Sports

മികച്ച പ്രകടനം തുടര്‍ന്നപ്പോഴും ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് സുരേഷ് റെയ്‌ന. മുതിര്‍ന്ന താരങ്ങളോട് സെലക്ടര്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും റെയ്‌ന ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.’താരങ്ങളുടെ കാര്യത്തില്‍ സിലക്ടര്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാട്ടണമെന്നാണ് എന്റെ അഭിപ്രായം. എത്ര വലിയ താരമാണെങ്കിലും ടീമിനായാണ് അവര്‍ കളിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും ടീമിനു വേണ്ടിത്തന്നെ. അങ്ങനെ മികച്ച പ്രകടനം കാഴ്ചവച്ചശേഷം വീട്ടിലേക്കു മടങ്ങിയ നിങ്ങളെ ഒരു സുപ്രഭാതത്തില്‍ ടീമിലേക്കു തിരികെ വിളിക്കുന്നില്ല. ഇതോടെ എന്താണ് സംഭവിച്ചതെന്ന് നമുക്ക് സംശയമാകും’ റെയ്‌ന വിശദീകരിച്ചു.

‘എന്റെ കളിയില്‍ എന്തെങ്കിലും പിഴവുകളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാം. അത് തിരുത്താനായി കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയാറാണ്. പക്ഷെ എന്താണ് പിഴവെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടണം. അതറിയാന്‍ കളിക്കാരനും അവകാശമുണ്ട്. ദേശീയ ടീമില്‍ അംഗമല്ലെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് റെയ്ന. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വളരെ കുറച്ച് മല്‍സരങ്ങളില്‍ മാത്രമേ റെയ്നയ്ക്കു ഇന്ത്യ അവസരം നല്‍കിയിട്ടുള്ളൂ. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ ജഴ്സിയില്‍ കണ്ടത്.അനുഭവങ്ങളില്‍ നിന്ന് ഒരുപാട് പാഠം പഠിച്ചിട്ടുണ്ടെന്നും ഭാവിയില്‍ താന്‍ സെല്ക്ടറായാല്‍ ഒരു കളിക്കാരനെ ഒഴിവാക്കുകയാണെങ്കില്‍ എന്തുകൊണ്ട് ഒഴിവാക്കുന്നു എന്ന് വ്യക്തമായി ധരിപ്പിക്കുമെന്നും റെയ്‌ന പറഞ്ഞു.

രഞ്ജി ട്രോഫിയില്‍ കളിക്കുമ്പോള്‍ അവിടെ കളി കാണാന്‍ ആരുമുണ്ടാവാറില്ല. പിന്നെ നമ്മുടെ കാത്തിരിപ്പ് ഐപിഎല്ലിനുവേണ്ടിയാണ്. ഐപിഎല്ലില്‍ കളിക്കുമ്പോള്‍ ലോകോത്തര ബൌളര്‍മാരെയാണ് നേരിടാനുള്ളത്. അവിടെ നിങ്ങള്‍ ഓരോ മത്സരത്തിലും മികച്ച പ്രകടനം നടത്തിയെ മതിയാവു. കാരണം അതിനാണ് നിങ്ങള്‍ക്ക് ടീമുകള്‍ പണം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ സമ്മര്‍ദ്ദം കൂടുതലാണ്. ചിന്തിക്കാന്‍ പോലും ചിലപ്പോള്‍ സമയമുണ്ടാവില്ല, ഐപിഎല്ലിനിടെ പരിക്കേറ്റാലോ തിരിച്ചുവരാനുള്ള സമയം പോലും പലപ്പോഴും ലഭിക്കില്ലെന്നും റെയ്‌ന പറഞ്ഞു.

ക്രിക്കറ്റ് കരിയറില്‍ നിര്‍ണായക ഘട്ടത്തില്‍ സഹായത്തിനെത്തിയത് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണെന്ന് മുന്‍ പാക് താരം സഖ്ലയിന്‍ മുഷ്താഖ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റിനകത്തും പുറത്തും ശത്രുക്കളായി ഏറ്റുമുട്ടുന്ന കാലത്ത് പോലും തന്നെ സഹായിച്ച കുംബ്ലെയെ കുറിച്ചാണ് സഖ്ലയിന്‍ വാചാലനായത്. 2004ലാണ് താരം അവസാനമായി പാക്കിസ്ഥാനുവേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. പാക്കിസ്ഥാന്റെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരിലൊരാളായാരുന്നു സഖ്ലയ്ന്‍.

