Sports

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. കളിച്ച അഞ്ച് ടെസ്റ്റിലും അഞ്ചും അനായാസം വിജയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായുള്ള പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മൂന്നിലും ജയം സ്വന്തമാക്കി ഇന്ത്യ. ഈ തുടര്‍ജയങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത് ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 240 പോയിന്റാണ്. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന് 60 പോയിന്റ് മാത്രമാണ് ഉള്ളത്. മറ്റ് എട്ട് രാജ്യങ്ങളുടെ പോയിന്റുകള്‍ കൂട്ടിയാലും ഇന്ത്യയുടെ പോയിന്റിന്റെ അടുത്തെത്തില്ല. മറ്റ് ടീമുകളുടെ മൊത്തം പോയിന്റ് കൂട്ടിയാലും 232 പോയിന്റേ ആവുകയുള്ളൂ. ഇന്ത്യയ്ക്ക് അപ്പോഴും എട്ട് പോയിന്റിന്റെ ലീഡുണ്ട്.

രണ്ടാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന് രണ്ട് ടെസ്റ്റില്‍ നിന്നാണ് 60 പോയിന്റ് ലഭിച്ചത്. ഒരു മത്സരം അവര്‍ വിജയിച്ചപ്പോള്‍ ഒന്നില്‍ തോറ്റു. രണ്ട് ടെസ്റ്റ് കളിച്ച ശ്രീലങ്കയ്ക്കും 60 പോയിന്റാണുള്ളത്. അവരും ഒന്നില്‍ ജയിക്കുകയും ഒന്നില്‍ തോല്‍ക്കുകയും ചെയ്തു. അഞ്ച് ടെസ്റ്റ് കളിച്ച ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും 56 പോയിന്റ് വീതമാണുള്ളത്. ഇരു ടീമുകളും ആഷസ് പരമ്പരയില്‍ രണ്ടെണ്ണം ജയിക്കുകയും രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. ഒരെണ്ണം സമനിലയിലായി. രണ്ട് ടെസ്റ്റ് കളിച്ച വെസ്റ്റിന്‍ഡീസിനും മൂന്ന് ടെസ്റ്റ് കളിച്ച ദക്ഷിണാഫ്രിക്കയ്ക്കും പോയിന്റൊന്നും നേടാനായിട്ടില്ല. ബംഗ്ലാദേശും പാകിസ്താനും ഈ കാലയളവില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങിയിട്ടുമില്ല.

താൻ കാരണമാണ് 2013ൽ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതെന്ന മലയാളി താരം ശ്രീശാന്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി തമിഴ്നാട് താരം ദിനേഷ് കാർത്തിക്. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നത് പോലും ബാലിശമാണെന്നായിരുന്നു കാർത്തിക്കിന്റെ പ്രതികരണം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാർത്തിക് പ്രതികരിച്ചത്.

‘ശ്രീശാന്ത് എനിക്കെതിരെ നടത്തിയ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിൽനിന്ന് അദ്ദേഹം പുറത്താകാൻ കാരണം ഞാനാണെന്നാണ് ആരോപണം. ഇത്തരം ആരോപണങ്ങളോടു പ്രതികരിക്കുന്നതുപോലും ബാലിശമാണ്’ – കാർത്തിക് പറഞ്ഞു.

ശ്രീശാന്തിന്റെ ആരോപണം

2013ലെ സുബ്ബയ്യ പിള്ള ട്രോഫിക്കിടെ ഞാനും കാർത്തിക്കും തമ്മിൽ ഇടഞ്ഞിരുന്നു. ഇതിനു പിന്നാലെ എനിക്കെതിരെ കാർത്തിക് പരാതി നൽകി. ആ വർഷത്തെ ചാംപ്യൻസ് ട്രോഫി ടീം പ്രഖ്യാപിച്ചപ്പോൾ എനിക്ക് ഇടവും ലഭിച്ചില്ല. ഞാൻ എൻ.ശ്രീനിവാസനെ (ചെന്നൈ സൂപ്പർ കിങ്സ് ഉടമ) അപമാനിച്ചെന്നായിരുന്നു കാർത്തിക്കിന്റെ പരാതി. സത്യത്തിൽ ശ്രീ ശ്രീ രവിശങ്കറിന്റെ ചില വിദ്യകൾ കാർത്തിക് പരീക്ഷിക്കുകയായിരുന്നു. അന്നത്തെ മൽസരത്തിൽ ഓരോ പന്തു നേരിടും മുൻപും കാർത്തിക് ശ്വാസോച്ഛ്വാസത്തിനും മറ്റുമായി ഏറെ സമയം ചെലവഴിച്ചിരുന്നു. ഇത് പലതവണ ആവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു; ‘മച്ചാൻ, നിങ്ങൾ തമിഴ്നാട്ടിലായത് ഭാഗ്യം’. അപ്പോൾ ‘ശ്…’ എന്ന് കാർത്തിക് നിശബ്ദനാകാൻ എന്നോട് ആവശ്യപ്പെട്ടു. ‘എന്ത്, പന്തു നേരിടാൻ തയാറാകൂ’ എന്നായിരുന്നു എന്റെ മറുപടി.

