Sports

വിരാട് കോഹ്ലിയുടെ പിന്‍ഗാമിയായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ ആരു നയിക്കണമെന്ന് പറഞ്ഞ് നിയുക്ത മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. രോഹിത് ശര്‍മ്മ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനാകുന്നത് കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് ദ്രാവിഡ് വ്യക്തമാക്കി.

ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദ്രാവിഡ്, രോഹിത് ശര്‍മ്മയെ പിന്തുണച്ചത്. രോഹിത് കഴിഞ്ഞാല്‍ കെ.എല്‍. രാഹുലിനാണ് ദ്രാവിഡ് പരിഗണന നല്‍കുന്നത്.

ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ക്യാപ്റ്റനാണ് രോഹിത്. അഞ്ച് തവണ മുബൈ ഇന്ത്യന്‍സിനെ ജേതാക്കളാക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. നിദഹാസ് ട്രോഫിയിലും 2018 ഏഷ്യ കപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ചതും രോഹിത് തന്നെ. ലോക കപ്പോടെ ടി20 നായക പദം ഒഴിയുമെന്ന് കോഹ്ലി അറിയിച്ചു കഴിഞ്ഞു. ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റന്‍സി നഷ്ടപ്പെടാനാണ് സാദ്ധ്യത.

ബാഴ്‌സലോണയുടെ സൂപ്പർതാരം മെസി 21 വർഷങ്ങൾക്ക് ശേഷം ടീമിനോട് യാത്രപറഞ്ഞിറങ്ങിയത് ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. വൻ സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു ബാഴ്‌സ മൈതാനം വിട്ട് മെസി ഇറങ്ങിയത്. സീസൺ തുടക്കത്തിൽ ക്ലബിന്റെ നന്മക്ക് വേണ്ടി പ്രതിഫലം പകുതിയായി കുറക്കാമെന്ന് മെസി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അതും മതിയാവില്ലെന്ന് വന്നതോടെയാണ് മെസിയെ ബാഴ്‌സ റിലീസ് ചെയ്തത്.

എന്നാൽ, ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് പോയ മെസി ഇപ്പോൾ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത് ശ്രദ്ധേയമാവുകയാണ്. ബാഴ്‌സ പ്രസിഡന്റ് യുവാൻ ലെപോർട്ടയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് മെസി രംഗത്തെത്തിയത്. സൗജന്യമായി കളിക്കാൻ മെസ്സി ഒരുക്കമാണെങ്കിൽ ബാഴ്‌സയിൽ തന്നെ താരത്തിന് തുടരാമായിരുന്നുവെന്നാണ് ലെപോർട്ടയുടെ പ്രതികരണം.

എന്നാൽ, ഈ പ്രസ്താവനയോട് മെസി രൂക്ഷമായി പ്രതികരിച്ചു. പ്രസിഡന്റ് അങ്ങനെയാരു ആവശ്യം തന്റെ മുന്നിൽ വച്ചില്ലെന്നും ബാഴ്‌സക്ക് വേണ്ടി സൗജന്യമായി കളിക്കുമായിരുന്നുവെന്നും മെസി പറഞ്ഞു.

യുകെയിലെ തന്നെ ഏറ്റവും കരുത്തരായ അസോസിയേഷനുകളിൽ ഒന്നായ ബെർമിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി അണിയിച്ചൊരുക്കുന്ന ഓൾ യുകെ ബാഡ്മിൻറൻ ടൂർണ്ണമെൻറ് നവംബർ 20-ാംതീയതി 11 മണിമുതൽ സിസ്ത്ഫോം കോളേജ് കോളേജ് സോളിഹുൾ B913WRൽ വച്ച് നടത്തപ്പെടുന്നു. മെൻസ് ഡബിൾസ് ഇന്റർമീഡിയറ്റ് വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക.

