Sports

ഹൈദരാബാദ്: വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ ആദ്യ ടി20 മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഏറ്റവുമധികം ഭയപ്പെടുന്നത് ക്യാപ്റ്റന്‍ വിരാട് കോലിയെയാണ്. വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് ഇതു സമ്മതിക്കുകയും ചെയ്യുന്നു. കോലിയെ പുറത്താക്കാന്‍ പ്രത്യേക തന്ത്രം തന്നെ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുന്നത്. അതിനു ശേഷം മൂന്ന് ഏകദിനങ്ങളിലും ഇരുടീമുകളും മാറ്റുരയ്ക്കുന്നുണ്ട്. പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടി20യില്‍ വിജയത്തോടെ തന്നെ തുടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യയും വിന്‍ഡീസും ഇറങ്ങുന്നത്.

ഉജ്ജ്വല ഫോമില്‍ ബാറ്റ് വീശുന്ന കോലിയെ തടയുകയെന്നത് ദുഷ്‌കരമാണെന്നു സിമ്മണ്‍സ് പറയുന്നു. കോലിയെ ഔട്ടാക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

മറ്റു ടീമുകളെപ്പോലെ തന്നെ കോലിയുടെ കാര്യത്തില്‍ പ്രത്യേക ഐഡിയകളൊന്നേും തങ്ങളുടെ പക്കല്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യമെന്നും മുന്‍ അയര്‍ലാന്‍ഡ്, അഫ്ഗാനിസ്താന്‍ കോച്ച് കൂടിയായ സിമ്മണ്‍സ് വിശദമാക്കി.

കോലിയെ ഔട്ടാക്കാന്‍ രസകരമായ വഴികളാണ് സിമ്മണ്‍സിനു പറയാനുള്ളത്. ഒരു വഴി കോലിയെക്കൊണ്ട് ബാറ്റിനു പകരം സ്റ്റംപ് കൈയില്‍ കൊടുത്ത് പന്ത് നേരിടാന്‍ ആവശ്യപ്പെടുകയെന്നതാണ്.

ഏകദിന പരമ്പരയിലേക്കു വരികയാണെങ്കില്‍ കോലിയെ സെഞ്ച്വറി നേടാന്‍ അനുവദിച്ച് മറ്റു താരങ്ങളെ പുറത്താക്കുകയെന്ന വഴി മാത്രമേ വിന്‍ഡീസിനു മുന്നിലുള്ളൂവെന്നും സിമ്മണ്‍സ് പറയുന്നു.

കോലിയെ ഔട്ടാക്കാന്‍ മറ്റൊരു വഴി ഒരേ സമയം രണ്ടു ബൗളര്‍മാരെക്കൊണ്ട് അദ്ദേഹത്തിനെതിരേ പന്തെറിയിക്കുകയെന്നതാണ്. ഈ പരമ്പരയില്‍ ബൗളര്‍മാര്‍ കോലിയെ ഭയപ്പെടുന്നില്ലെന്നു വിന്‍ഡീസ് ഉറപ്പു വരുത്തണം.

വരാനിരിക്കുന്ന മല്‍സരങ്ങളില്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. കോലിയെ പുറത്താക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്നും സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം രണ്ടാം തവണയാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടില്‍ സമാപിച്ച ഏകദിന ലോകകപ്പിനു പിന്നാലെ ഇന്ത്യ വിന്‍ഡീസില്‍ പര്യടനം നടത്തിയിരുന്നു. അന്ന് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2-0ന് തൂത്തുവാരിയിരുന്നു. ആദ്യത്തെ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ശേഷിച്ച രണ്ടു കളികളിലും വിന്‍ഡീസിനെ ഇന്ത്യ കശാപ്പ് ചെയ്തപ്പോള്‍ കോലിയായിരുന്നു ഹീറോ. സെഞ്ച്വറികളുമായാണ് അദ്ദഹം ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റിംഗ് ക്രമത്തിൽ വലിയമാറ്റം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോലി. ഋഷഭ് പന്തിന്റെ കഴിവിൽ ടീമിന് വിശ്വാസമുണ്ട്. ലോകകപ്പിന് മുന്‍പ് ടീം ഘടനയിൽ വലിയ അഴിച്ചുപണി ഉണ്ടാകില്ലെന്നും കോലി വ്യക്തമാക്കി. വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്ന ചര്‍ച്ച പൊടിപൊടിക്കേയാണ് കോലിയുടെ പ്രതികരണം.