അടുത്ത പന്തിനുശേഷവും കാർത്തിക് ഇതുതന്നെ ആവർത്തിച്ചു. ഓരോ പന്തിനുശേഷവും ഇത്രയേറെ സമയം വെറുതെ കളഞ്ഞിട്ടും അംപയർമാർ ഇടപെട്ടില്ല. ഇതോടെ ഞാൻ വീണ്ടും പറഞ്ഞു; ‘നിങ്ങളെ ശ്രീനിവാസൻ സാർ പിന്തുണയ്ക്കുന്നുണ്ടാകാം. അതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത്’. സത്യത്തിൽ സച്ചിൻ ബേബി (അന്നത്തെ കേരളാ ക്യാപ്റ്റൻ) കുറഞ്ഞ ഓവർ നിരക്കിനു ശിക്ഷിക്കപ്പെടാൻ പോലും കാർത്തിക്കിന്റെ പെരുമാറ്റം കാരണമാകുമായിരുന്നു. അന്ന് ഞാൻ ഒടുവിൽ ലെഗ്‌–സ്പിൻ എറിഞ്ഞാണ് കാർത്തിക്കിനെ പുറത്താക്കിയത്. പുറത്തായി മടങ്ങുമ്പോൾ അടുത്തുടെന്ന് ഞാൻ പറഞ്ഞു; ‘ശ്വാസമെടുത്ത് ശ്വാസമെടുത്ത് തിരിച്ചുപോകൂ’. ആ മൽസരം ഞങ്ങൾ ജയിക്കുകയും ചെയ്തു.

സത്യത്തിൽ എന്തിനാണ് ഞാൻ ശ്രീനിവാസൻ സാറിനെ അപമാനിക്കുന്നത്. ഗുരുവായൂരപ്പന്റെ ഭക്തരെന്ന നിലയിൽ ഞങ്ങൾ തമ്മിൽ വർഷങ്ങളായി അടുത്ത ബന്ധമുണ്ട്. 2009ൽ ഞാൻ കളത്തിലേക്കു തിരിച്ചുവരുന്ന അവസരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് കൗണ്ടിയിൽ കളിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അന്ന് എന്നെ കൗണ്ടി കളിക്കാൻ അനുവദിച്ച വ്യക്തിയാണ് അദ്ദേഹം. എന്തിന് അദ്ദേഹത്തെ ഞാൻ ചീത്ത വിളിക്കണം?

അന്നു വൈകിട്ടാണ് ചാംപ്യൻസ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. എനിക്ക് ടീമിൽ ഇടം കിട്ടിയില്ല. അതിന്റെ ഒരേയൊരു കാരണം കാർത്തിക്ക് എനിക്കെതിരെ നൽകിയ പരാതിയായിരുന്നു. കാർത്തിക്, ഈ വാർത്ത നിങ്ങൾ വായിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം ഓർമിക്കുക. എന്നോടും എന്റെ കുടുംബത്തോടും നിങ്ങൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. അടുത്ത വർഷവും കേരളം തമിഴ്നാടിനെതിരെ കളിക്കും. അന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണുക. ദൈവം അനുഗ്രഹിക്കട്ടെ.

ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20 പരമ്പരയിൽ സഞ്ജു ഇടംപിടിയ്ക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. സഞ്ജുവിനെ കൂടാതെ മുംബൈ ഓൾ റൗണ്ടർ ശിവം ദൂബൈയും ഇന്ത്യൻ ടീമിൽ ഇടംപിടിയ്ക്കും.

മൂന്ന് ടി20 മത്സരങ്ങളാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കുക. 2015 ൽ സിംബാബ്വെയ്ക്കെതിരെ ഒരു ടി20 മത്സരത്തിൽ ഇതിനുമുമ്പ് ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. വിജയ് ഹസാര ട്രോഫിയിൽ സ്വന്തമാക്കിയ തകർപ്പൻ ഡബിൾ സെഞ്ച്വറിയാണ് സഞ്ജുവിന് തുണയാകുന്നത്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറടക്കമുള്ളവർ പലതവണ സഞ്ജുവിനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നുകഴിഞ്ഞു.

ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതാണ് ഡുബെയ്ക്ക് ടീമിലേക്കെത്താൻ അവസരം ആയത്. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് ഹാർദ്ദിക്ക്. നവംബർ മൂന്നിന് ഡൽഹിയിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. നവംബർ ഏഴാം തീയതി രാജ്കോട്ടിൽ രണ്ടാം ടി20 യും, നവംബർ പത്തിന് നാഗ്പൂരിൽ മൂന്നാം ടി20 മത്സരവും നടക്കും.

കാറ്റലോണിയന്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് എല്‍ ക്ലാസികോ പോരാട്ടം മാറ്റിവെച്ചു. ഒക്‌ടോബര്‍ 26ന് നടക്കേണ്ട മല്‍സരമാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് മാറ്റിയത്. ലാ ലിഗയിലെ ചിരവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും പരസ്പരം കൊമ്പ് കോര്‍ക്കുന്ന മത്സരം കാണാനുള്ള ഫുട്ബോള്‍ പ്രേമികളെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

നിലവില്‍ എല്‍ ക്ലാസിക്കോയുടെ വേദിയായി ബാഴ്സലോണയാണുള്ളത്. എന്നാല്‍ ഇവിടെ കാറ്റലോണിയന്‍സിന്റെ സ്വാതന്ത്ര്യ പ്രക്ഷോഭം ഓരോ ദിവസവും ശക്തിപ്പെടുകയാണ്. 2017-ല്‍ കാറ്റലോണിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ മുന്‍കൈയെടുത്ത ഒമ്പത് കാറ്റാലന്‍ രാഷ്ട്രീയ സാമൂഹിക നേതാക്കളെ ജയിലിലടച്ചതിനെത്തുടര്‍ന്നാണ് മേഖലയില്‍ പ്രക്ഷോഭം രൂക്ഷമായത്. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തവരെ ജയിലില്‍ അടക്കാന്‍ വിധിവന്നതോടെ പ്രക്ഷോഭം കൂടുതല്‍ കടുക്കുകയായിരുന്നു.

കഴിഞ്ഞ നാല് ദിവസമായി ബാഴ്സലോണയിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുകളില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും ഏറ്റുമുട്ടുകയാണ്. ഈ മാസം 26-ന് പ്രതിഷേധക്കാര്‍ ബാഴ്‌സലോണ നഗരത്തില്‍ ഒരു റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. എല്‍ ക്ലാസിക്കോ നടക്കേണ്ടതും ഈ ദിവസം തന്നെ ആയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ മത്സരം മാറ്റിവെയ്ക്കാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. മത്സരം ഡിസംബര്‍ 16 ന് നടത്തുന്നതിന് എന്ന തീയതി തീരുമാനിച്ചെങ്കിലും ലാ ലിഗ അധികൃതര്‍ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്.

അതേസമയം എല്‍ ക്ലാസിക്കോ മാറ്റിവെയ്ക്കാന്‍ സാധിക്കില്ലെന്നാണ് ബാഴ്സലോണ പരിശീലകന്‍ ഏര്‍ണസ്റ്റോ വാല്‍വെര്‍ദെ പ്രതികരിച്ചത്. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടില്‍ നിന്ന് മത്സരം റയലിന്റെ മൈതാനത്ത് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ഫിക്സ്ചര്‍ മാറ്റുന്നത് ക്ലബിനെയും ആരാധകരെയും പരിഹസിക്കലാകുമെന്നാണ് വാല്‍വെര്‍ദെ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ ചരിത്രത്തിന്റെ കാവ്യനീതി എന്നെല്ലാമുളള വിശേഷണങ്ങൾ അറം പറ്റുകയാണ്. ബംഗാൾ കടുവ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിൽ സർവ്വാധികാരത്തോടെ സിംഹാസനത്തിൽ ഉപവിഷ്ടനാകാനിരിക്കെ നെഞ്ചിടിപ്പ് ഉയരുന്നവരിൽ ഇന്ത്യൻ പരിശീലകൻ മുതൽ സൂപ്പർ താരങ്ങൾ വരെയുണ്ട്.

