‘എവിടെ, ഈ ഗ്രൗണ്ടിലെ പിച്ച് എവിടെ?’ – ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ കന്നി തോൽവിക്ക് ആതിഥേയരായ ന്യൂസീലൻഡിനോട് പകരം വീട്ടാനിറങ്ങുന്ന ഇന്ത്യ, ക്രൈസ്റ്റ് ചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും കുറച്ചു ബുദ്ധിമുട്ടും! പച്ചപ്പുള്ള പിച്ചൊരുക്കി ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ എറിഞ്ഞിട്ട ന്യൂസീലൻഡ്, രണ്ടാം ടെസ്റ്റിനായും തയാറാക്കിയിരിക്കുന്നത് സമാനമായ പിച്ച് തന്നെ. ക്രൈസ്റ്റ്ചർച്ചിലെ ഹേഗ്‍ലി ഓവലിൽ നടക്കുന്ന മത്സരത്തിനായി തയാറാക്കിയിരിക്കുന്ന പിച്ച് കണ്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) തന്നെ ‘കിളി പോയി’. മൈതാനത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ‘പിച്ച് എവിടെ’യെന്ന് കണ്ടെത്താൻ ആരാധകരെ വെല്ലുവിളിച്ചിരിക്കുകയാണ് ബിസിസിഐ. പച്ചപ്പു നിറഞ്ഞ പിച്ചൊരുക്കിയ ന്യൂസീലൻഡിനിട്ട് ഒരു ‘കൊട്ടാ’ണ് ലക്ഷ്യമെന്ന് വ്യക്തം.
പിച്ചും ഔട്ട്ഫീൽഡും തമ്മിലുള്ള വ്യത്യാസം തീർത്തും നേരിയതാണെന്ന് വ്യക്തമാക്കുന്നതാണ് ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം. ആകെ മൊത്തം ഒരു പച്ചപ്പു മാത്രം. ഒന്നാം ടെസ്റ്റിൽ ഒൻപതു വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിക്കും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടിനും ഈ പിച്ച് കണ്ട് ആവേശം ഇരട്ടിയായിക്കാണും. ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെയാകട്ടെ, മുട്ടിടിക്കുന്നുണ്ടാകുമെന്നും തീർച്ച! ആദ്യ ടെസ്റ്റ് നടന്ന വെല്ലിങ്ടനിലെ അതേ സാഹചര്യങ്ങൾ തന്നെയാണ് ക്രൈസ്റ്റ്ചർച്ചിലും പ്രതീക്ഷിക്കുന്നതെന്ന ഇന്ത്യൻ ഉപനായകൻ അജിൻക്യ രഹാനെയുടെ വാക്കുകളും ഇതിനോടു ചേർത്തുവായിക്കണം.
‘സാധാരണയായി മത്സരത്തിനു മുൻപ് ഞാൻ വിക്കറ്റ് ശ്രദ്ധിക്കാറില്ല. നോക്കൂ, വെല്ലിങ്ടനിൽ നമ്മൾ പ്രതീക്ഷിച്ചതു തന്നെയാണ് ലഭിച്ചത്. അതു തന്നെയാണ് ഇവിടെയും പ്രതീക്ഷിക്കുന്നത്. ഇന്ത്യ എ ഇവിടെ അനൗദ്യോഗിക ടെസ്റ്റ് മത്സരം കളിച്ചിരുന്നു. അന്ന് ടീമിലുണ്ടായിരുന്ന ഹനുമ വിഹാരി ഇവിടുത്തെ പിച്ച് കുറച്ചുകൂടി ഭേദമാണെന്നാണ് പറഞ്ഞത്. ഈ വിക്കറ്റിൽ മികച്ച പേസും ബൗൺസും ലഭിക്കും. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി അതിനനുസരിച്ച് കളി രൂപപ്പെടുത്തേണ്ടിവരും’ – മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട രഹാനെ പറഞ്ഞു.
വെല്ലിങ്ടനിലെ ബേസിൻ റിസർവിൽ സൗത്തിക്കും ബോൾട്ടിനും മുന്നിൽകീഴടങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കടുകട്ടി പരീക്ഷണമായിരിക്കും ക്രൈസ്റ്റ്ചർച്ചിലും. മായങ്ക് അഗർവാളിനെയും ഒരു പരിധി വരെ അജിൻക്യ രഹാനെയെയും മാറ്റിനിർത്തിയാൽ ട്രെന്റ് ബോൾട്ട് – ടിം സൗത്തി – കൈൽ ജയ്മിസൻ കൂട്ടുകെട്ടിനു മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിറച്ചത് ആരാധകർ മറന്നിട്ടില്ല. ക്യാപ്റ്റൻ വിരാട് കോലി, പൃഥ്വി ഷാ, ചേതേശ്വർ പൂജാര എന്നിവർക്കെല്ലാം ഇവരുടെ മുന്നിൽ മുട്ടിടിച്ചു. മിന്നും താരം നീൽ വാഗ്‌നറും മത്സര സജ്ജനായതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് കൂടുതൽ കനത്ത വെല്ലുവിളിയാകുമെന്ന് തീർച്ച.
