Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ശ്രീലങ്കയുമായി ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം മൂന്നു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇരുടീമും മാറ്റുരയ്ക്കുന്നുണ്ട്. ഇതിനിടെയാണ് ഒരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്.

ഇന്ത്യയും ലങ്കയും തമ്മില്‍ പഞ്ചാബിലെ മൊഹാലിയില്‍ ഡിസംബര്‍ 13നു നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം ധോണി വിരമിക്കുകയാണെന്നതാണ് ഈ വാര്‍ത്ത. വാര്‍ത്ത കേട്ട ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളും ഞെട്ടലിലാണ്. അടുത്ത ഏകദിന ലോകകപ്പ് വരെ ധോണി ക്രിക്കറ്റില്‍ തുടരുമെന്ന് കണക്കുകൂട്ടിയവരെ സ്തബ്ധരാക്കുന്നതായിരുന്നു ഈ വാര്‍ത്ത.

എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ ആശങ്കപ്പെട്ടതു പോലെയല്ല കാര്യങ്ങളെന്ന് പിന്നീട് വ്യക്തമായി. ധോണി വിരമിക്കുന്നുവെന്നത് സത്യമാണ്, എന്നാല്‍ അത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിയല്ലെന്നതാണ് യാഥാര്‍ഥ്യം.

മൊഹാലി പോലീസില്‍ കഴിഞ്ഞ 10 വര്‍ഷമായി സേവനമനുഷ്ടിക്കുന്ന സ്‌നിഫര്‍ ഡോഗായ ധോണിയാണ് വിരമിക്കുന്നത്. ഇന്ത്യയും ലങ്കയും തമ്മിലുള്ള രണ്ടാമത്തെ ഏകദിനത്തില്‍ കൂടി ധോണിയുടെ സേവനം പോലീസ് ഉപയോഗിക്കും. തുടര്‍ന്ന് ഇവനെ ഒഴിവാക്കാനാണ് മൊഹാലി പോലീസ് തിരുമാനിച്ചിരിക്കുന്നത്.

മൂന്നു വയസ്സ് മുതല്‍ മൊഹാലി പോലീസിനായി ജോലി ചെയ്തു വരികയായിരുന്നു ധോണി. നിരവധി സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ധോണി പോലീസിനു മുതല്‍ക്കൂട്ടായിട്ടുണ്ട്.

അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ടെസ്റ്റില്‍ ഒാസിസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ക്യാച്ച് കണ്ട് അമ്പരിന്നിരിയ്ക്കുകയാണ് ക്രിക്കറ്റ്‌ലോകം. ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയേ നഥാന്‍ ലിയോണ്‍ തന്‍റെ തന്നെ പന്തില്‍ അത്ഭുതകരമായി പിടിച്ച് പുറത്താക്കുകയായിരുന്നു.
തന്റെ ഇടത് വശത്തേക്ക് വന്ന പന്ത് അവിശ്വസനീയമായാണ് ഒരു ഡൈവിലൂടെ ലിയോണ്‍ കൈപ്പിടിയിലൊതുക്കിയത്. ക്രിക്കറ്റ് ചരിത്രത്തിലേ തന്നെ മികച്ച ക്യാച്ചുകളില്‍ ഒന്നായാണ് നഥന്‍റെ ക്യാച്ചിനെ കമന്റേറ്റര്‍മാര്‍ വിലയിരുത്തിയത്.

 