കുംബ്ലെ തന്നെ സഹായിച്ചതിനെ കുറിച്ച് സഖ്ലയിന്‍ പറയുന്നു.- അന്ന് തങ്ങള്‍ ഇംഗ്ലണ്ടിലായിരുന്നു. മത്സരശേഷം കുംബ്ലെയുമായി സംസാരിക്കുന്നതിനിടയില്‍ കാഴ്ചയുടെ കാര്യവും താന്‍ പറയുകയുണ്ടായി. പാക്കിസ്ഥാനിലെ പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. കുംബ്ലെയാണ് ലണ്ടനിലെ ഡോക്ടറായ ഭരത് റുഗാനിയെ നിര്‍ദ്ദേശിച്ചത്. സൗരവ് ഗാംഗുലിയും കുംബ്ലെയും അവിടെ ചികിത്സയ്ക്കായി എത്തിയിരുന്നു. കുംബ്ലെ അദ്ദേഹത്തിന്റെ നമ്പര്‍ തരികയും താന്‍ ഡോക്ടറെ സന്ദര്‍ശിക്കുകയുമായിരുന്നെന്ന് സഖ്ലയിന്‍ പറഞ്ഞു. ഡോക്ടര്‍ തന്നെ പരിശോധിക്കുകയും കണ്ണട തരികയും ചെയ്തു.

ദീര്‍ഘനാളത്തെ ചികിത്സയ്ക്കുശേഷം തനിക്ക് കാഴ്ച തിരികെ കിട്ടിയെന്നും സഖ്ലയിന്‍ വെളിപ്പെടുത്തി. അനില്‍ കുംബ്ലെ തന്റെ രക്ഷയ്ക്കെത്തിയിരുന്നില്ലെങ്കില്‍ കരിയര്‍ തുടരാന്‍ കഴിയുമായിരുന്നില്ലെന്നും മുന്‍ സ്പിന്നര്‍ പറയുന്നുണ്ട്. ടീമുകള്‍ പരസ്പരം പോരടിക്കുമ്പോഴും കളിക്കാര്‍ തമ്മില്‍ കളത്തിന് പുറത്ത് സുഹൃത്തുക്കളായിരുന്നെന്നാണ് താരം പറയുന്നത്. ചികിത്സയ്ക്കുമുന്‍പ് ഫീല്‍ഡ് ചെയ്യാന്‍ അത്യധികം ബുദ്ധിമുട്ടിയിരുന്നു. ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ പിച്ചില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് വ്യക്തമായിരുന്നില്ല. എന്നാല്‍, ചികിത്സയ്ക്കുശേഷം കാഴ്ച തിരിച്ചുകിട്ടി. തനിക്ക് മൂത്ത സഹോദരനെപോലെയാണ് കുംബ്ലെയെന്ന് സഖ്ലയ്ന്‍ പറഞ്ഞു.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന മുന്‍ താരം ഷൊയൈബ് അക്തറുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇന്ത്യയ്ക്ക് ഇപ്പോള്‍ അങ്ങനെ പണമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കപില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യജീവനുകള്‍ അപകടത്തിലാക്കി ക്രിക്കറ്റ് മത്സരം നടത്തുന്നത് ശരിയല്ലെന്നും പറഞ്ഞു.