ഒന്നാം സമ്മാനം  401 പൗണ്ടും ട്രോഫിയും       , രണ്ടാം സമ്മാനം 201 പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം 101 പൗണ്ടും ട്രോഫിയും , നാലാം സമ്മാനം  51 പൗണ്ടും ട്രോഫിയും എന്നിങ്ങനെ അത്യാകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ബിസിഎംസി സംഘടിപ്പിക്കുന്ന ഈ മത്സരങ്ങളുടെ ഒരുക്കങ്ങൾ ക്ഷണം ഉൾപ്പെടെ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ബിജു -07828107367, ജിതേഷ്-07399735090 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

മാഞ്ചെസ്റ്റര്‍: സൈപ്രസില്‍ നടക്കുന്ന യൂറോപ്യന്‍ കബഡി ടൂര്‍ണമെന്റിലേയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നാലു മലയാളികള്‍. ആലപ്പുഴ സ്വദേശി സാജു മാത്യുവാണ് ക്യാപ്റ്റൻ. ഇംഗ്ലണ്ടില്‍ സ്ഥിര താമസമായിക്കിയിട്ടുള്ള കുറവിലങ്ങാട് സ്വദേശിയും മുന്‍ കോട്ടയം ജില്ലാ ടീം അംഗവുമായിരുന്ന രാജു ജോര്‍ജ്, സംസ്ഥാന തലമത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആലപ്പുഴക്കാരനായ ജിത്തു ജോസഫ്, കോഴിക്കോട് സ്വദേശി ജയ്‌നീഷ് ജയിംസ് എന്നിവരാണ് ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയ മറ്റു മലയാളി താരങ്ങള്‍ .

ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നതിനു മുമ്പ് ജില്ലാ സംസ്ഥാനതല മത്സരങ്ങളില്‍ ഇറങ്ങിയ താരങ്ങളാണിവര്‍. . ഇന്നലെമുതല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. സൈപ്രസ്, ഇറ്റലി, ഹോളണ്ട്, പോളണ്ട്, ബല്‍ജിയം, സ്‌കോട്ട്‌ലാന്‍ഡ്, ഈജിപ്ത്, സൈപ്രസ്, തുടങ്ങിയ ടീമുകളാണ് യൂറോപ്യന്‍ കബഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

 

ഒരു ഐസിസി ലോകകപ്പ് വേദിയിൽ ആദ്യമായി പാകിസ്താനോട് പരാജയം രുചിച്ചതോടെ ഇന്ത്യൻ ആരാധകർ നിരാശയിൽ. പിന്നാലെ നിരാശയുടെ ആക്കം കൂട്ടി വിവാദവും. ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ വലിയ പിഴവുണ്ടായെന്നാണ് ആരാധകരുടെ കണ്ടെത്തൽ. തേർഡ് അമ്പയറുടെ ഇടപെടലാണ് വിവാദം കത്തിച്ചിരിക്കുന്നത്.

ഇന്ത്യൻ താരം കെഎൽ രാഹുൽ പുറത്തായത് നോ ബോളിലായിരുന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഷഹീൻ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ രാഹുൽ ബൗൾഡാകുകയായിരുന്നു. എന്നാൽ ഈ പന്ത് നോ ബോളാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ട്വിറ്ററിൽ പങ്കുവെച്ചു.

പന്ത് റിലീസ് ചെയ്യുമ്പോൾ ഷഹീൻ അഫ്രീദിയുടെ കാൽ വരയ്ക്ക് വെളിയിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. മത്സരത്തിൽ എട്ടു പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമെടുത്താണ് രാഹുൽ പുറത്താകുന്നത്. എന്നാൽ ഫീൽഡ് അമ്പയറോ തേർഡ് അമ്പയറോ ഇക്കാര്യം കണക്കിലെടുത്തില്ല.

മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്താനോട് പരാജയപ്പെട്ടത്. തോൽവിയറിയാതെ പിന്നിട്ട 12 മത്സരങ്ങൾക്കു ശേഷം ലോകകപ്പ് വേദിയിൽ ഇന്ത്യ ഒടുവിൽ പാകിസ്താനോട് തോൽക്കുകയായിരുന്നു. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 17.5 ഓവറിൽ ലക്ഷ്യം കണ്ടു.

അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസമും (68) മുഹമ്മദ് റിസ്വാനു (79)മാണ് പാക് ജയം എളുപ്പമാക്കിയത്. ഒരു ഘട്ടത്തിൽ പോലും പാകിസ്താൻ ഓപ്പണർമാരെ പ്രതിരോധത്തിലാക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല. അതേസമയം, ഇന്ത്യൻ ബാറ്റർമാർ പാകിസ്താൻ ബൗളിങ് നിരയ്ക്ക് മുന്നിൽ അടിയറവ് വെയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തിരുന്നു.

