെ (115) സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. 4 വിക്കറ്റ് നേടിയ കുല്‍ദീപ് യാദവിന്റെയും 2 വിക്കറ്റ് വീതംനേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും യൂസ്വേന്ദ്ര ചഹാലിന്റെയും ബൗളിംഗും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ഒരു മത്സരം കൂടി ബാക്കിനില്‍ക്കേ 4 1ന്റെ ലീഡ് നേടിയാണ് കൊഹ്ലിയും കൂട്ടരും ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യന്‍ സംഘമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി. 115 റണ്‍സുമായി പര്യടനത്തില്‍ ആദ്യമായി മികച്ച സ്‌കോര്‍ കണ്ടെത്തിയ ഹിറ്റ്മാന്‍ എന്നറിയപ്പെടുന്ന രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ 274ല്‍ എത്തിച്ചത്. ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 300 ഉം കടന്ന് പറക്കുമെന്ന് കരുതിയെങ്കിലും അവസരോചിതമായി പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ യുവതാരം ലുങ്കി എന്‍ഗിഡി സന്ദര്‍ശകരുടെ കുതിപ്പിന് കടിഞ്ഞാണിടുകയായിരുന്നു. എന്‍ഗിഡി 4 വിക്കറ്റ് വീഴ്ത്തി. രോഹിതിനൊഴികെ മറ്റിന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശിഖര്‍ ധവാന്‍ (34), വിരാട് കൊഹ്ലി (36), ശ്രേയസ് അയ്യര്‍ (30) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റിന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. കൊഹ്ലിയും രഹാനെയും (8) രോഹിതുമായുള്ള ആശയക്കുഴപ്പം മൂലം റണ്ണൗട്ടാവുകയായിരുന്നു.

പരമ്പര വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കായി ധവാനും രോഹിത്തും ചേര്‍ന്ന് താരതമ്യേന നല്ല തുടക്കമാണ് നല്‍കിയത്. ഇരുവരും 7.2 ഓവറില്‍ 48 റണ്‍സിന്റെ കൂട്ട്‌കെട്ടുണ്ടാക്കി. ആക്രമിച്ച് കളിച്ച ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 23 പന്തില്‍ 8 ഫോറുള്‍പ്പെടെ 34 റണ്‍സെടുത്ത ധവാനെ പെഹ്ലുക്വായോയുടെ കൈയില്‍ എത്തിച്ച് റബാഡയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായെത്തിയ നായകന്‍ കൊഹ്ലി ശ്രദ്ധയോടെ തുടങ്ങിയെങ്കിലും റണ്ണൗട്ടായി മടങ്ങി. മൂന്നാം വിക്കറ്റില്‍ രോഹിതിനൊപ്പം 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് കൊഹ്ലി മടങ്ങിയത്. തുടര്‍ന്നെത്തിയ രഹാനെയും രോഹിതുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി.

പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ രോഹിതിനൊപ്പം പിടിച്ച് നിന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതിനിടെ രോഹിത് തന്റെ കരിയറിലെ 17ാം ഏകദിന സെഞ്ച്വറിയും കുറിച്ചു. സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ രോഹിത് മടങ്ങി. എന്‍ഗിഡി രോഹിതിനെ വിക്കറ്റ് കീപ്പര്‍ ക്ലാസന്റെ കൈയില്‍ എത്തിക്കുകയായിരുന്നു. 126 പന്തില്‍ 11 ഫോറും 4 സിക്‌സും ഉള്‍പ്പെട്ടതാണ് രോഹിതിന്റെ സെഞ്ച്വറി ഇന്നിംഗ്‌സ്.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 71 റണ്‍സുമായി പൊരുതി നോക്കിയ ഹഷിം അംലയാണ് ടോപ് സ്‌കോറര്‍. ഡിവില്ലിയേഴ്‌സ് (6) ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ രണ്ടക്കം പോലും കാണാനാകാതെ പോയതോടെ ഇന്ത്യ ഐതിഹാസിക ജയം കരസ്ഥമാക്കുകയായിരുന്നു.

എതിര്‍ താരത്തെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച ഫുട്ബോള്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്റ് എലോയ് താരം അക്സലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബറോക് താരം സ്ലിമൈനിനെയാണ് അക്സല്‍ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചത്.

