കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ ഐസൊലേഷനിലെന്ന് റിപോര്‍ട്ട്. അടുത്തിടെ ജര്‍മ്മനിയില്‍ നിന്നെത്തിയ താരത്തെ ഡല്‍ഹിയില്‍ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ധവാന്‍ തന്നെയാണ് അറിയിച്ചത്. ഡല്‍ഹിയിലെ ഒരു കൊറോണ ഐസൊലേഷന്‍ വാര്‍ഡിന്റെ സൗകര്യത്തെ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ ധവാന്‍ തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. വീഡിയോയില്‍ താന്‍ ഐസൊലേഷനിലാണെന്നും കൊറോണ വ്യാപനത്തില്‍ സര്‍ക്കാര്‍ ജാഗരൂകരാണെന്നും ധവാന്‍ അറിയിച്ചു.
ജര്‍മനിയില്‍ നിന്ന് വന്ന യാത്രക്കാരെയൊക്കെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ മാറി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും പ്രത്യേകം മുറികളും വെള്ളവും തോര്‍ത്തും അടക്കം എല്ലാ സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണം രുചിയേറിയതാണ്. ഇവിടേക്ക് വരാന്‍ ഭയമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സുഷജ്ജമാണ്. ജര്‍മനിയില്‍ ഇത്രയും കാര്യക്ഷമമായ പ്രവര്‍ത്തനം താന്‍ കണ്ടില്ലെന്നും ധവാന്‍ വീഡിയോയില്‍ പറഞ്ഞു.
ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുമായുള്ള മകൻ്റെ രസകരമായ നിമിഷങ്ങളുടെ വീഡിയോ പങ്കുവെച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇർഫാൻ വീഡിയോ പുറത്ത്. റോഡ് സേഫ്റ്റി ടി-20 സീരീസിനായി എത്തിയ സച്ചിൻ ടീമിൽ ഒപ്പമുണ്ടായിരുന്ന ഇർഫാൻ്റെ മകൻ ഇമ്രാനുമായി സമയം ചെലവഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘സൂപ്പര്‍ ഹീറോ മോഡ് ഓണ്‍’ എന്ന അടിക്കുറിപ്പോടെയാണ് ഇർഫാൻ വീഡിയോ പങ്കുവച്ചത്. ആദ്യം സച്ചിനൊപ്പം ഉയരം പരിശോധിക്കുന്ന ഇമ്രാൻ തനിക്കാണ് പൊക്കം കൂടുതൽ എന്ന് പറയുന്നു. പിന്നീട് സച്ചിനെ തൻ്റെ മസിൽ കാട്ടിക്കൊടുക്കുന്നു. പിന്നാലെ സച്ചിനുമായി മുന്നൂ വയസുകാരന്‍ ഇമ്രാൻ ബോക്സിംഗും നടത്തുന്നുണ്ട്.
റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ട്വന്റി20 സീരീസ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ലെജൻഡ്‌സ് ജയിച്ചത്. വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെയാണ് ഇന്ത്യ തോല്പിച്ചത്. ബ്രയാൻ ലാറ നയിച്ച വെസ്റ്റ് ഇൻഡീസ് ലെജൻഡ്‌സിനെതിരെ സച്ചിൻ നയിച്ച ഇന്ത്യൻ ലെജൻഡ്‌സിനെ ജയിക്കാൻ സഹായിച്ചത് വീരുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു. സച്ചിൻ, സെവാഗ്, ഇർഫാൻ പത്താൻ, സഹീർ ഖാൻ, മുഹമ്മദ് കൈഫ്, യുവരാജ് സിംഗ്, മുനാഫ് പട്ടേൽ തുടങ്ങി ഒട്ടേറെ താരങ്ങൾ ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങി.
ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുക.
ഇരുപത്തിയൊന്നുകാരനായ സ്പാനിഷ് ഫുട്ബോൾ കോച്ച് ഫ്രാൻസിസ്കോ ഗാർസിയ മരിച്ചത് കൊറോണ വൈറസ് ബാധമൂലമെന്ന് റിപ്പോർട്ട്. അത്ലറ്റികോ പോർട്ടാടാ അൽട്ടയുടെ കോച്ചായി പ്രവർത്തിച്ച് വരുന്നതിനിടെയാണ് മരണം. ലുക്കീമിയ രോഗത്തിന് ചികിൽസയിലിരിക്കെയാണ് ഫ്രാൻസിസ്കോ ഗാർസിയക്ക് കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിച്ചത്. ഇതോടെ ആരോഗ്യ സ്ഥിതി മോശമാവുകയും ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
കൊറോണ വൈറസ് ബാധയേറ്റ് സ്പാനിഷ് നഗരമായ മാൽഗയിൽ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാവുകയാണ് ഇതോടെ ഫ്രാൻസിസ്കോ ഗാർസിയ.