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ്‌ സി.കെ. വിനീത്. വിനീതില്ലാത്തൊരു മഞ്ഞപ്പട കേരളത്തിന് സങ്കല്‍പ്പിക്കാനാവില്ല. ഇന്നലെ നടന്ന മുംബൈ സിറ്റിയ്‌ക്കെതിരായ മത്സരത്തില്‍ 89-0ം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും അതുവഴി റെഡ് കാര്‍ഡും കണ്ട് വിനീത് പുറത്തായപ്പോള്‍ ബ്ലാസ്‌റ്റേഴ്സ് ടീമിനെ മാത്രമല്ല കേരളക്കരയുടെ ആകെയൊന്ന് ഉള്ള് പിടച്ചു.
രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ മത്സരം സമനിലയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് നിര്‍ഭാഗ്യം വിനീതിനെ ചുവപ്പുകാര്‍ഡിന്റെ രൂപത്തില്‍ വന്നു വേട്ടയാടിയത്. വലതു വിങ്ങിലൂടെ പന്തുമായി ക്വാര്‍ട്ടിലേക്ക് കുതിച്ച വിനീതിന് പക്ഷെ പ്രതിരോധത്തെ മറികടക്കാനായില്ല. കിട്ടിയ അവസരം മുതാലാക്കാന്‍ വിനീത് നൈസായി ശ്രമിച്ചതാണ് പക്ഷെ റഫറിയുടെ കണ്ണിലുടക്കി. എന്താണ് സംഭവിച്ചതെന്ന് റഫറി കൃത്യമായി കണ്ടിരുന്നു. പനാല്‍റ്റി ലഭിക്കാന്‍ ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് പക്ഷെ റഫറിയുടെ ചുവപ്പ് കാര്‍ഡാണ് കാണാനായത്.
മുംബൈ സിറ്റിക്കെതിരെ ഗോളടിക്കുമെന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു. അതിനായി കാത്തിരിയ്ക്കുകയുമായിരുന്നു സ്റ്റേഡിയം മുഴുവന്‍. 14ാം മിനുറ്റില്‍ മാര്‍ക് സിഫ്നോസ് സീസണില്‍ ടീമിന്റെ ആദ്യ ഗോള്‍ നേടി. വിങ്ങില്‍ വിനീത് മികച്ച നീക്കങ്ങളിലൂടെ മൈതാനം നിറഞ്ഞ് കളിക്കുകയും ചെയ്തു. എന്നാല്‍ വിനീതിന് ഗോളടിക്കാന്‍ കിട്ടിയ 3 അവസരങ്ങള്‍ പാഴാക്കിയത് ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കി.
28-ാം മിനിറ്റില്‍ വിനീതിന്റെ ഷോട്ട് ഗോളി ഉഗ്രന്‍ സേവിലൂടെ തട്ടിയകറ്റി. 55-ാം മിനിറ്റില്‍ ഗോള്‍പോസ്റ്റിന് മുകളിലൂടെ വിനീതിന്റെ ഷോട്ട്. അനാവിശ്യ അഭിനയം നടത്തി വിനീത് രണ്ടാം മഞ്ഞക്കാര്‍ഡ് ചോദിച്ച് മേടിയ്ക്കുകയായിരുന്നു. ഇതോടെ ആര്‍ത്തിരമ്പിയ സ്റ്റേഡിയം നിശബ്ദമായി.
ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആഗ്രഹിച്ച ഗോള്‍ പിറന്നെങ്കിലും ആദ്യ വിജയം ബ്ലാസ്റ്റേഴ്സിന് നേടാനാവില്ല. മുംബൈ സിറ്റി രണ്ടാം പകുതിയില്‍ നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിനെ 1-1ന് സമനിലയില്‍ തളക്കുകയായിരുന്നു. മത്സരത്തിന്റെ സമസ്ത മേഘലകളിലും ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയിട്ടും കേരളം ആഗ്രഹിച്ച വിജയം നേടാനായില്ല

ഇത് നിനച്ചിരിക്കാതെ കിട്ടിയതല്ല  അധ്വാനിച്ചു നേടിയ വിജയം കൃത്യമായ പ്ലാനിങ്ങോടെ ആവനാഴിയിലെ സകല അസ്ത്രവും തേച്ചുമിനുക്കി പ്രയോഗിച്ചതിന്റെ ഫലമായി നേടിയതാണ് ഈ വിജയം. സൂപ്പർ പരിശീലകനെന്ന് പേരെടുത്ത ഡേവ് വാട്മോറെന്ന ഓസ്ട്രേലിയക്കാരനെ ആറു മാസത്തേക്ക് 30 ലക്ഷം രൂപ മുടക്കി കേരളത്തിലേക്കു കൊണ്ടുവന്നതിൽ തുടങ്ങുന്നു ഈ പ്ലാനിങ്. രാജ്യാന്തര തലത്തിൽ പേരെടുത്ത പരിശീലകനെ രഞ്ജി ട്രോഫി ലക്ഷ്യമിട്ട് കൊണ്ടുവന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്.
കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന രണ്ട് പ്രധാനപ്പെട്ട മറുനാടൻ താരങ്ങളെ നിലനിർത്തുന്നതിൽ കെസിഎ കാട്ടിയ ബുദ്ധിയാണ് രണ്ടാമത്തേത്. മധ്യപ്രദേശ് താരം ജലജ് സക്സേന, തമിഴ്നാട് താരം അരുൺ കാർത്തിക് എന്നിവരെയാണ് നിലനിർത്തിയത്. കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ ജാർഖണ്ഡിനെ തോൽപ്പിച്ച് കേരളത്തിന് മികച്ച തുടക്കം നൽകിയത് മധ്യപ്രദേശിൽനിന്ന് വായ്പാടിസ്ഥാനത്തിൽ കേരളത്തിനു കളിക്കാനെത്തിയ ജലജ് സക്സേനയെന്ന ഓൾറൗണ്ടറായിരുന്നു. കേരളം വിജയിച്ച ആദ്യ രണ്ടു മൽസരങ്ങളിലും കളിയിലെ കേമൻപട്ടം നേടിയത് സക്സേന തന്നെ.