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ മൂന്നു മത്സര ഏകദിന പരമ്പര കളിക്കാമെന്നായിരുന്നു അക്തറിന്റെ നിര്‍ദ്ദേശം. അടച്ചിട സ്റ്റേഡിയത്തില്‍ മത്സരം നടത്താമെന്നും ടെലിവിഷന്‍ വരുമാനം തുല്യമായി പങ്കുവയ്ക്കാമെന്നും അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മത്സരങ്ങള്‍ നടത്തുകയല്ല. ഈ പ്രത്യേക സാഹചര്യത്തില്‍ എല്ലാ അതോറിറ്റികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമെന്നും കപില്‍ വ്യക്തമാക്കി. ഈ സമയത്ത് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാകുന്നത് അവസാനിപ്പിക്കണമെന്നും കപില്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബി.സി.സി.ഐ 51 കോടി രൂപ പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ നല്‍കാന്‍ ബി.സി.സി.ഐയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇനി ക്രിക്കറ്റ് മത്സരം നടത്തി ഫണ്ട് കണ്ടെത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനും രോഗബാധ കാരണം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിനുമാകണം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കപില്‍ ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യക്കാവുന്നു എന്നതില്‍ ആഭിമാനമുണ്ടെന്നും മറ്റുള്ളവരെ സഹായിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കപില്‍ പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ജനങ്ങള്‍ ആശങ്കാകുലരാകേണ്ടെന്നും നെല്‍സണ്‍ മണ്ടേല 27 വര്‍ഷം കഴിച്ചുകൂട്ടിയത് ജയിലിലെ ഒരു ചെറിയ സെല്ലിലായിരുന്നുവെന്നത് മറക്കരുതെന്നും കപില്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനുള്ള ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന് കേരള പൊലീസ് നടത്തുന്ന ‘ഡ്രോൺ പരീക്ഷണ’ത്തെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. വിഖ്യാതമായ തന്റെ ‘ട്രേസര്‍ ബുള്ളറ്റ് ചാലഞ്ച്’ പശ്ചാത്തലമാക്കി കേരള പൊലീസ് പുറത്തുവിട്ട വിഡിയോ റീട്വീറ്റ് ചെയ്താണ് ശാസ്ത്രിയുടെ അഭിനന്ദനം. കേരള പൊലീസ് ഔദ്യോഗിക ട്വിറ്റർ പേജിലാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചത്. കേരള പൊലീസിന്റെ പരീക്ഷണത്തെ ‘നൂതനം’ എന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്.

ലോക്ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി കേരള പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തിങ്കളാഴ്ച മുതൽ ശക്തമാക്കിയിരുന്നു. ഇങ്ങനെ നടത്തിയ നിരീക്ഷണത്തിനിടെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ കണ്ട ‘ആകാഴക്കാഴ്ചകൾ’ വിഡിയോ രൂപത്തിൽ പൊലീസ് പുറത്തുവിട്ടിരുന്നു. വയലിലും കടല്‍ക്കരയിലുമുള്ള ആളുകള്‍ ഡ്രോണ്‍ കണ്ട് നെട്ടോട്ടം ഓടുന്നതു വിഡിയോയിലുണ്ട്. ചിലയിടത്ത് ആളുകള്‍ ഇടവഴികളിലേക്ക് ഓടിമാറി ആകാശക്കണ്ണില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ തൂവാല കൊണ്ടും കൈകൊണ്ടും മുഖം മറയ്ക്കുകയും ചെയ്തു.

ഇതേ വിഡിയോയുടെ പശ്ചാത്തലത്തിലാണ് രവി ശാസ്ത്രിയുടെ വിഖ്യാതമായ ‘ട്രേസർ ബുള്ളറ്റ് ചാലഞ്ചി’ന്റെ സംഗീതവും ഓഡിയോയും ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകുന്നതിനു മുൻപ് ക്രിക്കറ്റ് കമന്റേറ്ററായിരുന്ന ശാസ്ത്രി, 2016ലാണ് തന്റെ സഹ കമന്റേറ്റർമാക്കു മുന്നിൽ ‘ട്രേസർ ബുള്ളറ്റ് ചാലഞ്ച്’ വച്ചത്. ക്രിക്കറ്റ് കമന്ററിയിൽ താൻ പ്രശസ്തമാക്കിയ ഈ പ്രയോഗം വ്യത്യസ്തമായ ശൈലികളിൽ ഉപയോഗിക്കാനുള്ള ചാലഞ്ച് ആയിരുന്നു ഇത്.