Spot the pitch 🤔🤔#NZvIND pic.twitter.com/gCbyBKsgk9
— BCCI (@BCCI) February 27, 2020
വനിത ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 3 റൺസിന്റെ വിജയമാണ് ഹർമൻപ്രീതും സംഘവും സ്വന്തമാക്കിയത്. ജയത്തോടെ സെമി സാധ്യതകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ് ഇന്ത്യൻ പെൺപട. 16കാരി ഷഫാലി വർമ്മയുടെ ഇന്നിങ്സാണ് ഇത്തവണയും ഇന്ത്യൻ വിജയം ഉറപ്പാക്കിയത്.
വിജയം അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞ അവസാന രണ്ട് ഓവറിൽ ഇന്ത്യൻ ബോളർമാരും കിവീസ് ബാറ്റ്സ്മാന്മാരും പരസ്പരം ഏറ്റുമുട്ടി. അവസാന 12 പന്തിൽ ന്യൂസിലൻഡിന് ജയിക്കാൻ വേണ്ടിയിരുന്നത് 34 റൺസ്. പൂനം യാദവിനെ നാലു തവണ ബൗണ്ടറി പായി അമേലിയ കേർ ഇന്ത്യൻ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി. അവസാന ഓവറിൽ 16 റൺസ് വേണ്ടിയിരുന്ന ന്യൂസിലൻഡിനെതിരെ പന്തെറിയാനെത്തിയത് ശിഖ പാണ്ഡെ.
ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് ഹെയ്‌ലി വിജയദൂരം കുറച്ചു. രണ്ടാം പന്തിൽ വന്ന റിട്ടേൺ ക്യാച്ച് നഷ്ടപ്പെടുത്തിയ ശിഖ ഒരു റൺസ് വഴങ്ങുകയും ചെയ്തു. അടുത്ത രണ്ട് പന്തും സിംഗിൾ നേടിയ ന്യൂസിലൻഡ് താരങ്ങൾ അഞ്ചാം പന്ത് വീണ്ടും ബൗണ്ടറി പായിച്ചു. ഇതോടെ വിജയലക്ഷ്യം ഒരു പന്തിൽ അഞ്ച് റൺസ്. അവസാന പന്തിൽ റൺസിനായി ഓടിയ ഹെയ്‌ലി ജെൻസണിനെ പുറത്താക്കി ഇന്ത്യ നാടകീയ വിജയം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തത് പനി മാറി ടീമിലേക്ക് തിരിച്ചെത്തിയ സ്മൃതി മന്ദാനയും ഷഫാലി വർമ്മയുമാണ്. എന്നാൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ മന്ദാനയ്ക്കായില്ല. ടീം സ്കോർ 17ൽ എത്തിയപ്പോൾ 11 റൺസ് നേടിയ മന്ദാന പുറത്തായി. മൂന്നാം നമ്പരിലിറങ്ങിയ താനിയ ഭാട്ടിയ ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് ചലിച്ചു. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് താനിയ പുറത്തായത്. 25 പന്തിൽ താരം 23 റൺസ് നേടി.
തകർപ്പനടികളുമായി കളം നിറഞ്ഞ ഷഫാലിക്ക് പിന്തുണ നൽകാൻ പിന്നാലെയെത്തിയ താരങ്ങൾക്കാകാതെ വന്നതോടെ ഇന്ത്യ 133 റൺസിലേക്ക് ചുരുങ്ങി. 34 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 46 റൺസ് നേടിയ ഷഫാലി ഇന്ത്യയുടെ ടോപ് സ്കോററായി. അവസാനം ഓവറുകളിൽ തകർത്തടിച്ച ശിഖ പാണ്ഡെയും രാധ യാദവുമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ടീം സ്കോർ 34 എത്തിയപ്പോഴേക്കും മൂന്ന് മുൻനിര വിക്കറ്റുകളും കിവികൾക്ക് നഷ്ടമായി. മധ്യനിര ക്രീസിൽ നിലയുറപ്പിച്ചതോടെ വീണ്ടും ന്യൂസിലൻഡ് പ്രതീക്ഷകൾ സജീവമാക്കി. മാഡി ഗ്രീനും കേറ്റി മാർട്ടിനും വിജയതീരത്തേക്ക് ന്യൂസിലൻഡിനെ നയിച്ചു. എന്നാൽ മാഡിയെ ഗയ്ക്വാദും കേറ്റിയെ രാധയും വീഴ്ത്തി മത്സരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു.