മുൻകാലത്ത് തന്നോട് ചെയ്ത അപരാധങ്ങൾക്ക് ഇവരോടെല്ലാം ഗാംഗുലി പകവീട്ടുമോയെന്നാണ് ഇനി അറിയാനുളളത്. 2008 ൽ ഗാംഗുലിയെ ഇന്ത്യൻ ടീമിൽ നിന്നും ഇറക്കി വിടുമ്പോൾ അതിന് മുഖ്യ സൂത്രധാരനായി ചരടു വലിച്ചത് അന്നത്തെ നായകൻ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു.

2005 മുതൽ കരിയറിലെ കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നു പോയ ഗാംഗുലി ഒടുവിൽ നിരാശനായി തല താഴ്ത്തിയായിരുന്നു ഇന്ത്യൻ ടീം വിട്ടത്. ഗ്രെഗ് ചാപ്പലുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടെ 2005 ലാണ് ഗാംഗുലിയെ നായക സ്ഥാനത്ത് നിന്നും മാറ്റുന്നത്. 2006 ൽ ഗാംഗുലിയെ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ ആ വർഷം ഡിസംബറിൽ ഗാംഗുലി ഗംഭീര തിരിച്ചുവരവ് നടത്തി.

2007 ൽ താൻ കളിച്ച 19 ഇന്നിംഗ്‌സിൽ നിന്ന് ഇരട്ട ശതകം ഉൾപ്പെടെ 1106 റൺസാണ് ഗാംഗുലി അടിച്ചെടുത്തത്. ബാറ്റിംഗ് ശരാശരി 61.44. എന്നാൽ 2008ൽ വീണ്ടും ഫോം മങ്ങി. ട്വന്റി20 ലോക കിരീടം ധോണിയിലൂടെ ഇന്ത്യ സ്വന്തമാക്കുക കൂടി ചെയ്തതോടെ ധോണി ഇന്ത്യൻ ക്രിക്കറ്റിലെ സർവ്വാധിപതിയായി. പ്രായക്കൂടുതലുള്ള മുതിർന്ന താരങ്ങളിൽ ഫീൽഡിൽ റൺസ് നഷ്ടപ്പെടുത്തുന്നതിലെല്ലാം ആശങ്ക അറിയിച്ച് ധോണിയുടെ റിപ്പോർട്ട് കൂടി ബിസിസിഐയുടെ കൈകളിലേക്ക് എത്തിയതോടെ വിരമിക്കൽ സമ്മർദ്ദം ഗാംഗുലിയിൽ നിറഞ്ഞു. ഒടുവിൽ ദാദ ക്രിക്കറ്റ് മതിയാക്കി.

അതെസമയം 11 വർഷത്തിന് ഇപ്പുറം ധോണിയുടെ വിരമിക്കൽ ക്രിക്കറ്റ് ലോകത്തിന്റെ മുമ്പിൽ നിൽക്കുമ്പോൾ അന്ന് ഗാംഗുലിക്ക് നേരെ ധോണി ചൂണ്ടിയ ഘടകങ്ങൾ തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. അന്ന് ലോക കപ്പ് മുമ്പിൽ കണ്ട് ഒരുങ്ങാനാണ് മുതിർന്ന താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കാൻ ധോണി വാദിച്ചത്. ഇന്നും സമാനമാണ് കാര്യങ്ങൾ.

എന്നാൽ ഗാംഗുലി ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കും എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ധോണിയുടെ വിരമിക്കൽ കാര്യത്തിൽ ഒക്ടോബർ 24ന് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും എന്നാണ് ഗാംഗുലി പറയുന്നത്. പന്ത് ഇപ്പോൾ ഗാംഗുലിയുടെ കോർട്ടിലാണ്. ഗാംഗുലിയാണ് തീരുമാനിക്കേണ്ടത് ധോണി വിരമിക്കണോ അതോ തുടരണമോയന്ന്.

ബോക്സിങ് റിങ്ങിലെ മരണക്കളി തുടരുന്നു. പ്രഫഷനൽ ബോക്സിങ് മത്സരത്തിനിടെ തലയ്ക്കു ഗുരുതര പരുക്കേറ്റ അമേരിക്കൻ ബോക്സർ പാട്രിക് ഡേ (27) ഇന്നലെ മരണത്തിനു കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര ആഘാതത്തെത്തുടർന്നാണ് ഡേയുടെ വിടവാങ്ങൽ. കഴിഞ്ഞ ശനിയാഴ്ച ഷിക്കാഗോയിലെ വിൻട്രസ്റ്റ് അരീനയിൽ നടന്ന മത്സരത്തിനിടെയാണ് ഡേയ്ക്കു പരുക്കേറ്റത്.