മൻ താരങ്ങൾ കൂടിയായ സുനില്‍ ഗാവസ്‌കര്‍, സഞ്ജയ് മഞ്ജരേക്കര്‍, ഇയാന്‍ ബോതം തുടങ്ങിയവരാണ് ചാലഞ്ച് ഏറ്റെടുത്തത്. ഇവരുടെ കമന്ററിയും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതുവരെ ട്വിറ്ററിൽ മാത്രം മൂന്നര ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടത്. 5100 പേര്‍ റീട്വീറ്റ് ചെയ്യുകയും 15,000ലേറെപ്പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്കിനുശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ആഷസില്‍ മിന്നുന്ന ഫോമിലായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ഒരുവര്‍ഷം ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിരാട് കോലി സ്വന്തമാക്കിയെങ്കിലും ആഷസിലെ മിന്നുന്ന പ്രകടനത്തോടെ അത് സ്മിത്ത് തിരിച്ചുപിടിച്ചു. ഇപ്പോള്‍ കരിയറിലെ ഏറ്റവും വലിയ ലക്ഷ്യമെന്താണെന്ന് മനസുതുറക്കുകയാണ് സ്മിത്ത്.

ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കുകയാണ് കരിയറിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നെന്ന് സ്മിത്ത് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ പരിശീലകനായ ഇഷ് സോധിയുമായി സംസാരിക്കവെയാണ് രാജസ്ഥാന്‍ നായകന്‍ കൂടിയായ സ്മിത്ത് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ഓസ്ട്രേലിയന്‍ താരമെന്ന നിലയില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ആഷസ് ആണ് ഏറ്റവും വലുത്, പിന്നെ ലോകകപ്പും. പക്ഷെ, ഞാന്‍ കരുതുന്നത് ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാണ്. അതുകൊണ്ട് അവരെ തോല്‍പ്പിച്ച് ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര നേടുക എന്നതാണ് ഇപ്പോള്‍ എന്റെ കരിയരിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന്-സ്മിത്ത് പറഞ്ഞു. 2005ലാണ് ഓസ്ട്രേലിയന്‍ അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത്.

ഇന്ത്യയില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൌളര്‍ രവീന്ദ്ര ജഡേജയാണെന്നും സ്മിത്ത് പറഞ്ഞു. ഇന്ത്യയില്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ട് ജഡേജയെയാണ്. കാരണം, മികച്ച ലെംഗ്തിലാണ് ജഡേജ പന്തെറിയുക. പിച്ച് ചെയ്ത ശേഷം ജഡേജയുടെ പന്തുകള്‍ ചിലത് സ്കിഡ‍് ചെയ്ത് പോകും ചിലത് കുത്തി തിരിയും. കൈയില്‍ നിന്ന് പന്ത് റിലീസ് ചെയ്യുമ്പോള്‍ ഇക്കാര്യം മനസിലാക്കാനുമാവില്ല. ലെംഗ്തിലെ സ്ഥിരതയും ജഡേജയെ നേരിടാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ലോക ക്രിക്കറ്റില്‍ ഇതുപോലെ പന്തെറിയുന്ന മറ്റ് ചിലരുമുണ്ട്. ജഡേജയും അവരിലൊരാളാണെന്നും സ്മിത്ത് പറഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ ലെഗ് സ്പിന്നറായാണ് ടീമില്‍ എത്തിയതെങ്കിലും താന്‍ ശരിക്കും ബാറ്റ്സ്മാനായിരുന്നുവെന്ന് സ്മിത്ത് പറഞ്ഞു. ഓസീസ് ടീമില്‍ ഷെയ്ന്‍ വോണിന്റെ വിടവ് നികത്താനുള്ള ശ്രമമായിരുന്നു അപ്പോള്‍. അതിനായി 12-13 സ്പിന്നര്‍മാരെ സെലക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അവിരലൊരാളായിരുന്നു ഞാനും. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ സ്പെഷലിസ്റ്റ് സ്പിന്നറായി കളിച്ചശേഷം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും പിന്നീട് ബൌളിംഗ് ഉപേക്ഷിച്ച് ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെയാമ് ടീമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതെന്നും സ്മിത്ത് പറഞ്ഞു.

ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയുമായി ഐസിസി. കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമെ ലോകകപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ എന്ന് വ്യക്തമാക്കിയ ഐസിസി നിലവിലെ സാഹചര്യമനുസരിച്ച് ലോകകപ്പ് മുന്‍നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും വ്യക്തമാക്കി.