സ്ലിമൈന്‍ ഫൗള്‍ ചെയ്തതിനെ കളിക്കളത്തില്‍ ചോദ്യം ചെയ്ത അക്സലിന് റഫറി ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്തേക്ക് അയച്ചതിന് പിന്നാലെയാണ് മൈതാനത്ത് നാടകീയമായ സംഭവം നടന്നത്. പുറത്തേക്ക് പോയ 27കാരനായ താരം കൈത്തോക്കുമായാണ് തിരികെ വന്നത്. തുടര്‍ന്ന് ബറോക് താരത്തിന്റെ നെറ്റിയിലേക്ക് തോക്കു ചൂണ്ടി ട്രിഗറ്‍ വലിക്കാന്‍ കാത്തു നിന്നു. എന്നാല്‍ സഹതാരങ്ങള്‍ ഇടപെട്ട് അക്സലിനെ പിടിച്ചു മാറ്റുകയായിരുന്നു. ഇരുവരും തമ്മില്‍ മുമ്പ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും താരത്തെ ഇത്രമേല്‍ പ്രകോപിപ്പിച്ചതിന്റെ കാരണം അറിയില്ലെന്നും സെന്റ് ഐലോയ് മാനേജര്‍ പറഞ്ഞു.

തുടര്‍ന്ന് അക്സലിനെ മൈതാനത്തിന് പുറത്തെത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ ഫുട്ബോള്‍ താരത്തിന് നാല് മാസം ശിക്ഷ വിധിച്ചു. അതേസമയം ആയുധം നല്‍കിയ കുറ്റത്തിന് അക്സലിന്റെ സഹോദരന്‍ ഹെന്‍‍റിക്ക് മൂന്ന് മാസം തടവും ലഭിച്ചു. എന്നാല്‍ സംഭവത്തില്‍ മറ്റൊരു വിശദീകരണമാണ് സഹോദരങ്ങള്‍ നല്‍കിയതെന്ന് ഫ്രാന്‍സ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ ചൂണ്ടിയത് തോക്ക് അല്ലെന്നും ഇരുമ്പ് കമ്പി മാത്രമായിരുന്നു എന്നുമാണ് അക്സല്‍ കോടതിയില്‍ പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രാദേശിക ഫുട്ബോള്‍ അധികാരികള്‍ അറിയിച്ചു. തുടര്‍ന്ന് ഫുട്ബോള്‍ മൈതാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാനും ധാരണയായി.

ഇന്ത്യന്‍ ആരാധകന്‍ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ഗുരുതര ആരോപണവുമായി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ജോഹന്നാസ് ബര്‍ഗില്‍ നടന്ന ദക്ഷിണാഫ്രിക്ക-ഇന്ത്യ നാലാം ഏകദിനത്തിലാണ് താരം വംശീയധിക്ഷേപം നേരിട്ടത്.

ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തുരത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആദ്യ പതിനൊന്നില്‍ താഹിറിന് അവസരം ലഭിച്ചിരുന്നില്ല. മത്സരത്തിലുടനീളം താരത്തിനെതിരേ വംശീയാധിക്ഷേപം നടന്നിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ മുഹമ്മദ് മൊസാജി വ്യക്തമാക്കി. അധിക്ഷേപം നടന്ന കാര്യം സ്റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥരെ താരം അറിയിക്കുകയും അവരെ തിരിച്ചറിയാനായി സുരക്ഷാ ജീവക്കാര്‍ താഹിറിനോട് നിര്‍ദേശിച്ചു. ഇന്ത്യന്‍ ആരാധകരാണ് വംശീയാധിക്ഷേപം നടത്തിയതെന്ന് താരം വ്യക്തമാക്കി.

