കോവിഡ് 19 രോഗബാധ ലോകമെമ്പാടും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഈ വര്‍ഷം നടക്കാനിരുന്ന യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് മാറ്റിവയ്ക്കും. 2020 ടൂര്‍ണമെന്റ് ഒരുവർഷത്തേക്ക് മാറ്റിവെയ്ക്കാനാണ് യൂറോപ്യന്‍ ഭരണസമിതിയുടെ തീരുമാനം. യൂറോപ്പിലെ 55 ദേശീയ ഫുട്ബോൾ അസോസിയേഷനുകള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഔദ്യേഗിക തീരുമാനമുണ്ടായത്. ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയായിരുന്നു യൂറോ കപ്പ് 2020 നിശ്ചയിച്ചിരുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു യുവേഫയും യുവേഫ പ്രതിനിധികളുമായിരുന്നു ചർ‌ച്ച. നോര്‍വീജിയന്‍, സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രതിനിധികളിൽ പലരും യോഗത്തിൽ‌ പങ്കെടുത്തത്.

മാറ്റിവച്ച ടൂർണമെന്റ് 2021 ജൂണ്‍, ജൂലായ് മാസങ്ങളിൽ നടത്താനും ധാരണയായിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ ടൂര്‍ണമെന്റ് മാറ്റിവെയ്ക്കണമെന്ന് ആതിഥേയരായ ഇറ്റലി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലിയെന്നിരിക്കെയായിരുന്നു ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.