പ്രാദേശിക സംഘാടകസമിതി, അധികൃതരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അത് തുടരുമെന്നും ഐസിസി വ്യക്തമാക്കി. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ നടക്കേണ്ട ടൂര്‍ണമെന്റുമായി നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോകുകയാണെന്നും ഐസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ടി20 ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ 2022ല്‍ ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നതിനാല്‍ ഒരു വര്‍ഷം രണ്ട് ലോകകപ്പ് നടത്തേണ്ട അവസ്ഥ വരുമെന്നതിനാല്‍ ഈ വര്‍ഷം തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ഐസിസി ആലോചിക്കുന്നത്. നടത്താനാവാത്ത സാഹചര്യം വന്നാല്‍ ഓസ്ട്രേലിയക്ക് അനുവദിച്ച ടി20 ലോകകപ്പ് നഷ്ടമാകും.നിലവില്‍ ഓസ്ട്രേലിയയില്‍ 5788 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 39 പേരാണ് ഇതുവരെ കൊവിഡ് രോഗബാധമൂലം ഓസ്ട്രേലിയയില്‍ മരിച്ചത്.

അർജന്റീനയിൽ റൊണാൾഡോ വളരെയധികം വെറുക്കപ്പെടുന്ന താരമാണെന്നു താനദ്ദേഹത്തോടു പറഞ്ഞിട്ടുണ്ടെന്ന് യുവന്റസ് സഹതാരം ഡിബാലയുടെ വെളിപ്പെടുത്തൽ. ലോകഫുട്ബോൾ കണ്ട ഏറ്റവും വലിയ താര മത്സരമാണ് റൊണാൾഡോയും മെസിയും തമ്മിലുള്ളത്. റൊണാൾഡോ റയൽ മാഡ്രിഡിലെത്തിയതോടെ അതിന്റെ തീവ്രത കൂടുകയും ചെയ്തിരുന്നു.

റൊണാൾഡോക്ക് മെസിയുടെ രാജ്യത്ത് സ്വീകാര്യതയില്ലെന്നത് അദ്ദേഹത്തോടു പറഞ്ഞ കാര്യം അർജൻറീനിയൻ ഫുട്ബോൾ ഫെഡറേഷനോടു സംസാരിക്കുമ്പോഴാണ് ഡിബാല വെളിപ്പെടുത്തിയത്. എന്നാൽ പുറമേ നിന്നും മനസിലാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തനാണു റോണോയെന്നും ഡിബാല പറഞ്ഞു.

 

“ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്, ‘ക്രിസ്റ്റ്യാനോ, നിങ്ങളെ അർജന്റീനയിൽ ഞങ്ങൾ കുറച്ച് വെറുക്കുന്നുണ്ട്, നിങ്ങളുടെ ആകാരവും, നിങ്ങൾഎങ്ങനെയാണെന്നതും , നിങ്ങളുടെ നടത്തുവെമെല്ലാം അതിന് കാരണമാണ്. പക്ഷെ സത്യമെന്തെന്നാൽ നിങ്ങൾ എന്നെ ആശ്ചര്യപ്പെടുത്തി, കാരണം ഞങ്ങൾ നിങ്ങൾ വ്യത്യസ്തനാണെന്ന് മനസ്സിലാക്കി'” ഡിബാല പറഞ്ഞു.

മെസിക്കും റൊണാൾഡോക്കുമൊപ്പം കളിക്കളം പങ്കിടാൻ കഴിഞ്ഞ താരമാണ് ഡിബാല. എന്നാൽ മെസിയുടെ അതേ പൊസിഷനിൽ കളിക്കുന്നതിനാൽ അർജൻറീനിയൻ ടീമിൽ ഡിബാലക്ക് അവസരങ്ങൾ കുറവാണ്. എന്നാൽ ഇക്കാര്യത്തിൽ തനിക്കു നിരാശയില്ലെന്നാണ് ഡിബാല പറയുന്നത്. മെസിക്കൊപ്പം ഒരുമിച്ചു കളിക്കുക തനിക്കു ബുദ്ധിമുട്ടാണെന്നും അതു പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഡിബാല പറഞ്ഞു.

”ഒപ്പം കളിക്കുന്നവരെ വിമർശിക്കാൻ എനിക്കു താൽപര്യമില്ല. ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും എങ്ങനെ മെച്ചപ്പെടാമെന്നാണു ഞാൻ ചിന്തിക്കുക. എനിക്കും മെസിക്കും ഒരേ ശൈലിയായതു കൊണ്ടു തന്നെ ഞങ്ങൾ പരസ്പരം ടീമിന്റെ തന്ത്രങ്ങളെക്കുറിച്ചു സംസാരിക്കാറുണ്ട്.”

