ഐഎസ്എല്‍ ഫുട്ബോള്‍ ആറാം സീസണില്‍ ഇന്ന് കലാശപോരാണ്. ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിയും എടികെയും ഏറ്റുമുട്ടും. ഗോവയില്‍ വൈകിട്ട് 7.30നാണ് ഫൈനല്‍. കൊവിഡ് 19 ആശങ്ക കാരണം അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലില്‍ ഇതാദ്യമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഐഎസ്എല്ലില്‍ ഇതിനകം രണ്ട് കിരീടങ്ങള്‍ വീതം നേടിയിട്ടുള്ള ടീമുകളാണ് ചെന്നൈയിനും എ ടി കെ കൊല്‍ക്കത്തയും. സീസണില്‍ രണ്ടു തവണ ചെന്നൈയിനും എ ടി കെയും ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഒരോ മത്സരം വീതം ജയിക്കുകയായിരുന്നു. ചെന്നൈയില്‍ എടികെ 1-0ന് വിജയിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ വിജയം ചെന്നൈയിന് ഒപ്പമായിരുന്നു. 3-1ന്റെ തകര്‍പ്പന്‍ എവേ വിജയമാണ് ചെന്നൈയിന് സ്വന്തമാക്കിയത്. ഐഎസ്എല്‍ ചരിത്രത്തില്‍ ഇതുവരെ 14 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ എടികെ ആറും ചെന്നൈയിന് നാലും മത്സരങ്ങള്‍ ജയിച്ചു. ആക്രമിച്ച് കളിക്കുന്ന ടീമുകളാണ് എടിക്കെയും ചെന്നൈയും. അതുകൊണ്ട് തന്നെ ഫൈനല്‍ പോരാട്ടം ആരാധകരെ ഹരം കൊളിക്കുന്നതാകും.
മികച്ച അറ്റാക്കിങ് പ്ലെയേഴ്സ് ഇരുടീമുകളിലുമുണ്ട്. നെറിയുസ് വാല്‍സ്കിസ്, ലാലിയന്‍സുവാല ചാങ്തെ എന്നിവര്‍ ചെന്നൈ നിരയിലുണ്ടെങ്കില്‍ റോയ് കൃഷ്ണയും ഡേവിഡ് വില്ല്യംസുമാണ് എടിക്കെയുടെ തുറുപ്പുചീട്ടുകള്‍. പ്രതിരോധം പിളര്‍ക്കുന്ന പാസുകള്‍ നല്കാന് മിടുക്കനായ റാഫേല്‍ ക്രിവെല്ലാറോയായിരിക്കും ചെന്നൈയുടെ മുന്നേറ്റങ്ങള്‍ നയിക്കുക. മറുഭാഗത്ത് എഡു ഗാര്‍ഷ്യയും ഹാവി ഹെര്‍ണാണ്ടസുമാണ് ശക്തി.
സെമി ഫൈനലില്‍ ആദ്യ പാദം പരാജയപ്പെട്ട ശേഷം പൊരുതി കയറിയാണ് എ ടി കെ കൊല്‍ക്കത്ത ഫൈനലിലേക്ക് എത്തിയത്. ആദ്യ പാദത്തില്‍ ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ട എ ടി കെ കൊല്‍ക്കത്ത രണ്ടാം പാദത്തില്‍ പൊരുതി കയറിയാണ് വിജയിച്ചത്. സെമി ഫൈനലിലെ ഹീറോ ആയ ഡേവിഡ് വില്യംസിന്റെ ഫോം എ ടി കെയ്ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. എഫ് സി ഗോവയെ സെമിയില്‍ മറികടന്നാണ് ചെന്നൈയിന് ഫൈനലില്‍ എത്തിയത്. രണ്ടാം പാദം പരാജയപ്പെട്ടു എങ്കിലും ആദ്യ പാദത്തിലെ വലിയ വിജയം ചെന്നൈയിന് തുണയാവുകയായിരുന്നു. പരിശീലകന് ഓവന് കോയിലിന് കീഴിലുള്ള അറ്റാക്കിംഗ് ഫുട്ബോള്‍ ശൈലി തന്നെയാണ് ചെന്നൈയിന്റെ കരുത്ത്.