സീസണിൽ കൂടുതൽ മൽസരങ്ങൾ ഹോം മൈതാനത്ത് കളിക്കാൻ സാധിച്ചതും കേരളത്തിന് അനുഗ്രഹമായി. ആകെയുള്ള ആറു മൽസരങ്ങളിൽ മൂന്ന് ഹോം മാച്ചുകളും മൂന്ന് എവേ മാച്ചുകളുമാണ് ആദ്യ റൗണ്ടിൽ ഒരു ടീം കളിക്കേണ്ടത്. എന്നാൽ, ജമ്മു കശ്മീരിനെതിരായ മൽസരം അവിടെയാണ് നടത്തേണ്ടിയിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാൽ കേരളത്തിലേക്കു മാറ്റുകയായിരുന്നു. ഫലത്തിൽ ഒരു ഹോം മാച്ച് കേരളത്തിന് കൂടുതൽ ലഭിച്ചു.

ഈ സീസണിൽ ആറു മൽസരങ്ങളിൽ അഞ്ചു വിജയവും ഒരു തോൽവിയുമായി കേരളം ക്വാർട്ടറിലേക്കു മുന്നേറുമ്പോൾ ആ വിജയവഴിയിലൂടെ ഒരു സഞ്ചാരം.കഴിഞ്ഞ സീസണിൽ സെമി ഫൈനൽ കളിച്ച സാക്ഷാൽ ധോണിയുടെ ജാർഖണ്ഡിനെ ആദ്യ മൽസരത്തിൽ തോൽപ്പിച്ചാണ് കേരളം ഇത്തവണ രഞ്ജി ട്രോഫി സീസണിന് തുടക്കം കുറിച്ചത്. ഈ സീസണിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് മൈതാനത്ത് നടന്ന ഈ ഏക രഞ്ജി ട്രോഫി മൽസരത്തിൽ നേടിയ വിജയമാണ് അക്ഷരാർഥത്തിൽ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊർജമായത്. ഡേവ് വാട്മോറിന്റെ വരവോടെ ആരെയും തോൽപ്പിക്കുന്ന ടീമായി കേരളം മാറിയെന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു ഈ മൽസരം.

ഒൻപതു വിക്കറ്റിനാണ് കേരളം അട്ടിമറി വിജയം നേടിയത്. ഒന്നാം ഇന്നിങ്സിൽ 48 റൺസ് ലീഡ് നേടിയ കേരളം ജാർഖണ്ഡിനെ രണ്ടാം ഇന്നിങ്സിൽ 89 റൺസിന് പുറത്താക്കിയാണ് വിജയം പിടിച്ചെടുത്ത്. സ്കോർ: ജാർഖണ്ഡ്: 202, 89. കേരളം: 259, ഒരു വിക്കറ്റിന് 34.

ജലജ് സക്സേനയുടെ ഓൾറൗണ്ട് പ്രകടനമാണ് കേരളത്തിനു ജയമൊരുക്കിയത്. ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റും 54 റൺസും നേടിയ ജലജ് രണ്ടാം ഇന്നിങ്സിൽ 27 റൺസ് വിട്ടുകൊടുത്ത് ജാർഖണ്ഡിന്റെ അഞ്ചുവിക്കറ്റുകൾ കൂടി പിഴുതു. സ്പിന്നർ കെ. മോനിഷ് നാലു വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടി. ജയത്തോടെ ബി ഗ്രൂപ്പിൽ അഞ്ചുപോയിന്റോടെ കേരളം ഒന്നാംസ്ഥാനത്തെത്തി.

