എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഫറൂഖ് എഞ്ചിനീയര്‍. ഇന്ത്യക്കുള്ളത് മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റിയാണെന്ന് എഞ്ചിനീയര്‍ പറഞ്ഞു.

സെലക്ഷന്‍ കമ്മിറ്റിക്കുമേല്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വലിയ സ്വാധീനമാണുള്ളത്. അത് നല്ലതാണ്. പക്ഷെ എന്താണ് സെലക്ടമാരായിരിക്കുന്നവരുടെ യോഗ്യതയെ്ന്നും എഞ്ചിനീയര്‍ ചോദിച്ചു. സെലക്ടര്‍മാര്‍ എല്ലാവരും ചേര്‍ന്ന് ആകെ കളിച്ചിരിക്കുന്നത് 10-12 ടെസ്റ്റാണ്. ലോകകപ്പിനിടെ കണ്ടപ്പോള്‍ സെലക്ടര്‍മാരിലൊരാളെ എനിക്കുപോലും മനസിലായില്ല.

ഇന്ത്യയുടെ കുപ്പായം ധരിച്ച് ഡ്രസ്സിംഗ് റൂമിലിരിക്കുന്ന ആളോട് ആരാണെന്ന് ചോദിച്ചപ്പോള്‍ സെലക്ടറാണെന്നായിരുന്നു മറുപടി. ആരാണ് ഇവരെയൊക്കെ പിടിച്ച് സെലക്ടര്‍മാരാക്കിയത്. ലോകകപ്പിനിടെ അനുഷ്ക ശര്‍മക്ക്(വിരാട് കോലിയുടെ ഭാര്യ)ചായ വാങ്ങിക്കൊടുക്കലാണ് ആകെ അവര്‍ ചെയ്ത പണി. സെലക്ഷന്‍ കമ്മിറ്റിയില്‍ ദിലീപ് വെംഗ്സര്‍ക്കാരെപ്പോലെ കഴിവുള്ളവര്‍ വേണമെന്നും ഫറൂഖ് എഞ്ചിനീയര്‍ പറഞ്ഞു.

ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി വരുന്നത് എന്തുകൊണ്ടും നല്ലതാണെന്നും എഞ്ചിനീയര്‍ പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി ബിസിസിഐയില്‍ ഹണി മൂണ്‍ ആഘോഷിക്കുകയായിരുന്നുവെന്നും ഹണി മൂണ്‍ കഴിഞ്ഞ് പോകുമ്പോള്‍ പ്രതിഫലമായി 3.50 കോടി വീതം കൊണ്ടുപോയത് ക്രിമിനല്‍ കുറ്റമായി കാണണമെന്നും ഇന്ത്യക്കായി 46 ടെസ്റ്റിലും അഞ്ച് ഏകദിനങ്ങളിലും കളിച്ചിട്ടുള്ള എഞ്ചിനീയര്‍ വ്യക്തമാക്കി.