വ്യാജ പാസ്പോർട്ട് കൈവശം വച്ച് പരഗ്വായിലെത്തിയ റൊണാൾഡീന്യോയെ പോലീസ് അറസ്റ്റു ചെയ്തുവെന്ന വാർത്ത ഞെട്ടലോടെയാണ് ഫുട്ബോൾ ലോകം കേട്ടത്. ഒരു കാലത്ത് തന്റെ മാന്ത്രിക ചലനങ്ങൾ കൊണ്ട് പുൽമൈതാനങ്ങളെ ത്രസിപ്പിച്ച താരം കയ്യിൽ വിലങ്ങും വച്ചു നടക്കുന്ന ചിത്രം ഫുട്ബോൾ ആരാധകർക്ക് വലിയ വേദനയും സമ്മാനിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച് ഒരു കസിനോ ഉടമയുടെ ക്ഷണപ്രകാരം കുട്ടികൾക്കുള്ള ഫുട്ബോൾ ക്ലിനികിന്റെ പരിപാടിക്കും ഒരു പുസ്തകം പുറത്തിറക്കുന്നതിനുമായാണ് റൊണാൾഡീന്യോ വ്യാജ പാസ്പോർടുമായി പരഗ്വായിലെത്തിയത്. പോലീസ് അറസ്റ്റു ചെയ്ത താരത്തിന്റെ പേരിലുള്ള മറ്റു കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റൊണാൾഡീന്യോയെ ഇപ്പോൾ ജയിലിൽ അടച്ചിരിക്കുന്നത്.
റൊണാൾഡീന്യോയെ ജയിലിൽ നിന്നും പുറത്തിറക്കുന്നതിനായി ബാഴ്സലോണ നായകൻ ലയണൽ മെസി തന്റെ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തുവെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റൊണാൾഡീന്യോയുടെ കേസ് വാദിക്കുന്നതിനും താരത്തെ പുറത്തിറക്കുന്നതിനു വേണ്ടി നാലു അഭിഭാഷകരെ മെസി ഏർപ്പാടാക്കുമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. റൊണാൾഡീന്യോയെ പുറത്തിറക്കാൻ വേണ്ടി മെസ്സി നാൽപതു ലക്ഷം യൂറോയോയുടെ (33 കോടിയോളം ഇന്ത്യൻ രൂപ) അടുത്ത് ചിലവഴിക്കേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു.
മെസിയെ പൂർണ്ണതയിലെത്തിച്ച കളിക്കാരനായാണ് റൊണാൾഡീന്യോയെ ഭൂരിഭാഗം ആളുകളും കണക്കാക്കുന്നത്. റൊണാൾഡീന്യോ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന സമയത്താണ് മെസി സീനിയർ ഫുട്ബോളിലേക്ക് ആദ്യ ചുവടു വെക്കുന്നത്. മെസി ബാഴ്സലോണ സീനിയർ ടീമിനു വേണ്ടി ആദ്യത്തെ ഗോൾ നേടുമ്പോൾ അതിനു പന്തെത്തിച്ചത് റൊണാൾഡീന്യോ ആയിരുന്നു. അവിടെ നിന്നും തുടങ്ങിയ മെസി ഇന്നു ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരിൽ ഒരാളായും ആറു ബാലൺ ഡി ഓർ നേടിയ ഏക കളിക്കാരനായും നിൽക്കുന്നു. സ്വാഭാവികമായും റൊണാൾഡീന്യോയോട് വലിയ കടപ്പാട് മെസിക്കുണ്ട്.