നിലവിലെ ചാംപ്യൻമാരായ ഗുജറാത്തിനോട് രണ്ടാമത്തെ മൽസരത്തിൽ അവരുടെ മൈതാനത്ത് തോൽവി വഴങ്ങിയെങ്കിലും ടീമെന്ന നിലയിൽ കേരളം ആർജിച്ച കരുത്തിന്റെ സൂചികയായി മാറി ഈ പോരാട്ടം. ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ നാലു വിക്കറ്റിനാണ് ആതിഥേയർ കേരളത്തെ വീഴ്ത്തിയത്. ജയിക്കാൻ രണ്ടാം ഇന്നിങ്സിൽ 106 റൺസ് മാത്രം വേണ്ടിയിരുന്ന ഗുജറാത്തിന് ലക്ഷ്യം നേടുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഒരു ഘട്ടത്തിൽ ആറിന് 81 എന്ന നിലയിലായിരുന്നു ഗുജറാത്ത്.കേരളം 208, 203. ഗുജറാത്ത്: 307, ആറു വിക്കറ്റിനു 108. ന്നാം ഇന്നിങ്സിലെ 99 റൺസ് ലീഡാണ് ഗുജറാത്തിനു ഗുണമായത്. ജലജ് സക്സേനയും അക്ഷയ് ചന്ദ്രനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. തോറ്റെങ്കിലും അവസാന ശ്വാസം വരെ പോരാടാൻ കേരളം കാട്ടിയ ആർജവം ക്രിക്കറ്റ് ആരാധകരുടെ കയ്യടി നേടി.

തുമ്പയിൽ നടന്ന ഈ സീസണിലെ ആദ്യ പോരാട്ടത്തിൽ രാജസ്ഥാനെ വീഴ്ത്തി കേരളം വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. 131 റൺസിനാണു കേരളം ടൂർണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 343 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 83.4 ഓവറിൽ 211 റൺസിനു പുറത്തായി. പുതുമുഖതാരം സിജോമോൻ ജോസഫിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണു കേരളത്തിനു വിജയം ഉറപ്പാക്കിയത്. മൂന്നു കളികളിൽനിന്നു രണ്ടു ജയവും ഒരു തോൽവിയും ഉൾപ്പെടെ 12 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്തായി കേരളം.രണ്ട് ഇന്നിങ്സിലുമായി സെഞ്ചുറി ഉൾപ്പെടെ 184 റൺസും 10 വിക്കറ്റും സ്വന്തമാക്കിയ ജലജ് സക്സേന വീണ്ടും കളിയിലെ താരമായി. കളിയുടെ അവസാനദിവസം ആദ്യ സെഷനിൽ അതിവേഗം റൺസ് അടിച്ചുകൂട്ടി കേരളം രാജസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഓപ്പണർമാരെ പൂജ്യത്തിനു പുറത്താക്കി തുടങ്ങിയ കേരളം ആഞ്ഞടിച്ചതോടെ 64 റൺസിനു നാലു വിക്കറ്റ് എന്ന നിലയിൽ രാജസ്ഥാൻ പരുങ്ങി. എന്നാൽ മധ്യനിരയിൽ റോബിൻ ബിസ്ത്, എം.കെ.ലോംറോർ എന്നിവർ അർധസെഞ്ചുറി നേടി പിടിച്ചുനിൽപിനു ശ്രമിച്ചു. എന്നാൽ സിജോമോൻ ജോസഫിന്റെ ഉശിരൻ ബോളിങ്ങിലൂടെ കേരളം വിജയവഴിയിലെത്തി.

തുമ്പയിൽ നടന്ന രണ്ടാം മൽസരത്തിൽ ജമ്മു കശ്മീരിനെതിരെ വമ്പൻ വിജയവുമായി കേരളം നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. 238 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ജമ്മുവിനെ രണ്ടാം ഇന്നിങ്സിൽ വെറും 79 റൺസിന് പുറത്താക്കിയാണു കേരളം 158 റൺസിന്റെ വിജയം നേടിയത്. നാലു കളികളിൽനിന്നു മൂന്നു വിജയത്തോടെ കേരളത്തിന് 18 പോയിന്റും സ്വന്തമാക്കി. സഞ്ജു സാംസണിന്റെ സീസണിലെ ആദ്യ സെഞ്ചുറിയായിരുന്നു മല്‍സരത്തിലെ സവിശേഷത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ഉജ്വല സെഞ്ചുറി നേടിയ സഞ്ജു മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും നേടി.