സഞ‌്ജുവിനെ ഓപ്പണറായും പരിഗണിക്കണമെന്ന് ടീം മാനേജ്‌മെന്‍റിനോട് നിര്‍ദേശിച്ചതായി ബിസിസിഐ ജോ. സെക്രട്ടറി ജയേഷ് ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. “കേരളത്തിനായും ടി20യില്‍ രാജസ്ഥാന്‍ റോയല്‍സിനായും ഓപ്പണ്‍ ചെയ്ത് സഞ്ജുവിന് പരിചയമുണ്ട്. ഓപ്പണിംഗ് ബാറ്റ്സ്‌മാനായ ശിഖര്‍ ധവാന്‍ പരുക്കേറ്റ് കളിക്കാത്ത സാഹചര്യത്തില്‍ സഞ്ജുവിന് ആ സ്ഥാനം നികത്താനാകും എന്നാണ് പ്രതീക്ഷ” എന്നും ജയേഷ് ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.

രോഹിത് ശര്‍മ്മയ്‌ക്കും കെ എല്‍ രാഹുലിനും കളിക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ സഞ്ജുവിന് ഓപ്പണിംഗില്‍ അവസരം ലഭിക്കാനിടയുള്ളൂ എന്ന സൂചനയാണ് കോലി നല്‍കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ ഋഷഭ് പന്തില്‍ വിശ്വാസമുണ്ട് എന്ന കോലിയുടെ വാക്കുകളും ടീം ഘടനയിലെ കൃത്യമായ സൂചനയാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരെ ഒരു മത്സരത്തില്‍ പോലും അവസരം ലഭിക്കാതിരുന്ന സഞ്ജു കാര്യവട്ടത്ത് കളിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

വിക്കറ്റ് ആഘോഷങ്ങളിൽ എക്കാലവും വ്യത്യസ്തത സൂക്ഷിക്കുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ചൈനമാൻ ബോളർ ടബരേസ് ഷംസി. അതിന് ഐസിസിയുടെ താക്കീതും ലഭിച്ചിട്ടുണ്ട്. പറഞ്ഞിട്ടെന്ത്, ആഘോഷങ്ങളിലെ വൈവിധ്യം അങ്ങനങ്ങ് അവസാനിപ്പിക്കാൻ ഷംസിക്ക് ഉദ്ദേശ്യമില്ല. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗായ മാൻസി സൂപ്പർ ലീഗിനിടെ കഴിഞ്ഞ ദിവസം ഷംസി വിക്കറ്റ് നേട്ടം ആഘോഷിച്ചത് പുതിയൊരു രീതിയിലാണ്. ആരാധകരുടെയും ക്യാമറക്കണ്ണുകളുടെയും മുന്നിൽ ഉഗ്രനൊരു മാജിക് കാട്ടിക്കൊണ്ട്!

മാൻ‌സി സൂപ്പർലീഗിൽ പാൾ റോക്സിന്റെ താരമായ ഷംസി, ഡർബൻ ഹീറ്റ്സിനെതിരായ മത്സരത്തിലാണ് മാജിക്കിന്റെ അകമ്പടിയോടെ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാൾ റോക്സ് നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ നേടിയത് 195 റൺസാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡർബൻ ഹീറ്റ്സിന്റെ വിഹാൻ ലുബ്ബിനെ പുറത്താക്കിയപ്പോഴാണ് ഷംസി മാജിക് പുറത്തെടുത്തത്.