എന്നാൽ അവസാന ഓവറുകളിൽ തകർപ്പനടികളുമായി അമേലിയ കളം നിറഞ്ഞതോടെ മത്സരം തുല്ല്യമായി. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്ന ന്യൂസിലൻഡ് പൊരുതിയെങ്കിലും മൂന്ന് റൺസകലെ ഇന്നിങ്സ് അവസാനിച്ചു.
മരിയ ഷറപ്പോവ ടെന്നീസില്‍നിന്നു വിരമിച്ചു. തോളിനേറ്റ പരുക്കിൽ ഫോമില്ലാതെ വലഞ്ഞതിനെത്തുടര്‍ന്നാണ് ഷറപ്പോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഫോമില്ലായ്മ കാരണം മുന്‍ലോക ഒന്നാം നമ്പര്‍ താരം റാങ്കില്‍ ഏറെ പിന്നോക്കം പോയിരുന്നു. 32-ാം വയസിലാണ് ഷറപ്പോവ വിരമിക്കുന്നത്. ” ടെന്നീസ്, ഞാന്‍ ഗുഡ് ബൈ പറയുന്നു,” അവര്‍ വാനിറ്റിഫെയര്‍ ഡോട്ട് കോമില്‍ എഴുതി.
2004-ല്‍ വിംബിള്‍ഡണ്‍ വിജയിച്ച അവര്‍ പിന്നീട് ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും ഓസ്‌ട്രേലിയന്‍ ഓപ്പണും വിജയിച്ച് കരിയര്‍ ഗ്രാന്റ്സ്ലാം തികച്ചിരുന്നു.2016-ല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവയ്ക്ക് 15 മാസത്തെ വിലക്ക് ലഭിച്ചിരുന്നു. സസ്‌പെന്‍ഷനുശേഷം ഷറപ്പോവയ്ക്ക് ഒരു പ്രധാനപ്പെട്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രമേ പ്രവേശിക്കാനായുള്ളൂ.
ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണ്.ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റാണ് വിനി.
വിനിയോടൊപ്പമുള്ള ചിത്രത്തോടൊപ്പം വിവാഹ വാര്‍ത്ത മാക്‌സ്‌വെല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചു. മാക്‌സ്‌വെല്‍ അണിയിച്ച മോതിരം കാണിച്ചാണ് വിനി സെല്‍ഫിയില്‍ പോസ് ചെയ്തത്. വിനിയും ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് മാക്‌സി തന്നെ പ്രൊപ്പോസ് ചെയ്‌തെന്നും യെസ് എന്ന് ഉത്തരം നല്‍കിയെന്നും വിനി ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഒരാഴ്ച്ച മുമ്പ് കഴിഞ്ഞിട്ട് ഞങ്ങള്‍ ഇപ്പോഴാണല്ലോ അറിഞ്ഞത് എന്നായിരുന്നു മാക്‌സ്‌വെല്ലിന്റ ഐ.പി.എല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇതിന് നല്‍കിയ കമന്റ്.
രണ്ടു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗിലെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പരിപാടിക്കിടെയാണ് വിനിയും മാക്‌സ്‌വെല്ലും കണ്ടുമുട്ടിയത്. നേരത്തെ ഓസീസ് താരം ഷോണ്‍ ടെയ്റ്റും ഇന്ത്യന്‍ വംശജയെ വിവാഹം ചെയ്തിരുന്നു. ഐ.പി.എല്‍ പാര്‍ട്ടിക്കിടെ കണ്ടുമുട്ടിയ മാഷൂം സിന്‍ഹയെ 2014ലാണ് ടൈറ്റ് ജീവിതസഖിയാക്കിയത്.
വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. അയൽക്കാരായ ബംഗ്ലാദേശിനെ 18 റൺസിനു തകർത്താണ് ഇന്ത്യ രണ്ടാം ജയം കുറിച്ചത്. ഇന്ത്യ മുന്നോട്ടു വെച്ച 143 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 35 റൺസെടുത്ത നിഗർ സുൽത്താനയാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി പൂനം യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
തകർച്ചയോടെയാണ് ബംഗ്ലാദേശ് ആരംഭിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തിൽ ശിഖ പാണ്ഡെ ബംഗ്ലാദേശിന് ആദ്യ പ്രഹരം ഏല്പിച്ചു. 3 റൺസെടുത്ത ഷമീമ സുൽത്താനയെ ദീപ്തി ശർമ്മ പിടികൂടി. സ്കോർ ബോർഡിൽ അഞ്ച് റൺസ് മാത്രമുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് രണ്ടാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്ത് മത്സരത്തിലേക്ക് തിരികെ വന്നു. 8ആം ഓവറിൽ രണ്ടാം വിക്കറ്റ് വീണു. 26 പന്തുകളിൽ നാല് ബൗണ്ടറികൾ അടക്കം 30 റൺസെടുത്ത മുർഷിദ ഖാതൂനെ അരുന്ധതി റെഡ്ഡി റിച്ച ഘോഷിൻ്റെ കൈകളിൽ എത്തിച്ചു.
സഞ്ജിദ ഇസ്ലാം (10) പൂനം യാദവിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഫർഗാന ഹഖും (0) വേഗം മടങ്ങി. അരുന്ധതി റെഡ്ഡിക്കായിരുന്നു വിക്കറ്റ്. ഫാതിമ ഖാതൂൻ (17), ജഹനാര ആലം (10) എന്നിവരെ കൂടി പുറത്താക്കിയ പൂനം കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവർത്തിച്ചു. 26 പന്തുകളിൽ അഞ്ച് ബൗണ്ടറി അടക്കം 35 റൺസെടുത്ത നിഗർ സുൽത്താന പുറത്തായതോടെ ബംഗ്ലാദേശ് തകർന്നു. തുടർച്ചയായ രണ്ട് ബൗണ്ടറികളുമായി റുമാന അഹ്മദ് (13) ഇന്ത്യയെ ഒന്ന് വിറപ്പിച്ചെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ ഒരു ഉജ്ജ്വല യോർക്കറിലൂടെ ശിഖ പാണ്ഡെ ഇന്ത്യൻ വിജയം ഉറപ്പിച്ചു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 142 റൺസെടുത്തത്. ഷഫാലി വർമ്മയിലൂടെ അമ്പരപ്പിക്കുന്ന തുടക്കം കിട്ടിയ ഇന്ത്യക്ക് ആ തുടക്കം മുതലാക്കാൻ സാധിക്കാതിരുന്നത് തിരിച്ചടി ആവുകയായിരുന്നു. 39 റൺസെടുത്ത ഷഫാലി തന്നെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ബംഗ്ലാദേശിനു വേണ്ടി സൽമ ഖാത്തൂനും പന്ന ഘോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം തുടരുകയാണ്. രാവിലെ അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ആദ്യം പോയത് മാഹത്മ ഗാന്ധിയുടെ സബർമതി ആശ്രമത്തിലേക്കായിരുന്നു.
ഇവിടെ നിന്നും മോട്ടെര സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റിനെ കാണാൻ ഒരു ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. ഇവിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പേര് പറഞ്ഞ് ട്രംപ് കുരുക്കിലായത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെയും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെയും പേര് പ്രസംഗത്തിനിടയിൽ തെറ്റായാണ് ട്രംപ് ഉച്ചരിച്ചത്. ബോളിവുഡും ക്രിക്കറ്റുമെല്ലാം നിറഞ്ഞുനിന്ന പ്രസംഗത്തിൽ എന്നാൽ ട്രംപിന്റെ നാക്ക് പിഴയ്ക്കുകയായിരുന്നു. സച്ചിൻ ടെൻഡുൽക്കറിന് പകരം ‘സൂച്ചിൻ ടെൻഡോൽക്കർ’ എന്നും വിരാട് കോഹ്‌ലിക്ക് പകരം ‘വിരോട് കോലി’ എന്നുമാണ് ട്രംപ് പറഞ്ഞത്.
ഇതിന് പിന്നാലെ ട്രംപിനെ ട്രോളി ഐസിസി തന്നെ രംഗത്തെത്തി. ക്രിക്കറ്റ് ഇതിഹാസത്തിന്രെ പേര് ഐസിസിയുടെ ഡേറ്റ് ബെയ്സിൽ എഡിറ്റ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഐസിസി രംഗത്തെത്തിയത്. സച്ചിന്റെ പേര് സൂച്ചിൻ എന്നാണ് തിരുത്തുന്നത്.