പത്താം റൗണ്ടിൽ എതിരാളിയും അമേരിക്കൻ ഒളിംപ്യനുമായ ചാൾസ് കോൺവലിന്റെ ഇടിയേറ്റു വീണ ഡേയെ ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ അബോധാവസ്ഥയിൽ തന്നെയായിരുന്നു ഡേയുടെ മരണം.അമച്വർ ബോക്സിങ്ങിൽ രണ്ടു ദേശീയ കിരീടങ്ങൾ സ്വന്തമാക്കിയ ഡേ 2013ലാണ് പ്രഫഷനൽ ബോക്സിങ്ങിലേക്കു മാറിയത്.

സൂപ്പർ വെൽട്ടർവെയ്റ്റ് വിഭാഗത്തിൽ ലോക നിലവാരമുള്ള ബോക്സറായി പരിഗണിക്കപ്പെട്ടിരുന്ന ഡേ കോണ്ടിനെന്റൽ അമേരിക്കാസ് ചാംപ്യൻഷിപ്പും ഇന്റർ കോണ്ടിനെന്റൽ ചാംപ്യൻഷിപ്പും ജയിച്ചിട്ടുണ്ട്. ലോക ബോക്സിങ് കൗൺസിലിന്റെയും രാജ്യാന്തര ബോക്സിങ് ഫെഡറേഷന്റെയും മികച്ച 10 താരങ്ങളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു. പ്രഫഷനൽ കരിയറിലെ 22 മത്സരങ്ങളിൽ 17 ജയം, 4 സമനില, 1 തോൽവി എന്നിങ്ങനെയാണ് ഡേയുടെ റെക്കോർഡ്.

നാലു മാസം, മൂന്നു മരണം

നാലു മാസത്തിനിടെ മരണമടയുന്ന മൂന്നാമത്തെ താരമാണ് ഡേ. ജൂലൈ 19ന് യുഎസിലെ മത്സരത്തിനിടെ തലയ്ക്കു പരുക്കേറ്റ റഷ്യൻ ബോക്സർ മാക്സിം ദാദഷേവ് (28) മരണടഞ്ഞിരുന്നു.ഒരാഴ്ച പിന്നിടും മുൻപേ അർജന്റീന ബോക്സർ ഹ്യൂഗോ സാന്റിലനും (23) സമാനമായ രീതിയിൽ മരണടഞ്ഞു.

ബിസിസിഐ പ്രസിഡന്റായി ഇന്ത്യയുടെ മുന്‍ നായകന്‍ സാക്ഷാല്‍ സൗരവ് ഗാംഗുലി എത്തുന്നതോടെ അങ്കലാപ്പിലാകുന്നവരില്‍ പ്രധാനമായൊരാള്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയായിരിക്കും. 2016 കാലഘട്ടത്തില്‍ ഗാംഗുലിയുടെ നേതൃത്വത്തില്‍ കുംബ്ലെയെ പരിശീലകനാക്കി നിശ്ചയിച്ചപ്പോള്‍ അന്ന് പരിഗണിക്കാതിരുന്നതിന് രവി ശാസ്ത്രി, ഗാംഗുലിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പുതിയ സ്ഥാനലബ്ധിയോടെ ശാസ്ത്രിയ്ക്ക് മുകളിലായ ഗാംഗുലി അന്നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പക വീട്ടുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

അന്ന് ഡങ്കന്‍ ഫ്ളെച്ചറിന് ശേഷം പുതിയ പരിശീലകനെ അന്വേഷിക്കുകയായിരുന്നു ഇന്ത്യ. ടീം ഡയറക്ടറായി മികവ് കാട്ടിയ ശാസ്ത്രി മുഖ്യ പരിശീലകനാവുമെന്ന് ഏവരും കരുതി. പക്ഷെ ഗാംഗുലിയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ഉപദേശക സമിതി അനില്‍ കുംബ്ലൈയെ തിരഞ്ഞെടുത്തു. ഇതാണ് ശാസ്ത്രിയെ ചൊടിപ്പിച്ചത്.