ഡർബൻ ഹീറ്റ്സ് ഇന്നിങ്സിലെ 14–ാം ഓവറിലാണ് സംഭവം. ഷംസിയുടെ പന്ത് ഉയർത്തിയടിച്ച ലുബ്ബിനു പിഴച്ചു. പന്ത് നേരെ ഹാർദൂസ് വിൽജോയന്റെ കൈകളിലെത്തി. വിക്കറ്റ് നേട്ടത്തിനു പിന്നാലെ ഷംസി പോക്കറ്റിൽനിന്ന് ഒരു ചുവന്ന തുണി പുറത്തെടുത്തു. ആരാധകർ നോക്കിയിരിക്കെ ഷംസിയുടെ കയ്യിലിരുന്ന തുണി ഒരു വടി പോലെ തോന്നിക്കുന്ന ഒന്നായി രൂപം മാറി. ഇതിന്റെ വിഡിയോ മാൻസി സൂപ്പർ ലീഗിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചിട്ടുമുണ്ട്. മത്സരത്തിൽ നാല് ഓവറിൽ 37 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ഷംസി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഡർബൻ ഹീറ്റ്സ് ഏഴു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരിലൊരാളായ ബോബ് വില്ലിസ് അന്തരിച്ചു. 70 വയസായിരുന്നു. ആറടി ആറിഞ്ച് പൊക്കമുളള വില്ലിസിന്റെ മാരകമായ പേസ് ബൗളിങ്ങിനെ അക്കാലത്ത് ബാറ്റ്‌സ്മാന്മാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. 1971നും 84നും ഇടയില്‍ 90 ടെസ്റ്റുകളിലും 64 ഏകദിന മത്സരങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ചു. ടെസ്റ്റില്‍ 325 വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ലീഷ് വിക്കറ്റ് വേട്ടക്കാരില്‍ 4ാം സ്ഥാനത്താണ്.

പരിക്കിന്റെ പിടിയികപ്പെട്ട് കരിയര്‍ നഷ്ടമാകുമെന്ന ആശങ്കയുണ്ടായെങ്കിലും ശക്തമായി കളിക്കളത്തില്‍ തിരിച്ചെത്തുകയും ശേഷം പത്തുവര്‍ഷത്തോളം തുടരുകയും ചെയ്തു. ആഷസിലൂടെ അരങ്ങേറിയ വില്ലിസ് വിരമിച്ചതിനുശേഷം കമന്റേറ്ററായും പരിചിതനായിരുന്നു. ഇക്കഴിഞ്ഞ ആഷസിലും സ്‌കൈ സ്‌പോര്‍ട്‌സിനായി അദ്ദേഹം കമന്ററി ചെയ്തു. ഒട്ടേറെ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചിട്ടുണ്ട്.

രാജ്യത്തിനായി 1982 മുതല്‍ 84 വരെ ക്യാപ്റ്റനായി. 18 ടെസ്റ്റുകളിലും 29 ഏകദിനങ്ങളിലും ടീമിന്റെ ക്യാപ്റ്റനായി. 1984ലാണ് വിരമിക്കുന്നത്. 1981ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 43 റണ്‍സ് വഴങ്ങി 8 വിക്കറ്റ് പ്രകടനമാണ് ശ്രദ്ധേയം. ആ ആഷസ് പരമ്പരയിലാകെ വില്ലിസ് നേടിയത് 29 വിക്കറ്റുകളാണ്. പരമ്പര ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു. 1982ല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി കഴിഞ്ഞു. സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ടി20 മത്സരത്തില്‍ ലോക ഇലവനും ഏഷ്യ ഇലവനും ഏറ്റുമുട്ടും. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പുതുക്കിപ്പണിതാണിത്. 2020 മാര്‍ച്ചില്‍ ആയിരിക്കും സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം.