പ്രവാസികൾ നിറയുന്ന യുഎഇയിൽ ഇന്ത്യക്കാരാണ് ഭൂരിപക്ഷം. തൊട്ടുപിന്നിൽ പാക്കിസ്ഥാനികൾ. പക്ഷേ പരസ്പരമുള്ള ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യ മാത്രമാണ് വിജയപക്ഷത്തു നിന്നത്. ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. അതിൽ ഇരുടീമും ഒരിക്കലും മറക്കാത്ത മത്സരങ്ങളുണ്ട്. പ്രഥമ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽത്തന്നെ പാക്കിസ്ഥാനെ 5 റൺസിനു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്.

ഇന്ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ പാക്കിസ്ഥാനു കണക്കു ‘വീട്ടാനും’ ഇന്ത്യയ്ക്ക് കണക്കു ‘കൂട്ടാനുമുണ്ട്’. ഫൈനലിനോളം ആവേശകരമായ പോരാട്ടമാണിതും.

രാജ്യാന്തര ട്വന്റി20യിലെ മികച്ച ഓപ്പണിങ് സഖ്യമാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കരുത്ത്. ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം ഇന്നത്തെ മത്സരത്തിൽ നിർണായകമായേക്കും.

∙ കെ.എൽ. രാഹുൽ– രോഹിത് ശർമ (ഇന്ത്യ)

ഇന്നിങ്സ്: 13

റൺസ്: 586

‌ശരാശരി: 45.07

ഉയർ‌ന്ന കൂട്ടുകെട്ട്: 165

∙ ബാബർ അസം– മുഹമ്മദ് റിസ്‌വാൻ‌ (പാക്കിസ്ഥാൻ)

ഇന്നിങ്സ്: 10

റൺസ്: 521

‌ശരാശരി: 52.10

ഉയർ‌ന്ന കൂട്ടുകെട്ട്: 197

∙ കോലി 169 നോട്ടൗട്ട്

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇതുവരെ പുറത്തായിട്ടില്ലെന്ന സൂപ്പർ റെക്കോർഡ് ഇന്ത്യൻ‌ നായകൻ വിരാട് കോലിക്കു സ്വന്തം. 2012 ലോകകപ്പിൽ‌ 78 നോട്ടൗട്ട്, 2014ൽ 36 നോട്ടൗട്ട്, 2016ൽ 55 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോറുകൾ. ആകെ 169 റൺസ് നേടിയ കോലിയാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളിലെ ടോപ് സ്കോറർ

പാക്കിസ്ഥാൻ @ രാജ്യാന്തര ട്വന്റി20

177 മത്സരം,

107 ജയം

വിജയശതമാനം

62.5

∙ ട്വന്റി20 ലോകകപ്പ്

34 മത്സരം

19 ജയം

∙ ഇന്ത്യ @ രാജ്യാന്തര ട്വന്റി20

‌145 മത്സരം

92 ജയം

വിജയശതമാനം 64.18

∙ ട്വന്റി20 ലോകകപ്പ്

33 മത്സരം

19 ജയം

∙ 5–0

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ കളിച്ച 5 മത്സരങ്ങളും ജയിച്ച ഇന്ത്യ, ആറാം ജയമെന്ന റെക്കോർഡിലാണ് ഇന്നു കണ്ണുവയ്ക്കുന്നത്.

2007: മത്സരം സമനില. ബോൾഔട്ടിൽ ഇന്ത്യയ്ക്കു ജയം
2007 ഫൈനൽ‌: ഇന്ത്യയ്ക്ക് 5 റൺസ് ജയം
2012: ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം
2014: ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
2016: ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

∙ ജസ്പ്രീത് ബുമ്ര Vs ഷഹീൻ അഫ്രീദി

ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്കെതിരെ പാക്കിസ്ഥാന്റെ മറുമരുന്ന് ഷഹീൻ അഫ്രീദിയെന്നാണ് മുൻതാരം ശുഐബ് അക്തറിന്റെ പ്രതികരണം. ട്വന്റി20 ക്രിക്കറ്റിൽ ഇരുവരും തുല്യശക്തികളാണോ?