ഗാംഗുലി, ലക്ഷ്മണ്‍, സച്ചിന്‍, സഞ്ജയ് ജഗ്ദാലെ എന്നിവര്‍ ചേര്‍ന്ന് അവസാനവട്ട അഭിമുഖം നടത്തിയതിന് ശേഷമായിരുന്നു തീരുമാനം. കുംബ്ലൈയ്ക്കായി ഗാംഗുലി വാദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഈ വേളയില്‍ പുറത്തു വന്നതോടെ ശാസ്ത്രി പൊട്ടിത്തെറിച്ചു. തന്റെ പ്രസന്റേഷന്‍ സമയത്ത് ഗാംഗുലിയുണ്ടായിരുന്നില്ലെന്ന് ആരോപിച്ച ശാസ്ത്രി, ബിസിസിഐയുടെ ചട്ടങ്ങളെ ഇദ്ദേഹം കാറ്റില്‍ പറത്തുകയാണെന്ന് പരാതിപ്പെട്ടു. പിന്നാലെ ശാസ്ത്രിക്ക് മറുപടിയുമായി ഗാംഗുലിയുമെത്തി.

ഒപ്പം മുഖ്യ പരിശീലകനാവാന്‍ കഴിയാത്തതിന് കാരണം താനാണെന്ന രവി ശാസ്ത്രിയുടെ ആരോപണത്തെയും ഗാംഗുലി കണക്കിന് പരിഹസിച്ചു. കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുമ്പേ ബിസിസിഐ ഇടപെട്ടു രണ്ടു പേരെയും നിശ്ശബ്ദരാക്കി. എന്തായാലും ആഗ്രഹിച്ചതു പോലെ തൊട്ടടുത്ത വര്‍ഷം, 2017 -ല്‍ രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകനായി. വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് അനില്‍ കുംബ്ലൈ മുമ്പേ സ്ഥാനം ഒഴിയുകയായിരുന്നു.

നിലവില്‍ 2021 ട്വന്റി-20 ലോക കപ്പു വരെ രവി ശാസ്ത്രിയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് ശാസ്ത്രി ടീമിന്റെ പരിശീലകനാകുന്നത്. എന്നാല്‍ ഗാംഗുലി വിചാരിച്ചാല്‍ ശാസ്ത്രിയെ അനായാസം ഇനി പുറത്താക്കാനാകും. പഴയ സംഭവവികാസങ്ങള്‍ ഗാംഗുലിയെ അത്തരത്തില്‍ കടുത്ത നടപടിയ്ക്ക് പ്രേരിപ്പിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.

പ്രതീക്ഷകളുടെ അമിത ഭാരം ഇന്ത്യയെ അലസരാക്കി. ഫിഫ റാങ്കിങ്ങിൽ 187–ാം സ്ഥാനക്കാരായ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു നാണംകെട്ട സമനില. സന്ദർശകരുടെ ടീമിൽ കൊള്ളാവുന്ന ഒരു സ്ട്രൈക്കർ ഇല്ലാതിരുന്നതു കൊണ്ടാണ്, 103–ാം സ്ഥാനക്കാരായ ഇന്ത്യ തോൽവിയിൽനിന്നു രക്ഷപ്പെട്ടത്! 42–ാം മിനിറ്റിൽ നേടിയ ഗോളോടെ ബംഗ്ലദേശ് വിങ്ങർ നിശ്ശബ്ദമാക്കിയ സോൾട്ട് ലേക്ക് സ്റ്റേഡിയത്തെ ഇന്ത്യൻ പ്രതിരോധനിരതാരം ആദിൽ ഖാൻ ഒടുവിൽ ജീവൻവെപ്പിച്ചു. മത്സരം അവസാനിക്കാൻ 3 മിനിറ്റ് ശേഷിക്കെ ആദിൽ നേടിയ ഗോളിൽ ഇന്ത്യയ്ക്കു സമനില.

മികച്ച ഗോൾവ്യത്യാസത്തിൽ ജയിക്കാമെന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ ഇന്ത്യ ബംഗ്ലദേശിന്റെ കടുകട്ടി പ്രതിരോധത്തിനു മുന്നിൽ പകച്ചുപോയി. മത്സരത്തിന്റെ ആദ്യാവസാനം മുൻതൂക്കം നിലനിർത്താനായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും ഇന്ത്യയ്ക്കു തിരിച്ചടിയായി.

ഇതിനിടെ ലീഡ് ഉയർത്താനുള്ള പല സുവർണാവസരങ്ങൾ ബംഗ്ലദേശും പാഴാക്കി. അടുത്ത മാസം 14ന് അഫ്ഗാനിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.2 പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് ഇയിൽ 4–ാം സ്ഥാനത്തു തുടരുന്നു. ഖത്തർ (7 പോയിന്റ്), ഒമാൻ (6) എന്നിവർ മുന്നിട്ടുനിൽക്കുന്ന ഗ്രൂപ്പിൽ ബംഗ്ലദേശാണ് (1) അവസാന സ്ഥാനത്ത്. ആദ്യ 3 കളിയിൽനിന്ന് 2 പോയിന്റ് മാത്രമുള്ള ഇന്ത്യയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.