1,10,000 പേര്‍ക്കിരിക്കാവുന്നത് ആണ് പുതിയ സ്റ്റേഡിയം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യപ്രകാരം ആണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. മത്സരത്തിന് ഐസിസി അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

പണി പൂര്‍ത്തിയാകുന്നതോടെ വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതി മൊട്ടേറയ്ക്ക് സ്വന്തമാകും. എംസിജിയില്‍ 95,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണുള്ളത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മ്മിച്ച ഓസ്ട്രേലിയന്‍ കമ്പനി തന്നെയാണ് അഹമ്മദാബാദിനെ സ്റ്റേഡിയവും നിര്‍മ്മിക്കുന്നത്. 63 ഏക്കര്‍ സ്ഥലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിച്ച സ്റ്റേഡിയത്തില്‍ മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. 700 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ കരാര്‍ എല്‍.ആന്‍ഡ് ടി.ക്ക് ആണ്.

ശീതീകരിച്ച 75 കോര്‍പ്പറേറ്റ് ബോക്സുകള്‍, എല്ലാ സ്റ്റാന്‍ഡിലും ഭക്ഷണശാല, ക്രിക്കറ്റ് അക്കാദമി, ഇന്‍ഡോര്‍ പ്രാക്ടീസ് സൗകര്യങ്ങള്‍, ആധുനിക മീഡിയ ബോക്സ്, 3000 കാറിനും 10,000 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ്, 55 റൂമുകളുള്ള ക്ലബ് ഹൗസ്, റസ്റ്റോറന്റുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍, ഇന്‍ഡോര്‍ വേദികള്‍ തുടങ്ങിയവ സവിശേഷതയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍. ഉദ്ഘാടനം വലിയ ആഘോഷമാക്കാനാണ് ബിസിസിഐയുടേയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റേയും തീരുമാനം. ലോകത്തിലെ വമ്പന്‍ കളിക്കാരെല്ലാം ഉദ്ഘാടനത്തിനുണ്ടാകുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു. 66000 പേര്‍ക്ക് ഒരേസമയം കളി നേരിട്ട് കാണാവുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. മൊട്ടേരയിലെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതോടെ ഈദന്‍ ഗാര്‍ഡന്‍സിന്റെ റെക്കോര്‍ഡ് വഴിമാറും.

റോജര്‍ ഫെഡററുടെ ചിത്രം പതിച്ച നാണയങ്ങള്‍ പുറത്തിറക്കി സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍. 20 ഗ്രാന്‍സ്ലാം കിരീടങ്ങളെ പ്രതിനിധീകരിച്ച് 20 ഫ്രാങ്കിന്റെ വെള്ളിനാണയങ്ങളാണ് പുറത്തിറക്കുന്നത്. ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാള്‍ സ്വിസ് ഫ്രാങ്കിന്റെ മുഖമാകുന്നത് .

കളിയഴകിന്റെ സ്വിസ് പതിപ്പിന് ഇനി 20 ഫ്രാങ്ക് വെള്ളിനാണയത്തില്‍ അനശ്വരത്വം. ബാല്ലേ നര്‍ത്തകന്റെ മെയ്്വഴക്കത്തോടെ സെന്റര്‍ കോര്‍ട്ടില്‍ ആരാധകരെ വിസ്മയിപ്പിച്ച ബാക്ക് ഹാന്‍ഡ് ഷോട്ടുകളിലെ ഫെഡററെയാണ് നാണയത്തില്‍ കൊത്തിയെടുക്കുന്നത് . 20 ഫ്രാങ്ക് നായങ്ങള്‍ കൂടാതെ അന്‍പത് ഫ്രാങ്കിന്റെ സ്വര്‍ണനാണയങ്ങളും അടുത്ത മെയ്മാസത്തില്‍ വിപണിയിലെത്തും .