ഏഴു വിക്കറ്റിന് 56 റൺസ് എന്ന നിലയിൽ അവസാനദിവസം ബാറ്റിങ്ങിനിറങ്ങിയ ജമ്മുവിന്റെ അവസാന മൂന്നു വിക്കറ്റുകൾ 23 റൺസെടുക്കുന്നതിനിടെ നഷ്ടമായി. അരങ്ങേറ്റ മൽസരത്തിനിറങ്ങിയ സ്പിന്നർ കെ.സി.അക്ഷയ് ആണ് രണ്ടാം ഇന്നിങ്സിലും ജമ്മുവിനെ തകർത്തത്. 21 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകൾ അക്ഷയ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ അക്ഷയ് നാലു വിക്കറ്റുകൾ നേടിയിരുന്നു. സിജോമോൻ ജോസഫും എം.ഡി.നിധീഷും രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ജമ്മുവിന്റെ രണ്ടാം ഇന്നിങ്സിൽ മൂന്നുപേർ മാത്രമാണു രണ്ടക്കം കടന്നത്.സീസൺ മുന്നോട്ടു പോകുന്തോറും കൂടുതൽ കരുത്താർജിക്കുന്ന കേരളത്തെയാണ് കണ്ടത്. തുമ്പയിലെ മൂന്നാം മൽസരത്തിൽ സൗരാഷ്ട്രയെ 309 റൺസിനു തകർത്ത കേരളം വിജയപരമ്പര തുടർന്നു. ജയിക്കാൻ 405 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ 95 റൺസിനു പുറത്താക്കിയ കേരളം 24 പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്തേയ്ക്കു കയറുകയും ചെയ്തു.സ്കോർ കേരളം 225, 411–6. സൗരാഷ്ട്ര 232, 95.അവസാനദിനം ഒരു വിക്കറ്റിനു 30 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്ര കേരളത്തിന്റെ സ്പിൻ ത്രയത്തിനു മുന്നിൽ മൂക്കുകുത്തിവീഴുകയായിരുന്നു. ജലജ് സക്സേന നാലു വിക്കറ്റും സിജോമോൻ ജോസഫ്, കെ.സി.അക്ഷയ് എന്നിവർ മൂന്നു വിക്കറ്റുവീതവും വീഴ്ത്തി. കേരളം തൊട്ടുതലേന്ന് അടിച്ചുതകർത്ത് 411 റൺസ് നേടിയ പിച്ചിലാണ് സൗരാഷ്ട്ര ചീട്ടുകൊട്ടാരം പോലെ തകർന്നത്.

കളി തുടങ്ങി അധികം വൈകാതെ സൗരാഷ്ട്രയുടെ ബാറ്റിങ് കരുത്തായ റോബിൻ ഉത്തപ്പയും ഓപ്പണർ സ്നെൽ പട്ടേലും സിജോമോനു മുന്നിൽ വീണതോടെ കേരളം വിജയം മണത്തു. പിന്നീട് ദൗത്യം ജലജ് സക്സേനയും അക്ഷയും ഏറ്റെടുത്തു. ആറിനു 91 റൺസ് എന്ന നിലയിൽ നിന്നാണു 95 റൺസിന് സൗരാഷ്ട്ര ഓൾ ഔട്ട് ആയത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയവുമായി നാഗ്പുരിൽ കോഹ്‌ലിപ്പടയുടെ തേരോട്ടം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 239 റൺസിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്. 405 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായി കളത്തിലിറങ്ങിയ ലങ്കയെ ഒന്നര ദിവസത്തെ കളി ബാക്കിനിൽക്കെ ഇന്ത്യൻ ബോളർമാർ 166 റൺസിന് ഓൾഔട്ടാക്കി. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്രൻ അശ്വിന്റെ മികവിലാണ് ഇന്ത്യയുടെ പടയോട്ടം. ലങ്കയുടെ അവസാന ബാറ്റ്സ്മാൻ ഗാമേജിനെ പുറത്താക്കിയാണ് അശ്വിൻ ചരിത്ര നേട്ടം കൈവരിച്ചത്.

54–ാം ടെസ്റ്റിൽ 300 വിക്കറ്റ് നേട്ടം പിന്നിട്ട അശ്വിൻ 56-ാം ടെസ്റ്റിൽ റെക്കോർഡ് കണ്ടെത്തിയ ഓസീസ് താരം ഡെന്നിസ് ലിലിയുടെ റെക്കോർഡാണ് തകർത്തത്. 66–ാം ടെസ്റ്റിൽ ഈ നേട്ടത്തിലെത്തിയ അനിൽ കുംബ്ലെയുടെ ഇന്ത്യൻ റെക്കോർഡും അശ്വിൻ മറികടന്നു. ഈ വിജയത്തോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലെത്തി. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.