സ്വാമി വിവേകാനന്ദന്റെ പേരും പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെറ്റിച്ചാണ് ഉച്ചരിച്ചത്. മോദിയെ വാനോളം പ്രശംസിക്കുന്ന പ്രസംഗമായിരുന്നു മൊട്ടേര സ്റ്റേഡിയത്തിൽ ട്രംപ് നടത്തിയത്. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നു. 300 ദശലക്ഷത്തിലധികം പേർക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചു. ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ ഏറ്റവും വലിയ മധ്യവർഗത്തിന്റെ ആസ്ഥാനമായി മാറും. ശ്രദ്ധേയമായ കാര്യം, ജനാധിപത്യമെന്ന നിലയിലും സഹിഷ്ണുത പുലർത്തുന്ന രാജ്യമെന്ന നിലയിലും ഇന്ത്യ ഇതെല്ലാം നേടിയിട്ടുണ്ട് എന്നതാണ്. ഇന്ത്യയുടെ നേട്ടം സമാനതകളില്ലാത്തതാണെന്നും ട്രംപ് പറഞ്ഞു.
Sach-
Such-
Satch-
Sutch-
Sooch-Anyone know? pic.twitter.com/nkD1ynQXmF
— ICC (@ICC) February 24, 2020
വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ന്യുസീലന്‍ഡ്. രണ്ടാം ഇന്നിംഗ്‌സില്‍ 8 റണ്‍സിന്റെ ലീഡ് ഉയര്‍ത്തിയ ഇന്ത്യയെ ന്യൂസീലന്‍ഡ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ രണ്ട് ഓവറിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കി വിജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ നാലിന് 144 എന്ന നിലയില്‍ തുടങ്ങിയ ഇന്ത്യ 191 റണ്‍സിന് പുറത്താകുകയായിരുന്നു. 47 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന ആറ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ടിം സൗത്തി അഞ്ചും ട്രെന്‍ഡ് ബോള്‍ട്ട് നാലും വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിംഗ്‌സിലുമായി 9 വിക്കറ്റ് നേടിയ ടിം സൗത്തിയാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടാം ടെസ്റ്റ് 29ന് ഓവലില്‍ തുടങ്ങും.
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 165 റണ്‍സ് നേടിയപ്പോള്‍ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 348 റണ്‍സിന് ഓള്‍ഔട്ടായി. 183 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി മായങ്ക് അഗര്‍വാള്‍ മാത്രമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്. അഗര്‍വാള്‍ 58 റണ്‍സ് നേടിയപ്പോള്‍ രഹാനെ 29 ഉം പന്ത് 25 ഉം റണ്‍സ് നേടി.
ഒരിക്കല്‍ കൂടി പൃഥ്വി ഷാ പരാജയപ്പെട്ടപ്പോള്‍ ചേതേശ്വര്‍ പൂജാര 11 റണ്‍സിനും നായകന്‍ വിരാട് കോലി 19 റണ്‍സിലും ബാറ്റുതാഴ്ത്തി. കിവിസ് മണ്ണിലെ പരാജയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് തിരിച്ചടിയായി. അതേസമയം തോല്‍വി ഇന്ത്യയെ നാണക്കേടിലേക്കും തള്ളിവിട്ടു.52 വര്‍ഷങ്ങള്‍ക്കു ശേഷം വെല്ലിംഗ്ടണില്‍ ഒരു ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ടീം ഇന്ത്യയ്ക്ക് വിജയിക്കാനായില്ല. 1968 ല്‍ വിജയം നേടിയ ശേഷം ഇവിടെ 2020 ലും ഇന്ത്യ ടെസ്റ്റ് ജയിച്ചില്ല. 1968-ല്‍ ആയിരുന്നു ഈ വേദിയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം. അതില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ ജയം നേടുകയും ചെയ്തു. ഇവിടെ കളിച്ച ഏഴ് ടെസ്റ്റുകളില്‍ പട്ടൗഡിയുടെ നേതൃത്വത്തിലുള്ള ഒരേയൊരു വിജയം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ന്യൂസീലന്‍ഡ് മണ്ണില്‍ ഇതുവരെ 24 ടെസ്റ്റ് കളിച്ച ഇന്ത്യയ്ക്ക് അഞ്ച് എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. ഒമ്പത് മത്സരങ്ങള്‍ തോറ്റപ്പോള്‍ 10 എണ്ണം സമനിലയിലായി.
തോൽക്കാൻ സാധ്യത വളരെയധികം, സമനില നേടാൻ ചെറിയ സാധ്യത, ജയിക്കാൻ സാധ്യത വിരളം… ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യയുടെ അവസ്ഥയെ ഇങ്ങനെ ചുരുക്കിയെഴുതാം. 183 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ്. ഉപനായകൻ അജിൻക്യ രഹാനെ 25 റൺസോടെയും ഹനുമ വിഹാരി 15 റൺസോടെയും ക്രീസിൽ. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 118 പന്തിൽനിന്ന് 31 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ആറു വിക്കറ്റ് കയ്യിലിരിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇനിയും 39 റൺസ് കൂടി വേണം.
