ഇരുപത്തിയൊന്നുകാരനായ സ്പാനിഷ് ഫുട്ബോൾ കോച്ച് ഫ്രാൻസിസ്കോ ഗാർസിയ മരിച്ചത് കൊറോണ വൈറസ് ബാധമൂലമെന്ന് റിപ്പോർട്ട്. അത്ലറ്റികോ പോർട്ടാടാ അൽട്ടയുടെ കോച്ചായി പ്രവർത്തിച്ച് വരുന്നതിനിടെയാണ് മരണം. ലുക്കീമിയ രോഗത്തിന് ചികിൽസയിലിരിക്കെയാണ് ഫ്രാൻസിസ്കോ ഗാർസിയക്ക് കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിച്ചത്. ഇതോടെ ആരോഗ്യ സ്ഥിതി മോശമാവുകയും ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

കൊറോണ വൈറസ് ബാധയേറ്റ് സ്പാനിഷ് നഗരമായ മാൽഗയിൽ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാവുകയാണ് ഇതോടെ ഫ്രാൻസിസ്കോ ഗാർസിയ.

അത്ലറ്റികോ പോർട്ടാടാ പുറത്തിറക്കിയ പ്രസ്താവനയിലാണ് താരത്തിന്റെ മരണം സ്ഥിരീകരിക്കുന്നത്. ഗാർസിയയുടെ മരണത്തിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വികാരപരമായ പ്രസ്താവനയാണ് ക്ലബ് പുറത്തിറക്കിയത്. കഴിഞ്ഞ നാല് വർഷമായി ക്ലബ്ബിന്റെ പരിശീലകനായിരുന്നു ഗാർസിയ. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയാണ് കൊറോണ ബാധ വേഗത്തിൽ മരണത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.