∙ ജസ്പ്രീത് ബുമ്ര

മത്സരം: 50
വിക്കറ്റ്: 59
ഇക്കോണമി: 6.66
മികച്ച ബോളിങ്: 3/11

∙ ഷഹീൻ അഫ്രീദി

മത്സരം: 30
വിക്കറ്റ്: 32
ഇക്കോണമി: 8.17

ബ്രിസ്റ്റോൾ ബ്രിസ് ക 2021 ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 27 ന് 10 മണിക്ക് ഹെൻബറി ലെയ്‌സറി സെന്ററിൽ BS 10 7NG. ഒന്നാം സമ്മാനം 251 പൗണ്ട്, രണ്ടാം സമ്മാനം 101 പൗണ്ട്, മൂന്നാം സമ്മാനം 50 പൗണ്ട്.

പേര് രജിസ്റ്റർ ചെയ്യുവാൻ ബ്രിസ് ക സ്പോർട്സ് കോ -ഓർഡിനേറ്റർമാരായ മിസ്റ്റർ നിഗിൽ കുര്യൻ 079167 934 21, മിസ്റ്റർ മനോഷ് ജോൺ – 79619231251, മിസ്റ്റർ ഷിജു ജോർജ് 07886747957 നമ്പറുകളിൽ ബന്ധപ്പെടുക

സൗദി അറേബ്യൻ ഉടമകൾ ക്ലബ് ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ആഴ്ച ന്യൂകാസിൽ ആരാധകർ ഗ്യാലറിയിൽ സൗദി അറേബ്യൻ രീതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ് എത്തിയത് വലിയ വാർത്തകൾ ആയിരുന്നു. ക്ലബിന്റെ പുതിയ ഉടമകളെ വരവേൽക്കാനായിരുന്നു ന്യൂകാസിൽ ആരാധകർ ഈ വസ്ത്ര രീതിയും സൗദി അറേബ്യയുടെ പതാകയുമൊക്കെ ആയി സ്റ്റേഡിയത്തിൽ എത്തിയത്.

എന്നാൽ അത്തരം വസ്ത്ര ധാരണകൾ ഉപേക്ഷിക്കണം എന്ന് ക്ലബ് അറിയിച്ചു. ഇങ്ങനെ വസ്ത്രം ചെയ്തതിൽ ക്ലബിനൊ ഉടമകൾക്കൊ യാതൊരു പ്രയാസവുമില്ല. എന്നാൽ ഇത് ആ സംസ്കാരത്തിൽ ജീവിക്കുന്നവരെ വേദനിപ്പിച്ചേക്കും എന്ന് ന്യൂകാസിൽ പറഞ്ഞു.

എല്ലാവരും വരും മത്സരങ്ങളിൽ അവർ സാധാരണയായി ധരിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞ് വരാൻ ശ്രമിക്കണം എന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. ഇത് ഒരു കർശനമായ നിർദ്ദേശം അല്ല എന്നും ക്ലബിന്റെ അഭ്യർത്ഥന മാത്രമാണെന്നും ക്ലബ് പറഞ്ഞു. പരിശീലകൻ സ്റ്റീവ് ബ്രൂസിനെ പുറത്താക്കിയ ന്യൂകാസിൽ പുതിയ പരിശീലകനെ തേടുകയാണ് ഇപ്പോൾ.

അഫ്ഗാനിസ്ഥാനില്‍ (Afghanistan) വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ ടീമിലെ താരത്തെ താലിബാന്‍ (Taliban) കഴുത്തറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡന്റാണ് വാർത്ത പുറത്തുവിട്ടത്. പേർഷ്യൻ ഇൻഡിപെൻഡന്റിന് നൽകിയ അഭിമുഖത്തിൽ ടീമിന്റെ പരിശീലകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മഹ്ജബിന്‍ ഹക്കീമി (Mahjabin Hakimi) എന്ന യുവതാരമാണ് താലിബാന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. ഈ മാസം ആദ്യമായിരുന്നു സംഭവം. കൊലപാതക വിവരം പുറത്തുപറയരുതെന്ന് താരത്തിന്റെ കുടുംബത്തെ താലിബാൻ ഭീഷണിപ്പെടുത്തിയെന്നും പരിശീലകൻ വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കഴുത്തറുത്ത് കൊല്ലപ്പെട്ട മഹ്ജബിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകൻ ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