ഓപ്പണർമാരായ പൃഥ്വി ഷാ (30 പന്തിൽ 14), മായങ്ക് അഗർവാൾ (99 പന്തിൽ 58), ചേതേശ്വർ പൂജാര (81 പന്തിൽ 11), ക്യാപ്റ്റൻ വിരാട് കോലി (43 പന്തിൽ 19) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. മൂന്നു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ തകർത്തത്. ടിം സൗത്തിക്കാണ് ശേഷിക്കുന്ന വിക്കറ്റ്. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലൻഡ് വാലറ്റക്കാരുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ 348 റൺസ് നേടിയതോടെയാണ് അവർക്ക് 183 റൺസിന്റെ കൂറ്റൻ ലീഡ് ലഭിച്ചത്. കോളിൻ ഡി ഗ്രാൻഡ്ഹോം (74 പന്തിൽ 43), കൈൽ ജയ്മിസൻ (45 പന്തിൽ 44), ട്രെന്റ് ബോൾട്ട് (24 പന്തിൽ 38) എന്നിവരാണ് ഇന്ന് തിളങ്ങിയ കിവീസ് താരങ്ങൾ. ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ അഞ്ച് വിക്കറ്റ് വീഴ്ത്തി.
സ്കോർ ബോർഡിൽ 27 റൺസുള്ളപ്പോൾ പൃഥ്വി ഷായാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. 30 പന്തിൽ രണ്ടു ഫോറുകൾ സഹിതം 14 റൺസെടുത്ത ഷായെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കി. ടോം ലാഥം ക്യാച്ചെടുത്തു. രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടിന് തുണനിന്നെങ്കിലും രണ്ടാം സെഷന്റെ അവസാന പന്തിൽ ചേതേശ്വർ പൂജാരയും പുറത്തായി. 81 പന്തു നേരിട്ട പൂജാര 11 റൺസുമായി ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. പൂജാര ലീവ് ചെയ്ത പന്താണ് ഓഫ് സ്റ്റംപിളക്കിയത്. ഇതിനിടെ 75 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം മായങ്ക് ടെസ്റ്റിലെ നാലാം അർധസെഞ്ചുറിയും കുറിച്ചു. രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്‌ക്കൊപ്പം അഗർവാൾ 51 റൺസ് കൂട്ടിച്ചേർത്തു.
മികച്ച ഫോമിൽ കളിച്ചുവന്ന ഓപ്പണർ മായങ്ക് അഗർവാളിന്റേതായിരുന്നു അടുത്ത ഊഴം. 99 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 58 റൺസെടുത്ത അഗർവാളിനെ ടിം സൗത്തിയാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പർ ക്യാച്ചെടുത്തു. നിർണായക വിക്കറ്റായതിനാൽ അഗർവാളിനൊപ്പം ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ വിരാട് കോലി അംപയറിന്റെ തീരുമാനം റിവ്യൂ ചെയ്തെങ്കിലും ഫലമുണ്ടായില്ല. സ്കോർ 113ൽ എത്തിയപ്പോൾ കോലിയും കൂടാരം കയറി. ന്യൂസീലൻഡ് പര്യടനത്തിലെ മോശം ഫോം തുടരുന്ന കോലി 43 പന്തിൽ മൂന്നു ഫോറുകൾ സഹിതം 19 റണ്‍സെടുത്താണ് പുറത്തായത്. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ജെ.ബി. വാട്‌ലിങ് ക്യാച്ചെടുത്തു. സെഞ്ചുറിയില്ലാതെ കോലി പിന്നിടുന്ന തുടർച്ചയായ 20–ാം ഇന്നിങ്സാണിത്.
നേരത്തെ, അഞ്ചിന് 216 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലൻഡിന് വാലറ്റത്തിന്റെ ശക്തമായ പോരാട്ടമാണ് മികച്ച ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചത്. ഒരേയൊരു അർധസെഞ്ചുറി മാത്രം പിറന്ന ഇന്നിങ്സിൽ 100.2 ഓവറിലാണ് കിവീസ് 348 റൺസെടുത്തത്. കോളിൻ ഡി ഗ്രാൻഡ്ഹോം (74 പന്തിൽ 43), കൈൽ ജയ്മിസൻ (45 പന്തിൽ 44), ട്രെന്റ് ബോള്‍ട്ട് (24 പന്തിൽ 38) എന്നിവരാണ് വാലറ്റത്ത് കിവീസ് സ്കോർ ബോർഡിലേക്ക് കനമുള്ള സംഭാവനകൾ ഉറപ്പാക്കിയത്. ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ അഞ്ചു വിക്കറ്റ് വീഴ്ത്തി.