ഫെഡറര്‍ ആരാധകര്‍ക്ക് സ്വിസ് മിന്റ് വെബ്സൈ്റ്റിലൂടെ വെള്ളി നാണയങ്ങള്‍ മുന്‍കൂറായി ബുക്ക് ചെയ്യാം . ഒരു ലക്ഷത്തിനുടത്ത് നാണയങ്ങള്‍ ജനുവരിയില്‍ വിപണിയിലെത്തും . 1981ല്‍ സ്വിസ് തലസ്ഥാനമായ ബാസിലിലാണ് ഫെഡറര്‍ ജനിച്ചത് . അമ്മ ദക്ഷിണാഫ്രിക്കകാരിയായതിനാല്‍ ഇരട്ടപൗരത്വമുള്ള ഫെഡറര്‍ രാജ്യാന്തര തലത്തില്‍ സ്വിസ്റ്റര്‍ലന്‍ഡിനെ പ്രതിനിധീകരിക്കാന്‍ തീരുമാനിക്കുകയാരുന്നു.

രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും. റോബിന്‍ ഉത്തപ്പയെ മാറ്റിയാണ് സച്ചിനെ നായകനാക്കിയത്. വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റോബിന്‍ ഉത്തപ്പയായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ മികച്ച പ്രകടനം നടത്താനാവാഞ്ഞതാണ് ഉത്തപ്പയ്ക്കു വിനയായത്.

ജലജ് സക്‌സേനയാണ് പുതിയ വൈസ് ക്യാപ്റ്റന്‍. ഡിസംബര്‍ ഒമ്പതിനാണ് സീസണ്‍ ആരംഭിക്കുന്നത്. ദില്ലിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇന്ത്യന്‍ ടീമിന്റെ ഭാഗമായി നില്‍ക്കുന്നതിനാലും ഇന്ത്യന്‍ ടീമിന്റെ വെസ്റ്റിന്‍ഡീസിനെതിരായ മത്സരങ്ങള്‍ ഡിസംബറില്‍ ഉള്ളതിനാലും സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വിജയ് ഹസാരെ ട്രോഫിയിലും മുഷ്താഖ് അലി ട്രോഫിയിലും റോബിന്‍ ഉത്തപ്പയ്ക്കു തിളങ്ങാനായിരുന്നില്ല, 112 റണ്‍സായിരുന്നു വിജയ് ഹസാരെയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം. മുഷ്താഖ് അലിയിലാവട്ടെ എട്ട് മത്സരങ്ങളില്‍ നിന്നും 139 റണ്‍സാണ് എടുത്തത്.

യൂറോ കപ്പില്‍ ഇത്തവണ ടീമുകളെ ഗ്രൂപ്പുകളിലാക്കി തിരിച്ചപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലും ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സും കരുത്തരായ ജര്‍മ്മനിയും മരണഗ്രൂപ്പില്‍. ഇവരെ കൂടാതെ ഗ്രൂപ്പ് എയിലെ പ്ലേ ഓഫ് വിജയിയും നാലാമത്തെ ടീമായി ഗ്രൂപ്പില്‍ ചേരും. യൂറോയുടെ ചരിത്രത്തില്‍ തന്നെ തീപാറും പോരാട്ടമാകും ഈ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എഫില്‍ നടക്കുക. കഴിഞ്ഞ ദിവസം അര്‍ധരാത്രി നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പ് നിര്‍ണയിക്കപ്പെട്ടത്.