അതേ സമയം എപ്പോഴത്തെയും പോലെ ജയിലിലും റൊണാൾഡീന്യോ തന്റെ ജീവിതം ആസ്വദിക്കുകയാണ്. പരഗ്വായ് ജയിലിലെ സഹതടവുകാർക്കൊപ്പം റൊണാൾഡീന്യോ ബിയർ കഴിക്കുന്നതിന്റെയും ഓട്ടോഗ്രാഫ് നൽകുന്നതിന്റെയും ചിത്രങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. ടാക്സ് സംബന്ധമായ കേസ് നിലനിൽക്കുന്നതിനാൽ റൊണാൾഡീന്യോയുടെ പാസ്പോർട്ട് അടക്കം എല്ലാ സ്വത്തുക്കളും ബ്രസീലിയൻ പോലീസിന്റെ കയ്യിലാണ്. ഇതിനെത്തുടർന്നാണ് താരം വ്യാജ പാസ്പോർട്ടുമായി പരഗ്വായിലെത്തിയത്.
With former Brazil superstar Ronaldinho potentially facing six months behind bars, FC Barcelona captain Lionel Messi is reportedly determined to help his former teammate and friend get out of jail. #SLInt https://t.co/Tn6DBDMsy0
— Soccer Laduma (@Soccer_Laduma) March 12, 2020
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റിവച്ചു. ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇക്കാര്യം അറിയിച്ചു എന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഐപിഎൽ മാറ്റിവെക്കില്ലെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഈ നിലപാട് മാറ്റിയാണ് അദ്ദേഹം ഐപിഎൽ മാറ്റിവെക്കുകയാണെന്ന് അറിയിച്ചത്.
ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടൊപ്പം, കർണാടക, ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ ഐപിഎൽ നടത്താൻ സാധിക്കില്ലെന്ന് അറിയിച്ചതും പുതിയ തീരുമാനം എടുക്കാൻ ബിസിസിഐയെ നിർബന്ധിതരാക്കി.
നേരത്തെ, ഐപിഎല്ലിൽ ഏപ്രിൽ 15 വരെ വിദേശ താരങ്ങൾ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വീസ നിയന്ത്രണങ്ങളെ തുടർന്നാണ് വിദേശ കളിക്കാർ ആദ്യ രണ്ടാഴ്ച ഐപിഎല്ലിൽ കളിക്കില്ലെന്ന റിപ്പോർട്ടുകൾ വരുന്നത്.
ഐപിഎൽ മാറ്റിവെക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎൽ നടക്കുമെന്നും ബിസിസിഐ വേണ്ട മുൻകരുതൽ എടുക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ഐപിഎല്ലുമായി ബന്ധപ്പെട്ട കളിക്കാരും കാണികളും അടങ്ങുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ബിസിസിഐ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങൾ എല്ലാം പാലിക്കുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.
കോറോണ വൈറസ് ബാധിച്ചതായ സംശയത്തെ തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തെ ക്വാറന്ൈറൻ ചെയ്തു. പേസ് ബൗളർ കെയ്ൻ റിച്ചാർഡ്സനെയാണ് ഐസോലേഷനിലാക്കിയത്.
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരന്പര കളിച്ച ഓസ്ട്രേലിയൻ ടീമിനൊപ്പമുണ്ടായിരുന്ന റിച്ചാർഡ്സണ് ഈ ആഴ്ചയാണ് രാജ്യത്തു തിരിച്ചെത്തിയത്. റിച്ചാർഡ്സനെ പരിശോധിച്ചെന്നും മുൻകരുതൽ എന്ന നിലയിൽ ഐസോലഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ന്യൂസിലൻഡുമായുള്ള ഓസ്ട്രേലിയയുടെ ഏകദിന മത്സരം നടക്കാനിരിക്കെയാണ് പേസ് ബൗളർ കൊറോണ സംശയനിഴലിലാകുന്നത്. കോവിഡ്-19 ഭീതിയെ തുടർന്ന് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണു നടത്തുന്നത്.