ഈ ടെസ്റ്റിലാകെ അശ്വിന്‍ എട്ടു വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സിലും നാലു വിക്കറ്റെടുത്ത അശ്വിനു പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവരാണ് ലങ്കയെ തകർത്തത്. 82 പന്തിൽ 61 റൺസെടുത്ത ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലാണ് ലങ്കയുടെ ടോപ് സ്കോറർ. ഒൻപതാം വിക്കറ്റിൽ സുരംഗ ലക്മലുമൊത്ത് ചണ്ഡിമൽ കൂട്ടിച്ചേർത്ത 58 റൺസ് കൂട്ടുകെട്ടാണ് ലങ്കയുടെ തോൽവിഭാരം കുറച്ചതും ഇന്ത്യയുടെ വിജയം വൈകിച്ചതും.

നേരത്തെ, കരിയറിലെ 19–ാം ടെസ്റ്റ് സെഞ്ചുറിക്ക് ഇരട്ടസെഞ്ചുറിയുടെ അഴകു ചാർത്തിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ മികവിലാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കോഹ്‍ലിയുടെ ഇരട്ടസെഞ്ചുറിക്കു പുറമെ ഓപ്പണർ മുരളി വിജയ് (128), ചേതേശ്വർ പൂജാര (143), രോഹിത് ശർമ (പുറത്താകാതെ 102) എന്നിവരുടെയും മികവിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 610 റൺസെടുത്ത ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 405 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക 205 റൺസിനു പുറത്തായിരുന്നു.

രോഹിത് സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെയായിയിരുന്നു ഡിക്ലറേഷൻ. ഇന്ത്യൻ ഇന്നിങ്സിൽ നാലു താരങ്ങൾ സെഞ്ചുറി നേടുന്നത് ഇത് മൂന്നാം തവണയാണ്. 2010ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും 2007ൽ ബംഗ്ലദേശിനെതിരെയുമാണ് മുൻപ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 160 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെയാണ് രോഹിത് തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. അഞ്ചു പന്തിൽ ഒരു റണ്ണെടുത്ത വൃദ്ധിമാൻ സാഹ രോഹിതിനൊപ്പം പുറത്താകാതെ നിന്നു.

 

 

അഞ്ച് വിക്കറ്റ് നേട്ടവുമായി തന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള കടന്നു വരവിന് വഴി തെളിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മകന്‍ അര്‍ജുന്‍. മധ്യപ്രദേശിനെതിരായ അണ്ടര്‍ 19 കൂച്ച് ബെഹര്‍ ട്രോഫിയിലാണ് അര്‍ജുന്‍ മുംബൈയ്ക്കായി അഞ്ച് വിക്കറ്റ് പിഴുത് ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ ശ്രദ്ധ തന്നിലേക്ക് എത്തിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇടം കയ്യന്‍ പേസറായ അര്‍ജുന്‍ 26 ഓവറില്‍ 95 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും അര്‍ജുന്‍ നേടിയിരുന്നു.

ലോര്‍ഡ്‌സില്‍ ലോക കപ്പ് ഫൈനലിന് മുന്‍പ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടി നെറ്റ്‌സില്‍ ബോള്‍ ചെയ്യാന്‍ അര്‍ജുന്‍ എത്തിയിരുന്നു. അതിന് പുറമെ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്ക് മുന്‍പ് കോഹ് ലി ഉള്‍പ്പെടെയുള്ള മുന്‍ നിര താരങ്ങള്‍ക്കായി അര്‍ജുന്‍ നെറ്റ്‌സിന്‍ ബൗള്‍ ചെയ്യുകയും ചെയ്തിരുന്നു.