ഗ്രൂപ്പ് ഡിയാണ് മറ്റൊരു കടുപ്പമേറിയ ഗ്രൂപ്പ്. 2018 ലോകകപ്പ് സെമിയില്‍ ഏറ്റ് മുട്ടിയ ക്രോയേഷ്യ, ഇംഗ്ലണ്ട് എന്നിവര്‍ ഇത്തവണ ഒരേ ഗ്രൂപ്പിലാണ്. ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, പ്ലേ ഓഫ് വിന്നര്‍ സി എന്നിവരാണ് ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.ഗ്രൂപ്പ് എയില്‍ തുര്‍ക്കി, ഇറ്റലി, വെയ്ല്‍സ്, സ്വിറ്റ്സര്‍ലാന്റ് എന്നിവരാണ്. ഗ്രൂപ്പ് ബിയിലുള്ള ബെല്‍ജിയത്തിനും ഡെന്‍മാര്‍ക്കിനും താരതമ്യേന എളുപ്പമുള്ള എതിരാളികളാണ്. ഫിന്‍ലാന്റും റഷ്യയുമാണ് ഇവരുടെ എതിരാളികള്‍. ശക്തരായ ഉക്രെയ്നും ഹോളണ്ടും ഗ്രൂപ്പ് സിയിലാണ്. ആസ്ത്രേലിയ, പ്ലേ ഓഫ് വിന്നര്‍ ഡി എന്നിവരാണ് സിയിലെ മറ്റ് ടീമുകള്‍. കരുത്തരായ സ്പെയിനിനും ഇക്കുറി എളുപ്പമുള്ള കടമ്പകളാണ്. ഗ്രൂപ്പ് ഇയില്‍ സ്വീഡന്‍, പോളണ്ട്, പ്ലേ ഓഫ് വിന്നര്‍ ബി എന്നിവരാണ് സ്പെയിനിനൊപ്പം അണിനിരക്കുക.

ജൂണ്‍ 12ന് തുര്‍ക്കി-ഇറ്റലി പോരാട്ടത്തോടെയാണ് റോമില്‍ യൂറോയ്ക്ക് തുടക്കമാവുക. ചെക് റിപ്പബ്ലിക്കാണ് ഈ ഗ്രൂപ്പിലെ മറ്റൊരു ടിം. എന്നാല്‍ മറ്റ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട ടീമുകള്‍ക്ക് വലിയ വെല്ലുവിളികള്‍ ഇല്ല. ഇറ്റലിക്ക് തുര്‍ക്കിയും സ്വിറ്റ്‌സര്‍ലന്‍ഡും വെയില്‍സുമാണ് എതിരാളികള്‍. ബെല്‍ജിയം റഷ്യ,ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നീ ടീമികളെയാണ് എതിരിടുക. യോഗ്യത മത്സരങ്ങളിലെ പ്രകടനമാണ് പ്രധാനമായും ടീമുകളുടെ സീഡിങ്ങിന് പരിഗണിച്ചത്. അതുകൊണ്ട് തന്നെയാണ് കരുത്തരായ ടീമുകള്‍ ഒരേ ഗ്രൂപ്പില്‍ വന്നതും. യോഗ്യത മത്സരങ്ങള്‍ ഇനിയും അവസാനിക്കത്തതിനാല്‍ പ്ലേ ഓഫ് ജേതാക്കളെ തീരുമാനമായാലെ അന്തിമ പട്ടികയാകൂ.

ഗ്രൂപ്പ് എ:ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, വെയ്ല്‍സ്

ഗ്രൂപ്പ് ബി:ബെല്‍ജിയം, റഷ്യ, ഡെന്മാര്‍ക്, ഫിന്‍ലന്‍ഡ്

ഗ്രൂപ്പ് സി:യുക്രെയ്ന്‍, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, യോഗ്യത നേടുന്ന ടീം

ഗ്രൂപ്പ് ഡി:ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, യോഗ്യത നേടുന്ന ടീം

ഗ്രൂപ്പ് ഇ: സ്‌പെയിന്‍, പോളണ്ട്, സ്വീഡന്‍, യോഗ്യത നേടുന്ന ടീം

ഗ്രൂപ്പ് എഫ്: ജര്‍മനി, ഫ്രാന്‍സ്, പോര്‍ചുഗല്‍, യോഗ്യത നേടുന്ന ടീം

കർണാടക പ്രീമിയർ ലീഗ് (കെപിഎൽ) ക്രിക്കറ്റ് ഒത്തുകളി വിവാദത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ റോബിൻ ‍ഉത്തപ്പ, പേസ് ബോളർ വിനയ് കുമാർ എന്നിവർക്കു പൊലീസ് നോട്ടിസ്. ഒത്തുകളി കേസ് രാജ്യാന്തര താരങ്ങളിലേക്കു നീങ്ങുന്നുവെന്നു കഴിഞ്ഞ ദിവസം സൂചന നൽകിയ പൊലീസ് ഇതിനു പിന്നാലെയാണു രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോൾ സജീവമല്ലാത്ത റോബിൻ ഉത്തപ്പയ്ക്കും വിനയ്കുമാറിനും നോട്ടിസ് അയച്ചത്. കേരളത്തിന്റെ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് ഇപ്പോൾ.