“ലോകകപ്പിലും കോപ അമേരിക്കയിലും എനിക്കു വളരെ കുറച്ച് അവസരങ്ങൾ മാത്രമാണു ലഭിച്ചത്. എന്നാൽ അക്കാര്യത്തിൽ പരിശീലകന്റെ തീരുമാനങ്ങളെ ഞാൻ ബഹുമാനിക്കുന്നു. അർജന്റീനക്കൊപ്പം കളിക്കാൻ കഴിയുകയെന്നതു തന്നെ വലിയൊരു ബഹുമതിയാണ്.” ഡിബാല വ്യക്തമാക്കി.

സ്വന്തം ലേഖകൻ

ബെർണി എക്ലെസ്റ്റോണിൻെറ നാലാമത്തെ കുട്ടിയാണ് പിറക്കാൻ പോകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ 44 കാരിയായ ഫാബി യാന ഫ്ലോസി ഇപ്പോൾ ബ്രസീലിലെ സാവോ പൗലോയിലുള്ള വീട്ടിൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയാണ്. ഈ സമ്മറിൽ ആണ് കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്നതെന്നും, വളരുമ്പോൾ അവനൊരു ബാക്ക്ഗാമൺ കളിക്കാരൻ ആകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫാബിയാന മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്” എല്ലാ മാതാപിതാക്കളെയും പോലെ ഞങ്ങൾക്കും ഒറ്റ ആഗ്രഹമേ ഉള്ളൂ, കുഞ്ഞ് ആരോഗ്യവാനായി പിറക്കണം എന്ന്. എന്നാൽ അവനു ഫോർമുല വണ്ണിൽ ഒരു താല്പര്യവും കാണരുതെ എന്ന് ആശിച്ചുപോകുന്നു.”

കൊറോണ പ്രതിസന്ധി തീരുംവരെ ബ്രസീലിലെ വീട്ടിൽ സെൽഫ് ഐസൊലേഷൻ കഴിയാനാണ് ഇരുവരുടേയും തീരുമാനം. ജൂലൈയിൽ പിറക്കാനിരിക്കുന്ന കുട്ടി കോടീശ്വരനായ ബെർണി എക്ലെസ്റ്റോണിൻെറ ആദ്യത്തെ ആൺകുട്ടി ആണ്. ബെർണി എക്ലെസ്റ്റോണിന് ഇപ്പോൾ അഞ്ചു മക്കളുണ്ട്, കുട്ടിയുടെ ജനത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷം അദ്ദേഹത്തിന് 90 വയസ്സ് തികയും. അദ്ദേഹത്തിന് ഇപ്പോൾ മൂന്നു പെൺമക്കളാണ് ഉള്ളത് ദെബോരാഹ് 65, ടമര 35, പെട്ര 31.

ഫോർമുല വൺ ബിസിനസിലൂടെ അദ്ദേഹത്തിന് 2.5 ബില്യൻ പൗണ്ടിൻെറ ആസ്തി കണക്കാക്കുന്നു. ഇതുവരെ അദ്ദേഹം മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ഐവി ബാംഫോർഡ്, മോഡലായ സാൽവികാ റാഡിക്, പിന്നെ ഇപ്പോഴത്തെ ഭാര്യയായ ഫാബിയാന.

1930 – ൽ ഒരു മുക്കുവന്റെ മകനായാണ് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഗ്യാസിന്റെ പ്യൂരിറ്റി ടെസ്റ്റ് ചെയ്യുന്ന ജോലിയാണ് ആദ്യം ലഭിച്ചത്. പിന്നീട് മോട്ടോർ സൈക്കിളുകളുടെ സ്പെയർപാർട്സുകൾ കച്ചവടം ചെയ്തു തുടങ്ങി, അതിനു ശേഷം 1949 ലാണ് ഫോർമുല ത്രീ സീരീസ് കാറുകളുടെ ഡ്രൈവിങ്ങിൽ താൽപര്യം കാണിച്ചത്.