അത്ലറ്റികോ പോർട്ടാടാ പുറത്തിറക്കിയ പ്രസ്താവനയിലാണ് താരത്തിന്റെ മരണം സ്ഥിരീകരിക്കുന്നത്. ഗാർസിയയുടെ മരണത്തിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വികാരപരമായ പ്രസ്താവനയാണ് ക്ലബ് പുറത്തിറക്കിയത്. കഴിഞ്ഞ നാല് വർഷമായി ക്ലബ്ബിന്റെ പരിശീലകനായിരുന്നു ഗാർസിയ. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയാണ് കൊറോണ ബാധ വേഗത്തിൽ മരണത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.
കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വക്കാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനം. ഫുട്‌ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് റദ്ദാക്കി. ഏപ്രില്‍ മൂന്ന് വരെയാണ് ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ടീം ഉടമകളുടെ അടിയന്തരയോഗം ചേര്‍ന്നാണ് ഏപ്രില്‍ മൂന്നുവരെ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്‌സ് പറഞ്ഞു.
ഇതിനുപുറമെ ഈ മാസം 27ന് ഇറ്റലിയുമായും 31ന് ഡെന്‍മാര്‍ക്കുമായും നടത്താനിരുന്ന ഇംഗ്ലണ്ടിന്റെ രാജ്യാന്തര സൗഹൃദ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. എഫ് എ കപ്പ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും ഏപ്രില്‍ മൂന്നുവരെ നിര്‍ത്തിവെക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ് മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയത്. കൊറോണ വൈറസ് ബാധമൂലം ബ്രിട്ടനില്‍ ഇതുവരെ 10 പേര്‍ മരിച്ചിട്ടുണ്ട്. 596 പേര്‍ക്കാണ് ബ്രിട്ടനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 491 പേരും ഇംഗ്ലണ്ടിലാണ്
ഐഎസ്എല്‍ ഫുട്‌ബോള്‍ ആറാം സീസണില്‍ ഇന്ന് കലാശപോരാണ്. ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്സിയും എടികെയും ഏറ്റുമുട്ടും. ഗോവയില്‍ വൈകിട്ട് 7.30നാണ് ഫൈനല്‍. കൊവിഡ് 19 ആശങ്ക കാരണം അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലില്‍ ഇതാദ്യമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഐഎസ്എല്ലില്‍ ഇതിനകം രണ്ട് കിരീടങ്ങള്‍ വീതം നേടിയിട്ടുള്ള ടീമുകളാണ് ചെന്നൈയിനും എ ടി കെ കൊല്‍ക്കത്തയും. സീസണില്‍ രണ്ടു തവണ ചെന്നൈയിനും എ ടി കെയും ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഒരോ മത്സരം വീതം ജയിക്കുകയായിരുന്നു. ചെന്നൈയില്‍ എടികെ 1-0ന് വിജയിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ വിജയം ചെന്നൈയിന് ഒപ്പമായിരുന്നു. 3-1ന്റെ തകര്‍പ്പന്‍ എവേ വിജയമാണ് ചെന്നൈയിന്‍ സ്വന്തമാക്കിയത്. ഐഎസ്എല്‍ ചരിത്രത്തില്‍ ഇതുവരെ 14 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ എടികെ ആറും ചെന്നൈയിന്‍ നാലും മത്സരങ്ങള്‍ ജയിച്ചു. ആക്രമിച്ച് കളിക്കുന്ന ടീമുകളാണ് എടിക്കെയും ചെന്നൈയും. അതുകൊണ്ട് തന്നെ ഫൈനല്‍ പോരാട്ടം ആരാധകരെ ഹരം കൊളിക്കുന്നതാകും.