വാതുവയ്പുകാർക്കായി ഫൈനൽ‍ ഉൾപ്പെടെയുള്ള മത്സര ഫലങ്ങൾ നേരത്തേ നിശ്ചയിക്കുകയും അതനുസരിച്ച് ബാറ്റിങ് മെല്ലെയാക്കുകയും ചെയ്തെന്ന കേസിൽ കർണാടക രഞ്ജി താരങ്ങളായ സി.എം.ഗൗതം, അബ്രാർ ഖാസി, ബെളഗാവി പാന്തേഴ്സ് ടീം ഉടമ അലി അസ്ഫക് താര, ബെംഗളൂരു ബ്ലാസ്റ്റേഴ്സ് താരങ്ങളായ എം.വിശ്വനാഥൻ, നിഷാന്ത് സിങ് ഷെഖാവത്, ബോളിങ് കോച്ച് വിനു പ്രസാദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

കോച്ചിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച കഥ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ വന്ന കുറിപ്പ് ഏറെ ഹൃദ്യമാണ്.

സുനിൽ ഛേത്രിയുടെ വാക്കുകള്‍ ഇങ്ങനെ: അവളുടെ അച്ഛൻ എന്റെ കോച്ചായിരുന്നു. ഛേത്രി എന്നയാളെക്കുറിച്ച് അദ്ദേഹം ഇടയ്ക്കിടെ തന്റെ മകളോട് പറയാറുണ്ടായിരുന്നു. എനിക്ക് പതിനെട്ടും അവൾക്ക് പതിനഞ്ചും വയസ്സ് പ്രായം. അവൾക്ക് എന്നോട് വലിയ കൗതുകം തോന്നിയിരുന്നു. അങ്ങനെ അവൾ അവളുടെ അച്ഛന്റെ ഫോണിൽ നിന്നും എന്റെ നമ്പർ കണ്ടെത്തി എനിക്ക് ടെക്സ്റ്റ് മെസേജ് ചെയ്തു. ‘ഹായ് ഞാൻ സോനം, നിങ്ങളുടെ വലിയ ആരാധികയാണ്. എനിക്ക് നിങ്ങളെ നേരിൽ കാണണമെന്നുണ്ട്’. ആരാണ് അവളെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.

പക്ഷേ അവളുടെ മെസേജുകൾ എന്നെ അവളിലേക്ക് ആകർഷിച്ചു. അതുകൊണ്ട് അവളെ കാണാൻ ഞാൻ തീരുമാനിച്ചു. നേരിൽ കണ്ടപ്പോഴാണ് അവൾ ഒരു ചെറിയ കുട്ടിയാണെന്ന് മനസ്സിലായത്. നീ ചെറിയ കുട്ടിയാണ്, പോയി വല്ലതും പഠിക്കാൻ നോക്ക് എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് പോന്നു. പക്ഷേ വീണ്ടും ഞങ്ങൾ മെസേജുകൾ അയക്കുന്നത് തുടർന്നു.