തലേന്നത്തെ അതേ സ്കോറിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജെ.ബി. വാട്‍ലിങ്ങിനെ നഷ്ടമാകുന്ന കാഴ്ചയോടെയാണ് ന്യൂസീലൻഡ് മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ചത്. 30 പന്തിൽ 14 റൺസെടുത്ത വാട്‍ലിങ്ങിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. ഒൻപതു റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും ടിം സൗത്തിയെ ഇഷാന്ത് ശർമ പുറത്താക്കിയതോടെ കിവീസിനെ 250നുള്ളിൽ ഒതുക്കാമെന്ന് ഇന്ത്യ മോഹിച്ചു. 13 പന്തിൽ ഒരേയൊരു ഫോർ സഹിതം ആറു റൺസെടുത്താണ് സൗത്തി മടങ്ങിയത്.
എന്നാൽ, കിവീസ് ഇന്നിങ്സിലെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടിനാണ് എട്ടാം വിക്കറ്റിൽ അരങ്ങൊരുങ്ങിയത്. കൈൽ ജയ്മിസനെ കൂട്ടുപിടിച്ച് 71 റൺസാണ് ഗ്രാൻഡ്ഹോം എട്ടാം വിക്കറ്റിൽ ചേർത്തത്. 45 പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം 44 റൺസെടുത്താണ് ജാമിസൻ മടങ്ങിയത്. അശ്വിന്റെ പന്തിൽ വിഹാരി ക്യാച്ചെടുത്തു. സ്കോർ 310ൽ എത്തിയപ്പോൾ ഗ്രാൻഡ്ഹോമും മടങ്ങി. 74 പന്തിൽ അഞ്ചു ഫോറുകൾ സഹിതം 43 റൺസെടുത്ത ഗ്രാൻഡ്ഹോമിനെയും അശ്വിൻ തന്നെ പുറത്താക്കി.
എന്നാൽ, വിട്ടുകൊടുക്കാതെ പൊരുതിയ കിവീസ് 10–ാം വിക്കറ്റിൽ 38 റൺസ് കൂടി ചേർത്തു. 24 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതം 38 റൺസെടുത്ത ട്രെന്റ് ബോൾട്ടിന്റെ കടന്നാക്രമണമാണ് കിവീസ് സ്കോർ 348ൽ എത്തിച്ചത്. അജാസ് പട്ടേൽ 20 പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ 22.2 ഓവറിൽ 68 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. അശ്വിൻ മൂന്നും ബുമ്ര, ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ, അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ പ്രകടനമാണ് രണ്ടാം ദിനം ന്യൂസീലൻഡിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. വില്യംസൻ 153 പന്തിൽ 11 ഫോറുകൾ സഹിതം 89 റണ്‍സെടുത്ത് പുറത്തായി. 93 പന്തിൽ ആറു ഫോറുകളുടെ അകമ്പടിയോടെയാണ് വില്യംസൻ ടെസ്റ്റിലെ 32–ാം അർധസെഞ്ചുറി പൂർത്തിയാക്കിയത്. മൂന്നാം വിക്കറ്റിൽ റോസ് ടെയ്‍ലറിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും (93) തീർത്താണ് വില്യംസൻ ന്യൂസീലൻഡിനെ ശക്തമായ നിലയിലെത്തിച്ചത്. ഓപ്പണർമാരായ ടോം ലാഥം 30 പന്തിൽ 11), ടോം ബ്ലണ്ടൽ 80 പന്തിൽ 30), റോസ് ടെയ്‍ലർ (71 പന്തിൽ 44), ഹെൻറി നിക്കോൾസ് (62 പന്തിൽ 17) എന്നിവരാണ് കിവീസ് നിരയിൽ പുറത്തായ മറ്റുള്ളവർ.
