കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന മുന്‍ താരം ഷൊയൈബ് അക്തറുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇന്ത്യയ്ക്ക് ഇപ്പോള്‍ അങ്ങനെ പണമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കപില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യജീവനുകള്‍ അപകടത്തിലാക്കി ക്രിക്കറ്റ് മത്സരം നടത്തുന്നത് ശരിയല്ലെന്നും പറഞ്ഞു.

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ മൂന്നു മത്സര ഏകദിന പരമ്പര കളിക്കാമെന്നായിരുന്നു അക്തറിന്റെ നിര്‍ദ്ദേശം. അടച്ചിട സ്റ്റേഡിയത്തില്‍ മത്സരം നടത്താമെന്നും ടെലിവിഷന്‍ വരുമാനം തുല്യമായി പങ്കുവയ്ക്കാമെന്നും അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മത്സരങ്ങള്‍ നടത്തുകയല്ല. ഈ പ്രത്യേക സാഹചര്യത്തില്‍ എല്ലാ അതോറിറ്റികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമെന്നും കപില്‍ വ്യക്തമാക്കി. ഈ സമയത്ത് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാകുന്നത് അവസാനിപ്പിക്കണമെന്നും കപില്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബി.സി.സി.ഐ 51 കോടി രൂപ പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ നല്‍കാന്‍ ബി.സി.സി.ഐയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇനി ക്രിക്കറ്റ് മത്സരം നടത്തി ഫണ്ട് കണ്ടെത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനും രോഗബാധ കാരണം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിനുമാകണം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കപില്‍ ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യക്കാവുന്നു എന്നതില്‍ ആഭിമാനമുണ്ടെന്നും മറ്റുള്ളവരെ സഹായിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കപില്‍ പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ജനങ്ങള്‍ ആശങ്കാകുലരാകേണ്ടെന്നും നെല്‍സണ്‍ മണ്ടേല 27 വര്‍ഷം കഴിച്ചുകൂട്ടിയത് ജയിലിലെ ഒരു ചെറിയ സെല്ലിലായിരുന്നുവെന്നത് മറക്കരുതെന്നും കപില്‍ പറഞ്ഞു.