1978-ലാണ് അഫ്ഗാനിസ്ഥാൻ ദേശീയ വനിതാ വോളിബോള്‍ ടീം (Women’s National Volleyball Team) നിലവില്‍ വന്നത്. അഷറഫ് ഗനി (Ashraf Ghani) അധികാരത്തിലിരിക്കെ കാബൂള്‍ (Kabul) മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരമായിരുന്നു മഹ്ജബിന്‍. താലിബാന്‍ അഫ്ഗാനിസ്ഥാൻ കയ്യേറിയതോടെ വോളിബോള്‍ താരങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു എങ്കിലും രണ്ട് താരങ്ങള്‍ക്ക് മാത്രമെ രാജ്യം വിടാന്‍ സാധിച്ചിരുന്നുള്ളു. അവശേഷിച്ചിരുന്ന താരങ്ങള്‍ ഒളിവിലായിരുന്നുവെന്നും പരിശീലകന്‍ പറഞ്ഞു. താരങ്ങള്‍ ആഭ്യന്തര, വിദേശ ടൂര്‍ണമെന്റുകളില്‍ മത്സരിച്ചതും ചാനല്‍ പരിപാടികളില്‍ പങ്കെടുത്തതുമാണ് താലിബാനെ ചൊടിപ്പിച്ചതെന്നും ഇതിന് പിന്നാലെയാണ് മഹ്ജബിന്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിൽ ഭരണം പിടിച്ചതിന് ശേഷം സ്ത്രീ വിഭാഗത്തെ അടിച്ചമർത്തുകയാണ് താലിബാൻ. പൊതു ഇടങ്ങളിൽ നിന്ന് അവരെ പൂർണമായി വിലക്കുകയും, പഠിക്കാനും ജോലി ചെയ്യാനും അവർക്കുണ്ടായിരുന്ന സ്വാതന്ത്ര്യം വിലക്കുകയും ചെയ്തു. കായിക ഇനങ്ങളിൽ ഫുട്ബോൾ, ക്രിക്കറ്റ്, എന്നിങ്ങനെയുള്ള കളികളിൽ നിന്നെല്ലാം സ്ത്രീകളെ വിലക്കുകയും ചെയ്തു. ഇതിന് പുറമെ, ഐപിഎൽ സംപ്രേക്ഷണത്തിനും താലിബാൻ രാജ്യത്ത് വിലക്ക് കൊണ്ടുവന്നു. മതവിരുദ്ധമായ ഘടകങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐപിഎൽ സംപ്രേക്ഷണത്തിന് താലിബാൻ വിലക്കേർപ്പെടുത്തിയത്. ഐപിഎല്ലിനിടെ വനിതകൾ നൃത്തം ചെയ്യുന്നതും പൊതു സ്ഥലമായ സ്റ്റേഡിയങ്ങളിൽ മുടി മറയ്ക്കുന്നില്ലെന്നത് ഉൾപ്പെടെയുള്ള മത വിരുദ്ധമായ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് താലിബാൻ ടൂർണമെന്റ് സംപ്രേക്ഷണത്തിന് വിലക്ക് കൊണ്ടുവന്നത്.

 

ഗാര്‍ഹിക പീഡനക്കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തെത്തുടര്‍ന്നാണ് അറസ്‌റ്റെന്ന് വെളിപ്പെടുത്തിയ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിഡ്‌നിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ലഹരി മരുന്നിന്റെ അടിമയായ സ്ലേറ്റര്‍ ഭാര്യയുമായി വഴക്കിട്ടതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസ്‌ട്രേലിയയിലെ ടിവി അവതാരകയായ ജോ ആണ് ഭാര്യ. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.

ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രതാപകാലത്ത് ദേശീയ ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്നു ഓപ്പണിങ് ബാറ്ററായ സ്ലേറ്റര്‍. 1993 മുതല്‍ 2001 വരെയുള്ള കാലയളവില്‍ ഓസീസിനായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം കമന്റേറ്ററുടെ റോളില്‍ കളിക്കളങ്ങളില്‍ സജീവമായിരുന്നു.

ഈ വര്‍ഷം മെയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണെതിരെ കടുത്ത വിമര്‍ശനവുമായി സ്ലേറ്റര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ കൈകളില്‍ ചോരക്കറയുണ്ടെന്നായിരുന്നു സ്ലേറ്റിന്റെ പരാമര്‍ശം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലുള്ള ഓസ്‌ട്രേലിയക്കാര്‍ക്ക് നാട്ടില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം. ആ സമയത്ത് ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇന്ത്യയിലായിരുന്നു സ്ലേറ്റര്‍.

RECENT POSTS
Copyright © . All rights reserved