യൂറോ കപ്പിലെ ഉൽഘാടന മൽസരത്തിൽ തുർക്കിക്ക് എതിരെ ഇറ്റലിക്ക് തകർപ്പൻ ജയം. ഗ്രൂപ്പ് എയിലെ ആദ്യ മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അസൂറിപ്പടയുടെ വിജയം. സിറൊ ഇമ്മൊബില്‍, ലൊറന്‍സൊ ഇന്‍സിഗ്‌നേ എന്നിവർ ഓരോ ഗോൾ നേടിയപ്പോൾ മൂന്നാം ഗോൾ തുർക്കി പ്രതിരോധത്തിന്റെ വകയായിരുന്നു.
ടൂർണമെന്റിലെ കറുത്ത കുതിരകളാവാൻ സാധ്യത കൽപ്പിക്കപ്പെട്ട തുർക്കിക്ക് പക്ഷേ പേരിനൊത്ത പ്രകടനം പുറത്തെടുക്കാൻ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തിൽ കഴിഞ്ഞില്ല. തുടക്കം മുതല്‍ തുര്‍ക്കി പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ ആദ്യ പകുതിയിയില്‍ ഗോളൊന്നും പിറന്നില്ല. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങൾ ഒന്നും തന്നെ ലക്ഷ്യത്തിലെത്തിക്കാൻ ഇറ്റലിക്ക് കഴിഞ്ഞതുമില്ല.
53ആം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെയാണ് തുര്‍ക്കിയുടെ വല ആദ്യം കുലുങ്ങി. വലത് വിംഗില്‍ നിന്ന് ഡൊമെനികോ ബെറാര്‍ഡി ബോക്‌സിലേക്ക് നല്‍കിയ ക്രോസ് തുര്‍ക്കി പ്രതിരോധതാരം മെറിഹ് ഡെമിറാളിന്റെ ദേഹത്ത് തട്ടി ഗോള്‍വര കടന്നു.
ഗോൾ വഴങ്ങിയതിന് പിന്നാലെ തുർക്കി രണ്ട് മാറ്റങ്ങൾ വരുത്തി കളി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ലാസിയോ സൂപ്പർതാരം ഇമ്മൊബിൽ ഫോമിലേക്ക് ഉയർന്നതോടെ ഇറ്റലിക്ക് കാര്യങ്ങൾ എളുപ്പമായി. 66ആം മിനിറ്റില്‍ ഇമ്മൊബിൽ ഇറ്റലിയുടെ ലീഡുയർത്തി. 79ആം മിനിറ്റിൽ ഇൻസിഗ്‌നേയിലൂടെ ഇറ്റലി ഗോൾ പട്ടിക പൂർത്തിയാക്കി.
ഇന്ന് മൂന്ന് മൽസരങ്ങളാണ് യൂറോയില്‍ ഉള്ളത്. വെയ്ല്‍സ് ഗ്രൂപ്പ് എയിലെ രണ്ടാം മൽസരത്തിൽ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ഗ്രൂപ്പ് ബിയില്‍ ഡെന്‍മാര്‍ക്ക് ഫിന്‍ലന്‍ഡിനേയും ബെല്‍ജിയം റഷ്യയേയും നേരിടും. ജൂൺ 17നാണ് ഇറ്റലിയുടെ അടുത്ത മൽസരം. സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികൾ. തുർക്കിയുടെ അടുത്ത മൽസരം വെയിൽസിന് എതിരെയാണ്.
തനിക്കൊപ്പം ടൂറിന് വന്നാല്‍ ഒരു മത്സരം പോലും കളിക്കാതെ മടങ്ങേണ്ടി വരില്ലെന്ന് ഇന്ത്യന്‍ എ ടീം താരങ്ങളോട് താന്‍ പറയാറുണ്ടായിരുന്നെന്ന് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ബെഞ്ചിലിരുന്നും റോഡില്‍ കളിച്ചും ക്രിക്കറ്റ് താരമാവാന്‍ സാധിക്കില്ലെന്നും അതിലൂടെ കളിയെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രമാവുകയേ ഉള്ളുവെന്നും ദ്രാവിഡ് പറയുന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ കോച്ചെന്ന നിലയിൽ നയിക്കുന്നത് ദ്രാവിഡാണ്.