കോവിഡ് ഭീതിയില്‍ കായിക ലോകം. ചെന്നൈയിന് – എടികെ ഐഎസ്എല്‍ ഫൈനല്‍ മല്‍സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. ഐപിഎല്‍ റദ്ദാക്കുന്നതാണ് ഉചിതമെന്ന് വിദേശകാര്യമന്ത്രാലയം ബിസിസിഐയോട് അഭ്യര്‍ഥിച്ചു. സ്പെയിനില്‍ രണ്ടാഴ്ച്ചത്തേക്ക് ഫുട്ബോള്‍ മല്‍സരങ്ങള്‍ വിലക്കി. റയല്‍ മഡ്രിഡ്, യുവന്റസ് താരങ്ങള്‍ നിരീക്ഷണത്തിലാണ്.
ശനിയാഴ്ച ഗോവയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും ചെന്നൈയിന് എടികെ ഐഎസ് എല്‍ ഫൈനല്‍ . ഐപിഎല്‍ റദ്ദാക്കുന്നതാണ് ഉചിതമെന്ന് വിദേശകാര്യമന്ത്രാലയം ബിസിസിഐയോട് അഭ്യര്‍ഥിച്ചു. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്തുന്ന കാര്യം ശനിയാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തില്‍ പരിഗണിക്കുമെന്ന് ബി സി സി ഐ പറഞ്ഞു.
റയല്‍ മഡ്രിഡ് ബാസ്ക്കറ്റ് ബോള്‍ ടീം അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഫുട്ബോള്‍ താരങ്ങളും നിരീക്ഷണത്തിലാണ്. ലാ ലിഗ അടക്കം സ്പെയിനിലെ എല്ലാ ഫുട്ബോള്‍ മല്‍സരങ്ങളും രണ്ടാഴ്ച്ചത്തേക്ക് വിലക്കി. യുവന്റസ് പ്രതിരോധതാരം ഡാനിയേലെ റുഗാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ റൊണാള്‍ഡോ അടക്കം എല്ലാ യുവന്റസ് താരങ്ങളും നിരീക്ഷണത്തിലാണ്. ടീമംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ മക്ലാരന് ഫോര്‍മുല വണ്‍ ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രിയില്‍ നിന്ന് പിന്മാറി. അമേരിക്കയില്‍ എന്‍.ബി.എ.മല്‍സരങ്ങള്‍ നിര്‍ത്തിവച്ചു.
കൊറോണ ഭീതിയിലാണ് ലോകം. നൂറിലധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ലോകം. കൊവിഡ് 19 ലോകവ്യാപകമായി പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്ന് നിര്‍ദ്ദേശം. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ബിസിസിഐയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഐപിഎല്‍ മാറ്റിവയ്ക്കാന്‍ തയാറാകുന്നതാണ് ഉചിതമെന്നും അല്ലെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തണമെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ ബിസിസിഐ മാര്‍ച്ച് 14 ശനിയാഴ്ച തീരുമാനമെടുക്കുമെന്നാണ് സൂചന.
മാര്‍ച്ച് 14-ന് ഐപിഎല്‍ ഗവേണിംഗ് ബോഡി മീറ്റിംഗ് ഉണ്ട്. മീറ്റിംഗില്‍ ഐപിഎല്‍ മത്സരങ്ങള്‍ എങ്ങനെ നടത്തണം എന്നതിനെപ്പറ്റി കൃത്യമായ തീരുമാനം ഉണ്ടാകും.
അതേസമയം ഐപിഎല്‍ മാറ്റിവയ്ക്കില്ലെന്ന് നേരത്തെ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എപിഎല്ലുമായി ബന്ധപ്പെട്ട ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 29 നാണ് ഐപിഎല്‍ ആരംഭിക്കുക. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.