മികച്ച അറ്റാക്കിങ് പ്ലെയേഴ്സ് ഇരുടീമുകളിലുമുണ്ട്. നെറിയുസ് വാല്‍സ്‌കിസ്, ലാലിയന്‍സുവാല ചാങ്തെ എന്നിവര്‍ ചെന്നൈ നിരയിലുണ്ടെങ്കില്‍ റോയ് കൃഷ്ണയും ഡേവിഡ് വില്ല്യംസുമാണ് എടിക്കെയുടെ തുറുപ്പുചീട്ടുകള്‍. പ്രതിരോധം പിളര്‍ക്കുന്ന പാസുകള്‍ നല്‍കാന്‍ മിടുക്കനായ റാഫേല്‍ ക്രിവെല്ലാറോയായിരിക്കും ചെന്നൈയുടെ മുന്നേറ്റങ്ങള്‍ നയിക്കുക. മറുഭാഗത്ത് എഡു ഗാര്‍ഷ്യയും ഹാവി ഹെര്‍ണാണ്ടസുമാണ് ശക്തി.
സെമി ഫൈനലില്‍ ആദ്യ പാദം പരാജയപ്പെട്ട ശേഷം പൊരുതി കയറിയാണ് എ ടി കെ കൊല്‍ക്കത്ത ഫൈനലിലേക്ക് എത്തിയത്. ആദ്യ പാദത്തില്‍ ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ട എ ടി കെ കൊല്‍ക്കത്ത രണ്ടാം പാദത്തില്‍ പൊരുതി കയറിയാണ് വിജയിച്ചത്. സെമി ഫൈനലിലെ ഹീറോ ആയ ഡേവിഡ് വില്യംസിന്റെ ഫോം എ ടി കെയ്ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. എഫ് സി ഗോവയെ സെമിയില്‍ മറികടന്നാണ് ചെന്നൈയിന്‍ ഫൈനലില്‍ എത്തിയത്. രണ്ടാം പാദം പരാജയപ്പെട്ടു എങ്കിലും ആദ്യ പാദത്തിലെ വലിയ വിജയം ചെന്നൈയിന് തുണയാവുകയായിരുന്നു. പരിശീലകന്‍ ഓവന്‍ കോയിലിന് കീഴിലുള്ള അറ്റാക്കിംഗ് ഫുട്‌ബോള്‍ ശൈലി തന്നെയാണ് ചെന്നൈയിന്റെ കരുത്ത്.
വ്യാജ പാസ്പോർട്ട് കൈവശം വച്ച് പരഗ്വായിലെത്തിയ റൊണാൾഡീന്യോയെ പോലീസ് അറസ്റ്റു ചെയ്തുവെന്ന വാർത്ത ഞെട്ടലോടെയാണ് ഫുട്ബോൾ ലോകം കേട്ടത്. ഒരു കാലത്ത് തന്റെ മാന്ത്രിക ചലനങ്ങൾ കൊണ്ട് പുൽമൈതാനങ്ങളെ ത്രസിപ്പിച്ച താരം കയ്യിൽ വിലങ്ങും വച്ചു നടക്കുന്ന ചിത്രം ഫുട്ബോൾ ആരാധകർക്ക് വലിയ വേദനയും സമ്മാനിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച് ഒരു കസിനോ ഉടമയുടെ ക്ഷണപ്രകാരം കുട്ടികൾക്കുള്ള ഫുട്ബോൾ ക്ലിനികിന്റെ പരിപാടിക്കും ഒരു പുസ്തകം പുറത്തിറക്കുന്നതിനുമായാണ് റൊണാൾഡീന്യോ വ്യാജ പാസ്പോർടുമായി പരഗ്വായിലെത്തിയത്. പോലീസ് അറസ്റ്റു ചെയ്ത താരത്തിന്റെ പേരിലുള്ള മറ്റു കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റൊണാൾഡീന്യോയെ ഇപ്പോൾ ജയിലിൽ അടച്ചിരിക്കുന്നത്.
റൊണാൾഡീന്യോയെ ജയിലിൽ നിന്നും പുറത്തിറക്കുന്നതിനായി ബാഴ്സലോണ നായകൻ ലയണൽ മെസി തന്റെ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തുവെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റൊണാൾഡീന്യോയുടെ കേസ് വാദിക്കുന്നതിനും താരത്തെ പുറത്തിറക്കുന്നതിനു വേണ്ടി നാലു അഭിഭാഷകരെ മെസി ഏർപ്പാടാക്കുമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. റൊണാൾഡീന്യോയെ പുറത്തിറക്കാൻ വേണ്ടി മെസ്സി നാൽപതു ലക്ഷം യൂറോയോയുടെ (33 കോടിയോളം ഇന്ത്യൻ രൂപ) അടുത്ത് ചിലവഴിക്കേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു.