‘എ ടീമിനൊപ്പം ടൂറിന് പോയിട്ട് കളിക്കാന്‍ അവസരം ലഭിക്കാത്ത അവസ്ഥ മോശമാണ്. 700-800 റണ്‍സ് സ്‌കോര്‍ ചെയ്ത് ടീമിലേക്ക് എത്തുന്ന നിങ്ങള്‍ക്ക് നിങ്ങളുടെ മികവ് കാണിക്കാനുള്ള അവസരം ലഭിക്കണം. അതിനായി അണ്ടര്‍ 19ല്‍ ഓരോ കളിക്കിടയിലും സാധ്യമെങ്കില്‍ 5-6 മാറ്റങ്ങള്‍ വരെ ഞങ്ങള്‍ വരുത്തിയിട്ടുണ്ട്.’
‘വെറുതെ ബെഞ്ചിലിരുന്നും റോഡില്‍ കളിച്ചും ക്രിക്കറ്റ് താരമാവാന്‍ സാധിക്കില്ല. ഇതിലൂടെ കളിയെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രമാവുകയേ ഉള്ളു നിങ്ങള്‍. കളിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് ഭേദപ്പെട്ടൊരു വിക്കറ്റ് കളിക്കാന്‍ ലഭിക്കണം. ഭേദപ്പെട്ട കോച്ചിങ് ലഭിക്കണം.’
‘1990ലും രണ്ടായിരത്തിലുമൊന്നും ഇതുപോലെ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അറിവിനായി ഞങ്ങള്‍ ദാഹിച്ചിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയന്‍, സൗത്താഫ്രിക്കന്‍ കളിക്കാരേയും അവരുടെ ട്രെയിനര്‍മാരേയുമാണ് ഞങ്ങള്‍ നോക്കിയിരുന്നത്’ ദ്രാവിഡ് പറഞ്ഞു.
അടുത്തമാസം 13 മുതൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20യുമാണ് പര്യടനത്തിലുള്ളത്. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതോടെ ശിഖർ ധവാനാണ് ശ്രീലങ്കയിൽ ഇന്ത്യയെ നയിക്കുക. പേസർ ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ.
മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിലെത്തിയിട്ടുണ്ട്. ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്. സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.
കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും 25 അംഗ ടീമിൽ ഇടംപിടിച്ചു. ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനാൽ ഏകദിന, ട്വന്റി20 സ്‌പെഷലിസ്റ്റുകൾ ഉൾപ്പെട്ട ടീമാണ് ശ്രീലങ്കയിലേക്കു പോകുന്നത്.
കൊവിഡ്19 മഹാമാരിക്കൊടുവിൽ കളിക്കളങ്ങൾ വീണ്ടും സജീവമാകുന്നു. യൂറോപ്യൻ ഫുട്‌ബോളിലെ വമ്പന്മാർ അണിനിരക്കുന്ന യൂറോ കപ്പിന് നാളെ തുടക്കമാകും.ഇറ്റാലിയൻ നഗരമായ റോമിനാണ് യൂറോ കപ്പ് ആരംഭിക്കുക.
ആദ്യകളി ഇറ്റലിയും തുർക്കിയും തമ്മിൽ. വേദികളിൽ സാഹചര്യങ്ങൾക്കനുസരിച്ചാണ് കാണികൾക്കുള്ള പ്രവേശം.കൊവിഡ് കാരണം കഴിഞ്ഞവർഷം മാറ്റിവച്ചതാണ് ‘യൂറോ 2020’. ഇരുപത്തിനാല് ടീമുകൾ മാറ്റുരയ്ക്കും. ആറ് ഗ്രൂപ്പുകൾ. ആകെ എട്ട് രാജ്യങ്ങളിലെ വേദികളിലായാണ് പോരാട്ടങ്ങൾ.
ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പെയും ഹാരി കെയ്‌നും തുടങ്ങി ലോക ഫുട്‌ബോളിലെ മിന്നുംതാരങ്ങൾ ഇന്നുമുതൽ യൂറോയുടെ കളിത്തട്ടിലാണ്.പോർച്ചുഗലാണ് നിലവിലെ യൂറോ കപ്പ് ചാമ്പ്യൻമാർ
2022 ലോക കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യ വിജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രയാണ് ഇരുഗോളും നേടിയത്.
ഇന്ത്യയുടെ രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. 79ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് ഛേത്രി ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്.
പിന്നീട് 92-ാം മിനിറ്റില്‍ ഛേത്രിയുടെ രണ്ടാം ഗോളെത്തി. സുരേഷിന്റെ പാസില്‍ നിന്നായിരുന്നു ഈ ഗോള്‍. വിജയത്തോടെ ഇന്ത്യ ആറു പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമതെത്തി.
അവസാന മത്സരത്തില്‍ അഫ്ഗാനിസ്താനാണ് എതിരാളികള്‍. അതും വിജയിക്കാനായാല്‍ ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത ഉറപ്പിക്കാനാകും.
രാജ്യത്തെ കോവിഡ് സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തില്‍ ടി20 ലോക കപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ ബി.സി.സി.ഐയുടെ പച്ചക്കൊടി. ടി20 ലോക കപ്പിന് മറ്റൊരു വേദി നിശ്ചയിക്കാനുള്ള ഐ.സി.സിയുടെ നീക്കങ്ങള്‍ക്കു ബി.സി.സി.ഐ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്.
യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലായിരിക്കും ലോക കപ്പ് മല്‍സരങ്ങള്‍ നടക്കുകയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. നേരത്തെയും ഇതു സംബന്ധിച്ച സൂചനകള്‍ ബി.സി.സി.ഐ അധികൃതര്‍ തന്നെ പങ്കുവെച്ചിരുന്നു. ലോക കപ്പ് ഇന്ത്യയില്‍ തന്നെ നടത്താന്‍ ബി.സി.സി.ഐ പരമാവധി ശ്രമിച്ചെങ്കിലും രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ മോശമായി തന്നെ തുടരുന്നതാണ് തിരിച്ചടിയാവുന്നത്.
യു.എ.ഇ വേദിയാകുമെങ്കിലും ആതിഥേയത്വ പദവി ഇന്ത്യയ്ക്ക് തന്നെയാവും. ഒക്ടോബര്‍ അവസാന വാരമാണ് ടി20 ലോക കപ്പിനു തുടക്കമാവം. യു.എ.ഇയിലെ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയ്ക്കൊപ്പം ഒമാനിലെ മസ്‌കറ്റിനെ നാലാമത്തെ വേദിയാവും.
16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടി20 ലോക കപ്പിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ക്കായിരിക്കും മസ്‌കറ്റ് വേദിയാവുക. ഒക്ടോബര്‍ 10ഓടെ ഐ.പി.എല്ലിലെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ യു.എ.ഇയില്‍ അവസാനിക്കും. ഐ.പി.എല്ലിനു ശേഷം ടി20 ലോക കപ്പിനായി പിച്ചുകള്‍ തയ്യാറാക്കാന്‍ മൂന്നാഴ്ച സമയം ലഭിക്കുകയും ചെയ്യും.