ഇന്ത്യൻ നിരയിൽ മലയാളികളായ അനസ് എടത്തൊടിക, ആഷിക് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവർ പ്ലേയിങ് ഇലവനിൽ ഇറങ്ങി.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എതിരില്ലാതെ ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശപത്രികസമര്‍പ്പണത്തിനുള്ള സമയപരിധി കഴിഞ്ഞു. പ്രഥമ പരിഗണ ആഭ്യന്തര ക്രിക്കറ്റിനെന്ന് ഗാംഗുലി പറഞ്ഞു. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുമെന്നും ഗാംഗുലി വ്യക്തമാക്കി.

കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ജോയിന്റ് സെക്രട്ടറിയാകും. എസ്.കെ.നായര്‍ക്കും ടി.സി.മാത്യുവിനും ശേഷം ബിസിസിഐ ഭരവാഹി പദവിയിലെത്തുന്ന മലയാളിയാണ് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. ഗാംഗുലി അധ്യക്ഷനായ സമിതിയില്‍ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തിേലക്ക് കൂടുതല്‍ മല്‍സരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഗാംഗുലി ബിസിസിഐ തലപ്പത്തെത്തുന്നത്. അധ്യക്ഷസ്ഥാനത്തേക്ക് അനുരാഗ് താക്കൂര്‍ വിഭാഗം ഗാംഗുലിയേയും നിലവിലെ ബിസിസിഐ നടപടികളില്‍ അസംതൃപ്തരായ എന്‍.ശ്രീനിവാസന്‍ വിഭാഗം ബ്രിജേഷ് പട്ടേലിനേയും പിന്തുണച്ചതോടെ മല്‍സരം കടുത്തു. എന്നാല്‍ ബിസിസിഐ അംഗങ്ങളുെട സമയവായ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രിജേഷ് പട്ടേലിന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി അനുനയിപ്പിച്ചതോടെ ഗാംഗുലിക്ക് നറുക്കുവീണു.

ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ആദ്യലക്ഷ്യമെന്ന് ഗാംഗുലി പറഞ്ഞു. ബിസിസിഐയുെട പ്രതിഛായ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.അമിത് ഷായുടെ മകന്‍ ജയ് ഷായാ സെക്രട്ടറിയും അനുരാഗ് താക്കൂറിന്റെ സഹോദഹരന്‍ അരുണ്‍ സിങ് താക്കൂര്‍ ട്രഷററുമാകും.

ഇന്ത്യൻ ടീമിലേക്കു പരിഗണിക്കപ്പെടാൻ ഇനി എന്താണു തെളിയിക്കേണ്ടത്? വിജയ് ഹസാരെ ടൂർണമെന്റിൽ കണ്ണഞ്ചിപ്പിക്കുന്ന ഇരട്ടസെഞ്ചുറിയിലൂടെ സഞ്ജു ദേശീയ ക്രിക്കറ്റ് ടീം സിലക്ടർമാരുടെ മുന്നിൽ വയ്ക്കുന്നത് ഒരു ഒന്നൊന്നര ചോദ്യമാണ്. സ്ഥിരതയില്ലെന്നും വലിയ ഇന്നിങ്സ് കളിക്കുന്നില്ലെന്നുമുള്ള വിമർശനങ്ങൾക്ക് ഇതിലും ഭംഗിയായി എങ്ങനെയാണ് ഒരു ബാറ്റ്സ്മാൻ മറുപടി പറയേണ്ടത്?കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരായ അവസാന ഏകദിന മത്സരത്തിലെ ഇന്നിങ്സും ഇന്നലത്തെ ഇരട്ടസെഞ്ചുറി ഇന്നിങ്സും വഴി സഞ്ജു ക്രിക്കറ്റ് സിലക്ടർമാർക്കു കൃത്യമായ സന്ദേശമാണു നൽകുന്നത് – ‘പന്തിനെ’ അടിച്ചുപറത്താൻ കഴിവുള്ളവർ പുറത്തിരിപ്പുണ്ട്.