മധ്യപ്രദേശിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിങ്‌സിലെ ലീഡ് മുംബൈയ്ക്ക് മൂന്ന് പോയിന്റ് നേടിക്കൊടുത്തു.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 97 റൺസിൽ നില്ക്കുമ്പോഴാണ് ഡിക്ലയർ ചെയ്യട്ടെ എന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി കോച്ച് രവി ശാസ്ത്രിയോട് ചോദിച്ചത്. സെഞ്ചുറി പൂർത്തിയാക്കൂ എന്നായിരുന്നു ശാസ്ത്രിയുടെ മറുപടി. എന്നാൽ ചോദ്യം ചോദിച്ച രീതിയാണ് എല്ലാവരെയും അൽഭുതപ്പെടുത്തിയത്. ആംഗ്യ ഭാഷയിലായിരുന്നു സംഭാഷണം. കൈകൾക്കൊണ്ട് രണ്ടുപേരും നടത്തിയ സംഭാഷണ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ സ്വന്തം ശതകത്തേക്കാളുപരി എതിരാളിയെ അധികനേരം ബാറ്റു ചെയ്യിപ്പിക്കാനായിരുന്നു കോഹ്‌ലിയുടെ ആഗ്രഹം. പക്ഷേ ഒരു ഓവറർ കൂടി ബാറ്റ് ചെയ്ത് ഡിക്ലയർ ചെയ്യാനായിരുന്നു പരിശീലകനായ ശാസ്ത്രിയുടെ നിർദ്ദേശം. ആംഗ്യ സംഭാഷണം ഡികോഡ് ചെയ്യാമോ എന്ന തകര്‍പ്പന്‍ ചോദ്യവുമായി ബിസിസിഐ തന്നെ ഈ വീഡിയോ ട്വിറ്ററിൽ ഷെയര്‍ ചെയ്യുകയും ചെയ്തു

 

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ‘പുത്തന്‍ ഷോട്ടിന്’ ശ്രമിച്ച് അപഹാസ്യനായി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ചമര സില്‍വ. കൊളംബോയില്‍ നടക്കുന്ന മെര്‍ക്കന്റൈല്‍ പ്രീമിയര്‍ ലീഗിലാണ് സംഭവം. എംഎഎസ് യൂനിച്ചെല്ലയും ടിജെ ലങ്കയും തമ്മിലാണ് മത്സരം നടന്നത്.

സ്കൂപ്പ് ഷോട്ടിനാണ് ചമര സില്‍വെ ശ്രമിച്ചതെന്ന് പറഞ്ഞാല്‍ ലങ്കന്‍ താരം ദില്‍ഷന്‍ പോലും പൊറുക്കില്ല. അതിലും കഠിനമായൊരു ഷോട്ടിനാണ് താരം ശ്രമിച്ചത്. 37കാരനായ സില്‍വ സ്റ്റംമ്പ് ഉണ്ടെന്ന കാര്യം മറന്ന് പോയത് പോലെ സ്റ്റംമ്പിന് പിറകിലേക്ക് ഓടിപ്പോയതിന് ശേഷമാണ് പന്ത് ബൗണ്ടറിയിലേക്ക് പായിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ പന്ത് കൃത്യമായി കുറ്റിയും തെറിപ്പിച്ച് വിശ്രമിച്ചു. വീഡിയോ പുറത്തുവന്നതോടെ താരത്തെ സോഷ്യല്‍മീഡിയ ട്രോളുകളിലൂടെ കൈകാര്യം ചെയ്യുകയാണ്. വാതുവെയ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സില്‍വയെ രണ്ട് വര്‍ഷം വിലക്കിയിട്ടുണ്ട്. എന്നാല്‍ പ്രാദേശിക ലീഗില്‍ കളിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു. നേരത്തേ വാതുവെയ്പില്‍ പിടിക്കപ്പെട്ട താരത്തെ ലങ്കന്‍ ബോര്‍ഡ് ടീമില്‍ നിന്നും പുറത്താക്കിയിരുന്നു.
ശ്രീലങ്കയിലെ പ്രാദേശിക ലീഗില്‍ പനദുര ക്രിക്കറ്റ് ക്ലബ്ബും കലുതര ഫിസിക്കല്‍ കള്‍ച്ചറല്‍ ക്ലബ്ബും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് വാതുവെപ്പ് നടന്നത്. പിന്നീട് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ താരം കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു.

ഒരിക്കല്‍ വിന്‍ഡീസ് ക്രിക്കറ്റില്‍ ബൗളറാകാന്‍ മോഹിച്ചിരുന്ന താരം ഇപ്പോള്‍ ഇതിഹാസ മത്സരമായ ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയെ പരിശീലിപ്പിക്കുകയാണ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്.

കളിക്കാര്‍ക്ക് വിക്കറ്റിനിടയിലെ ഓട്ടത്തിലുള്ള പിഴവുകള്‍ പരിഹരിക്കാനാണ് എസിബി വേഗരാജാവിന്റെ സഹായം തേടിയിരിക്കുന്നത്. സിഡ്‌നിയില്‍ താരം ഓസ്‌ട്രേലിയന്‍ ടീമംഗങ്ങള്‍ക്ക് ഓട്ടത്തിന്റെ ചില ടിപ്‌സുകള്‍ പറഞ്ഞുകൊടുക്കുകയും ഓസീസ് താരങ്ങള്‍ അത് പരിശീലിക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ റണ്‍സിനായി ഓടുമ്പോള്‍ കുതിപ്പിന്റെ തുടക്കം തന്നെ വേഗതയില്ലാതെയാണെന്നും ഇത് മെച്ചപ്പെടുത്തിയാല്‍ അത് കളിക്കാര്‍ക്ക് ഗുണമാകുമെന്നും വേഗതാരം പറഞ്ഞു.