ഡ്രസിങ് റൂമില്‍ നിന്ന് ഫീല്‍ഡിലേക്കുള്ള പാസേജില്‍ വെച്ചാണ് താഹിറിനെ ഇന്ത്യന്‍ ആരാധകര്‍ അധിക്ഷേപിച്ചത്. ഇക്കാര്യം സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയ താരം ഇവരോടൊപ്പം അധിക്ഷേപം നടത്തിയയാളെ കണ്ടെത്താന്‍ എത്തിയപ്പോഴേക്കും ഇവര്‍ സ്‌റ്റേഡിയം വിട്ടിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്താഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞടുത്തു. പരുക്കേറ്റ കേദാര്‍ ജാദവിന് പകരം ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ടീമിലെ ഏകമാറ്റം. സോണ്ടോയ്ക്കു പകരം പരുക്കു മൂലം ആദ്യ മൂന്നു മല്‍സരങ്ങള്‍ നഷ്ടമായ എബി ഡിവില്ലിയേഴ്‌സും ഇമ്രാന്‍ താഹിറിന് പകരം മോണി മോര്‍ക്കലും ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കു തിരിച്ചെത്തി. ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രമായേക്കാവുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന മൽസരം ലൈവ് കാണാം…

[ot-video][/ot-video]

ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ഏകദിന പോരാട്ടം ഇന്ന് ജൊഹാനസ്ബര്‍ഗില്‍. ആറ് മല്‍സരങ്ങളുടെ പരമ്പരയില്‍ 3–0ന് മുന്നിലുളള ഇന്ത്യ, ദക്ഷിണാഫ്രിക്കയില്‍ ആദ്യപരമ്പര എന്ന ചരിത്രനേട്ടത്തിനരികിലാണ്. ജയിക്കാനായാല്‍ പരമ്പരയ്ക്കൊപ്പം ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്ക് സ്വന്തമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 4.3നാണ് മല്‍സരം.

മൂന്ന് പേരാണ് ഈ അപ്രതീക്ഷിത മേധാവിത്വത്തിന് കാരണം. മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ കോഹ്‌ലി. ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തുന്ന യൂസവേന്ദ്ര ചഹലും കുല്‍ദീപ് യാദവും. പേസ് ബോളര്‍മാരുടെ ഇഷ്ടയിടമായ ദക്ഷിണാഫ്രിക്കയില്‍ സ്പിന്നു കൊണ്ട് വല നെയ്തിരിക്കുകയാണ് ഇരുവരും. അഞ്ച് സ്പിന്നര്‍മാരെ വരുത്തി പരിശീലനം നടത്തി മൂന്നാം ഏകദിനത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ ഇന്ത്യന്‍ സ്പിന്‍ ദ്വയത്തിന് മുന്നില്‍ പഠിച്ചതെല്ലാം മറന്നു. 4 വിക്കറ്റ് വീതം പിഴുത ചഹലിനെയും കുല്‍ദീപിനെയും ദക്ഷിണാഫ്രിക്ക കെട്ടഴിച്ചുവിട്ടാല്‍ ജൊഹാനസ്ബര്‍ഗിലും സ്ഥിതി വ്യത്യസ്തമാകില്ല. കൈവിരലിന് പരുക്കേറ്റ് പുറത്തായിരുന്ന ഡിവില്ലിയേഴ്സിനെ മടക്കി കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് ആതിഥേയര്‍.

വിരാട് കോഹ്‌ലിയെ പൂട്ടാനുള്ള തന്ത്രം ആവിഷ്കരിക്കേണ്ടതും ദക്ഷിണാഫ്രിക്കന്‍ ക്യാംപിന് അനിവാര്യതയാണ്. സ്തനാര്‍ബുദ‌ത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്ക നടത്താറുള്ള പിങ്ക് ഏകദിനമാണ് ജൊഹാനസ്ബര്‍ഗിലേത്. 2011 മുതല്‍ ഇതുവരെ പിങ്ക് ജഴ്സിയണിഞ്ഞിറങ്ങിയ ദിനങ്ങളില്‍ ദക്ഷിണാഫ്രിക്ക തോറ്റിട്ടില്ല എന്നതാണ് രസകരം. പിങ്ക് നിറത്തിന്റെ ഭാഗ്യവും പേറി ദക്ഷിണാഫ്രിക്ക പരമ്പരയിലേക്ക് തിരികെയെത്തുമോ..? അതോ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം കുറിക്കുമോ