മെസിയെ പൂർണ്ണതയിലെത്തിച്ച കളിക്കാരനായാണ് റൊണാൾഡീന്യോയെ ഭൂരിഭാഗം ആളുകളും കണക്കാക്കുന്നത്. റൊണാൾഡീന്യോ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന സമയത്താണ് മെസി സീനിയർ ഫുട്ബോളിലേക്ക് ആദ്യ ചുവടു വെക്കുന്നത്. മെസി ബാഴ്സലോണ സീനിയർ ടീമിനു വേണ്ടി ആദ്യത്തെ ഗോൾ നേടുമ്പോൾ അതിനു പന്തെത്തിച്ചത് റൊണാൾഡീന്യോ ആയിരുന്നു. അവിടെ നിന്നും തുടങ്ങിയ മെസി ഇന്നു ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരിൽ ഒരാളായും ആറു ബാലൺ ഡി ഓർ നേടിയ ഏക കളിക്കാരനായും നിൽക്കുന്നു. സ്വാഭാവികമായും റൊണാൾഡീന്യോയോട് വലിയ കടപ്പാട് മെസിക്കുണ്ട്.
അതേ സമയം എപ്പോഴത്തെയും പോലെ ജയിലിലും റൊണാൾഡീന്യോ തന്റെ ജീവിതം ആസ്വദിക്കുകയാണ്. പരഗ്വായ് ജയിലിലെ സഹതടവുകാർക്കൊപ്പം റൊണാൾഡീന്യോ ബിയർ കഴിക്കുന്നതിന്റെയും ഓട്ടോഗ്രാഫ് നൽകുന്നതിന്റെയും ചിത്രങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. ടാക്സ് സംബന്ധമായ കേസ് നിലനിൽക്കുന്നതിനാൽ റൊണാൾഡീന്യോയുടെ പാസ്പോർട്ട് അടക്കം എല്ലാ സ്വത്തുക്കളും ബ്രസീലിയൻ പോലീസിന്റെ കയ്യിലാണ്. ഇതിനെത്തുടർന്നാണ് താരം വ്യാജ പാസ്പോർട്ടുമായി പരഗ്വായിലെത്തിയത്.
With former Brazil superstar Ronaldinho potentially facing six months behind bars, FC Barcelona captain Lionel Messi is reportedly determined to help his former teammate and friend get out of jail. #SLInt https://t.co/Tn6DBDMsy0
— Soccer Laduma (@Soccer_Laduma) March 12, 2020
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റിവച്ചു. ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇക്കാര്യം അറിയിച്ചു എന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഐപിഎൽ മാറ്റിവെക്കില്ലെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഈ നിലപാട് മാറ്റിയാണ് അദ്ദേഹം ഐപിഎൽ മാറ്റിവെക്കുകയാണെന്ന് അറിയിച്ചത്.
ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടൊപ്പം, കർണാടക, ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ ഐപിഎൽ നടത്താൻ സാധിക്കില്ലെന്ന് അറിയിച്ചതും പുതിയ തീരുമാനം എടുക്കാൻ ബിസിസിഐയെ നിർബന്ധിതരാക്കി.
നേരത്തെ, ഐപിഎല്ലിൽ ഏപ്രിൽ 15 വരെ വിദേശ താരങ്ങൾ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വീസ നിയന്ത്രണങ്ങളെ തുടർന്നാണ് വിദേശ കളിക്കാർ ആദ്യ രണ്ടാഴ്ച ഐപിഎല്ലിൽ കളിക്കില്ലെന്ന റിപ്പോർട്ടുകൾ വരുന്നത്.
ഐപിഎൽ മാറ്റിവെക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎൽ നടക്കുമെന്നും ബിസിസിഐ വേണ്ട മുൻകരുതൽ എടുക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ഐപിഎല്ലുമായി ബന്ധപ്പെട്ട കളിക്കാരും കാണികളും അടങ്ങുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ബിസിസിഐ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങൾ എല്ലാം പാലിക്കുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.
കോറോണ വൈറസ് ബാധിച്ചതായ സംശയത്തെ തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തെ ക്വാറന്ൈറൻ ചെയ്തു. പേസ് ബൗളർ കെയ്ൻ റിച്ചാർഡ്സനെയാണ് ഐസോലേഷനിലാക്കിയത്.