ആക്സിഡന്റ്ന് ശേഷം കാർ റേസിംഗ് രംഗത്തുനിന്ന് അദ്ദേഹം സ്വയം പിൻവാങ്ങിയിരുന്നു. എന്നാൽ ഫോർമുലവൺ മാർക്കറ്റിംഗ് രംഗത്ത് നിക്ഷേപകൻ ആയി മാനേജ്മെന്റ് റോളിൽ തിളങ്ങി.1978ൽ ടീമിന്റെ ഉടമസ്ഥത സ്വന്തമാക്കി, 74 ൽ തുടങ്ങിയ കൺസ്ട്രക്ഷൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയി.

ക്രിക്കറ്റില്‍ ഡക്ക്‌വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ നിയമത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ 78 കാരനായ ടോണി ലൂയിസ് അന്തരിച്ചു. ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്. 2010-ല്‍ ക്രിക്കറ്റിനും ഗണിതശാസ്ത്രത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2010-ല്‍ ലൂയിസിന് എം.ബി.ഇ (മെമ്പര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍) ബഹുമതി ലഭിച്ചിരുന്നു.

1997-ലാണ് ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ പ്രൊഫ. ടോണി ലൂയിസും സ്റ്റാറ്റിസ്റ്റിഷ്യനായ ഫ്രാങ്ക് ഡക്ക്വര്‍ത്തും ചേര്‍ന്ന് മഴമൂലം തടസപ്പെടുത്ത മത്സരങ്ങളില്‍ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കാന്‍ ഉപയോഗിക്കുന്ന ഡക്ക്വര്‍ത്ത് – ലൂയിസ് രീതി ആവിഷ്‌ക്കരിച്ചത്. 1999-ല്‍ ഈ രീതി ഐ.സി.സി അംഗീകരിച്ചു. പിന്നീട് 2014-ല്‍ പ്രൊഫസര്‍ സ്റ്റീവന്‍ സ്റ്റേണ്‍ ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തതോടെ മഴനിയമത്തില്‍ അദ്ദേഹത്തിന്‍ പേരുകൂടി ചേര്‍ക്കപ്പെട്ടു. ഇതോടെ ഈ നിയമം ഡക്ക്വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 2014 ലാണ് ഈ നിയമം ആദ്യമായി ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയ -ന്യൂസിലാന്‍ഡ് ലോകകപ്പ് മത്സരത്തിലായിരുന്നു ഇത്. പിന്നീട് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഈ നിയമത്തിന് ഏറെ വിമര്‍ശനം നേരിട്ടിരുന്നു.

1992-ലെ ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനല്‍ മത്സരമാണ് ഇത്തരമൊരു നിയമത്തെ കുറിച്ച് ഐസിസിയെ ചിന്തിപ്പിച്ചത്. 1992 മാര്‍ച്ച് 22-ന് സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 45 ഓവറില്‍ 252 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനിടെ മഴയെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 13 പന്തില്‍ 22 റണ്‍സ് വേണമെന്നിരിക്കെ കളി തുടരാന്‍ ബുദ്ധിമുട്ടാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ച് അറിയിച്ചതനുസരിച്ച് അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെച്ചു. മഴമാറി മത്സരം തുടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു പന്തില്‍ 21 റണ്‍സായിരുന്നു. സ്വാഭാവികമായും അവര്‍ മത്സരം തോറ്റു. ഇതോടെ മഴ തടസപ്പെടുത്തുന്ന മത്സരങ്ങളില്‍ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കാന്‍ കുറക്കുകൂടി ശാസ്ത്രീയമായ രീതി വേണമെന്ന ആവശ്യം ശക്തമായത്.

 

കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. കായിക മേഖല ആകെ നിശ്ചലമായ സാഹചര്യത്തില്‍ ഇന്ത്യയുടെ ബോക്‌സിംഗ് താരം മേരി കോം പ്രതികരിക്കുകയാണ്. ഒളിംപിക്സില്‍ സ്വര്‍ണം നേടാതെ തന്റെ പോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് മേരി കോം വ്യക്തമാക്കുന്നത്. 37 കാരിയായ താരം തന്റെ രണ്ടാമത്തെ ഒളിംപിക്സിനായുള്ള കഠിന പരിശീലനത്തിലാണ്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫേസ്ബുക്ക് ലൈവ് സെഷനുവേണ്ടി ‘മേക്കിംഗ് ഓഫ് എ ചാമ്പ്യന്‍’ എന്ന വിഷയത്തില്‍ മേരി കോം പറഞ്ഞു.