അങ്ങനെ രണ്ടുമാസം പോയി. ഒരു ദിവസം എന്റെ കോച്ച് അദ്ദേഹത്തിന്റെ ഫോണ്‍ എന്തോ തകരാര്‍ വന്നെന്നു പറഞ്ഞ് എന്റെ കൈയിൽ തന്നു. ഞാനത് നന്നാക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് കോച്ചിന്റെ മകളുടെ കോൾ അതിലേക്ക് വന്നു. ആ നമ്പർ എനിക്ക് പരിചിതമായിത്തോന്നി. പെട്ടെന്നാണ് അത് സോനത്തിന്റെ നമ്പരാണെന്ന് എനിക്ക് മനസ്സിലായത്. ഞാനാകെ പരിഭ്രാന്തനായി. ഞാനുടനെ അവളെ വിളിച്ചു. കോച്ച് ഇക്കാര്യമെങ്ങാനും അറിഞ്ഞാൽ എന്റെ കരിയർ അവസാനിക്കുമെന്ന് ഞാനവളോട് പറഞ്ഞു. എല്ലാ ബന്ധവും ഇതോടെ അവസാനിപ്പിക്കണമെന്ന് ഞാനാവശ്യപ്പെട്ടു. സത്യം മറച്ചു വെച്ചതിന് അവളെന്നോട് മാപ്പ് പറഞ്ഞു.
രണ്ടുമാസം കൂടി കടന്നുപോയി. പക്ഷെ, അവളെന്റെ മനസ്സിൽ നിന്ന് പോയില്ല.

അവളെന്റെ കൂടെയുള്ളത് ഞാൻ വല്ലാതെ ആസ്വദിച്ചിരുന്നു. ഞാൻ അവൾക്ക് ടെക്സ്റ്റ് ചെയ്തു. ഞങ്ങൾ വീണ്ടും മെസ്സേജുകളയയ്ക്കാൻ തുടങ്ങി. ഞങ്ങൾ കൂടുതൽ ജാഗ്രത പാലിക്കാൻ തുടങ്ങി. എനിക്ക് ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. ഇക്കാരണത്താൽ തന്നെ വർഷത്തിൽ രണ്ടോ മൂന്നോ തവണയാണ് ഞങ്ങൾക്ക് പരസ്പരം കാണാൻ കഴിയുക. ഞാൻ സിനിമയ്ക്ക് രണ്ട് ടിക്കറ്റെടുത്ത് കയറും. വാതിൽക്കൽ അവളുടെ പേരിലുള്ള ടിക്കറ്റ് കൊടുത്തുവെക്കും. ഞാൻ കയറിക്കഴിഞ്ഞാൽ അവളും എത്തിച്ചേരും.

വർഷങ്ങൾ കടന്നുപോയി. ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളർന്നുവന്നു. എപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കാന്‍ അവളുണ്ടായി. ഞാനെന്റെ കരിയറിൽ വിജയം നേടി.
പ്രായവും പക്വതയുമൊക്കെ ആയെന്നു തോന്നിയപ്പോൾ ഞങ്ങൾ വിവാഹിതരാകാൻ ആഗ്രഹിച്ചു. അവളുടെ അച്ഛനോട് സംസാരിക്കാൻ സമയമായെന്ന് എനിക്ക് തോന്നി. വിറയലോടെ ഞാനവളുടെ വീട്ടിലേക്ക് കേറിച്ചെന്നു.

അവളുടെ അച്ഛൻ സൂര്യനു കീഴിലുള്ള എല്ലാറ്റിനെയും കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞാൻ ധൈര്യം സംഭരിച്ച് ഇങ്ങനെ പറഞ്ഞു: “സർ, ഞാൻ എനിക്ക് അങ്ങയുടെ മകളോട് ഇഷ്ടമുണ്ട്. അവൾക്കും എന്നോട് ഇഷ്ടമുണ്ടെന്നാണ് എന്റെ വിശ്വാസം.” അദ്ദേഹം ഇത്രമാത്രം പറഞ്ഞു: “ഓ, ശരി.” ശേഷം അദ്ദേഹം ബാത്ത്റൂമിലേക്ക് പോയി. ഒടുവില്‍ അദ്ദേഹം പുറത്തുവന്നു. സമ്മതം പറഞ്ഞു. ഞങ്ങൾ 13 വർഷം പ്രണയിച്ചു. രണ്ടുവർഷം മുമ്പ് വിവാഹിതരായി. ഇപ്പോഴും അവൾ സ്വയം വിശേഷിപ്പിക്കുന്നത് എന്റെ ഏറ്റവും വലിയ ആരാധികയെന്നാണ്.

Copyright © . All rights reserved