പ്യോങ്ചാങ്ങ്ശൈത്യകാല ഒളിംപിക്സില്‍ വെല്ലുവിളിയായി നോറോ വൈറസ്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമാണ് രോഗലക്ഷണം. സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ആയിരത്തഞ്ഞൂറോളം പേര്‍ ഇതിനകം ചികില്‍സ തേടി. അടിയന്തര സഹചര്യം കണകിലെടുത്ത് സൈന്യം സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുണ്ട്. അത്​ലറ്റുകൾക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ മല്‍സരങ്ങളെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. വൈറസ് പടരുന്ന സാഹചര്യത്തില്‍ ശുദ്ധജലവിതരണത്തിലും ഭക്ഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍മത്സരങ്ങളില്‍ കളിക്കാനാകില്ലെന്ന് ഇയാന്‍ ഹ്യൂം അറിയിച്ചു. പരിക്ക് കാരണമാണ് സൂപ്പര്‍ താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്നു കൊല്‍ക്കത്തയുമായി നിര്‍ണായക മല്‍സരം നടക്കാനിരിക്കെയാണു ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം ഇനിയുള്ള മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിക്കുന്നത്.

‘പോരാളികള്‍ വീണുപോകില്ല. പതിന്മടങ്ങു വീര്യത്തോടെ മടങ്ങിയെത്തും. കാല്‍മുട്ടിനു പരുക്കേറ്റ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനു സീസണിലെ മറ്റു കളികള്‍ നഷ്ടപ്പെട്ടേക്കും. ഹ്യൂമിന്റെ അസുഖം വേഗം ഭേദമാകാന്‍ പ്രാര്‍ഥിക്കാം’ കേരള ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റു ചേര്‍ത്ത് ഇയാന്‍ ഹ്യൂം വികാരനിര്‍ഭര കുറിപ്പാണു പങ്കുവച്ചത്. ‘കഠിനമായ തീരുമാനമായിരുന്നു അത്. പുറത്തിരിക്കുകയെന്നതു സഹിക്കാനാവില്ല. പക്ഷെ, മഞ്ഞപ്പടയുടെ ആരാധകരേ എന്നെ വിശ്വസിക്കൂ. ഞാനൊരു വ്യത്യസ്ത ജീവിയാണ്. കൂടുതല്‍ ശക്തിയോടെ, മികച്ച ഫിറ്റ്‌നസുമായി ഞാന്‍ ടീമില്‍ തിരികെയെത്തും.’ ഹ്യൂം പറഞ്ഞു. പൂനെയ്‌ക്കെതിരായ മത്സരത്തില്‍ കാല്‍മുട്ടിനാണ് ഹ്യൂമിന് പരിക്കേറ്റത്.

സസ്‌പെന്‍ഷനിലായ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനും ഇയാന്‍ ഹ്യൂമും ഇല്ലാതെയാണു ബ്ലാസ്റ്റേഴ്‌സ് ഇന്നു കളിക്കാന്‍ ഇറങ്ങുക. പരുക്കേറ്റെങ്കിലും നാട്ടിലേക്കു മടങ്ങാതെ, ടീമിനൊപ്പം ആവേശത്തിരി കത്തിച്ചു ചുറ്റിക്കറങ്ങാനാണു ഹ്യൂമിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിനായി കൂടുതല്‍ ഗോളുകള്‍ നേടിയ ഹ്യൂമിന്റെ പുറത്താകല്‍ കേരളത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

അതേസമയം 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ ആറാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ 17 പോയിന്റുള്ള കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ എതിരാളികള്‍.

ഇന്ന് ജയിക്കാനായാല്‍ എഫ്.സി ഗോവയേയും ജംഷഡ്പൂരിനെയും മറികടന്ന് നാലാം സ്ഥാനത്ത് എത്താം. അതേസമയം, പ്ലേ ഓഫ് സാദ്ധ്യതകള്‍ നിലനിര്‍ത്താന്‍ അവശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സിനെ ജയിച്ചേ മതിയാകൂ.

കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ ബലത്തില്‍ ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍. 50 ഓവറില്‍ 303 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്‌ലിയുടെ 150 റണ്‍സിന്റെ അത്യുഗ്രന്‍ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 157 പന്തുകളിലാണ് കോഹ്‌ലി 150 സ്വന്തമാക്കിയത്. കോഹ് ലിയുടെ കരിയറിലെ തന്നെ ക്ലാസ് ഇന്നിംഗ്സുകളിലൊന്നായിരുന്നു ഇന്ന് കേപ് ടൌണില്‍ നടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് റണ്ണെടുക്കുന്നതിന് മുമ്പെ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും കോലി-ധവാന്‍ സഖ്യം അടിച്ചു തകര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. 160 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോഹ്‌ലിയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് രക്ഷയായത്. കോഹ്‌ലിയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇത്.

