ഇന്ത്യൻ ക്രിക്കറ്റിന്റെ നല്ല ഭാവിക്കായി സഞ്ജു സാംസണിനെയും ശുഭ്മാൻ ഗില്ലിനെയും പോലുള്ള യുവതാരങ്ങൾക്ക് സംരക്ഷണം നൽകാനും അവരെ വളർത്തിയെടുക്കാനും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും ഉൾപ്പെടെയുള്ളവർ ശ്രമിക്കണമെന്ന് മുൻ ഇന്ത്യൻ താരവും നിലവിൽ ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യത്തിൽ ഗംഭീർ നിലപാട് വ്യക്തമാക്കിയത്. രോഹിത് ശർമ ഉൾപ്പെടെയുള്ള ഇപ്പോഴത്തെ ടീമിലെ മിക്ക താരങ്ങളും മഹേന്ദ്രസിങ് ധോണിയെന്ന ക്യാപ്റ്റന്റെ ദീർഘദർശനത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതേ മാതൃകയിൽ ഭാവിയിലെ താരങ്ങളെ വാർത്തെടുക്കാൻ ഗംഭീറിന്റെ ഉപദേശം.

‘മുതിർന്ന താരങ്ങളുടെ കരുതലും സംരക്ഷണവുമുണ്ടെങ്കിൽ ഒരു താരത്തിന്റെ കരിയർ മാറിമറിയാമെന്നതിന് ഏറ്റവും വലിയ ഉദാഹരണം രോഹിത്തിന്റെ കരിയർ തന്നെയാണ്. ഇന്ന് രോഹിത് എന്തായിരിക്കുന്നുവോ അതിനു കാരണം ധോണിയാണ്. രോഹിത് ടീമിലില്ലാത്ത കാലത്തുപോലും അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിക്കാൻ ധോണി ശ്രദ്ധിച്ചിരുന്നു. അങ്ങനെ രോഹിത്തിനെ എക്കാലവും തന്റെ ടീമിന്റെ ഭാഗമാക്കി നിലനിർത്തി. രോഹിത് ഒരിക്കലും അവഗണിക്കപ്പെടുന്നില്ല എന്നും അദ്ദേഹം ഉറപ്പാക്കി’ – ഗംഭീർ ചൂണ്ടിക്കാട്ടി.

2007ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ രോഹിത്തിനെ 2013ൽ ഓപ്പണറായി പരീക്ഷിച്ചത് ധോണിയാണ്. രോഹിത്തിന്റെ കരിയർ തന്നെ മാറിമറിഞ്ഞതും ഈ തീരുമാനത്തോടെയാണ്. ഇത്തരത്തിൽ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാൻ രോഹിത്തും കോലിയും പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നാണ് ഗംഭീറിന്റെ നിർദ്ദേശം. ‘ഇപ്പോഴത്തെ യുവതാരങ്ങൾക്ക്, അത് ശുഭ്മാൻ ഗില്ലോ സഞ്ജു സാംസണോ ആകട്ടെ, സമാനമായ കരുതൽ ഉറപ്പുവരുത്തേണ്ടത് കോലിയുടെയും രോഹിത്തിന്റെയും ചുമതലയാണ്’ – ഗംഭീർ പറഞ്ഞു. മലയാളി താരം സഞ്ജു സാംസണിനോടുള്ള താൽപര്യം നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ള ആളാണ് ഗംഭീർ