ഒളിംപിക്സിലായാലും ലോക ചാമ്പ്യന്‍ഷിപ്പിലായാലും ജയിച്ച് കയറാന്‍ എന്റെ പക്കല്‍ രഹസ്യ മന്ത്രങ്ങളൊന്നുമില്ല. ഒളിംപിക്സില്‍ സ്വര്‍ണം നേടുന്നത് വരെ ഞാന്‍ എന്റെ പോരാട്ടം അവസാനിപ്പിക്കില്ല, മേരി കോം വ്യക്തമാക്കി. വീട്ടില്‍ ക്വാരന്റീനിലാണെങ്കിലും പരിശീലനം തുടരുകയാണ് ഞാന്‍. ലക്ഷ്യത്തിലേക്ക് എത്താന്‍ എത്രമാത്രം ഫിറ്റ്നസ് കൈവരിക്കാന്‍ സാധിക്കുമോ അത്രമാത്രം നേടിയെടുക്കാനാണ് എന്റെ ശ്രമം. വീട്ടില്‍ ചിലപ്പോള്‍ അതെല്ലാം പ്രയാസം നേരിടുന്നുണ്ട്. എങ്കിലും കുടുംബത്തോടൊപ്പമുള്ള സമയം ആസ്വദിക്കുകയാണ്, കോവിഡ് 19നെ തുടര്‍ന്ന് ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചതില്‍ നിരാശയുണ്ടെങ്കിലും തന്റെ പോരാട്ടവീര്യത്തെ അത് ഇല്ലാതാക്കുന്നില്ലെന്ന് മേരി കോം പറഞ്ഞു. ഒളിംപിക്സില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടുക എന്നതാണ് എന്റെ സ്വപ്നം. അതുകൊണ്ടാണ് ഈ പ്രായത്തിലും ഞാന്‍ കഠിനാധ്വാനം ചെയ്യുന്നത് മേരി കോം പറഞ്ഞു.

‘വിജയത്തിനായി എനിക്ക് മന്ത്രങ്ങളൊന്നുമില്ല. കഠിനാധ്വാനം ചെയ്യുക, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളോട് സത്യസന്ധത പുലര്‍ത്തുക, അത്രയേയുള്ളൂ. ഉയര്‍ച്ച താഴ്ചകള്‍ എല്ലായ്‌പ്പോഴും ഉണ്ട്, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ‘എന്റെ ബോക്‌സിംഗ് യാത്രകള്‍ എളുപ്പമായിരുന്നില്ല. ദേശീയ, അന്തര്‍ദേശീയ, ഒളിമ്പിക് തലങ്ങളില്‍ എത്തുക എളുപ്പമല്ല. എന്നാല്‍ നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ജീവിതത്തില്‍ നേട്ടം കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് കഴിയും,’ അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എന്റെ ആദ്യകാല ജീവിതം വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് വരുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എനിക്ക് ബുദ്ധിമുട്ടുകള്‍ വിശദീകരിക്കാന്‍ കഴിയില്ല. അത് ഓര്‍ക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.’ കഴിഞ്ഞ മാസം ആദ്യം ജോര്‍ദാനിലെ ഏഷ്യന്‍ ഒളിമ്പിക് ക്വാളിഫയറില്‍ നിന്ന് മടങ്ങിയെത്തിയ രാജ്യസഭാ എംപി കൂടിയായ മേരി കോം ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഏഷ്യ-ഓഷ്യാനിയ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത മേരി കോം മാര്‍ച്ച് 13 ന് നാട്ടിലേക്ക് മടങ്ങിയിരുന്നു കുറഞ്ഞത് 14 ദിവസമെങ്കിലും മേരി കോം സ്വയം ഒറ്റപ്പെട്ടു കഴിയേണ്ടതായിരുന്നു. എന്നാല്‍, മാര്‍ച്ച് 18 ന് രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് നല്‍കിയ പ്രഭാതഭക്ഷണത്തില്‍ മേരി കോം പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വിരുന്നിന്റെ ചിത്രത്തില്‍ മറ്റു എം.പിമാര്‍ക്കൊപ്പം മേരികോമും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എം.പിമാര്‍ക്ക് രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍’ എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Copyright © . All rights reserved