ഇറ്റലിയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളിലും എത്തിയിരിക്കുകയാണ്. യുവന്റസിന്റെ സെന്റർ ബാക്കായ ഡാനിയെലെ റുഗാനിയ്ക്ക് കൊറൊണ സ്ഥിതീകരിച്ചിരിക്കുകയാണ് ഇപ്പോൾ. അദ്ദേഹത്തിന് നടത്തിയ ടെസ്റ്റിൽ കൊറൊണ പോസിറ്റീവ് ആണ് റിസൾട്ട് എന്ന് ഡോക്ടർമാർ അറിയിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എങ്കിലും ഈ പരിശോധന ഫലം ഫുട്ബോൾ ലോകമാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
രണ്ട് ദിവസം മുമ്പ് നടന്ന ഇന്റർ മിലാൻ യുവന്റസ് മത്സരത്തിന്റെ ഭാഗമായിരുന്നു റുഗാനി. താരം മത്സര ശേഷം യുവന്റസ് ടീമിനൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. താരവുമായി അടിത്ത് ഇടപെട്ടതു കൊണ്ട് യുവന്റ്സ് ടീമിൽ ഇനിയും കൊറൊണ ടെസ്റ്റുകൾ പോസിറ്റീവ് ആകാൻ സാധ്യതയുണ്ട് എന്ന് വിദഗ്ദ്ധർ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള മുഴുവൻ യുവന്റസ് ടീമും 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയണം എന്ന് നിർദേശം നൽകിയിരിക്കുകയാണ്.
ഫുട്ബോൾ ക്ലബുകളുടെ പരിശീലനം അടക്കം എല്ലാ പരുപാടികളും ഇപ്പോൾ ഇറ്റലിയിൽ നിരോധിച്ചിരിക്കുകയാണ്. യുവന്റസ് മാത്രമല്ല ഇന്റർ മിലാൻ താരങ്ങളോടും ഐസൊലേഷനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.
കൊറോണ ഭീതി നിലനില്‍ക്കെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് നടക്കും.ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം.സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിസിസിഐ നല്കുന്ന വിവരം.
ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന് എന്നീ താരങ്ങള്‍ പരുക്കില്‍ നിന്ന് മുക്തരായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ശിഖര്‍ ധവാനൊപ്പം മനീഷ് പാണ്ഡെ ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നതെന്നാണ് സൂചന. റിഷഭ് പന്ത് ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറുടെ റോളില്‍ കെ.എല്‍.രാഹുല്‍ തുടരാനാണ് സാധ്യത. ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വറിനുമൊപ്പം നവ്ദീപ് സെയ്നിയും പേസ് ഡിപ്പാര്‍ട്മെന്റിലെത്തും. യുസ്വേന്ദ്ര ചാഹലോ കുല്‍ദീപ് യാദവിനോ ആയിരിക്കും സ്പിന്‍ ചുമതല.
യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ അട്ടിമറി. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ ആൻഫീൽഡിൽ തകർത്ത് അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ലിവർപൂൾ അവസാന നിമിഷം കളി കൈവിട്ടത്.
ആദ്യ പാദത്തിൽ ഒരു ഗോൾ കടവുമായി ഇറങ്ങിയ ലിവർപൂളിന് 43-ാം മിനുട്ടിൽ വിനാൽഡം ലീഡ് നൽകി. 94-ാം മിനുട്ടിൽ ഫിർമിനോ ലീഡ് ഉയർത്തി. മൂന്ന് മിനുട്ടിനുള്ളിൽ മാർക്കോസ് ലൊറെന്റെയുടെ ഗോളിലൂടെ തിരിച്ചടിച്ച അത്ലറ്റിക്കോ അഗ്രിഗേറ്റ് സ്കോർ സമനിലയാക്കി. കളി അധിക സമയത്ത് നീണ്ടപ്പോൾ ലൊറെന്റെ ടീമിന് ജയം ഉറപ്പിച്ചു. അവസാന മിനുട്ടിൽ അൽവാരോ മൊറാട്ട ഗോൾ പട്ടിക തികച്ചു. ഗോളി യാന്‍ ഒബ്ലാക്കിന്റെ പ്രകടനം അത്ലറ്റിക്കോയ്ക്ക് കരുത്തായി.
മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ച് പിഎസ്ജിയും ക്വാർട്ടറിലെത്തി. സൂപ്പർ താരം നെയ്മർ, യുവാൻ വെലാസ്കോ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. ആദ്യപാദം തോറ്റ പിഎസ്ജിക്ക് രണ്ടാം പാദത്തിൽ മികച്ച ജയം അനിവാര്യമായിരുന്നു.
💻 MI PC
↳📁 Noches Mágicas
↳📁 Champions League
↳📁 Anfield 2020⚽ #LFCAtleti
⭐ #UCL | 🔴⚪ #AúpaAtleti pic.twitter.com/Ank7042oPS— Atlético de Madrid (@Atleti) March 11, 2020
റോഡ് സേഫ്റ്റി വേൾഡ് സീരിസിൽ ഇന്ത്യ ലെജൻഡ്സിന് തുടർച്ചയായ രണ്ടാം ജയം. ശ്രീലങ്ക ലെജൻഡ്സിനെയാണ് ഇന്ത്യ ലെജൻഡ്സ് അഞ്ച് വിക്കറ്റിന് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ലെജൻഡ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് നേടിയപ്പോൾ 18.4 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലെജൻഡ്സ് വിജയം സ്വന്തമാക്കി. ടോസ് ലഭിച്ച ഇന്ത്യ ലെജൻഡ്സ് നായകൻ സച്ചിൻ ടെൻഡുൽക്കർ ശ്രീലങ്ക ലെജൻഡ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മുൻനിര ബാറ്റ്സ്മാൻമാർ അതിവേഗം കൂടാരം കയറിയപ്പോൾ ഇന്ത്യ ലെജൻഡ്സ് പരാജയം മണത്തു. എന്നാൽ, ഇർഫാൻ പത്താന്റെ ബാറ്റിങ് കരുത്ത് ഇന്ത്യ ലെജൻഡ്സിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. 31 പന്തിൽ നിന്ന് പുറത്താകാതെ 57 റൺസാണ് പത്താൻ നേടിയത്. മൂന്ന് സിക്സും ആറ് ഫോറുമടക്കമാണിത്. മൊഹമ്മദ് കെെഫ് 45 പന്തിൽ നിന്ന് 46 റൺസ് നേടി പുറത്തായി. മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചില്ല. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സച്ചിൻ-സേവാഗ് ഓപ്പണിങ് കൂട്ടുക്കെട്ട് ഇത്തവണ അതിവേഗം പിരിഞ്ഞു. സച്ചിൻ റൺസൊന്നും എടുക്കാതെ പുറത്തായപ്പോൾ സേവാഗ് മൂന്ന് റൺസെടുത്ത് കൂടാരം കയറി. യുവരാജ് സിങ് ഒരു റൺസും സഞ്ജയ് ബംഗാർ 18 റൺസുമെടുത്ത് പുറത്തായി. മൻപ്രീത് ഗോണി 11 റൺസുമായി പുറത്താകാതെ നിന്നു. ശ്രീലങ്ക ലെജൻഡ്സിനുവേണ്ടി ചാമിന്ദ വാസ് രണ്ട് വിക്കറ്റുകൾ നേടി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ലെജൻഡ്സിനുവേണ്ടി തിലകരത്നെ ദിൽഷൻ (23), റോമേഷ് കലുവിതരണ (21), ചാമര കപുഗദേര (23) സചിത്ര സേനാനായകെ (19) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്ക്കുവേണ്ടി മുനാഫ് പട്ടേൽ നാല് വിക്കറ്റ് നേടി. സഹീർ ഖാൻ, ഇർഫാൻ പത്താൻ, മൻപ്രീത് ഗോണി, സഞ്ജയ് ബംഗാർ എന്നിവർ ഓരോ വിക്കറ്റ് നേടി. നേരത്തെ വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെതിരായ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് ജയിച്ചത്.