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരന്പര കളിച്ച ഓസ്ട്രേലിയൻ ടീമിനൊപ്പമുണ്ടായിരുന്ന റിച്ചാർഡ്സണ് ഈ ആഴ്ചയാണ് രാജ്യത്തു തിരിച്ചെത്തിയത്. റിച്ചാർഡ്സനെ പരിശോധിച്ചെന്നും മുൻകരുതൽ എന്ന നിലയിൽ ഐസോലഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ന്യൂസിലൻഡുമായുള്ള ഓസ്ട്രേലിയയുടെ ഏകദിന മത്സരം നടക്കാനിരിക്കെയാണ് പേസ് ബൗളർ കൊറോണ സംശയനിഴലിലാകുന്നത്. കോവിഡ്-19 ഭീതിയെ തുടർന്ന് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണു നടത്തുന്നത്.
കോവിഡ് ഭീതിയില്‍ കായിക ലോകം. ചെന്നൈയിന്‍ – എടികെ ഐഎസ്എല്‍ ഫൈനല്‍ മല്‍സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. ഐപിഎല്‍ റദ്ദാക്കുന്നതാണ് ഉചിതമെന്ന് വിദേശകാര്യമന്ത്രാലയം ബിസിസിഐയോട് അഭ്യര്‍ഥിച്ചു. സ്പെയിനില്‍ രണ്ടാഴ്ച്ചത്തേക്ക് ഫുട്ബോള്‍ മല്‍സരങ്ങള്‍ വിലക്കി. റയല്‍ മഡ്രിഡ്, യുവന്റസ് താരങ്ങള്‍ നിരീക്ഷണത്തിലാണ്.
ശനിയാഴ്ച ഗോവയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും ചെന്നൈയിന്‍ എടികെ ഐഎസ് എല്‍ ഫൈനല്‍ . ഐപിഎല്‍ റദ്ദാക്കുന്നതാണ് ഉചിതമെന്ന് വിദേശകാര്യമന്ത്രാലയം ബിസിസിഐയോട് അഭ്യര്‍ഥിച്ചു. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്തുന്ന കാര്യം ശനിയാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തില്‍ പരിഗണിക്കുമെന്ന് ബി സി സി ഐ പറഞ്ഞു.
റയല്‍ മഡ്രിഡ് ബാസ്ക്കറ്റ് ബോള്‍ ടീം അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഫുട്ബോള്‍ താരങ്ങളും നിരീക്ഷണത്തിലാണ്. ലാ ലിഗ അടക്കം സ്പെയിനിലെ എല്ലാ ഫുട്ബോള്‍ മല്‍സരങ്ങളും രണ്ടാഴ്ച്ചത്തേക്ക് വിലക്കി. യുവന്റസ് പ്രതിരോധതാരം ഡാനിയേലെ റുഗാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ റൊണാള്‍ഡോ അടക്കം എല്ലാ യുവന്റസ് താരങ്ങളും നിരീക്ഷണത്തിലാണ്. ടീമംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ മക്‌ലാരന്‍ ഫോര്‍മുല വണ്‍ ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രിയില്‍ നിന്ന് പിന്‍മാറി. അമേരിക്കയില്‍ എന്‍.ബി.എ.മല്‍സരങ്ങള്‍ നിര്‍ത്തിവച്ചു.
കൊറോണ ഭീതിയിലാണ് ലോകം. നൂറിലധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ലോകം. കൊവിഡ് 19 ലോകവ്യാപകമായി പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്ന് നിര്‍ദ്ദേശം. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ബിസിസിഐയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഐപിഎല്‍ മാറ്റിവയ്ക്കാന്‍ തയാറാകുന്നതാണ് ഉചിതമെന്നും അല്ലെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തണമെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ ബിസിസിഐ മാര്‍ച്ച് 14 ശനിയാഴ്ച തീരുമാനമെടുക്കുമെന്നാണ് സൂചന.
മാര്‍ച്ച് 14-ന് ഐപിഎല്‍ ഗവേണിംഗ് ബോഡി മീറ്റിംഗ് ഉണ്ട്. മീറ്റിംഗില്‍ ഐപിഎല്‍ മത്സരങ്ങള്‍ എങ്ങനെ നടത്തണം എന്നതിനെപ്പറ്റി കൃത്യമായ തീരുമാനം ഉണ്ടാകും.
അതേസമയം ഐപിഎല്‍ മാറ്റിവയ്ക്കില്ലെന്ന് നേരത്തെ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എപിഎല്ലുമായി ബന്ധപ്പെട്ട ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 29 നാണ് ഐപിഎല്‍ ആരംഭിക്കുക. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.