ആറ് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ 2-0ന് മുന്നിലാണ്

ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട ചരിത്രത്തില്‍ സ്ഥാനം നേടിയ മൈക്കിള്‍ ഷൂമാക്കര്‍ തിരികെയെത്തുമോ? സ്‌കീയിംഗിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 2013 മുതല്‍ ചികിത്സയില്‍ കഴിയുന്ന ഷൂമാക്കറിന്റെ തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്‍കി മകളുടെ ഇന്‍സ്റ്റഗ്രാം സന്ദേശം. ഫോര്‍മുല വണ്‍ ഇതിഹാസത്തിന്റെ മൂത്ത മകളായ ജീന മരിയയാണ് പിതാവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ക്ക് സൂചന നല്‍കിയത്. അമച്വര്‍ കുതിരയോട്ടക്കാരിയായ ജീന തന്റെ പിതാവിന്റെ ചിത്രത്തിനൊപ്പമാണ് സന്ദേശം നല്‍കിയത്. ”ജീവിതത്തില്‍ ഒരേയൊരു സന്തോഷമേയുള്ളു, സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നത്” എന്നാണ് കീപ്പ് ഫൈറ്റിംഗ് എന്ന ഹാഷ്ടാഗില്‍ ജീന കുറിച്ചത്.

2007ല്‍ ഷൂമാക്കര്‍ തന്നെ പറഞ്ഞ ചില വാചകങ്ങളുടെ ചുവടുപിടിച്ച് തയ്യാറാക്കിയതാണ് ഈ വാക്കുകള്‍. ഷൂമാക്കറിന്റെ കുടുംബം നടത്തുന്ന ചാരിറ്റി ഫൗണ്ടേഷനും ഇതെ സന്ദേശം കടമെടുത്തിട്ടുണ്ട്. ഒരു മെഡിക്കല്‍ മിറക്കിളിന് പ്രതീക്ഷിക്കുകയാണ് ഷൂമാക്കറിന്റെ കുടുംബമെന്ന് കുടുംബ സുഹൃത്ത് വെളിപ്പടുത്തിയതിന് പിന്നാലെയാണ് ഷൂമാക്കര്‍ തന്റെ പരിക്കുകളില്‍ നിന്ന് മുക്തി നേടുന്നതായ സൂചന ജീന നല്‍കുന്നത്. സ്‌കീയിംഗിനിടെ അപകടത്തില്‍പ്പെട്ട ഷൂമാക്കര്‍ അതിനു ശേഷം കോമ അവസ്ഥയില്‍ കഴിയുകയായിരുന്നു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുകയായിരുന്ന അദ്ദേഹം അപകടത്തില്‍ പരിക്കേറ്റിട്ട് അഞ്ച് ക്രിസ്തുമസുകള്‍ കടന്നു പോയി. 2013 ഡിസംബറിലായിരുന്നു അപകടമുണ്ടായത്. പിന്നീട് 2014 ജൂണ്‍ വരെ അദ്ദേഹത്തെ ഡോക്ടര്‍മാര്‍ കോമ അവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ചികിത്സ നല്‍കിയത്.

ഇതിനു ശേഷം വീട്ടില്‍ പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കിക്കൊണ്ട് ചികിത്സ തുടരുകയായിരുന്നു. നിലവില്‍ 1,15,000 പൗണ്ടാണ് ഷൂമാക്കറിന് ഒരാഴ്ച ചികി നല്‍കാന്‍ വേണ്ടി മാത്രം ചെലവഴിക്കുന്നത്. 15 ഫിസിഷ്യന്‍മാരും നഴ്‌സുമാരുമാണ് അദ്ദേഹത്തിന്റെ ചികിത്സക്കായി ലേക്ക് ജനീവയിലെ വീട്ടില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട വിദഗ്ദ്ധ ചികിത്സ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന സൂചനയും ഈ സന്ദേശം നല്‍കുന്നു.

RECENT POSTS
Copyright © . All rights reserved