Image result for USAIN BOLT PRACTICING AUS CRICKET TEAM

ആഗസ്റ്റില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിന് ശേഷം വിരമിച്ച ബോള്‍ട്ട് ബാറ്റിംഗിന് ശേഷമുള്ള ഓട്ടവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. വ്യാഴാഴ്ച ബ്രിസ്‌ബേനില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പായി ബോള്‍ട്ടിന്റെ ടിപ്‌സ് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍സ്‌കോംബും പറയുന്നു.

100,200 മീറ്ററുകളിലായി എട്ട് ഒളിമ്പിക്‌സ് മെഡലുകളും ലോക റെക്കോര്‍ഡും പേരിലുള്ള ബോള്‍ട്ട് വിരമിച്ച ശേഷം ഫുട്‌ബോള്‍ താരമാകാനുള്ള ഒരുക്കത്തിലാണ്. ഫുട്‌ബോള്‍ പരിശീലനത്തിനായി ജര്‍മ്മന്‍ ബുണ്ടാസ് ലിഗയിലെ ബോറൂഷ്യ താരത്തെ ക്ഷണിച്ചിരിക്കുകയാണ്. ലോകചാമ്പ്യന്‍ഷിപ്പിനിടയില്‍ കിട്ടിയ പരിക്കിനെ അതിജീവിച്ചെത്തിയിരിക്കുന്ന താരം പരിശീലനം വീണ്ടും തുടങ്ങിയിട്ടുണ്ട്.

കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ലങ്കയ്ക്കെതിരെ ഒന്നാം ഇന്നിങ്സിൽ തകർന്നടിഞ്ഞ ഇന്ത്യ കെ.എല്‍ രാഹുലിന്റെയും ശിഖര്‍ ധവാന്റെയും അര്‍ധസെഞ്ചുറിയുടെ പിൻബലത്തിലാണ് തിരിച്ചടിച്ചത്. നാലാം ദിനം കളിനിർത്തുമ്പോൾ രണ്ടാ‍ം ഇന്നിങ്സില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കിപ്പോൾ 49 റൺസിന്റെ ലീഡായി. ധവാൻ- രാഹുൽ സഖ്യം ഒന്നാം വിക്കറ്റിൽ 166 റണ്‍സ് നേടി ഇന്ത്യയെ മൽസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

94 റൺസെടുത്ത ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ദാസുന്‍ ശനകയ്ക്കാണ് വിക്കറ്റ്. 73 റൺസുമായി കെ.എൽ. രാഹുലും രണ്ടു റൺസുമായി പുജാരയുമാണ് ക്രീസിൽ. ഒന്നാം ഇന്നിങ്സില്‍ ശ്രീലങ്ക 122 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ലങ്ക 294 റണ്‍സെടുത്ത് പുറത്തായി. 67 റണ്‍സ് നേടിയ രംഗണ ഹെറാത്താണ് ലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഉമേഷ് യാദവ് രണ്ടു വിക്കറ്റ് നേടി.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് നിര 172 റൺസിനു പുറത്തായിരുന്നു. 52 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വൃദ്ധിമാൻ സാഹ (29), രവീന്ദ്ര ജഡേജ (22), മുഹമ്മദ് ഷാമി (24) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ലങ്കയ്ക്കും മഴയ്ക്കും മുന്നിൽ ചിറകെട്ടിനിന്നാണ് പൂജാര അർധ സെ‍ഞ്ചുറി പൂർത്തിയാക്കിയത്.

വാലറ്റത്ത് മുഹമ്മദ് ഷാമിയും ഭുവനേശ്വർ കുമാറും (13) അധ്വാനിച്ചതുകൊണ്ടു മാത്രമാണ് ഇന്ത്യൻ സ്കോർ 172 വരെയെങ്കലും എത്തിയത്. ഇന്ത്യൻ മണ്ണിൽ ലങ്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കുറഞ്ഞ ഇന്നിങ്സ് ടോട്ടലാണിത്. ലങ്കയ്ക്കു വേണ്ടി ലക്മൽ 26 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

RECENT POSTS
Copyright © . All rights reserved