ഉയരക്കുറവിന് കടുത്ത അധിക്ഷേപവും ബോഡി ഷെയിമിംഗും നേരിട്ട ക്വാഡന്‍ ബെയില്‍സ് ഒറ്റ ദിവസം കൊണ്ട് ലോകത്തിന്റെ സ്നേഹം പിടിച്ചുവാങ്ങി. ഉയരമില്ലെന്ന കാരണത്താല് സ്കൂളില് സഹപാഠികള് അപമാനിക്കുന്നുണ്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയോട് സങ്കടം പറയുന്ന ബെയില്സിന്റെ ദൃശ്യങ്ങള് തീമഴ പോലെയാണ് ഓരോരുത്തരുടെയും മനസിലേക്ക് കത്തിയിറങ്ങിയത്. ക്വാഡനു പിന്തുണയുമായി നിരവധി താരങ്ങള് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇന്ന് ഓസ്ട്രേലിയയിലെ ദേശീയ റഗ്ബി ടീമിന്റെ കൈപിടിച്ച് ഫീല്‍ഡിലേക്ക് ചിരിയോടെ എത്തുന്ന ക്വാഡന്‍ ബെയില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ താരം. നാഷനല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജനസ് ഓള്‍ സ്റ്റാര്‍സ് ടീമിനെ ഫീല്‍ഡിലേക്ക് നയിക്കാനായി ക്വീന്‍സ് ലാന്‍ഡിലേക്ക് ക്വാഡനെ ക്ഷണിച്ചിരുന്നു.
ഗോള്‍ഡ് കോസിലെ മത്സര സ്ഥലത്ത് എത്തി റഗ്ബി ടീമിന്റെ അതേ ജഴ്സിയില്‍ ഗ്രൗണ്ടിലെ കയ്യടികള്‍ക്കും ആരവങ്ങള്‍ക്കും നടുവിലേക്ക് ക്വാഡന്‍ ബെയില്‍സ് എത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഗോള്‍ഡ് കോസിലെ മൈതാനത്തേക്ക് താരങ്ങളുടെ കൈപിടിച്ചെത്തിയ ക്വാഡനെ നിറഞ്ഞ കൈയ്യടികളോടെയാണ് കാണികള് സ്വീകരിച്ചത്.
ഹോളിവുഡ് താരം ഹ്യൂ ജാക്ക്മാന്, അമേരിക്കന് കൊമേഡിയന് ബ്രാഡ് വില്യംസ് കൂടാതെ ഓസ്‌ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള് എന്നിവരെല്ലാം ക്വാഡന്‍ പിന്തുണയുമായി രംഗത്തെത്തെത്തിയിരുന്നു. കുഞ്ഞു ക്വാഡനു വേണ്ടി നാനാഭാഗത്തു നിന്നുമുള്ളവരുടെ മാനസിക പിന്തുണയ്ക്കൊപ്പം സാമ്ബത്തിക സഹായങ്ങളുടേയും പ്രവാഹമാണ്. 250,000 യുഎസ് ഡോളറാണ് ക്വാഡന്‍ വേണ്ടി ബ്രാഡ് വില്യംസ് സമാഹരിച്ചത്.
വെല്ലിങ്‌ടൺ: ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം പൂർത്തിയായി. വെളിച്ചക്കുറവുമൂലം ഇന്നത്തെ കളി നേരത്തെ അവസാനിപ്പിച്ചു. അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ ന്യൂസിലൻഡ് 216 റൺസ് നേടിനിൽക്കുമ്പോഴാണ് കളി അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്‌സിൽ ന്യൂസിലൻഡിനു 51 റൺസിന്റെ ലീഡുണ്ട്. ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 165 റൺസ് മാത്രമാണ് നേടിയത്.
ന്യൂസിലൻഡിനു വേണ്ടി നായകൻ കെയ്‌ൻ വില്യംസൺ 89 റൺസ് നേടി ടോപ് സ്‌കോററായി. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വില്യംസണെ ഷമിയാണ് പുറത്താക്കിയത്. റോസ് ടെയ്‌ലർ (44), ടോം ബ്ലഡൽ (30) എന്നിവരും ന്യൂസിലൻഡിനുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. ജെ.ബി. വാട്‍ലിങ് (14), കോളിൻ ഡി ഗ്രാൻഡ്ഹോം (നാല്) എന്നിവരാണ് ഇന്ന് കളി നിർത്തുമ്പോൾ ക്രീസിലുള്ളത്.
ഇന്ത്യയ്‌ക്കുവേണ്ടി ഇഷാന്ത് ശർമ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മൊഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. പരുക്കിനുശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ ബുംറയുടെ വിക്കറ്റ് വരൾച്ച ഇപ്പോഴും തുടരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് കിവീസ് ബോളർമാർ കനത്ത പ്രഹരമാണ് നൽകിയത്. മുൻനിര വിക്കറ്റുകളെല്ലാം അതിവേഗം നഷ്‌ടമായി. 46 റൺസ് നേടിയ അജിങ്ക്യ രഹാനെയും 34 റൺസ് നേടിയ മായങ്ക് അങ്കർവാളും മാത്രമാണ് ഇന്ത്യയ്‌ക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്.