ബെംഗളൂരുവിൽ സഞ്ജു സാംസൺ ചരിത്രം തിരുത്തിക്കുറിച്ച മത്സരം കാണാൻ ദേശീയ ടീം സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദുമുണ്ടായിരുന്നു. വിഐപി പവിലിയനിൽ എഴുന്നേറ്റുനിന്നു കയ്യടിച്ചാണ് അദ്ദേഹം സഞ്ജുവിന്റെ ഇരട്ട സെഞ്ചുറി ആഘോഷിച്ചത്. ആ കയ്യടി അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനത്തിനുള്ള ടീം സിലക്‌ഷൻ മീറ്റിങ് വരെ നീളുമോ എന്നാണ് ഇനി അറിയേണ്ടത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 48 പന്തിലായിരുന്നു സഞ്ജു 91 റൺസ് നേടിയത്. ഇന്നലെ 212 റൺസിലെത്താൻ വേണ്ടിവന്നത് 129 പന്തുകൾ മാത്രം. സ്ട്രൈക്ക് റേറ്റ് 164. തീരുമാനിച്ചുറച്ചുതന്നെയാണ് ഇത്തവണ സഞ്ജു കളിക്കാനിറങ്ങിയിരിക്കുന്നത്. അവസരങ്ങൾ അധികകാലം തേടിവരില്ലെന്നു മറ്റാരെക്കാളും നന്നായി സഞ്ജുവിനറിയാം. കഴിഞ്ഞ ഐപിഎല്ലിനുശേഷം മാസങ്ങളോളം നടത്തിയ കഠിന പരിശീലനത്തിനൊടുവിൽ കളിക്ക് കൂടുതൽ ആത്മവിശ്വാസം കൈവന്നിരിക്കുന്നു.

പുറത്താകുമോ എന്ന ആശങ്കയിൽ ജാഗ്രതയോടെ കളിക്കുന്ന രീതിയിൽ നിന്നു മാറി ആക്രമിച്ചു കളിക്കുന്ന അഗ്രസീവ് ശൈലിയിലേക്കു പൂർണമായി മാറി. ബാറ്റിങ്ങിലെയും കീപ്പിങ്ങിലെയും പിഴവുകൾ പരിഹരിക്കാനായി ദിവസേന 4 മണിക്കൂറിലേറെയാണ് സായിയുടെ മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ നെറ്റ്സിൽ ചെലവിട്ടത്. ഒപ്പം, ദീർഘ ഇന്നിങ്സുകൾ കളിക്കാനായി കായികശേഷി വർധിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

125 പന്തിൽ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി നേടിയത്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി എന്ന റെക്കോഡിനും സഞ്ജു അർഹനായി.

20 ഫോറും 10 സിക്സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. 2018 ൽ ഉത്തരാഖണ്ഡിന്റെ കർണ കൗശാലാണ് ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയത്. സഞ്ജുവിൻറെ നേട്ടത്തെ ക്രിക്കറ്റ് ലോകത്തെ പ്രമുഖർ അഭിനന്ദിച്ചു.

സഞ്ജുവിന്‍റെ മികവിൽ ഗോവയ്ക്കെതിരെ കേരളം നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 377 റൺസ് അടിച്ചുകൂട്ടി. സഞ്ജുവിന്‍റെ ഇരട്ടസെഞ്ച്വറി നേടിയ സഞ്ജുവിന് പുറമെ സെഞ്ച്വറിയുമായി സച്ചിൻ ബേബിയും(127) കേരളത്തിനായി തിളങ്ങി. അതേസമയം കേരള നായകനും മുൻ ഇന്ത്യൻ താരവുമായ റോബിൻ ഉത്തപ്പ 10 റൺസെടുത്ത് പുറത്തായി.

ഒറ്റമല്സരത്തിലൂടെ തേടിയെത്തിയ റെക്കോഡുകൾ

ലിസ്റ്റ് എ ക്രിക്കറ്റ് മത്സരങ്ങളിൽ ഒരു വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ.
വിജയ് ഹസാരെയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.

വിജയ് ഹസാരെയിൽ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം, ആദ്യ മലയാളി.

ലിസ്റ്റ് എ മത്സരങ്ങളിൽ ഇരട്ട സെ‍ഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ.

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇന്ത്യൻ ഇരട്ട സെ‍ഞ്ചുറി

ലിസ്റ്റ് എ മത്സരങ്ങളിൽ ഇരട്ട സെഞ്ചുറി നേടുന്ന 6–ാമത്തെ ഇന്ത്യൻ താരം.

ലിസ്റ്റ് എ മത്സരങ്ങളി‍ൽ ഇരട്ട സെഞ്ചുറി നേടിയവരിൽ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോർ.

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇന്ത്യൻ ഇരട്ട സെ‍ഞ്ചുറി

RECENT POSTS
Copyright © . All rights reserved