മെയ് 27ന് ഓക്ക്ഫീൽഡ് വാരിയേഴ്‌സ് സി.സി. യുടെ നേതൃത്വത്തിൽ ഡാർട്ട്ഫോർഡ് ക്ലബ് ഹൗസ് ഗ്രൗണ്ടിൽ വെച്ച് നടന്ന ടി 20 ക്രിക്കറ്റിന് ആവേശജ്ജ്വലമായ പര്യാവസാനം. യുകെയിലെ ഏറ്റവും മികച്ച 12 ടീമുകൾ അണിനിരന്ന മത്സരങ്ങളിൽ നിറഞ്ഞു നിന്നത് അത്യന്തം ആവേശം വാരിവിതറിയ മത്സരങ്ങളായിരുന്നു. രാവിലെ 9 മണി മുതൽ വൈകുന്നേരം 7.30 വരെ ബാറ്റുകൊണ്ടും ബോൾ കൊണ്ടും കാഴ്ചകളുടെ ഇന്ദ്രാജാലം തീർത്താണ് പലരും മടങ്ങിയത് . ഏകദേശം 200 ഓളം ആളുകൾ ഒത്തുകൂടിയപ്പോൾ പങ്കുവെച്ചത് കഴിഞ്ഞ ഒരു വർഷത്തിലേറെയായി കൊറോണയിൽ വീടിനുള്ളിൽ തളച്ചിട്ട മലയാളി വിശേഷങ്ങളാണ് . ലോക്ക്ഡൗൺ മൂലം കഴിഞ്ഞ വർഷം നടത്തുവാൻ സാധിക്കാതെ പോയ മത്സരങ്ങളുടെ കണക്കു തീർത്താണ് ഇത്തവണ കളിക്കാർ ഈ വേദിയിലേക്ക് കൂട്ടമായി എത്തിചേർന്നത്.മത്സരങ്ങളിൽ, യുകെയിലെ തന്നെ കരുത്തരായ ഫിയോണിക്സ് നോർത്തംപ്റ്റനെ ഞെട്ടിച്ചു കൊണ്ടാണ് യുകെയിൽ ഇദംപ്രദമായി ഒരു ടൂർണമെന്റിൽ പങ്കെടുക്കുന്ന ഈസ്റ്റ്ബൗണിലെ സൗഹൃദം കേന്ദ്രീകരിച്ചു ഉടലെടുത്ത ടീം 28 അരങ്ങേറ്റം നടത്തിയത് . തുടർ മത്സരങ്ങളിൽ ജയിച്ച ടീം 28, ഫൈനലിലെ ആവേശം അവസാന ഓവർ വരെ നീണ്ടു നിന്നപ്പോൾ, ഓൾ സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ചു കൊണ്ടാണ് യുകെയുടെ ടി20 ചരിത്രത്തിൽ ശ്രീ ജിമ്മി ആന്റണിയുടെ ഉടമസ്ഥയിൽ ക്യാപ്റ്റൻ അനിൽ ജോസ് നയിച്ച ടീം 28 ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ടൂർണമെന്റിലെ മികച്ച ബാറ്റസ് മാൻ ആയി ടീം 28 യിലെ വരുണിനേയും ബൗളർ ആയി ഓൾ സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിലെ ജൂബിനെയും തിരഞ്ഞെടുത്തു.
ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിന് ചെറിയ മുന്‍തൂക്കമുണ്ടെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇംഗ്ലണ്ടിലേക്ക് നേരത്തെ എത്തിയതും അവിടെ ടെസ്റ്റ് പരമ്പര കളിക്കുന്നതും ന്യൂസിലന്‍ഡിന് ഏറെ ഗുണം ചെയ്യുമെന്നാണ് ഷമി പറയുന്നത്. ഫൈനലിന് മുമ്പ് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്.
‘ഇംഗ്ലണ്ടിലേക്ക് നേരത്തെ എത്തിയത് ന്യൂസിലാന്‍ഡ് ആണ്. മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് രണ്ട് ടെസ്റ്റുകള്‍ അവര്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നുമുണ്ട്. ഇത് അവര്‍ക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നു. ഹോം അഡ്വാന്റേജ് എന്നത് ഇരു ടീമുകള്‍ക്കും ലഭിക്കില്ല. ഇന്ത്യയെ പോലെ തന്നെ മികച്ച ടീമാണ് ന്യൂസിലാന്‍ഡും. അതിനാല്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കുന്നവര്‍ വിജയികളാകും.’
‘ഞങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റുകളൊന്നും സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെ തോല്‍പ്പിച്ചാണ് ഇന്ത്യ വരുന്നത്. ബോളിംഗ് വിഭാഗത്തിന് അവിടെ നന്നായി ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു. എല്ലാവരും ആത്മവിശ്വാസത്തിലാണ്’ ഷമി പറഞ്ഞു.
ജൂണ്‍ 18 മുതല്‍ 22 വരെയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടില്‍ ക്വാറന്റെയ്നിലാണ്. എട്ട് ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 2നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും.
ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ട് പിച്ചില്‍ കെണിയൊരുക്കിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് സുനില്‍ ഗവാസ്‌കര്‍. പച്ചപ്പുള്ള വേഗമേറിയ പിച്ച് ഇംഗ്ലണ്ടില്‍ പ്രതീക്ഷിക്കാമെന്നും എന്നാല്‍ അതൊന്നും ഇന്ത്യയെ തകര്‍ക്കില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
‘നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയില്‍ പച്ചപ്പുള്ള, വേഗമേറിയ പിച്ച് ഇംഗ്ലണ്ട് ഒരുക്കകുയാണെങ്കില്‍ അദ്ഭുതപ്പെടാനില്ല. ഈ വര്‍ഷമാദ്യം ഇന്ത്യയിലെ പിച്ചുകളുടെ പേരില്‍ വിലപിച്ചവരാണ് ഇംഗ്ലീഷുകാര്‍. അതുകൊണ്ടു തന്നെ പേസ് പിച്ചൊരുക്കിയായിരിക്കും അവര്‍ ഇതിനു കണക്കുതീര്‍ക്കുക.’
‘എന്നാല്‍ ഇന്ത്യയെ ഇതു അലട്ടില്ല. കാരണം പച്ചപ്പുള്ള സീമിങ് ട്രാക്കുകളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന പേസര്‍മാര്‍മാര്‍ നമുക്കുണ്ട്. ഇന്ത്യയെ വീഴ്ത്താന്‍ അത്തരമൊരു തന്ത്രം പരീക്ഷിച്ചാല്‍ അതു ഇംഗ്ലണ്ടിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും’ ഗവാസ്‌കര്‍ വ്യക്തമാക്കി.
നേരത്തെ ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനിടെ പിച്ചുകളെ പഴിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 2007ലാണ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ അവസാനം ഒരു ടെസ്റ്റ് പരമ്പര വിജയിച്ചത്. അതിനു ശേഷം അവിടെ കളിച്ചപ്പോഴെല്ലാം ഇന്ത്യ ദയനീയമായി തോറ്റു. 2011 ലും 2015 ലും 2018 ലും ഇന്ത്യ പരമ്പര കൈവിട്ടു. നിലവില്‍ മുംബൈയില്‍ ക്വാറന്റൈനില്‍ കഴിയുന്ന താരങ്ങള്‍ ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലെത്തും.
ഒളിംപിക്‌സിൽ മെഡൽ നേടി രാജ്യത്തിന് തന്നെ അഭിമാനമായിരുന്ന ഗുസ്തി താരം സുശീൽ കുമാറിന്റെ യഥാർത്ഥ മുഖം കണ്ട ഞെട്ടലിലാണ് രാജ്യം. സുശീൽ കുമാർ കൂട്ടാളികളുമൊത്ത് ഗുസ്തിതാരം തന്നെയായ യുവാവിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യം പുറത്തുവന്നു. അടിയേറ്റ സാഗർ റാണ പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു.
ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗർ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിനിരയായ മൂന്നു പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ സാഗർ മരിച്ചു.
യുവഗുസ്തി താരം സാഗർ റാണയുടെ കൊലപാതകത്തിൽ സുശീൽ കുമാർ അറസ്റ്റിലായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സുശീലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരായ വ്യക്തമായ തെളിവുകൾ പുറത്തുവരുന്നത്. പുറത്തുവന്ന വീഡിയോയിൽ സുശീൽ കുമാറിന്റെയും കൂട്ടാളികളുടേയും പക്കൽ വടികളും കമ്പുകളും അടിയേറ്റ് പിടയുന്ന സാഗർ റാണയേയും കാണാം. ഡൽഹിയിലെ ഗുസ്തി കൂട്ടായ്മകളെ ഭയപ്പെടുത്തുന്നതിനാണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചതെന്നാണ് ഡൽഹി പോലീസ് പറയുന്നത്.
18 ദിവസം ഒളിവിലായിരുന്ന സുശീലിനേയും മറ്റൊരു പ്രതിയായ അജയ് കുമാറിനേയും വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകം നടക്കുമ്പോൾ താൻ ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായിരുന്നതായി സുശീൽ കുമാർ സമ്മതിച്ചിരുന്നു.